Skip to content

ഏഴാംജന്മം – ഭാഗം 3

ezham janmam malayalam novel

✍️ Rincy Prince

ഇടിമിന്നലിന്റെ പ്രകാശം കണ്ണിൽ അടിച്ച് അപ്പോഴാണ് മൈഥിലി കണ്ണുകൾ തുറന്നത് ,
കുറച്ചു മുൻപ് താൻ കണ്ട സ്വപ്നം ചിന്തിച്ച് അവൾ കട്ടിലിൽ തന്നെ ഇരുന്നു,ആ മഴയുടെ തണുപ്പിലും അവൾ വിയർത്തിരുന്നു,
അങ്ങനെ അവസാനം സ്വപ്നത്തിലുള്ള ആ പുരുഷൻറെ മുഖം താൻ കണ്ടിരിക്കുന്നു, ആ മുഖം തൻറെ ഓർമ്മകളിൽ എങ്ങുമില്ല, ആദ്യമായി കാണുകയാണ്,എങ്കിലും ഇത്ര വ്യക്തമായി താൻ എങ്ങനെയാണ് അവൻറെ മുഖം മനസ്സിലേക്ക് പതിപ്പിച്ചത്,
ഒരുപക്ഷേ അത് തന്റെ മനസ്സിലെ പുരുഷ സങ്കൽപ്പം ആയിരിക്കാം , പക്ഷേ ഇത്ര കൃത്യമായി എങ്ങനെയാണോ?
അങ്ങനെ ഒരാൾ എവിടെയെങ്കിലും തനിക്കായി കാത്തിരിക്കുന്നുണ്ടായിരിക്കുമോ ?
അല്ലെങ്കിൽ എങ്ങനെയാണ് താൻ ഈ സ്വപ്നം കുറെ നാളുകളായി കാണുന്നത്,ഒരു വെറും അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളാൻ തനിക്ക് ആകുന്നില്ല,
കാരണം തൻറെ ഇരുപതാമത്തെ വയസ്സ് മുതൽ താൻ കാണുന്നതാണ് ഈ സ്വപ്നം, പക്ഷേ സ്വപ്നത്തിലെ നായകന്റെ മുഖം വ്യക്തമായത് ഇന്നാണെന്ന് മാത്രം, സുന്ദരനും സുമുഖനുമായ ഒരു പുരുഷൻ, പക്ഷേ താൻ ഇതിനു മുൻപ് അങ്ങനെ ഒരു മുഖം എവിടെയും കണ്ടിട്ടില്ല, എന്തുകൊണ്ടോ അവൾക്ക് ലൈറ്റ് ഇടാൻ തോന്നിയില്ല,

ജനാല ലക്ഷ്യമാക്കി അവൾ ഇരുട്ടത്ത് നടന്നു, ജനൽ പാളി മെല്ലെ തുറന്നു, അപ്പോഴേക്കും ഇടിമിന്നലിന്റെ പ്രകാശം മുറിയിലേക്ക് കയറുന്നുണ്ടായിരുന്നു, പുറത്ത് നല്ല മഴയാണ് ആർത്തലച്ചു പെയ്യുകയാണ്,
കുറേനേരം അവൾ പുറത്തേക്ക് നോക്കി നിന്നു,അവളുടെ മനസ്സിൽ മുഴുവൻ സ്വപ്നത്തിൽ കണ്ട ആ പുരുഷനായിരുന്നു, ഒരു ഫോട്ടോ കാണുന്നത് പോലെ ആ രൂപം അവളുടെ മനസ്സിൽ പതിഞ്ഞിരുന്നു,
ഇതിനു മുൻപ് ഒരിക്കൽ പോലും ആ മുഖം താൻ കണ്ടിട്ടില്ല എന്ന് അവൾ ഓർത്തു,

സിനിമകളിലൊക്കെ കാണുന്നത് പോലെ , ആ രൂപം ആരോടെങ്കിലും പറഞ്ഞു വരപ്പിച്ച് അയാളെ തേടി ഇറങ്ങിയാലോ എന്നുവരെ അവൾ ചിന്തിച്ചു,
അതിനോടൊപ്പം തന്നെ താൻ എന്തൊരു വിഡ്ഢിത്തമാണ് ചിന്തിക്കുന്നത് എന്ന് അവൾ ഓർത്തു, വെറുതെ ഒരു സ്വപ്നം അതിന് പിന്നാലെ പോവുക എന്ന് പറഞ്ഞാൽ അതിനേക്കാൾ വലിയൊരു വിഡ്ഢിത്തം വേറൊന്നുമില്ല,
പക്ഷേ ഇത് തനിക്ക് വെറുമൊരു സ്വപ്നം ആണോ? നാലു വർഷങ്ങളായി തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നം അല്ലേ? അവൾ സ്വന്തമായി ചിന്തിച്ചു,
അവളുടെ ബോധമനസ്സ് അതിന് പിന്നാലെ പോകണ്ട എന്ന് പറയുമ്പോഴും, ഉള്ളിന്നുള്ളിൽ ഇരുന്ന് ആ പുരുഷനെ കാണാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം,

മാറ്റിയും മറിച്ചും തീരുമാനങ്ങളെടുത്ത് അവൾ കുറെ നേരം നിന്നു,
ഇടയ്ക്ക് മഴ പെയ്തു തോർന്നപ്പോഴാണ് അവൾ സമയം നോക്കിയത്, സമയം 3.10 ആയിരിക്കുന്നു, ഏകദേശം ഒരു മണിക്കൂർ ആയി താൻ ഈ നിൽപ്പ് തുടർന്നു ഇരിക്കുകയാണെന്ന് ഞെട്ടലോടെ അവളോർത്തു,

മെല്ലെ അവൾ കട്ടിലിനരികിലേക്ക് നടന്നു, കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു, ഇടയ്ക്കെപ്പോഴോ അവൾ ഉറങ്ങി ,കാലത്ത് അലാറം അടിച്ചപ്പോഴാണ് ഉണർന്നത്,
എഴുന്നേറ്റ ഉടനെ അവൾ ബ്രഷ് ചെയ്ത് കയ്യും മുഖവും കഴുകി മെസ്സിലേക്ക് നടന്നു, അവിടെ നിന്നും ഒരു ഗ്ലാസ് കട്ടൻ ചായ കുടിച്ച ശേഷം തിരികെ റൂമിൽ വന്നു. അപ്പോഴേക്കും അനഘ അവിടെ എത്തിയിരുന്നു,

“നീ ഇന്ന് നേരത്തെ ആണല്ലോ,

“ഇന്നലെ രാത്രിയിൽ നല്ല തിരക്ക് ആയിരുന്നു, അതുകൊണ്ട് കാലത്ത് തന്നെ ഞാൻ ഇങ്ങ് പോന്നു,
നീ ഇന്നലെ ഉറങ്ങിയില്ലേ? കണ്ണൊക്കെ വീർത്തു കിടക്കുന്നു,

“ഇല്ലെടി,
ഞാൻ ഇന്ന് രാവിലെ വീണ്ടും സ്വപ്നം കണ്ടു ,

“അതുകൊണ്ടാണോ ഉറങ്ങാത്തത്,അതിനു വലിയ പുതുമയൊന്നും ഇല്ലല്ലോ, അത് എന്നും നീ കാണുന്നല്ലേ?

” ഇന്ന് അങ്ങനെയല്ല ഒരു പുതുമയുണ്ട്,

“എന്താ

“ഇന്ന് ഞാൻ ആളിന്റെ മുഖം കണ്ടു,

“ശരിക്കും
അത്ഭുതത്തോടെ അനഘ ചോദിച്ചു

“കണ്ടു

“എങ്ങനെയുണ്ട് കാണാൻ കൊള്ളാമോ?

“നീ തമാശ പറയാതിരിക്ക് അനഘേ,

“എന്ത് തമാശ? ആളെ കാണാൻ കൊള്ളാവുന്നല്ലേ ചോദിച്ചത്,

“കാണാനൊക്കെ കിടു ലുക്ക്
ശരിക്കും ഞാൻ കണ്ട സ്വപ്നത്തിലെ രൂപം വെച്ച് ഏതെങ്കിലും പെയിൻററിനെ കൊണ്ടു വരപ്പിച്ചിട്ടു തിരക്കി ഇറങ്ങിയാലോ എന്നാണ് ഞാനും ആലോചിക്കുന്നത്,

മൈഥിലിയുടെ മറുപടി കേട്ട് അനഘയിൽ നിന്നും ഒരു പൊട്ടിച്ചിരി ഉണർന്നു,

“നീയെന്നെ കളിയാക്കാണോ,

” പിന്നെ അല്ലാതെ, നീ പറയുന്നത് കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും, ആരെങ്കിലും ലോകത്ത് ചെയ്യുന്ന കാര്യമാണോ ഇത്, നിൻറെ മനസ്സിൽ ഒരു സങ്കൽപ്പം ഉണ്ട്, അതാണ് നീ സ്വപ്നം കണ്ടത്, എന്ന് പറഞ്ഞു അത് വച്ച് ആളെ തിരഞ്ഞു നടക്കുക എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? നീ ജേർണലിസം ഫസ്റ്റ് റാങ്ക് മേടിച്ചത് ഏത് യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നാ പറഞ്ഞേ

“അങ്ങനെയൊരാൾ എവിടെയോ ഉണ്ടെന്ന് എൻറെ മനസ്സ് പറയുന്നു, ഇല്ലെങ്കിൽ ഞാൻ ഈ നാലു വർഷമായി ഇങ്ങനെ സ്വപ്നം കാണുവോ, മാത്രമല്ല ഇന്നലെ ഒറ്റ ദിവസം കണ്ടപ്പോൾ തന്നെ എൻറെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയി, വരക്കാൻ അറിയാരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ തന്നെ നിന്നെ കാണിച്ചു തന്നേനെ,

” അതൊക്കെ നിൻറെ മനസ്സിൻറെ വെറും തോന്നലുകളാണ്, അങ്ങനെ ഒരാൾ ഇനിയിപ്പോ ഉണ്ടെങ്കിൽത്തന്നെ നമ്മൾ എങ്ങനെ കണ്ടുപിടിക്കാനാണ്? അയാളിപ്പോൾ ഏത് നാട്ടിലാണെന്നോ , ഏത് ഭാഷ സംസാരിക്കുന്നവൻ ആണെന്നോ? ഒന്നും നമുക്ക് അറിയില്ലല്ലോ,

“അതൊക്കെ ശരിയാണ്

” നീ അതൊക്കെ ഒന്ന് മനസ്സിൽ നിന്ന് വിട്ടേ,ചുമ്മാ വട്ട്,
ഞാൻ നിൻറെ മനയുടെ പ്രശ്നത്തിന് ഒരു സൊല്യൂഷൻ ആയിട്ടാണ് വന്നിരിക്കുന്നത്

“എന്ത് സൊല്യൂഷൻ?

“അയാൾ ഇനി വിളിച്ച് നിയമപരമായി നീങ്ങുമെന്ന് പറയുമ്പോൾ നീ ചോദിക്കണം, നിങ്ങൾ തിരക്കിയപ്പോൾ ഒരു അരുന്ധതി വർമ്മ ആയിരുന്നല്ലോ ഇതിൻറെ അവകാശി,
ഇനി നിങ്ങൾക്ക് നിയമം വഴി പോകണം എന്ന് നിർബന്ധം ആണെങ്കിൽ നിങ്ങൾ കേസ് കൊടുത്തോളൂ പക്ഷേ ചാനലിൽ ഞങ്ങൾ സൂര്യമംഗലം മനക്ക് രണ്ടു അവകാശികൾ ഉണ്ട് എന്ന് ടെലികാസ്റ്റ് ചെയ്യും എന്ന് പറയണം ,

“അത് നല്ലൊരു ഐഡിയ ഒന്നും പറ്റിയില്ലെങ്കിൽ പതിനെട്ടാമത്തെ അടവ് ആയിട്ട് അത് പ്രയോഗിക്കാം,

“അതെ, മാക്സിമം നീ അയാളെ പ്രകോപിപ്പിക്കാതെ നോക്കണം, എങ്ങനെയെങ്കിലും അയാളെ പറഞ്ഞ് മനസ്സിലാക്കി ഈ പ്രശ്നം സോൾവ് ചെയ്യാൻ നോക്കണം, എന്ത് പറഞ്ഞിട്ടും അയാൾ സമ്മതിക്കുന്നില്ല എങ്കിൽ മാത്രം ഇത് പറയണം,

“ഏറ്റു

“നിൻറെ ഫോൺ സൈലൻറ് മോഡിൽ ആണോ?

ടേബിളിൽ ഇരുന്ന ഫോണിലേക്ക് നോക്കി അനഘ ചോദിച്ചു, അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്,ഫോൺ സൈലൻറ് മോഡിൽ ആണ്, അവൾ പെട്ടെന്ന് ഫോണിലേക്ക് നോക്കി അമ്മയാണ് വിളിക്കുന്നത്, അവൾ ഫോൺ അറ്റൻഡ് ചെയ്തു,

“ഹലോ മോളെ എന്താ കാര്യം നിനക്ക് ഞായറാഴ്ച വരാൻ പറ്റുമോ?

“എന്താണെങ്കിലും ഞായറാഴ്ച വരാൻ പറ്റുമെന്ന് തോന്നുന്നില്ല, കാരണം ഞാനൊരു വലിയ പ്രോഗ്രാമിൻറെ പ്രശ്നത്തിലാ, ഞാനും എം.ഡിയും തമ്മിൽ അത്ര രസത്തിലല്ല, അതുകൊണ്ട് എന്താണെങ്കിലും ലീവ് കിട്ടില്ല,

“ഞാനും അത് പറയാൻ വേണ്ടിയാണ് വിളിച്ചത്, നമ്മുടെ പൂജ നടത്താമെന്ന് പറഞ്ഞ ഭട്ടതിരിപ്പാടിന് ഞായറാഴ്ച എത്താൻ സാധിക്കില്ല, അതുകൊണ്ട് അടുത്ത ഞായറാഴ്ച പൂജ നടത്താം എന്നാണ് വിചാരിക്കുന്നത്, എന്താണെങ്കിലും അടുത്ത ഞായറാഴ്ച നീ ലീവെടുത്ത് വരണം,
പിന്നെ നേരത്തെ പറഞ്ഞില്ല എന്ന് പറയരുത് അതുകൊണ്ടാണ് മുൻകൂട്ടി പറഞ്ഞത് ,

“അടുത്ത സൺഡേ എന്താണെങ്കിലും വരാം,

“അതുമതി, പിന്നെ എന്നാ ചാനലിൽ പ്രശ്നം?

” അത്ര വലിയ പ്രശ്നമൊന്നും അല്ല അമ്മാ,
അത് സോൾവ് ചെയ്യാനുള്ള തിരക്കിലാണ്,

” അത് ഒരാഴ്ചകൊണ്ട് സോൾവ് ചെയ്യാൻ പറ്റുമോ?

” സോൾവ് ചെയ്താലും ഇല്ലെങ്കിലും അടുത്ത സൺഡേ ഞാൻ അവിടെ ഉണ്ടാവും, അത് പോരെ ,

“അതുമതി

“എങ്കിൽ ശരി അമ്മാ, ഞാൻ പോകാൻ റെഡി ആകട്ടെ,

“നിൽക്ക്…… വയ്ക്കല്ലേ
ഞാൻ ഇന്നലെ നിന്നെ കുറെ പ്രാവശ്യം വിളിച്ചു നീ എന്താ ഫോൺ എടുക്കാഞ്ഞത്?

” ഞാൻ ഉറങ്ങിപോയി, ഭയങ്കര സ്ട്രെസ് ആയിരുന്നു ഇന്നലെ,

“നിനക്ക് ഇങ്ങനെ കിടന്ന് കഷ്ടപ്പെടേണ്ട വല്ല ആവശ്യമുണ്ടോ മൈഥൂ,
ആകെയുള്ള ഒരു മോളാണ്, ഞങ്ങളെ രണ്ടു പേരെയും ഇവിടെ ഒറ്റയ്ക്കാക്കി അവിടെ ഹോസ്റ്റലിൽ പോയി കിടന്നു കഷ്ടപ്പെടേണ്ട കാര്യം നിനക്ക് ഉണ്ടോ? നീ ജോലി ചെയ്തുകൊണ്ട് വരുന്നതുകൊണ്ട് വേണോ നമുക്ക് അരി മേടിക്കാൻ? നിനക്കും നിൻറെ രണ്ടു തലമുറയ്ക്കും ഉള്ളത് നിൻറെ അച്ഛൻ ഉണ്ടാക്കിയിട്ടില്ലേ,

“അമ്മാ നമ്മൾ പല പ്രാവശ്യം പറഞ്ഞു തെറ്റിയ ഒരു കാര്യമാണ് ഇത്,
അമ്മയ്ക്ക് അറിയാലോ അരി മേടിക്കാൻ വേണ്ടി അല്ല ഞാൻ ജോലിക്ക് പോകുന്നത്, ജോലിക്ക് പോകണം എന്നുള്ളത് എൻറെ സ്വപ്നം ആയിരുന്നു, പിന്നെ എന്തിനാ ഞാൻ ഇത്രയും പഠിച്ചത്, സർട്ടിഫിക്കറ്റ് ഒക്കെ ഷോക്കേസിൽ സൂക്ഷിക്കാൻ വേണ്ടിയോ? പിന്നെ അച്ഛൻ ഉണ്ടാക്കിയത്, അതൊന്നും എനിക്ക് അനുഭവിക്കാൻ താല്പര്യമില്ല, എനിക്ക് വേണ്ടി ഉള്ളത് ഞാൻ തന്നെ ഉണ്ടാകണം എന്നുള്ള ചിന്താഗതിയാണ് എനിക്ക്, എന്തെങ്കിലും സ്വന്തമായിട്ട് സമ്പാദിക്കണം എന്ന് താല്പര്യമുള്ള കൂട്ടത്തിലാണ് ഞാൻ,
എനിക്ക് ലേറ്റ് ആവുന്നു ഞാൻ വൈകിട്ട് വിളിക്കാം,

അവരുടെ മറുപടിക്ക് കാക്കാതെ അവൾ ഫോൺ വെച്ചു,

°°°°°°°°°°°°°°°

മൈഥിലി പറഞ്ഞ അമർഷം മുഴുവൻ അടുക്കളയിലെ പാത്രങ്ങളോട് ആയിരുന്നു ഊർമ്മിള തീർത്തത്, അത് കണ്ടുകൊണ്ടാണ് മാധവൻ തമ്പി അവിടേക്ക് വന്നത്,

“എന്താ ഊർമ്മിളേ നീ രാവിലെ പാത്രങ്ങളുമായി ഒരു കശപിശ

“രാവിലെ ഞാൻ നിങ്ങളുടെ പുന്നാരമോളേ വിളിച്ചിരുന്നു

“എന്നിട്ട് അവളും ആയിട്ട് എന്തെങ്കിലും പറഞ്ഞ് പിണങ്ങി കാണുമല്ലോ

“ഞാൻ പറയുന്നതൊന്നും നിങ്ങൾ അച്ഛനും മോൾക്കും പിടിക്കില്ലല്ലോ,
മാധവേട്ടൻ ആണ് അവളെ ഇങ്ങനെ വഷളാക്കുന്നത്,

“ഞാനെങ്ങനെ അവളെ വഷളാക്കുന്നൂന്നാ നീ പറയുന്നത്,

“ഇപ്പൊ തന്നെ അവളെ അത്രയും ദൂരത്തേക്ക് അയച്ച് ജോലിക്ക് വിടേണ്ട ആവശ്യമുണ്ടോ? അത്ര കഷ്ട്ടപാട് എന്താ നമ്മുടെ വീട്ടിലുള്ളത്,

“കഷ്ടപ്പാട് തീർക്കാൻ വേണ്ടില്ലല്ലോ അവൾക്കിഷ്ടപ്പെട്ട പ്രൊഫഷൻ തിരഞ്ഞെടുത്തു, ജോലി ചെയ്യുന്നു, അത്രയേ ഞാൻ കരുതിയുള്ളൂ,

“അതുകൊണ്ട് എന്താ ?അവളെ ഒന്ന് കാണണം എങ്കിൽ പോലും ഇപ്പൊ എന്തോരം കഷ്ടപ്പെടണം,

“നമ്മുടെ മോൾക്ക് ഒരു വ്യക്തിത്വം ഉണ്ടായതിൽ നീ സന്തോഷിക്കുകയല്ലേ വേണ്ടത്,

“ഞാനൊന്നും പറയുന്നില്ല, പറഞ്ഞാൽ നിങ്ങൾക്കും മനസ്സിലാവില്ല അവള്ക്കും മനസ്സിലാവില്ല,

മൈഥിലിയുടെ അച്ഛനും അമ്മയും സർക്കാർ സർവീസിൽ ആയിരുന്നു,കസ്റ്റംസ് ഉദ്യോഗസ്ഥനായ അച്ഛനിൽ നിന്നും ആണ് മൈഥിലിക്ക് ജേണലിസം ചെയ്യണം എന്ന് താല്പര്യം ഉണ്ടായത്, പക്ഷേ ടീച്ചറായ ഊർമ്മിളക്ക് മകളെ തന്നെപ്പോലെ ഒരു ടീച്ചർ ആകണമെന്നായിരുന്നു ആഗ്രഹം,

°°°°°°°°°°°°°°°°°

ഓഫീസിൽ എത്തിയപ്പോൾ തന്നെ മൈഥിലി ശിവം ഗ്രൂപ്പിൻറെ നമ്പറിലേക്ക് വിളിച്ചു,

“ഹലോ ഞാൻ മൈഥിലിയാണ് ഇന്നലെ വിളിച്ചിരുന്നു ചാനലിൽ നിന്നും

” മനസ്സിലായി മേഡം

“ശ്രീറാം സാർ ഓഫീസിൽ ഉണ്ടോ?

” സാർ ഉണ്ട് മേഡം ,ഞാൻ സാറിന്റെ ക്യാബിനിലേക്ക് കോൾ കണക്ട് ചെയ്യാം, കുറച്ചു നേരം ഹോൾഡ് ചെയ്യൂ

“ഒക്കെ

വെയിറ്റ് ചെയ്യുന്ന ഓരോ നിമിഷങ്ങളും ഓരോ ദൈർഘ്യം കൂടുതലുള്ള യുഗങ്ങളായി അവള്ക്ക് അനുഭവപെട്ടു,

“ഹലോ സർ റിസപ്ഷനിൽ നിന്ന് ഹേമയാണ്

“പറയൂ ഹേമ

ലാപ്ടോപ്പിൽ നിന്നും മുഖമുയർത്താതെ ഫോൺ എടുത്തു കൊണ്ട് ശ്രീറാം പറഞ്ഞു

“സാർ എൻ.ബി. സി ചാനലിൽ നിന്നും അവരുടെ സി.ഒ വിളിക്കുന്നുണ്ട്, ഇന്നലെ മുതൽ വിളിക്കുകയാണ്, സാറിൻറെ അപ്പോയ്മെൻറിന് വേണ്ടിയാണെന്നാണ് പറഞ്ഞത്, ഫോൺ കണക്ട് ചെയ്യണോന്ന് അറിയാനാണ്,

“കണക്ക്ട് ചെയ്തോളൂ,

“ഹലോ മൈഥിലി മേഡം ഞാൻ കണക്ട് ചെയ്തിട്ടുണ്ട്, സംസാരിച്ചോളൂ,

“ഒക്കെ താങ്ക്യൂ

“ഹലോ

“ഹലോ ശ്രീ രാമവർമ്മ ഹിയർ

പൗരുഷമാർന്ന അവൻറെ ശബ്ദം മൈഥിലിയുടെ കാതുകളിൽ അലയടിച്ചു
അവൾക്ക് വല്ലാത്ത വെപ്രാളം അനുഭവപ്പെട്ടു,

“ഹലോ സർ ഞാൻ എൻ.ബി.സി ചാനലിൽ നിന്ന് വിളിക്കുവാണ്, ഞാൻ ചാനൽ സി.ഒ ആണ് മൈഥിലി മാധവൻ തമ്പി,

“പറഞ്ഞോളൂ,

“സർ ഞങ്ങളുടെ മാഗസിനിൽ നിങ്ങളുടെ ഓണർഷിപ്പിൽ ഉള്ള ഒരു മനയെപ്പറ്റി ഒരു പരസ്യം വന്നിരുന്നല്ലോ,
അതുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ വേണ്ടി എനിക്ക് സാറിനെ ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ട്, സാറിൻറെ ഒരു അപ്പോയ്മെൻറ് കിട്ടിയിരുന്നെങ്കിൽ,

“എനിക്ക് ഈ ആഴ്ച ഒട്ടും ഫ്രീ ആണ് ഞാൻ,
അല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ ഇന്ന് വൈകുന്നേരം 3 മണി ആകുമ്പോൾ തേവരയിൽ ഉള്ള ഞങ്ങളുടെ ഓഫീസിൽ വന്നാൽ ഞാൻ അവിടെ ഉണ്ടാകും ഇന്ന് വൈകുന്നേരം ഞാൻ ഫ്രീയാണ്,
നാളെ രാവിലെ ഞാൻ ഒരു ബിസിനസ് മീറ്റിംഗുമായി ബാംഗ്ലൂർക്ക് പോവുകയാണ് ,

“താങ്ക്യൂ വെരിമച്ച് സാർ, ഞാൻ ഇന്ന് വൈകുന്നേരം തന്നെ എത്താം,

“ഒക്കെ

°°°°°°°°°°°°°°°°°

ഹോമകുണ്ഡത്തിൽ അയാൾ എന്തൊക്കെയോ ഇടയ്ക്കിടയ്ക്ക് ഇടുന്നുണ്ട്, അതിനുശേഷം വെറ്റിലയിൽ മഷി പുരട്ടി നോക്കുന്നു,
അയാളുടെ മുഖം വലിഞ്ഞു മുറുകി,
ദേഷ്യത്തിൽ കണ്ണുകൾ രണ്ടും ചുവന്നു.

“അതെ അതെ അവൾ അവൻറെ മുഖം സ്വപ്നത്തിൽ ദർശിച്ചിരിക്കുന്നു ഇനി അവർ തമ്മിൽ കാണാൻ അധികം ദൂരമില്ല,
അവർ തമ്മിൽ കണ്ടാൽ, ഒരുമിച്ചാൽ, 500 വർഷക്കാലം താൻ മരണത്തെ പോലും പിടിച്ചുനിർത്തിയത് വെറുതെയായി പോകും,
ഇല്ല ഭദ്രൻ ഭൂമിയിലുള്ളപ്പോൾ അവർ ഒന്നുചേരില്ല”

അയാൾ കുറെ ചരടുകളും ഏലസ്സുകളും നെഞ്ചോട് ചേർത്ത് വച്ച് എന്തൊക്കെയോ മന്ത്രമോദി ഹോമകുണ്ഡത്തിൽ ഇട്ടു,

°°°°°°°°°°°°°°°°

വൈകുന്നേരം ശിവം ഗ്രൂപ്പിലേക്ക് ഇറങ്ങുന്നതിനു മുൻപ് മൈഥിലി ചാനലിന്റെ മെയ്ക്കപ്പ് റൂമിൽ ചെന്ന് ഒന്ന് ടച്ചപ്പ് ചെയ്തു, അവൾ അവിടെനിന്നും തിരിച്ചിറങ്ങുമ്പോൾ വിമൽ അവിടെ ഉണ്ടായിരുന്നു,

“ചേച്ചിക്ക് ഇതൊന്നും പതിവില്ലല്ലോ എന്താ ഇവിടെ?

“നീ എവിടെയായിരുന്നു? ഉച്ചയ്ക്ക് ഒന്നും കണ്ടില്ലല്ലോ,

” എനിക്കിന്ന് ഔട്ട്ഡോർ ഷൂട്ടിംഗ് ആയിരുന്നു

“ഞാൻ രാവിലെ തൊട്ട് നിന്നെ തിരക്കാണ്, ഫോണിലും വിളിച്ചു നോക്കി സ്വിച്ച് ഓഫ് ആയിരുന്നു, എനിക്ക് ശ്രീറാം വർമ്മയുടെ അപ്പൊയ്മെന്റ് കിട്ടി, ഇപ്പോ അവിടേക്ക് പോവാ, അതുകൊണ്ടാണ് ഒന്ന് ടച്ചപ്പ് ചെയ്തത്, ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ ബസ്റ്റ് ഇംപ്രഷൻ എന്നല്ലേ, ഇനിയിപ്പോ സൗന്ദര്യം കുറഞ്ഞു പോയി എന്ന് പറഞ്ഞു അയാൾ ഇൻറർവ്യൂ തന്നില്ലെങ്കിലോ?

“അല്ലാ ഏതായാലും ചേച്ചിക്ക് സൗന്ദര്യം കുറഞ്ഞു പോയി എന്ന് പറയില്ല , ചേച്ചിക്ക് നമ്മുടെ നടി അനുഷ്കയുടെ ഒരു ചായ കാച്ചൽ ഉണ്ട്,

“എടാ മതി നീ പൊക്കിയത്, അവൻറെ ഒരു ചായയും കാപ്പിയും ,സമയത്ത് ചെന്നില്ലെങ്കിൽ അയാളെ പോകും ,

“അല്ല ചേച്ചി ഇൻറർവ്യൂ എടുക്കാൻ ആണോ പോകുന്നത്? മനയുടെ കാര്യം സംസാരിക്കാനല്ലേ,

“അതിനാണ് ഞാൻ മെയിൻ ആയിട്ട് പോകുന്നത്, പിന്നെ അയാളോട് ഒന്നു ചോദിക്കാല്ലോ ഒരു ഇൻറർവ്യൂ തരുമോന്ന്, തരുവാണെങ്കിൽ ബിസിനസ് മാഗ്നെറ് ശ്രീറാം വർമ്മയുടെ ഫസ്റ്റ് ഇൻറർവ്യൂ ചെയ്തു എന്നുള്ള ഒരു പേര് എനിക്ക് കിട്ടും,
നമ്മുടെ മാഗസിന് ഒരു സെൻസേഷണൽ ഇൻറർവ്യൂ കിട്ടും,

” ഇതൊക്കെ നടന്നാ മതി

” എനിക്ക് പ്രതീക്ഷയുണ്ട്,

” എങ്കിൽ ഇറങ്ങിക്കോ,
ഓൾ ദ ബെസ്റ്റ്

” നീ നന്നായിട്ട് പ്രാർത്ഥിച്ചോണേ

“ഞാനേറ്റു

മൈഥിലി ശിവം ഗ്രൂപ്പ് ഓഫ് കമ്പനീസ് പാർക്കിങ് ഏരിയയിൽ സ്കൂട്ടി പാർക്ക് ചെയ്ത് ഓഫീസിലേക്ക് കയറി,
ഓഫീസ് റിസപ്ഷനിലേക്ക് ചെന്ന് അവൾ തന്റെ ഐഡൻറിറ്റി കാർഡ് കാണിച്ചുകൊണ്ട് പറഞ്ഞു,

“മൈഥിലി മാധവൻ തമ്പി ചാനലിൽ നിന്ന് വരികയാണ്,
ശ്രീറാം സാർ അപ്പൊയ്മെന്റ് പറഞ്ഞിരുന്നു,

“മേഡം ആണ് രാവിലെ വിളിച്ചത് അല്ലേ?

“അതേ , താനാണോ ഫോണിൽ സംസാരിച്ചത്

“അതെ മേഡം അയാം ഹേമ,

മൈഥിലി അവൾക്ക് ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു,

” വെയിറ്റ് ചെയ്യ് ഞാൻ സാറിനെ വിളിച്ചു പറയട്ടെ

“ഒക്കെ

ഫയൽസ് നോക്കിക്കൊണ്ട് ചായ കുടിക്കുകയായിരുന്നു ശ്രീറാം, അപ്പോഴാണ് റിസപ്ഷനിൽ നിന്നും ഫോൺകോൾ വന്നത്,

“ഹലോ പറ ഹേമ

“ഹലോ സാർ ചാനലിൽ നിന്നും ആള് വന്നിട്ടുണ്ട്, ഇവിടെ വെയിറ്റിംഗ് ആണ്,

” ഒക്കെ ക്യാബിനിലേക്ക് വിട്ടേക്കൂ

“ശരി സാർ,

“തേർഡ് ഫ്ലോറിൽ ആണ് സാറിൻറെ ക്യാബിൻ, അവിടേക്ക് ചെന്നോളു മേടം

” ഓക്കേ താങ്ക്യൂ

മൈഥിലി ലിഫ്റ്റിൽ കയറി ,
അവൾ ലിഫ്റ്റിൽ നിന്നിറങ്ങുമ്പോൾ തന്നെ ക്യാബിൻ കണ്ടിരുന്നു,

” മേ ഐ കമിങ് സാർ ,

മൈഥിലി ഡോറിൽ തട്ടി ചോദിച്ചു,

“യേസ് കമിങ്

അവൾ അകത്തേക്ക് കയറുമ്പോൾ ശ്രീറാം തിരിഞ്ഞ് ആയിരുന്നു ഇരുന്നിരുന്നത്, അതിനാൽ അവൾക്ക് മുഖം ശരിക്കും വ്യക്തമായി കാണാൻ സാധിക്കുന്നില്ലായിരുന്നു, അവൾ അകത്തേക്ക് കയറി എന്ന് മനസ്സിലായപ്പോൾ, ശ്രീറാം മുഖം തിരിച്ചു നോക്കി,
ഒരു നിമിഷം ശ്രീറാമിന്റെ മുഖത്തേക്ക് നോക്കിയ മൈഥിലിയുടെ കാലുകൾ നടക്കാൻ മറന്നു നിന്നു,

(തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഏഴാംജന്മം – ഭാഗം 3”

  1. അങ്ങിനെ ആ സമാഗമം നടന്നു. ഇനിയെന്ത് സംഭവിക്കും എന്ന് അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു 💞💞💞💞💞💞

Leave a Reply

Don`t copy text!