Skip to content

ഭാഗ്യ – 20

bhagya

ഭാഗ്യ ഉറങ്ങാൻ പോയതിനു ശേഷവും ദാസൻ ഒരു കാവലായി മുറിക്കു വെളിയിൽ തന്നെ ഉണ്ടായിരുന്നു………. അവൾക് ഇവിടെ നിന്നും പോകുന്നതാണ് സന്തോഷമെങ്കിൽ ആയിക്കോട്ടെ……… തടസ്സം നിൽക്കുന്നില്ല………. പക്ഷേ…….. അത് എങ്ങോട്ടെന്ന് അറിയണം………. ചെല്ലുന്നിടം സുരക്ഷിതം ആണോന്ന് അറിയണം………… തന്റെ കണ്ണെത്തുന്നിടം ആണോന്നറിയണം…….. അവൾക്കൊരു വിഷമം ഉണ്ടായാൽ ഓടി ചെല്ലാൻ പറ്റുന്നിടം ആണോന്നറിയണം….

നന്ദനും അറിയാമായിരുന്നു ദാസൻ ഭാഗിയെ തനിച്ചാക്കില്ലെന്ന്……. ആ ഒരാശ്വാസത്തിലാണ് ഇരിക്കുന്നത്……… കണ്ണടയ്ക്കാൻ സാധിക്കുന്നില്ല……….. എന്തോ ഒന്ന് ശരീരം വിട്ട് അടർന്നു പോകും പോലെ………. വല്ലാത്തൊരു വിധിയാണിത് ഈശ്വരാ…….. ഒന്ന് എഴുന്നേൽക്കാൻ സാധിച്ചിരുന്നെങ്കിൽ………. ഭാഗിക്ക് കാവലാകാൻ പറ്റിയിരുന്നെങ്കിൽ…….   ഓർത്തപ്പോൾ അറിയാതെ കയ്യെടുത്തു നെഞ്ചിൽ പൊത്തി……….. എന്തോ ഒരു അസ്വസ്ഥത പോലെ………  ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ………  ദാസനെ ഒന്നു വിളിക്കാൻ നാവിനു സാധിക്കുന്നില്ല…….. കണ്ണടയുമ്പോഴും പല പല മുഖങ്ങൾ മനസ്സിൽ കൂടി കയറിയിറങ്ങിപ്പോയി ……… തനിക്ക് എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലായി………..ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ……… ഇല്ലെങ്കിൽ എന്റെ ദാസൻ……. ഈശ്വരാ അവനിതെങ്ങനെ സഹിക്കും………… അലറിക്കരയുന്ന പഴയ ദാസന്റെ മുഖമായിരുന്നു കണ്ണു നിറയെ………. ദാസന്റെ പേരൊന്നു വിളിക്കാതെ.. ഒന്നു ചേർത്തു പിടിക്കാതെ നന്ദന്റെ കണ്ണുകൾ അനുവാദമില്ലാതെ അടഞ്ഞു……………. ഇതൊന്നുമറിയാതെ ദാസൻ ഭാഗിക്ക് കാവലിരിക്കയായിരുന്നു…………. കുറച്ചു നാളത്തേക്കെങ്കിലും കിട്ടിയ സഹോദരസ്നേഹം ഇനിയുള്ള കാലം മുഴുവൻ കിട്ടുവാൻ ഭാഗ്യമുണ്ടോന്നറിയാൻ…………. നിർബന്ധം പിടിച്ചു കൂടെ നിർത്താൻ…….. തന്റെ വാക്ക് അവൾ തള്ളിക്കളയില്ലെന്നുള്ള വിശ്വാസമുണ്ടെനിക്ക്…………

ഇടയിലെപ്പോഴോ നന്ദനെയൊന്നു നോക്കാൻ വന്നതാണ് ദാസൻ………….. പിന്നീട് കഴിച്ചോളാമെന്നു പറഞ്ഞു വെച്ചിരുന്ന ടാബ്‌ലറ്റ്സ് ഇപ്പോഴും അടുത്തിരുപ്പുണ്ട്………… ഇവന്റെയൊരു കാര്യം……….. നന്ദനെ പതിയെ ഒന്നു തട്ടി വിളിച്ചു…………. ടാബ്‌ലറ്റ്സ് കഴിക്കാതെ ഇങ്ങനെ ബോധം കെട്ട് ഉറങ്ങാൻ ഇവനെക്കൊണ്ടാവില്ലല്ലോ………… നന്ദാ…. എന്ന മെല്ലെയുള്ള വിളി ഉച്ചത്തിലാവാൻ അധികം സമയം വേണ്ടിവന്നില്ല………….. ആദ്യം ഓടി വന്നത് ഭാഗിയാണ്………… പിന്നീട് ഇമ്മുവും ദേവനും അച്ഛനും വന്നു………… ദേവൻ നന്ദന്റെ മുഖം രണ്ടു കയ്യിലുമെടുത്തു വിളിച്ചു കൊണ്ടേയിരുന്നു…………. നന്ദാ…… ടാ മോനേ………… എണീക്കടാ……….. കണ്ണു തുറക്കെടാ…………

ഇമ്മു പെട്ടെന്ന് പോയി വണ്ടി സ്റ്റാർട്ട്‌ ആക്കി………… അച്ഛനെ വീട് ഏൽപ്പിച്ചു………. ദേവനും ദാസനും കൂടി നന്ദനെ എടുത്തു കൊണ്ടു വന്നു.. ഭാഗി വണ്ടിയിലേക്ക് കയറി നന്ദന്റെ തല മടിയിലേക്ക് എടുത്തു വെച്ചു………….. ദാസന്റെ മടിയിൽ കാലും വെച്ചു… ദേവൻ തളർന്നു സീറ്റിലേക്ക് തല ചായിച്ചു……… ഇമ്മു ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു………….. അനക്കമില്ലാത്ത നന്ദന്റെ കാലിൽ കെട്ടിപ്പിടിച്ചു എന്തൊക്കെയോ ചിന്തിച്ചു നന്ദന്റെ മുഖത്തേക്കൊന്നു നോക്കാതെ വെളിയിലേക്ക് നോക്കിയിരിക്കുവായിരുന്നു ദാസൻ………. നന്ദന്റെ ഊർന്നുപോയ കൈകൾ പിടിച്ചു വെച്ച് അതിനു മേലെ ഒരു കൈ വെച്ചു മറുകൈ കൊണ്ട് നന്ദന്റെ മുഖം ചേർത്തു പിടിച്ചിരുന്നു ഭാഗി……….. ഹോസ്പിറ്റലിൽ എത്തിയതോ അവിടെ നടന്നതോ ഒന്നും നാലാളെയും ബാധിച്ചില്ല……….. മനസ്സിൽ മുഴുവൻ നന്ദന്റെ രൂപമായിരുന്നു………. ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയോടെ നന്ദനെ കൊണ്ടുപോയിടത്തേക്ക് നോക്കി നിന്നു………..

മൈൽഡ് അറ്റാക് ആയിരുന്നു………. പെട്ടെന്ന് കൊണ്ടുവന്നത് കാര്യമായി……… ഇപ്പോൾ പേടിക്കാനില്ല……….. വേണമെങ്കിൽ ഒരാള് കയറി കണ്ടോളൂ……ഡോക്ടർ വന്നു ദേവനെ ആശ്വസിപ്പിച്ചു ……..

ദാസനോട് കയറിക്കണ്ടോളാൻ പറഞ്ഞു ദേവൻ…………… മറുത്തൊന്നും പറയാതെ നന്ദനെ കാണാൻ കയറി……….. നന്ദന്റെ കിടപ്പ് കണ്ടപ്പോൾ ദാസന് സഹിക്കാൻ കഴിഞ്ഞില്ല………… ഉയർന്നു പൊങ്ങുന്ന നെഞ്ചിലേക്ക് നോക്കി നിന്നു………..കുറച്ചു നേരം നന്ദന്റെ മുഖത്തേക്ക് നോക്കി ഇരുന്നു…………..ഇറങ്ങിവന്ന ദാസൻ ആശ്വാസത്തോടെ ഒന്നിരുന്നത് പോലും അപ്പോഴാണ്………….. ദേവനും ഇമ്മുവും എല്ലാം ശ്രദ്ധിച്ചത് മുഴുവൻ ദാസനെയാണ്………… അവനിവിടെയെങ്ങുമല്ല………… ആരെയും ശ്രദ്ധിക്കാതെ എന്തൊക്കെയോ ചിന്തിച്ചിരിക്കുകയാണ്……………. ഭാഗി ചിന്തിച്ചത് വീട്ടുകാർ മുഴുവൻ ദാസേട്ടനോട് കാണിക്കുന്ന സ്നേഹവും മര്യാദയുമായിരുന്നു………….. നന്ദനെ മറ്റാരേക്കാളും കൂടുതൽ സ്നേഹിക്കുന്നത് ദാസേട്ടൻ തന്നെയാണെന്ന് അറിവുള്ളത് കൊണ്ടാണ് ആദ്യം കാണാൻ ദാസേട്ടനെ കയറ്റിവിട്ടത്…………. റൂമെടുത്തെങ്കിലും ആരും അങ്ങോട്ടേക്ക് പോകാൻ തയ്യാറായില്ല………. നന്ദന് ബോധം വരാതെ………… ഒന്നു കാണാതെ……… അവനൊന്നു എല്ലാവരെയും നോക്കി കുഴപ്പമില്ല എന്നു പറയും വരെ അവിടെ നിന്നും പോകാൻ സാധിക്കുമായിരുന്നില്ല ആരെക്കൊണ്ടും………… വെളിയിൽ കാത്തിരുന്നു ആ ഒരു നിമിഷത്തിന് വേണ്ടി…………. ഇമ്മു ഭാഗിയുടെ തോളിലേക്ക് ചാഞ്ഞു………….അവന്റെ കവിളിൽ തലോടിയിരുന്നു ഭാഗിയും…………. ദേവൻ പിന്നിലേക്ക് ചാരിയിരുന്നു കണ്ണടച്ചു………… ഭാഗിയും ദാസനും കണ്ണൊന്നടയ്ക്കാതെ അവർക്കൊപ്പമിരുന്നു………..

ഭാഗീ… എനിക്ക് നിന്നോടൊന്നു സംസാരിക്കണം……….. ദാസൻ മുഖത്തു നോക്കാതെ പറഞ്ഞിട്ട് കുറച്ചു മാറിയുള്ള ചെയറിൽ പോയിരുന്നു…………. ഇമ്മുവിനെ പിറകിലേക്ക് ചാരിക്കിടത്തി……….. ചാഞ്ഞു പോകില്ലെന്ന് ഉറപ്പു വരുത്തി ദാസേട്ടന്റെ അടുത്തേക്ക് പോയി………… തൊട്ടടുത്ത ചെയറിൽ ഇരുന്നു………. ദാസേട്ടൻ പറയാൻ പോകുന്നതെന്തെന്ന് കേൾക്കാൻ ശ്രദ്ധയോടെ ഇരുന്നു…………

ഭാഗീ……. എനിക്ക് വളച്ചുകെട്ടി പറഞ്ഞു ശീലമില്ല……… പക്ഷേ എടുത്തു ചാടി പറയുന്നതുമല്ല……….. നന്നായി ആലോചിച്ചിട്ട് തന്നെയാ……….നീ വീട്ടിൽ നിന്നും ഇന്നല്ലെങ്കിൽ നാളെ ഞങ്ങളെ എല്ലാവരെയും വിട്ട് പോകുമെന്നറിയാം……….. നീ എല്ലാം തീരുമാനിച്ചുറപ്പിച്ചെന്നും അറിയാം……….. ദാസന്റെ നോട്ടം നേരിടാനാവാതെ ഭാഗി മുഖം കുനിച്ചു…………. നിനക്ക് പോകാതിരുന്നു കൂടെ……… എല്ലാവരും നിന്നെ അത്രയും സ്നേഹിക്കുന്നുണ്ട് ഭാഗീ ……. ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞൂന്നു വെച്ച് നീ ഓടാൻ തുടങ്ങിയാൽ എത്രനാൾ ഓടേണ്ടി വരും………….നീ പോയാൽ ആ കുട്ടികൾ സന്തോഷമായിട്ടിരിക്കുമോ…… അവർ കാരണമാണ് നീ പോയതെന്ന് ചിന്തിച്ചു ഒന്നു മനസ്സ് തുറന്നു ചിരിക്കാൻ പറ്റുമോ അവർക്ക്…….. മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിച്ചു നീ ഇവിടെ നിന്നും പോകുമ്പോൾ നീയറിയുന്നില്ല വലിയൊരു വേദനയും കൂടെയാണ് ആ കൂടെ തരുന്നതെന്ന്……..

നിനക്കറിയുമോ ഇപ്പോൾ നന്ദൻ ഇങ്ങനൊരവസ്ഥയിൽ കിടക്കാൻ കാരണവും നീ തന്നെയാ…………. ഭാഗി ഒന്നും മനസിലാവാത്തത് പോലെ ദാസനെ നോക്കി………… ഞാനോ………

ഒന്നും നീയറിഞ്ഞിട്ടില്ല …….  ഇത് അറിയുന്ന ഒരേയൊരാൾ  ഞാൻ മാത്രമാണ്…….. നന്ദന് നിന്നെ ഇഷ്ടമാണ് ഭാഗീ…….. ഒരു സുഹൃത്തിനുമപ്പുറം………… എന്നും കൂടെയുണ്ടാവണമെന്ന് ആഗ്രഹിച്ചു……..അവന് അതിനുള്ള അർഹതയില്ലെന്ന് അവനറിയാം……….. നീയവനെ ഒരിക്കലും അങ്ങനെ അംഗീകരിക്കില്ലെന്നുമറിയാം………….. എന്നിട്ടും സ്നേഹിച്ചു………… ഞാൻ വിലക്കിയതാണ്………. അന്നെന്നോട് മറുത്തൊന്നും ചിന്തിക്കില്ലെന്നും സമ്മതിച്ചതാണ്………… പക്ഷേ ഒന്നിനൊന്നു ആ സ്നേഹത്തിനു ജീവൻ കൊടുത്തു വളർത്തിയതല്ലാതെ മറക്കാൻ ശ്രമിച്ചില്ല അവൻ………….നീ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ പരവേശമാണ്…….. എന്നോട് പോലുമൊന്നു പറയാതെ ഉള്ളിലിട്ടു നീറ്റി ഇവിടം വരെയെത്തി………… ഞാൻ വഴക്ക് പറയുമോന്ന് പേടിച്ചിട്ടാവും……… അവന് ഈയൊരു വിഷമം അല്ലാതെ വേറൊന്നുമില്ല എന്റെ അറിവിൽ……….

ഞാൻ….. ഞാനൊന്നും അറിഞ്ഞില്ല ദാസേട്ടാ……….. എന്താ ഞാൻ പറയേണ്ടത്………. എനിക്കറിയില്ല……….. എനിക്ക് നന്ദൻ എന്നും നല്ലൊരു സുഹൃത്ത് മാത്രമാണ്……….. ഇനിയും അങ്ങനെ മാത്രേ ഉണ്ടാവൂ……..ഞാൻ ആരെയും വേദനിപ്പിക്കാൻഇന്നേവരെ ശ്രമിച്ചിട്ടില്ല……………. അങ്ങനെ വേദനിപ്പിക്കാതിരിക്കാൻ കൂടിയാണ് പോകാൻ തീരുമാനിച്ചതും……….. പക്ഷേ……… ഭാഗി വല്ലാത്തൊരു വിഷമത്തിൽ പറഞ്ഞു നിർത്തി …………

നിനക്ക് അവൻ വെറുമൊരു സുഹൃത്ത് മാത്രമായിരിക്കും…… പക്ഷേ അവൻ നീയടുത്തു വരുമ്പോഴെല്ലാം ജീവിച്ചത്  നിന്റെ ഹരിയായിട്ടായിരുന്നു…… ഹരിയോടുള്ള നിന്റെ കെയറിങ്ങും ഇഷ്ടവും അച്ഛനിൽ നിന്നു ചോദിച്ചറിഞ്ഞു………… കിടപ്പിലായപ്പോഴും ഒട്ടും കുറയാതെ ഹരിയോടുള്ള നിന്റെ സ്നേഹം അറിഞ്ഞപ്പോൾ അവനും ആഗ്രഹിച്ചിരുന്നിരിക്കും………. അവന്റെ സ്വന്തം ജീവിതത്തിൽ കണ്ടതെല്ലാം വീഴ്ചയിൽ ഇട്ടെറിഞ്ഞു പോകുന്ന പെണ്ണിനെ ആയിരുന്നു….. ഇങ്ങനെ ചേർത്തു പിടിക്കുന്നവളെ ആദ്യമായിട്ടാണ് കാണുന്നത്………… നിന്റെ മാത്രം ഹരിയാവാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു………..അതാണ് നിന്നെ വിഷമിപ്പിക്കുന്നത് ആരായിരുന്നാലും അവർക്കെതിരെ തിരിഞ്ഞിരുന്നത്………… നിന്റെ സാന്നിധ്യം മതി ഭാഗീ അവന് ജീവിക്കാൻ………. പ്രായവും പിന്നിലേക്ക് വലിക്കുന്ന ഘടകങ്ങളും എല്ലാം അവനറിയാം……….

നിന്നെ സംരക്ഷിക്കാൻ അവനെക്കൊണ്ട് സാധിക്കില്ലെന്ന് നന്ദന് നന്നായിട്ടറിയാം…… അതിനും അവനേൽപ്പിച്ചത് ഈ ഒന്നരക്കാലനെയാണ്……….. അവൻ പറഞ്ഞില്ലെങ്കിലും ഞാൻ നിന്റെ പിറകേ ഉണ്ടാകുമായിരുന്നു……… എന്റെ അച്ഛനെയും സഹോദരിയെയും അങ്ങനെ തനിച്ചാക്കാൻ സാധിക്കില്ലാ എനിക്ക്………..

ദാസേട്ടൻ എന്താ പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല……. ഞാൻ എന്തു വേണമെന്നാ പറയുന്നത്……… ഞാൻ ഹരിയേട്ടന്റെ സ്ഥാനം ആർക്കും കൊടുത്തിട്ടില്ല…….. ബാലുവിന് പോലും……….. ഹരിയേട്ടനു പകരം വെയ്ക്കാൻ ആരെക്കൊണ്ടുമാവില്ല…….. ഹരിയേട്ടൻ പോയതിന് ശേഷം ഞാൻ എന്റെ സുഖമോ സന്തോഷമോ നോക്കാറില്ല……… ആർക്കൊക്കെ വേണ്ടിയോ അങ്ങ് ജീവിച്ചു പോകുന്നു…… ആർക്കുമൊരു വേദന ഉണ്ടാവരുതെന്നേ ഞാൻ കരുതിയുള്ളു………  

എനിക്ക് എല്ലാം മനസ്സിലാവും ഭാഗീ……… ഇതൊക്കെ തന്നെയാ ഞാനും നന്ദനോട് പറഞ്ഞത്……….. എനിക്ക് അവൻ വിഷമിക്കരുത് എന്നു മാത്രമേയുള്ളു…… അതിന് വേണ്ടി ഞാൻ എന്തും ചെയ്യും………. അവനെ നീ ഹരിയേപ്പോലെയൊന്നും കാണണ്ട……. ഞാൻ നിന്നെ നിർബന്ധിക്കില്ല……. പക്ഷേ………..ഇപ്പോൾ ഞാൻ നിന്നോട് യാചിക്കുകയാണ്….വീട്ടിൽ നിന്നും പോകരുത് ഭാഗീ ……….. അവനത് താങ്ങില്ല…… ആരോടും പറയില്ല അവനിത്…… നന്ദൻ ഇല്ലാതെ ഞാനില്ല …….. അവന്റെ ശ്വാസം നിലയ്ക്കുന്ന അന്ന് ഞാനിറങ്ങും ആ വീട്ടിൽ നിന്നും……….. അവനില്ലാതെ ഞാനെന്തിന് അവിടെ…….ദാസന്റെ കണ്ണു കലങ്ങി…………കൂടുതലൊന്നും പറയാനില്ലാത്തതു പോലെ ദാസൻ എഴുന്നേറ്റു പോയി…….

ദാസൻ പോയിട്ടും ഭാഗിക്ക് ഒന്ന് അനങ്ങാനായില്ല……… കേട്ടതൊന്നും തനിക്ക് ദഹിക്കാനാവുന്നതല്ല………. നന്ദനെ ഒരിക്കലും അങ്ങനെ………….. നന്ദൻ ഇങ്ങോട്ട് അങ്ങനെ ഒന്നും കാട്ടിയിട്ടുമില്ല………. മനസ്സു തുറന്നു സംസാരിക്കാൻ പറ്റിയിട്ടുള്ളത് നന്ദനുമായിട്ടാണ്…….. പക്ഷേ ആ ഒരു സ്നേഹത്തിൽ കലർപ്പില്ലായിരുന്നു….. വേറൊന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹം…… പലപ്പോഴും നന്ദന് തന്നെ ആശ്വസിപ്പിക്കാൻ സാധിച്ചിട്ടുണ്ട്………. ആ കൈകളിൽ കൈ ചേർത്ത് വെയ്ക്കുമ്പോൾ പലപ്പോഴും ധൈര്യം തോന്നിയിട്ടുണ്ട്………….. പക്ഷെ ഇന്ന് ഇപ്പോൾ ഭാഗിക്ക് ആകെയൊരു ഭയം തോന്നി……….തന്റെ ജീവിതം എങ്ങോട്ടാണ് പോകുന്നത്……… ബാലുവിന്റെയും അല്ലുവിന്റെയും മുഖം മനസ്സിൽ വന്നു പോയി……… താനൊരു ഭാര്യയും അമ്മയുമാണ്………. അംഗീകരിക്കേണ്ടവർ ആരുമത് അംഗീകരിച്ചില്ലെങ്കിലും………

എന്റെ ഹരിയേട്ടാ ഞാനെന്താ വേണ്ടത്………… ഒരു വശത്ത് എന്നേയും എന്റെ സ്നേഹത്തെയും അവഗണിക്കുന്നവർ………… മറുവശത്ത് എന്റെ സ്നേഹവും സാമീപ്യവും കൊതിക്കുന്നവർ…………. എന്റെ സ്നേഹം ഇത്രയും വിലപ്പെട്ടതാണോ ഇവർക്കൊക്കെ……….ഒരു ജീവൻ എടുക്കാൻ മാത്രം ശക്തിയുണ്ടോ അതിന് …………. ഭാഗിക്കൊന്നു പൊട്ടിക്കരയാൻ തോന്നി……..മുഖം കയ്യിൽ താങ്ങി  ഇരുന്നു…………

ആരോ അടുത്തു വന്നിരുന്നത് അറിഞ്ഞപ്പോഴാണ് മുഖമൊന്നുയർത്തിയത്………… ഇമ്മുവാണ്……….. നേരം വെളുത്തിരുന്നു………… എന്റെ അടുത്തുണ്ടെന്നു വിചാരിച്ചല്ലേ ഞാൻ ധൈര്യമായിട്ട് ഉറങ്ങിയത്………… ഇട്ടിട്ട് പോകാൻ ആരാ പറഞ്ഞേ……….ഇമ്മു പരിഭവം പറഞ്ഞു……….. വാ…….. വീട്ടിൽ പോകാം………. ഒന്നു ഫ്രഷ് ആയിട്ട് തിരിച്ചു വരാം……….. ഇമ്മുവിനൊപ്പം ഒന്നും പറയാതെ നടന്നു………… ദേവേട്ടനോ ദാസേട്ടനോ ഉണ്ടായിരുന്നില്ല അവിടെ……… എവിടെയെന്നു ചോദിക്കാനും തോന്നിയില്ല……… ഇമ്മുവിനൊപ്പം എത്തുന്നില്ലെന്ന് തോന്നിയതിനാലാവും അവൻ കയ്യിൽ പിടിച്ചു കൂടെ നടത്തിയത്………. കാറിലിരുന്നും കലപിലാന്ന് സംസാരിച്ചു കൊണ്ടേയിരുന്നു അവൻ…………. ഇന്നലത്തെ ടെൻഷൻ ഒട്ടുമുണ്ടായിരുന്നില്ല ആ മുഖത്ത്……… എന്തിനാ ഇവരൊക്കെ ഇങ്ങനെ എന്നെ സ്നേഹിക്കുന്നത്……… ഞാൻ ആരാണ് ഇവരുടെ………… എന്ത് നേട്ടമാണുള്ളത്………….. ഭാഗി ഇമ്മുവിന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഓരോന്നും ചിന്തിച്ചിരുന്നു………….വീട്ടിലെത്തിയതും ഇമ്മുവാണ് ഹോസ്പിറ്റലിലെ കാര്യങ്ങളെല്ലാം അച്ഛനോട് പറഞ്ഞത്………… പേടിക്കാനൊന്നുമില്ലെന്ന് അറിഞ്ഞപ്പോൾ കൈകൂപ്പി ദൈവത്തിനോട് നന്ദി പറഞ്ഞു……… നേരെ മുറിയിലേക്ക് നടന്നു…… ഒന്നു കുളിച്ചിറങ്ങിയപ്പോൾ ക്ഷീണം മാറിക്കിട്ടി…………

ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ…… ഇമ്മുവിനോട് പോയിട്ടു വരാൻ പറഞ്ഞിട്ട് ദേവേട്ടനും ദാസേട്ടനും കഴിക്കാനുള്ളതുമെടുത്തു കയ്യിൽ ഏൽപ്പിച്ചു …………. ഭാഗിമ്മ ഇല്ലാതെ പോകുന്നില്ലെന്നു പറഞ്ഞു ദേ പിണങ്ങി പോയിരിക്കുന്നു …………. അവനിപ്പോഴും പേടിയാണ് തന്നെ ഇവിടെ നിർത്തി പോകാൻ……….. ഭാഗിക്ക് ചിരിയും വരുന്നുണ്ട് പക്ഷേ തന്റെ അവസ്ഥ അതിനു സമ്മതിക്കുന്നുമില്ല……… പെട്ടെന്ന് റെഡിയായി വന്നു ഇല്ലെങ്കിൽ ദാസേട്ടനും ദേവേട്ടനും ഒന്നും കഴിക്കാൻ നിൽക്കില്ല………….. പോരുന്ന വഴിയെല്ലാം ഭാഗിമ്മയ്ക്ക് എന്താ പറ്റിയത്…………. എന്താ ഒരു മൂഡ് ഓഫ് പോലെ……….. എന്തെങ്കിലും പ്രശ്നമുണ്ടോ…………… എന്നൊക്കെ ഇമ്മു ചോദിച്ചുകൊണ്ടേയിരുന്നു………… ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും ഇമ്മു ഇടയ്ക്കിടെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു…………ഹോസ്പിറ്റലിൽ ചെന്നപ്പോൾ രാഖിയും അവളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു………… ഭാഗിയെ ഇമ്മുവിനൊപ്പം കണ്ടപ്പോൾ അവരുടെ മുഖം മങ്ങി…………. ദേവനെയും ദാസനെയും നിർബന്ധിച്ചു ഇരുത്തി കഴിപ്പിക്കുന്നത് കൂടി കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു ………….. ഭാഗി ആരെയും ശ്രദ്ധിക്കാൻ പോയില്ല……….. ഭാഗിക്കൊപ്പം രാഖിയും കൂടിയപ്പോൾ ഹോസ്പിറ്റൽ ആയത് കൊണ്ട് മാത്രം അവരൊന്നും മിണ്ടാതെ പോയി…………

ഇങ്ങനെ മുൻപേ നീ പലതും അവഗണിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമായിരുന്നോ……… നിന്നെ സ്നേഹിക്കുന്നവരുടെ സന്തോഷവും സുഖവും മാത്രം നോക്കിയാൽ പോരേ……… അല്ലാതെ…………….. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുന്നു വെച്ച് പെട്ടീം കിടക്കയും എടുക്കാൻ തുടങ്ങിയാലോ…………. ഞാനും പണ്ട് മുതലേ അങ്ങനെ മറ്റുള്ളവരുടെ വാക്കുകൾ കേട്ടിരുന്നെങ്കിൽ ഇന്നും ഓടിക്കൊണ്ടിരുന്നേനെ……….. ലക്ഷ്യമില്ലാതെ…………. ദാസൻ ദേഷ്യത്തിൽ ഭാഗ്യയോട് പറഞ്ഞു നിർത്തി……………

ദാസേട്ടൻ പറയുന്നതെല്ലാം സത്യമാണ്………. പക്ഷേ ഇനി എല്ലാം അറിഞ്ഞുകൊണ്ട് എങ്ങനെ ആ വീട്ടിൽ കഴിയും …… എങ്ങനെ നന്ദന് മുന്നിൽ പഴയത് പോലെ പോയി നിൽക്കും……….

ഒരുവട്ടം ദാസൻ  കാണാൻ  കയറിയപ്പോൾ നന്ദൻ കണ്ണു തുറന്നു കിടക്കുകയായിരുന്നു…………. ദാസനെ കണ്ടപ്പോൾ നന്ദന്റെ മുഖമൊന്നു തെളിഞ്ഞു……….. അടുത്തു വന്നിരുന്നുവെങ്കിലും ദാസന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ നന്ദന് വിഷമം തോന്നി………… ടാ ദാസാ…………. പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു………… ദാസൻ വേറെങ്ങോ നോക്കിയിരുന്നു…….. ടാ ഒന്നു മിണ്ടെടാ………. ദാസന്റെ കയ്യിൽ പിടിച്ചു പറഞ്ഞു…………

ടാ കോപ്പേ……. ഞാൻ നിന്നോട് പറഞ്ഞതല്ലേ ആ ഒരാഗ്രഹം അങ്ങ് കളഞ്ഞേക്കാൻ ……….. അന്ന് തല കുലുക്കി സമ്മതിച്ചിട്ട് അതങ്ങു മനസ്സിലിട്ടു വളർത്തിയല്ലേ………….. ഞാൻ വന്നു നോക്കാൻ കുറച്ചൊന്നു താമസിച്ചിരുന്നെങ്കിലോ…………. ദാസൻ ദേഷ്യത്തിൽ ചോദിച്ചു………….. ശ്സ്…….. ചുണ്ടിൽ വിരൽ വെച്ചു ശബ്ദമുണ്ടാകരുതെന്ന് അവിടെയിരുന്ന നേഴ്സ് പറഞ്ഞു …………. ദാസൻ ഒന്നടങ്ങി………..

നീ വരുമെന്ന് എനിക്കറിയാമായിരുന്നെടാ……… പക്ഷേ കണ്ണടഞ്ഞു പോയപ്പോൾ നിന്നെ ഒന്ന് കാണാൻ വല്ലാതാഗ്രഹിച്ചിരുന്നു ………..

ന്റെ നന്ദാ… എങ്കിലും ഇതു കുറച്ചു കൂടിപ്പോയി………. എല്ലാവരേയും നീ നന്നായിട്ട് പേടിപ്പിച്ചു……….. ദേവേട്ടൻ ഒരു ദിവസം കൊണ്ട് പാതിയായി……… നന്ദന്റെ കയ്യിൽ മുറുക്കി പിടിച്ചു പറഞ്ഞു……… നന്ദന് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു………. നന്ദന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയത് പോലെ ദാസൻ പറഞ്ഞു………… ഭാഗി പോയിട്ടില്ല……….. കുറച്ചു മുൻപ് ഇമ്മുവിനൊപ്പം വീട്ടിലേക്ക് പോയതേയുള്ളു……….. നന്ദന്റെ മുഖത്ത് നഷ്ടപ്പെട്ട ആ സന്തോഷം തിരിച്ചു വന്നത് പോലെ തോന്നി ദാസന്……….. മ്മ്…………. അമർത്തിയൊന്നു മൂളി ദേഷ്യം മറച്ചു ദാസൻ………. ഈശ്വരാ ഇവനെ ഈയൊരു കാര്യത്തിൽ നിന്നും എങ്ങനെ പിന്തിരിപ്പിക്കും ഞാൻ……….. ഭാഗിയാണെങ്കിൽ പോകില്ലെന്നൊ പോകുമെന്നോ പറഞ്ഞിട്ടില്ല………. ഇനിയും നന്ദന് ഇങ്ങനെയൊരാവസ്‌ഥ വരാതിരിക്കാനാണ് ഭാഗിയോട് എല്ലാം തുറന്നു പറഞ്ഞത് തന്നെ ……….. നന്ദന്റെ ജീവനെ ഓർത്തിട്ടെങ്കിലും അവൾ ഇവിടെ നിൽക്കുമെന്ന് കരുതി…………. ഇപ്പോൾ തന്നോടും മിണ്ടുന്നില്ല അവൾ……….. തന്നോട് അവളെടുക്കുന്ന പഴയ സന്തോഷവും സ്വാതന്ത്ര്യവും ഒക്കെ നഷ്ടമായതുപോലെ……….. അതിനു ശേഷം മനസ്സു തുറന്നൊന്നു സംസാരിച്ചിട്ടില്ല തന്നോട്……….. അന്നത്തെ തന്റെ മാനസികാവസ്ഥയിൽ അവളോട് പരുഷമായിട്ടാണ് കാര്യങ്ങൾ പറഞ്ഞതും പ്രകടിപ്പിച്ചതുമൊക്കെ ………. നന്ദൻ ഇനിയുള്ള കാലവും ജീവിക്കാൻ തന്റെ സ്വാർത്ഥതയാണ് അത് ഭാഗിയോട് പറയാൻ തന്നെ പ്രേരിപ്പിച്ചത്……….. തെറ്റായോ…….. അവൾക്ക് വിഷമമായോ………. ഭാഗിയുടെ വശത്ത് നിന്നും ചിന്തിക്കാൻ തനിക്കായില്ല………… പാവം……….

ഓടി വരും……….

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!