ഒന്നുറക്കെ കരഞ്ഞാൽ പോലും കേൾക്കാൻ അടുത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല… നിമിഷങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു.. തികട്ടി വന്ന പൊട്ടിക്കരച്ചിൽ ഞാൻ പാടുപെട്ടടക്കി.. പാടില്ല.. ജീവൻ പോവുന്ന നിമിഷം വരെ തോറ്റുകൊടുക്കരുത്.
പ്ലസ്2 കഴിഞ്ഞതിന് ശേഷം കുറച്ചു കാലം പഠിച്ച സെൽഫ് ഡിഫൻസിംഗ് ക്‌ളാസുകളിലെ ഓർമ്മകൾ വീണ്ടെടുത്ത്
പൂജാമുറിയിലെ കൃഷ്ണ വിഗ്രഹത്തെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്, മുന്നോട്ടാഞ്ഞ അവന്റെ കാലുകൾക്ക് കുറുകെ അനു തന്റെ ഷാൾ നീട്ടി എറിഞ്ഞു.. അപ്രതീക്ഷിതമായ ആക്രമണത്തിൽ പതറിയ അർജുൻ മുൻപോട്ട് ആഞ്ഞു വീണപ്പോഴേയ്ക്കും സർവ്വശക്തിയുമെടുത്ത് അവളെഴുന്നേറ്റു ഓടിയിരുന്നു.
എന്നും എത്തുന്ന നേരത്തു കണ്ടില്ലെങ്കിൽ ഇടനെഞ്ചിൽ തീയുമായി ഗേറ്റിനരികിൽ കാത്തു നിൽക്കുന്ന അമ്മയുടെയും മുഖമൊന്നു വാടിയാൽ പോലും സഹിയ്ക്കാനാവാത്ത അച്ഛന്റെയും മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി പൊട്ടിത്തകരുന്നതുപോലെ തോന്നി..
ഈശ്വരാ… ന്റെ അച്ഛനും അമ്മയ്ക്കും വേറെ ആരും ഇല്ലെന്ന് നിനക്കറിയുന്നതല്ലേ? എന്നും മുടങ്ങാതെ വിളക്ക് തെളിയിയ്ക്കുകയും മാല ചാർത്തുകയും ചെയ്യുന്നത്തിന്റെ പകരമായി ആ പാവം അമ്മയ്ക്ക് ഈ ജന്മം മുഴുവൻ തോരാക്കണ്ണീരാണോ നീ വിധിച്ചിരിയ്ക്കുന്നത്? അവരെ ഓർത്തിട്ടെങ്കിലും എന്നെ രക്ഷിയ്ക്കണേ .. അവന്റെ കയ്യിലകപ്പെട്ടാൽ പിന്നെ ജീവിച്ചിരിയ്ക്കുന്നതിൽ അർത്ഥമില്ല..
കൈകാലുകൾ വല്ലാതെ തളർന്നു തുടങ്ങിയിരുന്നു.. അമ്പലത്തിലേയ്ക്കായതുകൊണ്ട് രാവിലെ പച്ചവെള്ളം പോലും കുടിച്ചിട്ടില്ല.. കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ.. പ്രതീക്ഷയുടെ അവസാന കണികയും അറ്റുപോവുന്ന നിമിഷത്തിൽ ദൈവമെന്നു പറയുന്നത് വെറുമൊരു ശിലയാണെന്ന് ഉള്ളിലിരുന്നാരോ ഉറക്കെ പറയുന്നതായി തോന്നി…
ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇടതുവശത്തെ റോഡിലൂടെ പെട്ടെന്ന് കടന്നു വന്ന കാർ തന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ബ്രെയ്ക് ചെയ്തപ്പോഴേയ്ക്കും മുന്നിലെ കാഴ്ചകളേറെയും മങ്ങിത്തുടങ്ങിയിരുന്നു.. ഡോർ തുറന്നു പുറത്തിറങ്ങിയ ആളുടെ കൈകളിലേയ്ക്ക് തളർന്നു വീഴുമ്പോഴേയ്ക്കും മനസ്സിൽ പ്രഭാതഭക്ഷണം കഴിയ്ക്കാൻ മകളെയും കാത്തിരിയ്ക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം പതിയെ ഇരുട്ടിനു കീഴടങ്ങിയിരുന്നു..
കണ്ണു തുറക്കുമ്പോൾ താനേതോ ഹോസ്പിറ്റലിലാണ്… കുതറിയെഴുന്നേൽക്കുമ്പോൾ എതിരെയുള്ള കസേരയിലിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റു അടുത്തേക്കു വന്നു..
“ഇപ്പോ എങ്ങനെയുണ്ട്? ആർ യു ഓക്കേ?”
പരിചയമുള്ള മുഖം.. ശരത്തേട്ടൻ!!
“ഞാൻ.. ഞാനെങ്ങനെ ഇവിടെ… ?”
“പേടിയ്ക്കണ്ട.. എന്റെ കാറിന്റെ മുന്നിലേയ്ക്കാ താൻ വന്നു ചാടിയത്.. പിറകെ ആരോ ഉണ്ടായിരുന്നല്ലോ? എന്നെ കണ്ടപ്പോൾ ആള് മരങ്ങൾക്കിടയിൽ മറഞ്ഞു.. മഞ്ഞായതുകൊണ്ടു ശരിയ്ക്ക് കണ്ടില്ല… എന്താ സംഭവിച്ചത്??”
“അത്… എനിയ്ക്ക്.. എനിയ്ക്കറിയില്ല.. വണ്ടി പഞ്ചറായി.. പെട്ടെന്ന് അയാള് ഉപദ്രവിയ്ക്കാൻ ശ്രമിച്ചപ്പോൾ ഓടിയതാ.. അപ്പോഴാ…”
പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്.. വിശ്വസിച്ചിട്ടില്ലെന്നു മുഖം കണ്ടാലറിയാം..
“ഓക്കേ.. ഓക്കെ.. എനിവേ.. ഞാൻ ശരത്ത്..”
“അറിയാം..”
“അതെങ്ങനെ?”
“ചേട്ടൻ പഠിച്ച കോളേജിലാ ഞാനിപ്പോ പഠിയ്ക്കുന്നത്.. ബി.ടെക് സെക്കൻഡ് ഇയർ.. കഴിഞ്ഞ ആർട്സ് ഡേയ്ക്ക് കോളേജ് ടോപ്പർ അവാർഡ് വാങ്ങാൻ വന്നില്ലേ? അപ്പൊ കണ്ടിരുന്നു..”
ഞാൻ പതിയെ ചിരിച്ചു..
“ആഹാ.. കൊള്ളാലോ.. എന്താ ഇയാൾടെ പേര്..”
“അനുഗ്രഹ..”
“കറക്റ്റ് …”
“എന്ത്?”
“അല്ലാ.. പേര് കറക്റ്റ് ആണെന്ന് പറഞ്ഞതാണ്.. അല്ലെങ്കിൽ തീരെ പതിവില്ലാതെ ആ സമയത്തു എനിയ്ക്കെഴുന്നേറ്റ് അമ്പലത്തിൽ പോവാൻ തോന്നേണ്ട കാര്യമില്ലല്ലോ..”
“അയ്യോ.. സോറി.. ഞാൻ ഒരു താങ്ക്സ് പോലും പറഞ്ഞില്ല.. ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ..”
“ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ലഡോ.. എന്റെ വീട്ടിലുമുണ്ട് ഇതുപോലൊരു അനിയത്തിക്കുട്ടി. അതുകൊണ്ട് വഴിയിൽ കളഞ്ഞിട്ടു പോരാൻ തോന്നിയില്ല..”
ഞാൻ പതിയെ ചിരിച്ചു..
“താൻ വീട്ടിലെ നമ്പർ പറ.. ഞാൻ വിളിച്ചു പറയാം.. സമയം കുറച്ചായില്ലേ.. അവരെ ചുമ്മാ ടെൻഷനടിപ്പിയ്ക്കണ്ട..”
“അയ്യോ അത് വേണ്ട.. ഹോസ്പിറ്റലിലാണെന്നൊക്കെ പറഞ്ഞാൽ ടെന്ഷനാവും.. ബിപി ഒക്കെ ഉള്ള ആൾക്കാരാ..”
എന്റെ മറുപടി കേട്ട് ശരത്തേട്ടൻ അടക്കി ചിരിച്ചു..
“ഓക്കേ.. എന്നാൽ ഞാൻ കൊണ്ടു വിടാം.. ഈ ഡ്രിപ് ഇപ്പോൾ കഴിയും തന്റെ വീട് എവിടെയാ?”
“അയ്യോ അത് വേണ്ട.. ഞാൻ ഓട്ടോയ്ക്ക് പൊയ്‌ക്കോളാം.. ഒരു പരിചയവുമില്ലാഞ്ഞിട്ടും ഇപ്പോത്തന്നെ എനിയ്ക്കുവേണ്ടി ഒത്തിരി ബുദ്ധിമുട്ടിയില്ലേ? ഒരുപാട് താങ്ക്സ് ഉണ്ട്..”
“അയ്യേ.. എന്ത് ബുദ്ധിമുട്ട്? അതൊന്നും സാരമില്ല.. ഇനിയെന്തായാലും ഒറ്റയ്ക്ക് പോവണ്ട.. ഞാൻ കൊണ്ട് വിടാം”
നല്ല ക്ഷീണമുള്ളതുകൊണ്ടു പിന്നീട് ഞാൻ എതിരൊന്നും പറയാൻ പോയില്ല..
വീടിനു മുൻപിൽ അമ്മയുണ്ടാവുമെന്നുറപ്പുള്ളതുകൊണ്ടു കുറച്ചു മാറിയാണ് ഞാൻ ഇറങ്ങിയത്.. പേരറിയാത്തൊരാശ്വാസംഎപ്പോഴേയ്ക്കും എന്റെ മനസ്സിനെ ശാന്തമാക്കിയിരുന്നു..
“ഇവിടെ വരെ വന്നതല്ലേ? ഒന്ന് കയറിയിട്ട് പോവാം..”
“കേറുന്നില്ല ഇപ്പോത്തന്നെ ലേറ്റ് ആയി.. അപ്പൊ ശരി അനുഗ്രഹ.. ഇതെന്റെ കാർഡാണ്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ധൈര്യമായിട്ടു വിളിച്ചോ..”
“ഓക്കേ.. താങ്ക്സ് എഗൈൻ.. പിന്നെ ഒരു കാര്യം ചോദിച്ചാൽ ഒന്നും വിചാരിയ്ക്കരുത്.. ഹോസ്പിറ്റലിൽ എത്ര ബിൽ ആയെന്നു പറയാണെങ്കിൽ ഞാൻ..”
“ആ പൈസയ്ക്ക് മോള് വല്ല ചോക്ലേറ്റ് വാങ്ങിച്ചു കഴിയ്ക്കാൻ നോക്ക്.. ബൈ..”
എന്റെ മറുപടി കാത്തു നിൽക്കാതെ കാർ മുന്നോട്ട് പോയിരുന്നു.
ഓടി അകത്തേയ്ക്ക് കേറുമ്പോൾ അമ്മ പിറകെ വന്നു..
“അനൂ.. എന്താ ലേറ്റ് ആയത്? നിന്റെ വണ്ടി എവിടെ?”
“അത് പഞ്ചറായി, അപ്പൊ അവിടെ അടുത്തുള്ള ഫ്രണ്ടിന്റെ വീട്ടിൽ കേറി അതാ ലേറ്റ് ആയത്.. വണ്ടി വർക്ക് ഷോപ്പിൽ കൊടുത്തിട്ടു വരുന്ന വഴിയാ… ”
നേരത്തെ കണ്ടുപിടിച്ചു വച്ച മറുപടി ഫുൾ സ്റ്റോപ്പ് പോലുമിടാതെ പറഞ്ഞിട്ട്
അമ്മയ്ക്ക് മുഖം കൊടുക്കാതെ ഞാൻ മുറിയിലേയ്ക്കോടി. ഡ്രസ്സ് മാറി കിടന്നുറങ്ങി എഴുന്നേറ്റപ്പോഴേയ്ക്കും വൈകുന്നേരമായിരുന്നു.. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്‌നം പോലെ എന്റെ മനസ്സിൽ പതിഞ്ഞു കിടന്നു..
രാത്രി ഫോണെടുത്തു ശരത്തേട്ടൻ തന്ന കാർഡിലെ നമ്പറിലേക്ക് ഗുഡ് നൈറ്റ് (അനുഗ്രഹ) എന്ന് മെസ്സേജ് അയച്ചു..
നിമിഷങ്ങൾക്കുള്ളിൽ ഗുഡ് നൈറ്റ് എന്നു റിപ്ലെ വന്നപ്പോൾ വല്ലാത്തൊരു സന്തോഷം മനസ്സിനെ കീഴടക്കിയിരുന്നു..
അതോടെ അന്നത്തെ സംഭാഷണം അവസാനിച്ചെങ്കിലും വാട്സാപ് വഴി ഞങ്ങൾ നല്ല കൂട്ടുകാരായി.. ദിവസങ്ങൾ കടന്നു പോവുന്നതിനനുസരിച്ചു ശരത്തേട്ടൻ ഞാൻ പോലുമറിയാതെ എനിയ്ക്കു മറ്റാരൊക്കെയോ ആയി മാറുകയാണെന്നുള്ള സത്യം ഞാൻ തിരിച്ചറിയുകയായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിലും തിരിച്ചും അങ്ങനെ തന്നെയാണെന്നുള്ളതിൽ സംശയമൊന്നുമുണ്ടായിരുന്നില്ല.. ദിവസങ്ങൾ കഴിയും തോറും ശരത്തേട്ടൻ എന്നിൽ ആഴത്തിൽ വേരുറച്ചു… ഒട്ടും മടുപ്പില്ലാതെ എത്ര നേരം വേണമെങ്കിലും സംസാരത്തിൽ പിടിച്ചിരുത്താൻ ശരത്തേട്ടനെന്തോ പ്രത്യേക കഴിവുണ്ടെന്ന് തോന്നി..
എക്‌സാമിന്റെ തിരക്കുകളായി കുറച്ചു ദിവസം ഫോൺ അമ്മ ബലമായി വാങ്ങി വച്ചു.. ശരത്തേട്ടനോടൊന്നു മിണ്ടാൻ അക്ഷമയോടെ എക്സാമിനെ ശപിച്ചു കാത്തിരുന്നു..
അവസാന എക്‌സാമും കഴിഞ്ഞു ഫോണെടുത്തു സ്വിച്ച് ഓൺ ചെയ്തതും
സ്‌ക്രീനിൽ ശരത്തേട്ടൻ എന്ന് എഴുതി കാണിച്ചപ്പോൾ ഹൃദയമാകെ ആനന്ദം പടർന്നു..
“ഹലോ.. ശരത്തേട്ടാ.”
“അനൂ… ഒരു പ്രശ്നമുണ്ട്..”
ശരത്തേട്ടന്റെ ശബ്ദത്തിലെ വല്ലായ്‌മ എന്റെ ഹൃദയത്തിലും പടർന്നതു പോലെ..
“എന്തുപറ്റി ശരത്തേട്ടാ? കാര്യം പറ..”
ഇടർച്ചയോടെ ശരത്തേട്ടൻ പറഞ്ഞ വാക്കുകൾ കൂരമ്പുകൾ പോലെ കാതുകളിലേയ്ക്ക് തറച്ചിറങ്ങിയപ്പോൾ ഇടിവെട്ടേറ്റ പോലെ ഞാൻ സ്തബ്ധയായി നിന്നു…
(തുടരും….)
രചന : Swathi K S
(ഒന്നാം ഭാഗം സപ്പോർട് ചെയ്ത എല്ലാവര്ക്കും ഒരുപാട് ഒരുപാട് നന്ദി😍 ഒത്തിരി സന്തോഷമായി. പോരായ്മകളുണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ… ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സമയമനുവദിച്ചാൽ എനിയ്ക്കായ് രണ്ടു വരി ഇവിടെ കുറിയ്ക്കാൻ മറക്കരുതേ..
സ്വാതി..❤)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Super…
Waiting for the next part 🥰👏👏 👏
vegam idatto