“ഹലോ.. അനൂ.. ഒന്ന് ബീച്ചിലേക്ക് വരാൻ കഴിയോ?”
“എന്താ കാര്യം?”
“വന്നിട്ട് പറയാം.. പെട്ടെന്ന് വാ…
അനു വന്നിട്ടെ ഞാൻ തിരിച്ചു പോവൂ.. ആം വെയ്റ്റിങ്..”
മറുപടി കാത്തു നിൽക്കാതെ ഫോൺ കട്ടായപ്പോൾ ആദ്യമൊന്ന് സംശയിച്ചെങ്കിലും അവൾ നേരെ ബീച്ചിലേക്ക് തിരിച്ചു..
എന്തിനായിരിയ്ക്കും ശരത്തേട്ടൻ വരാൻ പറഞ്ഞത്??
ബീച്ചിനു മുൻപിലെ കല്ല് മതിലിൽ കടലിനഭിമുഖമായിരിയ്ക്കുന്ന ശരത്തേട്ടനെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു..
“ശരത്തേട്ടാ..”
“ആഹ് വന്നോ? ”
“എന്തിനാ വരാൻ പറഞ്ഞത്?”
“ഒരു കാര്യമറിഞ്ഞു.. നേരിട്ട് ചോദിച്ചു ബോധ്യപ്പെടാൻ വേണ്ടി വിളിച്ചതാണ്..”
എന്താണെന്നുള്ള ഭാവത്തിൽ അവൾ ശരത്തിനെ നോക്കി..
“നീയും ആ അർജ്ജുനും തമ്മിലെന്താ??”
ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം കേട്ട് ഞാൻ അമ്പരന്നു..
“മനസ്സിലായില്ല?”
“നീയും ആ വൃത്തികെട്ടവനും തമ്മിലെന്തെങ്കിലും കണക്ഷനുണ്ടോ എന്ന്?”
“കണക്ഷനോ? വോട് യു മീൻ?”
“ഓഹോ നിനക്കൊന്നും അറിയില്ല അല്ലെ? എന്റെ ഫ്രണ്ട്സ് പറഞ്ഞപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല..
പക്ഷെ ഒരിയ്ക്കൽ പോലും എന്റെ കൂടെ വരാത്ത പല സ്ഥലങ്ങളിലും നീ അവനെയും കൂട്ടി പോവുന്നത് നേരിട്ട് കണ്ടപ്പോൾ.. ഛെ!!”
ഇടിവെട്ടേറ്റ പോലെ നിൽക്കുന്ന അനുവിന്റെ കണ്ണുകളിൽ നോക്കി ശരത് തുടർന്നു..
“കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഒരുപാട് തവണ നിന്നേയും അവനെയും ഞാൻ ഒരുമിച്ചു കണ്ടു.. പത്തു മിനിറ്റ് മുൻപ് വരെ നീ അവനോടൊപ്പമായിരുന്നില്ലേ??”
“അത്.. ശരത്തേട്ടാ..”
“കഷ്ടം.. നിന്നെക്കുറിച്ചു ഞാനിങ്ങനൊന്നും കരുതിയില്ല അനൂ..”
ശരത്തേട്ടന്റെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു..
“അവൻ നിന്നെ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ട് അനൂ? എന്നിട്ടും ജീവന് തുല്യം സ്നേഹിച്ച എന്നെ ഒഴിവാക്കിയിട്ടു അവനെ സ്വീകരിയ്ക്കാൻ നിനക്കെങ്ങനെ സാധിച്ചു?”
വീണു പോവാതിരിയ്ക്കാൻ ഞാൻ കൽമതിൽ ചാരി നിന്നു..
ശരത്തേട്ടൻ തന്നെയാണോ ഇത്?
“കാവ്യയെ കല്യാണം കഴിയ്ക്കാൻ നീ ഓരോ തവണ നിർബന്ധിയ്ക്കുമ്പോഴും എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.. പക്ഷെ സൂത്രത്തിൽ എന്നെ ഒഴിവാക്കിയിട്ടു നീ അവനുമായി..”
വാക്കുകൾ തൊണ്ടക്കുഴി ഭേദിച്ച് പുറത്തിറങ്ങിയാൽ കരഞ്ഞു പോയേക്കുമോ എന്ന ഭയം കൊണ്ട് മാത്രം ഞാൻ മൂകമായി നിന്നു.. നിമിഷങ്ങളോളം..
കരയരുത്.. തന്നെ മനസ്സിലാക്കാത്തവരുടെ മുൻപിൽ ഒരിയ്ക്കൽ പോലും തോറ്റു പോവരുത്.. അത് ജീവന് തുല്യം സ്നേഹിയ്ക്കുന്നവരായാൽ പോലും..
“ഞാനിത്രയും പറഞ്ഞിട്ടും നിനക്കൽപ്പം പോലും കുറ്റബോധം തോന്നുന്നില്ലല്ലോ അനൂ.. നിന്നെ ആത്മാവിനോട് ചേർത്ത് വച്ചതിന് എനിയ്ക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു..”
എന്റെ ഭാഗം ന്യായീകരിയ്ക്കാൻ മുന്പിലൊരുപാട് തെളിവുകൾ നിരന്നു കിടക്കുന്നുണ്ടെങ്കിലും അവയെല്ലാം കൂട്ടി യോജിപ്പിച്ചു ശരത്തേട്ടന്റെ മുൻപിൽ നിരത്താൻ എന്റെ മനസ്സ് വിസമ്മതിച്ചു..
ഒരിയ്ക്കലെങ്കിൽ ഒരിയ്ക്കൽ.. എന്റെ ആത്മാർഥതയെ ചോദ്യം ചെയ്തവനാണിയാൾ…
സ്വപ്നത്തിൽ പോലും മറ്റൊരാളെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല താൻ.. എന്നിട്ടും അത്രമേൽ അവിശ്വസിയ്ക്കാൻ കഴിഞ്ഞുവെങ്കിൽ തെളിവുകൾ നിരത്തി കുറ്റ വിമുക്തയായിത്തീരുന്നതെന്തിന്??
“നിനക്കൊന്നും പറയാനില്ലേ അനൂ?”
കണ്ണുകൾ നിറയാതിരിയ്ക്കാൻ പാടു പെടുന്നതിനിടയ്ക്ക്
ഞാൻ ഇല്ലെന്നു തലയാട്ടി..
“ഒടുക്കം നീയും മറ്റു പെൺകുട്ടികളെ പോലെ പണത്തിനു പിറകെ പോയി അല്ലെ? അവന്റെ അത്രയൊന്നും ഇല്ലെങ്കിലും നിന്നെ പൊന്നു പോലെ നോക്കാനുള്ള വരുമാനമൊക്കെ എനിയ്ക്കും ഉണ്ടായിരുന്നു..
നിന്റെ സ്വപ്നങ്ങൾ അതിനും മീതെയാണെന്നു ഞാനറിഞ്ഞില്ല അനൂ.. ഒരിയ്ക്കലെങ്കിലും നിനക്കെല്ലാം തുറന്നു പറയാമായിരുന്നു.. അങ്ങനെയാണെങ്കിൽ എനിയ്ക്കീ വിഡ്ഢിവേഷം കെട്ടേണ്ടി വരില്ലായിരുന്നല്ലോ?”
അഗ്നിശരങ്ങൾ പോലെ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തറച്ചിറങ്ങി… മരണത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകളുടെ എണ്ണം അനിർവചനീയമായി കൂടിക്കൊണ്ടിരുന്നു.. അതിൽ നിന്നും രക്തം വാർന്നൊഴുകുന്നത് ഞാൻ നിസ്സഹായയായി നോക്കി നിന്നു..
“നിന്നെയോർത്തു ആ പാവം പെണ്ണിന്റെ ജീവിതം ഞാൻ നശിപ്പിച്ചിരുന്നെങ്കിലോ? ആ പാപമൊക്കെ എവിടെ കൊണ്ടുപോയി ഒടുക്കുമായിരുന്നു? പക്ഷെ എന്നെങ്കിലുമൊരിയ്ക്കൽ ഈ ചെയ്തതിനെല്ലാം നീ ദുഃഖിയ്ക്കും.. ഹൃദയം തകർന്നു നീ കരയും… ഓർത്തോ.. അന്ന് നിനക്കെന്റെ വില മനസ്സിലാവും..
കഴിയുമോ എന്നറിയില്ല.. പക്ഷെ.. കാവ്യയെ എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയാക്കാൻ ഈ നിമിഷം മുതൽ ഞാൻ തീരുമാനിച്ചു കഴിഞ്ഞു..”
ശരത്തേട്ടന്റെ കണ്ണുകളിൽ ദേഷ്യം ചുവന്ന രാശികൾ സൃഷ്ടിച്ചു.
“നീ തെറ്റുകാരിയാണെന്നു നിന്റെ മൗനം വിളിച്ചു പറയുന്നുണ്ട് അനൂ.. ലജ്ജ തോന്നുന്നു എനിയ്ക്ക്.. നിന്നെ പ്രാണന് തുല്യം സ്നേഹിച്ചതിന്.. നിനക്ക് വേണ്ടി എല്ലാവരെയും സങ്കടപ്പെടുത്തിയത്തിന്..”
ലജ്ജ തോന്നുന്നതെനിയ്ക്കാണ്.. എന്നെ മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചതിന്.. നിങ്ങൾക്കു വേണ്ടി ഓരോ നിമിഷവും വേദനിയ്ക്കുന്നതിന്..
മുഖത്തു നോക്കി പറഞ്ഞിട്ട് തിരിച്ചു നടക്കണമെന്നാഗ്രഹിച്ചു.. പക്ഷെ വേണ്ടാ.. വിശ്വാസം നഷ്ടപ്പെട്ടിടത്തു പ്രണയത്തിനെന്തു സ്ഥാനം?
“നിന്നോടൊന്നും പറഞ്ഞിട്ടൊരു കാര്യവുമില്ല.. നിന്നെപ്പോലുള്ളവർക്കൊക്കെ സമൂഹം ചാർത്തി തരുന്ന വിളിപ്പേര് വേറെയാണ്.. അത് വിളിയ്ക്കാൻ എന്റെ സംസ്കാരം നിന്നോളം അധപതിച്ചിട്ടില്ല.. ”
“നിർത്തഡോ..!!”
അപ്രതീക്ഷിതമായുള്ള അവളുടെ ഭാവ മാറ്റം കണ്ട് ശരത് തെല്ലൊന്നു പതറി..
“കഴിഞ്ഞോ തന്റെ പ്രസംഗം? എങ്കിൽ എനിയ്ക്ക് പറയാനുള്ള ചിലത് കൂടി കേട്ടോളു..
ഇഷ്ടമായിരുന്നു തന്നെ.. അനു ഇവിടേയ്ക്ക് എത്തുന്ന നിമിഷം വരെ!
പക്ഷെ.. ഈ നിമിഷം മുതൽ എന്റെ മനസ്സിൽ താനില്ല.. ”
വീശിയടിച്ച കടൽക്കാറ്റു പോലും അവൾക്കരികിൽ നിന്നും ഭയത്തോടെ ഗതി മാറി..
താനിപ്പോൾ പറഞ്ഞതുണ്ടല്ലോ.. അതിനു മറുപടി പറയാൻ എനിയ്ക്കറിയാഞ്ഞിട്ടല്ല.. ”
കണ്ണുനീർ കവിളിലൂടെ ധാരയായൊഴുകുന്നുണ്ടായിരുന്നു..
“നിങ്ങളെ പ്രാണന് തുല്യം സ്നേഹിച്ചു പോയതിൽ എനിയ്ക്ക് ലജ്ജ തോന്നുന്നു..
“ഒരു നിമിഷത്തേയ്‌ക്കെങ്കിലും എന്നെ അവിശ്വസിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ എനിയ്ക്കു നൽകിയിരുന്ന മഹത്വമെന്തെന്നു തിരിച്ചറിയാൻ രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടതില്ല!!”
അനുവിന്റെ ശബ്ദത്തിലെ കിതപ്പ് അവളുടെ തളർച്ചയെ എടുത്തു കാട്ടുന്നുണ്ടായിരുന്നു…
“പ്രാണന് തുല്യം നിങ്ങളെ സ്നേഹിച്ചിട്ടും ചങ്ക് പറിയുന്ന വേദന സഹിച്ചുകൊണ്ടു വിട്ടു കൊടുത്തതല്ലേ ഞാൻ? എന്നിട്ടും എന്നോടിങ്ങനെയൊക്കെ പറയാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു??”
കരച്ചിലിന്റെ അകമ്പടിയോടെ കടന്നു വന്ന തേങ്ങൽ അവളുടെ ശബ്ദത്തിൽ കലർന്നിരുന്നു.
“നിങ്ങളെനിക്ക് ചാർത്തിത്തന്ന പട്ടം കൊള്ളാം…ജീവന് തുല്യം സ്നേഹിയ്ക്കുന്ന പുരുഷന്റെ വായിൽ നിന്നും ഒരു പെണ്ണും കേൾക്കാൻ ആഗ്രഹിയ്ക്കാത്തതാണത്..
കേവലം വാക്കുകളിലൂടെ നിങ്ങൾ ചോദ്യം ചെയ്തത് നിങ്ങളെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ച എന്റെ പരിശുദ്ധിയെയാണ്…
നിങ്ങളുടെ സ്നേഹം.. അത് കപടമായിരുന്നു ശരത്..
നിങ്ങളെ സ്നേഹിച്ച കുറ്റത്തിന് എനിയ്‌ക്കെന്തു ശിക്ഷ കിട്ടിയാലും അതൊന്നും മതിയാവില്ല..”
തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി അനുവിന്.. കാലുകളിടറുന്നുണ്ടോ??
“അനൂ നീ അവിടെ ഇരിയ്ക്ക്.. ”
ശരത് അവളെ താങ്ങാനായി അടുത്തേയ്ക്ക് നീങ്ങി..
“തൊട്ടു പോവരുതെന്നെ!! നിങ്ങൾക്കതിനുള്ള അർഹതയില്ല..”
അനുവിന്റെ നീട്ടിയ ചൂണ്ടു വിരൽ ശരത്തിനു നേരെ വിറ പൂണ്ടു..
ഒന്നുറക്കെ കരയാൻ പോലുമാവാത്ത വിധം തളർച്ച ബാധിച്ചു പോയ ശരീരം പണിപ്പെട്ടുയർത്തി അനു മുൻപോട്ടു നടക്കുമ്പോൾ പിറകിൽ ശരത് തരിച്ചു നിൽക്കുന്നുണ്ടായിരുന്നു..
താൻ തനിച്ചു പോവുന്നിടത്തെല്ലാം നിഴൽ പോലെ കൂട്ടിനെത്തിയ അർജുനോട് അടക്കാനാവാത്ത പക തോന്നി..
ശരത്തേട്ടനെ എനിയ്ക്ക് കിട്ടിയില്ലെങ്കിലും ആ മനസ്സിൽ എല്ലാ പരിശുദ്ധിയോടും കൂടി എന്നും നിലനിൽക്കണമെന്നാഗ്രഹിച്ചിരുന്നു..
പക്ഷെ..
ജീവന്റെ ഓരോ അംശത്തിൽ പോലും ശരത്തേട്ടനെ മാത്രം ധ്യാനിച്ച് കഴിഞ്ഞിരുന്ന അനുവിനെ അയാൾ തന്നെ ഭൂമിയോളം താഴ്ത്തിയിരിയ്ക്കുന്നു…
എല്ലാം… എല്ലാം അവൻ കാരണം.. അർജുൻ..
ഉറക്കമില്ലാത്ത രാത്രികളിലെങ്ങോ ചിന്തകൾ അവളിൽ പുതിയൊരു തീരുമാനത്തിന്റെ വേരുറപ്പിച്ചു..
വാശി.. അത് ശരത്തിനു മാത്രമല്ല.. അനുവിനും കൂടി ഉണ്ടെന്നു കാണിച്ചു കൊടുക്കണം..
എന്നെ സ്വീകരിയ്ക്കാൻ ഈ ജന്മം കഴിഞ്ഞില്ലെങ്കിലും ഒരിയ്ക്കലും ഉണക്കാനാവാത്ത മുറിവുകൾ സൃഷ്ടിയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞു..
നിമിഷങ്ങൾ നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം നിസ്സഹായയായൊരു പെണ്ണിന്റെ പ്രണയത്തിനു വിലയിട്ടപ്പോൾ നിങ്ങളെന്തു നേടി??
എന്ത് വേണമെന്ന് എനിയ്ക്കറിയാം!
കരച്ചിലിനൊടുവിൽ എപ്പോഴോ തളർന്നുറങ്ങുമ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകലുണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ ശരത്തേട്ടൻ തന്നെ ഉപേക്ഷിച്ചു പോയ കടൽക്കരയിൽ ചെന്നിരുന്നു അർജുൻ എന്നു സേവ് ചെയ്ത നമ്പറിൽ വിരലമർത്തുമ്പോൾ അവൾക്കു തെല്ലും ആശങ്ക തോന്നിയിരുന്നില്ല..
“ഹലോ.. അനു.. ”
“അർജുൻ.. എനിയ്ക്ക് കാണണം…”
നിൽക്കുന്ന സ്ഥലം പോലും പറയാതെ കോൾ കട്ട് ചെയ്യുമ്പോൾ താനെവിടെയാണെങ്കിലും നിമിഷങ്ങൾക്കകം അവനെത്തുമെന്നുള്ള വിശ്വാസമുള്ളതുകൊണ്ടായിരുന്നു.
ബൈക് നിർത്തി അവനിറങ്ങി വരുമ്പോൾ ചോദിയ്ക്കാനുള്ളതെല്ലാം നാവിൻ തുമ്പിലുണ്ടെന്നു ഞാനുറപ്പു വരുത്തി..
“എന്ത് പറ്റി അനു?”
പതിവില്ലാതെ ഫോൺ ചെയ്തു വിളിച്ചതെന്തിനാണെന്നുള്ള സംശയം അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു..
“അർജുൻ… വിൽ യു മാരി മീ?”
“വോട്?”
അവന്റെ മുഖത്തു വല്ലാത്തൊരു ഞെട്ടൽ ദൃശ്യമായി..
“എന്നെ കെട്ടാൻ നിനക്ക് സമ്മതമാണോന്ന്?”
മറുപടി പറയുന്നതിന് പകരം അവനുറക്കെ ചിരിയ്ക്കാൻ തുടങ്ങി..
“ആം വെരി സീരിയസ് അർജുൻ.. എനിയ്ക്ക് എത്രയും പെട്ടെന്നൊരു മറുപടി വേണം …”
ചിരിയടക്കി എന്നെ നോക്കിക്കൊണ്ട് അർജുൻ ചോദ്യ ശരമെയ്തു..
“ആരോടുള്ള വാശിപ്പുറത്താണാവോ ഇങ്ങനൊരു തീരുമാനം?”
“നിനക്ക് കെട്ടാൻ പറ്റുവോ? യെസ് ഓർ നോ..?”
“ഓക്കെ.. ബട്ട് ആദ്യം നിന്റെ കണ്ടീഷൻസ് കംപ്ലീറ്റ് പറ.. അത് കഴിഞ്ഞിട്ടു തീരുമാനിയ്ക്കാം..”
“കണ്ടീഷനോ? എനിയ്ക്ക് കണ്ടീഷൻസ് ഉണ്ടെന്നു നിന്നോടാരു പറഞ്ഞു?”
“നിന്നെയെനിയ്ക്ക് അസ്സലായിട്ടു അറിയാം മോളെ.. എന്തെങ്കിലും കാര്യമില്ലാതെ നീ ഇത്തരമൊരു തീരുമാനവുമായി വരില്ല..”
ഞാൻ കരുതിയതിലും ബുദ്ധിയുണ്ടിവന്… ഓരോ ചുവടും സൂക്ഷിച്ചു വയ്ക്കുന്നതാണ് ബുദ്ധി..
“മമ്.. കല്യാണം കഴിഞ്ഞാലും നമ്മൾ വെറും ഫ്രണ്ട്സ് മാത്രമായിരിയ്ക്കും.. അതിൽ കൂടുതൽ ഒരു ബന്ധവുമുണ്ടാവില്ല..”
“ആഹാ.. അടുത്തത് പോരട്ടെ..”
“ഒരു വീട്ടിൽ രണ്ടു മുറിയിലായിരിയ്ക്കും നമ്മുടെ താമസം.. അയൽക്കാരെപ്പോലെ.. എന്റെ കാര്യത്തിൽ നീയോ നിന്റെ കാര്യത്തിൽ ഞാനോ ഇടപെടാൻ പാടില്ല..”
“മമ്.. നെക്സ്റ്റ്..”
“കൃത്യം ആറു മാസം കഴിഞ്ഞാൽ ഡിവോഴ്‌സ്..”
“അതെന്താ ആറു മാസത്തിന്റെ കണക്ക്?”
“അതൊന്നും നീയറിയണ്ട.. ”
“കഴിഞ്ഞോ?”
“ലാസ്റ്റ് വൺ.. ഈ കാര്യങ്ങളൊന്നും നമ്മൾ രണ്ടു പേരുമല്ലാതെ മൂന്നാമതൊരാൾ അറിയരുത്.. പ്രത്യേകിച്ച് വീട്ടുകാർ..”
“കൊള്ളാം.. ചുരുക്കി പറഞ്ഞാൽ, നീയെഴുതിയുണ്ടാക്കിയ തിരക്കഥയനുസരിച്ചു ഞാൻ ആട്ടമാടണം അല്ലെ?”
“അങ്ങനെയല്ല അർജുൻ.. എന്നെ ഒന്ന് ഹെൽപ് ചെയ്യണം.. പ്ലീസ്..”
“ബുദ്ധിമുട്ടാണ്..”
“അപ്പൊ.. അന്ന് പറഞ്ഞതൊക്കെ പാഴ് വാക്കുകളായിരുന്നു അല്ലെ?
എന്തൊക്കെയായിരുന്നു?
നിന്നെപ്പോലെ വാക്കിനു വിലയില്ലാത്തൊരുവൻ പറഞ്ഞത് വിശ്വസിച്ചു സംസാരിയ്ക്കാൻ വന്ന ഞാനാ മണ്ടി..”
“സ്നേഹിയ്ക്കുന്നവർക്കു വേണ്ടി എന്തും ചെയ്യുന്നവനാണ് നീയെന്നു പല തവണ കേട്ടിട്ടുണ്ട്.. ആ ഉറപ്പിൽ വന്നതായിരുന്നു.. സഹായിയ്ക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു.. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ല.. ഗുഡ് ബൈ..”
ദേഷ്യത്തോടെ തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി അർജുൻ അടക്കി ചിരിച്ചു..
“ഡീ… ”
അവൾ നിൽക്കുന്നില്ലെന്നു കണ്ട്
ഓടിച്ചെന്ന് അർജുൻ അവൾക്കഭിമുഖമായി നിന്നു..
“ഏതായാലും എന്നെ കെട്ടാൻ ഇനി നല്ല പെമ്പിള്ളേരൊന്നും വരുമെന്ന് തോന്നുന്നില്ല.. എന്നാൽ പിന്നെ നീ ഉദ്ദേശിച്ച കാര്യം നടക്കട്ടെ..
എനിയ്ക്ക് സമ്മതം..”
“സത്യം??”
“അനുവാണേ സത്യം..”
അവളുടെ മുഖം ആയിരം പൂർണ ചന്ദ്രൻമ്മാർ ഒരുമിച്ചുദിച്ച പോലെ പ്രകാശിച്ചു..
“മോള് നല്ലോണം ആലോചിച്ചിട്ടൊക്കെ തന്നെയാണോ ഇറങ്ങി തിരിച്ചത്? എന്റെ പേരിൽ പത്തിരുപത് പോലീസ് കേസ് ഒക്കെ ഉണ്ടെന്നറിയാലോ?.”
“അതിനു ഞാൻ നിന്നെ ആയുഷ്കാലം മുഴുവൻ കൂടെക്കൂട്ടാനൊന്നും പോണില്ല.. കൃത്യം ആറു മാസം.. അത് കഴിഞ്ഞാൽ തീർന്നു എല്ലാം..”
“ഇതൊരു നാടകമാണെന്നു എനിയ്ക്കും നിനക്കും മാത്രേ അറിയൂ.. പുറത്തുള്ളവർക്ക് നീ എന്റെ ഭാര്യയാണ്.. അർജുന്റെ പെണ്ണായി ജീവിയ്ക്കണമെങ്കിൽ ചില്ലറ ധൈര്യമൊന്നും മതിയാവില്ല അനുവേ..”
“നിന്നെ കെട്ടാനുള്ള ധൈര്യം എനിയ്ക്കുണ്ടെങ്കിൽ ആറു മാസം കൂടെ നിൽക്കാനുള്ള ധൈര്യവും എനിയ്ക്കുണ്ട്..”
“പക്ഷെ… എന്നെ കെട്ടാൻ നിന്റെ പാരെന്റ്സ് സമ്മതിയ്ക്കോ?”
“അവരെക്കൊണ്ട് സമ്മതിപ്പിയ്ക്കുന്ന കാര്യം ഞാനേറ്റു.. നീ നിന്റെ വീട്ടിൽ സമ്മതിപ്പിയ്ക്കാൻ നോക്ക്..”
“ഓക്കേ.. അങ്ങനെ ആണെങ്കിൽ മോള് കല്യാണത്തിന് റെഡി ആയിക്കോ..”
“പിന്നെ.. ശരത്തേട്ടന്റെ കല്യാണത്തിന് ഒരു ദിവസം മുൻപെങ്കിലും വേണം നമ്മുടേത്.. ഓക്കേ ആണോ?”
“ഓഹോ… അപ്പൊ അവനോടുള്ള പ്രതികാരത്തിനാണ് നീയീ കടും കൈ ചെയ്യാൻ തുനിഞ്ഞിറങ്ങിയത്..”
“അതൊന്നും നീയറിയണ്ട.. പറ്റുമെങ്കിൽ അടുത്ത മാസം തന്നെ നമ്മുടെ കല്യാണം നടത്തണം.. ബാക്കി കാര്യങ്ങൾ ഫോണിൽ സംസാരിയ്ക്കാം..”
മനസ്സിലെ കണക്കു കൂട്ടലുകൾ മുഖത്തു ദൃശ്യമാക്കിക്കൊണ്ടു നടന്നകലുന്ന അനുവിനെ നോക്കി അർജുൻ അത്ഭുതത്തോടെ നിന്നു..
ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്.. പക്ഷെ ഇങ്ങനൊന്നിനെ ആദ്യമായിട്ടാണ്.. വല്ലാത്തൊരു പെണ്ണ്..
അവൻ മനസ്സിൽ മന്ത്രിച്ചു..
അടക്കാനാവാത്തൊരു സന്തോഷം അവന്റെ മനസ്സിനെ പൂർണമായും കീഴടക്കിയിരുന്നു…
അധികം പെൺകുട്ടികളിലൊന്നും കണ്ടുവരാത്തൊരു പ്രത്യേകത ഇവളിലുണ്ട്..
ചങ്കൂറ്റം!
കാരിരുമ്പിന്റെ ശക്തിയുള്ള വാക്കുകളാണിവളുടേത്..
അത് തന്നെയല്ലേ എന്നെ ഇവളിലേയ്ക്കടുപ്പിച്ചതും?
പ്രാണനെപ്പോലെ സ്നേഹിച്ച പെണ്ണ്.. ഒരിയ്ക്കലും കരുതിയതല്ല.. താത്കാലികമായിട്ടാണെങ്കിലും ആറു മാസം അവൾ കൂടെയുണ്ടാവുമെന്നോർത്തപ്പോൾ ജീവിതത്തിലിന്നേ വരെ അനുഭവിച്ചിട്ടില്ലാത്തൊരു ആത്മസംതൃപ്തി തോന്നി..
ദിവസങ്ങൾക്കുള്ളിൽ ഇരു വീട്ടുകാരും കൂടിയാലോചിച്ചു തിയതി കുറിച്ചപ്പോഴും അർജുന് നടക്കുന്നതൊന്നും വിശ്വസിയ്ക്കാൻ കഴിഞ്ഞിരുന്നില്ല.. ദിവസങ്ങൾ കൊഴിയും തോറും കാത്തിരിപ്പിന്റെ ദൈർഗ്യവും കുറഞ്ഞു വരാൻ തുടങ്ങിയിരുന്നു…
(തുടരും…)
രചന:സ്വാതി.കെ.എസ്
(കഴിഞ്ഞ പാർട്ടിന്റെ കമന്റ്സ് വായിച്ചപ്പോഴാണ് അർജുനെ നിങ്ങളെത്രത്തോളം സ്നേഹിയ്ക്കുന്നുണ്ടെന്നു മനസ്സിലായത്.. സപ്പോർട് ചെയ്ത എല്ലാവർക്കും ഒരുപാട് സ്നേഹം 😍.. ഞാൻ എഴുതാൻ ഉദ്ദേശിച്ച കഥയിൽ നിന്നും ഈ നിമിഷം വരെ മാറ്റമൊന്നും വരുത്തിയിട്ടില്ലാട്ടോ.. തുടർന്നും സപ്പോർട് ചെയ്യണേ.. സമയമനുവദിച്ചാൽ എനിയ്ക്കായി രണ്ടു വരി കുറിയ്ക്കാനും മറക്കില്ലല്ലോ..)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nannavunnunde Oro partum Sharath abinayikkano anu marakkan vendi
goof
Arjune vittit povan anunu kazhiyilla orikalum
Kollamm …nannayi pokunnuu