Skip to content

ആത്മസഖി – Part 1

Aathmasakhi Novel Malayalam at Aksharathalukal

“ഇവരെല്ലാവരും നോക്കി നിൽക്കെ ഞാനിപ്പോ നിന്നെ കിസ്സ് ചെയ്യാൻ പോവാ.. പ്രതികാരമായിട്ടൊന്നും കാണണ്ട.. നിന്നെ എനിയ്ക്ക് നന്നായിട്ടങ്ങു ബോധിച്ചു.. ഇഷ്ടംകൊണ്ടു തരുന്നതാണെന്നു കരുതിക്കോ..”

അവളെ ചൂഴ്ന്നു നോക്കിക്കൊണ്ട് അർജുൻ അടുത്തേയ്ക്ക് നടന്നടുക്കും തോറും കൂട്ടി വച്ച ധൈര്യം മുഴുവൻ ചോർന്നു പോവുന്നത് അനു അറിയുന്നുണ്ടായിരുന്നു..

യാന്ത്രികമായി ചുവടുകൾ പിറകോട്ട് വയ്ക്കുമ്പോൾ ഹൃദയം പെരുമ്പറ കണക്കെ മിടിയ്ക്കുന്നുണ്ടായിരുന്നു.

” ഇന്നലെ ഇവിടെ കിടന്ന് ഷോ കാണിയ്ക്കുമ്പോൾ നീയെന്താ കരുതിയത്? ഞാൻ അതും കണ്ടു മിണ്ടാതങ്ങ് പോവുമെന്നോ? ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനീ കോളേജിലെ ഗുണ്ടയാണെന്നും പറഞ്ഞു നടന്നിട്ടെന്താടി കാര്യം?”

തൊണ്ടയാകെ വറ്റി വരളുന്നതുപോലെ… കാലുകളെ തീവ്രമായ തളർച്ച ബാധിയ്ക്കുന്നുണ്ടോ? ദൈവമേ.. ഒന്നും വേണ്ടായിരുന്നു..

ലച്ചുവിനെ മോശമായി കമന്റടിച്ചതിന് ഇന്നലെ ഇതേ സ്ഥലത്തു വച്ചാണ് അവനോട് കയർത്തു സംസാരിച്ചത്. വേണ്ടെന്നു പലരും വിലക്കിയിട്ടും അഭിമാനം ചുരുട്ടിപ്പിടിച്ചുകൊണ്ട് അവരെപ്പോലെ മിണ്ടാതെ പോവാൻ തോന്നാതിരുന്നത് തെറ്റായിപ്പോയോ? സീനിയറാണെന്നുള്ള പരിഗണന കൊടുക്കേണ്ടതായിരുന്നു. അല്ലെങ്കിലും അവൾക്കില്ലാത്ത ദേഷ്യം തനിയ്‌ക്കെന്തിനായിരുന്നു? സ്വയം വരുത്തി വച്ചതാണിത്…

കണ്ണുകൾ ചുറ്റും കൂടി നിൽക്കുന്നവരിലേയ്ക്കും അവന്റെ കൈകളിലെ ഉരുണ്ട മസിലുകളിലേയ്ക്കും ചെന്ന് പതിയ്ക്കും തോറും ഭയം കനത്ത കാരിരുമ്പായി തന്നെ പ്രഹരിയ്ക്കുന്നത് പോലെ..

തോൽക്കാൻ പാടില്ലെന്ന് മനസ്സാക്ഷി വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്നുണ്ടോ? അല്ലെങ്കിലും പരസ്യമായി ഒരു പെൺകുട്ടിയെ അപമാനിയ്ക്കാൻ ശ്രമിയ്ക്കുന്നവന്റെ മുന്നിൽ കണ്ണീരൊലിപ്പിച്ചു നിൽക്കേണ്ടത്തിന്റെ അവശ്യകതയെന്ത്?

അവൻ രണ്ടു കൈകളാൽ മുഖം പിടിച്ചുയർത്തിയതും അനുവിന്റെ കൈകൾ ശക്തിയോടെ അവന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു…

“മേലിൽ… മേലിൽ എന്റെ ദേഹത്ത് തൊട്ടു പോവരുത്…”

ചൂണ്ടു വിരൽ ഉയർത്തി ഉറച്ച ശബ്ദത്തോടെ അത്രയും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അഭിമാനം വ്രണപ്പെട്ടു നിൽക്കുന്ന അർജുന്റെ വരിഞ്ഞു മുറുകിയ മുഖം അവളുടെ മനസ്സിൽ ആനന്ദം പടർത്തി..

ടൂ വീലർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേയ്ക്ക് വരുമ്പോഴേയ്ക്കും ധൈര്യമാകെ ചോർന്നൊലിച്ചു പോയിരുന്നു.. മൂർഖനേക്കാൾ പകയാണവന്… ഇതിനു പ്രതികാരം ചെയ്യാതെ അവനടങ്ങില്ല..

ഊഹിച്ചതുപോലെത്തന്നെ ഗേറ്റിനരികിൽ അമ്മ കാത്തു നിൽപ്പുണ്ടായിരുന്നു..

“എന്താ മോളെ വൈകീത്? എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ വീട്ടിലിരിയ്ക്കുന്നവരു പേടിയ്ക്കൂന്ന് അറിയില്ലേ?”

“സ്‌പെഷൽ ക്ലാസ് ഉള്ളോണ്ടല്ലേ ന്റെ ദേവൂട്ടി… ”

അനു ചിരിച്ചു..

“പോയി വേഗം കുളിച്ചു വാ.. അപ്പോഴേയ്ക്കും അമ്മ കഴിയ്ക്കാൻ എടുത്തു വയ്ക്കാം..”

അവളുടെ കൈകൾ ചുമലിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് അമ്മ അടുക്കളയിലേക്ക് നടന്നു..

ചായ കുടിച്ചുകൊണ്ടിരിയ്ക്കുന്ന നേരത്താണ് ലച്ചുവിന്റെ കോൾ വന്നത്..

“ഹലോ ലച്ചൂ… തല വേദന മാറിയോ? നീ വരാഞ്ഞിട്ടു ഒരു രസവും ഇല്ലാരുന്നൂട്ടോ..”

“അനൂ… നീയാ അർജുനെ തല്ലിയോ?”

“അത്.. അത് നീയെങ്ങനെ അറിഞ്ഞു??”

“അതിന്റെ വീഡിയോ നമ്മുടെ ഗ്രൂപ്പിൽ വന്നിട്ടുണ്ട് . എന്തിനാ അനൂ വേണ്ടാത്ത പണിയ്ക്കൊക്കെ പോയത്? ഇനി എന്തൊക്കെയാ ഉണ്ടാവാന്ന് ഓർത്തിട്ട് എനിയ്ക്ക് പേടിയാവാ..”

“നീയിങ്ങനെ പേടിച്ചാൽ എങ്ങന്യാ ജീവിയ്ക്കാ ലച്ചൂ? അവനോട് പോകാൻ പറ..”

“ആദ്യം നിന്റെ ഈ ലൈസൻസില്ലാത്ത സ്വഭാവം മാറ്റ് അനൂ.. ഇല്ലെങ്കിൽ ആപത്താണ്..”

“എന്റെ ലച്ചൂ.. അപ്പൊ എനിയ്ക്ക് വേറെ നിവൃത്തിയില്ലായിരുന്നു… അല്ലാതെ ആണുങ്ങളെ കൈ നീട്ടി അടിയ്ക്കുന്ന സ്വഭാവം എനിയ്ക്കുണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ?”

“എന്നാലും…”

“എന്ത് എന്നാലും? പിന്നെ ഞാൻ അവന്റെ ഉമ്മയും വാങ്ങിയിട്ട് മിണ്ടാതെ ഇങ്ങു പോരണമായിരുന്നോ?”

“ഞാനെന്റെ പേടി കൊണ്ട് പറഞ്ഞതാണ് മോളെ.. അവനങ്ങനെ അടങ്ങിയിരിയ്ക്കാനൊന്നും പോണില്ല… സൂക്ഷിയ്ക്കണം..”

“മമ്… ശരി നാളെ വരില്ലേ?”

“വരും.. ബാക്കി ക്ലാസ്സിന്ന് പറയാം.. ബൈ ഡീ..”

ലച്ചുവിന്റെ സംസാരം കേട്ടപ്പോൾ ആശങ്ക വർധിച്ചത് പോലെ.. പ്രശ്നമെന്തെങ്കിലും ഉണ്ടാവോ? നാളെ അറിയാം… എന്തായാലും അനു പേടിച്ചു ഒളിച്ചിരിയ്ക്കാനൊന്നും പോണില്ല..

