Skip to content

ആത്മസഖി – Part 15

Aathmasakhi Novel Malayalam at Aksharathalukal

“എന്താ എന്റെ അനുവിന് പറ്റിയത്?”

അർജുൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി..

“അർജുൻ… ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?”

എന്താണെന്നുള്ള ഭാവത്തിൽ അവനവളെ നോക്കി..

“ഞാനില്ലാതായാൽ അർജുൻ വേറെ ആരെയെങ്കിലും സ്വീകരിയ്ക്കോ?”

“നിനക്കെന്താ ഭ്രാന്തു പിടിച്ചോ അനൂ.. സംസാരിയ്ക്കാൻ നമുക്കൊരുപാട് കാര്യങ്ങൾ ഇനിയും ബാക്കി നിൽക്കവേ എന്തിനാണിത്തരം അനാവശ്യ ചോദ്യങ്ങളെന്നെനിയ്ക്ക് മനസ്സിലാവുന്നില്ല..”

അവന്റെ വാക്കുകളിൽ അനുവിന്റെ ചോദ്യത്തോടുള്ള അനിഷ്ടം പ്രകടമായിരുന്നു…

“അർജുൻ.. നമ്മളൊക്കെ എത്ര കാലം ജീവിച്ചിരിയ്ക്കുമെന്നു ആർക്കെങ്കിലും പ്രവചിയ്ക്കാൻ കഴിയോ? അടുത്ത പ്രഭാതത്തിൽ കഴിഞ്ഞ രാത്രിയോളം കണ്ട എല്ലാവരും കൂടെയുണ്ടാവണമെന്നു ശാഢ്യം പിടിച്ചാൽ അത് നടക്കണമെന്നുണ്ടോ??”

“നീയെന്തൊക്കെയാ അനൂ വിളിച്ചു പറയുന്നേ?? ഇന്ന് രാവിലെ വരെ ഹാപ്പിയായി നടന്നിട്ട് പെട്ടെന്നു നിനക്കിതെന്താ പറ്റിയത്??”

വികാരങ്ങളന്യേ അവളവന്റെ കണ്ണുകളിൽ നോക്കിയിരുന്നു…

പറയാനെന്തൊക്കെയോ കൂട്ടി വച്ചിട്ടുണ്ടെങ്കിലും സാഹചര്യത്തിനനുസൃതമാം വിധം വാക്കുകളൊന്നും തന്നെ അവളെ കടാക്ഷിച്ചില്ല..

“എന്താ നിന്റെ പ്രശ്നം? എന്തായാലും തുറന്നു പറഞ്ഞൂടെ?”

“പ്രശ്നമെന്തായാലും അതിന്റെ പരിഹാരം… അതൊരുപാട് കഠിനമാണ്… ”

എത്ര കഠിനമായാലും ഞാനില്ലേ കൂടെ?? പിന്നെ നീയെന്തിനാ പേടിയ്ക്കുന്നെ?? എന്റെ മരണം വരെ ഞാൻ നിന്നെ തനിച്ചാക്കില്ല…
അതു പോരെ നിനക്ക്??”

അലസമായി നിർവികാരതയെ പുണർന്നിരിയ്ക്കവേ ചിന്തകളൊരു വള്ളിപ്പടർപ്പു പോലെ അവളുടെ ഹൃദയത്തെ വരിഞ്ഞു മുറുക്കി..

“വാ… നമുക്കൊരു റൈഡ് പോവാം… നിന്റെ ഈ മൂഡ് ഒക്കെ ഒന്നു ഓക്കേ ആവട്ടെ…”

“ഈ രാത്രിയിലോ? ഞാനില്ല അർജുൻ..”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. നിനക്കൊരുപാട് ഇഷ്ടമല്ലേ യാത്രകൾ…”

“ആയിരുന്നു…. ഇഷ്ടങ്ങളെല്ലാം എന്നും കൂടെ വേണമെന്ന് വാശി പിടിയ്ക്കാനൊക്കില്ലല്ലോ..”

വാക്കുകളിൽ കേൾവിക്കാർക്കന്യമായ അർത്ഥങ്ങളുൾപ്പെടുത്തി സംസാരിയ്ക്കാൻ പണ്ടേ മിടുക്കിയാണിവൾ!

