Skip to content

അപ്പേട്ടൻ – 14

appettan novel

”  മോനെ… അപ്പൊ… ആ കുട്ടി…. !? “

അമ്മയുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് മുന്നിൽ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട്  അവൻ ഒന്ന് വിഷാദത്തോടെ  പുഞ്ചിരിക്കാൻ ശ്രമിച്ചു.

പിന്നെ ദൂരെ മരങ്ങൾക്ക് മീതെ കൊക്കുരുമ്മി പ്രണയം പങ്കിടുന്ന കിളിയെ  അസൂയയോടെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു

  ” അതെ അമ്മ..  ആരോരുമറിയാതെ മനസ്സിൽ കൊണ്ട് നടന്ന സ്നേഹം കൊണ്ട് അവളങ്ങു പോയി… ദൂരെ…. 

       നമ്മുടെ ഒക്കെ പ്രിയപ്പെട്ട…….

അല്ലെങ്കിൽ അപ്പേട്ടന്റെ ആ മരംകൊത്തിപെണ്ണ്…

     മേഘ…. !!!!!

എന്റെ…… എന്റെ……… !!!”

       വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ നിർവികാരതയോടെ മിഴിനനച്ചിരിക്കുന്ന അവനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാതെ അമ്മ ആ മുഖം നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ  അതിനപ്പുറം എന്തൊക്കെയോ അവന്റ മനസ്സിനെ  മുറിപ്പെടുത്തുന്നുണ്ടായിരുന്നു.

         —————————————————-

കാർ മുറ്റത്തേക്ക് ഒതുക്കി നിർത്തി ശ്രീജേഷ് ഇറങ്ങുമ്പോൾ ഉമ്മറത്തു തന്നെ കിടപ്പുണ്ടായിരുന്നു അപ്പൂ.  കാറിന്റെ ശബ്ദം കേട്ട് പതിയെ തല ഉയർത്തവേ അടുത്തേക്ക് വരുന്ന കണ്ണനെ കണ്ട് അപ്പു കിടന്നിടത്തു നിന്നും  എഴുനേറ്റ് ഇരിക്കുമ്പോൾ അരികിലെത്തിയ  ശ്രീജേഷ് അപ്പുവിന്റെ തോളിൽ പതിയെ കൈ വെച്ചു.

   ” അപ്പേട്ടാ…… “

സ്നേഹത്തോടെ ഉള്ള ആ വിളി കേട്ട് തല ഉയർത്തി അവന്റ മുഖത്തേക്കൊന്ന് നോക്കികൊണ്ട് എഴുനേറ്റ് ഒന്നും പറയാതെ അപ്പു അകത്തേക്ക് നടക്കുമ്പോൾ അയാളുടെ ഇപ്പോഴത്തെ അവസ്ഥ അമ്മ പറഞ്ഞറിഞ്ഞതുകൊണ്ട് തന്നെ അപ്പുവിൽ നിന്നും മറുപടി ഒന്നും ഇല്ലാത്തതിൽ മുഷിച്ചിലില്ലാതെ അയാൾക്കൊപ്പം അവനും അകത്തേക്ക് നടന്നു.

  വരാന്തയിൽ നിന്നും ഹാളിലേക്ക് കയറുമ്പോൾ ഭിത്തിയിൽ തൂക്കിയിട്ട ഫോട്ടോയിൽ നോക്കി നിൽക്കുന്ന അപ്പുവിനരികിലേക്ക് അവൻ ചെല്ലുമ്പോൾ ആ ഫോട്ടോയിൽ നിന്നും കണ്ണെടുക്കാതെ അപ്പു പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു

  ”  കണ്ടില്ലേ കണ്ണാ.. ഞാൻ കൊന്ന എന്റെ ചോരകളാ…  ഇന്ന് ഒരു നാടും ഒരു നിയമവും അടയാളപ്പെടുത്തിയ കൊലപാതകി. 

     പക്ഷേ,. പക്ഷേ, നീ വിശ്വസിക്കുന്നുണ്ടോ ഞാൻ…. ഞാൻ അങ്ങനെ ചെയ്യുമെന്ന്…  “

അത് ചോദിക്കുമ്പോൾ മുഖം തിരിച്ചവന്റെ മുഖത്തേക്ക് ഒന്ന് നോക്കി അപ്പു.

 ആ നോട്ടത്തിൽ ഒരുപാട് അർത്ഥത്തിൽ നിറഞ്ഞുനില്കുമ്പോലെ.. !

“അപ്പേട്ടാ…..  ഞാൻ… എനിക്കറിയാം അപ്പേട്ടന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന്.  അന്നത്തെ ആ അവസ്ഥയിൽ ഞാനും വിശ്വസിച്ചുപോയി…. പക്ഷേ….  “

“പക്ഷേ  ? .. പിന്നെ എപ്പോഴാണ് കണ്ണാ നിനക്ക്‌ തോന്നിയത് ഞാൻ അങ്ങനെ ചെയ്യില്ലെന്ന്….?”

അപ്പേട്ടന്റെ മറുചോദ്യം അവനിൽ ഇരു ഉൾകിടിലമുണ്ടാക്കിയെങ്കിലും അത് പുറത്തുകാണിക്കാതെ അപ്പേട്ടനെ കേൾക്കാനായി ആ മുഖത്തേക്ക് പിടയ്ക്കുന്ന മിഴികളാൽ നോക്കുമ്പോൾ അപ്പുവിന്റെ നോട്ടത്തിലും ഭാവത്തിലും  എന്തോ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ചുണ്ടുകളിൽ അലസമായ ഒരു പുഞ്ചിരിയും…

   ”  നീ ഒന്നും പറഞ്ഞില്ലല്ലോ കണ്ണാ.. എപ്പോഴാണ് ഞാൻ അത് ചെയ്യില്ലെന്ന് നിനക്ക് തോന്നിയത്?   ഞാൻ കുറ്റക്കാരനായി അവരോധിക്കപ്പെട്ടപ്പോഴോ?  അതോ ഞാൻ ഭ്രാന്തിൽ നിന്നും തിരികെ ജീവിതത്തിലേക്ക് മടങ്ങില്ലെന്ന് തോന്നിയപ്പോഴോ?  “

അപ്പുവിന്റെ നോട്ടവും മുൾമുനയിൽ നിർത്തുന്ന പോലുള്ള ചോദ്യവും കേട്ട് അമ്പരപ്പോടെ നോക്കുന്ന ശ്രീജേഷ് വികാരാധീനനായി ചോദിക്കുന്നുണ്ടായിരുന്നു

 ” അപ്പേട്ടൻ ന്തൊക്കെയാ ഈ പറയുന്നേ ” എന്ന്.

അത് കേട്ട് പുച്ഛം കലർന്ന ചിരിയോടെ അവനിലേക്ക് നടന്നടുക്കുമ്പോൾ  കണ്ണന്റെ കണ്ണുകളിൽ എവിടെയോ അപായസൂചനയുടെ നിഴലാട്ടമുണ്ടായിരുന്നു.

  ” കണ്ണാ…  ഇക്കാലമത്രയും ആർക്കും വേണ്ടാത്ത ഒരുത്തനായി ഇവിടെ ഒറ്റപെട്ടു ജീവിച്ചത് പോലും ഇങ്ങനെ ഒരു ദിവസത്തിനായിരുന്നു.

  അന്ന് എന്റെ പ്രിയപ്പെട്ടവർ പോയ ദിവസം ഈ മുറ്റത്തു വെച്ചാണ് അവസാനമായി നിന്നെ കണ്ടത്. 

    അതും പുറംലോകം എന്റെ കൂടപ്പിറപ്പിന്റെയും അമ്മയുടെയും മരണം അറിയുംമുന്നേ നീ ഓടിവന്ന ആ നിമിഷം. 

   പ്രിയപ്പെട്ടവരുടെ മരണം എന്നിലേൽപ്പിച്ച ആഘാതം എന്റെ മാനസികനില കൂടി തകർത്തപ്പോൾ പിറകിലുള്ളവർ ജയിച്ചെന്ന് കരുതി.  ആ മരണത്തിന്റെ ചൂടാറുംമുന്നേ ഇവിടെ നിന്നും പോയ നീ പിന്നെ തിരികെ നിലത്തിറങ്ങിയത് ഇന്നലെ..

        ഒറ്റപ്പെട്ട മുറിയിൽ മരണത്തെ കൊതിക്കുമ്പോഴും  രണ്ട് മരണം എന്നിലടിച്ചേൽപ്പിച്ചു മുഖം രക്ഷിച്ചവനാരോ അവന് വേണ്ടി മാത്രം ജീവിക്കാൻ പ്രേരിപ്പിച്ച വാശി.

  അന്നൊക്കെ പല വട്ടം നിന്റ ഈ മുഖം മുന്നിൽ വന്ന് പോയിട്ടും തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ,  അന്ന് അവർ മരിക്കുമ്പോൾ,  അതും ആർക്കുമറിയാത്ത ആ മരണം അറിഞ്ഞുവന്നവനെ പോലെ നീ ഓടിവന്ന ആ നിമിഷം  !

   എല്ലാവർക്കും മുന്നിൽ നീ കരഞ്ഞുനിൽക്കുമ്പോഴും നിന്റ കണ്ണുകളിലെ പിടപ്പ്….  ഓർത്തെടുക്കാൻ ഇത്രയൊക്കെ മതിയായിരുന്നു കണ്ണാ എന്റെ പ്രിയപ്പെട്ടവരുടെ മരണത്തിൽ നിന്റ കൈ ചലിച്ചിട്ടുണ്ടെന്ന് വ്യക്തമാകാൻ.

 ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നിന്നോടൊന്നും ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ…   എനിക്ക് നിന്റ അമ്മയും നിനക്ക് എന്റെ അമ്മയും ഒരുപോലെ ആയിരുന്നില്ലെടാ.. പക്ഷേ……  “

ശ്രീജേഷിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് ഉലയ്ക്കുമ്പോൾ ആ കൈവിടുവിക്കാൻ ശ്രമിച്ചുകൊണ്ട് നിസ്സഹായതയോടെ അവൻ പറയുന്നുണ്ടായിരുന്നു

” അപ്പേട്ടാ… എന്തൊക്കെ ആണ് പറയുന്നത്.. ഞാൻ അല്ല…. എനിക്കറിയില്ല ഒന്നും…. ഞാൻ അത്രയേറെ സ്നേഹിച്ചിരുന്ന അവളെ ഞാൻ.. ഞാൻ കൊല്ലുമെന്ന് തോന്നുന്നുണ്ടോ? ! “

അതൊരു പുതിയ അറിവായിരുന്നു അപ്പുവിന്.     മേഘയും കണ്ണനും ഒരിക്കൽ സ്നേഹിച്ചിരുന്നു എന്ന്… !!!

  പക്ഷേ,  കണ്ണനും മേഘയും തമ്മിൽ ഇങ്ങനെ ഒരു അടുപ്പം ഉണ്ടായിരുന്നു എന്നത് ഒരു വാക്കിലോ ചലനത്തിലോ പ്രകടമല്ലായുന്നു എന്നത് കണ്ണന്റെ വാക്കുകളെ വിശ്വസിക്കാതിരിക്കാൻ പോന്ന ഒന്നായിരുന്നു.

 അതുകൊണ്ട് തന്നെ വിശ്വസിക്കാൻ കഴിയാത്ത പോലെ വീണ്ടും ആവന്റെ കോളറിൽ പിടിക്കുമ്പോൾ ദയനീയമായി ആ കയ്യിൽ പിടിച്ചുകൊണ്ട് ശ്രീജേഷ് പറയുന്നുണ്ടായിരുന്നു

  ” എനിക്കറിയാം അപ്പേട്ടനത് വിശ്വസിക്കാൻ കഴിയില്ല എന്ന്. പക്ഷേ, സത്യമാണ്.  എനിക്ക് മേഘയെയും മേഘയ്ക്ക് എന്നെയും ഒത്തിരി ഇഷ്ട്ടമായിരുന്നു. പക്ഷേ,  രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ രണ്ട് പേരും ആ ഇഷ്ട്ടത്തെ പറയാൻ മടിച്ചു മനസ്സിൽ തന്നെ ഒതുക്കിവെച്ചു നല്ല സൗഹൃദങ്ങളായി.

 പരസ്പരം പറയാൻ ആഗ്രഹിച്ചെങ്കിലും എന്തോ ആ ഇഷ്ട്ടത്തെ മനസ്സ്കൊണ്ട് കൈമാറാൻ ഏറെ വൈകിയിരുന്നു. 

   പലപ്പോഴും അപ്പേട്ടന് മുന്നിൽ ഈ കാര്യം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അവൾ തടയുമായിരുന്നു. അത് പേടികൊണ്ട് മാത്രമല്ല, അപ്പേട്ടനോട്‌ അവൾക്കുള്ള സ്നേഹം അത്രയായിരുന്നു.

  അപ്പേട്ടന് അതൊരു ഇഷ്ടക്കുറവ് ഉണ്ടായാൽ,  അത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അലോസരത്തിന് കാരണമായാൽ  അത്രമേൽ സ്നേഹിക്കുന്നവരെ തമ്മിൽ അകറ്റുന്ന അവസ്ഥ വന്നാലോ എന്ന ഭയം ആയിരുന്നു അവളിൽ.

    അവൾ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് അപ്പേട്ടൻ ഒരു പ്രണയത്തെ കുറിച്ചോ ജീവിതത്തെ കുറിച്ചോ ചിന്തിക്കാത്തത് പെങ്ങളുടെ ജീവിതം മാത്രം മുന്നിൽ കണ്ടാണെന്ന്.

  ആ അപ്പേട്ടൻ ഒന്ന് പിണങ്ങിയാൽ പോലും അവൾക്ക്.   “

കണ്ണന്റെ വാക്കുകൾ ഇടർച്ചയോടെ അടരുമ്പോൾ നിലയുറയ്ക്കാത്തവനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു അപ്പു. 

       അപ്പേട്ടന്റെ മനസ്സിൽ ഇപ്പോൾ എന്തായിരിക്കുമെന്ന് അറിയാതെ ഭയം തീണ്ടിയ മനസ്സോടെ അയാളെ തന്നെ ഉറ്റുനോക്കുമ്പോൾ കുറെ നേരത്തെ മൗനത്തിന് ശേഷം അപ്പു അവനു നേരെ തിരിഞ്ഞു.

   ” ശരി, നിങ്ങൾ തമ്മിൽ അങ്ങനെ ഒരു ഇഷ്ട്ടമുണ്ടായിരുന്നു. ഞാൻ വിശ്വസിച്ചു. പക്ഷേ, ആ ഇഷ്ട്ടം എങ്ങനെ ഒരു കൊലപാതകത്തിൽ എത്തി. ആരും അറിയാത്ത മരണം ആദ്യമറിഞ്ഞതും ഓടിയെത്തിയതും നീ. അകത്തു മരിച്ചു കിടക്കുന്ന അവൾക്കരികിലേക്കല്ല അന്ന് നീ പോയത്. നീ ഓടിക്കയറിയത് തുറന്നിട്ട അടുക്കളവാതിൽ അടച്ചിടാനായിരുന്നു.  അത് അടച്ചിട്ടു നീ സ്നേഹിച്ച പെണ്ണിനെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ ഈ വാർത്ത പുറംലോകമറിയിക്കാൻ പാടുപെടുമ്പോൾ സമനില തെറ്റിയവനെ പോലെ ഇരുന്ന എന്നെ മാത്രം കബളിപ്പിച്ചാൽ മതിയല്ലോ എന്നുള്ള നിന്റ ശ്രമം വിജയിച്ചെന്ന് പറയാം… 

        അതെ…

നീ കരുതിയ പോലെ ആ അവസ്ഥയിൽ എന്നെ കബളിപ്പിക്കുന്നതിൽ നീ വിജയിച്ചു. 

  എന്റെ പ്രിയപ്പെട്ടവരുടെ മരണം വരുത്തിയ ആഘാതം എന്റെ മനസ്സിനെ കൂടി വരിഞ്ഞുകെട്ടിയപ്പോൾ എല്ലാം ശുഭമെന്നു കരുതി നീ പറന്നു.

 പക്ഷേ, അവിടെ നിനക്ക് തെറ്റി കണ്ണാ…  നീ എവിടെ ജയിച്ചെന്ന് കരുതിയോ അവിടെ നിന്ന് ഞാൻ കൂട്ടിയും ഗണിച്ചും എത്തിയത് നിന്നിൽ തന്നെ ആയിരുന്നു. അന്ന് നിന്നിലുണ്ടായ ഓരോ ചലങ്ങളിലും ആയിരുന്നു. ഓടിയെത്തിയ നിന്റ ഇടപെടലുകളിൽ പോലും ഞാൻ കണ്ടിരുന്നു നിന്നെ മാത്രം പിടികൂടിയ ഒരു ഭയം. 

 നിന്റ പ്രിയപ്പെട്ടവളുടെ മരണത്തിൽ കാണുന്ന സങ്കടത്തെക്കാൾ കൂടുതൽ നിന്നിൽ കണ്ടത് എന്തൊക്കെയോ മറയ്ക്കാനും എന്നിൽ ആ മരണങ്ങൾ അടിച്ചേൽപ്പിക്കാനും ഉള്ള വ്യഗ്രതയുമായിരുന്നു.

  ഇതൊക്കെ നിനക്ക് നിഷേധിക്കാൻ കഴിയുമോ? 

 ഞാൻ ഇന്നും ഒരു കൊലപാതകിയാണ് എല്ലാവരുടെയും കണ്ണിൽ. അതിൽ കൂടുതൽ സമനില തെറ്റിയ ഭ്രാന്തനും.

     എല്ലാം ശരിയായാലും ഒരിക്കൽ കിട്ടിയ ഈ രണ്ട് പേരും ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകും.  അങ്ങനെ ഒരു ഭ്രാന്തനായ എനിക്ക് ഒരു കൊലപാതകം കൂടി ചെയ്താലും സമനിലതെറ്റിയവന്റെ കൈയബദ്ധം ആയി എഴുതിതള്ളുന്ന കാലം ആണിത്.  കുറെ നാൾ ഭ്രാന്താശുപത്രിയിൽ കിടക്കേണ്ടി വരും. അത്ര തന്നെ. 

   ഞാൻ ജയിലിൽ കിട്ടുന്നതിൽ കൂടുതൽ വേദന അനുഭവിച്ചത്  എന്റെ കൂടപ്പിറപ്പിനെയും അമ്മയെയും ഞാൻ കൊന്നു എന്ന വാക്ക് കേട്ടായിരുന്നു .  

    ഇക്കാലമത്രയും നിന്റ വരവിനായി കാത്തിരുന്നതും ആ വേദന എനിക്ക് സമ്മാനിച്ചവൻ ആരാണെന്ന് അറിയാനായിരുന്നു.

  അതുകൊണ്ട്  നിന്നെയൊക്കെ എടുത്ത് നടന്ന ഈ കൈ കൊണ്ട് ഉദകക്രിയകൂടി ചെയ്യാനുള്ള അവസ്ഥയുണ്ടാക്കാതെ പറ കണ്ണാ… എങ്ങനാ എന്റെ അമ്മേം പെങ്ങളും മരിച്ചത്.?

എന്നെ ഒരു പെണ്ണുകേസിലേക്ക് എത്തിച്ചത് ആരുടെ ബുദ്ധിയാണ്?  “

അപ്പുവിന്റെ ചോദ്യത്തിലെ മൂർച്ചയും നോട്ടത്തിലെ നെരിപ്പോടും ശ്രീജേഷിനെ ഭയത്തിന്റ കൊടുമുടിയിൽ എത്തിച്ചിരുന്നു.

       ഒന്ന് ചലിക്കാൻ പോലും കഴിയാതെ സ്തബ്ധനായി നിൽക്കുന്ന കണ്ണനെ അലസമട്ടിൽ വീക്ഷിക്കുമ്പോഴും അപ്പുവിന്റെ നെഞ്ചിൽ പ്രതികാരത്തിന്റെ തീ ആളിക്കത്തുകയായിരുന്നു.

           ” പറ കണ്ണാ…. എന്റെ ഭ്രാന്ത് ഇളകുംമുന്നേ പറഞ്ഞേക്ക് നീ…. “

വളരെ ശാന്തതയോടെ പിന്നെയും ശ്രീജേഷിനോട് പറയാൻ ആവശ്യപ്പെടുമ്പോൾ അ ശാന്തത വരാൻ പോകുന്ന കൊടുങ്കാറ്റിന് മുന്നോടിയായുള്ള സൂചനയാണെന്ന്  ചിന്ത കണ്ണന്റെ സിരകളിലൂടെ ഭയം തീണ്ടി പായുന്നുണ്ടായിരുന്നു.

    ” അപ്പേട്ടാ…..  ഞാൻ….. എന്നെ ഒന്നും ചെയ്യരുത്… എനിക്ക്……  ഞാൻ……..

അറിയാതെ……….. എന്നോട് കഷ്‍മിക്ക് അപ്പേട്ടാ….. ഞാൻ.. ഞാൻ ആണ് അവരെ…. എനിക്ക് പറ്റിയ ഒരു കൈയബദ്ധം….. പക്ഷേ….. “

അത് പറഞ്ഞു മുഴുവനാക്കുംമൂന്നെ അപ്പു  നാലുപാടും നോക്കികൊണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി.  ആ പൊട്ടിച്ചിരി ചുവരുകളിൽ തട്ടി പ്രകമ്പനം കൊള്ളുമ്പോൾ മരണത്തെ മുന്നിൽ കണ്ട് വിറച്ചുനിൽക്കുകയായിരുന്നു കണ്ണൻ.

  മുന്നിൽ ചിരിച്ചുനിൽക്കുന്നതാണ് തന്റെ മരണമെന്ന ഉൾകിടിലത്തോടെ….. !

                                          ( തുടരും )

ദേവൻ

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ദേവൻ Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!