തൻ്റെ ചുമലിൽ പിടിച്ചിരിക്കുന്നത്, രാഹുലിൻ്റെ കരങ്ങളാണെന്ന് തിരിച്ചറിഞ്ഞ വിദ്യ ,പകച്ച് പോയി.
നീയെന്ത് അവിവേകമാണ് വിദ്യേ.. കാണിക്കുന്നത്? ആത്മഹത്യ ചെയ്യാനും മാത്രം എന്ത് പ്രശ്നമാണ് നിനക്കുള്ളത്?
നീയെങ്ങനെ ഇവിടെയെത്തി, എന്തിനാ നീയിപ്പോൾ ഇങ്ങോട്ട് വന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല
രാഹുലിൻ്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവൾ മറുചോദ്യമുന്നയിച്ചു.
അതൊരു വലിയ കഥയാണ് വിദ്യേ.. അവസാനമായി ചാറ്റ് ചെയ്തപ്പോൾ ഞാൻ നിന്നോട് പറഞ്ഞതോർമ്മയില്ലേ? അമ്മ എനിക്കായി ഒരു പെണ്ണിനെ കണ്ട് വച്ചിട്ടുണ്ടെന്ന് ,
ഉം ,,, ആ വെളുത്ത സുന്ദരിയല്ലേ?എന്നിട്ട് അവളെ നീ കല്യാണം കഴിച്ചില്ലേ?
ഇല്ലടോ .. എനിക്ക് ഉടനെ ലീവ് കിട്ടാത്തത് കൊണ്ട് ,ഞാനും അവളുമായി ,വീഡിയോ കോളിലൂടെയാണ് സംസാരിച്ചത് ,ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടുകയും അടുത്ത ചിങ്ങത്തിൽ വിവാഹം നടത്താമെന്ന ധാരണയിൽ അമ്മ അവരോട് വാക്ക് പറയുകയും ചെയ്തു ,പക്ഷേ ,നിനച്ചിരിക്കാതെയാണ് അമേരിക്കൻ സഖ്യസേനയുടെ അധിനിവേശമുണ്ടായത് ,
തുടർച്ചയായി ഷെല്ലാക്രമണമുണ്ടാവുകയും നിരവധി സിവിലിയൻമാർ മരിക്കുകയും ചെയ്തപ്പോൾ പ്രവാസിളോട് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാൻ അവിടുത്തെ ഗവൺമെൻറ് ഉത്തരവിടുകയാണുണ്ടായത് , അങ്ങനെ ഞാനുൾപ്പെടെ നൂറ് കണക്കിന് മലയാളികളാണ് ,ഉടുതുണി മാത്രമായി ജീവന് വേണ്ടി പാലായനം ചെയ്തത്,,
ഓഹ് അത് ശരി ,അപ്പോൾ ഇനി നിനക്ക് ലീവിന് വേണ്ടി കാത്ത് നില്ക്കേണ്ടല്ലോ ?ഇനിയിപ്പോൾ നേരത്തെ വിവാഹം നടത്താമല്ലോ ?
പരിഹാസരൂപേണ അവൾ ചോദിച്ചു.
ഉം …ഉള്ള ജോലിയും, അത് വരെ കൂട്ടി വച്ച സമ്പാദ്യങ്ങളും ഇട്ടെറിഞ്ഞ്, പ്രാണൻ മാത്രം കൈയ്യിൽ പിടിച്ച് നാട്ടിലേയ്ക്ക് തിരിക്കുമ്പോൾ, എൻ്റെയും പ്രതീക്ഷ അത് തന്നെയായിരുന്നു ,
മനസ്സിലാഗ്രഹിച്ചത് പോലൊരു പെണ്ണിനെ കിട്ടിയപ്പോൾ,
ശിഷ്ടകാലം അവളെയും കെട്ടി, നാട്ടിൽ തന്നെ എന്തേലും ചെറിയ ജോലിയും ചെയ്ത്, വലിയ സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും, സന്തോഷകരമായ ഒരു ജീവിതം നയിക്കണമെന്നുമൊക്കെയായിരുന്നു തീരുമാനം, പക്ഷേ,,,
എന്താ ഒരു പക്ഷേ?
അന്ന് ഗുരുവായൂർ നടയിൽ വച്ച് സഹപാഠിയെ കണ്ടപ്പോൾ ,എൻ്റമ്മയുടെ
കൂട്ടുകാരി, മകൾക്ക് വേണ്ടി എന്നെ വിവാഹമാലോചിച്ചത് ,അമ്മയോടുള്ള പഴയസൗഹൃദം കൊണ്ടായിരുന്നില്ല ,ലക്ഷ്മിയുടെ ഏകമകൻ വിദേശത്ത് ലക്ഷം രൂപ ശബ്ബളക്കാരനായത് കൊണ്ടും ,മറ്റ് ബാധ്യതകളൊന്നുമില്ലെന്ന് ഉറപ്പുള്ളത് കൊണ്ടും,
മകളുടെ ജീവിതം സുരക്ഷിതമായിരിക്കുമെന്നുമുള്ള തിരിച്ചറിവ് കൊണ്ടായിരുന്നു,,
,പക്ഷേ ,വിദേശത്തെ ജോലി നഷ്ടപ്പെട്ടാണ് ഭാവിമരുമകൻ തിരിച്ച് വന്നിരിക്കുന്നതെന്നറിഞ്ഞപ്പോൾ, അവർ ഈ ആലോചനയിൽ നിന്നും പിന്മാറി ,അമ്മയുടെ തീരുമാനം തന്നെയാണോ മകൾക്കുമെന്നറിയാൻ വേണ്ടി ഞാൻ ഗൗരിയെ ഫോണിൽ വിളിച്ചെങ്കിലും അവളെന്നെ ബ്ളോക്ക് ചെയ്യുകയായിരുന്നു .
ഹ ഹ ഹ ,വെളുത്തതെല്ലാം പാലല്ലെന്ന്, ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ?
അമർഷത്തോടെ അവൾ ചോദിച്ചു.
ശരിയാടോ ,, ബാഹ്യ സൗന്ദര്യം നോക്കിപ്പോയ ഞാനാണ് വിഡ്ഡി,, കറുപ്പിന് ഏഴഴകാണെന്ന് ഞാൻ തിരിച്ചറിയാതെ പോയി ,നിനക്കെന്നോടൊരു അടുപ്പമുണ്ടെന്ന് എനിക്കറിയാമായിരുന്നു,
പക്ഷേ, എൻ്റെ ഭാര്യയാകാനുള്ള ഒരു സ്ത്രീയുടെ യോഗ്യത, സൗന്ദര്യമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു ,അതായിരുന്നു നിൻ്റെ ഇഷ്ടത്തെ ഞാൻ കണ്ടില്ലെന്ന് നടിച്ചത് ,തെറ്റാണ് ഞാൻ ചെയ്തത്,
രാഹുൽ പറയുന്നത്, അവൾ കൗതുകത്തോടെ കേട്ടുകൊണ്ട് നിന്നു.
നിൻ്റെ, കുറെ കാര്യങ്ങളൊക്കെ എനിക്കറിയാം ,നമ്മൾ തമ്മിൽ കോണ്ടാക്ടില്ലായിരുന്നെങ്കിലും, നിൻ്റെ FB യിലെയും, മറ്റും സ്റ്റോറികളും സ്റ്റാറ്റസുകളുമൊക്കെ ഞാൻ വാച്ച് ചെയ്യുന്നുണ്ടായിരുന്നു ,
നീയവസാനം പോസ്റ്റ് ചെയ്ത സ്റ്റോറി ,രണ്ടാമങ്കത്തിനും തിരശ്ശീല വീണു എന്നല്ലായിരുന്നോ ?
അതിൽ നിന്നും, നിൻ്റെ രണ്ടാമത്തെ ബന്ധവും വേർപെടുത്തി എന്നെനിക്ക് മനസ്സിലായി ,അത് കൊണ്ടാണ്, വെറുതെ നിന്നെയൊന്ന് കാണാമെന്ന് കരുതി ,നീ പണ്ട് പറഞ്ഞ അടയാളങ്ങൾ വച്ച്,
ഞാൻ നിൻ്റെ വീട് ലക്ഷ്യമാക്കി ഇറങ്ങിയത് .കുറച്ച് മുൻപ്, തൊട്ടപ്പുറത്തെ ബസ് സ്റ്റോപ്പിൽ നിർത്തിയ, KSRTC ബസ്സിൽനിന്നിറങ്ങിയിട്ട് ,
ആരോടെങ്കിലും ,വഴി ചോദിക്കാമെന്ന് കരുതി നില്ക്കുമ്പോഴാണ്, നേരം വെളുക്കുന്നതിന് മുമ്പ് ഒരു സ്ത്രീ, പാലത്തിൻ്റെ കൈവരിയിൽ പിടിച്ച് താഴേയ്ക്ക് നോക്കാനില്ക്കുന്നത് മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ടത് ? സംഗതി പന്തികേടാണെന്ന് തോന്നിയത് കൊണ്ടാണ്, ഞാനോടി വന്നത് ,പക്ഷേ മരണക്കയത്തിൽ നിന്ന് ഞാൻ കൈപിടിച്ച് കയറ്റിയത്, എൻ്റെ പഴയ ഇൻ്റിമേറ്റിനെ ആയിരുന്നുവെന്ന്
പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് ,,,
ഉം,, നീ പറഞ്ഞത് ശരിയാണ് ,,രണ്ടാമതും ഞാൻ ദാമ്പത്യ ജീവിതത്തിൽ പരാജയപ്പെട്ടപ്പോൾ ,എൻ്റെ വീട്ടുകാർക്ക് പോലും, ഞാനൊരു ഭാരമായി തുടങ്ങിയെന്ന്, എനിക്ക് മനസ്സിലായി, അത് കൊണ്ടാണ്, എല്ലാം അവസാനിപ്പിക്കാനായി ഞാനിവിടെ വന്നത് ,,
വിതുമ്പലോടെ അവൾ പറഞ്ഞു.
ജീവിതത്തിൽ തോല് വികളുണ്ടാകുമ്പോൾ,
ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കുന്നവർ ഭീരുക്കളാണ് വിദ്യേ… നീയൊരു ഭീരുവാണെന്ന് എനിക്കറിയില്ലായിരുന്നു,,,
രാഹുൽ,അവളെ കുറ്റപ്പെടുത്തി.
പിന്നെ ഞാനെന്ത് ചെയ്യണമായിരുന്നു ?എൻ്റെ കഴുത്തിൽ താലി കെട്ടിയ രണ്ട് പുരുഷൻമാരും, എന്നെ പാതി വഴിയിലുപേക്ഷിച്ചു, സൗന്ദര്യമില്ലാത്തതിൻ്റെ പേരിൽ, എൻ്റെ ഇഷ്ടം,, നീയും കണ്ടില്ലെന്ന് നടിച്ചു, ജീവിതത്തിൽ ഒരു പ്രതീക്ഷയും ബാക്കിയില്ലാത്ത എന്നെപ്പോലൊരു സാധാരണ പെണ്ണിന്, ആത്മഹത്യയല്ലാതെ പിന്നെ എന്താണൊരു വഴി,? നീ തന്നെ പറയ് ,”?
അവളുടെ ചോദ്യം അവനെ കുത്തിനോവിച്ചു.
നിന്നോടുള്ള സിംപതി കൊണ്ട്, ഞാൻ വച്ച് നീട്ടുന്ന ഔദാര്യമാണെന്ന് നിനക്കൊരിക്കലും തോന്നില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ ?
മടിച്ച് മടിച്ച്, രാഹുൽ അവളോട് ചോദിച്ചു.
ഉം ചോദിക്ക്,,
മറ്റാരുടെയും താല്പര്യം ഞാൻ നോക്കുന്നില്ല ,നിനക്ക് സമ്മതമാണെങ്കിൽ, ഞാൻ നിന്നെ വിവാഹം ചെയ്തോട്ടെ?
ആ ചോദ്യം, അവൾ പ്രതീക്ഷിച്ചതായിരുന്നു ..
രാഹുലേ… എൻ്റെ കാര്യങ്ങൾ പൂർണ്ണമായും അറിയാത്തത് കൊണ്ടാണ്, നിനക്ക് എന്നോട് ഇങ്ങനെ ചോദിക്കേണ്ടി വന്നത് ,നിനക്കറിയുമോ? ,
രണ്ടാമത്തെ ഭർത്താവ് എന്നെ ഉപേക്ഷിച്ചെങ്കിലും ,അയാളുടെ കുഞ്ഞ് എൻ്റെ വയറ്റിൽ വളരുന്നുണ്ട്, നിനക്ക് വേണ്ടത്, എന്നെ മാത്രമല്ലേ? അപ്പോൾ, ഞാനെൻ്റെ കുഞ്ഞിനെ എന്ത് ചെയ്യും ? മറ്റൊരാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന ,കാണാൻ അത്ര വലിയ സൗന്ദര്യമൊന്നുമില്ലാത്ത, എന്നെ സ്വീകരിക്കണമോ, വേണ്ടയോ എന്ന്, നീ ഒരിക്കൽ കൂടി ആലോചിക്ക്, നിൻ്റെ ഉറപ്പിൻമേലായിരിക്കും, ഇനി ഞാൻ ജീവിക്കണോ?മരിക്കണോ? എന്ന് തീരുമാനിക്കേണ്ടത് ,,,
അവളുടെ ചോദ്യത്തിന് മുന്നിൽ പതറിപ്പോയ രാഹുൽ, എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങി നിന്ന് പോയി.
കഥ
തുടരും
സ്നേഹത്തോടെ
സജി തൈപ്പറമ്പ് .
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission