ആത്മസഖി – Part 9

7638 Views

Aathmasakhi Novel Malayalam at Aksharathalukal

അർജുനുമായുള്ള കല്യാണക്കാര്യം പറഞ്ഞാൽ ലച്ചു സമ്മതിയ്ക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല..

“നീ നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ അനു?”

“അതെ.. ”

“മമ്.. ഓൾ ദി ബെസ്റ്റ്..”

അവൾ നടുങ്ങുമെന്നു കരുതി കാര്യമവതരിപ്പിച്ച അനുവാണ് വാസ്തവത്തിൽ ആശ്ചര്യപ്പെട്ടത്..

ഇവൾക്കിതെന്തുപറ്റി!!

തന്റെ പ്ലാനെല്ലാം അർജുനെ കൂടാതെ അറിയുന്ന മറ്റൊരാൾ ലച്ചുവാണ്.. അവൾ കൂടെയുണ്ടെങ്കിൽ പിന്നെന്തിനും വല്ലാത്തൊരു ധൈര്യമാണ്..

അനു ആഗ്രഹിച്ച പോലെത്തന്നെ ശരത്തിന്റെ കല്യാണത്തിന്റെ കൃത്യം ഒരാഴ്ച്ച മുൻപ് തന്നെയായിരുന്നു അവളുടെ കല്യാണം..

താലി ചാർത്തുന്നതിനു തൊട്ടു മുൻപ് വരെ അർജുൻ അവൾക്ക് പിന്മാറാൻ അവസരം കൊടുത്തിരുന്നു..

ചിരിച്ചുകൊണ്ടവൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും ആചാരങ്ങൾക്കൊരോന്നിനും ആത്മാർത്ഥത ചമഞ്ഞു കൊണ്ട് സഹകരണം നൽകുമ്പോഴും എനിയ്ക്കൊരുപാട് അത്ഭുതം തോന്നി..

പക്ഷെ.. അവളുടെ കണ്ണുകളെപ്പോഴും ആരെയോ തിരയുന്നുണ്ടായിരുന്നു..

ഉള്ളിലൊന്നും, പുറത്തു മറ്റൊന്നും !!

ഇത്രത്തോളം ചടുലതയോടെ ജീവിതം അഭിനയിച്ചു ഫലിപ്പിയ്ക്കാൻ ഇവൾക്കെവിടുന്നാണിത്രയും ആത്മബലം!!

ഉദ്ദേശിച്ചതിലും കൂടുതൽ ആർഭാടമായിത്തന്നെ വിവാഹം നടന്നു.. ഒരുപാടാളുകളെ സാക്ഷിയാക്കി കഴുത്തിൽ താലി ചാർത്തുമ്പോൾ അവളിൽ കണ്ട ഭാവമെന്തായിരുന്നു?

ഒരിയ്ക്കൽ തന്റെ ജീവിതം തകർക്കാൻ അവസരം കാത്തിരുന്ന അർജുനോട് പക വീട്ടുന്നതിലുള്ള ചാരിദാർഥ്യമായിരുന്നോ?

അതോ? എന്നെന്നേക്കുമായി കൈപ്പിടിയിൽ നിന്നും അകന്നു പോയ ശരത്തിനെ തോല്പിച്ചതിലുള്ള ആത്മ സംതൃപ്തിയോ??

അറിയില്ല!!

ഒന്നേ പ്രാർത്ഥിച്ചുള്ളു..

പ്രണനകലും വരെ തമ്മിലകറ്റരുതേയെന്ന്.. ചങ്കിൽ പ്രാണന്റെ അവസാന കണികയും അവശേഷിയ്ക്കുന്നിടത്തോളം കരയിയ്ക്കാനിട വരുത്തരുതേയെന്ന്..

കല്യാണ വേഷം മുൻപൊരിയ്ക്കലും കണ്ടിട്ടില്ലാത്ത വശ്യത അവൾക്കു പകർന്നു നൽകിയിരുന്നുവോ!!

സ്വയമറിയാതെ കണ്ണുകളവളിൽ പലപ്പോഴായി തറഞ്ഞു നിന്നു…

ചേർന്ന് നിൽക്കുന്ന അർജുനെയും അനുവിനെയും വേദിയിലുള്ളവരെല്ലാം അസൂയയോടെ മാത്രം നോക്കി നിന്നു…

അർജുന്റെ കയ്യിൽ അനുവിന്റെ കൈത്തലം ചേർത്തുപിടിച്ചു യാത്രയാക്കവേ നിറകണ്ണുകളോടെ അയാൾ മന്ത്രിച്ചു..