മുറിയിൽ തന്റെ പാവക്കുട്ടികളുടെ നടുക്ക് അവരെയെല്ലാം കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഒരു സങ്കടവും തന്നെ അലട്ടില്ല.. കൂടപ്പിറപ്പില്ലാത്ത സങ്കടം മാറ്റിത്തന്നത് ഇവരാണ്.. എല്ലാ സങ്കടവും ഇവരോട് പറഞ്ഞു കേൾപ്പിയ്ക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്. ഇത്ര വലുതായിട്ടും ഇപ്പോഴും പാവക്കുട്ടികളോടാണ് കൂട്ടെന്നു പറഞ്ഞു അമ്മ ഇടയ്ക്കിടെ വഴക്ക് പറയും.. പിന്നെ പറഞ്ഞാൽ അനുസരിയ്ക്കാത്ത നമുക്കിതൊക്കെ എന്ത്..

പിറ്റേന്ന് കോളേജിൽ വിചാരിച്ച പോലെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല.. ഇടയ്ക്കെപ്പോഴോ കണ്ടപ്പോൾ അർജുൻ തറപ്പിച്ചൊരു നോട്ടം നോക്കിയതല്ലാതെ സംസാരിയ്ക്കാനോ അടുത്തേയ്ക്ക് വരാനോ മുതിർന്നില്ല..

“കണ്ടോ ലച്ചൂ… അവൻ പേടിച്ചു പിന്മാറി.. ”

“അവൻ അങ്ങനെ പേടിച്ചു പിന്മാറുന്ന കൂട്ടത്തിലൊന്നുമല്ല അനൂ.. തൽക്കാലം അടങ്ങിയിരിയ്ക്കുന്നത് ചിലപ്പോ മനസ്സിലെന്തെങ്കിലും തീരുമാനിച്ചിട്ടാണെങ്കിലോ?”

“ഒന്ന് പോടീ.. വെറുതെ എഴുതാപ്പുറം വായിക്കണ്ട. അവനൊന്നും ചെയ്യാൻ പോണില്ല.. ഇനി അഥവാ അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ നേരിടാനുള്ള ചങ്കുറപ്പ് എനിയ്ക്കുണ്ട്…”

“നിനക്ക് അവനെക്കുറിച്ചു ഒന്നും അറിയാത്തതുകൊണ്ടാ നീയങ്ങനെ പറയുന്നേ.. അവന്റെ പാരന്റ്സ് വിദേശത്താണ്. വീട്ടിൽ അവനും കേൾവി ശക്തി കുറവുള്ള അമ്മൂമ്മയും മാത്രേ ഉള്ളു.. ചോദിയ്ക്കാനും പറയാനുമൊന്നും ആരുമില്ല.. കയ്യിൽ പൂത്ത കാശും.. പിന്നെ പറയണോ?”

“അത് എന്തെങ്കിലുമാവട്ടെ ലച്ചൂ.. അതൊന്നും നമ്മളെ ബാധിയ്ക്കുന്ന കാര്യമല്ലല്ലോ.. ഞാൻ പോവാണ്.. നാലു മണിയ്ക്ക് കുട്ടികൾ വരും ട്യൂഷൻ എടുത്ത് കൊടുക്കണം..”

“നിനക്ക് വേണ്ടീട്ടല്ലേ അച്ഛനും അമ്മയും ഈ സമ്പാദിച്ചു കൂട്ടുന്നതൊക്കെ? പിന്നെന്തിനാ അനൂ നീയിങ്ങനെ ടൂഷനെടുത്തൊക്കെ കാശുണ്ടാക്കി കിട്ടുന്നത് മുഴുവൻ അനാഥാലയത്തിലും വൃദ്ധ സദനത്തിലുമൊക്കെ കൊടുക്കുന്നത്… വീട്ടിൽ ചോദിച്ചാൽ കിട്ടില്ലേ പൈസ.. അതുകൊണ്ടുപോയി കൊടുത്താൽ പോരെ??”

“സ്വന്തമായിട്ടു അധ്വാനിച്ചുണ്ടാക്കിയ കാശ് കൊണ്ട് മറ്റുള്ളവരെ സഹായിയ്ക്കുമ്പോൾ കിട്ടുന്ന സന്തോഷം അച്ഛന്റെ കയ്യിന്നു വാങ്ങിയിട്ട് അവർക്ക് കൊണ്ടുപോയി കൊടുത്താൽ കിട്ടില്ല മോളെ…”

“വാചകമടിയ്ക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഉള്ളു ആരും..”

“സമ്മതിച്ചല്ലോ.. അത് മതി..”

“നിന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയോ? എന്തിനും ഏതിനും കട്ട സപ്പോർട് തന്നു കൂടെ നിൽക്കുന്ന അച്ഛനും അമ്മയും. സത്യം പറഞ്ഞാൽ എനിയ്ക്ക് നിന്നോട് അസൂയ തോന്നിപ്പോവ്വാ അനൂ..”

ഞാൻ ചിരിച്ചു..

“എന്നാൽ നോം വേഗം ചെല്ലട്ടെ… ”

അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ഞാൻ പതിയെ വണ്ടിയെടുത്തു തിരിച്ചു..

പിറ്റേന്ന് ഞായറാഴ്ചയായതുകൊണ്ടു കുറച്ചു കൂടുതൽ സമയം ഉറങ്ങാമെന്നു കരുതി കിടന്നതാണ്.. കിഴക്ക് വെള്ള കീറുന്നതിനു മുൻപേ തന്നെ അസിസ്റ്റന്റ് അലാറം ക്ളോക്ക് വന്നു വിളി തുടങ്ങി..

“അനൂ… മതി ഉറങ്ങിയത്.. എഴുന്നേൽക്ക് മോളെ..”

“ഇന്ന് ക്ളാസില്ലല്ലോ അമ്മെ.. ഉച്ചയാവട്ടെ . എന്നിട്ട് എഴുന്നേൽക്കാം..”

“അതൊന്നും പറ്റില്ല.. ചെന്ന് കുളിച്ചു അമ്പലത്തിൽ പോവാൻ നോക്ക്.”

“അമ്മേ…”

“എണീറ്റ്‌ പോടീ.. പെണ്കുട്ട്യോള് ഇങ്ങനെ ഉച്ച വരെ കിടന്നുറങ്ങാൻ പാടില്ല.. അത് ലക്ഷണക്കേടാ…”

അമ്മയെ മൈൻഡ് ചെയ്യാതെ വീണ്ടും ഉറങ്ങാൻ വട്ടം കൂടുമ്പോഴാണ് നീണ്ട വടിയും പിടിച്ചു കക്ഷി പിന്നേം വന്നത്..

നിവൃത്തിയില്ലാതെ ഞാൻ എഴുന്നേറ്റു അമ്പലത്തിൽ പോവാൻ റെഡി ആയി..

“അച്ഛന് ഈ അമ്പലവാസി അമ്മയെ അല്ലാതെ വേറെ ആരേം കിട്ടീല്ലേ പ്രേമിയ്ക്കാൻ? വാല്ലാത്ത ചതി ആയിപ്പോയി.. തൊട്ടതിനും പിടിച്ചതിനും ഒക്കെ ഓരോ വഴിപാട് നേർന്നിട്ടു ഇതിനൊക്കെ ഞാൻ കിടന്നു ഓടേണ്ടി വരുന്നത് കണ്ടില്ലേ??

“സാരംല്ല.. മോള് വന്നിട്ട് എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങിക്കോ..”

“താങ്ക്യൂ അച്ഛാ…”

ഞാൻ ചിരിച്ചു..

” സൂക്ഷിച്ചു പോണം.. കേട്ടോ..അച്ഛന്റെ മടിച്ചിക്കുട്ടി”

“ആയിക്കോട്ടെ… റ്റാറ്റ…”

ആറു മണി ആയപ്പോഴേയ്ക്കും ടൂ വീലർ സ്റ്റാർട്ട് ചെയ്തു.. നല്ല തണുപ്പുണ്ടായിരുന്നു… കിളികളുടെ ശബ്ദവും ആസ്വദിച്ചു മുന്നോട്ടു പോവുമ്പോൾ പെട്ടെന്ന് വണ്ടിയുടെ ടയർ പഞ്ചറായി… വണ്ടി സൈഡാക്കി ഇറങ്ങി നോക്കിയപ്പോൾ റോഡിന്റെ നടുക്ക് നിന്നും കിട്ടിയ മുള്ളുവേലി എന്നിലൊരായിരം ചോദ്യങ്ങൾക്ക് തിരി കൊളുത്തി.

വഴിയിലെങ്ങും ആരുമില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ വിഷമത്തിലായി.. അമ്പലത്തിലേയ്ക്കായത്‌കൊണ്ടു ഫോണും എടുത്തില്ല.. അപ്രതീക്ഷിതമായി എതിരെ വന്ന ആളെക്കണ്ട് എന്റെ സപ്തനാഡികളും തളർന്നു.

അർജുൻ!!

“ഗുഡ് മോണിംഗ് അനുഗ്രഹ… എങ്ങോട്ടാ രാവിലെത്തന്നെ? ”

ഞാനൊന്നും മിണ്ടിയില്ല..

” മുള്ളു വേലി കറക്റ്റ് ആയി ടയറിൽത്തന്നെ കൊണ്ടല്ലോ അല്ലെ?”

“ഓഹോ.. ട്രാപ്പ് ആയിരുന്നു അല്ലെ?”

അവന്റെ അട്ടഹാസം എന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികളായി പൊടിയാൻ തുടങ്ങി..

“എനിയ്ക്ക് നിന്നോട് കുറച്ചു സംസാരിയ്ക്കാനുണ്ട്.. ദാ ആ കാണുന്നതാ എന്റെ വീട്. നമുക്ക് അങ്ങോട്ട് പോകാം..”

“എനിയ്ക്കൊന്നും കേൾക്കാനില്ല..”

“അങ്ങനെ പറഞ്ഞാൽ പറ്റില്ലല്ലോ മോളെ… ചേട്ടൻ ഇത്ര നേരം കാത്തു നിന്നത് വെറുതെയാവില്ലേ?”

ചുറ്റും വേറെ വീടുകളൊന്നും ഉണ്ടായിരുന്നില്ല.. ഭയം എന്റെ കൈ കാലുകളിൽ വിറയൽ പടർത്തി..

“ഇന്നത്തോടെ ഞാൻ നിന്റെ അഹങ്കാരം അവസാനിപ്പിയ്ക്കും.. ഒരു അവസരത്തിനായി ഞാൻ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി..”

എന്റെ കൈ കടന്നു പിടിച്ചുകൊണ്ട് അവൻ വീട് ലക്ഷ്യമാക്കി നടന്നു.. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സിൽ ഉറക്കെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല.. അവന്റെ കരുത്തിന് മുൻപിൽ എതിർത്തു നിൽക്കാൻ എനിയ്ക്കാവില്ലെന്നുറപ്പായിരുന്നു..

“മര്യാദയ്ക്ക് എന്നെ വിട്.. ഇല്ലെങ്കിൽ ഞാൻ ഒച്ച വച്ച് ആളെക്കൂട്ടും..”

“നീ ഒച്ച വച്ചാൽ കേൾക്കാൻ ഈ പരിസരത്തൊന്നും ഒരു കുഞ്ഞു പോലുമില്ല… ”

അവന്റെ അട്ടഹാസം എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിരുന്നു..

ഗേറ്റിനടുത്തെത്തിയപ്പോഴേയ്ക്കും സർവ ശക്തിയുമെടുത്ത് അവന്റെ കൈകളിൽ അമർത്തി കടിച്ചു വിജനമായ വഴിയിലൂടെ കുതറിയോടുമ്പോൾ പകയോടെ അവൻ എന്റെ പിറകെയുണ്ടായിരുന്നു..

കല്ല് തട്ടി ഞാൻ മുന്നോട്ട് വീഴുമ്പോഴും, വീണിടത്തു നിന്നും കിതപ്പോടെ എഴുന്നേൽക്കാൻ ശ്രമിയ്ക്കുമ്പോഴും തൊട്ടുപിറകിൽ അവന്റെ കാലൊച്ച എനിയ്ക്ക് വ്യക്തമായി കേൾക്കാമായിരുന്നു…

(തുടരും….)

രചന: Swathi K S

(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തുറന്നു പറയണേ.. ബാക്കി നിങ്ങളുടെ അഭിപ്രായത്തിനനുസരിച്ചു എഴുതാമെന്നു കരുതി… ഒത്തിരി സ്നേഹത്തോടെ.. സ്വാതി😍)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.9/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആത്മസഖി – Part 1”

Leave a Reply

Don`t copy text!