Skip to content

പുനർജ്ജനി – 8

Punarjani novel

എന്നും വരുന്ന സമയം കടന്നു പോയിട്ടും ആമി വന്നില്ല…

അൽപനേരം കൂടി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം..

അവൾക്കെന്തോ ആപത്തു സംഭവിച്ചിട്ടുണ്ടെന്നു ഉള്ളിലിരുന്നാരോ പറയുന്നതുപോലെ തോന്നി!!

ശബ്ദമുണ്ടാക്കാതെ ഞാൻ മുറിവിട്ടിറങ്ങി…

പിൻവശത്തെ ചാരി വച്ചിരുന്ന വാതിൽപ്പാളി തുറന്നു കിടക്കുന്നു…

വാതിൽപ്പടിയ്ക്കു കീഴെ ആമിയുടെ റാന്തൽ വിളക്ക് വീണുടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു ഉൾഭയം എന്നെ പൊതിഞ്ഞു!!

തിരച്ചിലിനൊടുവിൽ തൊട്ടപ്പുറത്തുള്ള തൊഴുത്തിനടുത്തു നിന്നും അവ്യക്തമായ ശബ്ദം കേട്ടപ്പോൾ ശ്വാസമടക്കിപ്പിടിച്ചു ഞാനങ്ങോട്ടു ചുവടു വച്ചു..

നിലാവെളിച്ചത്തിൽ കണ്ടു !!

മാംസദാഹിയായ വന്യമൃഗത്തെപ്പോലെ ആമിയെ ആക്രമിയ്ക്കാൻ ശ്രമിയ്ക്കുന്ന പുരുഷരൂപം…

ഓടിച്ചെന്നു സകല ശക്തിയും സംഭരിച്ചയാളെ തൊഴിച്ചു വീഴ്ത്തി നിലത്തു വീണുകിടന്ന ധാവണിയെടുത്തു ഭയന്ന് നിൽക്കുന്ന ആമിയ്ക്ക് നേരെ നീട്ടി..

കമിഴ്ന്നു വീണ ഹിംസ്ര മൃഗത്തെ ദേഷ്യം തീരുവോളം ചവിട്ടിക്കൂട്ടി തിരിച്ചു കിടത്തിയപ്പോൾ ഇടിവെട്ടേറ്റ പോലെ നിന്ന് പോയി!!

ഉണ്ണ്യേട്ടൻ!!

വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല!!

കണ്ടത് മുഴുവൻ സ്വപ്നമാവണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോയി!!

ചളി പുരണ്ട തോർത്തുമുണ്ട് കുടഞ്ഞെടുത്തു തോളിലിട്ടു ഉണ്ണ്യേട്ടൻ ദേഷ്യത്തോടെ നടന്നു പോയപ്പോൾ ആമിയുടെ മുഖത്തു പോലും നോക്കാനാവാതെ ഞാൻ തളർന്നു നിന്ന് പോയി!!

ഞാനിങ്ങോട്ടു വന്നില്ലായിരുന്നെങ്കിൽ!!

കുറച്ചു നിമിഷങ്ങൾ കൂടി കടന്നു പോയിരുന്നുവെങ്കിൽ എന്താവുമായിരുന്നു??

ഓർക്കാൻ കൂടി വയ്യ!!

തൊഴുത്തിന് പിറകിലെ തെങ്ങിന് മേലെ ചാരി നിന്നു രണ്ടു കയ്യും മുഖത്തമർത്തിപ്പിടിച്ചു വിതുമ്പിക്കരയുന്ന ആമിയെ കണ്ടപ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി ചിതറി..

അരികിൽ ചെന്നപ്പോൾ എന്റെ നെഞ്ചിൽ വീണവൾ പൊട്ടിക്കരഞ്ഞു…

അരുതെന്ന് വിലക്കിയിട്ടും എന്റെ കണ്ണുകളും നിറഞ്ഞു…

അനിയത്തിയെ പോലെ കാണേണ്ടവളെ ഇരുട്ടിന്റെ മറവിൽ പിച്ചിച്ചീന്താൻ തക്കവണ്ണം താൻ ഗുരു സ്ഥാനീയനായി പൂജിച്ച ഏട്ടൻ അധപതിച്ചു പോയിരുന്നോ??

ഏട്ടൻ!! പുച്ഛം തോന്നി ആ പദത്തോട് പോലും!! ആമിയും അയാളെ അങ്ങനെ തന്നെയായിരുന്നില്ലേ വിളിച്ചിരുന്നത്?

എന്നിട്ടും!!

ഒന്നുറക്കെ കരയാൻ പോലുമാകാത്ത വിധം നിസ്സഹായമായ അവളുടെ സാഹചര്യത്തെ മുതലെടുത്തിരിയ്ക്കുന്നു…

ആരൊക്കെ ഓടിക്കൂടിയാലും പാതിരാത്രി ഒറ്റയ്ക്ക് ഇരുട്ടിലേയ്ക്കിറങ്ങിയ പെണ്ണിന്റെ ഉദ്ദേശശുദ്ധിയെ ആവും ആദ്യം ചോദ്യം ചെയ്യുക!!

ഓർക്കും തോറും അയാളെ കൊല്ലാനുള്ള ദേഷ്യം മനസ്സിൽ പതഞ്ഞു പൊങ്ങി…

മാസങ്ങൾക്കുള്ളിൽ കല്യാണം ഉറപ്പിച്ചു വച്ച മനുഷ്യൻ.. ഒറ്റ രാത്രികൊണ്ട് രണ്ടു സ്ത്രീകളെ ചതിയ്ക്കാൻ ഇയാൾക്കെങ്ങനെ മനസ്സ് വന്നു??

ആമിയുടെ ശരീരമാകെ ഭയം മരവിപ്പ് പടർത്തിയിരുന്നു… തളർന്നു പോയ ആമിയെ ഞാൻ താങ്ങിയെടുത്തു അടുക്കള തിണ്ണയിൽ കൊണ്ട് ചെന്നിരുത്തി…

കൂജയിൽ മൂടി വച്ച തണുത്ത വെള്ളമെടുത്തവൾക്ക് കൊടുത്തപ്പോഴും എന്റെ ദേഹത്ത് നിന്നവൾ വിട്ടുമാറിയതേയില്ല..

എന്നെ മുറുകെ പിടിച്ചു നെഞ്ചിൽ തല ചായ്ച്ചു വെച്ച് നാഴികകളോളം കിടന്നിട്ടും ആമിയുടെ തേങ്ങൽ സ്വരമടങ്ങിയിരുന്നില്ല…

ഒരു നിമിഷം പോലും വായടച്ചു വയ്ക്കാതെ സംസാരിച്ചും ചിരിച്ചും കുറുമ്പ് കാണിച്ചും എന്റെ പിറകെ നടന്നിരുന്ന ആമിയെ ഇതുപോലൊരവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഞാനൊരിയ്ക്കൽ പോലും കരുതിയതല്ല..

ആരെയും ഭയമില്ലെന്ന് നാഴികയ്ക്ക് നാല്പത് വട്ടം വീമ്പു പറഞ്ഞു നടന്നിരുന്ന ആമി ഓരോ ചെറിയ ശബ്ദം കേൾക്കുന്തോറും ഭയത്തോടെ എന്നെ കൂടുതൽ മുറുകെ പിടിച്ചു..

