Skip to content

ഭാഗ്യ – 17

bhagya

കുറച്ചു ദിവസങ്ങൾക്കു ശേഷം ബാലു വീണ്ടും ഭാഗ്യയെ കാണാനെത്തി………… കൂടെ അച്ഛനും അമ്മയും ജിത്തുവും ഉണ്ടായിരുന്നു………. മുഖം കണ്ടപ്പോഴേ മനസ്സിലായി ബാലു സത്യങ്ങൾ അറിയിച്ചു കൊണ്ടുവന്നതാണെന്ന്……….. ഇനി അറിയേണ്ടത് സ്വന്തം ഇഷ്ടപ്രകാരം വന്നതാണോ അതോ ബാലുവിന്റെ നിർബന്ധത്തിന് വന്നതാണോ എന്നാണ്…….. പ്രത്യേകിച്ച് ജിത്തുവിനെ ………..ജിത്തുവിന്റെ പുതിയ സംരഭത്തിനെല്ലാം ബാലുവിന്റെ സഹായം ഉണ്ടായിരുന്നു………… അതിന്റെ നന്ദിയാവും വിളിച്ചപ്പോളുടനെ വന്നത് ……….

മൂന്നാൾക്കും ഭാഗ്യയുടെ മുഖത്തു നോക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു………..  നിറഞ്ഞ കണ്ണുകളോടെ അമ്മ വന്നു കയ്യിൽ പിടിച്ചു………. ഒന്നും സംസാരിച്ചില്ലെങ്കിലും കയ്യിൽ തഴുകി നിന്നു………… അന്ന് ഇങ്ങനെ ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ………..ഭാഗ്യയ്ക്ക് വളരെ ആരോചകമായി തോന്നിയെങ്കിലും ഒന്നും മിണ്ടാതെ നിന്നു……….  അമ്മയ്ക്ക് വിഷമം  എന്തെങ്കിലുമുണ്ടെങ്കിൽ അതങ്ങനെ തീർക്കട്ടേന്ന് കരുതി……….. താനുമൊരു അമ്മയാണ് അതുകൊണ്ട് തന്നെ ……… നാട്ടുകാർ തന്ന അപമാനം തനിക്കു മറക്കാൻ സാധിക്കും ചേർത്തു പിടിക്കേണ്ട കൈ തട്ടിമാറ്റി ദൂരേക്ക് തള്ളിയതാണ് വീട്ടുകാർ തന്നെ…………

ആരോട് പറഞ്ഞു തീർത്താലും അണയാത്തൊരു തീ പോലെ അതങ്ങനെ ആളിക്കത്തുന്നുണ്ടായിരുന്നു ഉള്ളിൽ ……… അമ്മയോട് ഒന്നും മിണ്ടാതെ തലയും കുനിച്ചു നിൽക്കുന്നത് കണ്ടിട്ടാവും ജിത്തുവിന് ഭാഗ്യയോട് സംസാരിക്കാൻ കുറച്ചു ധൈര്യം തോന്നിയതും…….

ചേച്ചിയെന്നോട് ക്ഷമിക്കണം……….. പെട്ടെന്ന് അങ്ങനെ ഒക്കെ കേൾക്കേണ്ടിയും കാണേണ്ടിയും വന്നപ്പോൾ പറഞ്ഞു പോയതാണ്……….. ക്ഷമിക്കണം…….

ജിത്തുവിന്റെ മുഖത്തേക്ക് നോക്കി കയ്യും കെട്ടി നിന്നു ഭാഗ്യ……… വീട്ടിലേക്ക് ചെന്നപ്പോഴുണ്ടായ അനുഭവങ്ങൾ എല്ലാം മനസ്സിൽ കൂടി ഓടി നടന്നു……….

ഒരിക്കലുമില്ല……… ജിത്തു ഒന്നു ഞെട്ടി ഭാഗ്യയുടെ മുഖത്തേക്ക് നോക്കി…….. വേറെ ആരോട് ക്ഷമിച്ചാലും ഞാൻ നിന്നോട് മാത്രം ക്ഷമിക്കില്ല………… ഇപ്പോൾ മാത്രമെങ്ങനെ ഞാൻ നിന്റെ ചേച്ചിയായി……….. എനിക്കു വേദന തന്നവരിൽ മുന്നിൽ നീയാണ്……… നിന്റെ കല്യാണത്തിന് മുൻപ് വരെ ഞാൻ നിനക്ക് അമ്മയായിരുന്നു……. നിനക്കൊരു കുടുംബം ആയപ്പോൾ ആദ്യം വേണ്ടെന്നു വെച്ചതും ഈ അമ്മയെതന്നെയാ……….. ഡോറൊന്നു തുറക്കാൻ താമസിച്ചാൽ നീ നിന്റെ അമ്മയുടെ മുറി കയറി പരിശോധിക്കുമോ………. ആരെയാ ഒളിപ്പിച്ചതെന്ന് നീ ചോദിക്കുവോ……….. ജിത്തു തല താഴ്ത്തി…………. ആർക്കും ഒന്നും പറയാനില്ലായിരുന്നു……….

ഭാഗിക്കൊപ്പം ഹരിയുടെ അച്ഛനെ കണ്ടപ്പോൾ വന്നവർ ഒന്നു അന്താളിച്ചു………… ഹരീടഛൻ എന്താ ഇവിടെയെന്ന് ചോദിച്ചപ്പോൾ പറഞ്ഞു…………

എന്റെ മോളെ തനിച്ചാക്കാൻ എനിക്ക് തോന്നിയില്ല……. അവളെന്നെ തേടി നടന്നപ്പോൾ ദൈവമായിട്ട് എന്നെ അവൾക്കരികിലെത്തിച്ചു……….. മരണം വരെ ഇനി അവൾക്കൊപ്പമാ………  എന്തിനാണിങ്ങനെ ഇട്ടേക്കുന്നതെന്ന് ഈശ്വരനോട് പലവട്ടം ചോദിച്ചിട്ടുണ്ട്……..  ഇപ്പോഴാണ് അതിനൊരുത്തരം കിട്ടിയത് തന്നെ………

ബാലുവിന്നത് പുതിയൊരു അറിവായിരുന്നു………… ഹരിയുടെ അച്ഛൻ ഭാഗ്യക്കൊപ്പം ഉണ്ടെന്നുള്ളത്…….. അന്ന് കണ്ടപ്പോൾ ഈ വീട്ടിലുള്ള ആരെങ്കിലുമാവുമെന്നാണ് വിചാരിച്ചത്………… ഭാഗ്യ എന്നൊരാൾ ഹരിയുടെ വീട്ടുകാർക്ക്  ആരെന്ന് മനസ്സിലാക്കുകയായിരുന്നു ബാലു …………… സത്യം അറിഞ്ഞ സ്ഥിതിക്ക് ഭാഗ്യ അവർക്കൊപ്പം ചെല്ലണമെന്ന് പറഞ്ഞു………… ഇല്ലെന്ന് തീർത്തു പറഞ്ഞു ഭാഗ്യ………… അപ്പോഴാണ് ജിത്തുവിന്റെ മുഖമൊന്നു തെളിഞ്ഞത്……… അവൻ പേടിച്ചിരുന്നിരിക്കണം താൻ ചെല്ലുമെന്നോർത്ത്………….. കൂടെ പിറന്നാൽ മാത്രം കൂടപ്പിറപ്പ് ആവില്ലെന്ന് അവൻ തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്……….. ഭാഗ്യയുടെ മറുപടി കേട്ടപ്പോൾ ബാലുവിന്റെ മുഖത്ത്‌ വീണ്ടും നിരാശ തെളിഞ്ഞു………

ഒരുപാട് നാളിങ്ങനെ മാറി നിൽക്കേണ്ടി വരില്ല………..ഇന്ന് വീട്ടുകാർ മനസ്സിലാക്കിയതുപോലെ നാളെ എല്ലാവരും സത്യം തിരിച്ചറിയും……

എന്നിട്ട്………….. ബാലു പറഞ്ഞതിന് മറുപടിയായി ഭാഗ്യ ചോദിച്ചു……..   എന്നിട്ടെന്തിനാ………… സത്യം ബോധ്യപ്പെടുത്താൻ ആയിരുന്നെങ്കിൽ അന്നേയെനിക്ക് കഴിയില്ലായിരുന്നോ………… ഇത്രയും നാണക്കേടും അപമാനവും ഇന്നും സഹിക്കുന്നത് നിങ്ങളുടെ മകളെ ഓർത്താണ്………. ഞാൻ അവളെ മകളായി കണ്ടു പോയി അതുകൊണ്ട് മാത്രമാണ്…….. നിങ്ങളുടെ മകളുടെ ഭാവിയോർത്തു ഇനിയിത് ആരോടും പറയരുത്……..  എനിക്കു ശീലമായി ഈ ഒരവസ്ഥ…….. ഞാൻ ഇതിൽ നിന്നും പുറത്തു വന്നു കഴിഞ്ഞു…………

ഭാഗ്യയ്ക്ക് അങ്ങനെ പറയാം………… തെറ്റ് എന്റെ ഭാഗത്തു നിന്നുമാണ് ഉണ്ടായത്………. അതൊന്നു തിരുത്താനുള്ള അവസരം മാത്രമാണ് ചോദിക്കുന്നത് ………..

ബാലു പ്രതീക്ഷയോടെ നോക്കി………. ഭാഗ്യ മുഖം കൊടുത്തില്ലെന്ന് മാത്രമല്ല അവരെല്ലാം പോകുന്നതിന് മുൻപേ അകത്തേക്ക് കയറിപോയി………. തന്റെ വീട്ടുകാരാണ് അവരിങ്ങനെ തനിക്കു മുന്നിൽ തലയും കുനിച്ചു നിൽക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു വിഷമം പോലെ…………… ഇനിയും ആരും സത്യം അറിയാതിരിക്കട്ടെ…… ക്ഷമിക്കണം എന്ന് കേൾക്കുന്നത് ബുദ്ധിമുട്ടാണ്  അതിലും ബുദ്ധിമുട്ടാണ് മനസ്സ് ക്ഷമിക്കാതെ ഞാൻ നിങ്ങളോട് ക്ഷമിച്ചു എന്നു പറയുന്നത്…………….

എല്ലാവരും പറയുമായിരിക്കും ഭാഗിക്ക് പുതിയ ആളുകളെ കിട്ടിയതിന്റെ അഹങ്കാരം ആണെന്ന്……… അല്ലെങ്കിൽ പഴയതെല്ലാം മറന്നുവെന്ന്………… സാരമില്ല………. ഈ ജീവിതമാണ് ഇപ്പോൾ തന്റെ സന്തോഷവും പ്രതീക്ഷയും………… ഞാനും ഒരു മനുഷ്യജീവനാണ് ……… വേദന എനിക്കുമുണ്ട്………. മറക്കാൻ ശ്രമിച്ചാലും പൂർവ്വാധികം ശക്തിയോടെ പടർന്നു കയറുന്ന വേദന…………. കുറച്ചു നേരം കണ്ണടച്ച് ഇരുന്നു…………

ഭാഗ്യയുടെ വേദന ഒട്ടും കുറയാതെ തന്നെ പകുത്തെടുക്കുന്ന വേറൊരാളും കൂടെയുണ്ടായിരുന്നു ആ വീട്ടിൽ………… അവൾക്കു പിറകെയുണ്ടായിരുന്നു ആ കണ്ണുകളും മനസ്സും ……….

രണ്ടാളും ഒരുപാട് സംസാരിക്കുമെങ്കിലും നന്ദൻ ഇടയ്ക്കിടെ സൈലന്റ് ആവും…… ആ ചെറിയൊരു മൌനത്തിനിടയിൽ  ഒരുപാട് ഇഷ്ടത്തോടെ  ഭാഗിയെ നോക്കിയിരിക്കും………… ആരുമറിയാതെ……… ആരും കാണാതെ……… ദാസനോട് ഒന്നുമില്ലെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാലും ആരാലും മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ഉള്ളുകൊണ്ട് അവളെ ഒരുപാട് സ്നേഹിക്കയായിരുന്നു അയാൾ………. ഓരോ നിമിഷവും ഓരോ കാഴ്ചയിലും അയാൾ മനസ്സിൽ ആഴത്തിൽ ഊട്ടി ഉറപ്പിക്കുവായിരുന്നു ഭാഗ്യ തന്റേതെന്ന്……….. ബാലുവോ അല്ലുവോ ഭാഗിയുടെ ജീവിതത്തിന്റെ ഭാഗമാണ് എന്നുള്ളത് നന്ദന്റെ സ്നേഹം ഭാഗിയിലേക്ക് ഒഴുകുന്നതിനൊരു തടസ്സമായിരുന്നില്ല……… ഒരു പ്രതീക്ഷയുമില്ലാതെ യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ അയാൾ സ്നേഹിച്ചുകൊണ്ടേയിരുന്നു………..

                

ആന്റീ…………. ആന്റീ…………… രാവിലെ ഉച്ചത്തിൽ വിളിച്ചു ഓടി അണച്ചു രാഖി കയറി വന്നു……….. ദേവനൊപ്പമിരുന്നു ഓഫിസിലെ കുറച്ചു ഫയൽസും കാര്യങ്ങളും നോക്കുകയായിരുന്നു ഭാഗി………….. ഇടയ്ക്കിടെ ദേവന്റെ ഭാരം വീതിച്ചെടുക്കാൻ ഭാഗിയും കൂടാറുണ്ട്………….. രാഖി വന്നു ഭാഗിയുടെ കയ്യിൽ പിടിച്ചു വലിച്ചു………… ഇങ്ങു വന്നേ………. ഒരു കാര്യം പറയാനുണ്ട്……………

ഒന്ന് നില്ക്കു പെണ്ണെ ഞാനിതൊന്നു തീർത്തിട്ട് വരാം…………ഭാഗി കൈ വിടുവിച്ചു പറഞ്ഞു………..

അതുവരെ ഞാനുണ്ടാകുമോന്നറിയില്ല………… ഇങ്ങു വായോ………..

എന്നോട് പറയ് മോളേ…….. മാമൻ ശരിയാക്കിത്തരാം…………. ദേവൻ പറഞ്ഞു…………

ഇത് മാമന്റെ കയ്യിൽ നിൽക്കൂല……… ഇതിന് ആന്റി തന്നെ വേണം……..ഭാഗിയെ പിടിച്ചു വലിക്കുന്നതിനൊപ്പം ഇമ്മുവിനെ നോക്കി ദഹിപ്പിക്കുന്നുമുണ്ട്………… കാര്യമറിയാതെ അവനും തീ തുപ്പുന്നുണ്ട്………  

ഓ………..ഓരോരോ ജന്മങ്ങള്………….. ഒരു വാഴ വെച്ചൂടായിരുന്നോ ദേവമ്മാമേ……….. രാഖി ചോദിച്ചതിന് ഒന്നും മനസ്സിലാവാതെ ദേവൻ എല്ലാവരെയും നോക്കുന്നുണ്ട്………….

ഭാഗിയുമായി മാറി നിന്നിട്ടും കുറച്ചു നേരമായിട്ട് ഒന്നും സംസാരിക്കുന്നില്ല രാഖി…………. നഖം കടിക്കുന്നുണ്ട്………. വിരലിൽ ഞൊട്ട വിടുന്നുണ്ട്………. കൈരണ്ടും കൂട്ടിതിരുമ്മുന്നുണ്ട്…….. എന്നു വേണ്ടാ രണ്ടു കൈ കൊണ്ടും തല വരെ ചൊറിയുന്നുണ്ട്………. കുറേ നേരമായി ഭാഗി അവളുടെ ടെൻഷൻ നോക്കി നിൽക്കുന്നു…………….

എന്താ രാഖീ……….. എന്താ നിന്റെ പ്രശ്നം……….. പറഞ്ഞാലല്ലേ മോളേ ആന്റിക്കു മനസ്സിലാവൂ…………

നാളെ എന്നെ പെണ്ണുകാണാൻ ഒരാൾ വരുന്നുണ്ട്………….

അതിനെന്താ…….. വരട്ടേ……… അതിന്റെ നാണമായിരുന്നോ നീയീ കാണിച്ചത്…….. ഞാൻ പേടിച്ചു പോയല്ലോ………

ഇതൊക്കെ എന്റെ നാണമായിട്ടാണോ ആന്റിക്ക് തോന്നിയെ……… കൈ രണ്ടും വിടർത്തി ചോദിക്കുന്നുണ്ട്…….

പിന്നെ വേറെന്താ…….

ദേ ആന്റി……… ഒന്നും അറിയാത്തതു പോലെ അഭിനയിക്കരുതേ……… എനിക്കറിയാം എല്ലാം ആന്റിക്ക് അറിയാംന്ന്……… വീണ്ടും മനസ്സിലാവാത്തത് പോലെയുള്ള ഭാഗിയുടെ നിൽപ്പ് കണ്ടപ്പോൾ രാഖി തന്നെ പറഞ്ഞു………. തനിക്കീ പെണ്ണുകാണലിന് പോലും താല്പര്യമില്ലെന്ന്……..   കെട്ടിയൊരുങ്ങി നിൽക്കുന്നെങ്കിൽ അത് ഇമ്മുവിന്റെ കൂടെ നിൽക്കാനാവണം…….അവനു മാത്രം കാണാനാവണം…..

അത് നിന്റെ വീട്ടുകാരോട് പറയൂ……… ഒന്നുമല്ലെങ്കിലും ബന്ധുക്കളല്ലേ…….. അവർ സമ്മതിക്കാതിരിക്കില്ല……….

അവരെ ഞാൻ എങ്ങനെയും സമ്മതിപ്പിച്ചോളാം………… പക്ഷേ ഇവിടെ ഒരുത്തന്റെ അഭിപ്രായം അറിയാതെ ഞാനെങ്ങനാ അവരോട് പറയുക………….. ഇപ്പോൾ തന്നെ നോട്ടം കണ്ടില്ലായിരുന്നോ അവന്റെ……….. എത്ര നാളായി ഞാൻ പിറകെ നടക്കുന്നു……. എന്റെ സ്നേഹം കാണാൻ മാത്രം അവനു നേരമില്ല………… അവനെ വേണ്ടാത്തവരുടെ സ്നേഹം കാണാൻ മാത്രം കണ്ണുണ്ട്…………. രാഖിയുടെ കണ്ണു നിറഞ്ഞു……….. ആ പറഞ്ഞത് അനുവിനെയാണെന്ന് ഭാഗിക്ക് മനസ്സിലായി………. രാഖിയുടെ കണ്ണു തുടച്ചു കൊടുത്തു…………. അവളുടെ മുഖം രണ്ടു കയ്യിലുമെടുത്തു പറഞ്ഞു……………

എങ്കിൽ ഇപ്പോൾ ഇമ്മുവിനോട് പോയി സംസാരിക്ക്………… അവന്റെ മനസ്സിൽ എന്താണെന്നെങ്കിലും അറിയാമല്ലോ…….. ബാക്കി നമുക്ക് പിന്നെ ആലോചിക്കാം……….. ഇനിയും സമയമുണ്ടല്ലോ……….. വീട്ടിൽ ഒരാൾ വന്നു….. നമ്മുടെ മര്യാദക്ക് ഒരു ചായ കൊടുക്കുന്നു………. അത്രയും കരുതിയാൽ മതി ഈയൊരു പെണ്ണുകാണലിനെ………. ഭാഗി ആശ്വസിപ്പിച്ചു………..

അതൊരു വെറും പെണ്ണുകാണൽ ആയിരുന്നെങ്കിൽ ഞാൻ തന്നെ ഒഴിവാക്കിയേനെ……….. ഇത് എന്നെ കണ്ടിഷ്ടപ്പെട്ടു എല്ലാം ഉറപ്പിക്കാൻ വരുന്ന വരവാ ആന്റീ………… ആരെയെങ്കിലും ഇഷ്ടമാണോന്ന് എന്നോട് അച്ഛൻ ചോദിച്ചു……….. ഞാൻ എന്ത് മറുപടി പറയാൻ……….. ഇമ്മു എന്നെ ഒരിക്കലും സ്വീകരിക്കില്ല………… അവനു ഞാൻ ഇന്നും ശത്രുവിനെപ്പോലെയാ……..  ഞാൻ ഇനി ഇവിടെ വരില്ല ആന്റീ………. വന്നിട്ടെന്തിനാ……….  എന്തിനാ വെറുതെ എന്റെ മനസ്സിന് വേണ്ടാത്ത ആശ ഞാൻ തന്നെ കൊടുക്കുന്നത്……… അവനൊരിക്കലും മനസ്സിലാവില്ല എന്നെ………… അവനു മുന്നിൽ നാണം കെടാൻ വയ്യ ആന്റീ……… എന്റെ സ്നേഹം അവനു വെറും തമാശയായി തോന്നിയാലോ ………. ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു ഇന്ന് വരെ……… പക്ഷേ……

തന്നെ കെട്ടിപിടിച്ചു കരയുന്ന രാഖിയെ ആശ്വസിപ്പിക്കുമ്പോൾ ഭാഗി ഓർത്തു……. ശരിയാണ്……… ഇമ്മുവിന് രാഖിയോട് അങ്ങനൊരു ഇഷ്ടമുണ്ടെന്ന് തോന്നുന്നില്ല…………. രാഖിയെപ്പോലൊരു പെൺകുട്ടിയെ നഷ്ടപ്പെടുത്തിയാൽ നഷ്ടം ഇമ്മുവിന് തന്നെയാണ്………. താൻ പറഞ്ഞാൽ അവൻ ആരെയും സ്വീകരിക്കും………. അനുവിനെപ്പോലും………… പക്ഷേ അവൻ രാഖിയെ സ്വയം മനസ്സിലാക്കിയാലേ ആ സ്നേഹത്തിനൊരു വിലയുണ്ടാവൂ………. പോകുവാണെന്ന് പറഞ്ഞു രാഖി ഭാഗിക്കൊരു ഉമ്മയും കൊടുത്തു നടന്നു പോയി…………. അവൾ പോകുന്നതും നോക്കി നിന്നു ഭാഗി……….. ഇഷ്ടമില്ലാത്ത ഒരാൾക്കൊപ്പം ജീവിതകാലം മുഴുവൻ ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടി ജീവിച്ചു തീർക്കണം…………. അവളുടെ സന്തോഷം മുഴുവൻ ഇവിടെ ഉപേക്ഷിച്ചിട്ടാണ് പോകുന്നത്………… പാവം……….

ടീ…….. നിന്നേ ഒന്നവിടെ……….. വെളിയിലേക്കിറങ്ങാൻ പോയ രാഖിയെ ഇമ്മു വിളിച്ചു നിർത്തി………….. എന്റെ അച്ഛനോട് വാഴ വെക്കാൻ പറഞ്ഞത് എന്നെ ഉദ്ദേശിച്ചല്ലേ…………. അല്ലേന്ന്………. പുതിയൊരു വഴക്കിനു വന്ന ഇമ്മു രാഖിയുടെ മുഖം കണ്ടപ്പോൾ ചോദിക്കാൻ വന്നത് മുഴുവൻ വിഴുങ്ങി…………….. എന്താ രാഖീ………… നീ കരഞ്ഞോ…………. വന്നത് പോലെ അല്ലല്ലോ പോകുന്നത്…….. എന്തു പറ്റി…… ഇമ്മുവിന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ രാഖി പോകാൻ തുടങ്ങി………….. അവളുടെ കയ്യിൽ പിടിച്ചു നിർത്തി………… കാര്യം പറ രാഖീ……… ആരാണ് നിന്നെ ഈ വീട്ടിൽ കരയിക്കാൻ………..

ഈ വീട്ടിൽ നീയല്ലാതെ വേറൊരാളും എന്നെ വിഷമിപ്പിക്കില്ല……….. ഞാൻ എന്തു ചെയ്തിട്ടാണ് ഇമ്മു നീയെന്നോട് എപ്പോഴും ദേഷ്യപ്പെടുന്നത്………. എന്നെ നോക്കുമ്പോൾ ഈ കണ്ണിൽ ഒരിക്കലും സ്നേഹം കാണാൻ സാധിച്ചിട്ടില്ല എനിക്കു………….. നിന്റെ സ്നേഹം ആവശ്യമില്ലാത്തവർക്കത് വാരിക്കോരി കൊടുത്തിട്ടുമുണ്ട്……………. ഇനി വഴക്കുണ്ടാക്കാൻ രാഖി വരില്ല……… നാളെ വല്ലവനും വേണ്ടി വിൽപ്പന ഉറപ്പിക്കുവാണ് എന്നെ ……… കയ്യിലെ പിടി വിടുവിച്ചിട്ട് രാഖി പോയി…………..  അവൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ രാഖി പോയതും നോക്കി നിന്നു ഇമ്മു………… അവളിങ്ങനെ കരഞ്ഞു കണ്ടിട്ടില്ല…………. എപ്പോഴും ഓടി കളിച്ചു നടക്കും………. ഇതിപ്പോൾ ആദ്യമായിട്ടാ ഇങ്ങനെ……….. ഇമ്മുവിനെന്തോ ഒരു വല്ലായ്മ തോന്നി…………

രാത്രിയിൽ ഭക്ഷണത്തിനു ശേഷം തനിക്കരികിൽ ഉറക്കം വരും വരെ ഇരിക്കാറുണ്ട് ഇമ്മു………… ഇന്നെന്താ കാണാത്തതെന്ന് അന്വേഷിച്ചു ഭാഗി ചെന്നപ്പോൾ മിറ്റത്തു ഇരുട്ടത്തിരുപ്പുണ്ടായിരുന്നു……… അങ്ങനെ ഒരു ശീലം താൻ വന്നതിന് ശേഷം കണ്ടിട്ടില്ല……..നന്നായി………… ഇമ്മുവിനോട് കുറച്ചു സംസാരിക്കണം……….. അവന്റെ അരികിൽ പോയിരുന്നു……….. ഇരിക്കാൻ നോക്കിയിരുന്നത് പോലെ അവൻ മടിയിലേക്ക് തലയും വെച്ചു………….

അമ്മേ………… രാഖി എന്നെ എങ്ങനെയാ കാണുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല…………. ഞാൻ അവളെ ഒരു ഫ്രണ്ട് ആയിട്ടുപോലും കണ്ടിട്ടില്ല……..  അച്ഛന് രണ്ടാം വിവാഹത്തിന് അപ്പച്ചിഅപ്പയുടെ അനിയത്തിയെ നോക്കിയതാണ്………. അച്ഛൻ സമ്മതിച്ചില്ല……… സ്വത്ത്‌ തന്നെയായിരുന്നു അവരുടെ ഉദ്ദേശം………അന്ന് തുടങ്ങിയ ദേഷ്യമാണ്………. അച്ഛനോടുള്ള ദേഷ്യം അപ്പച്ചി എന്നെ കാണുമ്പോഴും പ്രകടിപ്പിച്ചിട്ടുമുണ്ട്………… ആ ദേഷ്യം ഞാൻ രാഖി വരുമ്പോൾ അവളോടും കാണിക്കാറുണ്ട്……….  ഇന്ന് അവൾ എന്തൊക്കെയോ എന്നോട് പറഞ്ഞു………. എനിക്കൊന്നും മനസ്സിലായില്ല…….. പക്ഷേ അവൾ കരഞ്ഞു വീട് വിട്ടിറങ്ങി പോയപ്പോൾ ഒരു വിഷമം…………. ഞാൻ മനഃപൂർവം അവളെ ഒരിക്കലും വേദനിപ്പിച്ചിട്ടില്ല………. ആരെയും വേദനിപ്പിച്ചിട്ടില്ല……… ഞാൻ ഒന്നു പറഞ്ഞാൽ അവളെന്നോട് രണ്ട് പറയാറുണ്ട്……… എന്നിട്ടും പറയുവാ ഞാൻ അവളെ വേദനിപ്പിച്ചെന്ന്………..

എന്റെ ഇമ്മു ആളൊരു ശുദ്ധനാ…………. അവളെന്താ ഉദ്ദേശിച്ചതെന്ന് എന്റെ മോന് ഇതേവരെ മനസ്സിലായിട്ടില്ല…………. വേദന എന്നുദ്ദേശിക്കുന്നത് മാനസികവും ശാരീരികവും മാത്രമല്ല………. അവഗണനയും വലിയൊരു വേദന തന്നെയാണ് …….. അതാണ് രാഖി ഉദ്ദേശിച്ചതും………..

ഞാനെന്ത് അവഗണിച്ചെന്നാ അവളു പറയുന്നേ……. ആദ്യം മുതലേ ഞാനിങ്ങനെ അല്ലേ അവളോട് പെരുമാറുന്നത്…………. ഇവിടെ ഉള്ളവർക്കെല്ലാം അവളെ ഇഷ്ടമാണ്…… അതുകൊണ്ട് മാത്രം എനിക്കും ഇഷ്ടമാണ്………………. പിന്നെ വഴക്കിടുന്നത്… അതെന്നോട് കുശുമ്പ് കാട്ടിയിട്ടല്ലേ……..

അവരുടെ ഒക്കെ ഇഷ്ടം വേറെ………. നിന്റെ ഇഷ്ടം വേറെ……….. നമുക്ക് സ്നേഹിക്കാൻ പറ്റാത്ത ഒരാൾക്കൊപ്പം ജീവിതം ജീവിച്ചു തീർക്കുകാന്നു പറഞ്ഞാൽ എന്ത് ബുദ്ധിമുട്ട് ആണെന്ന് നിനക്കറിയുവോ ഇമ്മു……… പുറമെന്നു നോക്കിയാൽ അത്രയും ഹാപ്പി ആയ ഫാമിലി വേറെ കാണില്ല………. വഴക്കില്ല ബഹളമില്ല ഒന്നുമില്ല …………. ഒന്നു തമ്മിൽ സംസാരിക്കാതെ വഴക്കുണ്ടാകുമോ…….. ബഹളമുണ്ടാകുമോ……….. ഒരേ വീട്ടിൽ അന്യരെപ്പോലെ മുഖത്തു പോലും നോക്കാതെ…………..  രണ്ടാളും തമ്മിലുള്ള സ്നേഹം കണ്ടിട്ട് ദൈവം തരുന്ന സമ്മാനമാകണം മക്കൾ………… അല്ലാതെ ആർക്കോ വേണ്ടി ആകരുത്……….തലമുറ നിലനിർത്താൻ വേണ്ടിയും ആവരുത്……… ഒരു നല്ല കുടുംബം എന്നു പറഞ്ഞാൽ അതിൽ ഉണ്ടാവേണ്ട പ്രധാന ഘടകം സ്നേഹം മാത്രമാണ്…….. അതില്ലെങ്കിൽ ആരൊക്കെയുണ്ടായാലും ആ വീട് നരകത്തിനു തുല്യമാണ്………..

രാഖി നിന്നോട് കാണിക്കുന്ന ദേഷ്യം മുഴുവൻ നീ അവഗണിക്കുന്നതിന്റെ ആവില്ലേ……… നിന്നോട് ശരിക്കും ദേഷ്യം ഉണ്ടെങ്കിൽ  അവൾ ഇവിടെ വരാതിരിക്കാനല്ലേ നോക്കൂ……….നിന്നെ കാണാതിരിക്കാനല്ലേ ശ്രമിക്കൂ……. നിന്നെ അത്രയും ഇഷ്ടമുള്ളതുകൊണ്ടല്ലേ നീ വേദനിക്കരുതെന്ന് കരുതിയിട്ടല്ലേ അനുവിന്റെ ബന്ധത്തിന് എതിരു നിന്നത്………….. നമുക്ക് അത്രയും വേണ്ടപ്പെട്ട ഒരാളോടല്ലേ അത് നല്ലത് അത് മോശം എന്നൊക്കെ പറയൂ………… തിരഞ്ഞു പിടിച്ചു വരുന്ന സ്നേഹത്തിനെ ആട്ടിയകറ്റരുത് മോനു ……… ഒരിക്കലേ ദൈവം അത് നമുക്ക് നേരെ നീട്ടൂ……… പിന്നീടൊരിക്കലും തിരിച്ചു കിട്ടില്ല………… നഷ്ടം നമുക്ക് മാത്രമാവും ഇമ്മു ………….

ഇമ്മു ഭാഗിയുടെ മുഖത്തേക്ക് നോക്കി എന്താ അടുത്തത് പറയാൻ വരുന്നതെന്ന്………… പക്ഷേ ഭാഗി പിന്നീടൊന്നും പറഞ്ഞില്ല………… അവന്റെ മുടിയിൽ തലോടിക്കൊണ്ടേയിരുന്നു………… അവളുടെ മനസ് ഹരിയ്ക്കൊപ്പമുള്ള ജീവിതത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു……….. ഇമ്മു ഭാഗി പറഞ്ഞതിലെ അർത്ഥം തേടുകയായിരുന്നു………… രാഖിക്ക് തന്നോടുള്ള ദേഷ്യത്തിന്റെ വിഷമത്തിന്റെ വഴക്കിന്റെ കുശുമ്പിന്റെ കാരണം കണ്ടുപിടിക്കുകയായിരുന്നു……….

ഓടി വരും……..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഭാഗ്യ – 17”

Leave a Reply

Don`t copy text!