എന്താ നീ ഒന്നും മിണ്ടാത്തത് ?
പറ്റില്ല അല്ലേ? എനിക്കറിയാമായിരുന്നു യാഥാർത്ഥ്യമറിയുമ്പോൾ നീ പിൻമാറുമെന്ന് ,എങ്കിൽ ഇവിടെ നിന്ന് വെറുതെ സമയം കളയേണ്ട ,
നീ തിരിച്ച് പോകാൻ നോക്ക് രാഹുലേ..
ഈർഷ്യയോടെ അവൾ പറഞ്ഞു.
അങ്ങനെ വെറുംകൈയ്യോടെ മടങ്ങിപ്പോകാൻ എനിക്ക് മനസ്സില്ലെങ്കിലോ? നിൻ്റെ വയറ്റിലൊരു കുഞ്ഞ് വളരുന്നുണ്ടെന്നു കരുതി ,
എനിക്ക് നിന്നെ ഉപേക്ഷിക്കാൻ കഴിയില്ല , പക്ഷേ ഒരു കാര്യം ,
ഞാനും നീയുമല്ലാതെ മറ്റൊരാളും ഈ രഹസ്യം അറിയാൻ പാടില്ല ,എന്ന് വച്ചാൽ എൻ്റെ അമ്മ പോലും, മനസ്സിലായോ?
അതെങ്ങനെ ശരിയാവും?
നമ്മുടെ വിവാഹം കഴിഞ്ഞാൽ അധികം താമസിയാതെ തന്നെ ഞാൻ ഗർഭിണിയാണെന്ന് അമ്മ അറിയും, അപ്പോൾ എന്ത് മറുപടി പറയും?
എൻ്റെ കുഞ്ഞാണെന്ന് പറഞ്ഞാൽ പോരെ?
നീയെന്താ രാഹുൽ ഈ പറയുന്നത്?ഇപ്പോൾ തന്നെ എൻ്റെ ഗർഭത്തിന് നാലാഴ്ചയിലധികം വളർച്ചയുണ്ട്, നമ്മുടെ വിവാഹത്തിന് ശേഷം ഞാൻ ഗർഭിണിയാണെന്നറിയുമ്പോൾ ആദ്യം ചിലപ്പോൾ സ്കാനിങ്ങ് ചെയ്തില്ലെങ്കിലും, ഏതെങ്കിലുമൊരു സ്റ്റേജെത്തുമ്പോൾ, ഡോക്ടർ സ്കാൻ ചെയ്യാൻ പറഞ്ഞാൽ ,എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞ് നമ്മുടെ വിവാഹത്തിന് മുമ്പുണ്ടായതെന്ന് അമ്മയ്ക്കെന്നല്ല, സാമാന്യബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകില്ലേ?
അതൊക്കെ എനിക്കുമറിയാം
വിദ്യേ.. അതിനും ഞാനൊരു വഴി കണ്ടിട്ടുണ്ട് ,അതൊന്നുമോർത്ത് നീ വറീഡാവണ്ട, നീ എൻ്റെയൊപ്പം നിന്നാൽ മാത്രം മതി ,ബാക്കിയൊക്കെ ഞാൻ മാനേജ്ചെയ്തോളാം
രാഹുൽ … എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് സ്വയമില്ലാതാകാൻ തുനിഞ്ഞിറങ്ങിയവളാണ് ഞാൻ ,വീണ്ടുമെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് നിന്നിലുള്ള എൻ്റെ വിശ്വാസമാണ്, ഇനിയുമൊരു പരീക്ഷണ വസ്തുവാകാനുള്ള കെല്പ് എനിക്കില്ലാത്തത് കൊണ്ടാണ് ചോദിക്കുന്നത്, പുതുമ നഷ്ടപ്പെട്ട് കഴിയുമ്പോൾ, നിൻ്റെയീ ആവേശം കെട്ടടങ്ങില്ലേ? അപ്പോൾ ,മറ്റുള്ളവരെപോലെ
നീയുമെന്നെ പാതി വഴിയിൽ ഉപേക്ഷിക്കില്ലേ?
ദൈന്യതയോടെ അവൾ ചോദിച്ചു.
ഇല്ല വിദ്യേ,,,എന്തായാലും നിന്നെയും കൊണ്ട് ഞാനെൻ്റെ വീട്ടിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ എതിർപ്പുണ്ടാകുമെന്ന് ഉറപ്പുള്ള കാര്യമാണ് ,അത് ഞാൻ സോൽവ് ചെയ്ത് കഴിയുമ്പോൾ നിനക്ക് മനസ്സിലാകും എൻ്റെയീ സ്നേഹം സത്യമാണെന്ന് ,വെറുതെ സംസാരിച്ച് സമയം കളയേണ്ട നേരം പുലർന്ന് തുടങ്ങി ,നിന്നെ കാണാതെ നിൻ്റെ വീട്ടുകാർ അന്വേഷിച്ച് വരുന്നതിന് മുൻപ് നമുക്ക് പോകാം വരൂ ..
അവളുടെ ദുർബ്ബലമായ കൈയ്യിൽ പിടിച്ച് കൊണ്ട് ദൃഡതയോടെ രാഹുൽ ബസ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു .
########||||||||||||###########
തലേ രാത്രിയിൽ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ മകൻ ഒരു പെണ്ണിനെയും കൂട്ടി വരുന്നത് കണ്ട് രാഹുലിൻ്റെയമ്മ, സുധാലക്ഷ്മി അമ്പരപ്പോടെ നോക്കി
ഇത് വരെ നീയെവിടെയായിരുന്നെടാ?
ഏതാടാ ഈ പെങ്കൊച്ച്?
എല്ലാം ഞാൻ പറയാം അമ്മേ .. ആദ്യം അമ്മ അകത്ത് പോയി ഒരു നിലവിളക്ക് കത്തിച്ച് കൊണ്ട് വാ ,
ഓഹ് അപ്പോൾ അതാണ് കാര്യം ? ഇതിനായിരുന്നോ നീ പാതിരാത്രിയിൽ ഒന്നും മിണ്ടാതെ ഇവിടുന്നിറങ്ങിപ്പോയത് ?
നീയെന്ത് വിചാരിച്ച് , കണ്ടവള്മാരെയൊക്കെ വിളിച്ചോണ്ട് വന്നാലുടനെ, രണ്ട് കൈയ്യും നീട്ടി അമ്മയങ്ങ് സ്വീകരിക്കുമെന്നോ? അതിനീ സുധാലക്ഷ്മി ഒന്നൂടെ ജനിക്കണം ,നിനക്കെവിടുന്ന് കിട്ടിയെടാ ഇങ്ങനെയൊരുത്തിയെ?ഒന്നുമില്ലേലും കാണാനിത്തിരി ചന്തമെങ്കിലും വേണ്ടേ? അതെങ്ങനാ? കുടുബത്തിൽ പിറക്കണ്ടേ? അങ്ങനെയുള്ള പെൺകുട്ടികളൊന്നും ഇങ്ങനെ തോന്ന്യാസം കാണിക്കില്ല
കലിപൂണ്ട സുധാലക്ഷ്മി ഉറഞ്ഞ് തുള്ളി .
അമ്മയൊന്ന് നിർത്തുന്നുണ്ടോ? ഒരാളുടെ സൗന്ദര്യം കണ്ടിട്ടാണോ അവളുടെ കുടുംബ മഹിമയെക്കുറിച്ച് വിലയിരുത്തുന്നത്? അല്ലെങ്കിൽ ,സൗന്ദര്യംമാത്രമാണോ ഒരാണിനെ പെണ്ണിലേയ്ക്കും പെണ്ണിനെ ആണിലേയ്ക്കും ആകർഷിക്കുന്ന പ്രധാന ഘടകം?
പേര് കേട്ട തറവാട്ടിലെ ആയിരുന്നില്ലേ ,എൻ്റെ അച്ഛൻ മാധവൻ തമ്പി ?എന്നിട്ടും മുട്ടോളം മുടിയും, തുമ്പപ്പുവിൻ്റെ നിറവുമുള്ള സുധാലക്ഷ്മിയെന്ന സുന്ദരിയായ ഭാര്യയെ അങ്ങേര് ഉപേക്ഷിച്ചില്ലേ?
ഉപേക്ഷിച്ചത് അങ്ങേരല്ലല്ലോ? ഞാനല്ലേ ?അതെന്ത് കൊണ്ടാ ? നീയിപ്പോൾ കാട്ടിയത് പോലെ അങ്ങേര് കണ്ട ദാസിപ്പെണ്ണുങ്ങളെ തേടിപ്പോയത് കൊണ്ടല്ലേ? അച്ഛൻ്റെ വഴിയാണ് മോനും സ്വീകരിക്കുന്നതെങ്കിൽ ,
മകനാണെന്നുള്ള പരിഗണനയൊന്നും നീ എന്നിൽ നിന്നും പ്രതീക്ഷിക്കണ്ടാ,,
സുധാലക്ഷ്മി തീർത്ത് പറഞ്ഞു .
വേണ്ടമ്മേ…അമ്മയ്ക്ക് വലുത് കുടുംബ മഹിമയും ,
സൗന്ദര്യവുമാണെങ്കിൽ, എനിക്ക് വലുത് ഞാൻ കൊടുത്ത വാക്കാണ്,
എന്നെ വിശ്വസിച്ച് കൂടെപ്പോന്നവളാണ് വിദ്യ ,വഴിയിലുപേക്ഷിക്കില്ലെന്ന എൻ്റെ ഉറപ്പിൽ വന്നവൾ ,എനിക്കും അവൾക്കും ഈ വലിയ വീട് തന്നെ വേണമെന്ന് നിർബന്ധമൊന്നുമില്ല ,ദാ ആ കാണുന്ന വയലിനക്കരെ
ഗൾഫിൽ കിടന്ന് , ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ ചെറിയൊരു കൂരയുണ്ട്, ഞങ്ങൾക്ക് രണ്ട് പേർക്ക് അത് തന്നെ ധാരാളം ,നീ വാ വിദ്യേ …
മകൻ തന്നെ വെല്ല് വിളിച്ചിറങ്ങിപ്പോകുന്നത് സുധാലക്ഷ്മി അമർഷത്തോടെ നോക്കി നിന്നു.
###########$$$#######
എന്നാലും അമ്മയോട് പിണങ്ങേണ്ടിയിരുന്നില്ല ,അവർക്ക് സ്വന്തമെന്ന് പറയാൻ നീയൊരു മകൻ മാത്രമല്ലേയുള്ളു?
രാഹുലിൻ്റെ കൈ പിടിച്ച് പാടവരമ്പത്തൂടെ നടക്കുമ്പോൾ വിദ്യ അയാളെ കുറ്റപ്പെടുത്തി
അത് നീ കാര്യമാക്കേണ്ട ,കുറച്ച് നാളുകൾ കൂടി കഴിയുമ്പോൾ നീയൊരു കുഞ്ഞിന് ജൻമം നല്കില്ലേ? ആ കാര്യം ,
നാട്ട് കാര് പറഞ്ഞെങ്കിലും
അമ്മ അറിയാതിരിക്കില്ല, എന്തൊക്കെപ്പറഞ്ഞാലും തനിക്കൊരു പേരക്കുട്ടിയുണ്ടായെന്നറിയുമ്പോൾ അമ്മയുടെ ഇപ്പോഴത്തെ പിണക്കമെല്ലാം അലിഞ്ഞില്ലാതാകും അപ്പോൾ പിന്നെ നമ്മുടെ ജോലി എളുപ്പമാകും
പക്ഷേ, രാഹുൽ… അപ്പോഴും പഴയത് പോലെ ഒരു അസ്വാഭാവികത നിലനില്ക്കുന്നുണ്ടല്ലോ? ഗൾഫിൽ നിന്നും മടങ്ങിയെത്തിയിട്ട് ഒരാഴ്ച തികയുന്നതിന് മുമ്പ്, മകൻ വിവാഹം കഴിച്ച പെൺകുട്ടി , എട്ട് മാസം പോലും തികയാതെ, പൂർണ്ണ വളർച്ചയുള്ള കുഞ്ഞിനെ പ്രസവിച്ചാൽ ,അമ്മയ്ക്ക് മാത്രമല്ല ,പറയാൻ ചെല്ലുന്ന നാട്ടുകാർക്ക് പോലും സംശയമുണ്ടാകില്ലേ?
അതിന് ഗൾഫിൽ നിന്നും മടങ്ങിയെത്തിയത് ഞാൻ മാത്രമല്ലല്ലോ ? എന്നോടൊപ്പം നീയും ഗൾഫിലുണ്ടായിരുന്നില്ലേ? അതും ഒരേ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നവർ ,മാസങ്ങളായി ഇഷ്ടത്തിലായിരുന്ന നമ്മൾ, ഒരു ദുർബ്ബല നിമിഷത്തിൽ ചെയ്തു പോയ തെറ്റിൻ്റെ അനന്തരഫലമാണ്, നീ പ്രസവിക്കുന്ന കുഞ്ഞെന്ന് പറഞ്ഞാൽ പോരെ?
ഓഹ് എൻ്റെ രാഹുലേ… നിന്നെ ഞാൻ സമ്മതിച്ചു ,ഒരിക്കലും പരിഹരിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതിയിരുന്ന വലിയൊരു പ്രോബ്ളമാണ് നിസ്സാരമായി നീ സോൾവ് ചെയ്തത് , നിൻ്റെയീ സ്മാർട്നെസ്സ് തന്നെയാണെടാ നിന്നിലേക്കെന്നെ ആകർഷിച്ചത്,,
നടവരമ്പ് താണ്ടി വിജനമായ ഇടവഴിയിലേയ്ക്ക് കടന്നപ്പോൾ,വിറയാർന്ന ചുണ്ടുകൾ കൊണ്ടവൾ, കുറ്റി രോമങ്ങളാൽ സമൃദ്ധമായ അവൻ്റെ കപോലങ്ങളിൽ, പ്രണയകാവ്യം രചിച്ചു.
കഥ തുടരും,
രചന
സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission