അര മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം അവൾ പറഞ്ഞ സ്ഥലത്തെത്തുമ്പോൾ അനുവിന്റെ ഹൃദയം നിറയെ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു..
അവളെ കണ്ട പാട് തന്നെ ദിയ ചിരിച്ചുകൊണ്ട് അടുത്തേയ്ക്ക് നടന്നെത്തി..
“ഹായ് അനൂ.. ദിയ!!.”
ചിരിച്ചുകൊണ്ടവൾ നീട്ടിയ ഹസ്ത ദാനം സ്വീകരിയ്ക്കുമ്പോൾ ഉള്ളിലൊരായിരം സംശയങ്ങൾ ഉടലെടുത്തിരുന്നു..
അർജുനോടൊപ്പം തന്നെ കോളേജിൽ വച്ചൊരുപാട് തവണ കണ്ടിരിയ്ക്കുന്നു ഇവളെ!!
“പ്രധാനപ്പെട്ടൊരു കാര്യം സംസാരിയ്ക്കാനാണ് ഞാൻ അനുവിനോട് വരാൻ പറഞ്ഞത്..”
എന്താണെന്നുള്ള ഭാവത്തിൽ ഞാനവളെ നോക്കി..
“നീയറിയാത്തൊരു സത്യമുണ്ട് അനു.. നീ കരുതുന്നത് പോലെ അർജുൻ അവരുടെ മകനല്ല… ആ വീട്ടിലെ അഛന്റെ അനിയന്റെ മകനാണ്…”
നടുക്കത്തോടെ ഞാൻ അവളെ നോക്കി…!!
“സത്യമാണ്… ഒരു കാർ ആക്സിഡന്റിൽ അവന്റെ അമ്മയും അച്ഛനും കുഞ്ഞിലെ മരിച്ചു പോയതാണ്…”
“സത്യമാണോ??”
വിശ്വസിയ്ക്കാനാവാതെ ഞാനമ്പരന്നു നിന്നു..
“അതെ…അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.. അതിനുള്ള ട്രീറ്റ്മെന്റിന് വേണ്ടിയാണ് അവർ വിദേശത്തേയ്ക്ക് പോയത്… ഒരുപാട് കാലത്തെ ട്രീറ്റ്മെന്റിന് ശേഷം തിരിച്ചു വരാൻ ഒരുങ്ങവേയാണ് അയാൾക്ക് കാൻസർ ആണെന്ന് മനസ്സിലാവുന്നത്… പിന്നെ അതിന്റെ ചികിത്സയ്ക്ക് വേണ്ടി വര്ഷങ്ങളെടുത്തു..”
“ഇത്… അർജുന് അറിയോ??”
“അറിയാം… ഇപ്പോഴവന് സ്വന്തമെന്നു പറഞ്ഞു ചേർത്ത് പിടിയ്ക്കാൻ അനു മാത്രമേയുള്ളു… ഇത്രയും കാലം കൂട്ടി വച്ച സ്നേഹം മുഴുവനും അവന്റെ ഹൃദയത്തിലുണ്ട്…”
പേരറിയാത്തൊരു ഗദ്ഗദം എന്റെ ഹൃദയത്തിൽ പടർന്നു..
“അനുവിനറിയാലോ അർജുന്റെ സ്വഭാവം.. ഒരുപാട് അടുപ്പമുള്ള സുഹൃത്തുക്കളൊഴിച്ചാൽ ബാക്കിയെല്ലാവരും ശത്രുക്കളാണവന്…
പക്ഷെ അവൻ എന്ത് ചെയ്‌താലും അതിനു പിന്നിലെല്ലാം വ്യക്തമായ കാരണങ്ങളുണ്ടാവും.. ഉള്ളിലൊന്നും പുറത്തു മറ്റൊന്നും വച്ച് പെരുമാറുന്ന സ്വഭാവമില്ലാത്തതിനാലാവാം അവനൊരുപാട് പേരുടെ ശത്രുത കൈപ്പറ്റിയത്..”
ഒന്നും മനസ്സിലാവാതെ ഞാൻ അവളെത്തന്നെ നോക്കി..
“കുഞ്ഞു നാളു മുതൽക്കേ അച്ഛനും അമ്മയും അവനെ മുത്തശ്ശിയെ ഏൽപ്പിച്ചു പോയതാണ്… ഏകാന്തതയും സ്നേഹക്കുറവും ഒരുപാട് അനുഭവിച്ചിട്ടുണ്ട് അർജുൻ…”
വേദന നിഴൽ പടർത്തിയ മനസ്സോടെ ഞാൻ മൂകമായി നിന്നു..
“അനു ഇനിയും അവനെ വേദനിപ്പിയ്ക്കരുത്.. അത്രമാത്രം അവൻ സ്നേഹിയ്ക്കുന്നുണ്ട് തന്നെ!!
അന്ന് ഗ്രീൻ റൂമിൽ വച്ചു തനിയ്ക്ക് സംഭവിച്ച അപകടം അവനെ ഒരുപാട് എഫക്ട് ചെയ്തിരുന്നു..
ഓരോ ദിവസവും ആ ഹോസ്പിറ്റൽ വരാന്തയിൽ അവൻ ഉറക്കമൊഴിച്ചു കാവലുണ്ടായിരുന്നു.. ജീവിതത്തിലാദ്യമായി അവനെ അമ്പലത്തിൽ കണ്ടപ്പോൾ ശരിയ്ക്കും ഞാൻ അത്ഭുതപ്പെട്ടു..
നിന്നെ ഓര്മയിലേയ്ക്ക് തിരിച്ചു കൊണ്ട് വരാനായി അവനാണ് ഡോക്ടറുമായി ആലോചിച്ചു അങ്ങനൊരു പ്ലാൻ ഉണ്ടാക്കിയത്..”
അവളുടെ വാക്കുകൾ എന്നിൽ വല്ലാത്തൊരു നടുക്കം സൃഷ്ടിച്ചു..
“അതിനു ശേഷം ഒരു തുള്ളി മദ്യം പോലും അവൻ കൈ കൊണ്ട് തൊട്ടിട്ടില്ല അനു.. നിങ്ങളുടെ കല്യാണം ഉറപ്പിച്ചതിനു ശേഷം അവനാരോടും ഒരു വഴക്കിനും പോയിട്ടില്ല..
ചെയ്ത തെറ്റെല്ലാം അവൻ തിരുത്തിയില്ലേ? എന്നിട്ടും എന്തിനാ താനവനെ ഇപ്പോഴും ഇങ്ങനെ ശിക്ഷിയ്ക്കുന്നത്??
അവനൊരു പാവമാണ്.. വർഷങ്ങളായിട്ടു അവന്റെ ഉള്ളു കാണുന്ന എനിയ്ക്കതറിയാം.. മറ്റാരേക്കാളും…”
അവളുടെ മുൻപിൽ കടമകൾ നിറവേറ്റാത്തൊരു പെണ്ണായി നിൽക്കേണ്ടി വന്നപ്പോൾ എനിയ്ക്കൊരുപാട് ജാള്യത തോന്നി..
“ഞാൻ പറഞ്ഞതൊന്നും നിനക്ക് വിശ്വാസമായില്ലെങ്കിൽ നിന്റെ കൂട്ടുകാരിയോട് ചോദിയ്ക്കാം…
അവൾക്കറിയാം എല്ലാം!!”
“കെട്ടുതാലി കഴുത്തിൽ ചാർത്തിയവനോട് ഒരുപാട് കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട് പെണ്ണിന്.. അത് ഒരിയ്ക്കലെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് മനസ്സാക്ഷിയോട് ചോദിച്ചു നോക്ക് അനു.. ഉത്തരം കിട്ടും..
എല്ലാം സഹിച്ചും ക്ഷമിച്ചും അവൻ നിന്നോടൊപ്പം ജീവിയ്ക്കാൻ തുടങ്ങിയിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞില്ലേ??
എപ്പോഴെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ??
എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും നിന്നെ കരയിച്ചിട്ടുണ്ടോ???
അതെല്ലാം പോട്ടെ.. കല്യാണത്തിന് മുൻപത്തെ പോലെ പുറത്തിറങ്ങുമ്പോൾ ആരെങ്കിലും മോശമായ രീതിയിൽ നിന്നെ നോക്കിയിട്ടുണ്ടോ?
ഉണ്ടെങ്കിൽ പറ!!”
അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാനാവാതെ ഞാൻ നിന്ന് വിയർത്തു…
ഓരോ നിമിഷവും അവളുടെ മുൻപിൽ ഞാൻ മാത്രം തെറ്റുകാരിയായി!!!
“ഉള്ളിൽ മനഃസാക്ഷിയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇനിയും വേദനിപ്പിയ്ക്കരുത്… അത്രമാത്രം സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണ് അവൻ ജീവിയ്ക്കുന്നത്.. എന്നെങ്കിലുമൊരിയ്ക്കൽ അവന്റെ സ്നേഹം നീ തിരിച്ചറിയുന്ന ദിവസത്തിന് വേണ്ടിയാണ് അവനിപ്പോൾ ജീവിയ്ക്കുന്നത് തന്നെ…”
തല കുനിച്ചു നിൽക്കുന്ന എന്നെ നോക്കി അവൾ തുടർന്നു..
“ഈ കാര്യങ്ങളെല്ലാം എന്നെങ്കിലും അവൻ നിന്നോട് തുറന്നു പറയുന്ന നിമിഷം വരെ ഒന്നും അനു അറിഞ്ഞതായി ഭാവിയ്ക്കരുത്…”
ഹൃദയഭാരത്തോടെ മടങ്ങുമ്പോൾ സൂര്യൻ അസ്തമയത്തിന്റെ അവസാന പാതിയിലെത്തിയിരുന്നു..
നേരെ പോയത് ലച്ചുവിന്റെ അരികിലേയ്ക്കാണ്…
“എല്ലാം സത്യമാണ് അനു… ഓർമ നഷ്ടപ്പെട്ടു നീ കഴിയുമ്പോൾ എല്ലാ മാസവും മുടങ്ങാതെ നീ പൈസ കൊടുക്കുന്ന അനാഥാലയങ്ങളിലെല്ലാം അവനത് മുടങ്ങാതെ എത്തിച്ചിരുന്നു..”
നിശ്ശബ്ദമായിരിയ്ക്കുന്ന അനുവിനെ നോക്കി അവൾ തുടർന്നു…
“നിന്റെ അവസ്ഥ താങ്ങാൻ കഴിയാതെ ശരത്തേട്ടൻ വേദനയോടെ തിരിച്ചു പോവുമ്പോൾ അർജുൻ ഊണും ഉറക്കവുമുപേക്ഷിച്ചു കാവലുണ്ടായിരുന്നു..
അവനാണ് അർജുൻ എന്ന് നിന്റെ വീട്ടുകാർ അറിയുന്നത് വരെ എല്ലാ കാര്യത്തിനും അവനുണ്ടായിരുന്നു അവരുടെ കൂടെ…
ഇതൊന്നും നിന്നോട് പറയരുതെന്ന് അർജുൻ പറഞ്ഞിരുന്നു..
ഇതുകൊണ്ടൊക്കെയാണ് നീയവനെ വിവാഹം ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർക്കാതിരുന്നത്…
ചേരേണ്ടത് നിങ്ങൾ തന്നെയായിരുന്നു..!!
ചെയ്ത തെറ്റ് മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്തവർക്ക് വീണ്ടും വീണ്ടും ശിക്ഷ വിധിയ്ക്കേണ്ടതിന്റെ ആവശ്യകതയെന്താ അനൂ? നീ തന്നെ പറ!!”
“നീയവനെ സ്നേഹിച്ചില്ലെങ്കിലും ഇനിയും ഇത്തരത്തിൽ അവഗണിയ്ക്കാതിരിയ്ക്കാൻ ശ്രമിയ്ക്കണം…”
അവളോട് യാത്ര പോലും പറയാതെ ഇരുട്ട് വീണ വഴികളിലൂടെ വീട് ലക്ഷ്യമാക്കി വണ്ടിയോടിയ്ക്കുമ്പോൾ പെട്ടെന്ന് തന്നെ അവന്റെ അരികിലെത്താൻ ഹൃദയം വ്യഗ്രതപ്പെടുന്നുണ്ടായിരുന്നു.. പൊടുന്നനെ ഒരു കാർ അവൾക്കു കുറുകെ ബ്രെയ്ക് ചെയ്തു നിന്നു..
“അർജുന്റെ വൈഫ് അല്ലെ??”
“അതെ.. ആരാ?”
ഉത്തരം പറയുന്നതിന് മുൻപേ തന്നെ പിറകിലൂടെ ബലിഷ്ഠമായ കരങ്ങൾ മുഖത്തമർന്നിരുന്നു…
ബോധശൂന്യയായി വീഴവെ നിലത്തു വീണ മൊബൈൽ ഫോണിന്റെ ഡിസ്‌പ്ലെയിൽ വീണ്ടും വീണ്ടും ആ പേര് തെളിഞ്ഞുകൊണ്ടേയിരുന്നു..
അർജുൻ!!!
“അനു ഇതുവരെ വന്നില്ലല്ലോ അമ്മെ??”
“അവളേതോ ഫ്രണ്ടിന്റെ വീട്ടിൽ പോയതാ മോനെ…”
“വൈകുന്നേരം പോയതല്ലേ? ഇപ്പൊ ഏഴു മണി കഴിഞ്ഞു… ഇത്ര നേരമൊക്കെ സംസാരിച്ചിരിയ്ക്കാൻ ഏതു ഫ്രണ്ടാ അവൾക്കുള്ളത്?”
“മോൻ ഒന്ന് വിളിച്ചു നോക്ക്.. ”
“എത്ര തവണ വിളിച്ചു?? ഒന്ന് ഫോണെടുത്താലെന്താ ഇവൾക്ക്??”
“നീ ടെൻഷൻ ആവല്ലേ.. അവളുടെ ഏതെങ്കിലും കൂട്ടുകാരികളെ വിളിച്ചു നോക്ക്…”
ഫോണെടുത്തു ലച്ചുവിന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ അവളവിടെ ഉണ്ടായിരിയ്ക്കണേ എന്ന പ്രാർത്ഥന മാത്രമായിരുന്നു മനസ്സ് നിറയെ…
“ലച്ചൂ.. അനു ഉണ്ടോ അവിടെ??”
“ഇവിടുന്ന് പോയിട്ട് കുറച്ചു സമയമായല്ലോ… അങ്ങോട്ട് എത്തേണ്ട നേരം കഴിഞ്ഞു…
എന്തുപറ്റി അർജുൻ??? അനു ഇതുവരെ വന്നില്ലേ??”
അവളുടെ ശബ്ദത്തിൽ നേരിയ പരിഭ്രമം കലർന്നിരുന്നു….
“ആഹ്.. ഞാൻ വീട്ടിലല്ല ലച്ചൂ.. അവള് ചിലപ്പോ എത്തിക്കാണും… ഞാൻ ഇറങ്ങുന്ന വരെ എത്തിയില്ലായിരുന്നു.. അതാ.. ശരി അപ്പൊ..”
ശബ്ദത്തിൽ കലർന്ന വിറയൽ അവളറിയാതിരിയ്ക്കാൻ പൊടുന്നനെ ഫോൺ കട്ട് ചെയ്യുമ്പോൾ അവനാകെ വിയർത്തു കുളിച്ചിരുന്നു..
ഡ്രസ് മാറ്റി നേരെ അവളുടെ വീട്ടിലേയ്ക്ക് പോവുന്നത് വരെ നേരിയ പ്രതീക്ഷ അവന്റെ മനസ്സിലുണ്ടായിരുന്നു…
ഇതുവഴി പോകുന്ന വഴിയ്ക്ക് കേറിയതാണെന്നുള്ള മറുപടി അവർ വിശ്വസിയ്ക്കും വിധം പറഞ്ഞിറങ്ങുമ്പോൾ തന്നെ വിഷമിപ്പിയ്ക്കാൻ വേണ്ടി അവളെവിടെയെങ്കിലും പോയതാവുമെന്നു മനസ്സിനെ വിശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു…
എവിടെയാണെങ്കിലും ഒരപകടവും സംഭവിയ്ക്കരുതെന്നു ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുമ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി ചിതറുന്നത്പോലെ തോന്നി…
അവളുടെ നമ്പറിലേക്ക് തുടർച്ചയായി വിളിയ്ക്കവേ ഉള്ളുരുകി പ്രാർത്ഥിയ്ക്കുന്നുണ്ടായിരുന്നു…
റോഡിനു നടുക്ക് നിന്നും സ്ക്രീൻ പാതി തകർന്ന ഫോൺ കയ്യിൽ കിട്ടിയപ്പോഴേയ്ക്കും ഹൃദയത്തിൽ സ്വരുക്കൂട്ടി വച്ച പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞിരുന്നു..
സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ മനസ്സിലേയ്ക്ക് കടന്നു വന്നു…
പ്രിയപ്പെട്ടവരുടെ വീട്ടിലോ അവൾ തനിച്ചിരിയ്ക്കുന്ന ഇടങ്ങളിലോ അന്വേഷിച്ചിട്ടു കാര്യമില്ലെന്ന് മനസ്സ് വീണ്ടും വീണ്ടും ഓർമപ്പെടുത്തി..
ആരായിരിയ്ക്കും ഇതിനു പിന്നിൽ??
അവൾക്കെന്തെങ്കിലും സംഭവിച്ചാൽ…
പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ അർത്ഥമില്ല…
ശത്രുക്കളുടെ എണ്ണം നിർവചിയ്ക്കാവുന്നതിലും ഒരുപാട് ഉയരത്തിലാണ്…
അതിലാരെങ്കിലും അവളെ അപായപ്പെടുത്താൻ ശ്രമിച്ചതാണെങ്കിൽ!!!
ഞാൻ കാരണം ഒരിയ്ക്കൽ കൂടി അനുവിന് എന്തെങ്കിലും സംഭവിച്ചാൽ!!!
ഓർക്കാൻ കൂടി വയ്യ!!
രാത്രിയിലുടനീളം അവളെ അന്വേഷിച്ചു നടന്നിട്ടും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല…
ഈ രാത്രി പുലരുന്നതിനു മുൻപേ കണ്ടെത്തണമവളെ….!!
നേരം പതിനൊന്നു മണിയോടടുക്കവേ… ഒട്ടും പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ അവനെ തേടിയെത്തി..
അറ്റൻഡ് ചെയ്ത് കാതോരം ചേർത്ത് വയ്ക്കുമ്പോൾ പ്രതീക്ഷകളായിരം ഹൃദയത്തിൽ കൂടു കൂട്ടിയിരുന്നു…
“ഹലോ അർജുൻ…”
ഘനഗംഭീരമായ ശബ്ദം അവന്റെ കാതുകളിൽ തറച്ചിറങ്ങി…
“ഹൂ ഈസ് ദിസ്??”
“എന്നെ മോനറിയില്ല…”
“നിങ്ങൾക്കെന്താ വേണ്ടത്??”
“ഭാര്യയെ ചേട്ടമ്മാര് കൂട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്ന് പറയാൻ വിളിച്ചതാണ്..
അവള് കുറച്ചു ദിവസം ഇവിടെ നിൽക്കട്ടെ…”
“ഡാ..”
“ഹ.. ശബ്ദമുയർത്തണ്ടഡോ… തിരിച്ചു കൊണ്ടാക്കണോ അതോ ഇവിടെത്തന്നെ താമസിപ്പിയ്ക്കണോ എന്ന് ഞങ്ങള് തീരുമാനിയ്ക്കും…”
“എന്റെ പെണ്ണിനെ എന്തെങ്കിലും ചെയ്താൽ… അർജുൻ ആരാണെന്നു നിങ്ങളറിയും…”
മുഴക്കമുള്ള അട്ടഹാസമായിരുന്നു മറുപടി….
“ആണാണെങ്കിൽ നീ നിൽക്കുന്ന സ്ഥലം പറയെടാ…”
അവന്റെ ശബ്ദം കാറിനുള്ളിലെങ്ങും പ്രകമ്പനം സൃഷ്ടിച്ചു…
പുച്ഛം കലർന്ന അട്ടഹാസത്തിന്റെ അകമ്പടിയോടെ മറുഭാഗത്തു നിന്നും ഫോൺ കട്ട് ആയപ്പോൾ അർജുൻ ഭ്രാന്തമായി മുഷ്ടി ചുരുട്ടി സ്റ്റിയറിങ്ങിൽ ഇടിച്ചു…..
(തുടരും….)
രചന:സ്വാതി.കെ.എസ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission