Skip to content

ആത്മസഖി – Part 6

Aathmasakhi Novel Malayalam at Aksharathalukal

“അനൂ… ആർ യു ഓക്കെ?”

അനു നിശ്ശബ്ദമായി ലച്ചുവിനെയും ശരത്തിനെയും മാറി മാറി നോക്കി.

നേരിയ നിരാശ അവരുടെ മുഖത്തു പടർന്നു.

“അനൂ.. മനസ്സിലായോ ഞങ്ങളെ?”

ലച്ചുവിന്റെ ശബ്ദത്തിൽ ഇടർച്ച..

മൂകമായി നോക്കുന്ന അനുവിനെ വേദനയോടെ നോക്കി ശരത് തിരിഞ്ഞു നടന്നു..

“ശരത്തേട്ടാ…”

ഹൃദയത്തിലനേകം പൂക്കൾ ഒരുമിച്ചു വിടർന്നു..

“അനൂ.. ഓർമ വന്നോ? എന്നെ.. എന്നെ നിനക്ക് ഓർമ വന്നോ?”

അവൾ ചിരിച്ചു..

“താങ്ക് ഗോഡ്… ലച്ചൂ.. ഇപ്പോത്തന്നെ നമുക്ക് അനുവിന്റെ വീട്ടിലേയ്ക്ക് പോകാം.. അവർക്ക് ഒത്തിരി സന്തോഷമാവും..”

ലച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അനുവിനെ പുണർന്നു… വല്ലാത്തൊരാശ്വാസത്തോടെ..

പിന്നീടുള്ള ദിവസങ്ങളിൽ പൂർണാരോഗ്യം വീണ്ടെടുത്ത് അനു പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു… കോളേജിലേക്ക് തിരിച്ചു വന്നു.. പഴയ അനുവായി…

ഡാൻസ് ക്‌ളാസ് കഴിഞ്ഞു വീട്ടിലേയ്ക്ക് തിരിയ്ക്കവേ ഒട്ടും പ്രതീക്ഷിയ്ക്കാത്തൊരാൾ അവളെ തേടിയെത്തി..

അർജുൻ!

“അനൂ..”

“മമ്?? എന്ത് വേണം?”

“ഞാൻ.. നിന്നോട് മാപ്പു പറയാൻ..”

അവനു നേരെ പുച്ഛത്തിന്റെ നിറയൊഴിച്ചുകൊണ്ടു അനു വീണ്ടും നടക്കാനൊരുങ്ങി..

“അനൂ.. പ്ലീസ്.. അന്നങ്ങനെയൊക്കെ.. സത്യമായിട്ടും നിനക്കങ്ങനൊരപകടം സംഭവിയ്ക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അനു.. മാപ്പു ചോദിയ്ക്കാൻ പോലും അർഹതയില്ലെന്നറിയാം..”

“അറിയാലോ പിന്നെന്തിനാ വന്നത്?”

” എനിയ്ക്ക് പറ്റിയ അബദ്ധത്തിന് എന്ത് പ്രായശ്ചിത്തം ചെയ്യാനും ഞാൻ തയ്യാറാണ്.. നീ എന്ത് പറഞ്ഞാലും ഞാൻ ചെയ്യാം..”

“ആണോ? അങ്ങനെയാണെങ്കിൽ ഇനിയൊരിയ്ക്കലും എന്റെ കൺവെട്ടത്തു പോലും നീ വരരുത്.. അത്രക്ക് വെറുപ്പാ എനിയ്ക്ക് നിന്നോട്..”

“പ്ലീസ് അനൂ.. ഇങ്ങനൊന്നും പറയല്ലേ.. ഞാനൊരിയ്ക്കലും ഇനി പഴയ അർജുനാവില്ല.. ഐ പ്രോമിസ് യു ..”

“നീ നന്നായാൽ നിനക്ക് കൊള്ളാം.. വഴി മാറ് അർജുൻ..”

“സോറി അനൂ.. ഫ്രം ദി ബോട്ടം ഓഫ് മൈ ഹാർട്..”

“എന്നെ സ്നേഹിയ്ക്കുന്ന എല്ലാവരെയും കണ്ണീരു കുടിപ്പിച്ച നിന്നോടെനിയ്ക്ക് ഒരിയ്ക്കലും ക്ഷമിയ്ക്കാനാവില്ല അർജുൻ.. നീ അന്ന് പറഞ്ഞ വാക്കുകളെല്ലാം ഇപ്പോഴും എന്റെ ഹൃദയത്തിൽ തറച്ചു കിടക്കുന്നുണ്ട്.. എന്റെ ഹൃദയത്തിൽ നീ സൃഷ്ടിച്ച മുറിവിന് ഒരിയ്ക്കലും ഉണക്കമുണ്ടാവില്ലെന്നു ഓർത്താൽ കൊള്ളാം..”

ദയനീയമായി നോക്കുന്ന അർജുനെ പാടെ അവഗണിച്ചു നടന്നകലുമ്പോൾ അവളാകെ അമ്പരന്നിരുന്നു.. അർജുൻ തന്നെയാണോ ഇത്? അതോ ഇനി അടുത്ത ട്രാപ്പിനുള്ള ഒരുക്കമാണോ?ഒന്നും മനസ്സിലാവുന്നില്ലല്ലോ..

കോളേജിൽ നിന്നും പല തവണ അർജുൻ അവളോട് ക്ഷമാപണം നടത്തി.. അനു പക്ഷെ പൂർണമായും അവഗണിയ്ക്കുകയല്ലാതെ അവനെ ഒന്ന് കേൾക്കാൻ പോലും തയ്യാറായില്ല..

ദൂരെ മാറിയിരുന്ന് അനു കാണാതെ അവളെ നോക്കിയിരിയ്ക്കുന്ന അർജുന്റെ കണ്ണുകളിൽ പക്ഷെ മുൻപത്തെ പോലെ പകയുടെ അംശം തെല്ലും ഉണ്ടായിരുന്നില്ല..

ഇതെന്ത് അത്ഭുതമാണ്.. ഒന്ന് തുറിച്ചു നോക്കിയത്തിന്റെ പേരിൽ ഒരുവന്റെ തല അടിച്ചു തകർത്തവനാണ്.. തക്കം കിട്ടുമ്പോഴെല്ലാം തന്നെ ഉപദ്രവിയ്ക്കാൻ കച്ച കെട്ടി നടന്നിരുന്ന പഴയ അർജുൻ തന്നെയാണോ ഇത്? പരസ്യമായി പോലും പല തവണ മാപ്പു പറഞ്ഞു കഴിഞ്ഞു..

അവിശ്വസനീയം!!

ശരത്തേട്ടനോട് ഈ കാര്യം സൂചിപ്പിച്ചാലോ എന്ന് പല തവണ ഓർത്തു… പിന്നീട് വേണ്ടെന്നു വച്ചു..

അല്ലെങ്കിലും വേറൊരു പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ തീരുമാനിച്ച ശരത്തേട്ടൻ എനിയ്ക്കിനി എന്നും നല്ല സുഹൃത്തു മാത്രമാണ്.. അതിലുപരി ഒരു സ്ഥാനവും ശരത്തേട്ടനു കൊടുക്കില്ല..

അനുവിന്റെ തീരുമാനം ശരത്തിനെ വല്ലാതെ തളർത്തിയിരുന്നു.. എന്തുകൊണ്ടാണ് അവളിത്തരം ക്രൂരമായ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല..

“അനൂ.. നീയെന്തിനാ അനൂ എന്നിൽ നിന്നും അകലാൻ ശ്രമിയ്ക്കുന്നത്?”

“ഞാനോ? ശരത്തേട്ടൻ വെറുതെ എഴുതാപ്പുറം വായിയ്ക്കണ്ട.. ഞാനെന്നും ശരത്തേട്ടന്റെ കൂടെത്തന്നെയുണ്ടാവും.. ഒരു നല്ല സുഹൃത്തായി..”

“ഞാൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ.. കാവ്യയെ ഒരിയ്ക്കലും നിന്റെ സ്ഥാനത്തു പ്രതിഷ്ഠിയ്ക്കാൻ എനിയ്ക്കാവില്ലെന്നു നിനക്കറിയില്ലേ അനു..”

“ഇന്നലെ വന്ന എനിയ്ക്കു വേണ്ടി ശരത്തേട്ടൻ വീട്ടുകാരെ വിഷമിപ്പിയ്ക്കരുത്.. അവർക്കൊരുയ്ക്കലും കാവ്യയ്ക്ക് പകരം എന്നെ സ്വീകരിയ്ക്കാനാവില്ല..”

“വേണ്ട.. നമുക്ക് എവിടെയെങ്കിലും പോയി ജീവിയ്ക്കാം.. എനിയ്ക്ക് നീയും നിനക്ക് ഞാനും മതി.. പ്ലീസ് അനു..”

