ഒരാൾ കേറി വന്നാൽ അപ്പേട്ടന് നിന്നോടുള്ള ഇഷ്ട്ടം കുറഞ്ഞുപോകുമോ എന്ന ഭയം നിനക്കില്ലേ? നിന്നിലേക്ക് മാത്രം ഒതുങ്ങി നിൽക്കുന്ന അപ്പേട്ടന് മറ്റൊരാൾക്ക് കൂടി ഷെയർ ചെയ്യേണ്ടി വരുമോ എന്നൊരു ആധിയില്ലേ?
ആാാ….. അതൊക്ക തന്നെ….. അത് തന്നെയാ അപ്പേട്ടനും പറഞ്ഞത്.. നിന്നെ വിഷമിപ്പിച്ചൊരു ജീവിതം അയാൾക്ക് വേണ്ടെന്ന്… “
ഭദ്ര പറഞ്ഞത് നിസ്സാരമട്ടിൽ ആണെങ്കിലും ആ വാക്കുകൾ മേഘയുടെ ഹൃദയത്തെ വല്ലാതെ കൊത്തിവലിച്ചു.
കണ്ണുകൾ തുളുമ്പാൻ കാത്തുനിൽക്കുംപോലെ നീർമുത്തുകൾ ഉരുണ്ടുകൂടുമ്പോൾ നീറിപിടയ്ക്കുന്ന മനസ്സിൽ അപ്പോഴും ഭദ്ര പറഞ്ഞ വാക്ക് പിന്നെയും പിന്നെയും പ്രതിധ്വനിക്കുന്നുണ്ടായിരുന്നു…
” നീ കാരണമാണ് അപ്പേട്ടൻ ആരെയും സ്നേഹിക്കാത്തതും ജീവിതത്തിലോട്ട് സ്വീകരിക്കാത്തതും… “
ആ വാക്കുകളിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ ഇടറിപെയ്യാൻ തുടിക്കുന്ന കണ്ണുകൾ ഭദ്ര കാണാതിരിക്കാൻ മേഘ പതിയെ എഴുനേറ്റ് ബാഗുമെടുത്തു പുറത്തേക്ക് യാന്ത്രികമായി നടക്കുമ്പോൾ ഒന്നും മിണ്ടാതെയുള്ള അവളുടെ പോക്ക് കണ്ട് ഭദ്ര പിന്നിൽ നിന്ന് വിളിച്ചെങ്കിലും അതൊന്നും മേഘ കേൾക്കുന്നില്ലായിരുന്നു.
താൻ പറഞ്ഞത് അവൾക്ക് വല്ലാതെ ഫീൽ ആയിപോയോ എന്ന ചിന്ത ഭദ്രയേയും വല്ലാതെ വീർപ്പുമുട്ടിച്ചു. പതിയെ ലോലയെ മടക്കി ബാഗിലേക്ക് വെച്ച് ഭദ്ര വേഗം മേഘക്കരികിലേക്ക് നടക്കുമ്പോൾ അവൾ അരികിലെത്തുംമുന്നേ അരികിലേക്ക് വന്ന ഓട്ടോയ്ക്ക് കൈ കാട്ടി അതിൽ കയറി പോയിരുന്നു മേഘ.
വീടിനു മുന്നിൽ ഇറങ്ങുമ്പോഴും ബാഗിൽ നിന്നും കാശ് എടുത്ത് കൊടുത്ത് വണ്ടി പറഞ്ഞ് വിട്ട് തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും അവൾ വേറെ ഏതോ ലോകത്തായിരുന്നു.
മനസ്സ് ആകെ വീർപ്പിമുട്ടുംപോലെ….
നെഞ്ചിൽ എന്തൊ വലിയ ഒരു ഭാരം കേറിയപോലെ…
വീട്ടിലേക്ക് കയറുമ്പോൾ ഹാളിൽ ടീവീക്ക് മുന്നിൽ ഇരിക്കുന്ന അമ്മയെ ഒന്ന് നോക്കുകപോലും ചെയ്യാതെ മേഘ അകത്തേക്ക് മടക്കുമ്പോൾ അവളുടെ പോക്കും ഭാവവും കണ്ട് അമ്പരപ്പോടെ ഇരിക്കുകയായിരുന്നു അമ്മ.
“ഈ പെണ്ണിനിത് എന്ത് പറ്റി. അല്ലെങ്കിൽ എന്നും ഓടി വന്ന കെട്ടിപിടിച്ചു ഉമ്മയും തന്ന് കുറെ വായാടിത്തം പറഞ്ഞ് ടീവീക്ക് മുന്നിൽ ഇരിക്കുന്നവൾ ചായ ഇട്ടു കൊടുത്താൽ, അതും കുടിച്ചേ റൂമിലേക്ക് കയറൂ.. അങ്ങനെ ഉള്ളവൾക്ക് ഇന്നിപ്പോ ഇതെന്ത് പറ്റി ” എന്ന് ചിന്തിച്ചുകൊണ്ട് അമ്മ ടീവീ ഓഫ് ചെയ്ത് മേഘയുടെ റൂമിലേക്ക് കയറുമ്പോൾ ബെഡിൽ പുറം തിരിഞ്ഞു കിടക്കുകയായിരുന്നു മേഘ.
അവളുടെ വരവും ഒന്നും പറയാതെ വന്നപാടെ ഉള്ള ഈ കിടപ്പുമെല്ലാം കണ്ടപ്പോൾ അമ്മ ആധിയോട് അവൾക്കരികിൽ ചേർന്നിരുന്നു ചോദിക്കുന്നുണ്ടായിരുന്നു ” എന്ത് പറ്റി മോളെ ” എന്ന്.
പക്ഷെ അപ്പോഴും അവൾ മൗനം പാലിക്കുമ്പോൾ അമ്മയുടെ നെഞ്ചിൽ വല്ലാത്തൊരു പിടപ്പ് ഉണ്ടായിരുന്നു.
” മോളെ, എന്താ ന്റെ കുട്ടിക്ക് പറ്റിയെ? എന്നും ഓടിചാടി നടക്കുന്ന പെണ്ണിന് ഇന്നിപ്പോ ഇതെന്ത് പറ്റി? ഇനി വല്ല വയ്യായ്കയും ഉണ്ടോ.. എങ്കിൽ ഞാൻ അപ്പൂനെ വിളിക്കാം.. ന്നിട്ട് ഹോസ്പിറ്റലിൽ പോകാം..”
അമ്മ വല്ലാതെ പേടിച്ചിട്ടുണ്ടെന്ന് ആ വാക്കുകളിൽ നിന്നും തിരിച്ചറിഞ്ഞ മേഘ സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ അല്പം ഈർഷ്യം കലര്ത്തി പറയുന്നുണ്ടായിരുന്നു
” എന്റെ അമ്മേ, എനിക്ക് ഒന്നുല്ല.. ഒന്ന് കിടക്കാനും പാടില്ലേ മനുഷ്യന്.? വെറുതെ കടന്നാലും അങ്ങോട്ട് തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും അപ്പൊ വിളിക്കണോ അപ്പൂനെ? “
അവൾ കടുപ്പിച്ച ഭാഷയിൽ ചോദിച്ചുകൊണ്ട് പിന്നേയും തിരിഞ്ഞുകിടക്കുമ്പോൾ അവളിലെ ആ ഭാവം കണ്ട് അമ്പരന്നിരിക്കുകയായിരുന്നു അമ്മ.
ചെറിയ തലവേദന വന്നാൽ പോലും ഏട്ടനെ വിളിക്കെന്നു പറഞ്ഞ് കരയുന്ന പെണ്ണാണ് ഇപ്പോൾ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന് വിശ്വസിക്കാൻ കഴിയാതെ അൽപനേരം കൂടി അവൾക്കരികിൽ ഇരുന്നതിനു ശേഷം പതിയെ എഴുനേറ്റ് പുറത്തേക്ക് നടക്കുമ്പോൾ വാതിൽക്കൽ നിന്ന് ഒന്നുകൂടി അവളെ തിരിഞ്ഞുനോക്കി അമ്മ. പിന്നെ നിറഞ്ഞ കണ്ണുകൾ വേഷ്ടിതുമ്പിൽ തുടച്ചുകൊണ്ട് ഹാളിലേക്ക് നടക്കുമ്പോൾ അപ്പുവിനെ വിളിക്കണോ വേണ്ടേ എന്നുള്ള ഒരു പിടിവലി നടക്കുന്നുണ്ടായിരുന്നു ആ മനസ്സിൽ.
പിന്നെ പതിയെ ഫോൺ എടുത്ത് അപ്പുവിനെ വിളിക്കാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും വാതിൽക്കൽ വന്നു നിന്ന് മേഘ പറയുന്നുണ്ടായിരുന്നു
” അമ്മക്കിത് പറഞ്ഞാൽ മനസ്സിലാകില്ലേ? അപ്പേട്ടനെ വെറുതെ ബുദ്ധിമുട്ടിച്ചാലേ അമ്മയ്ക്ക് സമാധാനമാകത്തുള്ളോ? ഞാൻ ഇവിടെ കിടക്കുന്നത് കണ്ട് ഇപ്പോൾ ആരേം വിളിച്ച് ഒന്നും ബോധിപ്പിക്കണ്ട.. എന്തേലും കണ്ടാൽ അപ്പോൾ വിളിച്ചോണം അങ്ങോട്ട്. “
അതും പറഞ്ഞ് അവൾ തോർത്തുമെടുത്തു പുറത്തെ ബാത്രൂം ലക്ഷ്യമാക്കി നടക്കുമ്പോൾ അമ്മ ഫോൺ സോഫയിലേക്ക് വെച്ച് പുറത്തേക്ക് പോകുന്ന മേഘയെ നോക്കി നിന്നു വിഷമത്തോടെ.
ബാത്‌റൂമിൽ കേറി ഷവറിനു ചോട്ടിൽ നിൽക്കുമ്പോൾ പൊട്ടിക്കരയാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു.
പൊട്ടിയൊഴുകുന്ന കണ്ണുനീർ വെള്ളത്തിൽ ലയിച്ചകലുമ്പോൾ എവിടെയൊക്കെയോ നീറ്റലനുഭപ്പെടുന്നുണ്ടായിരുന്നു അവൾക്ക്. അത്രയേറെ നോവിക്കുന്ന വാക്കായിരുന്നു ഭദ്രയിൽ നിന്നും കേട്ടത്.
പക്ഷെ, ആലോചിക്കുമ്പോൾ അവൾ പറഞ്ഞതിൽ ഒരുപാട് ശരികളുണ്ടെന്ന് തോന്നി മേഘയ്ക്ക്.
അപ്പേട്ടന്റെ സ്നേഹത്തെ മറ്റൊരാൾക്ക് കൂടി പകുത്തുനൽകാൻ മനസ്സ് അനുവദിക്കാറില്ല.. അതുപോലെ മറ്റൊരാള് കൂടി ആ ജീവിതത്തിലേക്ക് വരുമ്പോൾ തന്നോടുള്ള സ്നേഹത്തിന്റെ അളവ് കുറഞ്ഞുപോകുമോ എന്നൊരു ഭയം ഹൃദയത്തെ വരിഞ്ഞുമുറുക്കിയിരുന്നു.
ഭദ്ര പറഞ്ഞപോലെ അപ്പേട്ടന്റ ജീവിതത്തെ ഒറ്റപ്പെടുത്തുന്നത് ഞാൻ ആണ്.. എന്റെ ചെറിയ ചെറിയ വാശികൾക്ക് മുന്നിൽ അപ്പേട്ടൻ തോറ്റു തരുന്നത് സ്വന്തം ജീവിതത്തെ ഉപേക്ഷിച്ചുകൊണ്ടാണ്.
അനിയത്തിക്ക് വേണ്ടിയാണ് ആ ജീവിതം ഇങ്ങനെ…
വേണ്ട… തന്റെ പിടിവാശിക്കും ചെറിയ ചെറിയ ചാപല്യങ്ങൾക്കും മുന്നിൽ എറിഞ്ഞുടക്കേണ്ടതല്ല ആ ജീവിതം.. അപ്പേട്ടന് ഒരു
ജീവിതം വേണം… ആ ജീവിതത്തിലേക്ക് ഒരു പെണ്ണ് കാലെടുത്തുവെക്കുമ്പോൾ എത്രയൊക്കെ സ്നേഹം പകുത്തു നൽകിയാലും എനിക്കുള്ള സ്ഥാനം എന്നും ഉണ്ടാകും…അത് മതി.. അത്രേ ആഗ്രഹിക്കാവൂ ഇനി എന്റെ മനസ്സ്… “
അവൾ സ്വയം തന്റെ മനസ്സിനെ സാഹചര്യങ്ങളിലേക്ക് പൊരുത്തപ്പെടുത്താൻ ശ്രമിക്കുമ്പോൾ ശരീരവും മനസ്സും തണുപ്പിച്ചുകൊണ്ട് ഷവർ അവളിലേക്ക് മാത്രമായി പെയ്യുന്നുണ്ടായിരുന്നു.
പുറത്തേക്കിറങ്ങുമ്പോൾ മനസ്സിനും ശരീരത്തിനും സുഖമുള്ളൊരു തണുപ്പ് അനുഭവപ്പെയുന്നുണ്ടായിരുന്നു മേഘയ്ക്ക്. പതിയെ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോൾ വിഷമത്തോടെ സോഫയിൽ താടിക്ക് കൈ കൊടുത്തിരിക്കുന്ന അമ്മയെ കണ്ടപ്പോൾ മനസ്സിലൊരു നോവ് പിടഞ്ഞു അമ്മയോട് അത്രയും പരുഷമായി സംസാരിച്ചതിൽ.
അവൾ റൂമിലേക്ക് കയറാതെ പതിയെ അമ്മിക്കരികിലെത്തി ആ തോളിലൂടെ കൈയിട്ട് കെട്ടിപിടിച്ചാ കവിളിൽ ചുണ്ടുകൾ ചേർക്കുമ്പോൾ കൊഞ്ചലോടെ പറയുന്നുണ്ടായിരുന്നു ” സോറി മഹേശ്വരിയമ്മേ, പിണങ്ങാതെ ” എന്ന്.
അവളുടെ കൊഞ്ചലും ഉമ്മ
വെക്കലും മനസ്സിൽ കേറിയ ആധിയെ നിശേഷം ഇല്ലാതാക്കിയെങ്കിലും മുഖത്തെ കനപ്പിച്ച ഭാവത്തിൽ നിന്നും വ്യതിചലിക്കാതെ അവളെ ഒന്ന് നോക്കാൻ പോലും തുണിയാതെ അതെ ഇരിപ്പായിരുന്നു അമ്മ.
” എന്റെ അമ്മേ…. ഞാൻ വെറുതെ ഒന്ന് കളിപ്പിച്ചതല്ലേ…. എന്നും ങ്ങനെ ചാടിത്തുള്ളി കുഞ്ഞിക്കുട്ടി ആവാതെ ഇച്ചിരി പക്വതയും ദേഷ്യവുമൊക്കെ ഉണ്ടാകാൻ ഒരു ശ്രമം നടത്തിയതല്ലേ.
നിങ്ങളൊക്കെ തന്നെ അല്ലെ പറയാറ് എനിക്ക് പക്വത ഇല്ല, ഇപ്പഴും ചെറിയ കുട്ടി ആണെന്ന വിചാരം, ആവശ്യമില്ലാത്ത കുറെ ശീലങ്ങള് ഒക്കെ പഠിച്ചുവെച്ചിട്ടുണ്ട്, ഇതൊക്കെ ഇനി എന്നാ മാറുന്നത് എന്നൊക്കെ.
അപ്പൊ ഇനി മേഘ മഹേശ്വരി പക്വത ഉള്ള വലിയ പെണ്ണാകാൻ തീരുമാനിച്ചു. അതിന്റ ടെസ്റ്റ് ഡോസ് ആണ് ഇപ്പോൾ കണ്ടത്.. ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു. ” അതും പറഞ്ഞ് വീണ്ടും അമ്മയുടെ കവിളിൽ ഉമ്മ
വെക്കുമ്പോൾ അവളിലെ വാക്കുകളെ അത്ഭുതത്തോടെ കേട്ടുകൊണ്ട് അമ്മ ആ മുഖത്തേക്ക് നോക്കി ” നിനക്ക് നല്ല തല്ലിന്റെ കേടാ പെണ്ണെ ” എന്നും പറഞ്ഞ് ആ കയ്യിലൊന്ന് പതിയെ അടിച്ചു.
രാത്രി അപ്പു ബൈക്ക് നിർത്തി അകത്തേക്ക് കയറുമ്പോൾ എന്നും ഉമ്മറത്ത് കാത്തുനില്കാറുള്ള മേഘയെ അവിടെ കാണാതെ നാലുപാടും നോക്കുമ്പോൾ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അമ്മ പറയുന്നുണ്ടായിരുന്നു
” പെണ്ണ് അടുക്കളയിലാ.. ” എന്ന്
അത് കേട്ട് അപ്പു അത്ഭുതത്തോടെ അമ്മയെ നോക്കുമ്പോൾ ഇടയ്ക്ക് ഒന്ന് പുറത്തേക്ക് വന്നു നോക്കിയ അവൾ ഗൗരവത്തോടെ ” വേം കുളിച്ചു വന്നാൽ ചായ എടുത്ത് വെക്കാം.. ” എന്നും പറഞ്ഞ് അതെ ഭാവത്തോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ അപ്പുവിന് ചിരി പൊട്ടുന്നുണ്ടായിരുന്നു.
” ഈ പെണ്ണിനിത് എന്ത് പറ്റി അമ്മേ.. അടുക്കള കണ്ടാൽ പേടിച്ചോടുന്ന പെണ്ണിനെ ആണോ അടുക്കളഭരണം ഏൽപ്പിക്കുന്നത്.. കൊള്ളാം… ഉപ്പും പഞ്ചസാരയും തിരിച്ചറിയാത്ത പെണ്ണാ… എന്തൊക്കെ കാണണം ഇനി “
അവൻ അമ്മയെ നോക്കി ചിരിയോടെഅകത്തേക്ക് നടക്കുമ്പോൾ ഇടക്കൊന്ന് അടുക്കളയിലേക്ക് എത്തിനോക്കി അവളുടെ ഈ മാറ്റത്തിൽ സന്തോഷിച്ചുകൊണ്ട്..!!
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവൾക്കായി ഒരു പിടി നീട്ടുമ്പോൾ അത് നിരസിച്ചത് അമ്പരപ്പോടെ ആയിരുന്നു അപ്പുവിന്.
ഈ പെണ്ണിനിത് എന്ത് പറ്റി എന്ന് ചിന്തിച്ചുകൊണ്ട് അമ്മയിലേക്ക് ഒന്ന് നോക്കി പിന്നെയും അവൾക്ക് നേരെ ഭക്ഷണം നീട്ടുമ്പോൾ ആ കൈ സ്നേഹപൂർവ്വം നിരസികൊണ്ടവൾ പറയുന്നുണ്ടായിരുന്നു
” ഇങ്ങനെ ഉള്ള ശീലമൊക്ക ഇന്ന് മുതൽ ഞാൻ നിർത്തി മിഷ്ടർ അപ്പു. ഇനി മുതൽ ഞാൻ പക്വതയുള്ള വലിയ കുട്ടി ആകാൻ തീരുമാനിച്ചു. അതിന്റെ ആദ്യപടിയായിട്ട് ഇതുപോലെയുള്ള ബാലിശമായ വാശികളെ ആദ്യം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചു. നിങ്ങളൊക്കെ പറയുംപോലെ നാളെ മറ്റൊരുത്തന്റെ കൂടെ എന്നെ കെട്ടിച്ചുവിടുമ്പോൾ ഇതുപോലെ വാരിതരാൻ കെട്ടിയോൻ കുടുങ്ങും.. അതുകൊണ്ട് ഇന്ന് മുതൽ എന്നെ കെട്ടിച്ചുവിടുന്നതിലേക്കുള്ള നല്ല ശീലങ്ങൾ പഠിക്കാൻ ആണ് തീരുമാനം… “
അതും പറഞ്ഞവൾ തമാശയെന്നോണം പുഞ്ചിരിക്കുമ്പോൾ അവൾക്കായി നീട്ടിയ ചോറ് പ്ളേറ്റിലേക്ക് ഇടാൻ കഴിയാതെ ഇരിക്കുകയായിരുന്നു അപ്പു..
വിഷാദം നിഴലിച്ച പാതി മുറിഞ്ഞ പുഞ്ചിരിയോടെ .
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ദേവൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission