Skip to content

ആത്മസഖി – Part 10

Aathmasakhi Novel Malayalam at Aksharathalukal

“അതമ്മേ.. ക്ലാസ് ഇങ്ങനെ ലീവാക്കാൻ പറ്റില്ല.. ഫൈനൽ ഇയറല്ലേ..”

അർജുൻ വിസമ്മതമറിയിക്കില്ലെന്നു ബോധ്യമായപ്പോൾ
ഞാൻ ചാടിക്കയറി പറഞ്ഞു..

“മോളെ.. ഹണിമൂൺ ട്രിപ്പ് എന്നൊക്കെ പറഞ്ഞാൽ ലൈഫിലൊരിയ്ക്കലെ പോകാൻ കഴിയൂ.. കല്യാണം കഴിഞ്ഞ ഉടൻ പോയില്ലെങ്കിൽ പിന്നീടതൊരു നഷ്ടമാവും…”

“എന്നാലും..”

“നിങ്ങളിനി ഒബ്ജക്ഷനൊന്നും പറയണ്ട.. അമ്മ പറയുന്നത് കേട്ടാൽ മതി..”

അമ്മ എഴുന്നേറ്റതിന്റെ കൂടെത്തന്നെ താത്കാലിക രക്ഷ നോക്കി ഞാനെഴുന്നേറ്റു കൈ കഴുകി റൂമിൽ പോയി.. ഇനി ഇതിന്റെ പേരിലെന്തൊക്കെയാണാവോ അവളുടെ വായിന്ന് കേൾക്കേണ്ടി വരിക..

“അർജുൻ.. ഇതൊന്നും ശരിയാവില്ല.. എങ്ങനെയെങ്കിലും ഈ ട്രിപ്പ് കാൻസൽ ചെയ്യണം..”

“അതിനിപ്പോ ഞാനെന്തു ചെയ്യാനാ? അമ്മ പറഞ്ഞത് അനു കേട്ടതല്ലേ..??”

“എനിയ്ക്ക് നിന്റെ കൂടെ വരാൻ ഒട്ടും താല്പര്യമില്ല..”

“എങ്കിൽ നീ തന്നെ അമ്മയോട് പറഞ്ഞോ.. എനിക്കേതായാലും നല്ല താല്പര്യമുണ്ട്.. സോ.. എന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഈ കാര്യത്തിൽ പ്രതീക്ഷിയ്ക്കണ്ട..”

“വൃത്തികെട്ടവൻ…”

അവൾ എന്നെ നോക്കി പിറു പിറുത്തു..

“നിന്നോടാരെങ്കിലും പറഞ്ഞോ വൃത്തികെട്ടവനെ കല്യാണം കഴിയ്ക്കാൻ? ഇതൊക്കെ ആദ്യമേ ഓർക്കണമായിരുന്നു..”

വർധിച്ച ദേഷ്യത്തോടെ അവളമർത്തി ചവുട്ടി നടന്നു പോയപ്പോൾ പറയേണ്ടായിരുന്നെന്നു തോന്നി..

പിറ്റേന്ന് കാറിൽ കയറി ഇരിയ്ക്കുമ്പോൾ അവൾ പതിവ് പോലെ പുച്ഛത്തിന്റെ ആവരണമെടുത്തണിഞ്ഞു.

“എന്നെ ആ ബസ് സ്റ്റാൻഡിൽ വിട്ടാ മതി..”

“അതെന്താ??”

“നീ വരുന്നത് വരെ ഞാൻ ലച്ചുവിന്റെ വീട്ടിൽ നിക്കാം.. അതാവുമ്പോൾ ആർക്കും സംശയവും തോന്നില്ല…”

“അപ്പൊ അമ്മ വിളിച്ചാൽ എന്ത് പറയും?”

“അമ്മയെങ്ങാനും വിളിച്ചാൽ എന്നെ കൂടി കണക്ട് ചെയ്താൽ മതി..”

“നീയില്ലാതെ ഞാനെന്തിന് പോവാ അനൂ?? ഹണിമൂൺ സോളോ ട്രിപ്പ് അല്ല..”

“നിന്റെ കൂടെ ഹണിമൂൺ ട്രിപ്പ് വരാൻ നീയെന്റെ ആരാ? ”

“കഴുത്തിൽ കിടക്കുന്ന താലിയോട് ചോദിയ്ക്ക്.. ഉത്തരം കിട്ടും!!”

“കഴുത്തിലൊരു ചരടണിയിച്ചെന്നു കരുതി എന്റെ മേലുള്ള അവകാശം നിനക്ക് ഞാൻ തീറെഴുതി തന്നിട്ടുണ്ടോ??

എന്റെ ഹൃദയത്തിലൊരിയ്ക്കലും നിനക്കൊരു സ്ഥാനമുണ്ടാവില്ലെന്നോർത്താൽ നന്ന്!!”

അവൻ മറുപടി പറയുന്നില്ലെന്നു കണ്ട് അനു തുടർന്നു..

വാക്കുകൾ കൊണ്ട് പല തവണ നീയെന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേല്പിച്ചിട്ടുണ്ട്..

അതിന്റെ ചോരപ്പാടുകളുണങ്ങാത്തിടത്തോളം കാലം നിന്നോടെനിയ്ക്ക് യാതൊരു അനുകമ്പയും തോന്നില്ല അർജുൻ!

നീയെത്ര സ്നേഹം അഭിനയിച്ചാലും ചെയ്തു കൂട്ടിയത്തിന്റെയെല്ലാം തട്ട് താണ് തന്നെയിരിയ്ക്കും!! ഇനിയങ്ങോട്ട് നിന്റെ ഇപ്പോഴുള്ള അഭിനയമൊന്നും തികയാതെ വരും അർജുൻ!!

വെറും ആറു മാസം.. അത്
കഴിഞ്ഞാൽ അരങ്ങൊഴിയാണുള്ളതാണീ ഭർതൃ പദവിയെന്നോർക്കണം!!”

അർജുനെനിയ്ക്ക് മറുപടി തരാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു..

ബസ് സ്റ്റാൻഡിന് സമീപം ഏത്താറായപ്പോൾ ഞാനിറങ്ങാൻ റെഡിയായി നിന്നു..

എന്നാൽ എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടു അർജുൻ ശര വേഗത്തിൽ കാർ മുൻപോട്ട് കൊണ്ടുപോയി..

” വണ്ടി നിർത്ത്.. എനിക്കിവിടെ ഇറങ്ങണം..”

കേട്ട ഭാവം പോലുമില്ല!!

“അർജുൻ നിന്നോടാ പറഞ്ഞത് വണ്ടി നിർത്താൻ.. എനിയ്ക്കിവിടെ ഇറങ്ങണമെന്നു പറഞ്ഞില്ലേ?”

“നിനക്കെന്താ ചെവി കേൾക്കില്ലേ??? സ്റ്റോപ്പ് ദി കാർ…”

“ഇതെവിടെ നിർത്തണമെന്ന് എനിയ്ക്കറിയാം.. നീ മിണ്ടാതവിടെ ഇരുന്നാൽ മതി..”

“നിന്റെ കൂടെ വരുന്നില്ലെന്നു ഞാൻ പറഞ്ഞതല്ലേ അർജുൻ?? പിന്നെന്തിനാ നീയെന്നെ ബലമായി കൊണ്ട് പോവുന്നത്??”

“നിന്നേയും കൂടെ കൊണ്ടുപോവുമെന്ന് അർജുൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ദൈവം വിചാരിച്ചാൽ പോലും അതിനൊരു മാറ്റവും ഉണ്ടാവില്ല..”

“നിന്നെപ്പോലുള്ള വായിനോക്കികളുടെ കൂടെ വരാൻ എനിയ്ക്ക് താത്പര്യമില്ലെന്ന് പറഞ്ഞില്ലേ?”

“വെറുതെ ഒച്ച വെച്ച് കഷ്ടപ്പെടണമെന്നില്ല..”

“അപ്പൊ നീ വണ്ടി നിർത്തില്ല??”

മറുപടിയില്ലാതെ നേരെ നോക്കി ഡ്രൈവ് ചെയ്യുന്ന അർജുനെ കണ്ടപ്പോൾ അനുവിന് ദേഷ്യം നിയന്ത്രിയ്ക്കാനായില്ല..

നീയെവിടെയെങ്കിലും നിർത്തുമല്ലോ! അപ്പൊ കാണിച്ചു തരാം!

അവൾ മനസ്സിലോർത്തു..

യാത്രയിലുടനീളം അർജുനെന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നെങ്കിലും ഒരു വാക്ക് പോലും അവളുരിയാടിയിരുന്നില്ല..

പിന്നോട്ട് മറയുന്ന കാഴ്ചകൾക്കൊപ്പം അവൾ ഓർമകളെയും യാത്രയയച്ചിരുന്നെന്നു തോന്നി…

ഉച്ചഭക്ഷണം കഴിയ്ക്കാൻ വണ്ടി നിർത്തുന്നത് വരെയും അവളുടെ കണ്ണുകളിൽ ദേഷ്യം അതിന്റെ പാരമ്യതയിൽ തന്നെ നിലകൊണ്ടു..

“അനൂ.. ഇറങ്ങ്.. ഇവിടെയാണ് ഫുഡ് അറേഞ്ച് ചെയ്തിരിയ്ക്കുന്നത്… ഇനി കുറച്ചു നേരം റെസ്‌റ്റെടുത്തിട്ടു കണ്ടിന്യു ചെയ്യാം..”

മനസ്സിലെന്തൊക്കെയോ കണക്കുകൂട്ടലുകളോടെ കാറിൽ നിന്നിറങ്ങിയ അനുവിന്റെ കയ്യിൽ നിന്നും പൊടുന്നനെ അർജുൻ ഹാൻഡ് ബാഗ് പിടിച്ചെടുത്തു കാറിനുള്ളിലേയ്ക്കിട്ടു ഡോർ ലോക് ചെയ്തു..

“അത് തൽക്കാലം അവിടെ ഇരുന്നോട്ടെ.. ഇല്ലെങ്കിൽ നീ ചിലപ്പോ കിട്ടുന്ന ബസ് പിടിച്ചു വീട്ടിൽ പോകും..

ഇവിടെ പിള്ളേരെ പിടുത്തക്കാരൊക്കെ ഉള്ളതാ..”

അർജുൻ ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു!!

അവൾ ദേഷ്യത്തോടെ നിലത്തമർത്തി ചവിട്ടി..

തന്റെ സകല പ്ലാനും തകർന്നിരിയ്ക്കുന്നു!!

തീ പാറുന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന അനുവിന്റെ കൈ പിടിച്ചു അർജുൻ റെസ്റ്റോറന്റിലേയ്ക്ക് നടന്നു..

കുതറാൻ ശ്രമിച്ചെങ്കിലും ഒരടി പോലും പിറകോട്ടു വയ്ക്കാനാവാതെ അവൾക്കൊടുവിൽ തോൽവി സമ്മതിയ്ക്കേണ്ടി വന്നു..

മുൻപിൽ വിളമ്പിയ ഭക്ഷണം ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെയാണ് അവനോടുള്ള ദേഷ്യം കുറച്ചെങ്കിലും അടക്കിയത്..

അർജുനൊരുപാട് നിർബന്ധിച്ചെങ്കിലും പുച്ഛത്തോടെ മുഖം തിരിച്ചുകൊണ്ട് അവളെഴുന്നേറ്റു പോയി!!

കുഴച്ചിട്ട ആഹാരത്തിനു മുൻപിൽ നിന്നും വേദനയോടെ എഴുന്നേൽക്കുമ്പോൾ ഹൃദയം തകരുന്ന വേദന തന്നെ തകർക്കുന്നതായി തോന്നി.

യാത്രയിലുടനീളം അവളുടെ മൗനം അവനെ ചുട്ടു പൊള്ളിച്ചുകൊണ്ടേയിരുന്നു..

“എന്തിനാ അനൂ എന്നോടിത്രയും ദേഷ്യം? യാത്രകൾ നിനക്കൊരുപാടിഷ്ടമല്ലേ? എന്നിട്ടും.. ”

മൗനം..

“മുൻപെപ്പോഴോ സ്വയമറിയാതെ പിണഞ്ഞു പോയൊരബദ്ധത്തിന്റെ പേരിൽ കാലങ്ങളായി മൗനം കൊണ്ട് നീയെന്നെ ചിത്രവധം ചെയ്തില്ലേ?

അവസാനിപ്പിച്ചു കൂടെ ഇനിയെങ്കിലും??”

പുച്ഛത്തോടെയുള്ള നോട്ടമായിരുന്നു മറുപടി..

“എന്നെങ്കിലുമൊരിയ്ക്കൽ നീ തിരിച്ചറിയും ഞാനെത്ര മാത്രം നിന്നെ സ്നേഹിച്ചിരുന്നെന്ന്!!

എന്റെ സ്നേഹത്തിന്റെ വില കാലം തെളിയിയ്ക്കും അനു..”

“ഇതെന്തൊരു ശല്യമാണ്.. തനിയ്ക്കൊന്നു മിണ്ടാതിരിയ്ക്കാൻ കഴിയോ?? ഇല്ലെങ്കിൽ എന്നെയൊന്ന് കൊന്നു താ അർജുൻ..

അങ്ങനെയെങ്കിൽ പിന്നെ കാണണ്ടല്ലോ ഓരോ വാക്കുകളും വ്യക്തതയോടെ മനഃപാഠമാക്കി എനിയ്ക്കു മുൻപിൽ കെട്ടിയാടുന്ന നിന്റെയീ ഒറ്റയാൾ നാടകം!!”

അവളെന്തൊക്കെയോ പിറുപിറുത്തുകൊണ്ടു പുറത്തേയ്ക്ക് നോക്കിയിരുന്നു…

“മുൻപോട്ടു തന്നെ പോവാനാണ് ഭാവമെങ്കിൽ ഇനിയുള്ള നാല് ദിവസവും പച്ച വെള്ളം പോലും ഞാൻ കൈ കൊണ്ട് തൊടില്ല… ”

അവളുടെ ശബ്ദം ഉറച്ചതായിരുന്നു..

പക്ഷെ അവനൊരിയ്ക്കലും വണ്ടി തിരിയ്ക്കുമെന്നവൾ പ്രതീക്ഷിച്ചതേയില്ല!!

ലച്ചുവിന്റെ വീടിനു മുൻപിൽ കാർ നിർത്തുമ്പോഴും അവളിറങ്ങി യാത്രയാവുമ്പോഴും കുനിഞ്ഞ മുഖത്തോടെ അർജുൻ കാറിലിരിയ്ക്കുന്നുണ്ടായിരുന്നു…

അഞ്ചാം ദിവസം പുലർച്ചെ അവനോടൊപ്പം വീട്ടിലേയ്ക്ക് യാത്രയാവുമ്പോഴും അവനിത്രയും ദിവസം എവിടെയായിരുന്നെന്നു പോലും അവളന്വേഷിച്ചില്ല..

കട്ടിലിലെ കിടപ്പ് നിലത്തേക്ക് മാറ്റിക്കൊണ്ടാണവൾ പ്രതിക്ഷേധമറിയിച്ചത്!!

വീട്ടിലെല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ അവൾക്കൊട്ടും പ്രയാസമുണ്ടായിരുന്നില്ല..

ഗൗരവക്കാരനായ അച്ഛനെപ്പോലും എത്ര വേഗത്തിലാണവൾ വശത്താക്കിയത്!!!

ക്ലാസ് കഴിഞ്ഞു വന്നാലുടൻ കോളേജിലെ കഥകളുമായി അവളമ്മയുടെ പിറകെ തന്നെ കാണും!!

ആരോടും അധികം മിണ്ടാട്ടമില്ലാത്ത അച്ഛൻ അവളുടെ കൂടെ തമാശ പറഞ്ഞ് ഉച്ചത്തിൽ ചിരിയ്ക്കുന്നത് കണ്ടു ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്!!!

പക്ഷെ വെറുതെയെങ്കിൽ പോലും എന്നോടൊരു വാക്ക് മിണ്ടാൻ അവൾ ഒട്ടും ആഗ്രഹിച്ചതെയില്ല..

വെറുപ്പോടെയുള്ള സമീപനങ്ങൾ ഓരോ നിമിഷവും കൂടി വന്നു..

ഒരുപാട് ആഗ്രഹിച്ചൊരു ചുരിദാർ വാങ്ങിക്കൊടുത്തപ്പോൾ ഒന്ന് പൊതിയഴിച്ചു നോക്കുക കൂടി ചെയ്യാതെ
അവജ്ഞയോടെ കിടക്കയിലേയ്ക്ക് വലിച്ചെറിഞ്ഞു കളഞ്ഞു!!

പുച്ഛത്തോടെ മുറിവിട്ടിറങ്ങിപ്പോവുമ്പോൾ ചിരിയ്ക്കിടയിലും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് അവളെന്തേ കണ്ടില്ല!!

അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചതോ??

ഒരു ദിവസം ഓഫീസ് കഴിഞ്ഞു വന്നപ്പോൾ മുറിയിൽ കരഞ്ഞു വീർത്ത മുഖവുമായിരിയ്ക്കുന്ന അനുവിനെയാണ് കണ്ടത്..

എത്ര ചോദിച്ചിട്ടും അവളുത്തരം തന്നില്ല..

ഭ്രാന്ത് പിടിയ്ക്കുന്നത് പോലെ തോന്നിയെനിയ്ക്ക്…

രാത്രി തലയിണയിൽ മുഖമമർത്തി തേങ്ങുന്നത് കണ്ടപ്പോൾ കാലു പിടിയ്ക്കുന്നത് പോലെ ചോദിച്ചതാണ് കാരണമെന്താണെന്ന്..

എന്നിട്ടുമവൾ ഒന്ന് നോക്കിയത് പോലുമില്ല..

കരഞ്ഞു കരഞ്ഞെപ്പോഴോ അവളുറങ്ങിയപ്പോഴും ഹൃദയ ഭാരത്തോടെ ഞാനുറങ്ങാതെ കാവലുണ്ടായിരുന്നു..

ഒരുപാട് സങ്കടമൊന്നും സഹിയ്ക്കാൻ ശക്തിയില്ലവൾക്ക്..

പിറ്റേന്ന് രാവിലെ വന്നു കിടക്കുന്ന മെയിലുകൾക്കിടയിൽ നിന്നും അപ്രതീക്ഷിതമായി ആ വെഡ്ഡിങ് കാർഡ് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ശരത്തിന്റെ കല്യാണമാണെന്നുള്ള കാര്യം ഓർമയിലുദിച്ചത്.

മനസ്സിൽ തറഞ്ഞു കിടന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം പകൽ പോലെ വ്യക്തമായപ്പോൾ കണ്ണാടിയിൽ കണ്ട തന്റെ പ്രതി രൂപം ഒരു കോമാളിയെ അനുസ്മരിപ്പിയ്ക്കുന്നതായി തോന്നിയോ?”

മുഹൂർത്തിനെത്താൻ കണക്കാക്കി അനു വീട്ടിൽ നിന്നിറങ്ങുമ്പോൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അർജുൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

കയറിയിരിയ്ക്കാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചപ്പോൾ എന്തുകൊണ്ടോ നിരസിയ്ക്കാൻ തോന്നിയില്ല…

വേദിയ്ക്കുള്ളിലിരുന്നു താലികെട്ട് കണ്ടപ്പോൾ അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ നിറഞ്ഞിരുന്നോ??

ശരത്തേട്ടന്റെ മുഖത്തെ സന്തോഷമാണോ തന്നെ തളർത്തിയത്?

മനസ്സിലാവുന്നില്ലല്ലോ!

താനെന്തിനാണ് കരഞ്ഞതെന്നുള്ള ചോദ്യത്തിന് ഉത്തരമില്ലായിരുന്നു…

പക്ഷെ..

തന്റെ കണ്ണീരിന് നിസ്സഹായനായി സാക്ഷ്യം വഹിയ്ക്കേണ്ടി വന്ന അർജുന്റെ മുഖത്തു കണ്ട വേദന.. അതെന്തിനായിരുന്നെന്ന ചോദ്യത്തിനുള്ള ഉത്തരം തികച്ചും വ്യക്തമായിരുന്നു..

എല്ലാ വേദനകളും മായ്ച്ചു കളഞ്ഞിറങ്ങാൻ നേരം അർജുനെന്റെ കൈ പിടിച്ചു മണ്ഡപത്തിലേയ്ക്ക് കയറുമ്പോൾ ഒന്നും മനസ്സിലാവാതെ ഞാനമ്പരന്നു നിന്നു..

ഒട്ടും പ്രതീക്ഷിയ്ക്കാതെ എന്റെ കയ്യിൽ രണ്ടു സ്വർണ മോതിരങ്ങളേൽപിച്ച് അവരുടെ കൈകളിൽ ഇട്ടുകൊടുക്കാനേല്പിച്ചപ്പോൾ അനുസരിയ്ക്കാതിരിയ്ക്കാനായില്ല..

രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അവനെന്നെ ചേർത്ത് പിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നപ്പോൾ മുൻപൊരിയ്ക്കലും തോന്നാത്തൊരിഷ്ടം തോന്നിപ്പോയതെങ്ങിനെയാണ്??

അറിയില്ല!!

പക്ഷെ ഒന്നറിയാമായിരുന്നു..

എത്ര വേദനിപ്പിച്ചാലും ഒട്ടും പരിഭവിയ്ക്കാതെ അവനെന്നെ ചേർത്തു പിടിയ്ക്കുന്നുണ്ടായിരുന്നു.

സദാ ഒരു കവചം പോലെ അവനെനിയ്ക്ക് കാവലുണ്ടായിരുന്നു..

എന്റെ അച്ഛനുമമ്മയ്ക്കും അവനെങ്ങനെയാണ് സ്വന്തം മകനായതെന്നു എത്ര ആലോചിച്ചിട്ടുമെനിയ്ക്ക് മനസിലായിരുന്നില്ല..

പക്ഷെ.. പിന്നീടൊരിയ്ക്കൽ ലച്ചുവിനെ കണ്ടപ്പോൾ പല തവണ ഞാനറിയാതെ അവനെന്റെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും ഒത്തിരി നേരം സംസാരിച്ചിരിയ്ക്കാറുണ്ടായിരുന്നെന്നും മനസ്സിലായി…

അച്ഛനെയും അമ്മയെയും ആറു മാസത്തെ കരാറിന്റെ മറവിൽ ചതിയ്ക്കുകയാണെന്ന ബോധ്യം ഹൃദയത്തെ വേട്ടയാടുന്നതിനാൽ മനപ്പൂർവം വീട്ടിൽ പോവാതെ പിടിച്ചു നിൽക്കുന്നതിന്റെ വേദന അവനെത്ര വേഗമാണുൾക്കൊണ്ടത്!!!

ഞാൻ ചെയ്യേണ്ടുന്ന കടമകളെല്ലാം എന്നെ തോൽപിച്ചുകൊണ്ടവൻ നിറവേറ്റുമ്പോൾ വീണ്ടും വീണ്ടുമവന്റെ മുൻപിൽ തോറ്റു പോവുകയാണോ?

അവനോട് പതിവ് ദേഷ്യം പ്രകടിപ്പിയ്ക്കാൻ മനസ്സ് വല്ലാതെ വിസമ്മതിച്ചു തുടങ്ങിയത് പോലെ…

ഒരു നിശ്വാസത്തുടിപ്പിനിപ്പുറം അവനെപ്പോഴും കൂടെ ഉണ്ടായിരുന്നെങ്കിൽ!!

എന്താണിങ്ങനെയൊക്കെ?? ഒരിയ്ക്കലും കാണാനിഷ്ടപ്പെടാത്ത അവന്റെ കണ്ണുകളും ചിരിയ്ക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴികളും ഹൃദയത്തെ കീഴടക്കിയോ?

അവനോടുള്ള ദേഷ്യത്തിന് നേരിയ താഴ്ച്ച തോന്നിയതുപോലെ..

ചിന്തകളിലെങ്ങോ മുഴുകിയിരിയ്ക്കവേ
ഒട്ടും പ്രതീക്ഷിയ്ക്കാതെയാണ് ആ കോൾ അവളെ തേടിയെത്തിയത്..

“ഹലോ അനുവല്ലേ??”

“അതെ.. ആരാ?”

“ഞാൻ ദിയ.. അർജുന്റെ ഫ്രണ്ടാ.. എനിയ്ക്ക് അർജൻറ്റ് ആയിട്ട് അനുവിനെയാണ് കാണണം..”

“എന്താ കാര്യം?”

“അതൊക്കെ വന്നിട്ടു പറയാം.. പിന്നെ.. അർജുൻ അറിയരുത്..”

വരേണ്ട സ്ഥലം പറഞ്ഞു ഫോൺ കട്ടായപ്പോൾ ഉള്ളിലൊരുപാട് സംശങ്ങളോടെ അനു യാത്ര തിരിച്ചു…

സംഭവിയ്ക്കാൻ പോവുന്നതിനെക്കുറിച്ചു യാതൊരു ധാരണയുമില്ലാതെ…

(തുടരും…)

രചന:swathi.k.s

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!