“ബന്ധങ്ങളങ്ങിനെ തുച്ഛവില നൽകി വലിച്ചെറിഞ്ഞു കടന്നു കളയാനാവില്ല ശരത്തേട്ടാ.. നമുക്ക് വേണ്ടി മാത്രം ജീവിയ്ക്കുന്ന വീട്ടുകാരുടെ അഭിമാനം ചവുട്ടിത്തേച്ചു നേടുന്നതിനൊന്നും ആയുസ്സുണ്ടാവില്ല..”

“തുടക്കത്തിലെ അകൽച്ച മാത്രമേ എല്ലാവര്ക്കും ഉണ്ടാവൂ.. പിന്നീട് എല്ലാരും നമ്മളെ സ്വീകരിയ്ക്കും..”

“ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപ് അമ്മയെയും കൂട്ടി പടിയിറങ്ങുമ്പോൾ എന്റച്ഛനും ഇത് തന്നെയാവും ചിന്തിച്ചിട്ടുണ്ടാവുക..

വർഷങ്ങളിത്ര കഴിഞ്ഞിട്ടും എന്റമ്മയും അച്ഛനുമല്ലാതെ സ്വന്തമെന്നു പറയാൻ ബന്ധുക്കളാരും വന്നിട്ടില്ല..
പുറമെ പ്രകടിപ്പിച്ചില്ലെങ്കിലും അതിന്റെ വേദനയെന്തെന്ന് മറ്റാരേക്കാളും എനിയ്ക്കറിയാൻ കഴിയും.. അങ്ങനൊരാവസ്ഥ ശരത്തേട്ടനുണ്ടാവരുത്..”

“അനൂ…”

ശരത്തിന്റെ ശബ്‌ദം നിശ്ശബ്ദതയിലെവിടെയോ നേർത്തു പോയി…

“അമ്മുവിനെക്കുറിച്ചു ശരത്തേട്ടൻ ഓർത്തോ?? അവളെ നാളെ ഒരാളുടെ കൈ പിടിച്ചയയ്ക്കണ്ടേ? കല്യാണമുറപ്പിച്ച പെണ്ണിനെയും നാടും വീടുമുപേക്ഷിച്ചു പോയ ശരത്തിന്റെ പെങ്ങൾക്ക് നല്ലൊരാലോചനയുമായി ആരെങ്കിലും വരുമെന്ന് തോന്നുന്നുണ്ടോ?”

“നീ ഒരുപാട് പക്വതയോടെ സംസാരിയ്ക്കുന്നു.. എല്ലാരെക്കുറിച്ചും നീ ഓർത്തു.. എന്നെക്കുറിച്ചു മാത്രം ആലോജിയ്ക്കാൻ മറന്നതോ? അതോ മനപ്പൂർവം വേണ്ടെന്ന് വച്ചതോ?”

അവളുടെ മൗനം സഹിയ്ക്കാവുന്നതിലുമപ്പുറമായപ്പോൾ ശരത് തുടർന്നു..

“പരസ്പ്പരം അത്രയേറെ സ്നേഹിച്ചിട്ടും നമ്മളെന്തിനാ പിരിയുന്നതെന്നുകൂടി പറഞ്ഞു താ അനൂ.. എല്ലാവർക്കും വേണ്ടി വലിച്ചെറിയാനുള്ളതാണോ നമ്മുടെ ജീവിതം?”

“തമ്മിൽ സ്നേഹിയ്ക്കുന്നവരെല്ലാം ഒരുമിയ്ക്കുന്നുണ്ടോ? ആത്മാർത്ഥമായ പ്രണയങ്ങളിൽ ഭൂരിഭാഗവും നഷ്ടങ്ങളാണ് ശരത്തേട്ടാ.. പ്രണയം സ്വന്തമാക്കാൻ മാത്രമുള്ളതല്ല.. വിട്ടുകൊടുക്കാൻ കൂടിയുള്ളതാണ്..”

“നിനക്ക്.. നിനക്കെന്താ പറ്റിയത് അനു..? നീ തന്നെയാണോ ഈ പറയുന്നത്? കഴിയോ നിനക്ക് ഞാനില്ലാതെ?”

മറുപടി കൊടുക്കാതെ ആർത്തലച്ചു വരുന്ന കടലിനെ കണ്ണുകളാൽ ആലിംഗനം ചെയ്ത് അവളോർമകളിലെങ്ങോ മുഴുകിയിരുന്നു..