“വന്നേ പറ്റു… നമ്മള് പോയി വന്നാൽ അനു പഴയ പോലെ ആക്റ്റീവ് ആവും… ഈ സങ്കടം നമുക്ക് വേണ്ട.. നമുക്കിതിനെ വഴിയിലെവിടെയെങ്കിലും കളഞ്ഞിട്ട് വരാം…”

എതിർപ്പുകളെ അവഗണിച്ചു അവളെയും കൂട്ടി യാത്രയാവുമ്പോൾ എങ്ങനെയെങ്കിലും അവളുടെ സന്തോഷം തിരികെ കൊണ്ട് വരാൻ കഴിയണെ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു..

അനു സൈഡ് ഗ്ലാസ് പൂർണമായും താഴ്ത്തി വച്ചു..

പുറത്തു തണുത്ത കാറ്റുണ്ടായിരുന്നു..
പാതയോരങ്ങളിൽ നിഴൽ വീഴ്ത്തിക്കൊണ്ടു നിലാവെളിച്ചവും…

ദൂരെ പടുകൂറ്റൻ വൃക്ഷത്തലപ്പുകൾ നിലാവിൽ കുളിച്ചു നിലക്കുന്ന കാഴ്ചയിലേക്ക് നോട്ടമയച്ചുകൊണ്ടവൾ സീറ്റിലേക്ക് ചാഞ്ഞു…

“നമുക്ക് നിർത്താതെ പോയാലോ എങ്ങോട്ടെങ്കിലും? പോയിപ്പോയി ഈ ലോകത്തിന്റെ അങ്ങേയറ്റത്തു ചെല്ലണം…

അവിടെയൊരു വീട് വയ്ക്കാം..

പുതിയൊരു ജീവിതം തുടങ്ങാം..

നമ്മളെ ആരും അറിയാത്തൊരിടത്ത്..

പുതിയൊരു പേരിൽ..

ബന്ധങ്ങളുടെയും സ്നേഹത്തിന്റെയുമെല്ലാം കെട്ടു പൊട്ടിച്ച് …ഒരിയ്ക്കലും തിരിച്ചു വരാതെ.. അങ്ങനെയങ്ങനെ…”

കാഴ്ചകളിൽ നിന്നും നോട്ടം പിൻവലിയ്ക്കാതെ തന്നെ അവൾ അർജുനോടെന്നോണം പറഞ്ഞുകൊണ്ടേയിരുന്നു…

സംസാരിയ്ക്കാൻ അവൾക്ക് മാത്രം അവസരം നൽകിക്കൊണ്ട് പൂർണമായും കേൾവിക്കാരന്റെ പദവിയിലേയ്ക്കവൻ സ്വയം ഒതുങ്ങി..

വഴിയോര തട്ടുകടയിൽ നിന്നും ഭക്ഷണം കഴിയ്ക്കുമ്പോഴും നിലാവെട്ടത്തിന്റെ അകമ്പടി സേവിച്ചുകൊണ്ടു കടൽക്കരയിലൂടെ പതിയെ നടക്കുമ്പോഴും ഇതെല്ലാം ഒരുപാട് സ്വപ്നം കണ്ടൊടുവിൽ ഹൃദയത്തിന്റെ കോണിലെങ്ങോ എന്നേയ്ക്കുമായി മാറ്റി വച്ചതാണെന്നവൾ അതിശയത്തോടെ ഓർത്തു…

“അർജുൻ… ഞാൻ മരിച്ചാൽ അർജുൻ വേറെ ആളെ കല്യാണം കഴിയ്ക്കോ?? അർജുനെ ഒരുപാട് സ്നേഹിയ്ക്കുന്നൊരാളെ… എന്നെക്കാളും നല്ലൊരാളെ…”

ഗാഢമായ നിശ്ശബ്ദതയെ തേരിലേറ്റി സമയം പതിയെ ഇഴഞ്ഞുകൊണ്ടിരുന്നു…

“അർജുനെന്താ ഒന്നും പറയാത്തത്?”

അർജുൻ അവളെ തനിയ്ക്കഭിമുഖമായി ചേർത്തു നിർത്തി..

” ജീവിച്ചിരിയ്ക്കുന്നിടത്തോളം കാലം അർജുനെന്ന പേര് ഇനി മറ്റൊരു പേരിനോടും ചേർത്തു വയ്ക്കാൻ പോവുന്നില്ല…

മരണത്തിനു പോലും നമ്മളെ പിരിയ്ക്കാൻ കഴിയില്ല..

നീയല്ലാതെ വേറൊരു പെണ്ണ് എന്റെ ജീവിതത്തിലുണ്ടാവില്ല അനൂ.. അതിനൊരു മാറ്റവും വരാൻ പോണില്ല… അറ്റ് എനി കോസ്റ്റ്…”

മറുപടി പറയാതെ അവൾ പോയി കാറിൽ കയറിയപ്പോൾ ഒന്നും മനസ്സിലാവാതെ അർജുൻ കാർ സ്റ്റാർട്ട് ചെയ്തു..

“തമാശക്ക് പോലും ഇനിയിത്തരം ചോദ്യങ്ങൾ ആവർത്തിയ്ക്കരുത്.. മനസിലായില്ലേ?”

വിൻഡോയിൽ കൈത്തലം ചേർത്തു വച്ച് അതിനുമേൽ തലവച്ചു അവൾ പുറത്തേയ്ക്ക്. നോക്കിയിരുന്നു… മറുപടി പറയാൻ ആഗ്രഹിയ്ക്കാത്തത് പോലെ…

കാർ വളരെ പതിയെ സഞ്ചരിച്ചുകൊണ്ടിരുന്നു..

ഇരുവർക്കുമിടയിൽ തീവ്രമായ നിശ്ശബ്ദത സ്ഥാനം പിടിച്ചു… ഒരധികപ്പറ്റെന്നോണം….

“അർജുൻ… നമ്മൾ സ്നേഹിയ്ക്കുന്നവരെയാണോ അതോ നമ്മളെ സ്നേഹിയ്ക്കുന്നവരെയാണോ ശരിയ്ക്കും കൂടെ കൂട്ടേണ്ടത്??”

അനുവിന്റെ ശബ്ദം അസഹ്യമായ നിശ്ശബ്ദതയ്ക്ക് താൽകാലികമായ വിരാമമിട്ടു…

“നമ്മളെ സ്നേഹിയ്ക്കുന്നവരെയല്ലേ നമ്മളും സ്നേഹിയ്ക്കേണ്ടത്? ”

അർജുൻ അവളുടെ മുഖത്തേയ്ക്ക് നോക്കി…

പെയ്യാനൊരുങ്ങിയ വാനം പോലെ അവൾ അസ്വസ്ഥയായിരുന്നോ??

അതിനുമാത്രം അവളെ അലട്ടുന്ന പ്രശ്നമെന്താണ്??

എന്തുണ്ടെങ്കിലും ഒരു ചേർത്തു പിടിയ്ക്കലിൽ.. ഒരു തലോടലിൽ അലിഞ്ഞില്ലാതാവുമെന്നു കരുതിയതാണ്..

പക്ഷെ…

“വീട്ടിലേയ്ക്ക് പോവാം… എനിയ്ക്ക് മടുത്തു..”

പിറകോട്ടു ചാരിയിരുന്നു കണ്ണുകളടച്ചുകൊണ്ടവൾ പറഞ്ഞു..

പതിവ് ഗുഡ് നൈറ്റ് പോലും പറയാതെ വീട്ടിലെത്തിയ ഉടൻ കിടക്കയിലേക്കമർന്നു അനു കണ്ണുകളടച്ചു..

അവളുടെ പെരുമാറ്റം അർജുനെ വല്ലാതെ നിരാശപ്പെടുത്തി..

ഓരോന്നോർത്തു ഉറങ്ങിപ്പോയതെപ്പോഴാണ്??

ഉദയ കിരണങ്ങൾ മിഴികളെ പുണർന്നപ്പോഴാണ് പിറ്റേന്നു അർജുൻ ഉറക്കമുണർന്നത്..

അച്ഛനും അമ്മയും പുലർച്ചെ ഗുരുവായൂർ ദർശനത്തിനു പോവുമെന്നു തലേ ദിവസം പറഞ്ഞത് ഓർമ വന്നു…

പതിവ് ചായയെത്തുന്ന നേരമായിട്ടും കാണാതായപ്പോൾ അവൻ അനുവിനെ അന്വേഷിച്ചു അടുക്കളയിലേക്ക് ചെന്നു..

പ്രഭാത ഭക്ഷണം പാകം ചെയ്ത് മൂടി വച്ചിരിയ്ക്കുന്നു..

പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തിന് താഴെ വിളക്കെരിഞ്ഞു നിൽക്കുന്നുണ്ട്..

വീട്ടിലെങ്ങും അവളെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം..

കിടപ്പുമുറിയിലെ മേശപ്പുറത്തു മടക്കി വച്ചിരിയ്ക്കുന്ന വെള്ളക്കടലാസ് നിവർത്തി വായിയ്ക്കുന്നത് വരെ നേരിയ പ്രതീക്ഷ അവന്റെ ഹൃദയത്തിലുണ്ടായിരുന്നു…

ഞാൻ പോവുന്നു.. ദയവ് ചെയ്ത് എന്നെ അന്വേഷിച്ചു വരരുത്.. എല്ലാം ഞാനറിഞ്ഞു.. അർജുൻ ലച്ചുവിനെ സ്വീകരിയ്ക്കണം.. സ്നേഹിയ്ക്കാൻ മാത്രേ അറിയൂ അവൾക്ക്. അവളെ വേദനിപ്പിയ്ക്കരുത്… നമ്മളെ സ്നേഹിയ്ക്കുന്നവരെയല്ലേ നമ്മളും സ്നേഹിയ്ക്കേണ്ടത്? അവളുടെ ഇഷ്ടം അർജുൻ കണ്ടില്ലെന്ന് നടിയ്ക്കരുത്.. ഇതു മാത്രമേ എനിയ്ക്ക് അവൾക്ക് വേണ്ടി ചെയ്യാനുള്ളു.. നിങ്ങൾക്കിടയിലൊരു വിലങ്ങു തടിയായി ഇനിയും ഞാൻ നിൽക്കുന്നില്ല… ഒത്തിരി ഇഷ്ടത്തോടെ… അനു…

കത്തു വായിച്ചു തളർച്ചയോടെ അവൻ കിടക്കയിലേയ്ക്കിരുന്നു…

ഹൃദയത്തിൽ പടർന്ന വേദനയുടെ അംശം തെല്ലുമില്ലാതെ എഴുതി പിടിപ്പിച്ചിരിയ്ക്കുന്നു!!

ലച്ചുവിനെ സ്വീകരിയ്ക്കണമത്രെ!!

സ്നേഹിയ്ക്കുന്നവർക്ക് വേണ്ടി ഹൃദയം വരെ പറിച്ചു നൽകുന്നവളാണെന്ന്!!

കൂട്ടുകാരിയ്ക്ക് വേണ്ടി ഭർത്താവിനെ ഉപേക്ഷിയ്ക്കാൻ എങ്ങനെ കഴിഞ്ഞു ഇവൾക്ക്??

യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണല്ലോ അല്ലെങ്കിലും തനിയ്ക്ക് ചുറ്റും നടക്കുന്നതെല്ലാം..

പെട്ടെന്ന് തന്നെ ഫോണെടുത്തു അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും കിടക്കയിലവളുടെ ഫോണ് അവന്റെ പ്രതീക്ഷകളെ തകർത്തുകൊണ്ടു ശബ്ദമുതിർത്തു..

പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരിയ്ക്കുന്നു!!

എങ്കിലും ഒരു ഇറങ്ങിപ്പോക്ക് ഒട്ടും പ്രതീക്ഷിച്ചതല്ല..

കുറച്ചു വസ്ത്രങ്ങൾ മാത്രം എടുത്തുകൊണ്ട് ഇവളെങ്ങോട്ടാണ് പോയിട്ടുണ്ടാവുക??

ഒരായിരം ആവർത്തി പറഞ്ഞതല്ലേ അവളോട്‌…

അനു ഇല്ലെങ്കിൽ അർജുൻ ഇല്ലെന്ന്..

എന്നിട്ടും!!

അന്വേഷിച്ചു വരരുതെന്ന്!!

അധിക ദൂരമൊന്നും പോയിക്കാണില്ല..

ചെല്ലാൻ സാധ്യതയുള്ളിടങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല..

അടുത്തുള്ള ഓട്ടോ സ്റ്റാന്റിലും ടാക്സി സ്റ്റാന്റിലുമെല്ലാം അവളുടെ ഫോട്ടോ കാണിച്ചെങ്കിലും എല്ലാരും കൈ മലർത്തി..

കൂട്ടി വച്ച ധൈര്യം മുഴുവൻ ചോർന്നു പോവുന്നത് പോലെ..

അവളെന്തെങ്കിലും അവിവേകം പ്രവർത്തിച്ചാൽ??

പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ എന്താണർത്ഥം??

എല്ലാം മനസ്സിൽ കുഴിച്ചു മൂടി സ്വയം ഒതുങ്ങിയതായിരുന്നില്ലേ??

ഇങ്ങോട്ട് വന്നു ജീവിതം പിടിച്ചു വാങ്ങി കുന്നോളം സ്വപ്നങ്ങൾ തന്നു മോഹിപ്പിച്ചിട്ട് ഒടുക്കം എങ്ങോട്ടെന്നില്ലാതെ അകന്നു പോയിരിയ്ക്കുന്നു..

ഒരാശ്വാസ വാക്ക് പോലും പറയാൻ ആരുമില്ലാത്തവനാണെന്ന് അറിയുന്നതല്ലേ അവൾക്ക്??

ഇത്രയും നാൾ അവളുടെ ആഗ്രഹങ്ങൾക്കൊത്തു ജീവിച്ചിട്ട്..

അനുവിനെയും കൂട്ടി ഒരു യാത്രയിലാണെന്നു വീട്ടിലേയ്ക്ക് വിളിച്ചു പറഞ്ഞു..

പകൽ അസ്തമിച്ചിട്ടും തിരച്ചിൽ മാത്രം ബാക്കിയായി…

ഭ്രാന്തമായൊരാവസ്ഥയിൽ അകപ്പെട്ടു പോയി അർജുൻ ..

അരികിലില്ലെങ്കിലും അവളീ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിയ്ക്കുന്നുണ്ടെന്നുള്ള വിശ്വാസം മാത്രമായിരുന്നു അവനെ മുൻപോട്ടു നയിച്ചത്…

പൊടുന്നനെ അനുവിന്റെ ഫോണ് റിങ് ചെയ്യാൻ തുടങ്ങി..

സ്ക്രീനിൽ ലച്ചുവെന്ന പേരു തെളിഞ്ഞപ്പോൾ അർജുന്റെ സകല നിയന്ത്രണവും കൈ വിട്ടു…

(തുടരും…)

രചന:സ്വാതി.കെ.എസ്

(കേവലം പത്തു പാർട്ടുകൾക്കുള്ളിൽ അവസാനിപ്പിയ്ക്കേണ്ടിയിരുന്ന കഥ ഇത്രയും നീണ്ടു പോവുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതേയില്ല😍😍 നിങ്ങളുടെ സപ്പോർട്ട് കൊണ്ടു മാത്രമാണ് എനിയ്ക്കിത്രയും എഴുതാൻ കഴിഞ്ഞത്😘 അടുത്ത ഒന്നോ രണ്ടോ പാർട്ടോടു കൂടി അർജുനെയും അനുവിനെയും എനിയ്ക്കിങ്ങു തിരികെ തന്നേക്കണേ കൂട്ടുകാരെ… നിങ്ങളുടെ അനുവാദത്തോട് കൂടി ആത്മസഖിയെ ഞാനെന്റെ ഒപ്പം കൂട്ടാൻ പോവ്വാ ട്ടോ..

സ്വന്തം സ്വാതി…💗)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ആത്മസഖി – Part 15”

Leave a Reply

Don`t copy text!