ഒരുപാട് പ്രതീക്ഷയോടെ ഫോണ് മുഴുവൻ പണിപ്പെട്ടു തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല..
ഗാലറിയിലെ തിരച്ചിലിനൊടുവിൽ നിരാശയോടെ കോൾ ലിസ്റ്റിലേക്ക് അന്വേഷണത്തിന്റെ വേരുകളിറക്കവേ ഒരു കാര്യമെനിയ്ക്ക് തീർച്ചയായി..
ഇതിനു പിന്നിലാരാണെന്നുള്ള സത്യം ഞാനറിയതിരിയ്ക്കാൻ അർജുൻ ആഗ്രഹിയ്ക്കുന്നു!!!
അല്ലെങ്കിൽ ഇന്നലെ രാത്രി മുതൽ ഈ നേരം വരെ ഫോണിലേക്ക് വന്ന എല്ലാ കോളുകളുടെ ഡീറ്റയിൽസും ഒന്നടങ്കം മായ്ച്ചു കളയേണ്ടുന്നത്തിന്റെ ആവശ്യകതയെന്ത്??
ചിന്തകൾ കാടു കയറവേ ഭ്രാന്തു പിടിക്കുന്നതായി തോന്നി അനുവിന്..
“എന്താടോ ഒന്നും കിട്ടിയില്ലേ അതിന്ന്??”
പിറകിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന അർജുനെ കണ്ടപ്പോൾ തെല്ല് ജാള്യത തോന്നിയെങ്കിലും ഞാനത് പുറമെ കാണിച്ചില്ല..
നീയെത്ര ഒളിയ്ക്കാൻ ശ്രമിച്ചാലും എല്ലാ സത്യങ്ങളും അനു കണ്ടെത്തിയിരിയ്ക്കും..!!
മനസ്സിൽ പറഞ്ഞു..
അവനോടൊപ്പം വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലെ കനലുകളെയെല്ലാം താത്കാലിക വിസ്മൃതിയിൽ ബലി കഴിച്ചിരുന്നു…
രാത്രി ഭക്ഷണത്തിന് ശേഷം ബാൽക്കണിയിൽ പതിവ് പോലെ നക്ഷത്രങ്ങളെ നോക്കി വെറുതേയിരിയ്ക്കുമ്പോൾ അവനെന്റെ തൊട്ടരികിൽ വന്നിരുന്നു…
“നക്ഷത്രമെണ്ണിക്കഴിഞ്ഞില്ലേ ഇതുവരെ?”
ഞാൻ അലസമായി ചിരിച്ചു..
“അനൂ.. ഞാനൊരു കാര്യം ചോദിയ്ക്കട്ടെ?”
“എന്താ അർജുൻ?”
“ഇത്രയൊക്കെയായിട്ടും ഒരിത്തിരി ഇഷ്ടം പോലും തോന്നുന്നില്ലേ എന്നോട്?”
“ഇല്ലെന്നു പറഞ്ഞാൽ അതൊരു വലിയ നുണയാവും..”
അവനു മുഖം കൊടുക്കാതെ ഞാൻ തുടർന്നു…
“പക്ഷെ പണ്ടത്തെ പോലെ നിന്നോടെനിയ്ക്കിപ്പോൾ വെറുപ്പില്ല…”
“പിന്നെ?”
വെറുപ്പിനും ഇഷ്ടത്തിനുമിടയിലുള്ള പേരറിയാത്ത എന്തോ ഒന്ന്…
പ്രണയമല്ലാത്ത… സൗഹൃദമല്ലാത്ത… കേവലം മനുഷ്യ വികാരങ്ങളുടെ കണക്കു പട്ടികയിലൊന്നും ഒരിയ്ക്കലും എഴുതിച്ചേർക്കപ്പെട്ടിട്ടില്ലാത്ത എന്തോ ഒന്ന്…”
അവളുടെ കണ്ണുകൾ വിദൂരതയിലെവിടെയോ തറഞ്ഞു നിന്നു…
“പക്ഷെ ഒന്നെനിയ്ക്കറിയാം അർജുൻ…
ഈ ലോകത്തിന്റെ ഏതു കോണിലും ഏത് പാതിരയ്ക്കും ധൈര്യമായി കടന്നു ചെല്ലാനെനിയ്ക്ക് കഴിയും… നീ കൂടെയുണ്ടെന്നോർക്കുമ്പോൾ..”
അർജുന്റെ ചുണ്ടിൽ നേരിയ പുഞ്ചിരി സ്ഥാനം പിടിച്ചു..
“പ്രണയത്തേക്കാൾ തീവ്രതയേറിയതെന്താണെന്നറിയോ അനുവിന്?
വിശ്വാസം!!
അതില്ലാത്തിടത്തോളം ബന്ധങ്ങളെല്ലാം ഒരു കളവാണ് അനൂ…
നിനക്കെന്നെ വിശ്വാസമുണ്ടെങ്കിൽ അതിനർത്ഥം നിന്റെ ഹൃദയത്തിനുള്ളിലെവിടെയോ സ്നേഹത്തിന്റെ കനൽ വെറുപ്പിൽ പൂണ്ടു കിടക്കുന്നുണ്ടെന്നാണ്….. ”
“അർജുന് എന്നോട് ഇഷ്ടം തോന്നാൻ എന്താ കാരണം?”
അവൻ ചിരിച്ചു..
“ജീവിതത്തിലൊരിയ്ക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഈ ചോദ്യമൊരു തമാശയാണ്..
സ്നേഹം അനിശ്ചിതമാണെന്നു കേട്ടിട്ടില്ലേ??”
“ശരിയായിരിയ്ക്കാം… പക്ഷെ.. മുൻപൊരിയ്ക്കലും തമാശയ്ക്ക് പോലും അർജുനെന്ന പേര് മറ്റൊരു പേരിനോട് ചേർത്ത് വച്ച് കണ്ടിട്ടേയില്ലാത്തിടത്തോളം ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്..”
“ആവോ.. അറിയില്ല..
പക്ഷെ ഒന്നറിയാം.. ഇതുപോലെ ഞാൻ തൊട്ടരികിൽ വന്നിരിയ്ക്കുമ്പോൾ വെറുപ്പോടെ നീയെഴുന്നേറ്റു പോവാത്തൊരു നിമിഷം..
വെറുപ്പിന്റെ അകമ്പടിയോട് കൂടിയല്ലാതെ നീയെന്നോട് സംസാരിച്ചിരിയ്ക്കുന്ന കുറച്ചു സമയം..
എല്ലാം ഞാനൊരുപാടു സ്വപ്നം കണ്ടിരുന്നു..”
രാത്രിയുടെ വിരൽ സ്പർശമേറ്റെപ്പോഴോ വിരിഞ്ഞ നിശാഗന്ധിയെ പുണർന്നെത്തിയ തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി..
“അനൂ.. ഇടയ്ക്കെപ്പോഴോ തോന്നിപ്പോയൊരിഷ്ടം പഴയ വെറുപ്പിനു കീഴടങ്ങില്ലെങ്കിൽ മരണം വേർപ്പെടുത്തുന്നത് വരെ നിന്നൂടെ എന്റെ കൂടെ??
ഒരു നിഴൽസ്പർശം പോലെ കൂടെ നിന്നൊരുപാട് സ്വപ്‌നങ്ങൾ കാണിച്ചൊടുവിൽ എന്നെ തനിച്ചാക്കി അകന്നു പോവാതിരുന്നൂടെ??”
ചെറിയൊരിടവേളയ്ക്ക് ശേഷം അർജുൻ തുടർന്നു..
“നമ്മളൊന്നിച്ചു നിന്ന് ചെയ്തു തീർക്കേണ്ടുന്ന എന്തൊക്കെയോ ഇനിയും ബാക്കി നിൽക്കുന്നു എന്നൊരു തോന്നൽ…
ഇനിയെങ്കിലും ഈ പിടിവാശി ഉപേക്ഷിച്ചു മനസ്സ് തുറന്നൂടെ??
നമുക്ക് മുൻപിലുള്ള സന്തോഷം മാത്രമുള്ള ജീവിതം തട്ടിത്തെറിപ്പിച്ചു അകന്നു പോണോ അനൂ??”
മറുപടിയായി അവൾ തോളിൽ തല ചായ്ക്കുമ്പോൾ അർജുന്റെ മുഖം ഒരായിരം ദീപങ്ങളൊരുമിച്ചു തെളിഞ്ഞ പോലെ പ്രകാശിച്ചു..
രാവേറെ ചെല്ലുവോളം സംസാരിച്ചിരിച്ചൊടുവിൽ മുറിയിലേയ്ക്ക് പോവുമ്പോൾ അങ്ങ് ദൂരെ നക്ഷത്രക്കുഞ്ഞുങ്ങൾ അവരെ നോക്കി കണ്ണ് ചിമ്മുന്നുണ്ടായിരുന്നു..
പതിവില്ലാതെ അവളെനിയ്ക്കു ബെഡ് കോഫീ കൊണ്ട് വന്നു തന്നപ്പോഴും നിർബന്ധിച്ചു വിളിച്ചുണർത്തി അമ്പലത്തിലേക്ക് കൊണ്ട് പോയപ്പോഴും ജീവിതത്തിലൊരിയ്ക്കലും അനുഭവിയ്ക്കാത്ത സന്തോഷം എന്റെ ഹൃദയത്തിൽ നിറഞ്ഞു..
ഞാൻ വാങ്ങിക്കൊടുത്ത ചുരിദാറണിഞ്ഞു അവളെ കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല!!
ഓഫീസിലേയ്ക്കുള്ള ഇടക്കിടെയുള്ള വിളികളും ഞാൻ വരുന്നതും നോക്കിയുള്ള കാത്തിരിപ്പുകളുമെല്ലാം ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിച്ചിരിയ്ക്കാനുള്ള ആഗ്രഹത്തെ വല്ലാതെ വർധിപ്പിച്ചു…
കൂട്ടുകാരിയുടെ മകളുടെ ഒന്നാം പിറന്നാളിന് എന്നോടൊപ്പം അവൾ വന്നപ്പോൾ അവളെന്നെ തനിച്ചാക്കില്ലെന്നുള്ള വിശ്വാസം ബലപ്പെട്ടു…
“നല്ല വാവ അല്ലെ അർജുൻ?”
“മമ്… നീയിങ്ങനെ കണ്ടവരുടെ വാവയെയും നോക്കി ഇരുന്നോ…”
“എന്തെങ്കിലും പറഞ്ഞോ?”
“ഒന്നും പറഞ്ഞില്ലേ…”
അവൻ മുറിയിൽ നിന്നും പോവുന്നത് നോക്കി അനു അടക്കി ചിരിച്ചു..
പിറ്റേന്ന് അവൻ ഓഫിസിലേക്ക് പോയിക്കഴിഞ്ഞു പ്ലാൻ ചെയ്തതുപോലെ അർജുന്റെ ഫോണിലെ ഡിലീറ്റ് ചെയ്‌ത കോൾ ലിസ്റ്റിന്റെ പകർപ്പ് സൈബർ സെല്ലിലുള്ള സുഹൃത്തിന്റെ സഹായത്തോടെ എടുത്ത് സൂക്ഷ്മതയോടെ പരിശോധിച്ചു…
അവസാനം കണ്ട നമ്പർ ഫോണിൽ അമർത്തി കാതോരം ചേർത്തു..
“ഹലോ..”
“ഹലോ അനൂ… വോട്ട് എ സർപ്രൈസ്.. എന്താ പതിവില്ലാതെ??”
ഒട്ടും പ്രതീക്ഷിയ്ക്കാതെ എതിർവശത്തു നിന്നും പെയ്തിറങ്ങിയ മറുപടി അവളെ വല്ലാത്ത നടുക്കത്തിൽ കൊണ്ടു ചെന്നെത്തിച്ചു..
“അത്… എനിയ്ക്കൊന്നു കാണണം.. അര മണിക്കൂറിനുള്ളിൽ ഒന്ന് പാർക്കിൽ വരാൻ കഴിയോ??”
“പിന്നെന്താ ഷുവർ..”
“ഓക്കേ.. താങ്ക് യു ..”
ഫോൺ കട്ട് ചെയ്‌ത് യാത്രയാകവേ ഉത്തരമില്ലാ ചോദ്യങ്ങളേറെ മനസ്സിൽ ഉയർന്നു പൊങ്ങി..
ആരായിരിയ്ക്കും അയാൾ?? അയാളായിരിയ്ക്കോ എല്ലാത്തിനും പിറകിൽ? അങ്ങനെയാണെങ്കിൽ എന്തിന്?
കാത്തിരിപ്പിനൊടുവിൽ അയാളെത്തി ചേർന്നപ്പോൾ ശബ്ദിയ്ക്കാൻ പോലുമാവാതെ അവൾ പകച്ചു നിന്നു..
ഡോക്ടർ ശ്രീജിത്ത് !!!
(തുടരും…)
രചന: സ്വാതി. കെ.എസ്
( ഞാൻ അപ്പോഴേ പറഞ്ഞില്ലേ കഥ നിങ്ങള് predict ചെയ്‌തത് പോലെ അല്ലാന്ന്😂 ന്തായാലും ബാക്കി കൂടി സപ്പോർട്ട് ചെയ്യണേ… നമുക്ക് വേഗം അവസാനിപ്പിച്ചേക്കാം)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Ithinte baakki kuudi onnu vegam post cheyyane please