ശരത്തിനു വേണ്ടി തന്റെ മുൻപിൽ യാചിയ്ക്കാനെത്തിയ അമ്മുവിനെയും മുത്തശ്ശനെയുമെല്ലാം അവളോർത്തു..

പാടില്ല.. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ഒരുപാട് പേരെയൊന്നും വേദനിപ്പിയ്ക്കാൻ ആർക്കും അർഹതയില്ല.. അച്ഛനും അമ്മയും ഒരിയ്ക്കൽ ചെയ്ത തെറ്റ് ഈ അനു വീണ്ടും ആവർത്തിയ്ക്കാൻ പാടില്ല..

കാവ്യ നല്ല കുട്ടിയാണ്.. എന്നേക്കാൾ നന്നായി ശരത്തേട്ടനെ അവൾ നോക്കിക്കോളും.. ഞാൻ കാരണം ആരും വേദനിയ്ക്കരുത്..

കുനിഞ്ഞ ശിരസുമായി ശരത് എഴുന്നേറ്റു പോയതും അൽപ്പസമയത്തിനകം തന്നെ മറ്റൊരാൾ പകരം വന്നിരുന്നതുമൊന്നും അവളറിഞ്ഞതേയില്ല..

ശരത്തേട്ടനോടിപ്പോൾ പറഞ്ഞതൊന്നും തന്റെ ആഗ്രഹപ്രകാരമല്ല.. എല്ലാം നേരത്തെ തയ്യാറാക്കി വച്ച വാക്കുകൾ.. മനസ്സറിഞ്ഞതല്ല… സ്വയം എഴുതി തയ്യാറാക്കിയ തിരക്കഥ… ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.

ഓർമകളുടെ അതിർത്തി ഭേദിച്ച് കണ്ണുനീർ ചാലുകളായി ഒഴുകി… സ്വപ്നങ്ങളെല്ലാം തകർന്നടിയുകയാണ്… ഈ തിരകൾ പോലെ..

പെട്ടെന്ന് സ്വബോധം തട്ടിയുണർത്തിയപ്പോഴേയ്ക്കും അവൾ കണ്ണുകൾ തുടച്ചു.. പക്ഷെ അരികിൽ ഒട്ടും പ്രതീക്ഷിയ്ക്കാതെ തിരകളെ നോക്കിയിരിയ്ക്കുന്ന അർജുനെ കണ്ടപ്പോൾ അവളമ്പരന്നു …

“തീർന്നോ സങ്കടം?”

“നീ ആരോട് ചോദിച്ചിട്ടാ എന്റടുത്തു വന്നിരുന്നത്?”

അനുവിന്റെ ശബ്ദമുയർന്നു..

“തനിച്ചിരിയ്ക്കുന്നത് കണ്ടപ്പോൾ വന്നിരുന്നു എന്നേയുള്ളു.. ഇഷ്ടമായില്ലേ?”

“ഇഷ്ടമായില്ല.. എഴുന്നേറ്റു പോടോ.. അല്ലെങ്കിൽ തന്നെ നാട്ടപ്രാന്തു പിടിച്ചിരിയ്ക്കാണ്..”

“ഞാൻ നിന്റെ സൗന്ദര്യം കാണാൻ വന്നതൊന്നും അല്ല.. ചുമ്മാ കടല് കാണാൻ വന്നപ്പോ തനിച്ചിരിയ്ക്കുന്നത് കണ്ടു.. അപ്പൊ കമ്പനി തരാലോ എന്ന് കരുതി..”

“കടല് കാണണമെങ്കിൽ ഒറ്റയ്ക്കിരുന്നു കണ്ടോ..”

ദേഷ്യത്തോടെ എഴുന്നേറ്റ് മാറിയിരിയ്ക്കുമ്പോൾ അവളെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു..

“അവൻ തേച്ചിട്ടു പോയതിന് എന്നോടെന്തിനാ ദേഷ്യം?”

അരികിൽ വന്നിരുന്നുകൊണ്ടു അർജുൻ സൗമ്യതയോടെ ചോദിച്ചു..

“ആര് തേച്ചു? ദേ വേണ്ടാ വേണ്ടാന്ന് വിചാരിയ്ക്കുമ്പോൾ തലയിൽ കേറാൻ നിക്കരുത് പറഞ്ഞേക്കാം.. ”

“ഓക്കേ.. എന്നോട് ചൂടായിക്കോ.. അപ്പോത്തനെ നല്ല ആശ്വാസം കിട്ടും..”

“ഛെ! ഇതെന്തൊരു ശല്യാ… താനിപ്പോ എന്തിനാ ഇങ്ങോട്ടു കെട്ടിയെടുത്തത്? ഒന്ന് പോയിത്തരാമോ?”

“ഞാൻ പോയേക്കാം… പക്ഷെ ഒരു കാര്യം പറഞ്ഞിട്ടേ പോകു..”

പറഞ്ഞു തൊലയ്ക്ക് എന്ന രീതിയിൽ അവൾ നോക്കുന്നത് കണ്ട് അർജുൻ ഉള്ളിൽ ചിരിച്ചു..

“ഇന്ന് നല്ല ഭംഗിയുണ്ട് തന്നെ കാണാൻ..”

“തനിയ്ക്കൊക്കെ പോയി ചത്തൂടെ??”

“അതുകൊള്ളാം.. അനൂനെ കാണാൻ ഭംഗിയുള്ളതിന് ഞാനെന്തിനാ ചാവുന്നെ?”

വർധിച്ച ദേഷ്യത്തോടെ അവൾ എഴുന്നേറ്റു നടന്നു..

“ഹലോ.. ഒന്ന് നിന്നേ…”

കേട്ട ഭാവം നടിയ്ക്കാതെ ടൂ വീലർ സ്റ്റാർട്ട് ചെയ്യുമ്പോഴേയ്ക്കും അർജുൻ അവൾക്കടുത്തെത്തിയിരുന്നു..

“കുറച്ചു ദിവസമായി ഒരു കാര്യം പറയണമെന്ന് കരുതുന്നു..”

അനുവിന്റെ കണ്ണുകളിലേക്ക് പുഞ്ചിരിയോടെ നോക്കി അർജുൻ തെല്ലിട നിന്നു..

സമുദ്രത്തെ തലോടിയെത്തിയ തണുത്ത കാറ്റിനെ അവന്റെ വിടർന്ന നുണക്കുഴികൾ ആവാഹിച്ചെടുത്തു..

മുന്പൊരിയ്ക്കലും കണ്ടിട്ടില്ലാത്തൊരു ഭാവം അവന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്നു..

“ഞാനിത് പറഞ്ഞാൽ പുതിയ ട്രാപ്പിനുള്ള ഒരുക്കമാണെന്നെ അനു പറയു.. ബട് ട്രസ്റ്റ് മീ .. ഞാനിപ്പോ പഴയ അർജനല്ല.. നീയെന്നെ ഒരുപാട് മാറ്റിക്കളഞ്ഞു അനു..”

അവന്റെ നിൽപ്പും സംസാരവും അനുവിനെ വല്ലാതെ ആലോസരപ്പെടുത്തുന്നുണ്ടായിരുന്നു..

“പറയാൻ ഒട്ടും അർഹതയില്ലെന്നറിയാം.. എങ്കിലും പറയാം.. എനിയ്ക്കിഷ്ടാണ്… ഒരുപാട്.. നായകനൊഴിഞ്ഞിടത്തു വില്ലനെ പ്രതിഷ്ഠിയ്ക്കാൻ കഴിയുമെങ്കിൽ.. പൊന്നുപോലെ നോക്കിക്കോളാം..”

ദേഷ്യംകൊണ്ടു ചുവന്ന അനുവിന്റെ കണ്ണുകളെ പാടെ അവഗണിച്ചുകൊണ്ട് അർജുൻ തുടർന്നു..

“മറുപടി നോ ആവുമെന്നറിയാം.. നിശ്ശബ്ദമായി പ്രണയിയ്ക്കാൻ താത്പര്യമില്ലാത്തതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ.. ഐ ലവ് യൂ സോ മച് അനൂ..”

തരിച്ചു നിൽക്കുന്ന അനുവിന് ഒരിയ്ക്കൽ കൂടി വശ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ടു അവൻ നടന്നകന്നു..

നടന്നതൊന്നും വിശ്വസിയ്ക്കാനാവാതെ അവളവനെ നോക്കി നിൽക്കുമ്പോൾ അസ്തമയ സൂര്യൻ പതിയെ സമുദ്രത്തിന്റെ കരങ്ങളിലേയ്ക്ക് ചായുന്നുണ്ടായിരുന്നു…

(തുടരും….)

രചന: സ്വാതി.കെ.എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!