“ഹലോ അനൂ…”
“എന്തു വേണം??”
“അർജുൻ..!! അനു എവിടെ??”
“വിളിച്ച കാര്യം പറഞ്ഞിട്ട് ഫോൺ വെയ്ക്കാൻ നോക്ക് ലച്ചൂ..”
“അർജുനെന്താ ഇങ്ങനെയൊക്കെ സംസാരിയ്ക്കുന്നത്.??”
“പിന്നെങ്ങനെ സംസാരിയ്ക്കണം?? ”
“എന്താ അർജുൻ? എന്തെങ്കിലും പ്രശ്നമുണ്ടോ?? അനു എവിടെ?”
“നിനക്കിപ്പോ എന്താ വേണ്ടത്?..”
“അർജുൻ പ്ലീസ്..”
“ചെന്ന് ശ്രീജിത്തിനോട് ചോദിയ്ക്ക്.. അയാൾ പറഞ്ഞു തരും..”
“ശ്രീജിത്തിനോടോ??”
ലച്ചുവിന്റെ ശബ്ദത്തിൽ നേരിയ പരിഭ്രമം കലർന്നിരുന്നു..
“അതെ…എല്ലാവരും കൂടെ
ഓരോന്ന് പറഞ്ഞുകൊടുത്തു എന്റെ ജീവിതം ഇല്ലാതാക്കിയപ്പോ സമാധാനമായില്ലേ??”
മറുവശത്തു നിന്നും അടക്കിയ തേങ്ങൽ സ്വരം അവന്റെ കാതുകളിലെത്തി..
“ആത്മാർത്ഥ കൂട്ടുകാരിയ്ക്ക് വേണ്ടി അവളെല്ലാം ഇട്ടെറിഞ്ഞ് പോയി..പറയാനും ചെയ്യാനും ഇനിയെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ആവാം.. പക്ഷെ ഒന്നോർത്തോ എല്ലാരും.. എന്റെ അനുവിനെന്തെങ്കിലും സംഭവിച്ചാൽ ഒറ്റയെണ്ണത്തിനെ ജീവനോടെ വച്ചേക്കില്ല അർജുൻ!!”
“അർജുൻ ഞാൻ..”
അവളൊരു പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തിയിരുന്നു..
ദേഷ്യത്തോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇടതുവശത്തെ സീറ്റിലേക്ക് വലിച്ചെറിഞ്ഞ് അർജുൻ കാറിന്റെ വേഗത കൂട്ടി..
തിരയാനൊരിടവും ബാക്കിയുണ്ടായിരുന്നില്ല..
പ്രിയപ്പെട്ടവരെയെല്ലാം തുച്ഛമായി വലിച്ചെറിഞ്ഞുകൊണ്ട് ഇവളെങ്ങോട്ടാവും പോയിട്ടുണ്ടാവുക??
ചോദിയ്ക്കുന്നവരോട് എന്ത് മറുപടിയാണ് പറയേണ്ടതെന്നറിയില്ല..
അവളെ കണ്ടെത്താനായില്ലെങ്കിൽ!!
എത്ര ദിവസങ്ങൾ കള്ളം പറഞ്ഞു പിടിച്ചു നിൽക്കാനാവും…
ഒന്നും ഓർക്കാതെ ഇറങ്ങിപ്പോയതല്ലേ??
എവിടെയായിരുന്നാലും സുരക്ഷിതയായിരുന്നാൽ മതിയായിരുന്നു.. ഒരപകടവും സംഭവിയ്ക്കാതിരുന്നാൽ മതി അവൾക്ക്…
തികച്ചും ഭ്രാന്തമായൊരവസ്ഥയിൽ സ്വയം അകപ്പെട്ടു പോവുന്നതുപോലെ തോന്നി അർജുന്..
തിരച്ചിലുകളെ പൂർണമായും വ്യർഥമാക്കിക്കൊണ്ട് രാത്രി പുലർന്നു..
##################
ഉദയ സൂര്യൻ മഞ്ഞു കണങ്ങളിലെങ്ങും വർണം പടർത്തുന്ന കാഴ്ചയിൽ ലയിച്ചുകൊണ്ടു കയ്യിലെ ചൂട് ചായയൂതി അവൾ ഉമ്മറപ്പടിയിലിരുന്നു..
അർജ്ജുനും ലച്ചുവിനുമിടയിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്ന നേരത്താണ് പാത്രത്താളിൽ ആ വാർത്ത കണ്ടത്!!
ഊട്ടിയിലെ മലയാളി വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാൻ ഒരാളെ വേണമെന്ന്!!
പ്ലസ് ടൂ യോഗ്യത മാത്രം മതിയത്രെ!! ടീച്ചർമാർ വേണമെന്ന് നിർബന്ധവുമില്ല..
വിളിച്ചു നോക്കിയപ്പോൾ ഒരു ദിവസത്തിനുള്ളിൽ വന്നുകൊള്ളാനും പറഞ്ഞു!!
മുന്നിൽ തെളിഞ്ഞ വഴിയിലൂടെ ആത്മധൈര്യം സംഭരിച്ചു നടന്നെത്തിയതാണിവിടെ!!
ഊട്ടിയിലെത്തി ചേരുന്നത് വരെ ഒരു സമാധാനവുമില്ലായിരുന്നു… അർജുൻ!! അവൻ ഉണരുന്ന നിമിഷം തന്നെ തിരഞ്ഞെത്തുമെന്നുറപ്പായിരുന്നു..
ദൈവകൃപ കൊണ്ട് മാത്രം ആരുടേയും കണ്ണിൽ പെടാതെ എത്തിച്ചേരാൻ കഴിഞ്ഞു..
ഭാഗ്യം!!
പക്ഷെ… എത്ര ശ്രമിച്ചിട്ടും ഈ താലി മാത്രം അവിടെ ഊരി വയ്ക്കാൻ കഴിഞ്ഞില്ല..
ശ്രമിച്ചതാണ്.. ഒരായിരം തവണ.. കഴിഞ്ഞില്ല.. ഹൃദയം പറിഞ്ഞു പോവുന്നത് പോലെ!!
തന്റെ ധൈര്യത്തിന്റെ ഉറവിടമാണിത്!! മരണം വരെ ഇതിങ്ങനെ നെഞ്ചോട് ചേർന്ന് കിടക്കട്ടെ!!
എന്തൊക്കെയാണീ ചിന്തിച്ചു കൂട്ടുന്നത്?? പാടില്ല!! ഒരുപാട് നാൾ കഴിഞ്ഞു നാട്ടിലേയ്ക്ക് പോവുമ്പോൾ ലച്ചുവിനു തിരികെ നൽകാനുള്ളതാണിത്..
അവൾക്ക് മാത്രം അവകാശപ്പെട്ട സ്വത്ത്!!
താൻ കളമൊഴിഞ്ഞിടത്ത് ലച്ചുവിനെ പ്രതിഷ്ഠിയ്ക്കാൻ അർജുന് കഴിയുമോ? കഴിയണം..അതിനു വേണ്ടിയാണല്ലോ എല്ലാം വിട്ടെറിഞ്ഞൊരു കൂടു മാറ്റത്തിന് മുതിർന്നത്..
ഇനിയൊരിയ്ക്കലും അനു പഴയതൊന്നും ഓർക്കില്ല.. ഇനി ജീവിതം ഇവിടെയാണ്..
പുതിയൊരാളായി!!
അക്ഷരാഭ്യാസമില്ലാത്ത അനവധി പേരാണിവിടെ ഒത്തിരി ആവേശത്തോടെ അറിവിനെ കാത്തിരുന്നത്..
ഈ പ്രായത്തിലും അവർക്ക് പഠിയ്ക്കാനുള്ള താല്പര്യം കണ്ടപ്പോൾ ശരിയ്ക്കും അത്ഭുതപ്പെട്ടു പോയി!!
സാഹചര്യങ്ങൾകൊണ്ടു മാത്രം വിദ്യ നിഷേധിയ്ക്കപ്പെട്ടവരാണവർ.. ഇവർക്ക് അറിവ് പകർന്നു നൽകാൻ കഴിഞ്ഞത് ഭാഗ്യമല്ലേ?
ഒരു പള്ളി വക അഗതി മന്ദിരമാണിത്.. ബിടെക് പൂർത്തീകരിച്ചിട്ടും എന്തിനാണിവിടെ വന്നതെന്ന് ചോദിച്ചപ്പോൾ കള്ളങ്ങൾ ഒരുപാട് പറഞ്ഞാണ് പിടിച്ചു നിന്നത് …
നാവു പിഴച്ചിരുന്നെങ്കിൽ എന്താവുമായിരുന്നു?
ഒരു മാസം പെട്ടെന്ന് കടന്നു പോയി.. എങ്കിലും അർജുൻ.. അവനെ മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നതേയില്ല!!
ഉണർന്നിരിയ്ക്കുന്ന നിമിഷങ്ങളിലെല്ലാം അവൻ മാത്രമാണ് മനസ്സിൽ… കണ്ണടച്ചാൽ ഒന്ന് മയങ്ങാൻ പോലും സാധിയ്ക്കുന്നില്ലല്ലോ..
അവരോടൊപ്പം സമയം ചിലവിടുമ്പോൾ മാത്രമാണ് അർജുന്റെ ഓർമ്മകൾ ഒരൽപമെങ്കിലും വിസ്‌മൃതിയ്ക്ക് കീഴടങ്ങുന്നത്..
താത്കാലികമായി മാത്രം..
എങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവരുമായി വല്ലാത്തൊരാത്മ ബന്ധം സ്ഥാപിയ്ക്കാൻ കഴിഞ്ഞു.. എത്ര പെട്ടെന്നാണ് എല്ലാവരും പ്രിയപ്പെട്ടവരായി മാറിയത്??
ഒരായുസ്സിന്റെ അടുപ്പമുള്ളത് പോലെ…
ഒരു മെയിൽ സ്റ്റാഫിനെ കൂടി കൊണ്ട് വരുന്നുണ്ടെന്നവർ പറഞ്ഞിരുന്നു.. എത്തിച്ചേർന്നയാൾ തന്നെക്കണ്ടപ്പോൾ ഞെട്ടിയോ?? തോന്നലാവും.. അല്ലെങ്കിലും തനിച്ചു ജീവിയ്ക്കാൻ തുടങ്ങിയ നിമിഷം മുതൽ എല്ലാത്തിനോടും കടുത്ത സംശയമാണ്…
രോഹിത്.. നല്ല സുഹൃത്തായിരുന്നു അയാൾ.. വന്ന ദിവസം തന്നെ ഒരുപാട് സംസാരിച്ചു.. മുൻപരിജയമുള്ളത് പോലെ.. തനിയ്ക്കും വല്ലാത്തൊരടുപ്പം തോന്നി അയാളുമായി..
ഒന്നുരണ്ടു ദിവസങ്ങൾ കഴിയവേ ഒട്ടും പ്രതീക്ഷിയ്ക്കാത്ത രണ്ട് അതിഥികൾ തേടി വന്നിട്ടുണ്ടെന്നറിഞ്ഞപ്പോൾ ആശങ്കയോടെയാണ് ചെന്ന് നോക്കിയത്..
അപ്രതീക്ഷിതമായി അർജ്ജുനും ലച്ചുവും വിസിറ്റിങ് റൂമിൽ ഇരിയ്ക്കുന്നത് കണ്ടപ്പോൾ ഹൃദയത്തിൽ തോന്നിയ വികാരമെന്തായിരുന്നെന്നു മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല..
ഞാനിവിടെയുണ്ടെന്നു കണ്ടുപിടിച്ചതെങ്ങനെയാവും??
നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവരുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ മുഖത്തു കൃത്രിമമായ സന്തോഷം പുനഃസൃഷ്ടിച്ചിരുന്നു..
ഒടുവിൽ ആഗ്രഹിച്ചതുപോലെത്തന്നെ അവരൊന്നിച്ചിരിയ്ക്കുന്നു..
സന്തോഷം കൊണ്ടാണോ കണ്ണുകൾ നിറയുന്നത്??
അനുവിനെക്കണ്ടപ്പോൾ അവരുടെ മുഖത്തു അനിർവചനീയമായ സന്തോഷം നിറഞ്ഞു..
മനസ്സിൽ പെറുക്കി കൂട്ടിയ വാക്കുകൾ കൃത്രിമമായി നാക്കിൻ തുമ്പിലെത്തിച്ചു..
“കൺഗ്രാറ്റ്സ്..
നാട്യങ്ങൾക്കെല്ലാമൊടുവിൽ ചേരേണ്ടവർ തന്നെ ചേർന്നല്ലോ… അത് മതിയെനിയ്ക്ക്.. സന്തോഷമായി.. ഹാപ്പി മാരീഡ് ലൈഫ്..”
ശബ്ദമിടറാതിരിയ്ക്കാൻ ഒത്തിരി പാടുപെട്ടു..
ഒരുപാട് വേദനിപ്പിച്ചു എന്നറിയാം.. പക്ഷെ ഇനിയും ഒരുപാട് നാൾ കഴിയുമ്പോൾ നിങ്ങൾ തന്നെ വിചാരിയ്ക്കും എല്ലാം നല്ലതിനായിരുന്നുവെന്ന്..
ഒഴിഞ്ഞുപോക്കും സ്ഥാനമാറ്റവുമെല്ലാം ശരിയായിരുന്നുവെന്ന്…”
പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ അർജുന്റെ കൈ അനുവിന്റെ കവിളിൽ പതിഞ്ഞിരുന്നു..
വിശ്വസിയ്ക്കാനാവാതെ മുഖമുയർത്തി നോക്കിയപ്പോൾ ചുവന്നു കലങ്ങിയ കണ്ണുകളോടെ അവൻ അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
“പലർക്കും വേണ്ടി നീ പലതും ത്യജിച്ചു.. എല്ലാവരെയും നീ ഓർത്തു.. അപ്പോഴും നീ കാണാൻ മറന്നു പോയ ഒന്നുണ്ടായിരുന്നു…
നിന്നെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ചു ജീവിയ്ക്കുന്ന എന്റെ മനസ്സ്.. ഇനിയെത്ര നാളുകൾ കഴിഞ്ഞാലും എത്ര ജന്മങ്ങൾ ജനിച്ചാലും മറ്റൊരാളെ സ്വപ്നം കാണാൻ പോലും എനിയ്ക്ക് കഴിയില്ലെന്ന് നിനക്കറിയുന്നതല്ലേ??
അർജുനൊരു ജീവിതമുണ്ടെങ്കിൽ അത് നിന്നോടൊപ്പം മാത്രമായിരിയ്ക്കുമെന്നു ഒരു നൂറാവർത്തി പറഞ്ഞതായിരുന്നില്ലേ നിന്നോട്??
ഒരിയ്ക്കലെങ്കിലും എന്നേക്കുറിച്ചോർത്തിരുന്നെങ്കിൽ എല്ലാം വിട്ടെറിഞ്ഞു യാത്രയാവാൻ കഴിയുമായിരുന്നോ നിനക്ക്??”
പ്രജ്ഞയറ്റു നിൽക്കുന്ന അനുവിനെ നോക്കി അർജുൻ തുടർന്നു…
“ഈ കഴിഞ്ഞ ദിവസങ്ങളെല്ലാം ഞാനെങ്ങനെയാണ് തള്ളി നീക്കിയതെന്നു നിനക്കറിയോ??
അന്വേഷിയ്ക്കാത്ത ഇടങ്ങളില്ല… നീയെവിടെയാണെന്നും ഏത് അവസ്ഥയിലാണെന്നും അറിയാതെ ഊണും ഉറക്കവുമുപേക്ഷിച്ചു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുകയായിരുന്നു ഞാൻ..
എല്ലാം മനഃപൂർവ്വം മറന്നുകൊണ്ട് മുന്നിൽ വന്നു നിന്നുകൊണ്ട് ലജ്ജയില്ലാതെ അഭിവാദ്യങ്ങൾ നേർന്നിരിയ്ക്കുന്നു…
എങ്ങനെ കഴിഞ്ഞു നിനക്ക്??
ഹൃദയത്തിനു മുൻപിൽ ഇത്രയും വലിയ മറ തീർത്തു ജീവിതമൊരു നാട്യ ശാലയാക്കി തീർക്കാൻ നിനക്കെങ്ങനെ കഴിഞ്ഞു അനൂ??”
അർജുന്റെ ചുണ്ടുകൾ വിറ പൂണ്ടിരുന്നു..
ചോദ്യങ്ങളോരോന്നും ശരങ്ങളായി തറയ്ക്കുമ്പോൾ നിയന്ത്രണം ഭേദിച്ചു കണ്ണുനീർ ധാരയായി പുറത്തേയ്ക്കൊഴുകുന്നുണ്ടായിരുന്നു..
“അനൂ.. നീ കരുതിയത് പോലെയൊന്നുമായിരുന്നില്ല കാര്യങ്ങൾ… അർജുനോട് എനിക്കിഷ്ടം തോന്നിയെന്നത് ശരിയായിരുന്നു.. പക്ഷെ.. അതത്ര മാത്രം തീവ്രമായിരുന്നില്ല അനൂ.. അവൻ നിന്നെയാണ് സ്നേഹിയ്ക്കുന്നതെന്നറിഞ്ഞപ്പോൾ ആ നിമിഷം തന്നെ അവനെ ഞാൻ ഹൃദയത്തിൽ നിന്നും പറിച്ചെറിഞ്ഞതാണ്…
ഒരു പരിച്ചയവുമില്ലാത്ത കാവ്യയ്ക്ക് വേണ്ടി നീ ശരത്തേട്ടനെ വിട്ടു നല്കിയതല്ലേ അനൂ… ആ നിന്റെ കൂട്ടുകാരിയായ എനിയ്ക്ക് നിന്നോട് ഇത്രയും വലിയ ക്രൂരത ചെയ്യാൻ കഴിയുമെന്നു തോന്നിയോ നിനക്ക്??
ഒരു വാക്ക് ചോദിച്ചോ നീയെന്നോട്??
അർജുൻ അനുവിന്റേതാണ്.. നിങ്ങളുടെ ലോകത്തേയ്ക്ക് ഇനിയൊരിയ്ക്കലും മറ്റൊരാളെ കടത്തി വിടരുത്….
നമ്മളെ സ്നേഹിയ്ക്കുന്നവരെയാണ് നമ്മളും സ്നേഹിയ്ക്കേണ്ടത്… ശ്രീജിത്ത് എന്നെ അത്രമാത്രം സ്നേഹിയ്ക്കുന്നുണ്ടെന്നു ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്…
അടുത്ത മാസം ഞങ്ങളുടെ എൻഗേജ്‌മെന്റാണ്.. ആദ്യത്തെ ക്ഷണം നിങ്ങൾക്കാണ്..വരണം… പോട്ടെ..”
അനുവിന്റെ കവിലൂടെ അറിച്ചിറങ്ങിയ കണ്ണുനീരിനെ തുടച്ചുമാറ്റി ലച്ചു പുറത്തു കാത്തു നിൽക്കുന്ന ശ്രീജിത്തിന്റെ അടുക്കലേക്ക് പോയി..
“അർജുൻ… ഞാൻ… ഞാൻ അറിയാതെ..”
വാക്കുകൾ മുഴുവനാക്കാനാവാതെ അവൾ വിതുമ്പി..
“സാരമില്ല… എനിക്ക് നിന്നോടൊരു ദേഷ്യവുമില്ല അനൂ.. ”
അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുമ്പോൾ ഒരിയ്ക്കലും അടർന്നു മാറാനാവാതെ വീണ്ടും വീണ്ടും അവനിലേക്ക് ആഴ്ന്നു പോവുന്നതുപോലെ തോന്നി അനുവിന്..
“ഈ കണ്ണീരു കാണാൻ വയ്യാഞ്ഞിട്ടല്ലേ ഞാൻ എല്ലാം ഉള്ളിലൊതുക്കി നിഴൽ പോലെ കൂടെ നിന്നത്??
നിന്നെ കൈ പിടിച്ചേല്പിയ്ക്കുമ്പോൾ അച്ഛൻ പറഞ്ഞിരുന്നു.. കുസൃതിയൽപ്പം കൂടുതലാണെന്ന്.. ഞാനിത് അങ്ങനെ കണ്ടോളാം.. ഇത്തവണത്തേയ്ക്ക് മാത്രം..”
അനുവിന്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ടു അർജുൻ പറഞ്ഞു..
“സോറി… സോറി അർജുൻ… എല്ലാം എന്റെ തെറ്റാണ്… ഞാൻ.. ഞാൻ അറിയാതെ… എന്നോട് ക്ഷമിയ്ക്കില്ലേ??”
കരച്ചിലിനിടയിൽ അവളെങ്ങനെയോ വാക്കുകൾ കൂട്ടിയോജിപ്പിച്ചു..
“ഇനിയൊരിയ്ക്കലും ഞാൻ അർജുനെ വിട്ടു പോവില്ല.. ഇപ്പോൾ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ അർജുനെ സ്നേഹിയ്ക്കുന്നുണ്ട്.. മരണത്തിനു പോലും ഇനി നമ്മളെ പിരിയ്ക്കാനാവില്ല അർജുൻ…”
അവൾ അർജുന്റെ കണ്ണുകളിൽ നോക്കി പതിയെ പറഞ്ഞു..
“വേദനിച്ചോ?”
കവിളിൽ ചുവന്നു പൊന്തിയ വിരൽപ്പാടുകളിൽ പതിയെ വിരലോടിച്ചുകൊണ്ടു അർജുനവളോട് ചോദിച്ചു..
“ഇല്ല..”
അവൻ അനുവിന്റെ കവിളുകളിൽ ആധരങ്ങളമർത്തുമ്പോൾ പിറകിൽ നിന്നും ഒരു കയ്യടി ശബ്ദമുയർന്നു..
രോഹിത്!!
ചിരിച്ചുകൊണ്ട് അവൻ അവരുടെ അടുത്തേയ്ക്ക് നടന്നു..
“ഇനി അനുവിന് അറിയാത്തൊരു കാര്യം കൂടി പറയാം.. അർജുൻ എന്റെ കസിനാണ്.. കല്യാണത്തിന് ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല.. എനിയ്ക്ക് വരാൻ കഴിഞ്ഞില്ലെങ്കിലും ഫോട്ടോയിൽ ഞാൻ ആളെ കണ്ടിരുന്നു.. അനു ഇവിടെയുണ്ടെന്നു ഞാനാണ് അർജുനെ അറിയിച്ചത്…”
ഞാൻ അർജുനെ നോക്കി.. അവൻ ചിരിച്ചുകൊണ്ട് അതെ എന്ന അർത്ഥത്തിൽ തലയാട്ടി..
“ഇനിയിപ്പോ എന്തായാലും പ്രോബ്ലംസ് കംപ്ലീറ്റ് സോൾവായ സ്ഥിതിയ്ക്ക് മുടങ്ങിപ്പോയ പഴയ ഹണിമൂൺ ട്രിപ്പിലേയ്ക്കാവട്ടെ യാത്ര.. നിങ്ങൾക്ക് ആവശ്യമുള്ള ഗൈഡും റിസോർട്ടും എല്ലാം റെഡിയാണ്.. അപ്പൊ… ഓൾ ദി ബെസ്റ്റ്..”
എല്ലാവരും സ്നേഹത്തോടെ ഞങ്ങളെ യാത്രയാക്കി.. രോഹിത് എല്ലാവരോടും കാര്യങ്ങളെല്ലാം പറഞ്ഞെന്നു തോന്നി…
കാറൊഴിഞ്ഞ വാനം പോലെ ഞങ്ങളിരുവരും ശാന്തരായിരുന്നു… പുതിയൊരു ജീവിതത്തിലേയ്ക്ക്… കണ്ടു കൂട്ടിയ സ്വപ്നങ്ങളിലേയ്ക്ക് യാത്രയാവുമ്പോൾ പിറകിൽ എല്ലാവരും ഞങ്ങളെ നോക്കി കൈ വീശുന്നുണ്ടായിരുന്നു…
കാറിൽ അർജുന്റെ ഇടതു കൈത്തലം ചുറ്റിപ്പിടിച്ചു ചേർന്നിരിയ്ക്കുമ്പോൾ എങ്ങ് നിന്നോ കാലം തെറ്റിയെത്തിയ പെരുമഴ മംഗള വാദ്യം തീർത്തു… അർജുന്റെ അമ്മയും അച്ഛനും ഞങ്ങളെ അനുഗ്രഹിയ്ക്കുന്നതാവും….
ശുഭം
(കഴിഞ്ഞൂട്ടോ.. ഇനി അർജുനെയും അവന്റെ ആത്മസഖിയെയും അവരുടെ മാത്രം ലോകത്തേയ്ക്ക് വിട്ടു നൽകാം… പതിനാറു പാർട്ടും കട്ടയ്ക്ക് സപ്പോർട് ചെയ്ത എല്ലാവര്ക്കും ഒത്തിരി ഒത്തിരി നന്ദി…😘😘😍 എല്ലാ കമന്റുകളും കാണാറുണ്ട് ട്ടോ… കഴിവതും റിപ്ലെ തരാൻ ശ്രമിയ്ക്കാറുണ്ട്.. ഒരുപാട് സന്തോഷം എല്ലാർക്കും ഒത്തിരി സ്നേഹം😘 അനുവിനെയും അർജുനെയും മറക്കില്ലെന്ന വിശ്വാസത്തോടെ നിർത്തുന്നു…
സ്വന്തം സ്വാതി😍)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Sooper waiting for the next story
Super ayirunnuto othiri idshtayi