ഡോക്ടർ പറഞ്ഞ കാര്യങ്ങൾ, സുധാലക്ഷ്മി, വിദ്യയെ ധരിപ്പിച്ചു.
നേരാണോ അമ്മേ,, ‘ ഈ പറയുന്നത്? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാലും ഒരു പരിചയവുമില്ലാത്ത ഒരാൾ ,രാഹുലിന് ഫ്രീയായി വൃക്ക തരാമെന്ന് പറഞ്ഞാൽ … ആരാ അമ്മേ അയാൾ?
ഒരു അനാഥനാണെന്നാണ് ഡോക്ടർ പറഞ്ഞത് ,കൂടുതലൊന്നും ഡോക്ടർക്കുമറിയില്ലത്രേ
ആരാണെങ്കിലും ഈശ്വരൻ അയാൾക്ക് നല്ലത് വരുത്തട്ടെ അല്ലേ അമ്മേ.. ?
അതേ മോളേ ,നമ്മുടെ പ്രാർത്ഥന ഈശ്വരൻ കേട്ടു ,അത് കൊണ്ടല്ലേ ? ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഒരാൾ വന്നത്
ഉം,, ശരിയാണമ്മേ …
മോള് ആ ഫ്ളാസ്ക് ഇങ്ങെടുത്ത് താ ,അമ്മ കാൻ്റീനിൽ പോയി കാപ്പി വാങ്ങിച്ചോണ്ട് വരാം
ഇതാ അമ്മേ ഞാൻ കഴുകി വച്ചതാണ് എന്നാലും കുറച്ച് ചൂട് വെള്ളമൊഴിച്ച് കഴുകാൻ കടക്കാരനോട് പറഞ്ഞേക്കണം
ഉം ശരി മോളേ …
സുധാലക്ഷ്മി ,പുറത്തേയ്ക്കിറങ്ങിയപ്പോൾ എല്ലാം കേട്ട് കൊണ്ട് കണ്ണടച്ച് കിടക്കുകയായിരുന്ന രാഹുൽ മെല്ലെ കണ്ണ് തുറന്നു
രാഹുലേ … ഇനിയൊന്നും പേടിക്കാനില്ല ,നമുക്ക് ഫ്രീയായിട്ട് വൃക്ക തരാൻ ഒരാളെ കിട്ടിയിട്ടുണ്ട്,,
നെറ്റിയിലേക്ക് വീണ് കിടന്ന, അയാളുടെ നീളൻ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് ,വിദ്യ
സന്തോഷത്തോടെ പറഞ്ഞു
ഉം, നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടായിരുന്നു ,അങ്ങനൊരാൾ വന്നില്ലായിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്യുമായിരുന്നല്ലേ? എന്നെക്കുറിച്ച് എനിക്ക് ആശങ്കയില്ല, പക്ഷേ ഞാൻ പോയാൽ നീ വീണ്ടും ഒറ്റയ്ക്കാവില്ലേ? അതായിരുന്നു എൻ്റെ വിഷമം,,
ഇല്ലെടാ … ആരും വന്നില്ലെങ്കിലും നിന്നെ ഞാൻ മരണത്തിന് വിട്ട് കൊടുക്കില്ലായിരുന്നു അത് ഞാൻ മനസ്സിലുറപ്പിച്ച കാര്യമായിരുന്നു
തൻ്റെ മടിയിലേയ്ക്ക് മെല്ലെ രാഹുലിൻ്റെ തലപൊക്കി വച്ചിട്ട് ദൃഡതയോടെ അവൾ പറഞ്ഞു.
നിനക്ക് എന്ത് ചെയ്യാൻ പറ്റും വിദ്യേ …? നീ ഗർഭിണി അല്ലായിരുന്നെങ്കിൽ ഒരു പക്ഷേ നീ തന്നെ വൃക്ക തരുമെന്ന് എനിക്കറിയാമായിരുന്നു
അവൻ സങ്കോചത്തോടെ ചോദിച്ചു
വേറെ ഒരു നിവൃത്തിയുമില്ലെങ്കിൽ നിന്നെ രക്ഷിക്കാൻ എൻ്റെ ഒരു വൃക്ക അനിവാര്യമാണെന്ന് തോന്നുന്ന ആ നിമിഷം ,എൻ്റെ കുഞ്ഞിനെ ഞാൻ വേണ്ടെന്ന് വയ്ക്കുമായിരുന്നു ,
ഒരു പക്ഷേ അബോർട്ട് ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞാൽ പോലും, എനിക്കെൻ്റെ ഭർത്താവിൻ്റെ ജീവൻ നിലനിർത്താൻ അബോർഷൻ വേണമെന്നും, അതിനുള്ള അനുമതി തരണമെന്നും പറഞ്ഞ്,
ഞാൻ കോടതിയെ സമീപിക്കുമായിരുന്നു ,കാരണം നീ ജീവനോടെയുണ്ടെങ്കിൽ എനിക്ക് എത്ര കുട്ടികളെ വേണമെങ്കിലും ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യാം ,അക്കാര്യം ഞാൻ കോടതിയിൽ വാദിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു,,
ഓഹ് എൻ്റെ വിദ്യേ…നീയെന്നെ അത്ര മാത്രം സ്നേഹിക്കുന്നുണ്ടല്ലേ?എന്നിട്ടും ഞാനെന്തേ അത് കാണാതെ പോയി ,സോറീ ഡാ…റിയലി സോറീ .. ഞാൻ നിന്നോട് ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത് ,അതെൻ്റെ സ്വാർത്ഥതയായിരുന്നു ,നിൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞ്, മറ്റൊരാളുടെയാണെന്ന യാഥാർത്ഥ്യം, എന്നെ എപ്പോഴും അസ്വസ്ഥനാക്കി കൊണ്ടിരുന്നു, നിന്നെ നഷ്ടപ്പെടാതിരിക്കാനാണ് അന്ന് ഞാൻ എല്ലാത്തിനും സമ്മതം മൂളായത് ,പക്ഷേ പിന്നീട് ഓരോ നിമിഷവും ഞാനതോർത്ത് നീറിക്കൊണ്ടിരുന്നു , ആ കുഞ്ഞ് ജനിക്കുമ്പോഴേയ്ക്കും നിനക്ക് എന്നോടുള്ള സ്നേഹത്തിന് ഭംഗം വരുമെന്ന് ഞാൻ ഭയന്നു,
അത് കൊണ്ടാണ് ,അതിനെ ഇല്ലാതാക്കാൻ ഞാൻ പലവുരു ശ്രമിച്ചത് ,പക്ഷേ ,ആ ശ്രമങ്ങളൊക്കെ വിഫലമാകുകയായിരുന്നു,,
ഇപ്പോൾ അതൊക്കെ തെറ്റായിപ്പോയെന്ന് തോന്നുന്നു,
നിൻ്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചതിന്, ദൈവം എനിക്ക് തന്ന ശിക്ഷയാണിത് ,നീ ,,,,നീയെങ്കിലും എനിക്ക് മാപ്പ് തരണം വിദ്യേ …
എൻ്റെ അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയതാണ്,,
അയാളൊരു കുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞ് കൊണ്ട് അവളോട് മാപ്പ് ചോദിച്ചു .
എന്താടാ ഇത് ? തെറ്റ് എൻ്റെ ഭാഗത്താണ് ,ഒരു പുരുഷനും ഇഷ്ടപ്പെടാനും അംഗീകരിക്കാനും കഴിയാത്ത ഒരു കാര്യം നിന്നെ ഞാൻ അടിച്ചേല്പിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്, നിനക്ക് ഇഷ്ടമില്ലാത്തത് തുടർന്ന് കൊണ്ട് പോകാൻ ഞാനും ആഗ്രഹിക്കുന്നില്ല ,ഇന്ന് അയാളെന്നെ കാണാൻ വന്നിരുന്നു
ആര്?
രാഹുൽ,ജിജ്ഞാസയോടെ ചോദിച്ചു.
ദിനേശൻ,,, എൻ്റെ കുഞ്ഞിൻ്റെ അച്ഛൻ ,,
എന്തിനാ അയാള് വന്നത് ?
ഉള്ളിലൊരു നീറ്റലോടെ അയാൾ ചോദിച്ചു
ഞാൻപ്രസവിച്ച് കഴിയുമ്പോൾ അയാളുടെ കുഞ്ഞിനെ അയാൾക്ക് കൊടുക്കണമെന്ന്,,
എന്നിട്ട് നീയെന്ത് പറഞ്ഞു ?
ആകാംക്ഷയോടെയാണ് രാഹുൽ ചോദിച്ചത്
കൊടുക്കില്ലെന്നാണ് ഞാനപ്പോൾ പറഞ്ഞത്, പക്ഷേ, ഇനി ഞാൻ വാശി പിടിക്കുന്നില്ല ,കാരണം എൻ്റെ വയറ്റിൽ വളരുന്നത് അയാളുടെ രക്തമാണ് ,അത് കൊണ്ട് തന്നെ കുഞ്ഞിൻ്റെ പാതി അവകാശം അയാൾക്കുള്ളതാണ് എങ്കിലും നമ്മുടെ ജീവിതത്തിൽ ആ കുഞ്ഞൊരു തടസ്സമാകുമെന്നറിഞ്ഞ് കൊണ്ട് ആ പാതി അവകാശം ഞാൻ വേണ്ടെന്ന് വയ്ക്കുകയാണ് പ്രസവം കഴിഞ്ഞാൽ മുലയൂട്ടാനുള്ള ആറ് മാസം മാത്രം ,ഞാനയാളോട് ചോദിക്കും, അതിന് ശേഷം അയാള് വന്ന് കുഞ്ഞിനെ കൊണ്ട് പോയിക്കോട്ടെ ,അത് വരെ ,മാത്രം നീയൊന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി ,, എന്ത് പറയുന്നു?
അതിന് മറുപടിയായി അവളുടെ കരം ചേർത്ത് പിടിച്ച് അയാളൊരു സ്നേഹചുംബനം നല്കി.
##################$$##
എല്ലാ പരിശോധനകൾക്കും ഒടുവിലാണ് ദാതാവിൻ്റെ വൃക്ക മാച്ചാണെന്ന് കൺഫോമായത്
അത് വരെ രാഹുലിൻ്റെയും അമ്മയുടെയും വിദ്യയുടെയുമൊക്കെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവാത്ത വിധം പിരിമുറുക്കത്തിലായിരുന്നു ,
ഒരു വ്യാഴാഴ്ച ദിവസമായിരുന്നു ,രാഹുലിൻ്റെ സർജ്ജറി ഫിക്സ് ചെയ്തിരുന്നത്
അതിരാവിലെ തന്നെ ഹോസ്പിറ്റലിന് അടുത്തുള്ള പ്രസിദ്ധമായ ക്ഷേത്രത്തിൽ പോയി വിദ്യ തൊഴുത് പ്രാർത്ഥിച്ചു
തിരിച്ച് ഹോസ്പിറ്റലിലെത്തിയ ഉടനെ കൈയ്യിൽ കരുതിയിരുന്ന ഇലച്ചീന്തിലെ ചന്ദനമെടുത്ത് രാഹുലിൻ്റെ നെറ്റിയിൽ തൊടുവിച്ചു
ഒന്നും സംഭവിക്കില്ല ,നീ ധൈര്യമായി ചെല്ല് ,അതിന് മാത്രം ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചിട്ടുണ്ട് …
രാഹുലിന് ധൈര്യം പകർന്ന് ഓപ്പറേഷൻ തീയറ്ററിലേയ്ക്ക് കടത്തിവിടുമ്പോൾ വിദ്യയുടെ ഉള്ള് പിടയുന്നുണ്ടായിരുന്നു.
####################
ഓപ്പറേഷൻ സക്സസ് …
തീയറ്ററിൽ നിന്നും ഇറങ്ങി വന്ന ഡോക്ടറുടെ വാക്കുകൾ വിദ്യയ്ക്കും സുധാലക്ഷ്മിക്കും ആശ്വാസം പകർന്നു
ഞങ്ങളൊന്ന് കയറി കണ്ടോട്ടെ ഡോക്ടർ ?
ഇപ്പോൾ വേണ്ട,, നാളെയാവട്ടെ,, ഇരുപത്തിനാല് മണിക്കൂർ അതീവ ജാഗ്രത വേണം ,ഇനിയിപ്പോൾ ഒന്നും പേടിക്കാനില്ലല്ലോ?
ഡോക്ടർ പുഞ്ചിരിച്ച് കൊണ്ട് വിദ്യയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് തൻ്റെ റൂമിലേയ്ക്ക് നടന്ന് പോയി.
##########$######$####
നാളെ ചിലപ്പോൾ രാഹുലിനെ ഐസിയുവിൽ നിന്നും വാർഡിലേയ്ക്ക് മാറ്റാൻ കഴിഞ്ഞേക്കും ,അയാളുടെ ഹാർട്ട് ബീറ്റ് കുറയാത്തതാണ് ഒരേയൊരു പ്രോബ്ളം,,, അതിനുള്ള മരുന്നുകളൊക്കെ ചെയ്യുന്നുണ്ട് …
താൻ വിളിപ്പിച്ചതനുസരിച്ച് റൂമിലേയ്ക്ക് കടന്ന് വന്ന വിദ്യയോട്, ഡോക്ടർ കാര്യം പറഞ്ഞു
സർ; മറ്റേ ആൾക്ക് എങ്ങനുണ്ട് ?അദ്ദേഹത്തെ ഒന്ന് കണ്ട്,
ഒരു നന്ദി വാക്കെങ്കിലും പറയണമെന്നുണ്ടായിരുന്നു…
അവൾ വിനയാന്വിതയായി ചോദിച്ചു.
അയാളെ ഇന്നലെയാണ് ഡിസ്ചാർജ്ജ് ചെയ്തത് ,
സെക്കൻ്റ് ഫ്ളോറിലെ പേയ് വാർഡിലാണ് അദ്ദേഹമുള്ളത് ,റും നമ്പർ,വൺ സീറോ റ്റു,
ബന്ധുക്കളാരുമില്ലാത്തത് കൊണ്ട്, ഏതോ ചാരിറ്റിയാണ് അയാളുടെ ബാക്കി കാര്യങ്ങളൊക്കെ ഏറ്റെടുത്തിരിക്കുന്നത് ? നിങ്ങൾക്ക് വേണമെങ്കിൽ അയാളെ പോയി കാണാവുന്നതാണ് ,പിന്നെ അധികനേരം സംസാരിക്കാതിരിക്കുന്നതാണ് നല്ലത് ,വെറുതെ ഒരു ഇൻഫെക്ഷൻ പ്രോബ്ളമുണ്ടാക്കണ്ടല്ലോ?
ഇല്ല ഡോക്ടർ എനിക്കൊന്ന് കണ്ടാൽ മാത്രം മതി ,ഓകെ ഡോക്ടർ താങ്ക് യു ..
ഡോക്ടറോട് നന്ദി പറഞ്ഞ് സെക്കൻ്റ് ഫ്ളോറിലേയ്ക്കുള്ള ലിഫ്റ്റിൽ കയറുമ്പോൾ വിദ്യ ആകെ എക്സൈറ്റഡായിരുന്നു
അടഞ്ഞ് കിടന്ന പേയ് വാർഡിലെ 102 -ാം നമ്പർ മുറി അവൾക്കായ് തുറന്ന് കൊടുത്തത്, പ്രായമുള്ള ഒരാളായിരുന്നു,,
ആരാ.. മനസ്സിലായില്ലല്ലോ?
ഞാൻ ,, ഞാൻ .അത് പിന്നെ ,, എൻ്റെ ഭർത്താവിന് കിഡ്നി നല്കിയത് ഈ റൂമിലുള്ള ആളാണ്, അദ്ദേഹത്തെ ഒന്ന് കാണാൻ …
ഓഹ്, അത് ശരി ,ആള് നല്ല മയക്കത്തിലാണല്ലോ?
അത് സാരമില്ല ,എനിക്കൊന്ന് കണ്ടാൽ മതി ,,
ഓകെ എങ്കിൽ കയറി കണ്ടോളു .,,
കഴുത്ത് വരെ പുതച്ച് മൂടി കിടക്കുന്ന അയാളുടെ മുഖത്തേയ്ക്ക് വിദ്യ ഒന്നേ നോക്കിയുള്ളു, ആ മുഖം തിരിച്ചറിഞ്ഞതും, ഷോക്കടിച്ചത് പോലെ അവളുടെ ഉടലാകെ വിറച്ചു.
പൊടുന്നനെ അവൾ ഒരു കൊടുങ്കാറ്റ് പോലെ റൂമിന് പുറത്തേയ്ക്ക് പാഞ്ഞു .
ലിഫ്റ്റിന് കാത്ത് നില്ക്കാതെ ,
ചവിട്ട് പടികൾ ഓരോന്നായി താഴോട്ടിറങ്ങുമ്പോഴും, അവളുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു.
അത് അയാളായിരുന്നു ,,
വിദ്യയുടെ കഴുത്തിൽ ആദ്യം താലികെട്ടിയ പുരുഷൻ ,ഗിരീഷ് .’…,
കഥ തുടരും,,
NB :- സത്യത്തിൽ ഈ കഥ ഉണ്ടാവാനുള്ള കാരണം, വിവാഹിതയായ ഒരു സ്ത്രീ തന്നെയായിരുന്നു ,ഒരിക്കൽ എൻ്റെ ഇൻബോക്സിൽ വന്ന്, അത് വരെ അപരിചിതയായിരുന്നൊരു പെൺകുട്ടി തൻ്റെ കഥയെഴുതണമെന്ന് പറയുകയും ,അവളുടെ ദുരിതപൂർണ്ണമായ ജീവിതത്തെക്കുറിച്ച് വിശദമായി പറയുകയും ചെയ്തപ്പോൾ, അവരുടെ ആഗ്രഹം നടത്തിക്കൊടുക്കണമെന്ന് എനിക്ക് തോന്നി ,പക്ഷേ ഞാനവരോട് ആദ്യമേ പറഞ്ഞു ,ഒരു കാരണവശാലും നിങ്ങൾ പറഞ്ഞത് അത് പോലെ എഴുതാൻ കഴിയില്ലെന്നും നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്നും ,അതവർ സമ്മതിച്ചതിൻ്റെ ഫലമായാണ് ഈ കഥ തുടങ്ങുന്നത് ,ഈ കഥയിൽ പറഞ്ഞിരിക്കുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളുമൊക്കെ ഇത് പോലെയല്ലെങ്കിലും മറ്റൊരു വിധത്തിൽ അവർ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നതുമാണ് ,അവർ പറഞ്ഞത് പോലെ തന്നെ എഴുതിയിരുന്നെങ്കിൽ അവരുടെ ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകുമെന്ന മുൻ ധാരണയുള്ളത് കൊണ്ടാണ് കഥാപാത്രങ്ങളെ മുഴുവനും ഞാൻ പുന:സൃഷ്ടിച്ചത് ,പേര് മാത്രമല്ല സന്ദർഭങ്ങളും കഥാപാത്രങ്ങളുമെല്ലാം മാറി എന്നതാണ് ഈ കഥയുടെ പ്രത്യേകത
എന്തായാലും, വിദ്യയെ പോലെ ദുരിതമനുഭവിക്കുന്ന നിരവധി സഹോദരിമാർ പുറംലോകമറിയാതെ മാനസികവും ശാരീരികവുമായി ഇന്നും പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു എന്നുള്ളത് വാസ്തവമാണ് ,ഈ കഥ അടുത്ത പാർട്ടോട് കൂടി അവസാനിക്കുമ്പോൾ വിദ്യ എന്ന നായികയ്ക്ക് നല്ലൊരു ജീവിതം കിട്ടിയാലും ഈ കഥയ്ക്ക് ഒരു ത്രെഡ് തന്ന യഥാർത്ഥ പെൺകുട്ടിയുടെ ജീവിതത്തിൽ ഇത് വരെ മാറ്റമൊന്നുമുണ്ടായിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത് ,എന്തായാലും ആ കുട്ടിക്കും നല്ലൊരു സന്തുഷ്ട ജീവിതമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്നേഹത്തോടെ,
സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission