സിറ്റൗട്ടിലെ സീലിങ്ങ്
ഫാനിൻ്റെ ,കപ്പാസിറ്റർ മാറിക്കൊണ്ടിരിക്കുമ്പോഴാണ്,
നീളൻ വരാന്തയിലൂടെ ദീപു, തൻ്റെ മുറി ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നത്, ദിനേശൻ കണ്ടത്
താനിവിടെ നില്ക്കുന്നത് അവൻ കണ്ടതാണല്ലോ ? പിന്നെന്തിനാണ് വിദ്യ മാത്രമുള്ളപ്പോൾ അവൻ അങ്ങോട്ട് പോകുന്നത് ?അമ്മയും വിമലയും കൂടി രാവിലെ ഗീതച്ചിറ്റയുടെ വീട്ടിലേയ്ക്കെന്നും പറഞ്ഞ് പോയിട്ട് ഇത് വരെ തിരിച്ച് വന്നിട്ടുമില്ല
വിദ്യ മുൻപ് തന്നോട് പറഞ്ഞ കാര്യമോർത്തപ്പോൾ ദിനേശൻ്റെ മനസ്സിലേയ്ക്ക് പലവിധ ചിന്തകൾ കയറിവന്നു ,
അയാൾ പതിയെ ലാഡറിൽ
നിന്നും ശബ്ദമുണ്ടാക്കാതെ താഴേയ്ക്കിറങ്ങി ,
മാർജ്ജാരനെപ്പോലെ പതുങ്ങി പതുങ്ങി ,ദീപു കാണാതെ അയാളവനെ പിന്തുടർന്നു,
യാതൊരു കൂസലുമില്ലാതെ ചാരിയിട്ടിരുന്ന കതക് തള്ളിത്തുറന്ന് തൻ്റെ ബെഡ് റൂമിലേയ്ക്കവൻ കയറുന്നതും, അതിന് ശേഷം അകത്ത് നിന്ന് പുറത്തേയ്ക്ക് നോക്കി ,ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ട്, വീണ്ടും അകത്ത് നിന്നവൻ കതകടയ്ക്കുന്നതും കണ്ട, ദിനേശൻ്റെ ഉള്ളൊന്ന് കാളി.
ഈശ്വരാ.. ഇവനിതെന്തിനുള്ള പുറപ്പാടാണ് ,വിദ്യയിപ്പോൾ കുളിക്കുകയായിരിക്കും ,അവള് കുളിമുറിയിലേയ്ക്ക് കയറുന്നത് കണ്ടിട്ടാണ് ,താൻ കപ്പാസിറ്റർ മാറുന്നതിനായി ഉമ്മറത്തേയ്ക്ക് വന്നത് ,
ഉള്ളിലൊരാന്തലോടെ ദിനേശൻ അടഞ്ഞ് കിടന്ന വാതിലിനരികിലേയ്ക്ക് വന്നിട്ട്,
കീ ഹോളിലൂടെ അകത്തേയ്ക്ക് നോക്കി.
കുളിമുറിയുടെ ഡോറ് തുറക്കുന്നതും, ദീപു പെട്ടെന്ന്, കുളിച്ചീറനായി ഇറങ്ങി വരുന്ന വിദ്യയെ കയറിപ്പിടിക്കുന്നതും ദിനേശൻ ഒരു ഞെട്ടലോടെയാണ് കണ്ടത്.
ഛീ ,,വിടെടാ,,
ദീപു… എന്നെ വിടാൻ, ഞാനിപ്പോൾ വിളിച്ച് കൂവും,,,
സകല ശക്തിയുമെടുത്ത് വിദ്യ അവനെ കുടഞ്ഞെറിയാൻ ശ്രമിക്കുന്നത് കണ്ട ദിനേശൻ, പൊടുന്നനെ കതക്
തള്ളിത്തുറന്ന് അകത്തേയ്ക്ക് പാഞ്ഞ് കയറി.
ഡാ നായേ…നീയെന്താടാ ഈ കാണിച്ചത് ?
കലിപൂണ്ട ദിനേശൻ, ദീപുവിനെ തലങ്ങും വിലങ്ങും തല്ലി,
മതി ദിനേശേട്ടാ.. മതി ,
ഇനിയവനെ തല്ലല്ലേ … അവൻ ചത്ത് പോകും..
ചാകട്ടെ, ഇല്ലെങ്കിൽ ഇനിയും ഇവനിതാവർത്തിക്കും,,
തടസ്സം നിന്ന വിദ്യയെ തള്ളിമാറ്റി ദിനേശൻ വീണ്ടും അവൻ്റെ നേരെ കൈയ്യോങ്ങി.
ദിനേശാ …
പെട്ടെന്ന് വാതില്ക്കൽ നിന്ന് വിമലയുടെ ശബ്ദം കേട്ട് ദിനേശൻ തിരിഞ്ഞ് നോക്കി.
എന്തിനാടാ അവനെ തല്ലുന്നത് ? നിൻ്റെ കൈത്തരിപ്പ് തീർക്കാനാണോ ഹോസ്റ്റലിൽ നിന്നും അവനെയിങ്ങോട്ട് കൊണ്ട് വന്നത്?
വിമല ദേഷ്യത്തോടെ ചോദിച്ചു.
വിമലേ… ഇവനെന്താ കാട്ടിയതെന്ന് നിനക്കറിയുമോ? കുളി കഴിഞ്ഞിറങ്ങി
വന്ന വിദ്യയെ, ഇവൻ കയറിപ്പിടിച്ചിരിക്കുന്നു, ഇതാണോ നീയിത്രനാളും ഇവനെ പഠിപ്പിച്ച് കൊണ്ടിരുന്നത്?
നേരാണോടാ,, ദിനേശൻ പറയുന്നത് ?
ജ്വലിക്കുന്ന കണ്ണുകളോടെ ,വിമല ദീപുവിൻ്റെ അടുത്തേയ്ക്ക് വന്നു.
അതേ, നേര് തന്നെയാണ് ,വേണ്ടിവന്നാൽ ഞാനിനിയും പിടിക്കും, എനിക്കിഷ്ടമല്ല ഇവരെ ,
ഈ വീട്ടിൽ നിന്ന് ഈ സത്രീ പോയില്ലെങ്കിൽ, ഞാനിവരെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും,കല്യാണം
കഴിക്കാൻ പോയപ്പോഴെ, ഞാൻ എല്ലാവരോടും പറഞ്ഞതല്ലേ? വേണ്ടാ വേണ്ടാന്ന് ,എന്നിട്ട്… എന്നിട്ട്,,,
ഗദ്ഗദത്തോടെ ,സങ്കടം മുറ്റിയ മുഖവുമായി ,ബാക്കി പറയാനാവാതെ ദീപു മുറിയിൽ നിന്നിറങ്ങിപ്പോയപ്പോൾ ,ഒന്നും മനസ്സിലാവാതെ വിദ്യ സ്തംഭിച്ചു നിന്നു.
കുനിഞ്ഞ മുഖവുമായി ദിനേശനും അവൻ്റെ പുറകെ ഇറങ്ങിപ്പോയപ്പോൾ, വിമല മാത്രം മുറിയിയുടെ വാതിലടച്ച് കുറ്റിയിട്ടിട്ട് കട്ടിലിൽ വന്നിരുന്നു
എന്താണപ്പച്ചീ.. ദീപുമോൻ ഇങ്ങനൊക്കെ പറയുന്നത്? അതിന് മാത്രം ഞാനെന്ത് തെറ്റാണ് അവനോട് ചെയ്തത് ?
വിമലയുടെ അരികിൽ വന്നിരുന്ന്, വിദ്യ തേങ്ങിക്കരഞ്ഞു.
തെറ്റ് ചെയ്തത് നീയല്ല വിദ്യേ … ഞങ്ങളെല്ലാവരും നിന്നോടാണ് തെറ്റ് കാണിച്ചത് ,സത്യത്തിൽ നിന്നെയും നിൻ്റെ വീട്ടുകാരെയും ഞങ്ങൾ ചതിക്കുകയായിരുന്നു.
അത് കേട്ട് വിദ്യ ,അമ്പരപ്പോടെ വിമലയെ നോക്കി.
എനിക്കൊന്നും മനസ്സിലാകുന്നില്ല, ഒന്ന് തെളിച്ച് പറ വിമലേച്ചീ ..
ദീപുമോൻ ഞാൻ പ്രസവിച്ച എൻ്റെ മകനല്ല ,അവൻെറയമ്മ പ്രസവിച്ച് അധിക ദിവസങ്ങൾക്കുള്ളിൽ തന്നെ മരിച്ച് പോയിരുന്നു, അതിന് ശേഷം അവനെ വളർത്തിയത് ,ഭർത്താവും മക്കളുമില്ലാത്ത ഞാനായിരുന്നു,,,
ങ്ഹേ,, അപ്പോൾ അവൻ്റെയച്ഛൻ?
ജിജ്ഞാസയോടെയവൾ ചോദിച്ചു.
ദിനേശനാണ് അവൻ്റെയച്ഛൻ!
അത് കേട്ട് ഇടിവെട്ടേറ്റത് പോലെ വിദ്യ നിന്നു പോയി.
പണ്ടിവിടെ,ദിനേശൻ്റെ അമ്മയ്ക്കും അപ്പുപ്പനുമൊക്കെ, വാതത്തിൻ്റെ ചികിത്സ ചെയ്തിരുന്നത്, വയനാട്ടിൽ നിന്നെത്തിയ ഒരു ആദിവാസി മൂപ്പനായിരുന്നു ,ഒരിക്കൽ അയാൾ തന്നോടൊപ്പം ചെറുമകളായ
വനറാണിയെയും കൊണ്ട് വന്നിരുന്നു,
രണ്ട് മൂന്ന് ദിവസം ഇവിടെ താമസിച്ച് ചികിത്സയുണ്ടായിരുന്നത് കൊണ്ട് ,ആ ദിവസങ്ങളിൽ വനറാണിയായിരുന്നു അടുക്കളജോലിയൊക്കെ ചെയ്തിരുന്നത് ,
വൃത്തിയും വെടിപ്പും ഊർജജസ്വലതയുമുള്ള
വന റാണിയെ ,ചേച്ചിക്ക് നന്നേ ബോധിച്ചു .
അത് കൊണ്ടാണ്, നാലാം ദിവസം തിരിച്ച് പോകാനൊരുങ്ങിയ വന റാണിയെ ,വിരോധമില്ലെങ്കിൽ അവളെയിവിടെ നിർത്തിയിട്ട് പോകാൻ മൂപ്പനോട് ചേച്ചി പറഞ്ഞത്,
മാസാമാസം മോശമല്ലാത്തൊരു തുക ,ഞാൻ മൂപ്പനെ ഏല്പിക്കാം, ഇവിടുത്തെ ദിനേശന് ഒരു വേളിയാകുന്നത് വരെ മതി ,അത് വരെ എനിക്കൊരു സഹായത്തിനായി അവളെ ഇവിടെ നിർത്തി കൂടെ?
ചേച്ചിയുടെ ചോദ്യം കേൾക്കേണ്ട താമസം ,മൂപ്പൻ സന്തോഷത്തോടെ കൊച്ച് മകളെ ചേച്ചിയെ ഏല്പിച്ച് തിരിച്ച് വയനാട്ടിലേയ്ക്ക് പോയി .
അങ്ങനെയിരിക്കുമ്പോഴാണ് ഗൾഫിൽ നിന്ന് വന്ന ദിനേശന് ഒരു ബൈക്കാക്സിഡൻ്റ് ഉണ്ടാകുന്നത്
ഒരു കൈയും ഒരു കാലും പ്ളാസ്റ്ററിട്ട് വീട്ടിൽ കൊണ്ട് വന്ന ദിനേശനെ പിന്നെ നോക്കിയതും പരിചരിച്ചതുമൊക്കെ വന റാണിയായിരുന്നു.
അമ്പലത്തിൽ പോയിരുന്ന ചേച്ചി, മറന്ന് പോയ പേഴ്സ് എടുക്കാൻ തിരിച്ച് വന്നപ്പോഴാണ്, ദിനേശൻ്റെ മുറിയിൽ നിന്നും, അർദ്ധനഗനയായി ഇറങ്ങിപ്പോകുന്ന വനറാണിയെ കാണുന്നത്.
അരുതാത്തതെന്തോ സംഭവിച്ചെന്ന് മനസ്സിലാക്കിയ ചേച്ചി, അവളെ ചോദ്യം ചെയ്തു , നിരന്തരമായ ചോദ്യം ചെയ്യലിനൊടുവിലാണ് തെറ്റ് പറ്റിയെന്ന് കുറ്റബോധത്തോടെ അവൾ സമ്മതിച്ചത് ,
പിന്നെ ഒട്ടും അമാന്തിക്കാതെ മൂപ്പനെ വിളിച്ച് വരുത്തി ചേച്ചി വന റാണിയെ പറഞ്ഞ് വിടുകയായിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചത് ?
അക്ഷമയോടെ വിദ്യ ചോദിച്ചു.
കുറേ നാളത്തേയ്ക്ക് മൂപ്പൻ്റെയോ വനറാണിയുടെയോ അറിവൊന്നുമില്ലായിരുന്നു, എല്ലാം അതാടെ അവസാനിച്ചെന്ന സമാധാനത്തിൽ ചേച്ചി ഇരിക്കുമ്പോഴാണ് ,ഒരു വർഷം കഴിഞ്ഞ് ,ദിനേശൻ ഗൾഫിലേയ്ക്ക് തിരിച്ച് പോയതിന് ശേഷം കൈയ്യിലൊരു പിഞ്ച്ക്കുഞ്ഞുമായി മൂപ്പൻ ഇവിടേയ്ക്ക് കയറി വന്നത്,
അമ്മാ.. എന്നോട് പൊറുക്കണം ഇത് ഇവിടുത്തെ കൊച്ച് മുതലാളിയുടെ കുഞ്ഞാണ് ,മരിക്കുന്നതിന് മുൻപ് വരെ നിങ്ങളെ ആരെയും ഒന്നുമറിയാക്കരുതെന്നും അവളുടെ കുഞ്ഞിനെ അവള് തന്നെ വളർത്തിക്കോളാമെന്നും വാശി പിടിച്ചിരുന്നത് കൊണ്ടാണ്, ഞാനിത് വരെ ഈ വിവരം ഇവിടെ അറിയിക്കാതിരുന്നത്, പക്ഷേ ഇപ്പോൾ എൻ്റെ കൊച്ച് മോള് ജീവിച്ചിരിപ്പില്ല ,ഇവനെ പ്രസവിച്ചതിന് ശേഷം ജ്വരം വന്ന് മരിച്ച് പോയി ,പ്രായമായ എനിക്കിനി ഈ കുഞ്ഞിനെ വളർത്താൻ കഴിയില്ല,
കൊന്ന് കളയാൻ തോന്നിയില്ല, അതാ ഞാൻ അവൻ്റെ അപ്പാവുടെ വീട്ടിലേയ്ക്ക് കൊണ്ട് വന്നത്,,,
മൂപ്പൻ്റെ സംസാരം കേട്ട്, ചേച്ചി തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിൽ നില്ക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഏഴ് വർഷം ഒരുമിച്ച് ജീവിച്ചിട്ടും, എനിക്കും ശ്രീയേട്ടനും ഒരു കുഞ്ഞിക്കാല് കാണാൻ ദൈവം ഭാഗ്യം തന്നില്ല ,തീർത്തും അപ്രതീക്ഷിതമായിരുന്നു ശ്രീേയേട്ടൻ്റെ പെട്ടെന്നുള്ള മരണം ,
അതിന് ശേഷം ,വല്യേട്ടൻ എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നെങ്കിലും ,ഒറ്റപ്പെടലിൻ്റെ വേദന എന്നെ തീർത്തും വിട്ട് മാറിയിട്ടില്ലായിരുന്നു.
മൂപ്പൻ്റെ കൈയ്യിലിരിക്കുന്നത് ദിനേശൻ്റെ കുഞ്ഞ് തന്നെയാണെന്ന് ഞാൻ ഒറ്റനോട്ടത്തിൽ തന്നെ ഉറപ്പിച്ചിരുന്നു, അവൻ്റെ അതേ കണ്ണും മൂക്കും ഒക്കെ ആ കുഞ്ഞിനുണ്ടായിരുന്നു,,
ആലോചനയോടെ നില്ക്കുന്ന ചേച്ചിയുടെ അനുവാദത്തിനായി കാത്ത് നില്ക്കാതെ, മൂപ്പൻ്റെ കൈയ്യിൽ നിന്നും ആ പിഞ്ച് പൈതലിനെ ഞാൻ തട്ടിപ്പറിച്ച് വാങ്ങിക്കുകയായിരുന്നു,,
മൂപ്പൻ പൊയ്ക്കോളു ,
ഇവനെ ഞാൻ വളർത്തിക്കൊള്ളാം
മുന്നും പിന്നും നോക്കാതെ അപ്പോൾ എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്
എൻ്റെ ഉറപ്പ് കിട്ടിയതോടെ മൂപ്പൻ കൈകൂപ്പി തിരിച്ച് പോയപ്പോൾ ,ചേച്ചിയും ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി .
NB :- ബാക്കി ,ഇനി എന്താ
സംഭവിക്കുന്നതെന്ന് ഞാനുമൊന്നാലോചിക്കട്ടെ ,
നിങ്ങളും കാത്തിരിക്കുക ,
നാളെ, അല്ലെങ്കിൽ മറ്റെന്നാൾ ,അടുത്ത പാർട്ടുമായി ഞാനെത്താം, അത് വരെ ,’,,,,”,,,,,,,പ്ളീസ് വെയിറ്റ് …
രചന
സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission