സൽപേരുണ്ടാക്കി നടന്നാൽ പോരാ. അതുപോലെ അന്തസ്സായി ജീവിക്കാൻ കൂടി പഠിക്കണം…
പെണ്ണ് പിടിയൻ.
അതും പോരാൻഞ്ഞ് ആരൊക്കെയോ ചേർന്ന് ജ്യാമ്യത്തിലിറക്കി വീട്ടിലെത്തിച്ചപ്പോൾ,
പെണ്ണ്പിടിയന് നേരെ വാതിൽ അടച്ചതിന്റെ ദേഷ്യം, പ്രതികാരം…
അവരെയും അയാൾ…
അപ്പേട്ടൻ എന്ന മാന്യനെ തിരിച്ചറിയാതെ അത്രയേറെ സ്നേഹിച്ച അമ്മയെയും പെങ്ങളെയും ആാാ വൃത്തികെട്ടവൻ……. “
അവളുടെ ക്രൂരത നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ പതർച്ചയോടെ ഇരിക്കുമ്പോൾ ശ്രീയുടെ മനസ്സിലും അന്നത്തെ പല രംഗങ്ങളും മിന്നിമായുന്നുണ്ടായിരുന്നു.
അങ്ങനെ ഒരു അവസ്ഥയിൽ അപ്പേട്ടനെ കാണുമ്പോൾ അപ്പേട്ടൻ അന്ന് പറഞ്ഞ വാക്കായിരുന്നു ഇപ്പഴും മനസ്സിനെ വേദനിപ്പിക്കുന്നത്…
” എനിക്ക് അറിയില്ല ശ്രീ… ഞാൻ അറിഞ്ഞുകൊണ്ടല്ല ഒന്നും…. പക്ഷേ, ഞാൻ കാരണം ഇപ്പോൾ അമ്മയും മേഘയും…. അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ, ഞാൻ തെറ്റുകാരനല്ലെന്ന് ബോധ്യപ്പെടുത്താൻ എനിക്ക് കഴിയുന്നില്ലല്ലോ ശ്രീകുട്ടാ… “
അന്ന് അപ്പേട്ടൻ കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ നെഞ്ചിൽ വേദനയുടെ പെരുമഴ പെയ്യിച്ചപ്പോൾ ആളെ സമാധാനിപ്പിക്കാൻ എന്നോണം വാക്ക് കൊടുത്തതായിരുന്നു ” അവരെ എല്ലാം പറഞ്ഞുമനസ്സിലാക്കി ഞാൻ കൊണ്ടുവരാം അപ്പേട്ടാ ” എന്ന്.
പക്ഷേ, കഴിഞ്ഞില്ല….
” അന്ന് അങ്ങനെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ഉണ്ടായിരുന്നു എങ്കിൽ ചിലപ്പോൾ….. “
ശ്രീ വല്ലാത്ത നെഞ്ചിടിപ്പോടെ കാർ തിരിക്കുമ്പോൾ ഒന്നും മനസ്സിലാകാത്ത പോലെ ഭദ്ര അവനെ നോക്കി.
” ഇതെങ്ങോട്ടാ തിരിക്കുന്നത്, ഓഫീസിൽ പോണ്ടേ ” എന്ന് ചോദിക്കുന്ന അവളെ അവഗണിച്ചുകൊണ്ട് ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന അവൻ ചോദിക്കുന്നുണ്ടായിരുന്നു
” ഇത്രയൊക്കെ അറിഞ്ഞിട്ടും ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നീ അന്ന് എന്നെങ്കിലും അപ്പേട്ടനോട് ചോദിച്ചോ? നീ അത്രയേറെ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന ഒരാൾ ഒരു ദിവസം ഇതുപോലെ ഒരു കാര്യത്തിന് അപമാനിതമായി നിൽക്കുമ്പോൾ ആത്മാർത്ഥമായി സ്നേഹിച്ചെന്ന് പറയുന്ന ഒരുവൾക്ക് എങ്ങനെ ഒറ്റ നിമിഷം കൊണ്ട് ആ വ്യക്തിയെ അവിശ്വസിക്കാൻ കഴിയും?
അതുപോലെ അപ്പേട്ടനെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും പെങ്ങളും ഈ ഒറ്റകാരണത്തിന്റെ പേരിൽ അവർക്ക് വേണ്ടി സ്നേഹത്തിന്റെ ഒരു ലോകം തന്നെ കെട്ടിപ്പടുത്ത അയാളെ ഇങ്ങനെ ഒന്ന് നടന്നതിന്റെ പേരിൽ ഒറ്റ നിമിഷം കൊണ്ട് എങ്ങനെ വെറുക്കും? മകനെ കേൾക്കാൻ അമ്മയും ഏട്ടനേ കേൾക്കാൻ പെങ്ങളും ശ്രമിക്കാതിരിക്കുമോ? അത്രയേറെ സ്നേഹിക്കുന്ന ഒരാൾ ഇങ്ങനെ ഒരു പ്രശ്നത്തിൽ പെടുമ്പോൾ അവനെ കൂടുതൽ വിശ്വസിക്കാൻ ആയിരിക്കും നമ്മൾ ശ്രമിക്കുക. അപ്പോൾ പിന്നെ ഇത്രത്തോളം അപ്പേട്ടനെ സ്നേഹിച്ച അമ്മയും പെങ്ങളും ഈ ഒറ്റ കാരണത്താൽ അങ്ങനെ വെറുപ്പോടെ ഒരു പെണ്ണുപിടിയനായി കാണുമെന്നോ, അയാൾക്ക് നേരെ വാതിൽ കൊട്ടിയടക്കുമെന്നോ തോന്നുന്നില്ല. അന്നും ഇന്നും…… “
അവന്റ ചോദ്യങ്ങൾ ശരം കണക്കെ അവളിലേക്ക് പാഞ്ഞടുക്കുമ്പോൾ ഭദ്ര അവന്റ വാക്കുകളിൽ വല്ലാതെ പതറുന്നുണ്ടായിരുന്നു.
ആ ചോദ്യങ്ങൾക്കൊന്നും തക്കതായ മറുപടി നൽകാൻ കഴിയാതെ A/C.യുടെ തണുപ്പിലും മുഖത്തു പൊടിഞ്ഞ വിയർപ്പുത്തുള്ളികൾ തുടക്കുമ്പോൾ അവൻ അവളെ നോക്കി കൊണ്ട് പുച്ഛത്തോടെ ചിരിച്ചു.
” കൊള്ളാം… ആത്മാർത്ഥമായി സ്നേഹിച്ച. കാമുകി. സ്നേഹിച്ചവന്റെ മനസ്സിനെ ഒന്ന് അറിയാൻ പോലും ശ്രമിക്കാതെ എന്തൊ അറിഞ്ഞതിന്റെ പേരിൽ ഇപ്പഴും ക്രൂരമായി കുത്തിനോവിക്കുന്ന വെറും സൈക്കോ കാമുകി ആയിട്ടാണ് എനിക്കിപ്പോ നിന്നെ തോന്നുന്നത്. അല്ലെങ്കിൽ ആത്മാർത്ഥത എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കാതെ ഏതോ ഒരു സ്വപ്നലോകത്തിരുന്നായിരിക്കാം നീ അയാളെ കണ്ടതും സ്നേഹിച്ചതും.
ഇനി അതല്ല എങ്കിൽ, ആത്മാർത്ഥത, സ്നേഹം എന്നതിന്റെ ഒക്കെ അർത്ഥം നീ ആദ്യം ഡിഷ്ണറി നോക്കി പഠിക്കണം. ലോകം എഴുതിവച്ചതു വായിച്ചുണ്ടാക്കുന്ന ബുദ്ധി മാത്രം പോരാ.. പ്രായോഗികബുദ്ധി എന്നൊന്ന് ഉണ്ട്. അതില്ലെങ്കിൽ പിന്നെ എന്ത്…… “
അവൻ മനസ്സിൽ നുരഞ്ഞുപൊന്തുന്ന ദേഷ്യം കടിച്ചമർത്താൻ ശ്രമിക്കുമ്പോൾ അവൾ ആദ്യത്തെ പതർച്ചയിൽ നിന്നും മുക്തയായികൊണ്ട് സ്വയം ന്യായീകരിക്കാൻ എന്നോണം പറയുന്നുണ്ടായിരുന്നു
” വാദിച്ചുജയിക്കാൻ ഞാൻ ഇല്ല.. പക്ഷേ, സ്നേഹിക്കുന്ന ഒരു പുരുഷനേ മറ്റൊരു പെണ്ണുമായി ഹോട്ടൽമുറിയിൽ നിന്നും പിടിച്ചെന്ന് കേൾക്കുമ്പോൾ അതിന് ന്യായീകരിക്കാനും, സാരമില്ലെന്ന് കരുതി സമാധാനിക്കാനും ഞാൻ അത്ര പുന്യാളത്തി ഒന്നുമല്ല. മജ്ജയും മാംസവും സന്തോഷവും സങ്കടവും എല്ലാം ഉള്ള ഒരു സാധാരണ പെണ്ണാണ്.
ഇതുപോലെ ഉള്ള സംഭവങ്ങൾ ഉൾക്കൊള്ളാനും ഉടനെ ഓടിച്ചെന്ന് സമാധാനിപ്പിക്കാനും എന്നെപോലെ ആത്മാർത്ഥമായി സ്നേഹിച്ച ഒരു പെണ്ണിന് കഴിയില്ല.. കാരണം അയാൾ എന്ന് എനിക്ക് മുന്നിൽ രക്ഷകന്റെ വേഷം എടുത്തിട്ടോ അന്ന് മുതൽ ഒരു വിഗ്രഹം പോലെ ആണ് ഞാൻ മനസ്സിൽ കുടിയിരുത്തിട്ടത്. ആ വിഗ്രഹമാണ് ഒരു നിമിഷം കൊണ്ട് ഉടഞ്ഞുവീണത്.
അതോടൊപ്പം ആ പാവം പിടിച്ച പെണ്ണും അമ്മയും….
ഇങ്ങനെ ഒരാളെ പിന്നെ ഇനിയും പൂവിട്ടു പൂജിക്കണോ ഞാൻ… “
അവളുടെ വാക്കുകൾ ഇടർച്ചയാൾ മുറിഞ്ഞുമുറിഞ്ഞു വീഴുമ്പോൾ അവളുടെ കണ്ണുകളിൽ എന്തൊ ഒരു ഭയം നിഴലിച്ചു കിടക്കുംപോലെ തോന്നി ശ്രീകുട്ടന്.
അവൾ ഉടഞ്ഞുവീണ വാക്കുകളെ പിടിച്ചുനിർത്തികൊണ്ട് ദീർഘനിശ്വാസത്തോടെ മുന്നിലേക്ക് തന്നെ ദൃഷ്ടി പായിക്കുമ്പോൾ പല രംഗങ്ങളും മനസ്സിനെ ചവിട്ടിമെതിച്ചു മറയുന്നുണ്ടായിരുന്നു.
” ശരി സമ്മതിച്ചു. പക്ഷേ, ഒരു കാര്യം നിങ്ങളൊക്കെ ചിന്തിച്ചിട്ടുണ്ടോ.. എല്ലാവരേക്കാൾ ഏറെ സ്നേഹിച്ചവരിൽ നിന്നുള്ള അവഗണന ആ മനുഷ്യനെ എത്രത്തോളം തളർത്തിയിട്ടുണ്ടാകും എന്ന്. നിങ്ങളിൽ ഒരാൾ അയാളെ കേൾക്കാൻ തയാറായിരുന്നെങ്കിൽ ഇതൊന്നും ഇത്രത്തോളം എത്തില്ലായിരുന്നു. ഏറ്റവും കൂടുതൽ ആ മനസ്സ് വേദനിച്ചത് അമ്മയുടെയും പെങ്ങളുടെയും മൗനം ആയിരിക്കും.
അങ്ങനെ അവർ മൗനം പാലിക്കണമെങ്കിൽ എനിക്ക് ഉറപ്പാണ് അതിന് പിന്നിൽ ആരോ ഉണ്ട്… അപ്പേട്ടന് വേണ്ടി കളമൊരുക്കി കാത്തിരുന്ന ആരോ ഒരാൾ…..
പക്ഷേ…….
അവർ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു അപ്പേട്ടന് വേണ്ടി കൂച്ചുവിലങ്ങിട്ട തല ആരുടെ ആയിരുന്നു എന്ന്. ആ പാവത്തിനെ ഒറ്റപ്പെടുത്തി സന്തോഷിച്ച ആ മുഖം ആരുടെ ആയിരുന്നു എന്ന്. പക്ഷേ, അത് ചോദിക്കാനോ പറയാനോ കഴിയുംമുന്നേ അവരെയും….
എല്ലാം നടക്കുമ്പോൾ മുന്നിൽ അപ്പേട്ടനെ നിർത്തി പിന്നിൽ നിന്ന ഒരു മുഖമുണ്ട്.
എനിക്ക് ഉറപ്പാണ് അപ്പേട്ടനിലേക്ക് എത്തിയ ഓരോ പ്രശ്നങ്ങൾക്ക് പിന്നിലും ഒരു കൈ വിഷം ചാർത്തിയിരിപ്പുണ്ട്… “
അവന്റ ഉദ്യോഗം നിറഞ്ഞ വാക്കുകൾ കേട്ട് മൗനം പാലിച്ചു അവൾ.
വിഷമമോ ദേഷ്യമോ വൈരാഗ്യമോ… എന്തെല്ലാമോ നിറഞ്ഞ അവസ്ഥ ആയിരുന്നു അവളിൽ.
സംസാരത്തിനിടയിൽ കാർ തിരികെ വീട്ടിലെത്തിയെന്ന് മനസ്സിലായത് വണ്ടി നിർത്തി ശ്രീ വിളിക്കുമ്പോൾ ആയിരുന്നു.
മനസ്സിലൂടെ ഓടിമറയുന്ന ഓർമ്മകളിലൂടെ സഞ്ചരിച്ച അവൾ അവന്റ വിളി കേട്ട് നിക്കുമ്പോൾ അവൻ പറയുന്നുണ്ടായിരുന്നു
” ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് ഉണ്ടാകരുത്..
നിന്നെക്കാൾ കൂടുതൽ അപ്പേട്ടനെ അറിയുന്ന ഒരാൾ ആയത് കൊണ്ട് പറയുവാണ് അയാൾ അത് ചെയ്യില്ലെന്ന് ഉറപ്പാണ്… എന്നേക്കാൾ കൂടുതൽ ആ മനുഷ്യനേ അറിയുന്ന അമ്മയും മേഘയും അവിശ്വസിച്ചെങ്കിൽ ഞാൻ ഇപ്പഴും പറയുന്നു അതിന് പിന്നിൽ ആരോ ഒരാൾ ഉണ്ട്.
പിന്നെ ഒരു കാര്യം.. ഇനിയും നിന്റ മനസ്സിൽ നീ പാകപ്പെടുത്തിയെടുത്ത കാരണങ്ങൾ കാണിച്ചുകൊണ്ട് അയാളെ കുത്തുവാക്കുകൾ കൊണ്ട് വിഷമിപ്പിക്കാൻ ആണ് ഉദ്ദേശമെങ്കിൽ മോള് പിന്നെ സ്വന്തം വീടിന്റ ഉമ്മറത്തിരിക്കേണ്ടി വരും. കേട്ടല്ലോ “
അതിൽ ഒരു ഭർത്താവിന്റെ അധികാരവും ഭീഷണിയുടെ സ്വരവും ഉള്ളതായി തോന്നി ഭദ്രയ്ക്ക്.
അതും പറഞ്ഞ് അവളെ അവഗണിച്ചുകൊണ്ട് കാറിൽ നിന്ന് ഇറങ്ങുമ്പോൾ പോർച്ചിൽ കിടന്നിരുന്ന സ്വിഫ്റ്റ് കാണാതിരുന്നപ്പോൾ തന്നെ ശ്രീ ഊഹിച്ചിരുന്നു വീട്ടിൽ ആരുമില്ലെന്ന്.
എവിടെയോ പോകാൻ വേണ്ടിയാണ് അമ്മ അപ്പേട്ടനെ വിളിച്ച് വരുത്തിയതെന്ന് അപ്പോഴാണ് ശ്രീകുട്ടൻ ഓർത്തതും.
അവൻ പിന്നെ പൂച്ചെടികൾകിടയിൽ വെക്കാറുള്ള താക്കോൽ എടുത്ത് ഉമ്മറത്തേക്ക് നടക്കുമ്പോൾ ഏതോ ലോകത്തെന്ന പോലെ കാറിൽ തന്നെ ഇരിക്കുകയായിരുന്നു ഭദ്ര.
———————————————————–
പുറത്ത് പോയി വന്നത് കാരണം വീണ്ടും കുളിച്ചു ഡ്രസ്സ് മാറി ” ഇപ്പോൾ വരാം, നീ കതക് അടച്ചോ ” എന്നും പറഞ്ഞ് ശ്രീക്കുട്ടൻ അവൾക്ക് മുഖം കൊടുക്കാതെ പുറത്തേക്കിറങ്ങുമ്പോൾ അവൾ മറ്റെന്തോ ആലോചനയിൽ ആയിരുന്നു. കാറുമായി ശ്രീ പുറത്തേക്ക് പോയി എന്നുറപ്പായപ്പോൾ അവൾ പതിയെ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.
അപ്പുറത്ത് നിന്നും ഹലോ എന്ന് കേട്ടപാടെ അവൾ “അച്ഛാ ” എന്ന് വിളിക്കുമ്പോൾ ” മോളെ, പറ “എന്നുള്ള മറുപടി അവളിലേക്ക് എത്തി. പക്ഷേ, എന്തൊ പറയാൻ മടിക്കുംപോലെ അവൾ അൽപനേരം മൗനം പാലിക്കുമ്പോൾ അവളിലെ മൌനത്തിൽ എന്തോ പിണഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലാക്കിയാവണം ഭരതൻ അപ്പുറത്ത് നിന്ന് ചോദിക്കുന്നുണ്ടായിരുന്നു
” മോളെ, എന്താ വിളിച്ചിട്ട് ഒന്നും മിണ്ടാത്തത്. എന്ത് പറ്റി ” എന്ന്.
അത് കേട്ട് അവൾ ഒന്ന് മടിച്ചാണെങ്കിലും ആരോടൊക്കെയോ ഉള്ള ദേഷ്യം വാക്കിലൂടെ തീർക്കുംപോലെ പറയുന്നുന്നുണ്ടായിരുന്നു
” അച്ഛാ… അയാൾ.. അയാൾ വന്നിരുന്നു ഇന്ന്. “
” ആര്..? !!”
“അയാൾ തന്നെ അച്ഛാ…. ആ അപ്പേട്ടൻ.. ”
അത് കെട്ട മാത്രയിൽ ഭരതന്റെ മുഖത്തും ദേഷ്യത്തിന്റെ ഭാവം പ്രകടമായിരുന്നു.
“അവനെ ആ വീടിന്റെ പടി ചവിട്ടാൻ സമ്മതിക്കരുതായിരുന്നു.. കഴുവേറി.. എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്നൊക്കെ.. അല്ല, അവൻ ഞെളിഞ്ഞു കേറി വറുമ്പിൽ നിന്റ കെട്ടിയോൻ എവിടെ ആയിരുന്നടി? അവന് പറഞ്ഞൂടെ ഒരു കൊലപാതകിയെ വീട്ടിൽ കയറ്റാൻ പറ്റില്ലെന്ന് “
അയാൾ രോഷത്തോടെ ചോദിക്കുമ്പോൾ ഭദ്ര പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു
” അതിന് ഇവിടെ എല്ലാവരുടെയും അപ്പേട്ടൻ അല്ലെ അയാൾ.. ഇരുത്തിഊട്ടാൻ മത്സരിക്കുകയായിരുന്നു അമ്മയും മോനും. അതിനിടക്ക് എനിക്ക് വന്ന ദേഷ്യം പ്രകടിപ്പിച്ചതിന് ഇനി അങ്ങനെ ഒന്ന് ഉണ്ടായാൽ വീട്ടിൽ കൊണ്ട് നിർത്തും എന്ന് ഭീഷണിയും മുഴക്കിയാണ് ശ്രീ പുറത്തേക്ക് പോയത്. ഇവിടെ ഇപ്പോൾ ഞാൻ ഒറ്റപ്പെട്ടു. എന്നേക്കാൾ വലുത് അയാളാ ഇവിടെ ഉള്ളവർക്ക് ”
അവൾ അതും പറഞ്ഞ് വിതുമ്പിതുടങ്ങുമ്പോൾ ഭരതന്റെ കണ്ണുകൾ ദേഷ്യത്താൽ തുടിക്കുന്നുണ്ടായിരുന്നു.
” സാരമില്ല, മോള് വിഷമിക്കണ്ട.. അച്ഛനറിയാം ഇനി എന്ത് ചെയ്യണമെന്ന്. നാളെ മോള് ഇങ്ങോട്ട് പോര്. കുറച്ചു ദിവസം നിന്നിട്ട് പോകാം.. മൈൻഡ് ഒന്ന് ശരിയാകുംവരെ “
അയാളുടെ വാക്കുകൾക്ക് ശരി എന്നും പറഞ്ഞ് ഫോൺ വെക്കുമ്പോൾ അവളുടെ ചുണ്ടിൽ എവിടെയോ ഒരു ചിരി ഒളിഞ്ഞുകിടപ്പുണ്ടായിരുന്നു. !
————————————————————–
ബാറിന്റെ A/C തണുപ്പിൽ മനസ്സിനേ പിടികൂടിയ മാനസികസങ്കർഷങ്ങളെ ഒന്ന് തണുപ്പിക്കാൻ ഒരു ബിയറിനോട് ചിയേർസ് പറഞ്ഞ് ഗ്ലാസ് ചുണ്ടോട് അടുപ്പിക്കുമ്പോൾ ആയിരുന്നു ടേബിളിൽ വെച്ച ഫോൺ വൈബ്രെറ്റ് ചെയ്യാൻ തുടങ്ങിയത്.
ചുണ്ടിലേക്ക് വെച്ച ഗ്ലാസ്സിൽ നിന്നും പകുതി കുടിച്ച് ബാക്കി മേശപ്പുറത്തു വെച്ച് ഫോൺ എടുക്കുമ്പോൾ ആ നമ്പർ കണ്ട് സന്തോഷത്തോടെ ആയിരുന്നു ഫോൺ ചെവിയിൽ വെച്ചത്.
” ശ്രീകുട്ടാ.. ഏട്ടനാ… “
വിളിക്കുന്നത് ഏട്ടനായിരിക്കുമെന്ന് ഗൾഫ്നമ്പർ കണ്ടപ്പോൾ തന്നെ ശ്രീ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അപ്പുറത്ത് നിന്നുള്ള ആ സംസാരം അവന്റ മനസ്സിൽ സന്തോഷവും അതോടൊപ്പം നൊമ്പരവുമുളവാക്കി.
എത്രയോ നാളുകൾക്ക് ശേഷമാണ് ഏട്ടൻ വിളിക്കുന്നത്.
” ശ്രീകുട്ടാ… അടുത്ത വീക് നാട്ടിലേക്ക് വരാനുള്ള പ്ലാൻ ഉണ്ട്. ഡേറ്റ് ഞാൻ പറയാം.. “
അത് വലിയ അത്ഭുതത്തോടെ ആയിരുന്നു ശ്രീ കേട്ടത്. വർഷങ്ങൾക്ക് ശേഷം. തന്റെ വിവാഹത്തിനു പോലും വരാത്ത ആള് നാട്ടിലേക്ക് വരുന്നു എന്ന വാർത്ത അവൻ സന്തോഷത്തോടെ കേൾക്കുമ്പോൾ
അപ്പുറത്ത് നിന്ന് ഏട്ടൻ കാൾ കട്ട് ചെയ്യുന്നതിന് മുന്നേ ഒന്നുകൂടി പറയുന്നുണ്ടായിരുന്നു
” മറക്കണ്ട, ഞാൻ വിളിക്കാം ടിക്കറ്റ് റെഡിയാക്കിയിട്ട്… ഈ ജീവിതത്തിൽ നിന്നും പുറത്തേക്ക് വരണം.. കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് നാട്ടിൽ.. ” എന്ന്..
കാൾ കട്ട് ചെയ്ത് ഫോൺ വീണ്ടും മേശപ്പുറത്തു വെക്കുമ്പോൾ ശ്രീയുടെ മനസ്സിൽ ആ വാക്കുകൾ സന്തോഷത്താൽ തുടികൊട്ടുകയായിരുന്നു.. !
” ശ്രീകുട്ടാ, അടുത്ത വീക് ഏട്ടൻ നാട്ടിലേക്ക് വരുന്നു !”
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ദേവൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission