Skip to content

പുനർജ്ജനി – 1

Punarjani novel

“നീ കരയണ്ട കുട്ട്യേ… നിന്റെ കണ്ണീരു വീണാൽ നെഞ്ച് പൊള്ളാൻ മാത്രം ഹൃദയവിശാലതയൊന്നൂല്ല ഇവന്.. തനി അസുരനാണ്.. കാട്ടാളൻ..”

ഉമ്മറപ്പടിയോട് ചേർന്ന് നിൽക്കുന്ന വലിയ തൂണിനെ ഇടതു കയ്യാൽ ചുറ്റിപ്പിടിച്ചു തേങ്ങുന്ന അമ്മുവിനെ നോക്കി അമ്മായി അരിശത്തോടെ പറഞ്ഞു…

“നീ ഗുണം പിടിക്കില്ലടാ… ഇവളുടെ കണ്ണീരിന്റെ ശാപം ഏഴു തലമുറ കിടക്കും നിന്റെ തലയിൽ…. നോക്കിക്കോ… ഗുണം പിടിക്കില്ല്യ..”

“ഇങ്ങനെ നെഞ്ച് തല്ലി ശപിയ്ക്കാൻ മാത്രമുള്ള തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല… അമ്മായി പറഞ്ഞത് ശരിയാ… അത്രമാത്രം ഹൃദയവിശാലതയൊന്നുമില്ല എനിയ്ക്ക്…അതുകൊണ്ട് തന്നെ കൂടപ്പിറപ്പായി മാത്രം കണ്ടിട്ടുള്ളവളെ മിന്നുകെട്ടി കൂടെ കൂട്ടാനും കഴിയില്ല..

ഇവൾക്ക് ആഗ്രഹങ്ങളും മോഹങ്ങളും പകർന്നു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു….

എന്റെ മനസ്സിലെന്താണെന്നു ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ ഇതുപോലൊരവസ്ഥ ഇവൾക്കുണ്ടാവില്ലായിരുന്നു…”

കണ്ണന്റെ ശബ്ദം അഗ്നിയിലെന്ന പോലെ ജ്വലിയ്ക്കുന്നുണ്ടായിരുന്നു..

“അമ്മു നിന്റെ മുറപ്പെണ്ണല്ലേ കണ്ണാ…  ചെറുപ്പം തൊട്ടേ നിങ്ങൾക്ക് പരസ്പരം അറിയാവുന്നതുമല്ലേ? പാവം ന്റെ കുട്ടി അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി… ഇനിയും അതിന്റെ കണ്ണീരു കാണാൻ വയ്യാത്തോണ്ടാ… അമ്മ പറയുന്നത് നീ കേൾക്കണം.. “

നിറകണ്ണുകളോടെ യാചനാ സ്വരത്തിൽ അമ്മയത് പറയുമ്പോൾ പറയാനുറച്ച വാക്കുകളെല്ലാം തീവ്രമായ മൗനത്തിന്റെ അടിയൊഴുക്കിൽ പെട്ട് മറഞ്ഞു പോവുന്നതുപോലെ തോന്നിയെനിയ്ക്ക്…

മുറ്റത്തു നിന്നും, കരഞ്ഞു തളർന്ന അമ്മുവിനടുത്തേയ്ക്ക് നടക്കുമ്പോൾ വല്ലാത്ത ഹൃദയ ഭാരം എന്നെ പൊതിയുന്നതായി തോന്നി…

കലങ്ങിയ കണ്ണുകളോടെ അവളെന്നെ മുഖമുയർത്തി നോക്കി…

“കുഞ്ഞു നാള് മുതൽ നിഴൽ പോലെ കൂടെ നടന്നിട്ടും മോശപ്പെട്ട ഒരു വാക്കോ നോട്ടമോ എപ്പോഴെങ്കിലും എന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടോ? നിന്നേയും മാളൂനേം ഇന്നേവരെ രണ്ടു തട്ടിൽ അളന്നിട്ടില്ല ഏട്ടൻ… അനിയത്തിയായിട്ടെ കണ്ടിട്ടുള്ളു.. ആ നിന്നെ എങ്ങനെയാ അമ്മൂ ഞാൻ??

എന്തെങ്കിലും മോഹം നിന്റെ ഉള്ളിൽ തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിയ്ക്കുന്നു… ഞാൻ തിരിച്ചു വന്നാലുടൻ എന്റെ അമ്മൂനെ യോഗ്യനായ ഒരാൾക്ക് കൈ പിടിച്ചു കൊടുക്കും… അപ്പോഴേയ്ക്കും സങ്കടമൊക്കെ മാറ്റി പഴയ അമ്മുവാവണം… കേട്ടല്ലോ..”

കണ്ണുനീർ ചാലുകൾ തീർത്ത കവിൾത്തടങ്ങൾ പതിയെ തുടച്ചുകൊണ്ടു വീർത്ത ബാഗെടുത്തു മുതുകിലണിഞ്ഞു കണ്ണൻ പടിപ്പുര കടക്കവേ പിറകിൽ നിന്നും തളർന്ന സ്വരമുയർന്നു…

“കണ്ണേട്ടാ… ഞാൻ കാരണം കണ്ണേട്ടൻ ഇവിടുന്നു പോണ്ട… ഞാനായിട്ട് ഇനി ഒന്നും ഓർക്കാനും കരയാനും നിൽക്കില്ല്യ…”

“നീ കാരണമൊന്നും അല്ലമ്മു.. ഈ യാത്ര ഞാൻ മുമ്പേ തീരുമാനിച്ചതാണ്.. എന്റെ ജോലിയുടെ ഭാഗമാണെന്ന് കൂട്ടിക്കോളൂ..

ഒരു യാത്ര അനിവാര്യമാണ്.. പ്രശ്‌നങ്ങളൊടുങ്ങട്ടെ.. ചെറിയൊരു മാറി നിൽക്കൽ മറവിയെ പ്രദാനം ചെയ്യുമെങ്കിൽ അതല്ലേ നല്ലത്!!”

ചുണ്ടിൽ ആശ്വാസ ചിരിയുതിർത്തു ഞാൻ നടന്നു നീങ്ങി…

കാഴ്ച്ചയിൽ നിന്നും മറയുന്നത്‌വരെ ഗേറ്റിനരികിൽ നോക്കി നിൽക്കുന്ന അമ്മുവിൻറെ ചിത്രം എന്തുകൊണ്ടോ മനസ്സിലൊരു വിങ്ങൽ തീർത്തു…

എല്ലാവരും കൂടി പറഞ്ഞു മോഹിപ്പിച്ചതാണവളെ… ഒന്നും താനറിഞ്ഞിരുന്നില്ല… അറിഞ്ഞിരുന്നെങ്കിൽ സമ്മതിയ്ക്കില്ലായിരുന്നു…

മനസ്സിൽ ഇഴയിട്ടുറപ്പിച്ച ബന്ധങ്ങൾക്ക് നിസ്സാരമായി പല തരത്തിലുള്ള ആർത്ഥവ്യാഖ്യാനങ്ങൾ പകർന്നു നൽകാൻ കഴിയുന്നതത്രയെളുപ്പമാണോ??

എല്ലാം മറക്കാനുള്ള ശക്തി ഈശ്വരൻ അവൾക്ക് കൊടുക്കട്ടെ!!!

മൂന്നു മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം മനയൂർ എന്ന ഗ്രാമത്തിലെത്തി ചേർന്നപ്പോൾ മനസ്സിനു വല്ലാത്ത കുളിർമ തോന്നി..

മുത്തശ്ശിയുടെ നാടാണിത്… പ്രായം എഴുപതു കഴിഞ്ഞിട്ടും ആരോഗ്യം നഷ്ടപ്പെടാത്ത  മുത്തശ്ശിയോടൊപ്പം കുറച്ചു മാസങ്ങൾ കടന്നു പോവട്ടെ…

ചെറുപ്പത്തിൽ ഒന്നോ രണ്ടോ തവണ വന്നിട്ടുണ്ടെന്നതൊഴിച്ചാൽ ഇങ്ങോട്ടുള്ള വരവെല്ലാം ഒത്തിരി വിരളമായിരുന്നു…

അന്ധവിശ്വാസിയും തന്നിഷ്ടക്കാരിയുമായതിനാൽ മുത്തശ്ശി മക്കളിൽ നിന്നും അകന്ന് കഴിയുന്നു..

ലക്ഷ്മിയമ്മയെന്നു നാട്ടുകാർ സ്നേഹത്തോടെ വിളിയ്ക്കുന്ന ആദിലക്ഷ്മി…

പഴയതെങ്കിലും പ്രൗഢി നശിച്ചിട്ടില്ലാത്ത നായർ തറവാട്ടിൽ പണ്ട് മുതലേ കൂട്ട് നിന്നിരുന്ന കല്യാണിയമ്മയോടൊപ്പം സന്തോഷത്തോടെ താമസിയ്ക്കുന്നു..

ഇല്ലത്തിന്റെ പടിക്കെട്ടു കയറുമ്പോൾ തന്നെ പഴമയുടെ ഗന്ധം നിശ്വാസ വായുവിൽ കലർന്നു…

കണ്ണുകൾക്ക് മീതെ കൈത്തലം ചേർത്ത് വച്ച് ഉമ്മറത്തെ ചാരു കസേരയിൽ കിടന്നുകൊണ്ട് സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ അടുത്ത് കാണുന്ന മാത്രയിൽ തന്നെ എന്നെ മനസ്സിലാവുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല!!

ആലിംഗനം ചെയ്തു മൂർധാവിൽ അധരങ്ങളമർത്തിയപ്പോൾ ഒരുപാട് നാളത്തെ സ്നേഹ വാത്സല്യങ്ങലെല്ലാം ഒരുമിച്ചു പകർന്നൊഴുകിയതുപോലെ തോന്നി…

മുത്തശ്ശിയുടെ ആഹാരം രുചിയുടെ പുതിയൊരനുഭവമായിരുന്നു.. മോരു കറിയും കണ്ണിമാങ്ങ അച്ചാറും മുരിങ്ങയില തോരനുമെല്ലാം ഊണിനു സ്നേഹത്തോടെ വിളമ്പിത്തന്ന് സംതൃപ്തിയോടെ ഞാൻ കഴിയ്ക്കുന്നതും നോക്കി മുത്തശ്ശിയിരുന്നു…

വാ തോരാതെ വിശേഷങ്ങളോരോന്നായി പറഞ്ഞു പറഞ്ഞൊടുവിൽ മുറിയിലേയ്ക്ക് വന്നു തുറന്നിട്ട ജനാലയിലൂടെ നിലാവെളിച്ചം നോക്കി കിടന്നെപ്പോഴോ നിദ്രയെ പുണർന്നു..

പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിച്ചെഴുന്നേറ്റു നേരെ പുറത്തേക്കിറങ്ങി… ജീവന്റെ പാതിയായ ക്യാമറയും കയ്യിലെടുത്തു.. അന്നം മാത്രമല്ലിത്… ഹൃദയ മിടിപ്പു കൂടിയാണ്!!

കാഴ്ചയ്ക്ക് പുതുമയും കൗതുകവും തോന്നുന്നതെന്തും വിദഗ്ദമായി ഒപ്പിയെടുക്കാൻ കണ്ണന്റെ മൂന്നാം കണ്ണിനേക്കാൾ കഴിവ് മറ്റൊന്നിനുമില്ല എന്ന് തന്നെ പറയാം…

കരിയില വീണു മൂടിയ വഴിയിലൂടെ അലക്ഷ്യമായി നടന്നൊടുവിൽ തൊട്ടടുത്ത പഴയ അമ്പലക്കുളത്തിന്റെ പടവുകളിൽ ചെന്നിരുന്നു…

കുളത്തിന്റെ പാതിയിടിഞ്ഞ ചുറ്റുമതിലിൽ മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചിട്ടിരിയ്ക്കുന്നു!!!

ആരും കണ്ണിമയ്ക്കാതെ നോക്കി നിന്നു പോവും… വല്ലാത്തൊരു ആകർഷണീയത പടർന്നു പന്തലിച്ച ഇടങ്ങളാണിതെന്നു മനസ്സ് ഇടയ്ക്കിടെ ഓർമിപ്പിയ്ക്കുന്നത് പോലെ തോന്നി…

ഹൃദയത്തെ കുളിരണിയിപ്പിയ്ക്കുന്ന തണുത്ത  കാറ്റിൽ സ്വയം മറന്നിരുന്നു പോയതെത്ര നേരമാണ്!!

ഓർമ്മകൾ അനുവാദം കാത്തു നിൽക്കാതെ വീട്ടിലേയ്ക്ക് യാത്രയായി…

അമ്മയുടെയും അമ്മുവിന്റെയും മാളുവിന്റെയുമെല്ലാം മുഖം ഓർമകളിൽ ഉദിച്ചുയർന്നു…

ശാന്തമായി കണ്ണുകളടച്ചു പടിക്കെട്ടുകളിൽ ചാഞ്ഞു…

“ആരാ??”

പിറകിൽ നിന്നെത്തിയ മധുരമായ ശബ്ദം ഓർമകളെ തച്ചുടച്ചുകൊണ്ടു ഓളങ്ങളിൽ മറഞ്ഞു…

ധാവണിയുടുത്ത നീണ്ട മുടിയുള്ള അതി സുന്ദരിയായ പെൺകുട്ടി തെല്ല് അമർഷത്തോടെ നോക്കി നിൽക്കുന്നു…

തന്റെ ഭാഗത്തു നിന്നും മറുപടിയില്ലെന്നു മനസ്സിലായപ്പോൾ അവൾ പടിക്കെട്ടുകളിറങ്ങി വന്നു.. മുൻപെങ്ങും അനുഭവിച്ചിട്ടില്ലാത്ത മനോഹരമായ സൗരഭ്യം അവളുടെ പാദസര കിലുക്കത്തോടൊപ്പം അരികിലെത്തി…

“നിങ്ങളാരാ? മുൻപിവിടെയെങ്ങും കണ്ടിട്ടില്ലല്ലോ…”

നെറ്റി ചുളിച്ചു കൊണ്ട് അവൾ ചോദ്യശരമെയ്തു…

“അത് ചോദിയ്ക്കാൻ നമ്മളാരണാവോ?”

വിട്ടു കൊടുക്കാൻ എനിയ്ക്കും തോന്നിയില്ല…

“ഇതെന്റെ സ്ഥലമാണ്…”

“എന്നുവച്ചാൽ??”

“മിക്ക ദിവസങ്ങളിലും ഞാൻ തനിച്ചിരുന്നു ചിത്രങ്ങൾ വരയ്ക്കുന്ന സ്ഥലമാണിത്… അതുകൊണ്ട് നിങ്ങൾ ഇവിടുന്ന് പോണം..”

“ഓഹോ.. അപ്പോൾ ഈ ചുമരൊക്കെ വൃത്തികേടാക്കിയത് ഇയാളാണ് അല്ലെ??”

വെറുതെ ചൊടിപ്പിയ്ക്കാമെന്നെ കരുതിയിരുന്നുള്ളു…

ദേഷ്യംകൊണ്ടു അവളുടെ മുഖം ചുവന്നു!!

” നിങ്ങൾക്ക് ചെന്നിരിയ്ക്കാൻ ഇവിടെ മറ്റു സ്ഥലങ്ങളൊന്നും ഇല്ലാഞ്ഞിട്ടല്ലല്ലോ.. ഇനി ഇവിടെ തന്നെയിരിയ്ക്കണമെങ്കിൽ പോയിട്ട് കുറച്ചു സമയം കഴിഞ്ഞു വരാമല്ലോ..”

“ഒന്ന് രണ്ടു ചിത്രങ്ങൾ വരച്ചു കൂട്ടിയെന്നു കരുതി ഇത് നിന്റെ സ്വന്തം സ്ഥലമാവില്ലല്ലോ.. ഉവ്വോ? വേണെങ്കിൽ വരച്ചിട്ടു പോ പെണ്ണെ… ഞാനിനി കുറച്ചു കാലം ഇവിടെത്തന്നെ കാണും…”

അവളുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടപ്പോൾ ഞാൻ ഉള്ളിൽ ചിരിച്ചു..

“ഒറ്റയ്ക്കിരുന്നു വരയ്ക്കണമെന്നു എന്താ ഇത്ര നിർബന്ധം?? എന്തായാലും വരച്ചു കഴിഞ്ഞാൽ എല്ലാരും കാണില്ലേ?? ഞാനിവിടെ ഇരുന്നെന്നു കരുതി ആകാശം ഇടിഞ്ഞു വീഴുന്നെങ്കിൽ അതെനിയ്ക്കൊന്നു കാണണം…”

കയ്യിലെ ചായക്കൂട്ടുകൾ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു അവൾ പടവുകൾ ഓടിക്കയറിപ്പോയപ്പോൾ തെല്ലു സങ്കടം തോന്നി…

ഒന്ന് രണ്ടു ദിവസത്തിനു ശേഷം വീണ്ടുമൊരു പകൽ സമയം കരിയില മൂടിയ വഴികളിലൂടെ കുളപ്പടവിലേയ്ക്ക് നടന്നു…

പുതിയ ചില ചിത്രങ്ങൾ കൂടി ചുറ്റുമതിലിൽ ജന്മം കൊണ്ടിട്ടുണ്ട്… അപ്പൊ ദിവസവും ഇത് തന്നെയാണ് പരിപാടി… എന്തായാലും കൊള്ളാം..

ഞാൻ മനസ്സിലോർത്തു…

അവളെ കാണാനും സംസാരിയ്ക്കാനും ഉള്ളിൽ തീവ്രമായ ആഗ്രഹമുയർന്നു..

പിറ്റേന്ന് ഏകദേശം അവൾ എത്തുന്ന സമയം കണക്കാക്കി ചെന്നു…

ഏതോ പാട്ടിന്റെ ഇമ്പമുള്ള വരികൾ കാതിലേയ്ക്കൊഴുകിയെത്തിയപ്പോൾ കാരണമില്ലാത്തൊരു സന്തോഷം തോന്നി…

പ്രതീക്ഷിച്ച പോലെ തന്നെ ആള് തിരക്കിട്ട ചിത്ര രചനയിലായിരുന്നു..

ശബ്ദമുണ്ടാക്കാതെ ഞാൻ പടവുകളിറങ്ങി ഏറ്റവും താഴെയുള്ള പടവിൽ ചെന്നിരുന്നു…

തംബുരു മീട്ടുന്ന പെൺകുട്ടിയുടെ ചിത്രം പൂർണതയോടടുത്തിരുന്നു…

ഒഴിഞ്ഞു കിടന്ന ചെറിയ പാത്രം കയ്യിലെടുത്തുകൊണ്ടു വെള്ളം നിറയ്ക്കാനായി പടവുകളിറങ്ങവെ അപ്രതീക്ഷിതമായി അവളെന്നെ കണ്ടു…

ദേഷ്യത്തോടെ നോക്കുന്ന അവളുടെ അടുത്തേക്ക് ചുണ്ടിൽ പരിചയ ചിരിയുതിർത്തുകൊണ്ട് ഞാൻ പതിയെ നടന്നു…

(തുടരും….)

രചന: സ്വാതി.കെ.എസ്..

( ഇതുവരെ എഴുതിയതിൽ നിന്നും അല്പം വ്യത്യസ്തമായൊരു തുടർക്കഥാ പരീക്ഷണമാണ്… അഭിപ്രായങ്ങൾ തുറന്നു പറയുമല്ലോ..)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!