Skip to content

അപ്പേട്ടൻ – 11

appettan novel

”  എന്താടി പെണ്ണെ നിനക്ക്… നീ കാരണം അപ്പേട്ടൻ വേദനിക്കൊ… നീ ന്റെ മരംകൊത്തിയല്ലേ… അപ്പേട്ടനോട് ന്റെ മോള് സോറി പറയല്ലേ…  നിങ്ങളൊക്കെ സന്തോഷിക്കുമ്പോഴേ അപ്പേട്ടന്റ മനസ്സ് നിറയൂ… നിങ്ങളല്ലെടാ അപ്പേട്ടന്റെ ലോകം…  അപ്പേട്ടന് ഒരു സങ്കടോം ഇല്ലാട്ടോ… നീ പക്വത ആയ ഒരു പെണ്ണിലേക്ക് വളരുന്നതിൽ ഒത്തിരി സന്തോഷേ ഉള്ളൂ.. “

എന്നും പറഞ്ഞവൻ അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർക്കുബോൾ അവനിലേക്ക് പിന്നെയും പറ്റിച്ചേർന്നവൾ പറയുന്നുണ്ടായിരുന്നു

  ” സോറി അപ്പേട്ടാ..  ഈ പൊട്ടിപെണ്ണിനോട് ക്ഷമിക്ക് “എന്ന്. 

   എത്ര നേരം അവളെയും ചേർത്തുപിടിച്ചങ്ങനെ ഇരുന്നെന്ന് അറിയില്ല..  അപ്പോഴൊക്കെ ഒരു അച്ഛന്റെ വാത്സല്യം കൂടി അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.  എന്നോ നഷ്ട്ടപ്പെട്ട അച്ഛന്റെ സ്നേഹവും വാത്സല്യവും ഒട്ടും കുറവ് പറ്റാതെ അപ്പേട്ടൻ തന്നിട്ടുണ്ട്.  ഏട്ടാ എന്ന് വിളിക്കുമ്പോൾ മനസ്സിൽ അച്ഛനെ കൂടി കാണും..  ഓർമ്മയില്ലാത്ത ആ മുഖത്തിനെന്നും അപ്പേട്ടന്റെ ഛായ ആണെന്ന് മനസ്സ് മന്ത്രിക്കും. 

    അച്ഛനുണ്ടായിരുനെങ്കിൽ കൂടി ചിലപ്പോൾ ഇത്രത്തോളം സ്നേഹം കിട്ടുമായിരുന്നില്ല.. 

   മനസ്സ് പരിശുദ്ധമായ സ്നേഹത്തിന്റ ഒഴുക്ക് വറ്റാത്ത നിമിഷങ്ങളിലൂടെ നിലയ്ക്കാതെ സഞ്ചരിക്കുമ്പോൾ  അവൾ പതിയെ അവന്റ നെഞ്ചിൽ നിന്നും അടർന്നുമാറികൊണ്ട് അപ്പുവിനെ  നോക്കി.

   ” അപ്പേട്ടാ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കോ.. എന്നോട് അത്രക്ക് ഇഷ്ട്ടമാണെങ്കിൽ  ഈ കാര്യത്തിൽ അപ്പേട്ടൻ ഇനിയൊരു മറുവാക്ക് പറയരുത്..  “

അവളുടെ മുഖവുരയോടെയുള്ള സംസാരം കേട്ട് അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കുമ്പോൾ ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവളുടെ ചോദ്യം മനസ്സിലാക്കാത്തവന്റെ കാര്യമറിയാനുള്ള ആകാംഷ. അതുപോലെ എന്താണെന്നുള്ള മറുചോദ്യവും ആ കണ്ണുകളിൽ തുടിക്കുന്നുണ്ടായിരുന്നു.

   ” അപ്പേട്ടന് ഭദ്രയെ വിവാഹം കഴിച്ചൂടെ. അവൾ നല്ല കുട്ടിയാ.. അപ്പേട്ടനെന്നു വെച്ചാൽ ജീവനും ആണ്.. അവൾ എന്റെ ഏട്ടത്തിയമ്മയായി വരുന്നതിൽ എനിക്ക് സന്തോഷമാണ്. “

അവൾ അതും പറഞ്ഞ് സന്തോഷത്തോടെ അപ്പുവിനെ നോക്കുമ്പോൾ ആ മുഖത്തൊരു ഞെട്ടൽ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അവന്റ മുഖത്തവൾ കണ്ടത്  ലാളിത്യം നിറഞ്ഞൊരു പുഞ്ചിരി ആയിരുന്നു.

   ” എന്തെ…..  അപ്പേട്ടന് താല്പര്യം ഇല്ലെങ്കിൽ….. ഞാൻ വെറുതെ… അവൾക്ക് അപ്പേട്ടനെ ഒത്തിരി ഇഷ്ട്ടമാണെന്ന് അറിഞ്ഞപ്പോൾ…  “

അവൾ വിക്കി വിക്കി സന്ദർഭം വിവരിക്കാൻ പാട് പെടുമ്പോൾ അവൻ അവളെ ചുണ്ടുകളിൽ മായാതെ നിൽക്കുന്ന പുഞ്ചിരിയാൽ നോക്കി.

 ”  മോള് അപ്പേട്ടന്റെ സ്നേഹത്തെ അളക്കാൻ ആണോ ആദ്യം ഇങ്ങനെ ഒരു ചോദ്യം കൊണ്ട് എന്റെ മനസ്സിനെ തളച്ചിട്ടത്? 

     മോളോട് ഉള്ളത്ര ഇഷ്ട്ടം അപ്പേട്ടന് വേറെ ആരോടും ഇല്ല. ആ സ്നേഹത്തെ വേറെ ഒരു കാര്യത്തിന് വേണ്ടി ചൂഷണം ചെയ്യരുത്. 

അളന്നു കൊടുക്കുന്നതല്ലല്ലോ മോളെ സ്നേഹം….

അറിഞ്ഞു കൊടുക്കുന്നതല്ലേ…. !

അത് പോട്ടെ.. പിന്നെ മോള് ചോദിച്ച കാര്യം…

   മോൾടെ കൂട്ടുകാരിക്ക് എന്നോടുള്ള ഇഷ്ട്ടം ,  അത് ഒരിക്കൽ ഒരു രക്ഷകനായി മുന്നിൽ നിന്നവനോട് തോന്നിയ ആരാധനയായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരിക്കൽ അവളുടെ വാക്കുകളിൽ നിന്നും എനിക്ക് തോന്നിയ സത്യം .  അവളുടെ ഇഷ്ട്ടത്തെ കുറച്ചുകാണുന്നതല്ലാട്ടോ.. പക്ഷേ,  അപ്പേട്ടനെ അവൾ അറിയാൻ ശ്രമിച്ചിട്ടില്ല.. എന്റെ ലോകത്തെ ഞാനവൾക്ക് വാക്കാൽ ഓർമ്മിപ്പിച്ചതാണ്…   ആ ലോകത്തെക്ക് കൈ പിടിച്ചു കയറ്റുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടാൽ ചിലപ്പോൾ അവിടെ അപ്പേട്ടൻ തോറ്റുപോകും. ഒരു വശത്ത്‌ അമ്മയും പെങ്ങളും,  മറുവശത്ത്‌ വിശ്വസിച്ചു കൂടെ വന്നവളും… 

അങ്ങനെ ഒരു നിമിഷം ഫേസ് ചെയ്യേണ്ടിവന്നാൽ….

അപ്പേട്ടന്റെ ലോകത്തെ രണ്ടായ് പിരിക്കാൻ വയ്യ…

 അത് മാത്രമല്ല,

 ഇനി എല്ലാം അറിഞ്ഞവൾ ഇഷ്ട്ടപ്പെട്ടാലും അപ്പോഴും അവളിലേക്കുള്ള ദൂരം നമ്മളിൽ നിന്നും ഒത്തിരി കൂടുതലാണ് മോളെ.  പാവപ്പെട്ടവനിൽ നിന്നും പണക്കാരനിലേക്കുള്ള ദൂരം.

   ഒരാളും മണിമാളികയിൽ നിന്ന് മകളേ കുടിലിന്റ ഈറൻ മണക്കുന്ന ചുവരുകൾക്കുള്ളിലേക്ക് മനസ്സാൽ സമ്മതിച്ചു പറഞ്ഞ് വിടില്ല.

     പിന്നെ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിവരാൻ തയാറായാൽ പോലും സ്വീകരിക്കാൻ എനിക്ക് കഴിയില്ല മോളെ.. 

     അത് ഇഷ്ടക്കേട്‌ കൊണ്ടല്ല,  അതും ഇഷ്ടക്കൂടുതൽ കൊണ്ട് ആണ്. 

   ഇന്ന് ഞാൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടു വന്നാൽ ,  നാളെ മോൾക്ക് ഒരാളുടെ കൂടെ പോവാൻ തോന്നിയാൽ അപ്പേട്ടന് എതിർത്തു പറയാൻ വാക്കുകലില്ലാതെ പോകും.  എന്ത് ഞായീകരണം നിരത്തിയാലും അപ്പേട്ടൻ അവിടെ തോറ്റുപോകും. വഴി കാണിക്കേണ്ടവൻ കാണിച്ച വഴിയേ ആണ് പെണ്ണ് പോയതെന്ന പഴി കേൾക്കേണ്ടിവരും. 

     ഇതൊക്കെ അപ്പേട്ടൻ പറയാൻ കാരണമെന്താണെന്ന് അറിയോ….

    മനസ്സ് കൊണ്ട് ഞാനും ഒരു അച്ഛനാണ്…  മോൾടെ.  ആ മോള് ഇറങ്ങിപോയാൽ ഒരു അച്ഛന്റെ മനസ്സ് എത്രത്തോളം വേദനിക്കുമെന്ന് അറിയാൻ വേറെ ഒരാളുടെയും അനുഭവം ചികയേണ്ട എനിക്ക്… എന്നിലേക്ക് തന്നെ നോക്കിയാൽ മതി.  . അപ്പോൾ പിന്നെ ഞാൻ….

ഇതൊന്നും അപ്പേട്ടൻ മോളെ നിരുത്സാഹപെടുത്താൻ പറയുന്നതല്ല ,  ഒരു ജീവിതം സന്തോഷപൂർണ്ണമാകാൻ പലതും ചിന്തിക്കേണ്ടി വരും. ശരിയും തെറ്റും ചികയേണ്ടി വരും.

  ഇതൊക്കെ അപ്പേട്ടന്റെ ചിന്ത മാത്രമാണ് കേട്ടോ…

   എന്തായാലും അപ്പേട്ടൻ സംസാരിക്കാം ഭദ്രയോട്… എന്നിട്ട് അപ്പെട്ടനിലേക്ക് അവൾക്ക് എത്താൻ കഴിയുമെങ്കിൽ,   അന്ന് നമുക്ക് ചോദിക്കാം. അവളുടെ വീട്ടിൽ പോയി,  അവർക്ക് സമ്മതമാണെങ്കിൽ അപ്പോൾ നോക്കാം.. പക്ഷേ, ആ പെണ്ണിനോട് പറഞ്ഞേക്കണം,  അതുവരെ പിന്നാലെ നടന്നു പ്രേമിക്കാൻ അപ്പേട്ടന് താല്പര്യം ഇല്ലെന്ന്.  കേട്ടല്ലോ   !”

അവൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞ് നിർത്തി പുഞ്ചിരിക്കുമ്പോൾ അവളിൽ സന്തോഷത്തിന്റെ തിരമാലകൾ തിരതല്ലിതുടങ്ങിയിരുന്നു.

   വാക്കുകളിൽ പാതിസമ്മതം മാത്രമേ ഉള്ളുവെങ്കിലും അതിലൊരു പ്രതീക്ഷ  നിഴലിച്ചു നിൽപ്പുണ്ടായിരുന്നു.

     എവിടെയൊക്കെയോ അവന്റ വാക്കുകളിൽ ഭദ്രയോടുള്ള ഇഷ്ട്ടം അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. പക്ഷേ, അത് അംഗീകരിക്കാനുള്ള മടിയാണ് അവസാനവാക്കുകളിലെല്ലാം നിറഞ്ഞുനിൽക്കുന്നതെന്ന കണക്കുകൂട്ടലിലായിരുന്നു മേഘ.

മനസ്സിൽ തുടികൊട്ടിയ സന്തോഷം അപ്പുവിന്റെ കവിളിൽ ഒരു ഉമ്മയോടൊപ്പം അവനുമായി പങ്കിടുമ്പോൾ  അവളുടെ മുടിയുടെ പതിയെ തഴുകിക്കൊണ്ട്  അപ്പു പറയുന്നുണ്ടായിരുന്നു

 ” എന്നാ ഇനി മോള് ചെല്ല്.. പോയി സന്തോഷമായി ഉറങ്ങൂ.. നേരം ഒത്തിരി ആയി. നാളെ കോളേജിൽ പോകേണ്ടതല്ലേ.. പോ. ചെല്ല് ” എന്ന്..

 അതും പറഞ്ഞവളെ ഉള്ളിലേക്ക് പറഞ്ഞ് വിട്ട് അല്പനേരം കൂടി അപ്പു ഉമ്മറത്തിരുന്നു.

      ——————————————————–

  ” അന്ന് കോളേജിൽ എത്തിയ അവളുടെ മുഖം പ്രസന്നമായിരുന്നു. അപ്പേട്ടന്റെ പാതി സമ്മതത്തെക്കുറിച്ചു മേഘ വാ തോരാതെ സംസാരിക്കുമ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുടിത്തുള്ളുകയായിരുന്നു.

     പ്രണയിക്കാൻ താല്പര്യം ഇല്ലെങ്കിലും സമയമാകുമ്പോൾ വീട്ടിൽ വന്നു ചോദിക്കാമെന്ന് അപ്പേട്ടൻ പറഞ്ഞതായി മേഘ പറയുമ്പോൾ വല്ലാത്തൊരു പ്രതീക്ഷയുണ്ടായിരുന്നു മനസ്സിൽ.

  അല്പം കർക്കശക്കാരനായ അച്ഛൻ ഇങ്ങനെ ഒരു ബന്ധം അംഗീകരിക്കുമോ എന്ന ഭയം മനസ്സിലുണ്ടെങ്കിലും  അമ്മയെകൊണ്ട് എങ്ങനെയെങ്കിലും ഇത് പറഞ്ഞ് സമ്മതിപ്പിക്കാൻ  കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു മനസ്സിൽ. “

  ഭദ്രയുടെ ഓരോ വാക്കും കേട്ടിരിക്കുമ്പോൾ,  ഭാര്യ പഴയ പ്രണയത്തെ കുറിച്ചാണിത്ര വാചാലയാകുന്നതെന്ന ചിന്ത അല്പം വിമ്മിഷ്ട്ടം മനസ്സിൽ ഉണ്ടാക്കിയെങ്കിലും അത് പുറത്ത് കാണിക്കാതെ താൻ ഇതുവരെ അറിയാത്ത അപ്പേട്ടനെ അറിയാൻ മൗനം പാലിച്ചിരുന്നു ശ്രീക്കുട്ടൻ.

         അൽപനേരം മൗനം തളം കെട്ടിയ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ശ്രീ അവളെ നോക്കികൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു

  ” അതൊക്ക ശരി…..  നീ അപ്പേട്ടനെ സ്നേഹിച്ചിരുന്നു, വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.

കഥ ഇവിടെ തന്നെ ചുറ്റിപറ്റി നിൽക്കുന്നതല്ലാതെ മുന്നോട്ടൊരു ചലനമില്ലല്ലോ.

    സ്വന്തം ഭർത്താവിനോട് പഴയ പ്രണയത്തെ കുറിച്ച് വാഹാചാലയാകുമ്പോൾ കേൾക്കുന്നവന്റെ മനസ്സ് കൂടി അറിയാൻ ശ്രമിക്കുന്നത് നല്ലതാ. മ്മ്…..

 അതൊക്കെ പോട്ടെ..

ഇപ്പഴും പറഞ്ഞിട്ടില്ല താൻ  അത്രയൊക്കെ സ്നേഹിച്ച അപ്പേട്ടനെ ഇത്രേം  വെറുക്കാൻ മാത്രം എന്ത് കാരണമാണ് നിങ്ങൾക്കിടയിൽ ഉണ്ടായതെന്ന്.

    നിന്റ കുത്തുവാക്കുകൾക്ക് മുന്നിൽ പോലും അപ്പേട്ടൻ മൗനം പാലിക്കുന്നത് നീ എന്റെ ഭാര്യയാണ് എന്നത് കൊണ്ടായിരിക്കും എന്നാണ് ഇത്ര നാൾ ഞാൻ കരുതിയത്. പക്ഷേ,……

എന്തായിരുന്നു നീ ഇത്രമാത്രം ആ മനുഷ്യനെ വെറുക്കാൻ ഉണ്ടായ കാരണം? ഒരു വാക്ക് കൊണ്ട് പോലും ആരെയും വേദനിപ്പിക്കാത്ത അപ്പേട്ടൻ നിന്റ മനസ്സിനെ ഇത്രമാത്രം വേദനിപ്പിക്കാൻ എന്താണ് ചെയ്തത്? “

ശ്രീ അക്ഷമയോടെയും, അല്പം നീരസത്തോടെയും അവളോട് ചോദിക്കുമ്പോൾ  ഭദ്രയിൽ ഒരു പുച്ഛം കലർന്ന ചിരി നിറഞ്ഞുനിന്നിരുന്നു.

  ”  എല്ലാവർക്കും പ്രിയപ്പെട്ട അപ്പേട്ടൻ…. സ്നേഹിക്കാൻ മാത്രം അറിയുന്നവൻ…  അയാളെ വെറുക്കാൻ മാത്രം എന്ത് കാരണം ഉണ്ടായെന്ന് ഞാൻ ഇനി തെളിച്ചു പറയണോ.. നിങ്ങൾക്ക് അറിയില്ലേ എല്ലാം… എല്ലാം സംഭവിച്ചിട്ടും ഇപ്പോഴും അയാളുടെ ഭാഗം മാത്രം പറയുന്ന നിങ്ങൾക്ക് അറിയില്ലേ അയാൾ ചെയ്ത തെറ്റ് എന്താണെന്ന്..

   ജീവനേക്കാൾ ഏറെ സ്നേഹിച്ച പെങ്ങളും അമ്മയും അയാൾ കാരണം… “

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ അഗ്നി  ചിതറുന്നുണ്ടായിരുന്നു . വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയും അപ്പുവിനോടുള്ള പുച്ഛവും നിറഞ്ഞ് നിന്നിരുന്നു.

  അവളുടെ ഭാവം കണ്ട് ശ്രീ ശാന്തമായിത്തന്നെ ആയിരുന്നു അവളോട് സംസാരിച്ചത്.

     ” നീ പറഞ്ഞതൊക്കെ ശരിയാണ് ഭദ്രേ.  അപ്പേട്ടൻ കാരണം പൊലിഞ്ഞുപോയ രണ്ട് ജീവിതങ്ങൾ ആണ് മേഘയും അമ്മയും.  പക്ഷേ,   അതിൽ എത്ര ശരിയുണ്ടെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? 

 പെങ്ങളെയും അമ്മയെയും അത്രയേറെ സ്നേഹിച്ച അയാൾക്ക് അങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? അന്ന് അവരുടെ മരണത്തിനു മുന്നേ നടന്ന ആസംഭവമാണ്‌ എല്ലാത്തിനും തുടക്കം.

       പക്ഷേ, അതിന് പിന്നിൽ ആരുടെയോ കറുത്ത കൈകൾ ഉണ്ടെന്നാണ് ഇപ്പഴും ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ അങ്ങനെ ഒരിടത് ആ അവസ്ഥയിൽ അപ്പേട്ടൻ വരില്ലെന്ന് ഇപ്പഴും വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ.. അന്ന് അപ്പേട്ടനെ ആരോ ചതിച്ചതാണ്..  പക്ഷേ, ആരും അത് വിശ്വസിച്ചില്ല… എല്ലാവർക്കും തിടുക്കം അപ്പേട്ടനെ കുറ്റകാരൻ ആക്കാമായിരുന്നു. “

അത് പറയുമ്പോൾ അപ്പേട്ടനോടുള്ള സ്നേഹത്താൽ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു ശ്രീയ്ക്ക്.

”  അപ്പേട്ടനേ ആരോ ചതിച്ചെന്ന്… കൊള്ളാം .. ഇത്രയൊക്കെ ആയിട്ടും അപ്പേട്ടനോടുള്ള സ്നേഹം വാക്കുകളിൽ നിറഞ്ഞിഴുകുന്നുണ്ടല്ലോ.. 

       ചതിച്ചതാണത്രേ….

കണ്ട പെണ്ണിനെയും കൂട്ടി ഹോട്ടൽമുറിയിൽ വ്യപിചാരിക്കാൻ പോയ സ്നേഹനിധിയായ അപ്പേട്ടൻ..  വ്യപിചാരകുറ്റത്തിന് പോലീസ് കൊണ്ട് പോകുമ്പോൾ അയാളെ ചൂണ്ടി ആ പെണ്ണ് പറഞ്ഞത് ഓർമ്മയുണ്ടോ.?  അപ്പേട്ടൻ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന്. ഒരു അമ്മക്കും പെങ്ങൾക്കും അയാളെ സ്നേഹിച്ച പെണ്ണിനും കേൾക്കാനോ സഹിക്കാനോ കഴിയാത്ത വാക്ക്..

     കൂടെ കിടക്കാൻ കൊണ്ട് പോയവൾ കൂറ് മാറിയപ്പോൾ ഓർത്തില്ല അയാൾ അതുപോലെ ഒരു പെണ്ണ് വീട്ടിലുണ്ടെന്ന്.

  എന്നിട്ടിപ്പോ എല്ലാം കഴിഞ്ഞപ്പോൾ അയാൾക്ക് പിന്നിൽ ആരൊക്കെ ഉണ്ട്പോലും. 

    സൽപേരുണ്ടാക്കി നടന്നാൽ പോരാ. അതുപോലെ അന്തസ്സായി ജീവിക്കാൻ കൂടി പഠിക്കണം… 

        പെണ്ണ് പിടിയൻ. 

അതും പോരാൻഞ്ഞ്  ആരൊക്കെയോ ചേർന്ന് ജ്യാമ്യത്തിലിറക്കി വീട്ടിലെത്തിച്ചപ്പോൾ,

  പെണ്ണ്പിടിയന് നേരെ വാതിൽ അടച്ചതിന്റെ ദേഷ്യം,  പ്രതികാരം…

അവരെയും അയാൾ…

  അപ്പേട്ടൻ എന്ന മാന്യനെ തിരിച്ചറിയാതെ അത്രയേറെ സ്നേഹിച്ച അമ്മയെയും പെങ്ങളെയും  ആാാ വൃത്തികെട്ടവൻ……. “

                 ( തുടരും )

                           ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!