“ഒന്ന് നുള്ളി നോവിച്ചിട്ടു പോലുമില്ലിതുവരെ.. കരയിയ്ക്കരുതെന്റെ കുട്ടിയെ..

കുറച്ചു അനുസരണക്കേടും കുറുമ്പുമൊക്കെ ഉണ്ടാവും.. പക്ഷെ സ്നേഹിയ്ക്കാൻ മാത്രം അറിയുന്ന പൊട്ടിപ്പെണ്ണാണ്..

വിശ്വസിച്ചേൽപിയ്ക്കാണ് അച്ഛൻ.. നോക്കിക്കോണേ മോനെ..”

“പേടിയ്ക്കണ്ട.. ഒരു കുറവും വരുത്തില്ല ഞാൻ.. അച്ഛനും അമ്മയ്ക്കും കാണണമെന്ന് തോന്നുമ്പോൾ അടുത്ത നിമിഷം ഞങ്ങളിവിടെ എത്തിയിരിയ്ക്കും…”

അർജുന്റെ വാക്കുകൾ ഉറച്ചതായിരുന്നു!

അവരെ കെട്ടിപ്പിടിച്ചു കരയുന്ന അനുവിനെ അടർത്തി മാറ്റി കൂടെ കൊണ്ട് പോവുമ്പോൾ കാറിനു വെളിയിൽ സംതൃപ്തിയോടെ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു രണ്ടു പേരും..

അവളൊന്നു മിണ്ടിയിരുന്നെങ്കിലെന്നുള്ള പാഴ്‌മോഹം നിയന്ത്രണ പരിധി ലംഘിച്ചുയരുമ്പോൾ ഞാൻ മനസ്സിനെ പാട് പെട്ട് വിലക്കി…

പാടില്ല.. അവതരിപ്പിച്ചു മനോഹരമാക്കിയ നാടകത്തിന്റെ തിരശീല വീഴുമ്പോൾ ഒന്നും ബാക്കി വെയ്ക്കാതെ ഇറങ്ങി പോവേണ്ടവളാണവൾ..!!

ഒന്ന് നോക്കാൻ പോലും അവകാശമില്ലാത്ത ജീവന്റെ പാതി!

ചെയ്തുപോയതിനെല്ലാം ഇതാണ് പ്രായ്ശ്ചിത്തമെങ്കിൽ ഇത്രയും നാൾ കാത്തുസൂക്ഷിച്ച സ്വപ്നങ്ങളെല്ലാം അവളുടെ ആഗ്രഹ സാഫല്യത്തിനായി വിട്ടു നൽകാം…

എന്റെ പ്രണയം സത്യമാണെങ്കിൽ എന്നെങ്കിലും അവളെന്നെ തിരിച്ചറിയും.. അതുവരെ ക്ഷമയോടെ കാത്തിരിയ്ക്കാം.. ഒടുവിൽ എല്ലാവരെയും പോലെ അവളും തനിച്ചാക്കാതിരുന്നെങ്കിലെന്നുള്ള പ്രാർത്ഥന മാത്രമേയുള്ളൂ..

ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും ഞാനത് പുറമെ കാണിച്ചില്ല..

വീട്ടിലെ പരിപാടികളെല്ലാം കഴിഞ്ഞു രാത്രിയായപ്പോഴേയ്ക്കും എല്ലാരും ക്ഷീണിച്ചിരുന്നു..

കസിൻസെല്ലാരും കൂടി അണിയിച്ചൊരുക്കിയ മണിയറയിൽ നിർവികാരനായി ഞാനവളെയും കാത്തിരുന്നു..

നിമിഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടു ഭംഗിയായി മൈലാഞ്ചിയിട്ട കൈകളിൽ പാൽ ഗ്ളാസ്സും പിടിച്ചുകൊണ്ട് അവൾ മുറിയിലേയ്ക്കെത്തി..

മെറൂൺ നിറത്തിലുള്ള കരയോട് കൂടിയ സെറ്റുസാരിയിൽ അവൾക്കെന്തൊരു ഐശ്വര്യമാണ്!!

ഞാൻ ചാർത്തിയ താലി അവളുടെ നെഞ്ചോരം പറ്റിച്ചേർന്നു കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം എന്റെ ഹൃദയത്തിൽ പടർന്നു..

“താങ്ക്സ് അർജുൻ.. ഞാനിതൊരിയ്ക്കലും മറക്കില്ല..”

അവൾ വശ്യമായി പുഞ്ചിരിച്ചു..

“വീട് ഇഷ്ടായോ?”

“മമ്.. പിന്നെ അർജുന്റെ കസിൻസെല്ലാം സൂപ്പറാണ് ട്ടോ.. എനിയ്ക്കൊരുപാട് ഇഷ്ടായി..”

അവളുടെ ചിരിയിൽ ഞാൻ സ്വയം അലിഞ്ഞില്ലാതാവുന്നത് പോലെ.. !!

മനസ്സ് കൈ വിട്ടുപോവാതിരിയ്ക്കാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു..

“എനിവേ.. എന്റെ റൂം എവിടെയാ?”

“അത്.. അനൂ.. ഇന്നിവിടെ എല്ലാരും ഇല്ലേ? അനുവിന്റെ മുറിയിലാണ് അച്ഛനും അമ്മയും.. അതുമല്ല ഇന്ന് തന്നെ നമ്മൾ വേറെ കിടന്നാൽ എല്ലാരും എന്ത് കരുതും? വെറുതെ എന്തിനാ ഒരു സംശയത്തിനിട വരുത്തുന്നത്?”

“എന്നുവച്ചാൽ? നാളെ നേരം വെളുക്കുവോളം ഞാനിവിടെ നിന്റെ കൂടെ കിടക്കണമെന്നോ?”

“അല്ലാതെ വേറെ വഴിയില്ല അനു.. ഇന്നൊരു ദിവസത്തേയ്ക്ക് ക്ഷമിയ്ക്ക്.. ”

“പറ്റില്ല.. ഞാനത്ര മണ്ടിയൊന്നും അല്ല അർജുൻ.. തന്ത്രങ്ങളുപയോഗിച്ചു എന്നെ വശത്താക്കാമെന്നാണെങ്കിൽ നടക്കില്ല..!!”

അനുവിന്റെ ശബ്ദമുയർന്നു..

“ഞാനെന്തു ചെയ്യാനാ അനൂ? ഹാളിൽ കിടക്കാമെന്നു വച്ചാൽ ഇന്നിവിടെ ആർക്കും ഉറക്കമുണ്ടാവില്ല.. ആരെങ്കിലും കണ്ടാൽ എന്ത് പറയും അവരോട്?”

“എനിയ്ക്കൊന്നും കേൾക്കേണ്ട അർജുൻ.. ഇതെല്ലാം നിന്റെ അടവാണ്.. നിന്നെ വിശ്വസിച്ചു കൂടെ വന്നതാണ് ഞാൻ..

പക്ഷെ..

നീയെന്നെ ചതിയ്ക്കായിരുന്നു.. എനിയ്ക്കു തന്ന പ്രോമിസ് നീ തെറ്റിച്ചു.. ആദ്യ ദിവസം തന്നെ..”

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു..

“ഓക്കേ.. എന്നാൽ ഞാൻ ഹാളിൽ പോയി കിടക്കാം.. എല്ലാരും കാണട്ടെ.. നിന്റെ എല്ലാ പ്ലാനും തകരട്ടെ.. ബൈ.. ”

മുറിയിൽ നിന്നിറങ്ങാൻ നേരം ഞാനവൾക്കു നേരെ ഏറുകണ്ണയച്ചു.. എന്ത് ചെയ്യണമെന്നറിയാതെ അവൾ എന്നെത്തന്നെ നോക്കി നിൽക്കുന്നു..

“എന്തുപറ്റി അർജൂ..”

അപ്രതീക്ഷിതമായി അതുവഴി വന്ന അമ്മയെ കണ്ട് ഞാനും അവളും നിന്ന് വിയർത്തു..

“ഡോറിന്റെ ലോക്ക് അവര് പൊട്ടിച്ചു വച്ചതാണല്ലേ?? ഈ കുട്ടികളുടെ ഒരു കാര്യം..”

അമ്മ ചിരിച്ചു..

അപ്പോഴാണ് ഞങ്ങൾ രണ്ടുപേരുമത് ശ്രദ്ധിയ്ക്കുന്നത്.. ബോൾട്ട് അടർത്തി മാറ്റിയിരിയ്ക്കുന്നു..

“സാരമില്ല.. നിങ്ങള് കേറ്.. ഞാൻ പുറത്തു നിന്നും ലോക്ക് ചെയ്തേക്കാം..”

ഭയത്തോടെ നോക്കുന്ന അനുവിനെ ഞാൻ കണ്ടില്ലെന്നു നടിച്ചു.. അമ്മ ഗുഡ് നൈറ്റ് പറഞ്ഞു ഡോർ പുറത്തു നിന്നും പൂട്ടി..

ശീതീകരിച്ച മുറിയിലും അവൾ നിന്ന് വിയർക്കുന്നുണ്ടായിരുന്നു.

” വരുന്നില്ലേ?”

അവൾ ദഹിപ്പിയ്ക്കുന്ന നോട്ടം അർജുന് നേരെ തൊടുത്തു വിട്ടു..

“എന്നെ നോക്കി പേടിപ്പിച്ചാൽ ഞാനെന്ത് ചെയ്യാനാ? വന്ന് കിടക്ക്.. വെറുതെ ഉറക്കമിളച്ചു ഓരോന്ന് വരുത്തി വയ്‌ക്കേണ്ട..”

“പോടാ..”

“എന്റെ പൊന്ന് അനൂ.. ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. എനിയ്ക്ക് നല്ല ക്ഷീണമുണ്ട്.. ലൈറ്റ് ഓഫ് ചെയ്യണം..”

“അർജുൻ ഉറങ്ങിക്കോ.. ഗുഡ് നൈറ്റ്..”

” നീ കേറിക്കിടക്കാൻ നോക്ക് അനു.. വെറുതെ എന്നെ ദേഷ്യം പിടിപ്പിയ്ക്കരുത്..”

കൃത്രിമമായ ദേഷ്യം മുഖത്തു വരുത്തി അർജുൻ ആജ്ഞാ സ്വരത്തിൽ പറഞ്ഞു..

“നിന്റെ ഉദ്ദേശമൊക്കെ എനിയ്ക്ക് മനസ്സിലായി.. പക്ഷെ എന്റടുത്തു ഒന്നും നടക്കാൻ പോണില്ല അർജുൻ..”

അവളുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നിരുന്നു..

“നീ കിടന്നോ.. എന്റെ കാര്യം നോക്കണ്ട… എന്തായാലും നിന്റെ ബെഡിൽ കിടക്കാൻ തൽക്കാലം എനിയ്ക്ക് സൗകര്യമില്ല..”

കൊണ്ടുവച്ച പാലിന്റെ ഗ്ലാസ്സ് വാഷ് ബേസിനിലേയ്ക്ക് കമിഴ്ത്തവേ അവളെന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു..

മുറിയിൽ ചാരി വച്ച കസേര കട്ടിലിനെതിർവശത്തെ മേശയ്ക്കു സമീപം വലിച്ചിട്ടുകൊണ്ട് അവൾ അതിലിരുന്നു..

കയ്യിലെ വളകളും സ്വർണക്കമ്മലുമെല്ലാം അഴിച്ചെടുത്തു മേശപ്പുറത്തെ പെട്ടിയിൽ അടച്ചു വച്ചുകൊണ്ട് അവളെന്റെ നേരെ തിരിഞ്ഞു..

“എനിയ്ക്ക് ഗോൾഡ് ഇഷ്ടമല്ല.. കല്യാണമായതുകൊണ്ടു മാത്രം അണിഞ്ഞതാണ്.. ഈ താലിമാലയല്ലാതെ ഒരു തരി സ്വർണം പോലും ഞാനിനി തൊടില്ല..

താലി അഴിയ്ക്കാത്തത് നിന്നോടുള്ള സ്നേഹംകൊണ്ടാണെന്നു കരുതണ്ട.. എനിയ്ക്ക് ജയിയ്ക്കാൻ ഇത് കൂടിയേ തീരൂ!!..”

മറുപടിയായി ഞാനൊന്നും പറഞ്ഞില്ല.. ഇവളോട് തർക്കിച്ചു ജയിക്കാനാവില്ല..

“അപ്പൊ അനു വരുന്നില്ലല്ലോ?”

മറുപടിയില്ല..

“ഓക്കേ.. ഇതിൽ കൂടുതൽ വിളിയ്ക്കാൻ എനിയ്ക്കറിയില്ല.. ഗുഡ് നൈറ്റ്..”

ലൈറ്റ് ഓഫ് ചെയ്ത് ഇന്റീരിയറിലെ അരണ്ട വെളിച്ചം തെളിച്ചു ഞാൻ കിടക്കയിലേയ്ക്കമർന്നു..

രണ്ടു ദിവസത്തെ ഉറക്ക ക്ഷീണം എന്റെ കണ്ണുകളെ പുൽകുമ്പോഴും അനു മേശമേൽ തല വച്ച് ചിന്തകളിൽ മുഴുകിയിരിയ്ക്കുന്നുണ്ടായിരുന്നു..

പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ആദ്യം നോക്കിയത് അനുവിനെയാണ്.. ഇല്ല.. അവളവിടെയില്ല..

പെട്ടെന്നെഴുന്നേറ്റു കുളിച്ചു മാറ്റി മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുമ്പോൾ വിവാഹ രാത്രിയെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെക്കുറിച്ചും എപ്പോഴോ മനസ്സിൽ പതിഞ്ഞു പോയ സ്വപ്നങ്ങളെല്ലാം ഒരു ചില്ലു കൊട്ടാരം പോലെ തകർത്തു കൊണ്ട് പതിവ് പോലെത്തന്നെ ജാനുചേച്ചി ചായ കയ്യിൽ തന്നു മുറി വിട്ടിറങ്ങി..

ആദ്യമായി സ്നേഹിച്ച പെണ്ണിനെത്തന്നെ ജീവിത സഖിയാക്കാൻ ഭാഗ്യം സിദ്ധിച്ച ചുരുക്കം ചിലരിൽ ഒരാൾ!!!

അർജുന് സ്വയം പുച്ഛം തോന്നി..

ഇനിയെത്ര ജന്മം കഴിഞ്ഞാലും എന്നെ സ്നേഹിയ്ക്കാൻ ഇവൾക്കൊരിയ്ക്കലും കഴിയില്ല..

അനുവിനെ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാൻ കഴിഞ്ഞില്ല..

അമ്മയോട് ചോദിച്ചാലോ?? വേണ്ട!! ചിലപ്പോൾ അമ്പലത്തിലോ മറ്റോ പോയിക്കാണും.

പത്രമെടുത്തുകൊണ്ടു സിറ്റ് ഔട്ടിൽ ചെന്നിരുന്നപ്പോഴാണ് കയ്യിലൊരു കുഞ്ഞിനെയുമെടുത്തു അവൾ മുറ്റത്തുകൂടെ നടക്കുന്നത് കണ്ടത്..

വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കളിലാരുടെയോ കുഞ്ഞാണ്.. ഇന്നലെ വൈകീട്ടും കണ്ടിരുന്നു അവളീ കുഞ്ഞിന്റെ പിറകെ..

കാക്കയെയും പൂച്ചയെയുമെല്ലാം ചൂണ്ടി കാണിച്ചു കൊണ്ട് അവളാ കുഞ്ഞിനോട് എന്തൊക്കെയോ പറയുന്നത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു..

“അനു രാവിലെ മുതൽ മോളെ എടുത്തോണ്ട് നടപ്പാണ്… അവൾക്ക് ചെറിയ കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടാണല്ലേ??”

കസിൻസിലൊരുവൾ എന്റെ അരികിൽ വന്നിരുന്നുകൊണ്ടു ചോദിച്ചു..

ഞാൻ ചിരിച്ചു..

അവളുടെ ഇഷ്ടാനിഷ്ടങ്ങളൊന്നും എനിയ്ക്കറിയില്ലെന്നു ഞാനിവളോടെങ്ങനെ പറയും? ഞങ്ങൾ തമ്മിൽ തീവ്ര പ്രണയമാണെന്നാണ് വീട്ടിലെല്ലാവരുടെയും വിചാരം!!

ഉച്ചഭക്ഷണം കഴിയ്ക്കുമ്പോൾ എല്ലാവരുടെയും മുൻപിൽ വച്ച് അവളെനിയ്ക്കു സ്നേഹത്തോടെ വിളമ്പിത്തന്നു..

ഭാഗ്യം!! മറ്റുള്ളവരുടെ മുന്പിലെങ്കിലും ഈ അവഗണന സഹിയ്ക്കണ്ടല്ലോ.. അഭിനയമാണെങ്കിലും സ്നേഹത്തോടെ അവളൊന്നു നോക്കുന്നെങ്കിലുമുണ്ടല്ലോ..
ഉച്ചയ്ക്ക് ശേഷം അവളെന്നെ വിളിയ്ക്കുന്നുണ്ടെന്നു കുട്ടികളാരോ വന്നു പറഞ്ഞപ്പോൾ പ്രതീക്ഷയോടെ ഞാനോടി മുറിയിലെത്തി..

“അനൂ.. എന്താ വിളിച്ചത്?”

“അർജുൻ.. എന്റെ റൂമിന്റെ കാര്യമെന്തായി??”

പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി അവൾ വീണ്ടും അക്കാര്യമെടുത്തിട്ടു..

“ഇന്ന് രാത്രി കൂടി നീയൊന്നു ക്ഷമിച്ചാ മതി അനു.. നാളെ മോണിംഗ് ഫ്ളൈറ്റിൽ അമ്മയും പപ്പയും തിരിച്ചു പോവും.. പിന്നെ നമ്മുടെ ഇഷ്ടത്തിനനുസരിച്ചാണ് എല്ലാം..”

“ഏഹ്?? അപ്പോ ഇന്നും ഞാനിവിടെ നിന്റെ കൂടെയോ?? ”

“നിന്റെ ദേഷ്യം കണ്ടാൽ തോന്നും ഞാൻ മനപ്പൂർവം ചെയ്യുന്നതാണെന്ന്.. അവരിവിടെ ഉള്ളിടത്തോളം കാലം നമുക്ക് വേറെ വേറെ റൂമിൽ കിടക്കാൻ പറ്റില്ല..

എന്തെങ്കിലുമൊരു സംശയം ആർക്കെങ്കിലും തോന്നാനിട വന്നാൽ ആടിത്തുടങ്ങിയ നാടകം പാതി വഴിയിലുപേക്ഷിച്ചു നിനക്ക് തോൽവി സമ്മതിയ്ക്കേണ്ടി വരും!”

പതഞ്ഞു പൊങ്ങിയ ദേഷ്യമടക്കാൻ പാട് പെടുന്നതിനിടെ താക്കീതെന്നോണം അവളെന്റെ നേരെ വിരൽ ചൂണ്ടി..

“ഇന്നൊരു ദിവസം കൂടി ഞാൻ ക്ഷമിയ്ക്കാം.. നാളെത്തൊട്ടു വിളച്ചിലെടുത്താൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം..”

അവൾ ദേഷ്യത്തോടെ മുറി വിട്ടു പുറത്തിറങ്ങി..

രാത്രി പ്രതീക്ഷിയ്ക്കാതെ അച്ഛനും അമ്മയും കൂടി ഒരുമിച്ചു മുറിയിലെത്തി..

“മക്കൾക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാണ് ഞങ്ങളൊരുമിച്ചു വന്നത്..”

എന്ത് സർപ്രൈസ് ആണെന്ന മട്ടിൽ ഞങ്ങളിരുവരും പരസ്പരം നോക്കി..

“നിങ്ങൾ രണ്ടുപേരും ഏറ്റവും കൂടുതൽ ആഗ്രഹിയ്ക്കുന്ന കാര്യമാ..”

അവർ ചിരിച്ചുകൊണ്ട് തുടർന്നു..

“ഞങ്ങളിനി തിരിച്ചു പോവുന്നില്ല.. ഇനിയുള്ള കാലം നാട്ടിലെ ബിസിനെസ്സ് ഒക്കെ നോക്കി നിങ്ങളോടൊപ്പം ഇവിടെ സ്വസ്ഥം…”

അന്നാദ്യമായി എനിയ്ക്കമ്മയോട് സ്നേഹം തോന്നി… ജീവിതത്തിലാദ്യമായി അമ്മയെയും അച്ഛനെയും ഞാൻ ഹൃദയത്തിന്റെ വിശിഷ്ട സ്ഥാനത്തു കുടിയിരുത്തി…

ഒരേ വീട്ടിൽ തന്നെ രണ്ടു മുറികളിൽ കഴിഞ്ഞാൽ അവളെ ഒന്ന് കാണാൻ പോലും കിട്ടില്ലെന്നെനിയ്ക്ക് നൂറു ശതമാനം ഉറപ്പായിരുന്നു..

“സന്തോഷായില്ലേ രണ്ടാൾക്കും??”

മുഖത്തു കഴിവതും സന്തോഷം വരുത്തി എന്നോടൊപ്പം അവളും തലയാട്ടി..

ഗുഡ് നൈറ്റ് പറഞ്ഞു ഡോർ അടച്ചവർ പുറത്തിറങ്ങിയപ്പോൾ വർധിച്ച ദേഷ്യത്തോടെ അവളെന്നെ നോക്കി..

“തനിയ്ക്ക് സന്തോഷായില്ലേ??”

“ഹതു കൊള്ളാം.. ഇതുകേട്ടാൽ തോന്നും ഞാൻ മുൻകൂട്ടി പ്ലാൻ ചെയ്തതാണ് ഇതൊക്കെന്ന്.. നമ്മളെ രണ്ടാക്കാൻ ദൈവത്തിനു പോലും ആഗ്രഹമില്ലെന്നു മനസ്സിലായില്ലേ??”

മറുപടിയായി കയ്യിൽ കിട്ടിയ പേപ്പർ വെയ്‌റ്റെടുത്തു അവൾ കണ്ണാടിയിലേയ്ക്ക് നീട്ടിയെറിഞ്ഞു..

വലിയ ശബ്ദത്തോടെ കണ്ണാടി പല കഷ്ണങ്ങളായി പൊട്ടിത്തകർന്നു..

ഞാനെന്തെങ്കിലും പറഞ്ഞാൽ അതവളെ പ്രകോപിപ്പിയ്ക്കുകയെ ഉള്ളുവെന്നുറപ്പുള്ളതിനാൽ കൂടുതലൊന്നും മിണ്ടാതെ ഞാൻ കിടക്കയിലിരുന്നു..

ഇടതുകൈ കൊണ്ട് തല താങ്ങിപ്പിടിച്ചു അവൾ കസേരയിലേയ്ക്കമർന്നു..

ഉറക്കക്ഷീണത്താൽ അവളുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു..

കസേരയിലിരുന്നുകൊണ്ടു എത്രത്തോളം ഉറങ്ങാൻ കഴിയും??

അവളൊന്നു തണുത്തിട്ടു മുറിയിലേയ്ക് വരാമെന്നു കരുതി ഞാൻ വാതിൽ തുറന്നു പുറത്തേക്കിറങ്ങി..

തിരിച്ചു വന്നപ്പോൾ ഒട്ടും പ്രതീക്ഷിയ്ക്കാത്ത കാഴ്ച്ച കണ്ടു ഞാൻ ശരിയ്ക്കും അമ്പരന്നു..

രണ്ടു തലയിണകൾ ഒത്ത നടുക്ക് അതിർത്തിയാക്കി വച്ചുകൊണ്ട് അവൾ ചുമരിനോട് ചേർന്ന് മൂടിപ്പുതച്ചു കിടക്കുന്നു.. അത്യാവശ്യം വലിപ്പമുള്ളൊരു പാവക്കുട്ടിയെ മാറോടടക്കിപ്പിടിച്ചിട്ടുണ്ട്..

പാവം നല്ല ക്ഷീണമുണ്ടവൾക്ക്..

ഉള്ളാലെ ചിരിച്ചുകൊണ്ട് നോക്കിയിരിയ്ക്കും തോറും ഒരു കൊച്ചു കുഞ്ഞിനോടുള്ള വാത്സല്യം ഹൃദയത്തിൽ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..

അവൾ നിർമിച്ച ലക്ഷ്മണ രേഖയ്ക്കിപ്പുറം ശബ്ദമുണ്ടാക്കാതെ വന്നു കിടക്കുമ്പോൾ അർജുന്റെ മുഖം ആയിരം ദീപങ്ങളൊരുമിച്ചു തെളിഞ്ഞ പോലെ പ്രകാശിച്ചു..

ഈ കിടക്കയിലവൾ വന്നു കിടക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല!!

ബെഡ്ഷീറ്റ് നിവർത്തി വിരിച്ചു നിലത്തു കിടക്കുമെന്നു കരുതിയതാണ്..

അല്ലെങ്കിലും എവിടെയും തോറ്റു കൊടുക്കുന്ന ശീലം പണ്ടേയിവൾക്കില്ലല്ലോ… ഞാൻ കരുതുന്നതിനുമപ്പുറമാണിവളുടെ ചിന്തകൾ സഞ്ചരിയ്ക്കുന്നത്..

ഒറ്റ തട്ടിനു തെറിച്ചു പോയേക്കാവുന്ന തലയിണകളുടെ ബലത്തിൽ ധൈര്യമായി കിടന്നുറങ്ങുന്ന അനുവിനെ നോക്കി അർജുൻ അടക്കി ചിരിച്ചു..

“മനസ്സിന്റെ ഏതെങ്കിലും കോണിൽ വിശ്വാസത്തിന്റെ ചെറു കണിക പോലുമില്ലാതെ കൈ നീട്ടിയാൽ തൊടാവുന്നിടത്തിങ്ങനെ ശാന്തമായുറങ്ങാൻ കഴിയില്ലിവൾക്ക്.. ”

പ്രതീക്ഷയുടെ നറുതിരി ഹൃദയത്തിലെവിടെയോ പതിയെ തെളിയുന്നുണ്ടോ?

മനസിന്റെ ചാപല്യങ്ങളടക്കി നിർത്താൻ കെൽപ്പുള്ളവനാണ് അർജുനെന്നവൾ തിരിച്ചറിയട്ടെ..

“അനൂ.. എനിയ്ക്ക് സ്വന്തമാക്കേണ്ടത് നിന്റെ ഹൃദയത്തെയാണ്..

എന്റെ പ്രണയം തിരിച്ചറിയുന്ന നിമിഷം നീ തന്നെ എടുത്തുമാറ്റും ഈ അതിർ വരമ്പുകളെല്ലാം!!

ഹൃദയംകൊണ്ടു നീയെത്ര അകറ്റാൻ ശ്രമിച്ചാലും എന്റെ പ്രണയം നിന്നിലങ്ങനെ പറ്റിച്ചേർന്നു കിടക്കും…

നിന്റെ കഴുത്തിൽ അർജുൻ ചാർത്തിയ താലിയുടെ മഹത്വം നീ തിരിച്ചറിയുന്നൊരു ദിവസം വരും..

അതുവരെ ഒരു ചെറുവിരൽ പോലും നിന്റെ നേരെ ഉയർത്തില്ല അർജുൻ…!!”

ഒട്ടും ശബ്ദമില്ലാതെ അവളുടെ കാതോരം മന്ത്രിയ്ക്കുമ്പോൾ അവന്റെ ഹൃദയം ശാന്തമായിരുന്നു..

ഇമ വെട്ടാതെ അവളെ നോക്കിക്കിടന്നെപ്പോഴോ നിദ്രയ്ക്കു കീഴടങ്ങുമ്പോഴും അർജുന്റെ അധരങ്ങളിൽ ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു..

പിറ്റേന്ന് രാവിലെ ഞങ്ങളെ രണ്ടു പേരെയും അമ്മ നിർബന്ധിച്ചു അമ്പലത്തിലേയ്ക്കയച്ചു..

മനസ്സില്ലാ മനസ്സോടെയാണ് അവളെന്റെ കൂടെ വന്നത്..

തിരിച്ചു വന്നു ചായ കുടിയ്ക്കവേ പ്രീ പ്ലാൻ ചെയ്തു വച്ച ഹണിമൂൺ ട്രിപ്പിന്റെ കാര്യം അമ്മയുടെ വായിൽ നിന്നും ഇടിത്തീ പോലെ കാതുകളിൽ പതിച്ചപ്പോൾ ഞാനെന്തു മറുപടി പറയുമെന്നറിയാൻ അവൾ ആശങ്കയോടെ കാതോർക്കുന്നുണ്ടായിരുന്നു..

(തുടരും….)

രചന: സ്വാതി.കെ.എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply