അമ്മയുടെ വാക്കുകൾ സശ്രദ്ധം വീക്ഷിക്കുന്ന അവൾ തലയാട്ടികൊണ്ട് ചിരിക്കാൻ ശ്രമിച്ചെങ്കിലും മനസ്സിൽ എന്തോ ഒരു മൂകത നിഴൽപോലെ ഉണ്ടായിരുന്നു.
” ഒരു പെണ്ണ് വന്നു കേറുമ്പോൾ അപ്പേട്ടൻ അവർക്ക് മാത്രം സ്വന്തമാക്കുമോ !”
അപ്പു കയറിവരുമ്പോൾ സമയം ഒൻപത് ആയിരുന്നു. വന്ന പാടെ അമ്മയെയും കുഞ്ഞോളേയും നോക്കി പുഞ്ചിരിക്കുമ്പോൾ അമ്മ അവനെ നോക്കി സന്തോഷത്തോടെ ചിരിച്ചെങ്കിലും എന്നും ചാടിക്കേറി ചളി അടിക്കുന്നവളുടെ മുഖത്തു കണ്ട ഗൗരവം അവനെ അത്ഭുതതോടൊപ്പം അൽപ്പമൊന്ന് അമ്പരപ്പിക്കുകയും ചെയ്തു.
” ഇതെന്താ ഈ പെണ്ണിന്റ മുഖത്തു മാത്രം ഇത്രക്ക് കനം, വല്ല കടന്നലും കുത്തിയോ അമ്മേ ” എന്ന് ചോദിച്ചുകൊണ്ട് അമ്മയെ നോക്കി ചിരിച്ചുകൊണ്ട് മേഘയെ ഒളികണ്ണിട്ട് നോക്കുമ്പോൾ അവൾ ഗൗരവം വിടാതെ അവന്റ മുന്നിൽ ഒരു രക്ഷിതാവിനെ പോലെ നിന്ന്കൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു
” എന്താ അപ്പുവിന്റ ഉദ്ദേശം ” എന്ന്.
അവളുടെ നിൽപ്പും ഭാവവും ചോദ്യവുമെല്ലാം കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത പോലെ നിൽക്കുന്ന അവൻ അവളെ കളിയാക്കുംപോലെ ” അതിപ്പോ നാട്ടിൽ കൃഷിയും, കൂടെ കപ്പയും നടണമെന്ന് ഒരു ഉദ്ദേശമുണ്ട്, അങ്ങ് സമ്മതിക്കുകയാണേൽ ഇച്ചിരി ഇഞ്ചി കൂടി നടാം…. അതാകുമ്പോൾ ഇപ്പഴത്തെ മാടത്തിന്റ മുഖവുമായി സാമ്യതയാകും.. ഈ ഇഞ്ചി കടിച്ച മുഖം പോലെ എന്നൊക്കെ കേട്ടിട്ടില്ലേ… ആാാാ, അതന്നെ ”
അവൻ കളിയാക്കിയതാണെന്ന് മനസ്സിലായെങ്കിലും അല്പം പോലും മുഖത്തെ ഗൗരവം കുറയ്ക്കാതെ അവൾ അവനെ നോക്കുന്നുണ്ടായിരുന്നു.
” മിഷ്ടർ അപ്പു. ചളിയടിക്കാൻ ഇവിടെ ഞാനുണ്ട്.. അതുകൊണ്ട് എന്നെക്കാൾ വലിയ ചളിയുമായി ഇറങ്ങല്ലേ. മനുഷ്യൻ ഗൗരവത്തോടെ ഒരു കാര്യം ചോദിക്കുമ്പോൾ അതിനെ കാറ്റഴിച്ചുവിട്ട ബലൂൺ പോലെ നിസാരമായി കാണാൻ ആണ് ഉദ്ദേശമെങ്കിൽ പെങ്ങൾ എന്ന അധികാരം വെച്ച് എനിക്ക് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും. “
“ഇതെന്താണപ്പാ പുകില് ” എന്നും ചിന്തിച്ചുകൊണ്ട് അവൻ അമ്മയെ നോക്കുമ്പോൾ ചിരിയടക്കാൻ പാട് പെടുന്ന അമ്മയെയാണ് കണ്ടത് . ഈ പെണ്ണിന്റ ഗൗരവം കാണിക്കലിന് മുന്നിൽ എന്തോ ദുരുദ്ദേശമുണ്ടെന്ന് മനസ്സിലായെങ്കിലും അതെന്തായിരിക്കുമെന്ന് എത്ര ആലോചിച്ചിട്ടും അവനു മനസ്സിലാകുന്നില്ലായിരുന്നു .
” അപ്പോൾ പറ മോനേ ദിനേശാ… എന്താ ഇനിയുള്ള ഫ്യൂച്ചർ പ്ലാൻ ”
വീണ്ടും ഗൗരവം വിടാതെയുള്ള അവളുടെ ചോദ്യം കേട്ട് അല്പം ദേഷ്യത്തോടെ ആയിരുന്നു അവൻ അവളെ നോക്കിയത്.
” എടി മരംകൊത്തി.. നീ വെറുതെ പാതിരാത്രിക്ക് തിലകൻ കളിച്ചു മനുഷ്യനെ വട്ട് പിടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ?
അല്ലേൽ ഭവതി ഒന്ന് വഴിമാറിക്കെ, എനിക്കൊന്ന് കുളിക്കണം. “
അതും പറഞ്ഞ് അവളെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് അവളെ മറികടന്നു പോകാൻ തുടങ്ങുമ്പോൾ അവൾ ആ കയ്യിൽ പിടിച്ചു കൊഞ്ഞാലോടെ പറയുന്നുണ്ടായിരുന്നു ” ആഹാ.. അങ്ങനെ പിണങ്ങിപോകല്ലേ അപ്പേട്ടാ ” എന്ന്.
ഇത്ര നേരം ഗൗരവം കാണിച്ചവളുടെ പെട്ടന്നുള്ള കൊഞ്ചലും ഭാവമാറ്റവും കണ്ട് അവനു ചിരിപൊട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ അടക്കിപ്പിടിച്ചു അവൻ.
” ന്നാ, ബലം പിടിച്ചു നിൽക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറ. ” എന്നും പറഞ്ഞ് അവൾക്ക് നേരെ തിരിയുമ്പോൾ അതിന് മറുപടി പറഞ്ഞത് അമ്മയായിരുന്നു.
” ന്റെ മോനെ, അവള് വെറുതെ നിന്നെ ചൂട് പിടിപ്പിക്കുന്നതാ . കാര്യം ഇത്രേ ഉള്ളൂ… ഉച്ച കഴിഞ്ഞ് അമ്മാവൻ വിളിച്ചിരുന്നു. നിനക്ക് പറ്റിയ ഒരു കുട്ടിയുടെ കാര്യം പറഞ്ഞിട്ട്. നിനക്കും വയസ്സ് കൂടിവരുവല്ലേ. ഇനി ഇതൊക്കെ എന്നാന്ന് വെച്ചിട്ടാ ഇങ്ങനെ നീട്ടികൊണ്ടുപോകുന്നത്. അതുകൊണ്ട് അമ്മ ഈ ഞായറാഴ്ച നിന്നെ അങ്ങോട്ട് പെണ്ണ് കാണാൻ വിടാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്രേ ഉള്ളൂ കാര്യം. അതിനാ ഈ പെണ്ണിങ്ങനെ…. “
അമ്മയുടെ വാക്ക് കേട്ടപ്പോൾ ഉള്ള സന്തോഷവും പോയപോലെ ആയിരുന്നു അവന്റ അവസ്ഥ.
ഇങ്ങനെ ഒരു തീരുമാനം അമ്മ എടുക്കുമെന്ന് അവനും കരുതിയിലായിരുന്നു. പെട്ടന്നൊരു പെണ്ണ് കാണൽ എന്നൊക്കെ കേട്ടപ്പോൾ തന്നേ പാതി മങ്ങിയ മുഖത്തോടെ അവൻ അമ്മയെ നോക്കി,
” അമ്മക്ക് അറിയാലോ, ഇവളുടെ വിവാഹം കഴിഞ്ഞല്ലാതെ ഞാൻ ഒരു കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നുപോലും ഇല്ലെന്ന്. പിന്നെ എന്തിനാണ് അമ്മ എന്നോട് ഒന്ന് ചോദിക്കുകപോലും ചെയ്യാതെ…….. “
” മോനെ, അമ്മാവൻ അങ്ങനെ പറഞ്ഞപ്പോൾ അമ്മയ്ക്ക് തോന്നി ഒന്ന് കണ്ടുനോക്കാം എന്ന്.
