Skip to content

സാറ – ഭാഗം 15 (അവസാനഭാഗം)

Saara Novel

രുദ്രന്റെയും ദേവയാനിയുടെയും ആ പ്രണയത്തിന്റ പൂക്കാലം അവിടെ വസന്തം ചാർത്തുമ്പോൾ   തൊടിയിൽ ആകെ കിളച്ചിട്ട മണ്ണുകൾക്ക് മുകളിൽ ഒരു മൈലാഞ്ചിച്ചെടി പുതിയ തളിരിട്ടു തുടങ്ങിയിരുന്നു.

  അതിനടിയിൽ എല്ലാം മറന്നൊരുവൻ ഇനി തിരികെ വരാത്തപോലെ ഉറക്കത്തിൽ ആയിരുന്നു…..

   ” ഇന്ദ്രൻ !!! “

 ——————————————————————-

 “എന്താണ് ദേവു, ഇത്ര ആലോചന…. ഭൂതകാലത്തെ കുറിച്ചാണെങ്കിൽ ഇനി അങ്ങനെ ഒരു ഓർമ്മയും നിന്റെ ചിന്തയിൽ വേണ്ടാന്ന് പറഞ്ഞിട്ടുള്ളതല്ലെ ഞാൻ.  പിന്നെയും എന്തിനാണ്…? 

ആദ്യം ഈ ഒറ്റക്കുള്ള ഇരിപ്പ് നിർത്തണം…  അല്ലെങ്കിൽ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ നിന്നെ വേട്ടയാടിക്കൊണ്ടിരിക്കും. അത്‌ വീണ്ടും നിന്റെ മനസ്സിനെ കാർന്ന് തിന്നും. ഒരു ആയുഷ്ക്കാലം അനുഭവിക്കാനുള്ള വേദനകൾ കുറച്ച് വർഷങ്ങൾ കൊണ്ട് അനുഭവിച്ചുകഴിഞ്ഞില്ലേ നീ.. ഇപ്പോൾ നീ ആ സാറായല്ല…പ്രസരിപ്പോടെ മാത്രം കണ്ട ആ തൊട്ടാവാടിയായ ദേവയാനിയാണ്. അങ്ങനെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നതും., “

 ഡൈനിങ് ഹാളിൽ ടേബിളിലേക്ക് തല ചായ്ച്ച്  രുദ്രൻ അടുത്ത് വന്നത് പോലും അറിയാതെ  എന്തോ ആലോചനയിലെന്നോണം ഇരിക്കുന്ന ദേവയാനിയുടെ തോളിൽ കൈ വെച്ചുകൊണ്ട്  അല്പം വ്യസനത്തോടെ ചോദിക്കുമ്പോൾ പെട്ടന്നവൾ ഞെട്ടി എഴുനേറ്റുകൊണ്ട് കണ്ണുകൾ തുടച്ചു.

  അവൾ കരയുകയായിരുന്നു എന്ന് അപ്പോഴാണ് രുദ്രനും മനസ്സിലായത്.

 ” ഇയാൾ കരയുകയായിരുന്നോ..  എന്താടോ പറ്റിയെ? ” എന്നും ചോദിച്ചുകൊണ്ട് അവളുടെ കണ്ണുനീർ കൈ കൊണ്ട് തുടച്ചുമാറ്റുമ്പോൾ അവന്റെ ആ കയ്യിൽ ഒന്ന് മുറുകെ പിടിച്ചു അവൾ.

  ” രുദ്രേട്ടാ… എനിക്ക് ശരിക്കും പേടിയാകുന്നുണ്ട് ഇപ്പോൾ. പിന്നിലെ തൊടിയിൽ അടക്കപ്പെട്ടവന്റ പിന്നിൽ ഇനിയും ആളുണ്ടെങ്കിൽ….

അവർ ഇന്ദ്രനെ തേടി ഇവിടം വരെ എത്തിയാൽ…

   എന്തോ എന്റെ മനസ്സിലപ്പോൾ വല്ലാത്തൊരു ഭയമാണ്.. 

       അതുപോലെ സ്വന്തം അച്ഛൻ ഈ വീടിന്റ പിന്നിൽ ഉറങ്ങുന്നത് അറിയാതെ അഭി നമുക്കൊപ്പം സന്തോഷിക്കുമ്പോൾ, അത് എന്തിനാണെന്ന് അറിയാത്തൊരു ഭയം നിഴൽപോലെ  ഉണ്ട് കൂടെ  “

   അവൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഭയപ്പെടുത്തുന്ന ചിന്തകൾ അവനോട് വിങ്ങലോടെ പറയുമ്പോൾ  അവളെ ചേർത്തുപിടിച്ചുകൊണ്ടവൻ പറയുന്നുണ്ടായിരുന്നു

    ” നീ ഇങ്ങനെ പേടിക്കല്ലേ ദേവു.. ഞാനില്ലേ കൂടെ…..  ഇന്ദ്രൻ മരിച്ചെങ്കിൽ അതവൻ അർഹിക്കുനുണ്ടായിരുന്നു. അവനെ പോലെ ഒരുവൻ ഈ ഭൂമിക്കൊരു ഭാരമാണ്. നിന്റെയും ശാലിനിയുടെയുടെയും അതുപോലെ എത്രയോ പെൺകുട്ടികളുടെ ജീവിതവും സ്വപ്നവും ഇല്ലാതാക്കിയവൻ അർഹിക്കുന്നത് മരണം തന്നെ ആണ്.  അവൻ ഇനി ഉറങ്ങട്ടെ…   അവനെ പോലുള്ളവർ ഉറങ്ങിയാലേ നിങ്ങളെ പോലുള്ള നൂറുകണക്കിന് പെൺകുട്ടികൾക്ക് ഉണർവോടെ ജീവിക്കാൻ പറ്റൂ…

പിന്നെ അഭിയെ കുറിച്ചോർത്തു കുട്ടി പേടിക്കണ്ട… അവന്റെ അമ്മയായി നീ ഉള്ളപ്പോൾ അച്ഛനായി ഞാൻ ഉണ്ടല്ലോ…”

അത്‌ അവളെ ഒരു ആശ്വസിപ്പിക്കൽ മാത്രമാണെന്ന് അവനറിയാമായിരുന്നു.  അഭിയിൽ നിന്ന് അങ്ങനെ ചോദ്യം ഉണ്ടാകില്ല എന്നത് വെറും പ്രതീക്ഷ മാത്രമാണ്.  ഇനി അഥവാ ചോദിച്ചാലും സ്വന്തം അമ്മ ദേവുവാണെന്ന് വിശ്വസിക്കുന്ന അഭി അച്ഛനാരെന്ന് ചോദിക്കുന്നത് ദേവയാനിയോട് തന്നെ ആകും.. അമ്മ ആരെ പറയുന്നോ അതാണല്ലോ അച്ഛൻ.  അപ്പൊ പിന്നെ അവൾക്ക് ചൂണ്ടിക്കാട്ടാൻ മുന്നിൽ  ഞാൻ ഉണ്ടല്ലോ എന്നോർത്ത്‌ അവനും ആശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു.

   “രുദ്രേട്ടാ….  ശരിക്കും ഞാൻ സ്നേഹിച്ചവർക്കും എന്നെ സ്നേഹിച്ചവർക്കും എന്നും ഓർക്കാൻ ദുരിതം മാത്രമാണല്ലേ.  ഏറെ സ്നേഹിച്ച അച്ഛനും അമ്മയും,  മനസ്സിൽ സ്നേഹം ഉണ്ടായിട്ടും എന്റെ ഒരു വാക്കിനു വേണ്ടി ഇത്രയും കാലം ജീവിതം കളഞ്ഞ രുദ്രേട്ടൻ ,  കൂടപ്പിറപ്പിനേക്കാൾ ഏറെ എന്നെ സ്നേഹിച്ചു കൂടെ നിന്ന ന്റെ ശാലു…  അവളിപ്പോഴും……  മരണം മുന്നിൽ കണ്ടപ്പോഴും  അയാൾ പറഞ്ഞില്ലല്ലോ രുദ്രേട്ടാ എന്റെ ശാലിനി…. “

അതും പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു വീണ്ടും പൊട്ടിക്കരയുമ്പോൾ ഇന്ദ്രൻ അവസാനമായി പറഞ്ഞ വാക്കുകൾ രുദ്രന്റെ  ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു…..

—————————————————————

” ഇനി വേണ്ട ഇന്ദ്രാ.. നീ മറ്റുള്ളവർക്ക് മുന്നിൽ അണിഞ്ഞ നല്ലവനായ അധ്യാപകന്റെ മുഖംമൂടി ഇനി നിനക്ക് വേണ്ട… ഇനി ഒരു പെണ്ണും നീ കാരണം പിഴക്കരുത്. ഒരു പെണ്ണും നിന്റെ കൈകളിലൂടെ അഴുക്കുചാലിൽ എത്തരുത്.

  നീ കാരണം ഒരു മാതാപിതാക്കളും കരയരുത്.

  ലാളിച്ചുവളർത്തി വലുതാക്കിയ മക്കളെ ഒരു നോക്ക് കാണാൻ കഴിയാതെ ഒരു മാതാപിതാക്കളും നീറി നീറി മരിക്കരുത്… 

      നിന്നെ വിശ്വസിച്ചവരെ ചതിച്ചു തിന്ന് ചീർത്ത ഈ ശരീരം ഭൂമിക്കു ഭാരമാണ്… 

  ഇനിയും പെൺകുട്ടികൾ ചതിക്കപെടാതിരിക്കാൻ  നീ.. നീ……. “

അതും പറഞ്ഞ് രുദ്രൻ ഇന്ദ്രന് നേരെ അടുക്കുമ്പോൾ ഭയത്താൽ കണ്ണുകൾ ഇറുക്കെ  അടച്ചിരുന്നു ദേവയാനി. !

   പക്ഷേ, അപ്പോഴും ഇന്ദ്രൻ പൊട്ടിച്ചിരിക്കുകയായിരുന്നു.

   അരികിലേക്ക് പാഞ്ഞടുക്കുന്ന രുദ്രനെ  നോക്കികൊണ്ട് ചിരിക്കുമ്പോൾ ചുണ്ടുകൾ പൊട്ടി ഒലിച്ചിറങ്ങുന്ന ചോര കൈകൊണ്ട് തുടച്ചുമാറ്റി  അവൻ. പിന്നെ രുദ്രന് നേരെ വീറോടെ എഴുനേറ്റ് നിൽകുമ്പോൾ പകയോടെ പറയുന്നുണ്ടായിരുന്നു

  ” രുദ്രാ.. വേണ്ട.. എന്നെ തടയാൻ നിൽക്കണ്ട… ഇവളെ എനിക്ക് വേണം… ഇവളെയും കൊണ്ടേ ഞാൻ പോകൂ.. അതിപ്പോ നിന്നെ കൊന്നിട്ട് ആണേലും..  നിന്റെ കൂട്ടുകാരന്റെ ശരിക്കുള്ള മുഖം ഇവൾ നിനക്ക് പറഞ്ഞുതന്നിട്ടുണ്ടാകും എന്ന് അറിയാം.. എല്ലാവരും ബഹുമാനിക്കുന്ന അധ്യാപകന് പിന്നിൽ ആർക്കുമറിയാത്തൊരു മുഖം ഞാൻ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആ മുഖം പിശാചിന്റെ ആണ്.. കൊല്ലാനും തിന്നാനും മടിയില്ലാത്ത ഒരു വൃത്തികെട്ട മുഖം.. 

  അവന് മുന്നിൽ കൂട്ടുക്കാരനും കൂടപ്പിറപ്പും ഒന്നുമില്ല…   “

അത്‌ പറഞ്ഞ് മുഴുവനാക്കുംമുന്നേ രുദ്രന്റെ അടുത്ത അടി അവന്റെ മുഖം ലക്ഷ്യമാക്കി പാഞ്ഞടുത്തിരുന്നു. പെട്ടന്നുള്ള അടിയിൽ വീണ്ടും നിലംപറ്റി വീണ ഇന്ദ്രൻ തലകുടഞ്ഞുകൊണ്ട് രുദ്രനെ ക്രൗര്യതയോടെ നോക്കി.

     ” ഇന്ദ്രാ… നീ പിശാചോ ഏത് പുന്നാരമോനോ ആയാലും ശരി ,   ഇവളെയും കൊണ്ട് പോകാമെന്ന മോഹത്തോടെ ആണ് നീ വന്നതെങ്കിൽ കൊണ്ട് പോ എന്റെ മുന്നിൽ കൂടി…

  നിന്റെ കൂട്ടികൊടുപ്പിന്റെ കറ പുരണ്ട ചങ്കുറപ്പ് ഞാൻ ഒന്ന് കാണട്ടെ..

