Skip to content

സാറ – ഭാഗം 1

Saara Novel

അവസാനത്തെ ആളും റൂം വിട്ട് പോകുമ്പോൾ    സാറ ആകെ തളർന്നിരുന്നു.

 ദിവസം എത്രയോ പേർ കയറിയിറങ്ങി പോകുന്ന ശരീരം ഇന്നെന്തോ വല്ലതെ തളർന്നുപോകുന്നു.

   ഇന്നെന്തോ ശരീരത്തെക്കാൾ കൂടുതൽ വേദനിക്കുന്നത് മനസ്സാണ്.

   നിർജീവമായ ശരീരത്തിൽ ഒരു മണിക്കൂറിൽ ആനന്ദം കണ്ടെത്തി സുഖിച്ചിറങ്ങിപ്പോകുന്നവന് കിട്ടുന്ന സന്തോഷം എന്ത് കൊണ്ട് ഈ ജീവിതത്തിൽ ഒരിക്കൽ പോലും തനിക്ക് കിട്ടിയിട്ടില്ല എന്ന് ആലോചിക്കാറുണ്ട് പലപ്പോഴും.    

       ഓരോ മിടിപ്പിലും,  പൊടിയുന്ന വിയർപ്പിലും മനോഹരമായ നിമിഷങ്ങളെ വാർത്തെടുക്കാൻ വെമ്പല്കൊള്ളുന്നവർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ ഈ പെണ്ണ് ഇതിൽ കണ്ടെത്തുന്ന ആനന്ദം എന്താണെന്ന് !

   അല്ലെങ്കിൽ ഈയൊരുവൾ ഉണ്ടാക്കുന്ന ഇടുങ്ങിയ ശബ്ദവീചികളിൽ, ഇല്ലാത്ത വികാരത്തെ ഉണ്ടെന്ന് തോന്നിപ്പിക്കും വിധം ചില ചേർത്തുപിടിക്കലുകൾ സിരകളെ ചൂട് പിടിപ്പിക്കുമ്പോൾ അവർ കൊതിച്ച ഇടങ്ങളിലേക്ക് തിരുകിവെക്കുന്ന ഗാന്ധിത്തലകൾക്ക് വിയർപ്പ് മണത്തെക്കാൾ ചോരയുടെ ഗന്ധമാണെന്ന് !

                   ” സാറാ… ഉറങ്ങല്ലേ,  നിനക്കിന്ന് ഒരാൾ കൂടി ഉണ്ട്.  കുളിച്ച് ഒന്ന് ഫ്രഷ് ആയി വാ..  മുല്ലപ്പൂവും അണിഞ്ഞൊരുക്കവും ഒന്നും വേണ്ട.

  ഒരു ചെറിയ പയ്യൻ ആണ്. 

അതുകൊണ്ട് അതികം പണി ഉണ്ടാകില്ല. എറിയാൻ പത്തോ പതിനഞ്ചോ മിനുട്ട്.. അതിന് മുന്നേ അവന്റെ ആണത്തം പൊയ്‌ക്കോളും.  “

 എന്നും പറഞ്ഞ് ഒരു വഷളൻ ചിരിയോടെ അവളെ നോക്കി തിരികെ പോകുന്ന സുബ്രഹ്മണ്യനെ ഒന്ന് ഇരുത്തി നോക്കി അവൾ  ” എന്തൊരു കഷ്ടമാണ് ഈശ്വരാ ” എന്നും മനസ്സിൽ പറഞ്ഞുകൊണ്ട്.

     പക്ഷേ, ഇവിടെ നീരസത്തിനോ എതിർപ്പുകൾക്കോ യാതൊരു വിലയുമില്ല. 

 തുണിയുടെ കൊളുത്താഴിക്കാൻ രാത്രിയെന്നോ പകലെന്നോ ഇല്ല.

   പറയുന്നവന്റെ മുന്നിൽ പിറന്ന പടി നിൽക്കുമ്പോൾ മുഖം നാണം കൊണ്ട് ചുവക്കാറില്ല ഒരിക്കൽപ്പോലും !

     സ്വയം ചുവപ്പണിയാൻ തീരുമാനിച്ച ഒരുവൾക്ക് ഇനി എന്ത് നാണം !

  അവൾ അഴിച്ചട്ട മുടി ഒന്ന് ഒതുക്കിവെച്ചു കണ്ണാടിയിൽ നോക്കി മോശമല്ലെന്ന് ഉറപ്പ് വരുത്തുമ്പോൾ പിന്നിലെ വാതിൽക്കൽ അവളെ തേടിവന്ന ആ കാൽപ്പെരുമാറ്റം അകത്തേക്ക് ഒരു അനുവാദത്തിനു കാത്തുനിൽക്കുംപോലെ പരുങ്ങുന്നുണ്ടായിരുന്നു.

  കണ്ണാടിയിൽ കണ്ട ആ മുഖത്തേക്ക് നോക്കി കൈ പിന്നിലേക്ക് നീട്ടി കയറിവരാൻ ആഗ്യം കാണിച്ചുകൊണ്ട് അവൾ പൊക്കിൾ ചുഴി മറച്ച സാരിയെ മാറ്റിയിട്ട് അവനൊരു കാഴ്ചയൊരുക്കികൊണ്ട് തിരിഞ്ഞു.

പക്ഷെ, ആദ്യമായി കാണുന്ന ആ കാഴ്ചയുടെ അത്ഭുതമോ അമ്പരപ്പോ അവന്റെ മുഖത്തുനിന്നവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല !

      പിന്നെ പതിയെ അവനരികിലെത്തി വശ്യതയാർന്ന ചിരിയോടെ അവന്റെ കൈ പിടിച്ച് ബെഡിലേക്ക് ഇരുത്തുമ്പോൾ ആ കൈകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

   ആദ്യമായതിന്റെ പേടി ആ കുട്ടിയുടെ ശരീരത്തെ വല്ലതെ പിടിമുറുകിയിട്ടുണ്ടെന്ന് തോന്നിയപ്പോൾ പതിയെ അവൾ ആ കൈ വിട്ടുകൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ നോക്കി !

     പിന്നെ  വേഗം കാര്യങ്ങൾ കഴിക്കാനെന്നോണം അവൾ സാരി തോളിൽ നിന്നും ഊർത്തിയെടുക്കുമ്പോൾ അവൻ കണ്ണുകൾ ഇറുക്കെ അടച്ചു.

   അത്‌ കൂടി കണ്ടതോടെ ശരിക്കും അവൾക്ക് ദേഷ്യമാണ് തോന്നിയത്. ക്ഷീണം ശരീരത്തെ വല്ലാതെ പിടിമുറുക്കിയിട്ടും പിന്നെയും ഇരുണ്ട ബൾബിന്റെ ചുവട്ടിൽ ഇതുപോലെ ചിരിച്ചുകൊണ്ട് നിൽക്കുന്നത് നിവിർത്തിയില്ലാഞ്ഞിട്ടാണ്. അതുപോലെ കുറച്ചു മിനുട്ടുകൾകൊണ്ട് തീരുന്ന വികാരമേ ഇവനിൽ ഉണ്ടാകൂ എന്ന് അറിയാവുന്നത് കൊണ്ടും. പക്ഷേ ഇതിപ്പോ മുഴുവനായി കാണുന്നതിന് മുന്നേ കണ്ണടക്കുന്നവന്റെ മുന്നിൽ ഇനി  എന്ത്……

അവൾ നീരസത്തോടെ അഴിച്ചിട്ട സാരി നേരെയാക്കികൊണ്ട് അവനെ ഒന്ന് നോക്കി.

അതേ സമയത്തെല്ലാം നീരസത്തോടൊപ്പം അവളെ അത്ഭുതപെടുത്തിയത്  താൻ അഴിച്ച സാരിയുടെ മറവിൽ നിന്നും പാതി സ്വതന്ത്രമായ മാറിടത്തിലോ ആരൊരാളെയും വികാരത്തിന്റെ കൊടുമുടിയിലേക്ക് ആനയിക്കാൻ പോന്ന പൊക്കിൾച്ചുഴിയിലോ നഗ്നമായ അണിവയറിലോ അല്ല അവന്റെ നോട്ടം എന്നതായിരുന്നു.  ഇപ്പഴും അവൻ നോക്കുന്നത് തന്റെ മുഖത്തു മാത്രമാണ്.

  ” ദേ, ചെക്കാ.. നീ ഇങ്ങനെ ഇരിക്കാൻ ആണ് വന്നതെങ്കിൽ വെറുതെ എന്റെ സമയം കളയാതെ… അല്ലെങ്കിൽ തന്നെ മനുഷ്യനിവിടെ ഒന്ന് കിടന്നാൽ മതി എന്ന് കരുതി ഇരിക്കുമ്പോൾ ആണ് നിന്റെ വരവ്.  പയ്യനാണെന്ന്  പറഞ്ഞപ്പോൾ പെട്ടന്ന് ഒഴിഞ്ഞുപോകുമല്ലോ എന്ന് കരുതി . പക്ഷേ, ഇതിപ്പോ നീ എന്റെ എന്ത് കണ്ട് ആസ്വദിക്കാൻ ആണ് വന്നത്? “

സാറയുടെ നീരസം കലർന്ന ചോദ്യത്തിന് മുന്നിൽ  ഇമയനങ്ങാതെ ഇരിക്കുന്ന അവന്റെ കണ്ണുകളിൽ നീർമുത്തുകൾ ഉരുണ്ടുകൂടി പെയ്യുന്നത് അവൾ ആശ്ചര്യത്തോടെ ആണ് കണ്ടത്.

    ”   ഇതെന്താണ് നീ കരയുന്നത്. എട്ടും പൊട്ടും തിരിയാത്ത ചെക്കന്മാരെ എന്റെ മുറിയിലേക്ക് വിടരുത് എന്ന് പറഞ്ഞാൽ ആ ഡേവിഡ് കേൾക്കില്ല. എന്നിട്ട് ഇതുപോലെ എന്തോ കണ്ട് പേടിച്ചപോലെ കരയുന്നവന്റെ ഒക്കെ കണ്ണുനീർ ഒപ്പാനാണോ എന്റെ സമയം?  ദേ, ചെക്കാ.. നീ വല്ലതും ചെയ്യാനുണ്ടെൽ ചെയ്യ്.. അല്ലെങ്കിൽ പോവാൻ നോക്ക് മുന്നിലിരുന്ന് കരയാതെ. “

 അവളിലെ നീരസം ദേഷ്യമായി മാറിയത് വാക്കുകളിൽ നിന്നും മനസ്സിലായപ്പോൾ അവൻ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

 പിന്നെ ആ സാറയുടെ മുഖത്തേക്ക് നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു

   ” എനിക്ക് ഈ രാത്രി ഇവിടെ നിങ്ങൾക്കൊപ്പം കിടക്കാനുള്ള അനുവാദം തന്നാൽ മതി. ഈ ഒരു രാത്രി പുലരുമ്പോൾ ഞാൻ പൊയ്‌ക്കോളാ.. മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.  ഈ ഒരു രാത്രി എങ്കിലും….. “

   അവന്റെ സംസാരം അവൾക്ക് ചിരിയാണ് വരുത്തിയതെങ്കിലും അത്‌ പുറത്ത് കാണിക്കാതെ അവൾ പതിയെ ബെഡിൽ നിന്നും എഴുനേറ്റു.

പിന്നെ അവന്റെ തോളിൽ കൈവെച്ചുകൊണ്ട് ഒരു കൈ കൊണ്ട് അവന്റെ മുടിയിലൂടെ ഒന്ന് തലോടി.

 ആ തലോടലിൽ ലയിച്ചപോലെ അവളുടെ കയ്യിലേക്ക് അവൻ മുഖം അമർത്തുമ്പോൾ ആ കയ്യിലെ തണുപ്പ് അവനെ വല്ലാതെ പുണരുന്നുണ്ടായിരുന്നു.

    ”  നീ ഇവിടെ ഇരിക്ക്. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം… എന്തായാലും നിന്റെ ആവശ്യം മറ്റേതല്ലെന്ന് അറിയുന്ന സ്ഥിതിക്ക് ഇനി ഇതുവരെ ശരീരത്തിൽ പൊടിഞ്ഞ അഴുക്കൊന്ന് കഴുകിക്കളയണം.  സത്യത്തിൽ രാത്രി മാത്രമാണ് ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നത്. അല്ലാത്ത സമയം ഇവിടെ വരുന്നവരുടെ ഇംഗിതങ്ങൾക്കും പുറത്ത് കാശ് എണ്ണിവാങ്ങുന്നവന്റ മേശവലിപ്പ് നിറയ്ക്കാനും ആണ്. 

    പക്ഷേ, ഈ രാത്രിക്കിപ്പോൾ ഒരു പ്രത്യേകത ഉണ്ട്.  പണം കൊടുത്ത് ഒരു രാത്രി എന്റെ കൂടെ ഉറങ്ങാൻ വേണ്ടി വന്ന ഒരു നിഷ്ക്കളങ്കമായ മുഖം കണ്ടു. ഇതിനു വേറെ വേണ്ടി മാത്രം നീ ഇവിടെ കേറി വന്നതാനെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.  പക്ഷേ…..

 എന്തായാലും ഞാൻ കുളിക്കട്ടെ.. എന്നിട്ട് നിന്റെ ആഗ്രഹം പോലെ രാവിലെ വരെ നമുക്ക് ഒരുമിച്ച് കിടക്കാം… ജീവിതത്തിൽ ഒരാളും ആഗ്രഹങ്ങൾ ബാക്കി വെക്കരുത്. അത്‌ എന്റെ ജീവിതം പഠിപ്പിച്ച പാഠമാണ്.  “

അതും പറഞ്ഞവൾ അവന്റ മുഖത്ത്‌ ഒന്നുകൂടി സ്പർശ്ശിച്ചുകൊണ്ട്   പുഞ്ചിരിയോടെ ബാത്റൂമിലേക്ക് നടന്നു.

  കുളിയും കഴിഞ്ഞ് ഡ്രസ്സ്‌ മാറി അവൾ തിരികെ എത്തുമ്പോൾ അതേ ഇരിപ്പായിരുന്നു അവൻ. ഇതുവരെ ഉണ്ടായിരുന്ന വേഷത്തിൽ നിന്നും മോചിതയായി ഒരു നൈറ്റി ഇട്ടുകൊണ്ട് അവനരികിലേക്ക് വന്ന അവളെ അവൻ ആശ്ചര്യഭാവത്തോടെ നോക്കി.

  ഇത്രനേരം കണ്ടതിൽ നിന്നും വത്യസ്തമായ ഒരു സൗന്ദര്യം അവളിലവന് കാണാൻ കഴിഞ്ഞിരുന്നു.

   പുറത്ത് നിന്ന് വരുത്തിച്ച ഭക്ഷണം  അവനൊപ്പം ഇരുന്ന് കഴിക്കുമ്പോൾ അവൾക്ക് നേരെ കണ്ണുകൾ നീട്ടികൊണ്ട് അവൻ ചോദിക്കുന്നുണ്ടായിരുന്നു

  ” ഒരു വാ എനിക്ക് തരാമോ ” എന്ന്.

അത്‌ കേട്ട് അവൾ ആദ്യമൊന്ന് മടിച്ചെങ്കിലും പതിയെ അവന് നേരെ ഭക്ഷണം നീട്ടുമ്പോൾ ആർത്തിയോടെ അവൻ അതിന് വേണ്ടി വാ തുറന്നു.  

 ആ കാഴ്ച അവളുടെ മനസ്സിൽ വല്ലാതെ ഉടക്കിനിന്നു.

     ഇവിടെ കേറി വരുന്നവൻ ഒന്നുകിൽ ശരീരം മോഹിച്ചായിരിക്കും അല്ലെങ്കിൽ അവന്റേതായ ചില ചാപല്യങ്ങൾ നടത്തി സുഖിക്കാൻ ആയിരിക്കും.

 പക്ഷേ, ആദ്യമായിട്ടാണ് ഒരാള് കൂടെ ഉറങ്ങാൻ.. തന്റെ കൈ കൊണ്ട് ഭക്ഷണം കഴിക്കാൻ…  കരിങ്കല്ല് പോലെ കാത്തുസൂക്ഷിച്ച അവളുടെ മനസ്സ് പോലും അറിയാതൊന്ന് ഇടറി. എപ്പഴോ കണ്ണുകളിൽ ഒരു നനവ് പടർന്നു.

 ഭക്ഷണം കഴിച്ചതിനു ശേഷം അവൾക്കൊപ്പം കിടക്കുമ്പോൾ അവളിലെ ഗന്ധം ആസ്വദിക്കുകയായിരുന്നു അവൻ.

  ” നിന്റെ പേരെന്താ ” 

പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് പരുങ്ങി. പിന്നെ അവളുടെ നെഞ്ചിലേക്ക് ഒന്നുകൂടി പറ്റിച്ചേർന്ന് കിടന്ന് കൊണ്ട് പറയുന്നുണ്ടായിരുന്നു

  ” ഞാൻ അഭി…”

  പിന്നെയും അവൾ പലതും അവനോട് ചോദിച്ചെങ്കിലും കൃത്യമായ ഒരു മറുപടി അവൾക്ക് അവനിൽ നിന്നും കിട്ടിയില്ല.

 അപ്പോഴെല്ലാം അവളിലെ ഗന്ധം ആസ്വദിച്ചുകൊണ്ട് അവളുടെ മാറിലേക്ക് പറ്റിചേർന്ന് ഏതോ ലോകത്തെന്നപോലെ കിടക്കുകയായിരുന്നു അവൻ.

 ഒരു മായികലോകത്തെന്ന പോലെ കിടക്കുന്ന അവൻ ഇടക്കെപ്പോഴോ ” എനിക്കൊരു ഉമ്മ

തരാമോ ” എന്ന് ചോദിക്കുമ്പോൾ അവൾ പുഞ്ചിരിയോടെ അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ടുകൾ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അത്‌ തടഞ്ഞുകൊണ്ടവൻ പറയുന്നുണ്ടായിരുന്നു

  ” എന്റെ മൂർദ്ധാവിൽ മതി ” എന്ന്.

അവന്റെ ഓരോ വാക്കും ചലനവും അവളെ അത്ഭുതപ്പെടുത്തി.  അവന്റെ ആവശ്യപ്രകാരം ആ മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആ ഇരുട്ടിലവൾ കണ്ടില്ല.

 ഇപ്പഴോ അവളിലേക്ക് ചേർന്ന് കിടന്ന് മയക്കത്തിലേക്ക് ഒരു അപ്പൂപ്പൻതാടി പോയ ഒഴുകിയ അവൻ രാവിലെ അവളുടെ വിളി കേട്ട് ഉണരുമ്പോൾ സാറ പതിവ് പോലെ കുളിച്ചൊരുങ്ങി സാരിയിലേക്ക് ചേക്കേറിയിരുന്നു.

 ” ദേ, ചെക്കാ.. എണീറ്റ് പോയെ..  ഇനിയും നീ ഇവിടെ കിടന്നാൽ ശരിയാകില്ല. പുറത്ത് ഡേവിഡ് അക്ഷമനാണ്. അവന്റെ ദേഷ്യം ചിലപ്പോൾ തീർക്കുന്നത് നിന്റെ ശരീരത്തിൽ ആയിരിക്കും. അത്‌ താങ്ങാനുള്ള ശരീരം നിനക്ക് ഇല്ല. അതുകൊണ്ട്  മോൻ പോവാൻ നോക്ക് ” എന്നും പറഞ്ഞു വാത്സല്യത്തോടെ നോക്കുന്ന ആ മുഖത്തേക്ക് ഒന്നുകൂടി നോക്കികൊണ്ട് മുഖം ഒന്ന് അമർത്തിത്തുടച്ച് അവൻ വാതിൽക്കലേക്ക് നടന്നു.

    ” ടാ, ചെക്കാ.. നിന്റെ ആഗ്രഹം സാധിച്ചില്ലേ.. എന്തോ നിന്നോട് അല്പം സ്നേഹം ഉള്ളത് കൊണ്ട് പറയാ.. ഇനി ഈ വഴി വരരുത്.. ഇത് ചെളികുണ്ടാണ്. പുറമെ ഭ്രമിപ്പിക്കുന്ന പിന്നെയും പിന്നെയും കൊതിപ്പിക്കുന്ന വശ്യത നിറഞ്ഞ ഒരു ലോകം. നിനക്ക് ഇവിടം ചേരില്ല.. അതുകൊണ്ട് ഒരിക്കലും നീ…. “

അവൾ സ്നേഹത്തോടെയും സഹതാപത്തോടെയും അവനോടായി പറഞ്ഞു മുഴുവനാകും മുന്നേ അവൻ പതിയെ അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു

   ” ഇല്ല,  ഇനി ഒരിക്കലും ഈ വഴി വരില്ല.. എന്നോ നഷ്ട്ടപ്പെട്ട ഒരു സ്നേഹം കൊതിച്ചാണ് ഓടിവന്നത്. ഈ കൈ കൊണ്ട് ഒരു പിടിവാരി തന്ന് മൂർദ്ധാവിൽ ഒരു ചുംബനത്തിന്റെ സ്നേഹം അനുഭവിച്ച് ഈ മാറിലെ ചൂടേറ്റ്….. “

  പിന്നീട് അവൻ പറഞ്ഞ വാക്കുകൾ കേട്ട് പൊള്ളിപ്പിടഞ്ഞവൾ നിൽകുമ്പോൾ അവൻ പതിയെ വാതിൽ കടന്ന് പുറത്തേക്ക് നടന്നിരുന്നു..

അപ്പോഴും അവൻ പറഞ്ഞ വാക്കിൽ പിടഞ്ഞു തീരുകയായിരുന്നു അവൾ….

   ”  അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത ഇത്ര വർഷങ്ങൾ… ദേ, ഇന്നലെ രാത്രി ഓർമ്മയിൽ ആദ്യമായി അമ്മയുടെ ഞെഞ്ചിൽ,  അമ്മയുടെ ഒരു ഉമ്മയിൽ ലയിച്ചുകൊണ്ട്….

        എന്നോ നഷ്ട്ടപ്പെട്ട അമ്മയുടെ സ്നേഹം ഒരു രാത്രി എങ്കിലും കൊതിച്ചു വന്ന മകനാണ് ഞാൻ…

        ഇന്നത്തെ സാറയിലേക്ക് പറിച്ചുനടുംമുന്നേ പഴയ ദേവയാനിയിൽ പിറന്ന ജാരസന്തതി…..

 ” അഭി ”  . !!!!!

                             ( തുടരും )

                                      ദേവൻ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

3.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “സാറ – ഭാഗം 1”

  1. നല്ല തുടക്കം അടുത്തതിന് കാത്തിരിക്കുന്നു ❤️❤️

Leave a Reply

Don`t copy text!