ഞാനിന്ന് വിദ്യയെ കണ്ടിരുന്നു
സിറ്റി ഹോസ്പിറ്റലിൽ വച്ച് ,,,
പുറത്ത് നിന്ന് കയറി വന്ന മാലിനി ദിനേശനോടായി പറഞ്ഞു.
നീയെന്തിനാണ് അവിടെ പോയത്? അത് കൊണ്ടല്ലേ കണ്ടത്?
ഈർഷ്യയോടെ അയാൾ ചോദിച്ചു.
ഞാൻ ശ്രീയേട്ടൻ്റെ അമ്മയെ ചെക്കപ്പിന് കൊണ്ട് പോയതാണ് ,സ്കാനിങ്ങ് റൂമിൽ കയറിയപ്പോൾ അവിടെ വിദ്യയുമുണ്ടായിരുന്നു ,എടാ അവള് ഗർഭിണിയാണെന്ന കാര്യം നിനക്കറിയാമായിരുന്നല്ലെ?
എന്നിട്ട് നീയെന്താടാ അത് ഞങ്ങളോട് പറയാതിരുന്നത് ?
അതെന്തിനാ നിങ്ങളോട് ഞാൻ പറയുന്നത് ?അവളേതോ ഒരുത്തൻ്റെ കൊച്ചിനെ ഗർഭം ധരിച്ചെന്ന് കരുതി ഞാനത് ലോകം മുഴുക്കെയും പാട്ടാക്കണോ? എന്നെ വഞ്ചിച്ച ആ അഭിസാരികയുടെ പേര് കേൾക്കുന്നത് പോലും എനിക്കിഷ്ടമല്ല
ടപ്പേ …
പറഞ്ഞ് തീരുന്നതിന് മുമ്പ് മാലിനിയുടെ കൈത്തലം ദിനേശൻ്റെ കരണത്ത് പതിച്ചു.
നീയിത്രയ്ക്ക് അധ:പതിച്ച് പോയോടാ.. നിനക്കറിയാവുന്നതിനെക്കാൾ കൂടുതൽ വിദ്യയെ അറിഞ്ഞിട്ടുള്ളവളാണ് ഞാൻ ,മറ്റാരെക്കുറിച്ച് നീ പറഞ്ഞാലും ഞാൻ വിശ്വസിക്കാം പക്ഷേ വിദ്യ അങ്ങനെയല്ല ,അവൾ ഗർഭിണി ആയിട്ടുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദി നീ തന്നെയാണ്, നീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്?
എടാ,, എല്ലാ സാഹചര്യങ്ങളും അനുകൂലമാണെങ്കിൽ, ആരോഗ്യമുള്ള പുരുഷനും, സ്ത്രീയും ഒരൊറ്റ പ്രാവശ്യം ഫിസിക്കൽ റിലേഷനുണ്ടായാൽ മാത്രം മതി ,
ഒരു സ്ത്രീ ഗർഭിണിയാകാൻ ,
ഇതൊക്കെ നിന്നെപ്പോലെ ഒരുത്തനെ പഠിപ്പിച്ച് തരേണ്ട എൻ്റെയൊരു ഗതികേട്,,,
വിമല തലയ്ക്ക് ഇരുകൈ കൊണ്ടും അടിച്ചിട്ട് അസഹനീയതയോടെ പറഞ്ഞു.
അപ്പോൾ നീ പറയുന്നത് ഞാൻ വിശ്വസിക്കണമെന്നാണോ?
സങ്കോചത്തോടെ അയാൾ ചോദിച്ചു
നിനക്ക് സൗകര്യമുണ്ടെങ്കിൽ വിശ്വസിക്ക് ,ഈ തറവാട്ടിൽ രാജകുമാരനെ പോലെയൊ ,രാജകുമാരിയെ പോലെയോ വളരേണ്ട നിൻ്റെ രക്തത്തിൽ പിറന്ന കുഞ്ഞാണ്, ഏതോ ഗതികെട്ടവൻ്റെ വീട്ടിൽ ജനിക്കാൻ പോകുന്നത് ,
ആ കുഞ്ഞ് വലുതാകുമ്പോൾ, നീയാണ് അച്ഛനെന്ന് അവൾ പറയാതിരിക്കില്ല ,അന്ന് ആ കുഞ്ഞും നിന്നെ ശപിക്കാൻ തുടങ്ങും ,ഇപ്പോൾ ദീപുമോൻ നിന്നെ വെറുത്തത് പോലെ ആ കുഞ്ഞും നിന്നെ വെറുക്കും ,എന്തിനാടാ സ്വന്തം മക്കളുടെ ശാപം മേടിച്ച് കെട്ടുന്നത്?
മാലിനിയുടെ വാക്കുകൾ,
ദിനേശൻ്റെ സിരകളിൽ,
കോളിളക്കം സൃഷ്ടിച്ചു, തൻ്റെ എടുത്ത് ചാട്ടം കൊണ്ട് നഷ്ടപ്പെടുത്തിയത് തൻ്റെ കുടുംബത്തെയാണെന്ന ബോധം അയാളെ മാറ്റി ചിന്തിപ്പിച്ചു.
നീയെൻ്റെ കൂടെയൊന്ന് വിദ്യയുടെ വീട്ടിലേയ്ക്ക് വരുമോ ?
എനിക്കവളെ വിളിച്ചോണ്ട് വരണമെന്നുണ്ട് ,പക്ഷേ തനിച്ച് പോകാൻ ഒരു മടി ,,
ദിനേശൻ ജാള്യതയോടെ ചോദിച്ചു.
മ്ഹും ,അതിനി നടക്കുമെന്ന് തോന്നുന്നില്ല ,വിദ്യ ഇപ്പോൾ മറ്റൊരാളുടെ കൂടെയാണ് കഴിയുന്നത്, അയാള് സമ്മതിച്ചാൽ മാത്രമേ നിനക്കിനി വിദ്യയെ തിരിച്ച് കിട്ടുകയുള്ളു ,,,
ങ്ഹേ ,എന്ന് വച്ചാൽ,,, ?നീയെന്താ മാലിനീ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല,,,
അവിടെ വച്ച് കണ്ടപ്പോൾ പെട്ടെന്നവളെന്നെ കെട്ടിപ്പിടിച്ച് കുറേ നേരം പൊട്ടിക്കരഞ്ഞു ,അതിന് ശേഷം നടന്നതൊക്കെ അവളെന്നോട് പറഞ്ഞു ,നീയവളെ തള്ളിപ്പറഞ്ഞതും, അതിൻ്റെ വിഷമത്തിൽ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ആ സമയത്ത് ഒരു രക്ഷകനായി അവളുടെ പഴയൊരു സുഹൃത്ത് വന്നതുമെല്ലാം
മാലിനി ,ദിനേശനോട് വിദ്യ പറഞ്ഞതെല്ലാം വള്ളിപുള്ളി വിടാതെ ധരിപ്പിച്ചു
അപ്പോൾ ഇനി ഞാനവളെ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലേ? തെറ്റ് എൻ്റേത് തന്നെയാണ് ,കാള പെറ്റെന്ന് കേട്ടപ്പോൾ ഞാൻ കയറെടുക്കരുതായിരുന്നു
കുറ്റബോധത്തോടെ അയാൾ പറഞ്ഞു
ശരിയാ ദിനേശാ ..അവളെ ഞാനൊരിക്കലും കുറ്റം പറയില്ല ,എല്ലാവരും കൈവിട്ടപ്പോൾ നല്ലൊരു ജീവിതം കൊടുക്കാമെന്ന് പറഞ്ഞ് ആത്മാർത്ഥതയോടെ ഒരു പുരുഷൻ കൈ നീട്ടുമ്പോൾ ,തൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതിനെക്കാൾ ഭേദം ആ പുരുഷൻ്റെ ബലിഷ്ടമായ കരങ്ങളിൽ തൻ്റെ ജീവിതമേലിക്കുന്നതാണെന്ന് അവൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ അവളാണ് ശരിയെന്നേ ഞാൻ പറയൂ ,പിന്നെ നിനക്ക് വേണമെങ്കിൽ അവളോട്, നിൻ്റെ കുഞ്ഞിനെ ചോദിക്കാം, ഇപ്പോഴല്ല ,അവൾ പ്രസവിച്ച് കഴിയുമ്പോൾ ,കാരണം അവളെ സംരക്ഷിക്കുന്ന പുരുഷന് നാളെയൊരിക്കൽ നിൻ്റെ കുഞ്ഞൊരു ബാധ്യതയാകില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലല്ലോ?
മ്ഹും….
അത് കേട്ട് ദിനേശൻ ദീർഘനിശ്വാസമയച്ചു.
####################
വിദ്യേ ,, ഈ ബക്കറ്റിൽ കുറച്ച് വെള്ളം നിറച്ചോണ്ട് വാ ഞാനീ ഗ്ളാസ്സ് ഒന്ന് കഴുകട്ടെ,,
അന്ന് ഹർത്താലായിരുന്നത് കൊണ്ട് രാഹുല് രാവിലെ ബസ്സ് കഴുകിയിടാനുള്ള ഒരുക്കത്തിലായിരുന്നു
ദാ ,ഒരു ബക്കറ്റ് കൂടെ എടുത്തോണ്ട് വാ ഇത് തികയില്ല
അവളാദ്യം കൊണ്ട് വന്ന ബക്കറ്റും വെള്ളവും ഗ്ളാസ്സിലേയ്ക്ക് ഒഴിച്ച് തീർത്തിട്ട് രാഹുൽ വീണ്ടും പറഞ്ഞു.
എൻ്റെ രാഹുലേ.. നിനക്ക് പമ്പ് സെറ്റ് ഓൺ ചെയ്തിട്ട് ,ബസ്സ് കഴുകിയാൽ പോരെ ?എന്നെയിങ്ങനെ കഷ്ടപ്പെടുത്തണോ? ഡോക്ടറ് പ്രത്യേകം പറഞ്ഞതാണ് ഭാരമൊന്നും എടുക്കരുതെന്ന്,,,
അവൾ തൻ്റെ വയറ് താങ്ങിപ്പിടിച്ച് കൊണ്ട് ചോദിച്ചു
അത് കൊണ്ട് തന്നെയാടീ… നിന്നെക്കൊണ്ട് ഞാനിത് ചെയ്യിക്കുന്നത് ,എങ്ങനെയെങ്കിലും നിൻ്റെ വയറ്റിലുള്ളതൊന്ന് കലങ്ങിപ്പോയാൽ മതിയായിരുന്നു നാശം ,,,
അയാൾ മനസ്സിൽ പറഞ്ഞെങ്കിലും പുറത്ത് കാണിച്ചില്ല.
എടീ .. അതിൻ്റെ ഹോസിന് നീളമില്ലാത്തത് കൊണ്ടല്ലേ .. നീയൊരു കാര്യം ചെയ്യ് ,രണ്ട് ബക്കറ്റ് കൂടി എടുത്ത് തന്നിട്ട് നിർത്തിക്കോ ,,,
ആങ്ഹാ,,, അത് കൊള്ളാമല്ലോ? എടാ അവള് പച്ച മലയാളത്തിലല്ലേ പറഞ്ഞത് ,? നിനക്ക് വണ്ടി കഴുകണമെങ്കിൽ, നീ പോയി വെള്ളം കോര് ,മോളേ.. നീ അവൻ പറയുന്നതൊന്നും കാര്യമാക്കണ്ട, അമ്മ ,ദേ ടേബിളിൻ്റെ മുകളിൽ ഹോർലിക്സ് അടിച്ച് വച്ചിരിക്കുന്നു, മോള് പോയിട്ട് അതെടുത്ത് കുടിക്ക് ,,
അമ്മ പറഞ്ഞത് കേട്ട് രാഹുലിനെ നോക്കി ഗോഷ്ടി കാണിച്ചിട്ട്, വിദ്യ ചിരിയോടെ അകത്തേയ്ക്ക് പോയി.
ഉം ഉം .. ചെല്ല് ചെല്ല് ,കണ്ടവൻ്റെ കൊച്ചിന് വേണ്ടി പോഷകാഹാരം കുത്തിക്കേറ്റുന്ന എൻ്റെ അമ്മയുടെ ഒരു ഗതികേട്,,
പിറുപിറുത്ത് കൊണ്ട് രാഹുൽ ബക്കറ്റുമായി പൈപ്പിൻ ചുവട്ടിലേയ്ക്ക് നടന്നു.
തുടരും,
രചന
സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission