Skip to content

വേമ്പനാട് കായലിന്റെ തീരങ്ങളിൽ – 40

Vembanad kaayalinte theerangalil

വേമ്പനാട് കായലിന്റെ തീരങ്ങളിൽ
ഏബ്രഹാം ചാക്കോ

40
നീലകണ്ഠൻ നമ്പൂതിരിയുടെ കാര്യസ്ഥൻ വേലുനായർ, വർഷങ്ങളായി നല്ലതിനും, ചീത്തക്കും ഇണ്ടംതുരുത്തിമനയിലുണ്ട്. ക്ഷേത്രത്തിന്റെ സുരക്ഷിതത്വം, ഊരാണ്മചുമതലയുള്ള മനയിൽ നിക്ഷിപ്തമായിരുന്നു. ഈഴവർ കാലാകാലങ്ങളായി ക്ഷേത്രത്തിൽ കയറുവാൻ ശ്രമിച്ചു പരാജയപ്പെട്ടേടത്തു നിന്നാണ് പുതിയ സമരപരിപാടികൾ വന്നത്. വഴിനടപ്പവകാശസമരം പിന്നീട് ക്ഷേത്രത്തിന്റെ നട തുറന്നുകൊടുക്കുന്നതിലേക്ക് എത്തുമെന്നതിൽ തെല്ലും സംശയമില്ല. ആൾകൂട്ടം അതിക്രമിച്ചുകടന്നാലോ എന്ന ചിന്തയിലാണ് കായബലമുള്ള ആളുകളെ തയ്യാറാക്കി നിർത്തണമെന്ന ആലോചന വന്നത്.
കൈമളും കുറുപ്പും വളാഞ്ചേരിയിൽനിന്നു വന്നിറങ്ങി. വേലുനായർ അവരെ ദേവൻ നീലകണ്ഠൻ നമ്പൂതിരിക്ക് മുന്നിൽ കൊണ്ടുപോയി.
“അഭ്യാസങ്ങളൊക്കെ അറിയ്യോ?”
“ഉവ്വ്..”
“ശൈലി തെക്കോ, വടക്കോ?
“വടക്കൻ ശൈലിയാണ്..”
“ആരാ ഗുരുക്കൾ?”
“കോട്ടക്കൽ കണാരൻ ഗുരുക്കൾ*..”
“അതെയോ? കൊള്ളാം, ഗുരുക്കൾക്കെങ്ങിനെയുണ്ട് ഇപ്പോൾ?”
“ഇപ്പോൾ യാത്രയിലാണ്, ഓടിമരശ്ശേരിയും, പിള്ളതാങ്ങിയും* പഠിക്കാൻ വടക്കോട്ടു പോയിരിക്കുന്നൂന്ന് കേൾക്കുന്നു. കോട്ടക്കലെ ഭൂമിയൊക്കെ വിറ്റാണ് യാത്രക്കും പഠനത്തിനും പണം കണ്ടെത്തുന്നത്..”
നമ്പൂതിരി വിശദീകരിച്ചു.
“ഇവിടെ കളരി അഭ്യാസങ്ങളൊന്നും വേണ്ടിവരൂന്നു തോന്നുന്നില്ല. ഒക്കെ അഹിംസാവാദികളാണെന്നാ കേൾവി. ക്ഷേത്രത്തിനൊരു കാവൽ വേണം, പിന്നെയീ കീഴ്‌ജാതി അഹങ്കാരികളെ ഇവിടെ സുഖവാസത്തിനു വിടേണ്ട. എല്ലാം വേലുനായർ പറഞ്ഞു തരും.”
കണാരൻ ഗുരുക്കൾ, അച്ചടക്കമില്ലെന്നു പറഞ്ഞു തങ്ങളെ കളരിക്ക് പുറത്താക്കിയതാണെന്ന സത്യം കൈമളും, കുറുപ്പും രഹസ്യമാക്കിവെച്ചു.
പിന്നാലെ കൈമളിന്റെയും, കുറുപ്പിന്റെയും ആളുകൾ വൈക്കത്തെത്തി. പുലിക്കോട് ചെല്ലപ്പൻ, മമ്മാലിപ്പടി ശിവൻകുട്ടി, അരീക്കൽ കുട്ടപ്പൻ, തോക്കമ്പാറ സെൽവൻ, പുത്തനത്താണി ഗോപാലി, ഇരുമ്പു ശേഖരൻ.. എല്ലാവരും ഒന്നിനൊന്ന് ആരോഗ്യമുള്ളവർ. വലിയ മീശയുടെ പിറകിൽ ചിരിക്കാനറിയാത്ത മുഖങ്ങളുള്ളവർ.
ഊട്ടുപുരയിൽ സുഭിക്ഷമായ ഭക്ഷണം. അത്യാവശ്യത്തിന് കൈപ്പണം. പേശികൾ തെറിപ്പിച്ചു, നെഞ്ചുവിരിച്ചു കൈമളും, കുറുപ്പും ക്ഷേത്രപരിസരങ്ങളിൽ കറങ്ങിനടന്നു. തണ്ടും തടിയുമുള്ള ചെറുപ്പക്കാരെക്കൊണ്ട് ചില അസൗകര്യങ്ങൾ ഇല്ലത്തെ പെണ്ണുങ്ങൾക്ക് ഉണ്ടാവുന്നത് വേലുനായർ നയപരമായി കൈകാര്യം ചെയ്തു പരിഹരിച്ചു പൊന്നു. സ്ത്രീകളിൽ ചിലരെങ്കിലും, അതിരുകടക്കുന്ന യുവചാപല്യങ്ങളെ ആസ്വദിച്ചുപോരുകയും ചെയ്തു. എങ്കിലും, വേലുനായർ എല്ലായിടത്തും മേൽനോട്ടത്തിനെത്തി. ആഴ്ചകൾ കഴിഞ്ഞപ്പോൾ സമീപപ്രദേശങ്ങളിലെ ചില വീടുകളിലേക്ക് അവരുടെ പരിചയം വളരുകയും, രാത്രികളിൽ അവരുടെ ചൂട്ടുകറ്റ വീശിയുള്ള യാത്രകൾ തുടങ്ങുകയും ചെയ്തു.
അമ്മാവന്മാർ വീട് ഭരിച്ചിരുന്ന കേരളത്തിൽ, സംബന്ധക്കാരുടെ കത്തുന്ന ചൂട്ടുകറ്റകളുടെ കൂട്ടിമുട്ടലുകൾ വഴിവക്കിലും, വയൽ വരമ്പുകളിലും ആയിരുന്നു. വീട്ടിലെ കാരണവർ, ചൂട്ടുകറ്റയുമായി ഇറങ്ങാൻ നോക്കി പറമ്പിന്റെ കോണിൽ കാത്ത് നിന്ന സംബന്ധക്കാരും ധാരാളമുണ്ടായിരുന്നു.
സത്യാഗ്രഹികൾക്കെതിരെ കുറുവടിപ്രയോഗം നടത്തിയും, വഴിയിൽ കാണുന്ന ഖദറുകാരെ തെറിപറഞ്ഞോടിച്ചും, ചിലപ്പോൾ അൽപ ബലപ്രയോഗം നടത്തിയും കാര്യങ്ങൾ സുഗമമായി പോകുന്ന സമയത്താണ് ഒരു സത്യാഗ്രഹിയുടെ മരണം.
മരിച്ചത് ഒരു സവർണ ഹിന്ദു. അയാളുടെ മരണം പത്രങ്ങളിൽ വലിയ വാർത്തകളായി. സത്യാഗ്രഹികൾ കറുത്തകൊടി കെട്ടി നിരാഹാരം കിടന്നു. നേതാക്കൾ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ ഇണ്ടംതുരുത്തിമനയുടെ പേര് എടുത്തുപറഞ്ഞു.
നീലകണ്ഠൻ നമ്പൂതിരി അസ്വസ്ഥനായിരുന്നു; അയാൾ വേലുനായരെ വിളിച്ചുവരുത്തി ശാസിച്ചു. കൈമളെയും, കുറുപ്പിനെയും വിളിച്ചുവരുത്തി.
“സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും അക്രമം പാടില്യാ എന്ന് തന്റെ ഗുരുക്കൾ പഠിപ്പിച്ചിട്ടില്ലേ?”
കൈമൾ തലതാഴ്ത്തി നിന്നു.
“ഒരു സവർണന്റെ നരഹത്യയാണ് നടന്നിരിക്കുന്നത്.. പോലീസും പട്ടാളവുമൊക്കെ കൈനീട്ടി ഇനി പടിക്കൽ വന്നു നില്കും… എത്ര ഉണ്ടാലും കൊടുത്താലും മതിവരാത്ത കൂട്ടങ്ങളാ പോലീസുകാര്… വേലുനായരേ , പറഞ്ഞു മനസ്സിലാക്കിക്കോ, ജീവാപായം ഇനിയുണ്ടാവാൻ പാടില്ല..”
“ഇല്ല, ജീവാപായം ഉണ്ടാവില്ല, ഞങ്ങള് ശ്രദ്ധിച്ചോളാം..”
വേലുനായർ കൈമളെയും, കുറുപ്പിനെയും കൂട്ടി പുറത്തുകടന്നു. കൈമൾ എല്ലാവരെയും വിളിച്ചു ഉപദേശങ്ങൾ കൊടുത്തു. ഇരു മുഷ്ടികളും ചുരുട്ടി അന്യോന്യം ഇടിച്ചു നെഞ്ചിലെ പേശികൾ ഉരുട്ടിക്കളിക്കുകയായിരുന്നു ശേഖരൻ . കൈമൾ ചോദിച്ചു.
“നീ എത്രയാണ് അയാളുടെ നാഭിക്ക് തൊഴിച്ചത്? അങ്ങിനെ തൊഴിച്ചാൽ അയാളെ മുകളിലേക്കെടുക്കും എന്ന് നിനക്കറിഞ്ഞുകൂടേ?”
“അടി തുടങ്ങിയാൽ പിന്നെ എനിക്ക് ദേഹം പിരുപിരുത്തു കയറും.. പിന്നെ പിടിച്ചാൽ കിട്ടത്തില്ല”
ശേഖരൻ ഉരുണ്ടു കയറുന്ന തന്റെ നെഞ്ചിലെ പേശികൾ കണ്ട് സന്തോഷിച്ചു.
ഇവന്മാരെല്ലാം വേട്ടനായ്കൾ തന്നെ. ഇരയെക്കിട്ടിയാൽ പിന്നെ പിടി വിടില്ല. വേലുനായർ സ്വയംപറഞ്ഞു.
വേലുനായരെ, പോലീസുകാർ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇളവളകൻ തന്റെ മുൻപിലെ കസേരയിൽ അയാളെ ഇരുത്തി. ലോക്കപ്പിനുള്ളിൽ ഇലവളകന്റെ ചൂരൽ കഷായത്തിനുവേണ്ടി മൂന്നുപേർ തുണിയുരിഞ്ഞു നില്പുണ്ടായിരുന്നു.
“വേലുനായരെ, പുറത്തെന്താ നടക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം. ഒരു കണ്ണ് അടച്ചുവച്ചിരിക്കുന്നത് ശരിയാ. സമരക്കാരെ വിരട്ടാനും, ഒന്നു രണ്ടു തല്ലാനുമൊക്കെ നിങ്ങൾക്ക് ഞങ്ങളുടെ മൗനാനുവാദമുണ്ട്. പക്ഷെ, ജീവനെടുക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയാൽ പ്രശ്നമുണ്ടാവും. രണ്ടുകണ്ണും അടക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇപ്പോൾ പരാതികൾ ദിവാന്റെ കൈയിലെത്തി, ഇനി അവർ മദ്രാസിലേക്ക് എഴുതുകയില്ലെന്നു ആരറിഞ്ഞു?…”
“ഇനി നോക്കിക്കോളാം.. ” വേലുനായർ തലകുലുക്കി സമ്മതിച്ചു പുറത്തേക്കു കടക്കാൻ ധൃതിവെച്ചു. ലോക്കപ്പിൽനിന്നു പോലീസുകാർ കണക്കിന്റെ ആദ്യപാഠങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. ഒന്ന്.. രണ്ട് … മൂന്ന് …
അവയെ അനുഗമിച്ചു ഒരുധ്രുതതാള സംഗീതംപോലെ ആരുടെയോ നിലവിളികളും പുറത്തേക്കൊഴുകി.
അനിഷ്ടസംഭവങ്ങൾ ഒന്നുമില്ലാതെ ഒരാഴ്ച കടന്നുപോയി.
അമ്പലത്തിന്റെ വഴികളുടെ പേരുകൾ ക്ഷേത്രനടകളുടെ പേരുകളാണ്. കിഴക്കേനടവഴി, വടക്കേനടവഴി, പടിഞ്ഞാറെനടവഴി, തെക്കേനടവഴി… എല്ലാവഴികളിലും കൈമളും, കുറുപ്പും അനുയായികളും വട്ടം ചുറ്റി നടന്നു. പ്രത്യേകിച്ച് പടിഞ്ഞാറെനടവഴിയിൽ. ബോട്ടുജെട്ടിയിൽ നിന്നുള്ള ആളുകളുടെ വരവ് ആ വഴിയിലൂടെയാണ്. ദൂരെ സ്ഥലങ്ങളിൽനിന്നൊക്കെ ഭക്തരെക്കൂടാതെ, സത്യാഗ്രഹപ്പന്തലിലേക്ക് കാഴ്ചക്കാരായും, അനുഭാവികളായും ഒട്ടേറെപ്പേർ മിക്ക ദിവസങ്ങളിലും എത്തിയിരുന്നു.
വൈകുന്നേരങ്ങളിൽ സൂര്യൻ ചോരവാർന്ന് വെള്ളത്തിൽ നിറംചാലിച്ച് ദൂരെ തെങ്ങുകളുടെ അപ്പുറത്തു മറയുന്ന അസ്തമയം. രാത്രിയായാൽ നിലാവെളിച്ചത്തിൽ വൈക്കം കായൽ ഓളമടിച്ചു കളിക്കുന്നത് മനസ്സു കുളിർക്കുന്ന കാഴ്ചയാണ്. ബോട്ട്ജെട്ടിയുടെ പരിസരത്തു കാറ്റുകൊണ്ടു വർത്തമാനം പറഞ്ഞിരിക്കുന്നവർ ധാരാളമുണ്ട്. അറബിക്കടലിന്റെ ഉപ്പുകാറ്റ്, വയലാർ കായലും, വേമ്പനാട് കായലും കടന്നു വൈക്കം ശിവക്ഷേത്രത്തിലേക്ക് വീശിയടിച്ചുകൊണ്ടിരുന്നു.
മടക്കൻ തട്ടുകൾ നിവർത്തി ഓടാമ്പലിട്ട് കടകൾ പൂട്ടി കച്ചവടക്കാർ വീടുപറ്റി. വഴി വിജനമായി. പടിഞ്ഞാറെനടവഴിയിൽ നിന്നിരുന്ന കുറുപ്പും മൂന്നു കൂട്ടാളികളും ദൂരെ രണ്ടു ഖദർധാരികൾ നടന്നുവരുന്നത് ശ്രദ്ധിച്ചു..
“സെൽവൻ, സാധനം തയ്യാറല്ലേ?.. “കുറുപ്പ് ചോദിച്ചു.
സെൽവൻ കൈയ്യിലിരുന്ന കടലാസ്സുപൊതി ഉയർത്തിക്കാട്ടി തലകുലുക്കി.
“നോക്കട്ടെ..”
സെൽവൻ പതിയെ കടലാസ്സുപൊതി തുറന്നു. അതിനുള്ളിൽ, വാഴയിലയുടെ മറ്റൊരു പൊതി. അതും പതിയെ തുറന്നു അയാൾ കുറുപ്പിനെ കാണിച്ചു. കട്ടതൈരുപോലെ തോന്നിക്കുന്ന വെളുത്ത മിശ്രിതം.
നടന്നുവന്ന രണ്ടുപേർ കുറുപ്പിനെ കണ്ട് നടപ്പു നിർത്തി. അവർ പരസ്പരം നോക്കി മുന്നോട്ടു നടന്നു.
“നിൽക്കവിടെ..”കുറുപ്പിന്റെ ശാസനം.
അവർ നിന്നു.
“സത്യാഗ്രഹികളാണല്ലേ?”
“അതെ”
“എന്താ പേര് ?”
“രാമൻ ഇളയത്..”
“ഓഹോ..നമ്പൂരിയാണല്ലേ?, താനെന്തിനാടോ ഖദറിട്ടു ഈ കൂട്ടത്തിൽ കൂടിയത്?”
“എല്ലാവർക്കും വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി..” രാമന് ശ്വാസംമുട്ടി.
“ഓ.. നമ്പൂതിരി വലിയ കോൺഗ്രസ് ആണല്ലേ?.. തന്റെ കൂടെയുള്ളതാരാ?”
“തേവൻ..”
“നീ പുലയനല്ലേ?..”
“അതെ..”
“നീ എങ്ങിനെ ഈ വഴിയിൽ കയറി? പുലയന് കൂട്ട് ബ്രാഹ്മണൻ.. ഇതൊരു ശരിയായ നടപടിക്രമമല്ലല്ലോ..”
കുറുപ്പ് ചെല്ലപ്പനെയും, ശിവൻകുട്ടിയെയും കണ്ണു കാണിച്ചു. അതൊരു അടയാളമായിരുന്നു. ചെല്ലപ്പനും, ശിവൻകുട്ടിയും തേവന്റെ നേരെ കുതിച്ചുചാടി. അവർ ഇരുതോളുകളിലും തള്ളി അവനെ തറയിലേക്ക് വീഴ്ത്തി.
“വിട്.. എന്നെ വിട്..” തേവൻ ആവുംവിധം കുതറി. കാലുകൾ വലിച്ചെടുത്തു തൊഴിച്ചു. രാമൻ അവരെ തടയാൻ ശ്രമിക്കുമ്പോൾ കിട്ടിയ അടിയുടെ ശക്തിയിൽ വഴിയിലേക്ക് വീണു.
ചെല്ലപ്പന്റെയും, ശിവന്കുട്ടിയുടെയും കാൽമുട്ടുകൾക്കടിയിൽ പൂട്ടപ്പെട്ട തേവൻ അനങ്ങാനാവാതെ ഞരങ്ങി
“എന്നെ വിടൂ..”
സെൽവൻ അവന്റെ കടലാസ്സുപൊതി തുറന്നു. അതിനുള്ളിലെ വാഴയിലപ്പൊതി തുറന്നു. അയാൾ മൂന്നുവിരലുകൾ കട്ടതൈരുപോലെ തോന്നിച്ച മിശ്രിതത്തിലേക്ക് താഴ്ത്തി കോരിയെടുത്തു. അടുത്തനിമിഷം അയാൾ ആ മിശ്രിതം തേവന്റെ ഇരുകണ്ണുകൾക്കുള്ളിലേക്ക് തേച്ചുനിറച്ചു.
അഹ്…ഒരു ഭയാനകമായ അലർച്ചയോടെ തേവൻ പിടഞ്ഞു.
വഴിയിൽ വീണ രാമൻ സർവശക്തിയുമെടുത്തു ചെല്ലപ്പന്റെയും, ശിവന്കുട്ടിയുടെയും മുകളിലേക്ക് ചാടി. ഒരാളുടെ ചെവിയിൽ അയാൾ കടിച്ചുപറിച്ചു.
തേവന്റെ നെഞ്ചിൽ നിന്ന് അവർ ഇളകിമാറി.
തേവൻ ഒരു നിലവിളിയോടെ എഴുന്നേറ്റു. അയാളുടെ മുഖത്തു വെളുത്ത മിശ്രിതം ഒഴുകിയിറങ്ങുന്നുണ്ട്. രണ്ടു കൈകൾ കൊണ്ടും കണ്ണുകൾ തുടക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ ഓടി. ഏതാനും അടികൾക്കപ്പുറത്ത്, അയാൾ കല്ലിൽ തട്ടി വഴിയരികിൽതന്നെ വീണു. വീണേടത്തുകിടന്നു അയാൾ പിടഞ്ഞുകൊണ്ടിരുന്നു.
ചെവിമുറിഞ്ഞു ചോരവീഴുന്നതുകണ്ട് ശിവൻകുട്ടിക്ക് ഭ്രാന്തിളകി. അയാൾ രാമനെ ഇടിച്ചു തെറിപ്പിച്ചു. വീണുപോയ രാമന്റെ നെഞ്ചത്തിരുന്ന് അയാൾ രാമന്റെ കവിളത്ത് ആഞ്ഞടിച്ചു.
സെൽവൻ പിന്നിലൂടെ വന്നു.
“അല്പം കൂടി ബാക്കിയുണ്ട്.. ഇവനും കൊടുത്തേക്കാം..”
കുറുപ്പ് തടയാൻ ശ്രമിക്കുന്നതിനു മുൻപേ, സെൽവം മൂന്നു വിരലുകളാൽ വെളുത്ത മിശ്രിതം രാമന്റെ ഇരുകണ്ണുകളിലേക്കും തേച്ചുപിടിപ്പിച്ചു.
രാമന്റെ ആക്രന്ദനം.. കണ്ണുകൾ രണ്ടും വെന്തു നീറുന്നു. നെഞ്ചിലെ കാൽമുട്ടുകൾ മാറിയപ്പോഴേക്കും, രാമൻ കണ്ണുകൾ തൂത്തുകൊണ്ടു ഓടി. കാഴ്ചയില്ലാത്ത ആ ഓട്ടം ഏതാനും നിമിഷങ്ങൾക്കുള്ളിൽ വഴിയോരത്തെ ഓടയിൽ അവസാനിച്ചു. കൃഷ്ണമണികൾ വെന്തിറങ്ങുന്ന വേദനയിൽ രാമൻ ഓടയിൽക്കിടന്നു പിടച്ചു.
“പോകാം..” കുറുപ്പ് കൂടെയുള്ളവരോട് പറഞ്ഞു.
രണ്ടു ചെറുപ്പക്കാരുടെ ദയനീയ നിലവിളികളെ അവഗണിച്ചു ആ നാലുപേർ ഇണ്ടംതുരുത്തിമന ലക്ഷ്യമാക്കി നടന്നു.
വഴിയിൽ കുറുപ്പ് പറഞ്ഞു
“പച്ചചുണ്ണാമ്പു പ്രയോഗം ഏറ്റു ..”

(തുടരും)

Reference
* കോട്ടക്കൽ കണാരൻ ഗുരുക്കൾ 1854 – 1938 കേരളത്തിലെ കളരിപ്പയറ്റ് ആചാര്യൻ. സ്വന്തം വസ്തുക്കൾ വിറ്റ്, ദൂരെദേശങ്ങളിൽ പോയി കളരിപ്പയറ്റിന്റെ വിവിധ ശൈലികൾ പഠിച്ചു
* ഓടിമരശ്ശേരി, പിള്ളതാങ്ങി : കളരിപ്പയറ്റിലെ പ്രത്യേക മുറകൾ

 

എബി ചാക്സ്ന്റെ എല്ലാ നോവലുകളും വായിക്കുക

ഒരു മാനിക്വിൻ കഥ – പരിണാമം

കൊഴിഞ്ഞു വീണ ആപ്പിളുകൾ

 

Title: Read Online Malayalam Novel Oru Vembanad Kayalinte Theerangalil written by  Aby Chacs

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!