          ഒരിക്കൽ നീ ചിരിച്ചുകൊണ്ട് വഞ്ചിച്ച രണ്ട് പ്രണയമുണ്ട്. ഒന്ന് നിന്നെ  ആത്മാർത്ഥമായി സ്നേഹിച്ച ശാലിനിയുടെ !

മറ്റൊന്ന് കൂടെ നടന്നിട്ടും കൂട്ടുകാരനെന്ന വാക്കിന്റെ  അർത്ഥം കൂട്ടികൊടുപ്പാണെന്ന് കാണിച്ചുതന്ന് നീ അടിയോടെ വെട്ടിയ എന്റെ പ്രണയം.. 

 ആ പ്രണയത്തിന്റ നാമ്പുകൾ വീണ്ടും തളിർത്ത്തുതുടങ്ങുമ്പോൾ പിന്നെയും നീ നിന്റെ തന്തക്ക് പിറക്കായ്ക കാണിക്കാൻ ആണ് വന്നതെങ്കിൽ  പുന്നാരമോനെ……. “

 എന്നും വിളിച്ച് ഒരിക്കൽ കൂടി അവന്റെ മുഖം നോക്കി അടിച്ചു രുദ്രൻ.

  രുദ്രന്റെ  അടിയിൽ ഒന്ന് ചെറുത്ത്‌ നിൽക്കാൻ പോലും കഴിയാത്ത പോലെ ഇന്ദ്രൻ നിലതെറ്റി നിൽകുമ്പോൾ അവന്റെ മുന്നിൽ നിന്നുകൊണ്ട് രുദ്രൻ വീറോടെ ചോദിക്കുന്നുണ്ടായിരുന്നു

  ”  ഇനി പറ ഇന്ദ്രാ… നിന്നെ സ്നേഹിച്ചതിന്റെ പേരിൽ നീ പിഴപ്പിച്ച്, അവസാനം ഇവളിൽ നിന്നും അടർത്തിമാറ്റി കൊണ്ടുപോയ ശാലിനി എവിടെ?  അവൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ.. അതോ നീ കൊന്നോ?  പറയെടാ പൊല &&%&&&&& മോനെ “

അതും പറഞ്ഞ് വീണ്ടും രുദ്രൻ ഇന്ദ്രന്റ മുഖമടച്ചൊന്നുകൂടി കൊടുക്കുമ്പോൾ നീര് വന്ന് വീർത്ത മുഖത്തുകൂടി  വായിലേക്ക്  ഒഴുകിയിറങ്ങുന്ന  ചോര പുറത്തേക്ക് തുപ്പികൊണ്ട് പിന്നെയും പൊട്ടിച്ചിരിക്കുകയായിരുന്നു ഇന്ദ്രൻ.

   ഇത്രയൊക്കെ അവശനായിട്ടും പിന്നെയും പൊട്ടിച്ചിരിക്കുന്ന അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഒന്ന് അമ്പരന്നെങ്കിലും അത്‌ പുറത്ത് കാണിക്കാതെ പിന്നെയും അവന്റെ ഷേർട്ടീൽ കുത്തിപ്പിടിച്ചുകൊണ്ട് രുദ്രൻ ചോദിക്കുന്നുണ്ടായിരുന്നു

 ” പറ.. ശാലിനിയെ നീ കൊന്നോ?  അതോ ഇവളെ  നീ വലിച്ചെറിഞ്ഞപോലെ ഏതെങ്കിലും ചെളിക്കുണ്ടിൽ ജീവനോടെ ഉണ്ടോ അവൾ… “

   ” രുദ്രാ… അവളെ ഞാൻ കൊന്നെന്ന് പറഞ്ഞാൽ നീ ഇപ്പോൾ എന്നെ കൊല്ലുമായിരിക്കും. അതോടെ എല്ലാം തീരും. ഞാനും ശാലിനിയും എല്ലാം…

 പക്ഷേ,  അവൾ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാലോ….  പിന്നെ അവളെ കണ്ടെത്തും വരെ മനസ്സ് പിടക്കും… നിന്റെ അല്ല.. ഇവളുടെ…

  അതേടാ….  അവൾ ഉണ്ട് ജീവനോടെ…  അവളെ ഞാൻ കൊന്നിട്ടില്ല… 

നിന്റെ പെണ്ണിനെ കൂട്ടുകൊടുത്ത പോലെ അവളെയും  ഞാൻ….

         മാംസം തേടിവരുന്നവന്റെ വിയർപ്പ് കുടിച്ച്      

    ഒരു അഴുക്കുചാലിൽ അവളും ഉണ്ട്.  പറ്റുമെങ്കിൽ നീ രക്ഷിക്ക്… 

   അല്ലെങ്കിൽ അവൾ ജീവനോടെ ഉണ്ടന്ന അറിവ് ഇവൾക്ക് നൽകുന്ന വേദനയോടൊപ്പം ഇനിയുള്ള കാലം ഇവൾ ജീവിക്കും. ചത്തുമരവിച്ച മനസ്സുമായി തന്നെ… കൂട്ടുകാരി ജീവനോടെ കണ്ടവന്റെ ഭാരം പേറി ഇപ്പഴും ഉണ്ടെന്ന മനോവേദനയിൽ . 

   ഇനി നീ എന്നെ കൊല്ല്… കൊല്ലെടാ ” എന്നും പറഞ്ഞ് അലറിക്കൊണ്ട് രുദ്രന്റ നെഞ്ചിൽ ആഞ്ഞിടിക്കുമ്പോൾ  പെട്ടന്നുള്ള ഇന്ദ്രന്റെ അറ്റാക്കിൽ പിന്നിലേക്ക് വീണു രുദ്രൻ.

    ഞൊടിയിടയിൽ എഴുനേറ്റ് ഇന്ദ്രന്റെ നെഞ്ചിലേക്ക് ആഞ്ഞു തൊഴിച്ച രുദ്രൻ അലറുകയായിരുന്നു,

     ” അതേടാ..  നീ ചവാൻ ഉള്ളവനാ…. ഈ ലോകത്തിനു വേണ്ടാത്തവനാ നീ… പെണ്ണന്ന വാക്കിന് പിഴപ്പിക്കേണ്ടവൾ എന്ന ഒറ്റ അർത്ഥം കാണുന്ന നീയൊന്നും ജീവിച്ചിരിക്കാൻ പാടില്ല. “

അതും പറഞ്ഞ്  രുദ്രൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു,  അപ്പുറത്ത് ഫോൺ എടുക്കുമ്പോൾ ആവേശത്തോടെ രുദ്രൻ പറയുന്നുണ്ടായിരുന്നു,

 “സലീംക്കാ.. രുദ്രൻ… നിങ്ങൾ തന്ന കടാരക്കൊരു പണി വന്നിട്ടുണ്ട്. ആ കൂട്ടികൊടുപ്പിന്റെ കറുത്ത കൈകൾ ഞാൻ വെട്ടാൻ പോവാ. ഇനി ഒരു പെണ്ണും ഈ മോന്റെ കൈ കൊണ്ട് പിഴക്കരുത്.  പക്ഷേ,  എനിക്ക് ഒരു ഉപകാരം ചെയ്യണം.. ഈ പന്നി വന്ന വണ്ടി വീടിന്റ പുറത്ത് കിടപ്പുണ്ട്… ഇവനെ പോലെ ആ വണ്ടിയും ഇനി ഈ ഭൂമിയിൽ കാണരുത്. “

അത്‌ പറയുമ്പോൾ അപ്പുറത്ത് നിന്നും അതേ ആവേശത്തോടെ സലീം പറയുന്നുണ്ടായിരുന്നു

“ഇജ്ജ് ആ പന്നീടെ കൊരവള്ളി നോക്കി വെട്ട് രുദ്രാ..  ബാക്കി ഞാൻ ഏറ്റു..  ഉമ്മ

ാനേം പെങ്ങളേം തിരിച്ചറിയാത്ത അറാംപിറന്നവൻമാരൊന്നും ഈ ഭൂമിക്ക് വേണ്ട… അവനെ പോലെ ആ വണ്ടിയും അപ്രത്യക്ഷമാകും.. അത്‌ ഞാൻ ഏറ്റൂ..

 ആദ്യം അവൻ പോട്ടെ…   ” എന്ന്.

  അതും കേട്ട് രുദ്രൻ ഫോൺ വെക്കുമ്പോൾ മരണം മുന്നിൽ കണ്ട ഒരു വെപ്രാളം ഇന്ദ്രന്റെ മുഖത്തുണ്ടായിരുന്നു.

  ” ഇനി പറ ഇന്ദ്രാ…  ശാലിനി എവിടെയാണ് ഉള്ളത്.  പറയെടാ….  നിന്നെ വിശ്വസിച്ചു കൂടെ വന്നവളെ ഏത് അഴുക്കുചാലിൽ ആണ് നീ കൊണ്ടുപോയി തള്ളിയത്.. “

  അവന്റെ ചോദ്യം കേട്ട് ചിരിയോടെ ഇന്ദ്രൻ  കിടക്കുമ്പോൾ ക്ഷമകെട്ട പോലെ കണ്ണുകൾ ഒന്നടച്ചുതുറന്ന് അരയിൽ കരുതിയ കടാര ഇന്ദ്രന്റെ കഴുത്തു ലക്ഷ്യമാക്കി വീശി രുദ്രൻ. 

    —————————————————————

”   രുദ്രേട്ടാ… ശാലിനിയെ നമുക്ക്…. “

അവളുടെ ചോദ്യത്തിന് ഒരു ഉത്തരമില്ലായിരുന്നു രുദ്രന്. പക്ഷേ, ഇന്ദ്രൻ അവളുടെ മനസ്സിലേക്ക് കൊളുത്തിയിട്ട തീ അവിടെ ആളികത്തിത്തുടങ്ങിയെന്ന് രുദ്രന് മനസ്സിലായി.. അത്‌ ഇനി നീറിക്കിടക്കും. ശാലിനിയിലേക്ക് എത്തുംവരെ..

 അതോടൊപ്പം ദേവയാനിയെ തനിക്ക് വീണ്ടും നഷ്ടപ്പെടുമെന്ന് തോന്നി രുദ്രന്.

  ഇനിയും അവളെ നഷ്ട്ടപ്പെടുത്തിക്കൂട എന്ന ചിന്തയോടെ ഒത്തിരി വിഷമത്തോടെ ആണെങ്കിലും രുദ്രൻ അവളെ ചേർത്തു പിടിച്ചുകൊണ്ടു പറയുന്നുണ്ടായിരുന്നു

” ഇല്ല ദേവു… അവൾ.. അവൾ ജീവനോടെ ഉണ്ടാക്കമെന്ന് തോന്നുന്നില്ല.. മരണം മുന്നിൽ കണ്ടവന്റെ അവസാനത്തെ ആയുധമാകും ചിലപ്പോൾ ആ വാക്ക്… ശാലിനി ജീവനോടെ ഉണ്ടെന്ന്.

നിന്റെ മനസ്സിൽ അത്‌ നീറികിടക്കുമെന്ന് അവനറിയാം.. അതാണ്‌ അവന്റ ആവശ്യവും.

  അവൾ ജീവനോടെ ഉണ്ടാകില്ലെടോ…

      ഇനി അഥവാ ഉണ്ടെങ്കിൽ രുദ്രൻ അവളെ കണ്ടെത്തും… “

അതും പറഞ്ഞവളെ ഞെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ അവൾ ഒത്തിരി സങ്കടത്തോടെ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.

അപ്പോഴും മനസ്സിൽ ശാലിനിയുടെ ചിരി ഉണ്ടായിരുന്നു

” ദേവൂട്ടി ” എന്ന് നീട്ടിവിളക്കുന്ന പ്രിയപ്പെട്ടയവളുടെ  മനം നിറയ്ക്കുന്ന പുഞ്ചിരി.

( അവസാനിച്ചു )

ദേവൻ

പലരും  ചോദിച്ച ചോദ്യം..ശാലിനിക്ക് എന്ത് സംഭവിച്ചു എന്ന്.. അതുകൊണ്ട് മാത്രം നിർത്തിയിടത്തു നിന്നും ഒരു പാർട്ട് കൂടി എഴുതുന്നു… 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Title: Read Online Malayalam Novel Saara written by Mahadevan

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “സാറ – ഭാഗം 15 (അവസാനഭാഗം)”

Leave a Reply

Don`t copy text!