Skip to content

പെൺകരുത്ത് (അലീന ) – 13

പെൺകരുത്ത് (അലീന )

അലീനയും അമ്മയും കൂടി തയ്ക്കുന്നവർക്ക് നിർദ്ദേശം കൊടുത്തുകൊണ്ട് തയ്യൽ യൂണിറ്റിലായിരുന്നു. ടെക്സ്റ്റൈൽസ് ഷോപ്പിൻ്റെ പിറകിലാണ് തയ്യൽ യൂണിറ്റ് അമ്മയും വേറെ മൂന്നു പേരും  തയ്യക്കാനുണ്ട്. സ്റ്റോൺ  എംബ്രോയഡറി വർക്കിനൊക്കെ വേറെയും രണ്ടു പേരും ഉണ്ട്.  പുതിയ മോഡൽ ചുരിദാറിൻ്റെ ഡിസൈൻ വരച്ചു കാണിച്ചു കൊണ്ടിരിക്കുമ്പോളാണ് ഷോപ്പിൽ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടത്. അലീനയുടെ ശ്രദ്ധ അങ്ങോട്ടേക്കായി.

അലീന വേഗം തന്നെ ഷോപ്പിലേക്ക് ചെന്നു

സെയിൽസ് ഗേളുമായി തർക്കിച്ചു പുറം തിരിഞ്ഞു നിൽക്കുന്ന ഒരു മദ്യവയസകനും ഭാര്യയും ആണ്.

അലീന അവരുടെ അടുത്തേക്ക് നടന്നടുത്തു.

എന്താ ഷേർളി ചേച്ചി എന്താ പ്രശ്നം

മോളെ ഇവരു കുറെ ചുരിദാർ തുണികളും നൈറ്റി തുണികളും സെലക്ട് ചെയ്തു ഞാനവർക്ക് ബില്ലടിച്ചു കൊടുത്ത് പൈസ ചോദിച്ചപ്പോൾ തുടങ്ങിയതാ ഇവർ ഇവിടുത്തെ തുണികൾക്ക് വില കൂടുതലാണന്നാണ് പറയുന്നത്.

എന്താ ചേച്ചി പ്രശ്നം എന്നു ചോദിച്ചു കൊണ്ട് അലീന  കസ്റ്റമേഴ്സിൻ്റെ നേരെ തിരിഞ്ഞു. തൻ്റെ മുന്നിൽ നിന്നവരെ കണ്ട അലീനയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി .

തങ്ങളുടെ മുന്നിൽ നിൽക്കുന്ന അലീനയെ കണ്ട ഷീജ അന്താളിച്ചു പോയി.

ഓ നിങ്ങളായിരുന്നോ തർക്കം കേട്ടപ്പോഴെ മനസ്സിലായി വന്നവർ മാന്യരായ കസ്റ്റമേഴ്സ് അല്ലന്ന് കണ്ടപ്പോഴല്ലേ മനസ്സിലായത് മാന്യത മാത്രമല്ല അന്തസ്സും ഇല്ലാത്തവരാണന്ന്.

നിനക്കാടി അന്തസ്സും മാന്യതയും ഇല്ലാത്തത്. അന്തസ്സുള്ളവരുടെ കട ആണന്നോർത്താണ് കയറിയത്  വസ്ത്രങ്ങളുടെ ഗുണനിലവാരവും വിലയും കണ്ടപ്പോ തന്നെ മനസ്സിലായി കച്ചവടത്തിൻ്റെ മഹിമ

ആരും .ഇങ്ങോട്ട് ക്ഷണിച്ചില്ലല്ലോ ഇപ്പോ മനസ്സിലായല്ലോ എൻ്റെ സ്ഥാപനത്തിൻ്റെ മഹിമ ഇനി പോകാലൊ

ഈ ടൗണിൽ വേറെയും തുണിക്കടകൾ ഉണ്ട് വിലയും തുച്ഛം ഗുണമോ മെച്ചം

പിന്നെ അവിടെ പോയാൽ പോരായിരുന്നോ എന്തിനാ ഇങ്ങോട്ട് വന്നത്. കൂടുതൽ നിന്നു പ്രസംഗിക്കാതെ ഭർത്താവിനേയും വിളിച്ചു കൊണ്ടുപോകാൻ നോക്ക്.

ഇല്ലങ്കിൽ നീ എന്തു ചെയ്യും. നിങ്ങളെന്താ മനുഷ്യാ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ ഇവളുടെ അഹങ്കാരം

ഞാനൊന്നും നിങ്ങളെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എൻ്റെ കടയിൽ വന്ന് പ്രവർത്തനത്തിന് തടസ്സം നിന്നതിന് പോലീസിനെ വിളിക്കാനാണ് എൻ്റെ ഉദ്ദേശം പിന്നെ എൻ്റെ അഹങ്കാരം മാറ്റാൻ നിങ്ങൾക്കും നിങ്ങളുടെ കൂടെയുള്ള ഇങ്ങേർക്കും എന്ത് അധികാരമാണ് എൻ്റെ മേലുള്ളത്. അതു കൊണ്ട് വെറുതെ ഇവിടെ കിടന്ന് തെറിക്കാതെ പോകാൻ നോക്ക് അല്ലങ്കിൽ എനിക്ക്  പോലീസിനെ വിളിക്കേണ്ടി വരും.

നീ പോലീസിനെ വിളിക്കടി പോലീസ് എന്നു കേട്ടാൽ ഭയന്നോടുന്ന കൂട്ടത്തിലുള്ളവളല്ല ഈ ഷീജ. തള്ളയും മക്കളും കൂടി ആരാൻ്റെ കൂടെ കിടന്ന് കുറെ പണം ഉണ്ടാക്കി കോഴിക്കൂട് പോലുള്ള ഒരു കട തുടങ്ങിയതിൻ്റെ അഹങ്കാരം ഷീജ പറഞ്ഞു നിർത്തിയതും അലീനയുടെ വലതുകൈ പൊക്കി ഷീജയുടെ ചെവിട് നോക്കി വീശാൻ തുടങ്ങിയതും ആ കൈയിൽ പിടുത്തം വീണു. തന്നെ തടഞ്ഞത് ആരാണന്ന് തിരിഞ്ഞു നോക്കിയ അലീന കണ്ടത് അമ്മ കൈ വീശി ഷീജയുടെ കരണം നോക്കി ഒന്നു കൊടുക്കുന്നതാണ്.

എന്നെ പറഞ്ഞോ പക്ഷേ എൻ്റെ മക്കളെ പറഞ്ഞാൽ ആ നാവ് അരിഞ്ഞിടും ഞാൻ. അമ്മയുടെ മുഖത്തെ ഭാവം കണ്ട് അലീന പകച്ചു പോയി. ആദ്യമായാണ് അമ്മയിൽ ഇങ്ങനെ ഒരു ഭാവമാറ്റം

രണ്ടു മക്കളുടെ തന്തയെ പണ്ടു പ്രേമിച്ചതിൻ്റെ പേരും പറഞ്ഞ് കണ്ണും കയ്യും കാണിച്ച് മയക്കി എടുത്തിട്ട് എന്നേയും എൻ്റെ മക്കളെയും വിധിക്കാൻ വരുന്നോ കടക്കടി പുറത്ത്.

അവരെ മാത്രം എന്തിനാ കുറ്റം പറയുന്നത് പണ്ടത്തെ പ്രണയവും പറഞ്ഞ് കണ്ണും കയ്യും കാണിച്ചപ്പോൾ താലികെട്ടിയ പെണ്ണിനേയും ജന്മം കൊടുത്ത മക്കളേയും മറന്ന ഈ മനുഷ്യനും കുറ്റക്കാര താങ്ങ് അപ്പാ ഇയാളും ഇപ്പോ ഇവിടെ നിന്ന് ഇറങ്ങണം.

അതു വരെ ഒന്നും മിണ്ടാതെ നിന്ന ജോസ്. ഷീജയുടെ കൈയിൽ മുറുകെ പിടിച്ചു പുറത്തേക്കു പോയി.

എന്നെ അവളു തല്ലിയിട്ടും നിങ്ങളെന്താ മനുഷ്യാ കൈയും കെട്ടി നിന്നത്.

ആ അടി നീ ചോദിച്ചു വാങ്ങിയതാണ്.

എന്താ നിങ്ങളു പറഞ്ഞത് എന്നെ തല്ലുന്നത് കണ്ടിട്ടും മിണ്ടാതെ ഇരുന്നതും പോരാ ഇപ്പോ അവരെ ന്യായികരിക്കുന്നോ. എനിക്കറിയാം പഴയ ഭാര്യയെ കണ്ടപ്പോ പഴയതെല്ലാം ഓർമ്മ വന്നു കാണും അല്ലേ പൊയ്ക്കോ അവരുടെ കൂടെ

ഷീജ നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട. നിനക്ക് അടി കിട്ടിയെങ്കിൽ തെറ്റു നിൻ്റെ ഭാഗത്താണ്.

അല്ലേലും നിങ്ങളങ്ങനെയേ പറയു . മറുഭാഗത്ത് നിങ്ങളുടെ ഭാര്യയും മകളുമാണല്ലോ ഞാൻ ആരാ നിങ്ങളുടെ വെപ്പാട്ടിയല്ലേ

ഷിജേ നീ വാക്കുകൾ സൂക്ഷിച്ച് സംസാരിക്ക് വെറുതെയല്ല അവളു നിന്നെ തല്ലിയത് തർക്കിച്ച് നിൽക്കാതെ നീ ബൈക്കിൽ കയറ് ദേ ആളുകളൊക്കെ ശ്രദ്ധിക്കുന്നു.

ഷീജ ബൈക്കിൽ കയറിപ്പോകുന്നത് അലീനയും അമ്മയും അകത്തുനിന്ന് നോക്കി കണ്ടു.

അമ്മക്ക് ഇത്ര ധൈര്യം ഉണ്ടായിരുന്നോ അലീന അമ്മയെ ചേർത്തു പിടിച്ചു കൊണ്ടു ചോദിച്ചു.

എന്നെ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ പക്ഷേ എൻ്റെ മക്കളെ കുറിച്ച് ആവശ്യമില്ലാത്ത അനാവശ്യം പറഞ്ഞാൽ മിണ്ടാതെ ഇരിക്കില്ല ഞാൻ.

അലീന അമ്മയെ കെട്ടിപിടിച്ച് ആ മൂർദ്ധാവിൽ ചുണ്ടമർത്തി.

നിൻ്റെ അച്ഛൻ്റെ പഴയ വീറും വാശിയുമൊക്കെ എവിടെ പോയി മറഞ്ഞു.? ഇതൊരു മാതിരി  പല്ലു കൊഴിഞ്ഞ സിംഹത്തെ പോലെ – അവളുടെ പിന്നാലെ നടക്കുന്നു

ജോസ് അന്നും തുടർന്നുള്ള ദിവസങ്ങളിലും സമാധാനം എന്താണന്ന് അറിഞ്ഞില്ല

അവളുടെ കട പൂട്ടിക്കാൻ നിങ്ങൾക്കു പറ്റുമോ

ഇല്ല ഞാനതു ചെയ്യില്ല. നിനക്കിത് എന്തിൻ്റെ സൂക്കേടാ അവർ നിനക്കൊരു ശല്യമായി ഇവിടേക്ക് വരുന്നില്ലല്ലോ പിന്നെ എന്താ

എന്നെ തല്ലിയിട്ട് അവരങ്ങനെ സുഖിച്ച് വാഴണ്ട

നിൻ്റെ നാവിൻെറ ദോഷം കൊണ്ടാ നിനക്ക് തല്ല് കിട്ടിയത്. ഇനി ഇതിൻ്റെ പേരിൽ നീ എന്തേലും ചെയ്താൽ അവൾ ആ അലീന അടങ്ങിയിരിക്കും എന്നോർക്കണ്ട

ഓ നിങ്ങൾടെ  ഒരു അലീന

അതേടി എൻ്റെ ചോരയാ അവൾ ..നിനക്കു വേണ്ടി നഷ്ടപെടുത്തിയ മാണിക്യമാണ്  അവൾ

ഇതു തന്നെ ഞാൻ കേൾക്കണം പ്രേമിച്ച് നടന്നപ്പോൾ നിങ്ങൾക്ക് എല്ലാറ്റിലും വലുത് ഞാനായിരുന്നല്ലോ.

അതെ. അന്നു നിന്നെ നഷ്ടപെടുത്തി അവളുടെ കഴുത്തിൽ താലി ചാർത്തിയിട്ടും ഒരു ഭാര്യ എന്ന നിലയിൽ ഞാനൊരിക്കലും അവളെ ചേർത്തു നിർത്തിയിട്ടില്ല സ്നേഹിച്ചിട്ടില്ല സംരക്ഷിച്ചിട്ടില്ല. എന്നിട്ടും യാതൊരു പരാതിയും കൂടാതെ എന്നോടൊപ്പം ജീവിച്ചു. എന്നെ സ്നേഹിച്ചു. എൻ്റെ എല്ലാ കാര്യവും ചെയ്തു തന്നു. ഞാൻ പകരം നൽകിയതോ അവഗണയും വെറുപ്പും അടിയും ഇടിയും മാത്രം. അതെല്ലാം ചെയ്തത് നിന്നെ മറക്കാൻ പറ്റാത്തതുകൊണ്ടായിരുന്നു. നിന്നോടുള്ള എൻ്റെ സ്നേഹമായിരുന്നു. രണ്ടു മക്കൾ ജനിച്ചിട്ടും അവരെ ഞാൻ സ്നേഹിച്ചിട്ടില്ല. എൻ്റെ സ്നേഹലാളനക്ക് പകരം ഞാനവർക്ക് നൽകിയത് നിസാര കാര്യങ്ങൾക്കു പോലും കടുത്ത ശിക്ഷ ആയിരുന്നു.എൻ്റെ അടുത്തേക്ക് ചിരിച്ചോണ്ട് ഓടി വന്ന അവരെ ഞാൻ ആട്ടിയോടിച്ചത് നിനക്ക് വേണ്ടി ആയിരുന്നു. നിന്നെയല്ലാതെ മറ്റാരേയും സ്നേഹിക്കാൻ എനിക്ക് പറ്റാത്തതു കൊണ്ടായിരുന്നു

ഇപ്പോ കുറ്റബോധം തോന്നുന്നുണ്ടോ നിങ്ങൾക്ക് എന്നാൽ പൊയ്ക്കോ അവരുടെ കൂടെ

കുറ്റബോധം തോന്നുന്നുണ്ടോ എന്നോ ഇനി തോന്നിയിട്ടും .കാര്യമില്ല തിരുത്താൻ പറ്റാത്ത തെറ്റാണ് ഞാനവരോട് ചെയ്തത്.ഇവളോടുള്ള പ്രണയം മൂത്ത് താൻ നഷ്ടപ്പെടുത്തിയതിൻ്റെ വില എത്രയാണന്ന് ഞാനിപ്പോ മനസ്സിലാക്കുന്നു. പ്രണയിച്ച സമയത്തെ ഷീജയെയല്ല ഒരുമിച്ച് താമസിക്കാൻ തുടങ്ങിയപ്പോൾ കണ്ടത്

സ്നേഹത്തിന് പകരം സംശയം പണത്തിനോട് ആർത്തി എപ്പോഴും കുറ്റപെടുത്തലുകളും വഴക്കും മാത്രം ഒരുമിച്ച് താമസം തുടങ്ങി ഏതാനും നാളുകൾ കഴിയും മുൻപു തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു മക്കളുടെ അമ്മയുടെ മഹത്വം. മക്കളോടും ഭാര്യയോടുമുള്ള കടമകൾ പോലും മറന്ന് പഴയ കാമുകിയേയും ധ്യാനിച്ച് താൻ നഷ്ടപ്പെടുത്തിയത് തൻ്റെ ജീവിതം തന്നെ ആയിരുന്നെന്ന് മനസ്സിലാക്കി വന്നപ്പോഴേക്കും തനിക്ക് ലഭിച്ച സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു.

നിങ്ങളെന്താ മനുഷ്യാ ഞാൻ ചോദിച്ചതിന് മറുപടി പറയാതെ ഓരോന്ന് ആലോചിച്ചിരിക്കുന്നത്.

ഒന്നുമില്ല നീ ഇത്തിരി നേരം എനിക്ക് തലക്ക് സ്വൈര്യം തരാമോ

ഞാനിപ്പോ നിങ്ങൾക്കൊരു ശല്യമായല്ലേ.

എൻ്റെ ഷീജേ നിന്നെ കൊണ്ടു ഞാൻ മടുത്തു ഞാനെന്തു പറഞ്ഞാലും നി അതിലൊരു കുറ്റം കാണും

എനിക്ക് മനസ്സിലായി നിങ്ങൾക്ക് എന്നെ മടുത്തെന്ന് ഞാൻ പോയി തരാം നിങ്ങളുപോയി ഭാര്യയേയും മക്കളേയും തിരികെ  വിളിച്ചോണ്ട് വാ

അതിനുള്ള മറുപടി ഒന്നും പറയാതെ ജോസ് അവിടെ നിന്നും എഴുന്നേറ്റു പോയി.

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി. ഹസീനയുടെ വാപ്പിച്ചി വന്ന സമയം കൊണ്ട് ഹസീനെക്കായി ഒരു പുതിയാപ്ലയെ കണ്ടെത്തി ഗൾഫിലാണ് ചെറുക്കന് ബിസിനസ്സ് ഹസീനയുടെ വാപ്പിച്ചിയുടെ കൂട്ടുകാരൻ്റെ ബന്ധുവാണ് ചെക്കൻ രണ്ടു കൂട്ടർക്കും ഇഷ്ടമായി വേഗത്തിൽ തന്നെ കല്യാണം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞ് ചെറുക്കൻ പോകുന്ന കൂട്ടത്തിൽ തന്നെ പെണ്ണിനേയും കൊണ്ടു പോകും റംല ഇത്തയെനാട്ടിൽ ഒറ്റക്ക് ആക്കി പോകുന്നതിൻ്റെ സങ്കടം മാറ്റാൻ ഈക്കുറി വാപ്പിച്ചിക്കൊപ്പം റംല ഇത്തയും കടലു കടന്നു പോവുകയാണ്.

ഹസീന വന്ന് പറഞ്ഞ വിശേഷങ്ങളെല്ലാം കേട്ടപ്പോ സങ്കടായി.കാരണം ഇന്നുവരെ ഒറ്റക്കാണ് എന്നൊരു തോന്നൽ  തോന്നിയിട്ടില്ല. ഒരു വിളിപ്പാടകലെ റംല ഇത്തയും ഹസീനയും ഉണ്ടായിരുന്നു. അവരെല്ലാവരും ഇവിടുന്ന് പോയി കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ താമസിക്കുന്നത് ശരിയല്ല അപ്പോ എത്രയും പെട്ടന്ന് മറ്റൊരു താമസ സ്ഥലം കണ്ടു പിടിക്കണം റംല ഇത്തായും വാപ്പിച്ചിയും അറിഞ്ഞാൽ അവരു സമ്മതിക്കില്ല അവരറിയാതെ എത്രയും പെട്ടെന്നു തന്നെ ഒരു വീടു കണ്ടു പിടിക്കണം.

പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ മിയയോട് കാര്യങ്ങളെല്ലാം പറഞ്ഞു.

മിയ എത്രയും പെട്ടന്ന് എനിക്കൊരു വീടുകിട്ടണം.

നീയും അമ്മയും മാത്രമല്ലേയുള്ളു നിങ്ങൾ എൻ്റെ വീട്ടിലേക്ക് വാ നമുക്ക് വീട്ടിൽ താമസിക്കാം

തമാശ പറയാതെ നീ ഞാൻ പറഞ്ഞതിനെ കുറിച്ച് അന്വേഷിക്ക

ഞാൻ പറഞ്ഞത് തമാശയല്ലടി

നീ ഒന്നു പോയെ ഞാൻ വേറെ ഒന്നു രണ്ടു പേരോടും കൂടി പറയട്ടെ.

അലീന തൻ്റെ ഫ്രണ്ട്സായ കുറച്ചു പേരോട് കൂടി തനിക്ക് ഒരു വാടക വീട് വേണം എന്ന ആവശ്യം അറിയിച്ചു.

വൈകുന്നേരം കടയിൽ ചെന്നപ്പോൾ കടയിലെ സ്റ്റാഫിനോടും പറഞ്ഞു വാടക വീടിനെ കുറിച്ച്.

രണ്ടു മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഒരു വീട് ശരിയായി കിട്ടി. പിറ്റേന്ന് അമ്മയേയും കൂട്ടി അലീന വീടു കാണാൻ പോയി. താൻ പച്ചക്കറി കച്ചവടം നടത്തി കൊണ്ടിരുന്ന  പ്രദേശത്താക്കുന്നു വീട്.റാം സാറിൻ്റെ വീടിനോട് ചേർന്നുള്ള ഒരു കൊച്ചു വീട്.

അമ്മയേയും കൂട്ടി അലീന വീടിനകം എല്ലാം കയറി കണ്ടു. രണ്ടു മുറിയും ഹാളും കിച്ചണും അടങ്ങിയ ഭംഗിയുള്ള വീട് എല്ലാ സൗകര്യങ്ങളും ഉണ്ട് വീട്ടിലേക്കാവശ്യമായ ഫർണിച്ചറുകൾ വാങ്ങണം ചുറ്റുമുള്ള താമസക്കാരെയെല്ലാം നേരത്തെ തന്നെ പരിചയമുണ്ട്‌ ഒന്നു കൊണ്ടും പേടിക്കേണ്ടതില്ലന്ന് അലീനക്ക് തോന്നി.

അന്നു തന്നെ വീടിന് അഡ്വാൻസും നൽകി. എഗ്രിമെൻ്റ് എഴുതി.

ദിവസങ്ങൾ കടന്നു പോയി.ഹസീനയുടെ വിവാഹം ഭംഗിയായി തന്നെ നടന്നു അമ്മയുടെ കൈയിൽ ഒന്നര പവൻ്റെ വളവാങ്ങി നൽകിയിട്ടു പറഞ്ഞു.ഇത് ഹസീനക്ക് വിവാഹ സമ്മാനം നൽകാൻ

കല്യാണം കഴിഞ്ഞ് ഹസീന യാത്ര പറഞ്ഞിറങ്ങിയപ്പോൾ എന്തിനാണന്നറിയാതെ അലീനയുടെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞു രണ്ടു തുള്ളി നീർകണങ്ങൾ

സ്വന്തം കൂടപ്പിറപ്പിനെ പോലെ ആയിരുന്നു ഹസീന തനിക്ക് താത്കാലികമായ ഈ വിട പറച്ചിൽ പോലും സങ്കടമുണ്ടാക്കിയതിന് കാരണം അതാണ്.

ഹസീനയുടെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞൊരു ദിവസം അലീന റംലാത്തയുടെ വീട്ടിലേക്കു ചെന്നു. ഹസീനയുടെ വാപ്പിച്ചിയോടും റംലത്തായോടും വീടുമാറുന്നതിനെ കുറിച്ച് സംസാരിച്ചു.

ആദ്യം എതിർത്തെങ്കിലും അലീന സാഹചര്യങ്ങൾ വിശദികരിച്ചപ്പോൾ  ഹസീനയുടെ വാപ്പിച്ചിക്ക് സമാധാനമായി

പിറ്റേന്ന് തന്നെ അലീനയും അമ്മയും പുതിയ വീട്ടിലേക്ക് താമസം മാറി ആരോടും പറഞ്ഞില്ല ആരേയും ക്ഷണിച്ചതുമില്ല.

അന്നു വൈകുന്നേരം കോളേജിൽ നിന്നും മടങ്ങിയെത്തിയ റാം വീടിനടുത്ത് ഒഴിഞ്ഞുകിടന്ന വീട്ടിൽ നിന്ന് ആളനക്കവും അടുപ്പിൽ നിന്നും ഉയർന്ന പുകയും കണ്ട് അമ്മയോടു ചോദിച്ചു.

അമ്മേ ആ ആൾ താമസമില്ലാത്ത വീട്ടിൽ പുതിയ താമസക്കാർ വന്നെന്നു തോന്നുന്നല്ലോ

വന്നു.അതു മറ്റാരുമല്ല അലീനയും അമ്മയും ആണ്

ങേ അലീനയോ? റാമിന് അമ്മ പറഞ്ഞതു കേട്ടിട്ട് വിശ്വാസം ആയില്ല

എന്താ നിനക്ക് വിശ്വാസം ആയില്ലേ

ഇല്ലമ്മേ

എന്നാൽ നീ വേഗം കാപ്പി കുടിക്ക് നമുക്ക് അവിടം വരെ ഒന്നു പോകാം

റാം വേഗം കുളിച്ചു വന്നു കാപ്പി കുടിച്ചു എന്നു വരുത്തി അമ്മയുടെ അടുത്തെത്തി

നമുക്ക് പോയിട്ട് വന്നാലോ അമ്മേ

ഉം പോകാം.റാമും അമ്മയും കൂടി വീട്ടിൽ നിന്നിറങ്ങി തങ്ങളുടെ ഗ്രേറ്റ് കടന്ന് റോഡിലേക്കിറങ്ങി റോഡിൻ്റെ എതിർ വശത്താണ് അലീന താമസിക്കുന്ന വീട്.

ആ സമയത്താണ് അലീന താമസിക്കുന്ന വീടിൻ്റെ ഗേറ്റ് കടന്ന് ഒരു കാർ വന്ന് മുറ്റത്ത് നിന്നത്. അതിൽ നിന്നും ഇറങ്ങുന്നവരെ കണ്ട് റാമിൻ്റെ മുഖം ഇരുണ്ടു

തുടരും.

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!