കരഞ്ഞു കരഞ്ഞെപ്പോഴോ  അവൾ പാതി മയക്കത്തിലേയ്ക്ക് വഴുതി വീണപ്പോഴും മുടിയിഴകളെ തലോടിക്കൊണ്ടു ഞാനവളെ ചേർത്തുപിടിച്ചു കാവലിരുന്നു…

നേരം പുലരാൻ നിമിഷങ്ങൾ മാത്രം ബാക്കിയാകവേ ഞാനവളെ വീട്ടിൽ കൊണ്ട് വിട്ടു തിരിഞ്ഞു നടന്നു…

കുറഞ്ഞ സമയം കൊണ്ട് ആമിയെ ഇത്രയും വലിയൊരു ആഘാതത്തിനടിമയാക്കിയ ആ മനുഷ്യനെ ഒരിയ്ക്കൽ കൂടി നേരിൽ കണ്ടു പറയാനുള്ളത് മുഴുവൻ പറയാൻ മനസ്സ് വെമ്പൽ കൊണ്ടു…

ഒരേയൊരു തവണ… ജീവിതത്തിലിനി ഒരേയൊരു തവണ മാത്രം ആദി ആ മനുഷ്യനോട് സംസാരിയ്ക്കും… ആമിയ്ക്ക് വേണ്ടി മാത്രം!!

അവളോട് മാപ്പു പറയിയ്ക്കണമയാളെക്കൊണ്ട്..

അല്ലെങ്കിൽ ആണെന്ന് പറഞ്ഞു നടന്നിട്ടെന്തു പ്രയോജനം??

അനുവാദം കൂടാതെ പെണ്ണിനെ പ്രാപിയ്ക്കുന്ന, പൈതൃകം മറന്ന് പരസ്ത്രീയെ  മോഹിയ്ക്കുന്ന നെറികെട്ട സമൂഹത്തിന്റെ മൂർത്തീഭാവത്തെ സ്വന്തം സഹോദരനിൽ കാണാൻ കഴിഞ്ഞത് ഏതോ മുജ്ജന്മ പാപത്തിന്റെ പ്രതിഫലമാണെന്നു വിധിയെഴുതി മാറി നില്ക്കാൻ മാത്രം വിഡ്ഢിയല്ല ആദിത്യനെന്ന് അയാൾക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടിയിരിയ്ക്കുന്നു…

ഓരോന്നോർത്തു ഉറക്കം വരാതെ കിഴക്കു വെള്ള കീറും വരെ മുറിയിൽ കഴിച്ചു കൂട്ടി..

നേരം വെളുത്തപ്പോഴേയ്ക്കും അമ്പലക്കുളത്തിൽ നിന്നും കുളിച്ചു കയറി അയാളുടെ മുറിയിൽ ചെന്നപ്പോൾ അവിടം ശൂന്യമായിരുന്നു..

“ഉണ്ണി ഇവിടില്യ ആദീ…”

പിറകിൽ നിന്നും വല്യമ്മയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ മുറിയ്ക്കു പുറത്തിറങ്ങി…

“എവിടെപ്പോയി ഇത്ര നേരത്തെ?”

ദേഷ്യം കടിച്ചമർത്തി ചോദിച്ചു..

“അവന്റെ ഏതോ അടുത്ത കൂട്ടുകാരന്റെ അമ്മ മരിച്ചു ന്ന്… അത്രേടം വരെ പോയതാ.. ഇന്നലെ പറയാൻ മറന്നതാത്രെ… “

“എവിടെയാ വീട് ന്നോ മറ്റോ പറഞ്ഞോ?”

“പട്ടണത്തിലാണെന്നു മാത്രം പറഞ്ഞു… ഇനിയിപ്പോ രണ്ടു മൂന്നു ദിവസം കഴിഞ്ഞു നോക്കിയാ മതി..”

കൗശലക്കാരനായ കുറുക്കന്റെ ബുദ്ധിയാണയാൾക്ക്… ഇവിടെ നിന്നാൽ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമില്ലാതെ നിന്നുരുകേണ്ടി വരും!!

ആത്മാഭിമാനം വികാരങ്ങൾക്ക് പണയം വച്ച് ജീവിയ്ക്കുന്ന പകൽ മാന്യൻ!!

മനസ്സുകൊണ്ട് ഒരായിരം ആവർത്തി കാർക്കിച്ചു തുപ്പിയിരിയ്ക്കുന്നു ആ മുഖത്ത്!!

മുറിയ്ക്കുള്ളിലെ അടുക്കിപ്പെറുക്കി വച്ച വസ്തുക്കളെല്ലാം ഭ്രാന്തമായി തട്ടിത്തെറിപ്പിച്ചിട്ടും ദേഷ്യം അടങ്ങിയിരുന്നില്ല…

ഉച്ചയ്ക്ക് ശേഷം മുറിയിൽ നിന്നിറങ്ങി എന്നും കാണാറുള്ള ആൽത്തറയിലും കുളപ്പടവിലും കാത്തിരുന്നിട്ടും ആമി വന്നില്ല…

ആമിയെക്കുറിച്ചു ആരോടും അന്വേഷിയ്ക്കാൻ പോലും കഴിയാത്ത നിസ്സഹായമായ അവസ്ഥയെ മനസ്സാൽ ശപിച്ചു..

എത്ര നോക്കിയിരുന്നിട്ടും അവളെ പുറത്തേയ്ക്ക് കണ്ടതേയില്ല…

ഒരാഴ്ച്ച കടന്നു പോയി…

കാരണങ്ങളോരോന്നു പറഞ്ഞു ഉണ്ണ്യേട്ടൻ വീട്ടിലേയ്ക്ക് വരാതെ പിടിച്ചു നിന്നു…

എത്ര ദിവസം അയാളിത് തുടരുമെന്ന് കാണണം!!

പതിവുപോലൊരു വൈകുന്നേരം കുളക്കടവിൽ പ്രതീക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല..   പാദസരക്കിലുക്കം കാതിലെത്തിയപ്പോൾ വല്ലാത്തൊരാനന്ദം എന്റെ ഹൃദയത്തെ പൊതിഞ്ഞു.. 

ഞാനിരുന്ന അതേ പടവിൽ അവളെന്റെ ഇടതു കൈ ചുറ്റിപ്പിടിച്ചു ചേർന്നിരുന്നു..

ചോദിയ്ക്കാൻ കൂട്ടി വച്ചതെന്തൊക്കെയോ ഹൃദയത്തിൽ കല്ലിച്ചുറഞ്ഞു…

സമയമിഴഞ്ഞു നീങ്ങി…

“എവിടെയായിരുന്നു ഇത്രയും ദിവസം??”

“എന്തോ… ആ അടുക്കളച്ചുവരുകൾക്കുള്ളിൽ നിന്നും പുറത്തേയ്ക്കിറങ്ങാൻ തോന്നീല… വല്ലാത്തൊരു സുരക്ഷിതത്വം അതിനുണ്ട് ആദി..”

“ഇപ്പോഴും മറന്നില്ലേ ഒന്നും? എന്തിനാ ആമീ അതൊക്കെ ഓർത്തിരിയ്ക്കണേ? വികാരമടക്കാൻ കെല്പില്ലാത്തൊരു നികൃഷ്ട ജീവിയുടെ അരികിൽ അൽപ നേരം പെട്ട് പോയി… അത് ആമിയുടെ കുറ്റം കൊണ്ടല്ലല്ലോ… അങ്ങനെ കണ്ടാൽ മതി അതെല്ലാം..

മറക്കണമെന്നു ഞാൻ പറയില്ല… ഒളിച്ചുകളി അവസാനിപ്പിച്ച് അയാൾ തിരികെയെത്തുന്ന ദിവസം മാപ്പു പറയിയ്ക്കും ഞാൻ… ഇതെന്റെ വാക്കാ… അതുവരെ എല്ലാം മനസ്സിൽ നിന്നും കളഞ്ഞൂടെ നിനക്ക്?”

വിദൂരതയിലേക്ക് നോക്കി അവൾ വെറുതേയിരുന്നു..

“ആദി ഈ കുളം കണ്ടോ?? എന്ത് ശാന്തമായിട്ടാണിത് നില കൊള്ളുന്നത്?? “

ചെറിയൊരു കല്ലെടുത്തു ആമി കുളത്തിലേക്ക് നീട്ടിയെറിഞ്ഞു… പല വലിപ്പത്തിലുള്ള ഓളങ്ങൾ കരയെ ലക്ഷ്യമാക്കി നീങ്ങി…

“ഈ കല്ല് പോലെയാണ് ചിലർ… നമ്മളെത്ര ഒതുങ്ങിക്കൂടാൻ ശ്രമിച്ചാലും ശാന്തതയും സമാധാനവും നശിപ്പിയ്ക്കാൻ അവരിറങ്ങിത്തിരിയ്ക്കും… അപ്രതീക്ഷിതമായ നേരങ്ങളിൽ…

തടയാൻ കഴിയില്ല ആർക്കും… കാരണം കുളത്തിന് സ്വന്തമായൊരു അവകാശിയില്ല… അതിനെ കല്ലെറിഞ്ഞാലും നോവിച്ചാലും നെഞ്ച് തീയാക്കി ചോദിയ്ക്കാൻ വരാൻ ആരുമുണ്ടാവില്ല..

ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു കയറാം… അക്രമിയ്ക്കാം… കുളം എല്ലാം ശാന്തമായി നെഞ്ചേറ്റും…ഓടിപ്പോവാൻ കഴിയാത്തവണ്ണം അവളീ ചുറ്റുമതിലിനാൽ ബന്ധനസ്ഥയാണ്.. അഥവാ പോവാൻ ശ്രമിച്ചാലും അവൾക്ക് പരിചിതമായ മറ്റൊരിടവുമില്ലല്ലോ…

അവൾ സർവ്വം സഹയാവണം… ഇരുട്ടിൽ കരയണം.. എന്നിട്ടു വീണ്ടും അടുത്ത ദുഃഖത്തെ കാത്തിരിയ്ക്കണം… ഉള്ളിൽ പുകഞ്ഞു കത്തുമ്പോഴും പുറമെ ശാന്തയായിരിയ്ക്കണം… വേദനിപ്പിയ്ക്കുന്ന ഈ അവസ്ഥയ്ക്ക് ഓരോമനപ്പേരും ഇടണം… വിധി!!

അല്ലേ ആദി??”

അവളുടെ കണ്ണുകളിൽ ഉതിർന്നു വീഴാൻ മടിച്ചു നിന്ന കണ്ണീർ തുള്ളികൾ അസ്തമയ സൂര്യന്റെ ചുവപ്പിനെ ആവാഹിച്ചെടുത്തു…

ഉത്തരം നൽകാതെ ഞാനവളുടെ കൈകൾ മുറുകെ പിടിച്ചുകൊണ്ടു മുൻപോട്ടു നടന്നു…

ആളൊഴിഞ്ഞ കാവിൽ ദേവീ വിഗ്രഹത്തെ സാക്ഷി നിർത്തി സൂക്ഷിച്ചു വച്ചിരുന്ന താലിമാലയെടുത്തു പ്രാർത്ഥനയോടെ ആമിയുടെ കഴുത്തിൽ കെട്ടി…

വിശ്വസിയ്ക്കാനാവാതെ നോക്കി നിൽക്കുന്ന ആമിയെ നോക്കി ഞാൻ വാക്കുകൾക്ക് ജന്മം നൽകി…

“ഒരു താലിച്ചരടിന്റെ ഉറപ്പില്ലാതെ തന്നെ മനസ്സുകൊണ്ട് ഒന്നായിത്തീർന്നവരാണ് നമ്മൾ… പക്ഷെ ഇനിയും ഇത് വൈകിയ്ക്കരുതെന്നു എന്റെ മനസ്സ് പറയുന്നു… നിന്റെ മനസ്സിൽ പിറവിയെടുത്ത അരക്ഷിതത്വത്തിനു കടിഞ്ഞാണിടാൻ ഇത് കൂടിയേ തീരൂ..”

സന്തോഷംകൊണ്ടു അവളെന്നെ മുറുകെ പുണർന്നു…

“കാത്തു കാത്തിരുന്നു പെയ്ത വേനൽ മഴയിൽ ആവോളം നനഞ്ഞൊടുവിൽ പനി പിടിച്ചു മൂടിപ്പുതച്ചു കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖാ ഇപ്പൊ… അല്ലെ ആദി??”

“ഈ ലോകത്തുള്ള എന്തിനോടുപമിച്ചാലും ഒരുപക്ഷെ നമ്മുടെ സന്തോഷത്തിന്റെ തട്ട് താണിരിയ്ക്കും…”

എത്ര ചോദിച്ചാലും തരാതെ വാശി പിടിച്ചു കൊണ്ട് നടന്നിരുന്ന സ്നേഹത്തിന്റെ മുത്തം അവളെന്റെ കവിളത്തു തന്നു!!

സന്തോഷത്തോടെ ഇരുട്ടുവീണ വഴികളിലൂടെ ഞങ്ങൾ തിരിച്ചു നടന്നു…

“നാളെ രാവിലെ നമുക്ക് രണ്ടുപേർക്കും ഈ കാര്യം എല്ലാരോടും തുറന്നു പറയാം… അതുവരെ തൽക്കാലം രഹസ്യമാക്കി വയ്ക്കണം… എല്ലാരും കൂടെ തെറ്റുകാരെന്നു മുദ്ര കുത്തിയാൽ ആ നിമിഷം എല്ലാം ഉപേക്ഷിച്ചു നമുക്കു പോവാം…”

“എങ്ങോട്ട്?”

“അതൊന്നും തൽക്കാലം ആമി അറിയണ്ട… എല്ലാം ഞാൻ നോക്കിക്കോളാം.. എടുക്കാനുള്ളതെല്ലാം എടുത്തു വച്ചോളൂ…”

“ശരി ആദീ… നാളെ രാവിലെ കാണാം..”

യാത്ര പറഞ്ഞവൾ വീട്ടിലേയ്ക്ക് പോയി…

ഞാൻ തിരികെ കുളക്കടവിലേയ്ക്കും…

ഇത്രയും നാൾ ഞങ്ങളുടെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും ഇവിടം വേദിയായിരുന്നില്ലെ??  ചിലപ്പോൾ ഇനി ചെന്നിരിയ്ക്കാൻ കഴിഞ്ഞില്ലെങ്കിലോ??

ഓരോന്നോർത്തു നേരം കടന്നു പോയി…

സ്വയം എഴുതി ഈണം പകർന്ന പാട്ടിന്റെ വരികൾ ചുണ്ടിൽ നിന്നുതിർന്നു വീണു…

പെട്ടെന്ന് പിറകിൽ നിന്നും മൂർച്ചയേറിയ കത്തി പുറത്തു ആഴ്ന്നിറങ്ങി…

വലിച്ചെടുത്തു ഒന്ന് രണ്ടു തവണ കൂടി കത്തി ആഴ്ന്നിറങ്ങിയപ്പോഴേയ്ക്കും ഞാൻ പടവിൽ വേച്ചു വീണു പോയി…

പിടച്ചിലിനിടയിൽ ഞാൻ വ്യക്തമായി കണ്ടിരുന്നു ആ മുഖം…

ഉണ്ണ്യേട്ടൻ!!

അയാൾക്ക് പിറകിൽ നിന്നിരുന്നവരിലേയ്ക്ക് ദൃഷ്ടി നീളുമ്പോഴേയ്ക്കും കണ്ണുകളടഞ്ഞടഞ്ഞു പോയിരുന്നു…

പതിയെ പതിയെ നെഞ്ചിൽ പറ്റിച്ചേർന്നു നിൽക്കുന്ന ആമിയുടെ നിഷ്കളങ്കമായ ചിരിയും ഇരുട്ടിനു കീഴടങ്ങി….

(തുടരും….)

രചന:സ്വാതി.കെ.എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!