Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 39

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

39
വൈക്കം ബോട്ട് ജെട്ടിയിൽ നിന്ന് തെക്കോട്ടു മാറി അൻപതടി നടന്നാൽ കുറെ നീളൻ കല്ലുകൾ കീറിയിട്ടുണ്ട്. രാമൻ ഇളയത്തിന്റെയും തേവന്റേയും ഇഷ്ടപ്പെട്ട ഇരിപ്പിടമായിരുന്നു അത്. അതിലിരുന്നു കായലിൽ ഓളം വെട്ടുന്ന വെള്ളത്തിലും, ഇടയ്ക്കിടെ തുഴഞ്ഞു പോകുന്ന വള്ളക്കാരേയും നോക്കി സമയം ചിലവഴിക്കാം. രാമൻ കഥകൾ പറയുന്ന രസത്തിലാണെങ്കിൽ തേവന് കഥയും കേൾക്കാം.
സാവിത്രിയുടെ കഥ പൂർത്തിയാക്കിയില്ലെന്നു തേവൻ ഓർമിപ്പിച്ചു.
“ഇത്തവണ സാവിത്രിയെ കണ്ടു; പല തവണ.. പക്ഷെ..” രാമൻ പറയാതെ നിർത്തി. ആ കഥ തുടരാൻ വൈമനസ്യമുള്ളതുപോലെ രാമൻ നിശബ്ദനായി കായലിലേക്ക് നോക്കി വെറുതെയിരുന്നു. താമരപ്പൂവും കൈയിൽ പിടിച്ചു ഒരു മാൻപേടയെപ്പോലെ ഓടിപ്പോയ സാവിത്രി..
“ഞാൻ മറ്റൊരു സാവിത്രിയുടെ കഥ പറയാം.”
രാമൻ ഇളയത് തന്റെ കഥപ്പെട്ടി തുറന്നു.
അതിസുന്ദരിയായിരുന്നു സാവിത്രി. വയസ്സ് ഇരുപത്തിമൂന്ന്. അവളുമായി വേഴ്ച നടത്തിയ ഒരു പ്രായം ചെന്ന ആൾ, നന്നേ സന്തോഷിച്ചു, അവളുടെ മുഖപടം മാറ്റി. അവൾ ഒരു ബ്രാഹ്മണസ്ത്രീ ആളാണെന്നു തിരിച്ചറിഞ്ഞ അയാൾ ‘അടുക്കള ദോഷ’ത്തിനു* പരാതി നൽകുന്നേടത്താണ് തുടക്കം. ബ്രാഹ്മണ സ്ത്രീകൾ പരപുരുഷ ബന്ധത്തിൽ ഏർപെടുകയോ? ശിവ..ശിവ..
‘അടുക്കളദോഷം’ ആരോപിക്കപ്പെട്ടാൽ അടുത്തത് ‘ദാസീവിചാരം’ ആണ്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ പിന്നെ പെണ്ണിനെ ‘സാധനം’ എന്നേ വിളിക്കൂ. അങ്ങിനെ ‘സാധന’ത്തെ വിചാരണ ചെയ്യുവാനുള്ള ആറു പേരുടെ സമിതി രൂപീകരിച്ചു.
സ്മാർത്തൻ, നാലു മീമാംസകർ, ഒരു ബ്രാഹ്മണൻ
കുറ്റം നിഷേധിച്ചാൽ കുടുസ്സായ ഒരു ഇരുട്ടുമുറിയിൽ തള്ളും. അതിലേക്കു, എലികളെയും, പാമ്പുകളെയും ഏറിയും. എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ പായയിൽ നിവർത്തിക്കിടത്തി ചുരുട്ടിയെടുത്തു പുരമുകളിൽ കയറ്റും; പിന്നെ താഴേക്ക് ഉരുട്ടിവിടും. സാവിത്രി അതിബുദ്ധിമതിയായിരുന്നു. ഈ വിധത്തിലുള്ള ശിക്ഷാവിധികളിൽ നിന്നു രക്ഷനേടാൻ അവൾ കുറ്റം സമ്മതിച്ചു. പക്ഷെ പരസ്ത്രീ ബന്ധം നടത്തിയ എല്ലാ പുരുഷന്മാരെയും കൂടി ശിക്ഷിക്കണം! പരാതി നൽകിയ വയസ്സൻ ബ്രാഹ്മണനടക്കം കൂടെക്കിടന്ന എല്ലാവരെയും ശിക്ഷിക്കണം!
സാവിത്രി ഇങ്ങനെയായിത്തീർന്നതെങ്ങിനെ? അതിനു കുറച്ചു പിന്നിലേക്ക് പോകണം.
പെരുമകേട്ട കല്പകശ്ശേരി മനയിലാണ് സാവിത്രി ജനിച്ചത്. കൃത്യമായി പറഞ്ഞാൽ, തൃശ്ശൂരിൽ മുകുന്ദപുരം താലൂക്കിലെ ഏഴുമങ്ങാട് ഗ്രാമത്തിൽ. ഒൻപതാം വയസ്സിൽ വേളി. വരൻ കുറിയേടത്തു മനയിലെ രാമൻ നമ്പൂതിരി. കുറിയേടത്തു മനയിലെ കളപ്പുരയിൽ ഭർത്താവിന്റെ ജ്യേഷ്ഠൻ മൂസാംബ്യുരി പന്ത്രണ്ടുനാൾ ആ കുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചേടത്തു നിന്ന് അവളുടെ ജീവിതം വഴിമാറി.
വിചാരണയിൽ പുറത്തുവന്ന സത്യങ്ങൾ കേട്ട് ഞെട്ടാത്തവരില്ല. ഋതുമതിയാവും മുൻപ് അവളെ കീഴിലാക്കിയവർ ഇരുപത്തിയാറ്. അതിനുശേഷം മുപ്പത്തിയൊൻപത്. പുറത്തുവന്ന പേരുകളിൽ സ്വന്തം അച്ഛൻ കല്പകശ്ശേരി അഷ്ടമൂർത്തി നമ്പൂതിരി, അയാളുടെ അനുജൻ നാരായണൻ നമ്പൂതിരി, ഭർത്താവ് രാമൻ നമ്പൂതിരി, അയാളുടെ ജ്യേഷ്ഠൻ മൂസാമ്പ്യൂരി തുടങ്ങി സമുദായത്തിലെ മാന്യന്മാരുടെ പേർ പുറത്തുവന്നു. അതിൽ കഥകളിവിവിധ്വാന്മാരും, വേദപണ്ഡിതരും ഉൾപ്പെട്ടു.
പേരുകൾ പറഞ്ഞാൽ പോരല്ലോ, തെളിയിക്കേണ്ടേ?.. പുരുഷന്മാർ എല്ലാവരും കപട ശുദ്ധി അഭിനയിച്ചു എല്ലാം നിഷേധിച്ചു. ആരോപിക്കപ്പെട്ട പുരുഷന്മാർക്ക് നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരം സ്മാർത്തൻ നൽകി.
ആര് ?
അവൾ പേരുകൾ പറഞ്ഞു
എന്ന്?
അവൾ തീയതികൾ പറഞ്ഞു
തെളിവ്?
അവൾ തെളിവുകൾ പറഞ്ഞു.
“അതെങ്ങിനെ തെളിവുകൾ കൊടുത്തു?” തേവൻ ഇടപെട്ടു.
ആനയുടെ ഓർമശക്തിയും കുശാഗ്രബുദ്ധിയുള്ളവളുമായിരുന്നു സാവിത്രി. അവൾ എല്ലാം ഓർത്തുവച്ചിരുന്നു. താൻ ശിക്ഷിക്കപ്പെടുമ്പോൾ, കൂടെക്കിടന്ന ഒരു പുരുഷനെയും രക്ഷപെടാൻ അനുവദിക്കില്ല എന്ന വാശിയായിരിന്നിരിക്കണം.
മൂസാമ്പ്യൂരി – ആറിഞ്ചുനീളത്തിൽ അറ്റം വളഞ്ഞ ലിംഗം. അതിന്റെ വലത്തെ ചുവട്ടിൽ കറുത്ത മറുക്..
അഷ്ടമൂർത്തി നമ്പൂതിരി – പൃഷ്ഠത്തിൽ മൂന്നിഞ്ചിന്റെ ചെമ്പൻ നിറമുള്ള പാട്
നാരായണൻ നമ്പൂതിരി – കീഴ്മണിയിൽ കറുത്ത മറുക്
ശങ്കരപ്പണിക്കർ – നാലിഞ്ച് നീളം; സമ്മാനം തന്ന തങ്കകൊലുസ്സ്.
രാമൻ നമ്പൂതിരി – ഇടത്തെ അരക്കെട്ടിൽ ചുവന്ന അരിമ്പാറ.
ഒരു ബാരിസ്റ്ററെപ്പോലെ സാവിത്രി എല്ലാ ചോദ്യങ്ങളേയും നേരിട്ടു. ദേഹപരിശോധനയിൽ ഈ അടയാളങ്ങളെല്ലാം ഓരോരുത്തരിലും കണ്ടെത്തി. അല്ലെങ്കിൽ ദേഹപരിശോധനയ്ക്കു മുൻപേ ആണുങ്ങൾ കുറ്റം സമ്മതിച്ചു തലതാഴ്ത്തി. സാമ്പത്തിക പ്രലോഭനങ്ങൾക്ക് അവൾ വഴങ്ങിയില്ല.
ഇരിങ്ങാലക്കുടയിൽ നിന്ന്, വിചാരണ തൃപ്പൂണിത്തറ ഹിൽ പാലസിലേക്ക് മാറ്റി. ഏഴുമാസങ്ങൾ തുടർന്ന വിചാരണയിൽ അറുപത്തഞ്ചു പേരുകൾ വെളിപ്പെട്ടു.
ഓത്തുള്ള നമ്പൂതിരിമാർ 28
ഓത്തില്ലാത്ത നമ്പൂതിരിമാർ 2
പട്ടന്മാർ 10
പിഷാരടി 1
വാര്യർ 4
പൊതുവാൾ 2
നമ്പീശൻ 4
മാരാര് 2
നായർ 12
“അറുപത്തിയഞ്ചാം പുരുഷന്റെ തെളിവ് നൽകും മുൻപേ വിചാരണ അവസാനിപ്പിക്കാൻ കൊച്ചി രാജാവ് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ പേരായിരുന്നു അടുത്തതെന്നു പറയപ്പെടുന്നു. ഏതായാലും സാവിത്രിയെന്ന ‘സാധന’ത്തെ പടിയടച്ചു ഇരിയ്കാപിണ്ഡം വെച്ചു. ഭൃഷ്ഠാക്കുമ്പോൾ അവൾക്ക് 23 വയസ്സ് പ്രായം. ഒൻപതു വയസ്സുമുതൽ പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ചെറുത്തുനിൽപ്പിന്റെ കഥയാണ് സാവിത്രിയുടേത്..
സമൂഹത്തിലെ 64 മാന്യന്മാർ ഭ്രഷ്ടരാക്കപ്പെട്ടു. ഇരുപതു വര്ഷങ്ങളല്ലേ ആയിട്ടുള്ളൂ, മിക്കവാറും എല്ലാവരും ജീവിച്ചിരിപ്പുണ്ട്..”
“സാവിത്രി ഇപ്പോൾ എവിടെയാണ്?” തേവൻ ചോദിച്ചു.
” ഒരു ക്രിസ്ത്യാനിയെ വിവാഹം ചെയ്തു മദ്രാസ്സിൽ മൂന്നു കുട്ടികളുമായി ജീവിക്കുന്നെന്നാണ് കേൾക്കുന്നത്.”
“സാവിത്രിയുടെ അച്ഛനോ?”
“സാവിത്രിയുടെ അച്ഛൻ അഷ്ടമൂർത്തി നമ്പൂതിരി, ആറങ്ങോട്ടു കാർത്യായനി ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. അയാളെ ഭൃഷ്ടാക്കിയപ്പോൾ ക്ഷേത്രത്തിലെ മൺവിഗ്രഹം ഉടഞ്ഞുപോയി. പകരം അവിടെ കിളിർത്തുവന്ന ‘മാധവിലത’ എന്ന മരത്തെ ഭക്തർ പൂജിക്കുന്നു. വിചാരണക്ക് ശേഷം, മാനഹാനി കൊണ്ട് അഷ്ടമൂർത്തി നമ്പൂതിരി ആത്‍മഹത്യ ചെയ്തുകയാണ് ഉണ്ടായത്..
നമ്പൂതിരികൾ കല്പകശ്ശേരി ഇല്ലത്തിന് തീയിട്ടു. അങ്ങിനെ സാവിത്രിയുടെ ജന്മഗേഹം എന്നന്നേക്കുമായി കത്തി ചാമ്പലായി.
“രാമൻ, നീ എന്തിനാണ് നിന്റെ തന്നെ സമുദായത്തെ ദുഷിക്കുന്ന കഥകൾ പറയുന്നത്? ” തേവൻ ചോദിച്ചു.
വൈക്കം കായലിലെ ഓളങ്ങളെ നോക്കി രാമൻ ചിന്താമഗ്‌ദനായി പറഞ്ഞു.
“ചിതലുകൾ ഉത്തരം തിന്നു തീർത്തു, പെരുച്ചാഴികൾ ഇല്ലങ്ങളുടെ അസ്ഥിവാരം തുരന്നു. വെളിച്ചം കേറാത്ത മുറികളുണ്ടവിടെ. ശുദ്ധവായു അനുവദിക്കാത്ത ജനലകളുണ്ടവിടെ..ഞാനതിന്റെ സൂക്ഷിപ്പുകാരനോ, ഉപഭോക്താവോ അല്ല, പിന്നെയോ അതിൽ ഹോമം ചെയ്യപ്പെട്ട അനേകം ജീവിതങ്ങളിലൊന്ന്..”
രാമൻ ഇളയത്തിന്റെ സാഹിത്യഭാഷ തേവനു മനസ്സിലായില്ല.
“പോകാം, സമയം കുറെ വൈകി..”
നിലാവെളിച്ചത്തിൽ വൈക്കം കായൽ വന്യസൗന്ദര്യവുമായി ഓളമടിച്ചു കളിക്കുന്നത് മനം കുളിർക്കുന്ന കാഴ്ചയാണ്. മുഖത്തടിക്കുന്ന കുളിർകാറ്റ് എവിടെനിന്നാണ് വന്നത്? അറബിക്കടലിൽ തുടങ്ങി, വയലാർ കായലിലൂടെ പള്ളിപ്പുറവും വേമ്പനാട്ടുകായലും കടന്നു വന്ന കാറ്റ് ഒരു കാമിനിയുടെ തലോടൽ പോലെ അവരുടെ മുഖത്തുരുമ്മി കടന്നു പോയി.
കടകളടച്ചു വിജനമായ പടിഞ്ഞാറേ നടവഴിയിലൂടെ രാമനും തേവനും സത്യാഗ്രഹപ്പന്തലിലേക്ക് ധൃതിയിൽ നടന്നു. കാണാപ്പുറത്തു, അവരെക്കാത്തുനിന്ന അപകടത്തെപ്പറ്റി അവർക്കറിയില്ലായിരുന്നു.

(തുടരും)

Reference
* സ്മാർത്തൻ: ബ്രാഹ്മണസ്ത്രീയുടെ വ്യഭിചാരകുറ്റം വിചാരണ ചെയ്യുന്ന ആൾ
* അടുക്കളദോഷം: ദുർനടപ്പ്, പരപുരുഷബന്ധം
* ദാസീവിചാരം: വീട്ടിലെ ദാസിമാരെ ചോദ്യം ചെയ്യൽ

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!