അത്രേ ഉള്ളൂ.. അവിടം വരെ ഒന്ന് പോകുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ.. പിന്നെ, നിനക്ക് ഓക്കേ ആണെങ്കിൽ മാത്രം മതിയല്ലോ മറ്റുള്ള കാര്യങ്ങൾ ഒക്കെ. അമ്മ ആ സാഹചര്യത്തിൽ അങ്ങനെ പറഞ്ഞുംപോയി, അതുകൊണ്ട് ന്റെ മോൻ മറുത്തൊന്നും പറയാതെ ഒന്ന് അവിടം വരെ പോയി വാ… “
അമ്മ പിടി വിടുന്ന ലക്ഷണം ഇല്ലെന്ന് മനസ്സിലായി അവന്. അമ്മയും മോളും അമ്മാവനും കൂടി തന്നെ കെട്ടി കൂട്ടിലാക്കാൻ ഉള്ള പണിയിലാണെന്ന് ബോധ്യം വന്നപ്പോൾ അവൻ ആദ്യമൊക്കെ എതിർത്തെങ്കിലും അവസാനം അവിടം വരെ പോകാമെന്ന ധാരണയിൽ എത്തി.
” ഇനി ഞാൻ പോവാത്തോണ്ട് ആർക്കും സങ്കടം വേണ്ട. അത് കാരണം ഇനി പിണക്കവും പട്ടിണിയും കാണണ്ടാലോ.. പിന്നെ ഇതുപോലെ ഒരുത്തിയെ വരച്ച വരയിൽ നിർത്താൻ പറ്റിയ ഒന്നാണെങ്കിൽ മാത്രമേ ഞാൻ സമ്മതിക്കൂ. കേട്ടല്ലോ ”
അതും പറഞ്ഞ് അടുത്ത് നിൽക്കുന്ന മേഘയുടെ ചെവിയിൽ പിടിക്കുമ്പോൾ വേദനിക്കുംപോലെ ആ കയ്യിൽ പിടിച്ചുകൊണ്ടവൾ കളിയാക്കുംപോലെ പറയുന്നുണ്ടായിരുന്നു
” വരച്ച വരയിൽ നിർത്തുന്നതൊക്കെ കൊള്ളാം. പക്ഷെ, വര ഞാൻ വരയും. അല്ല പിന്നെ ” എന്ന്.
അത് കേട്ട് അവൻ ചിരിയോടെ ചെവിയിൽ നിന്നും പിടിവിട്ട് അവളെ ചേർത്ത് പിടിച്ചു.
” ആപ്പ പെണ്ണ് കാണൽ നിങ്ങളൊക്കെ കൂടി തീരുമാനിച്ച സ്ഥിതിക്ക് ഒറ്റ കണ്ടീഷൻ.. പെണ്ണ് കാണാൻ പോകുന്നത് ഞാൻ ഒറ്റക്ക് അല്ല.. നമ്മളാണ്. ഞാനും അമ്മയും പിന്നെ ഈ മരംകൊത്തിയും. എന്നിട്ട് തീരുമാനിക്കാം ബാക്കിയൊക്കെ “
” മോനെ, അത് ശരിയല്ലല്ലോ.. നമ്മുടെ നാട്ടിന്പുറത്ത് പെണ്ണ് കാണാൻ പോകുമ്പോൾ വീട്ടിലെ പെണ്ണുങ്ങളെ കൂട്ടിപോകുന്ന പതിവ് ഇല്ലല്ലോ. അത് ചിലപ്പോൾ അവർക്കും ഇഷ്ട്ടമായില്ലെങ്കിൽ…… ”
അമ്മയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സംശയവും വേവലാതിയും ആ വാക്കുകളിൽ നിറഞ്ഞുനില്കുമ്പോൾ അതിന് മുഖം നൽകാത്തപോലെ ആയിരുന്നു അവന്റ മറുപടി.
” അങ്ങനെ ഇഷ്ടമല്ലാത്ത വീട്ടിലെ പെണ്ണിനെ കെട്ടണമെന്ന് വാശിയൊന്നും ഇല്ല എനിക്ക്. എനിക്ക് ഉള്ളത് നിങ്ങളാണ്.. ആ നിങ്ങളെ കണ്ട് മുഖം ചുളിക്കുന്നവരാണേൽ ചുളിഞ്ഞ മുഖം കൊണ്ട് അവിടെ ഇരിക്കട്ടെ. അങ്ങനെ ചുളിയാത്ത മുഖങ്ങൾ ഉണ്ട് ഉണ്ടെങ്കിൽ അന്ന് മതി കൂട്ടിനൊരു പെണ്ണ്. “
അതും പറഞ്ഞവൻ അകത്തേക്ക് പോകുമ്പോൾ അവന്റ തീരുമാനം കേട്ട് അന്തംവിട്ട് നിൽക്കുകയായിരുന്നു അമ്മ. ഏട്ടന്റെ വാക്കുകൾ നൽകിയ സന്തോഷത്താൽ തുടിക്കുന്ന മനസ്സുമായി അവൻ പോയ് വഴിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു അപ്പൊ മേഘയും !!..
——————————————————–
” എടി ഭദ്രേ, എന്താ നിന്റ മുഖത്തൊരു വാട്ടം. കുറെ നേരമായല്ലോ ഈ ഇരിപ്പും. അല്ലെങ്കിൽ എണ്ണയിലിട്ട് കടുക് പോലെ പൊട്ടിത്തെറിക്കുന്ന നീ ഇങ്ങനെ സൈലന്റ് ആകുക എന്നൊക്കെ പറഞ്ഞാൽ അത് എട്ടാമത്തെ മഹാത്ഭുതം പോലെ ആണ്. എന്താടി പറ്റിയത്. അതോ ഇനി എന്നോട് പോലും പറയാൻ കഴിയാത്ത വല്ലതും ആണോ? “
രാവിലെ കോളേജിൽ എത്തിയത് മുതൽ വാടിയ ചേമ്പിൻതണ്ട് പോലെ ആയിരുന്നു ഭദ്ര. അല്ലെങ്കിൽ പൊട്ടിത്തെറിച്ചുനടക്കുന്നവളുടെ ഈ മാറ്റം മേഘ ശ്രദ്ധിച്ചെങ്കിലും അവൾക്ക് ഇഷ്ടമല്ലാത്ത കാര്യം ചോദിച്ചാൽ പോലും ചിലപ്പോൾ പരിസരം നോക്കാതെ പൊട്ടിത്തെറിക്കുമെന്ന് അറിയാവുന്നത് കൊണ്ട് പലപ്പോഴും ചോദിക്കാൻ തുടങ്ങിയിട്ടും വേണ്ടെന്ന് വെച്ച് പിന്തിരിഞ്ഞു. കോളേജ് കഴിഞ്ഞു ഇറങ്ങുമ്പോഴും ഭദ്രയുടെ മുഖം മ്ലാനമായിരുന്നു.
” എടി, നീ കാര്യം പറ. മനസ്സിൽ എന്തോ വല്ലാതെ ഉണ്ടെന്ന് അറിയാം.. എന്നോട് ഷെയർ ചെയ്യാൻ പറ്റാത്ത എന്താടി ഇത്ര വലിയ പ്രോബ്ലം നിനക്ക്? ”
മേഘ പിന്നെയും അവളോട് കാര്യം ആരായുമ്പോൾ അല്പം മടിയോടെ ആണെങ്കിലും ഭദ്ര അവളോട് കാര്യം അവതരിപ്പിച്ചു.
” പ്രശ്നം അയാൾ തന്നെയാ.. നമ്മുടെ ഇന്ദ്രൻ സർ.. അയാൾക്ക് എന്നോട് പ്രേമം ആണെന്ന്.
അന്നേ എനിക്കതിനു താല്പര്യം ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതാ ഞാൻ, പക്ഷെ, ഇന്ന് വഴിയിൽ വെച്ച് അയാൾ ഒരിക്കൽ കൂടി പറഞ്ഞു അയാളെ ധികരിച്ചാൽ പിന്നെ എനിക്കുള്ള റൂം ദൂരെ ബുക്ക് ചെയ്യാൻ ആളുകൾ ക്യു നിൽക്കുന്ന അവസ്ഥ ആകുമെന്ന്. ഇത് ആരോടെങ്കിലും പറഞ്ഞാൽ എന്റെ ഈ ശരീരം എല്ലാവരും പച്ചക്ക് കാണുമെന്നു പറഞ്ഞ് അയാൾ ഫോണിൽ…… “
അതും പറഞ്ഞവൾ പൊട്ടിക്കരഞ്ഞു.
” അതിൽ….. മോർഫ് ചെയ്തതായിരിക്കാം. എന്നാലും ആ വീഡിയോ പുറത്തായാൽ….. “
അവളുടെ കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കിൽ നിന്നും സംഭവത്തിന്റെ കിടപ്പ് മനസ്സിലായി മേഘക്ക്. ഇതൊരു ട്രാപ്പ് ആണെന്ന് മനസ്സിലായെങ്കിലും ഇന്ദ്രൻ സാറിൽ നിന്നും ഇങ്ങനെ ഒരു നീക്കം അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.
എന്നും ചിരിയോടെ മാത്രം കണ്ട ആ മുഖത്തിനു പിന്നിൽ ഇങ്ങനെ ഒരു ചതിയൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഓർത്തപ്പോൾ മേഘക്കും കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“ടി, നീ ഇങ്ങനെ വിഷമിക്കാതെ… എന്തിനേം തന്റേടത്തോടെ നേരിടുന്ന നീ അയാൾക്ക് മുന്നിൽ തളർന്നാൽ അത് ഒരു അവസരമാക്കി എടുക്കും അയാൾ.. സ്ഥലം മാറി വന്ന സാർ നല്ലവനാണെന്ന് കോളേജ് മൊത്തം പാട്ടാണ്.. ആ സ്ഥിതിക്ക് ഇതൊക്കെ പെട്ടന്ന് ആരോടെങ്കിലും പറഞ്ഞാലും ആരും വിശ്വസിക്കില്ല. കാരണം, ഇന്ദ്രൻസാറിനെ ഈ കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ എല്ലാവർക്കും നല്ല മതിപ്പാണ്. പക്ഷെ അതും പറഞ്ഞ് നമ്മള് മൗനം പാലിച്ചാൽ ചിലപ്പോൾ മൗനം സമ്മതമായി കണക്കാക്കും അയാൾ.. എന്നും ആണിന്റെ മുന്നിൽ തോറ്റു കൊടുക്കുന്നവളാണ് പെണ്ണ് എന്ന ധാരണ മാറണം. അതിന് ഒരു വഴിയേ ഉള്ളൂ.. ”
അതും പറഞ്ഞ് ഭദ്രയെ ഒന്ന് നോക്കികൊണ്ട് മേഘ ഫോൺ എടുത്ത് ചെവിയോട് ചേർത്തു.
——————————————————–
കോളേജിൽ നിന്നും ഇറങ്ങി ബസ്‌സ്റ്റോപ്പിലെത്തുമ്പോൾ വേറെയും കുട്ടികൾ ഉണ്ടായിരുന്നു അവിടെ. അവർക്കിടയിൽ ഓരോരുത്തരോടും വളരെ ലാഘവത്തോടെ സംസാരിക്കുന്ന ഇന്ദ്രനെ കണ്ടപ്പോൾ തന്നെ ഭദ്രയുടെ ചങ്കിലെ വെള്ളം വറ്റി വരണ്ടു. നെഞ്ചിൽ ഒരു പിടപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും നാലുപാടും കുറെ കുട്ടികൾ ഉള്ളത് അല്പം ആശ്വാസം നൽകി അവൾക്ക്.
അവളുടെ വരവ് കണ്ടപ്പോൾ തന്നെ കുട്ടികള്ക്കിടയിൽ നിന്നും അവളെ മൊത്തം ഉഴിഞ്ഞുനോക്കുകയായിരുന്നു ഇന്ദ്രൻ.
പിന്നെ എല്ലാവരോടും ചിരിച്ചുകൊണ്ട് അയാൾ പതിയെ അവള്കരികിലേക്ക് നടക്കുമ്പോൾ ഭദ്ര പേടിയോടെ മേഘയെ നോക്കി. പേടിക്കേണ്ട എന്ന അർത്ഥത്തിൽ ഒന്ന് കണ്ണടച്ച് കാണിച്ച് ഭദ്രയെ സമാദാനപ്പെടുമ്പോൾ ഇന്ദ്രൻ അവർക്കരികിൽ എത്തിയിരുന്നു.
” ഞാൻ നിങ്ങളെ കാത്തു നിൽക്കുകയായിരുന്നു. മനസ്സിലുള്ള ഇഷ്ട്ടം ഒരാളോട് പറഞ്ഞാൽ അതിനുള്ള മറുപടി കിട്ടുംവരെ മനസ്സ് വല്ലാതെ പിടയ്ക്കും. ദേഷ്യവും നിരാശയും വരും. ചിലപ്പോൾ വൈലൻറ് ആകും.. അങ്ങനെ ഒക്കെ ആയിപോയി. അതുകൊണ്ടാ ഭദ്രയോടുള്ള ഒരു വാക്കിന് വേണ്ടി ഇത്രേം ദൃതി. എന്നിട്ട് എന്ത് തീരുമാനിച്ചു ഇയാൾ. ഞാൻ പറഞ്ഞ പോലെ എന്റെ വഴിക്ക് വരുന്നോ അതോ…… “
അത് ചോദിക്കുമ്പോൾ അയാളുടെ മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു.
” ഇനി ഇയാൾക്ക് എന്നെ നാറ്റിക്കാൻ ഓക്കേ തോന്നുന്നുണ്ടെങ്കിൽ പറയണം. ഈ ശരീരത്തിന്റെ കൊഴുപ്പും മുഴുപ്പും ലോകം ആസ്വദിക്കുന്നത് കൂടി കാണിക്കാം ഞാൻ. “
അയാൾ ഒന്ന് ചുണ്ടുകൾ കടിച്ചുകൊണ്ട് അവളെ ചുഴിഞ്ഞുനോക്കുമ്പോൾ പെട്ടന്നായിരുന്നു മേഘ അവൾക്ക് മുന്നിലേക്ക് കയറിനിന്നത്.
” ഒന്നല്ലെങ്കിൽ നിങ്ങളൊരു മാഷല്ലേ.. ആ നിങ്ങളാണോ…. ഗുരു ദൈവമാണെന്ന് പറയാറുണ്ട്. അതുപോലെ ദൈവത്തെ പോലെ കാണുമ്പോൾ ദൈവം ചെകുത്താന്റെ വേഷം കെട്ടുന്നത് മോശമല്ലേ സാറേ.. പാവങ്ങളാ മാഷേ, ജീവിച്ചുപോക്കോട്ടേ.. പെണ്ണിന്റ ഉടലു കണ്ട് ആർത്തി പൂണ്ടു നടക്കുമ്പോൾ ഒന്ന് ഓർക്കണം, നിങ്ങൾ ഉണ്ടായതും ഒരു പെണ്ണ് കാരണം ആണെന്ന് “
ശാന്തമായ അവളുടെ വാക്കുകൾ അയാള്ക്ക് നേരെ അമ്പായി തൊടുക്കുമ്പോൾ അയാൾ ക്രൂരമായി ചിരിച്ചു. പിന്നെ ഭദ്രയിൽ നിന്നും കണ്ണെടുത്തു മേഘയെ ഒന്ന് കണ്ണാൽ ഉഴിഞ്ഞു,
” മോളെ.. നൈസ് ആയിട്ട് ന്റെ അമ്മക്ക് പറഞ്ഞത് ആണെന്ന് മനസ്സിലായി. പക്ഷെ, പെണ്ണിന്റ ഉടലു ഒരു ലഹരിയാണ്.. അതിപ്പോ ഇനി നീ ആയാലും.. ഇവൾ മാത്രമായിരുന്നു ഇത്ര നാൾ എന്റെ ലിസ്റ്റിൽ. ഇപ്പോൾ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഇനി നീയും ഒരു ഇരയാ എന്റെ.. “
അതും പറഞ്ഞയാൾ ക്രൂരമായി ചുവന്ന കഴുകൻകണ്ണാൽ അവളെ നോക്കുമ്പോൾ അവളിൽ അവന്റ വാക്കുകളെ നിസ്സാരമായി കണ്ട പുഞ്ചിരി ഉണ്ടായിരുന്നു.
” അപ്പോൾ മാഷിന് പെണ്ണൊരു ലഹരി ആണല്ലേ… “
ചിരി അവളുടെ ആണെങ്കിലും ആ ചോദ്യം ഇന്ദ്രന്റ പിന്നിൽ നിന്നും ആയിരുന്നു.
പിറകിൽ നിന്നും പെട്ടന്നുള്ള ആ ചോദ്യം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ മേഘയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഭദ്രയിൽ അമ്പരപ്പും….
മുന്നിൽ നിൽക്കുന്നവന് നേരെ തിരിഞ്ഞുനിൽക്കുന്ന ഇന്ദ്രനിൽ ഒരു എതിരാളിയെ കണ്ട ഭാവവും !
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ദേവൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission