Skip to content

പുനർജ്ജനി – 10

Punarjani novel

അയാൾക്ക് പിറകെ മനസ്സില്ലാ മനസ്സോടെ ആമിയും ഒരു മുറിയ്ക്കുള്ളിലേയ്ക്ക് കയറിപ്പോയി…

പിറകിൽ നിന്നും ഞാനൊരുപാടു തവണ വിളിച്ചെങ്കിലും അവൾ കേട്ട ഭാവം പോലും നടിച്ചില്ല…

ഏറെ പാടുപെട്ടു ചന്ദനം അരയ്ക്കാൻ കൊണ്ട് വച്ചിരുന്ന കല്ലെടുത്തു കാലിനെ ബന്ധിച്ച ചങ്ങലക്കണ്ണികൾ അറുത്തു മാറ്റുമ്പോഴും ആമിയുടെ കരച്ചിൽ ശബ്ദം കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു..

സമയം കുതിരക്കുളമ്പടികളോടെ ദൂരേയ്ക്കകന്നു…

ശരീരത്തെ ബാധിച്ചിരുന്ന തളർച്ചയെ മറന്നു ഞാനോടി ആ മുറിയ്ക്കുള്ളിൽ കടന്നു…

ചുവന്ന മുണ്ട് ധരിച്ചയാൾ മുറിയുടെ ഒരു വശത്തിരുന്നു പൂജാ കർമങ്ങൾ ചെയ്യുന്നു… അയാൾക്ക് മുൻപിലുള്ള മന്ത്രവാദ കളത്തിൽ ചെവികൾക്കു മുകളിൽ രണ്ടു കൈകളും അമർത്തിപ്പിടിച്ചുകൊണ്ടു തേങ്ങുന്ന ആമി..

ഇടയ്ക്കിടെ മന്ത്രം ജപിച്ചുകൊണ്ടു അവളുടെ ദേഹത്തേക്ക് അയാൾ പുഷ്പങ്ങളെറിയുന്നു…

ഓരോ പുഷ്പവും ദേഹത്ത് പതിയ്ക്കുമ്പോഴും ആമിയുടെ കരച്ചിലിന്റെ ആക്കം കൂടി വന്നു…

ശബ്ദമുണ്ടാക്കാതെ കയ്യിൽ കിട്ടിയ ഇരുമ്പു വടിയെടുത്തു അയാളുടെ തലയ്ക്ക് പിറകിൽ ശക്തമായടിച്ചപ്പോൾ ഹോമകുണ്ഡത്തിനെതിർവശത്തേയ്ക്ക് അയാൾ പിടഞ്ഞു വീണു…

ആമിയെ താങ്ങിയെടുത്തു വളരെ വേഗം മുറിയ്ക്കു പുറത്തു കടന്നു…

ഒന്ന് സംസാരിയ്ക്കാൻ പോലുമാവാത്ത വിധം അവൾ തളർന്നു പോയിരുന്നു!!

ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു ഏറെ നേരം…

ചുവരിൽ തൂക്കിയിട്ടിരുന്ന വസുവിന്റെ ഫോട്ടോയിൽ ദൃഷ്ടി പതിഞ്ഞപ്പോൾ ഈ വീട് ആരുടേതാണെന്നതും വ്യക്തമായി…

രണ്ടു ജന്മത്തിലും അവനെ സ്നേഹിച്ചതിനും വിശ്വസിച്ചതിനുമുള്ള ശിക്ഷ!!

“അവനിപ്പോ ഇവിടെയുണ്ടോ??”

“ഇല്ല ആദീ..അവനിനി രാത്രി പൂജയ്ക്കു സമയമാവുമ്പോഴേ മടങ്ങി വരൂ..”

“അവനെത്തുന്നതിനു മുൻപ് നമുക്ക് പുറത്തു കടക്കണം… വാ ആമീ…”

അവളുടെ കൈകളിൽ പിടിച്ചു മുൻപോട്ടു നടക്കാനാഞ്ഞ എന്നെ ആമി തടഞ്ഞു..

“ആദി അമ്മുവിനെയും കൂട്ടി രക്ഷപ്പെട്ടോളൂ… എനിക്കിവിടെ നിന്നൊരു മോചനം ഇനി സാധ്യമാണെന്ന് തോന്നുന്നില്ല…”

“അതെന്താ??”

“ഇവിടെ നിന്നും പുറത്തേക്കുള്ള എല്ലാ വാതിലുകളും ജനലുകളും കടുത്ത മന്ത്രങ്ങളാൽ ബന്ധനം ചെയ്തു വച്ചിരിയ്ക്കുകയാണ്… അത് മറികടക്കാൻ എനിയ്ക്കാവില്ല ആദീ… ആറു ദിവസങ്ങളുടെ കടുത്ത മന്ത്ര ക്രിയകളാൽ അവനെന്റെ ശക്തികളെല്ലാം പൂർണമായും നശിപ്പിച്ചുകഴിഞ്ഞു… ഇനിയൊരു ദിവസം കൂടി ഇത് തുടർന്നാൽ എന്നെന്നേക്കുമായി ഞാനവന്റെ അടിമയാവും…”

കരച്ചിലിന്റെ അകമ്പടിയോടെ അവളിൽ നിന്നും പുറത്തു വന്ന തളർന്ന വാക്കുകൾ എന്റെ ഹൃദയത്തെ നൂറായി വലിച്ചു കീറി…

“ഇല്ല… ആദിത്യൻ ജീവനോടെ ഉള്ളപ്പോൾ നിനക്കൊരു പോറൽ പോലുമേൽക്കില്ല.. ഞാനതിന് സമ്മതിക്കില്ല…”

“വേണ്ട ആദീ… ഇനിയും എനിയ്ക്ക് വേണ്ടി ആദി അപകടത്തിലേയ്ക്ക് പോവരുത്… ചലനമറ്റ ആദിയെ ഇനിയും കണ്ടു നിൽക്കാനുള്ള കരുത്തില്ലെനിയ്ക്ക് …”

“ഒന്നും വരില്ല ആമീ… കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം എനിയ്ക്കോർമ വന്നതാണ്.. നമ്മുടെ പ്രണയം.. സ്വപ്‌നങ്ങൾ.. എല്ലാം മറക്കാൻ കഴിയോ നിനക്ക്?? നീ കാത്തിരുന്നതല്ലേ വർഷങ്ങളോളം?? “

“ഒന്നും വേണ്ട ആദീ… എനിക്കിനി ഒന്നും വേണ്ട… ന്റെ ആദി  ഒരു അപകടവും സംഭവിയ്ക്കാതെ ജീവനോടെ ഉണ്ടായാൽ മതി. ഒരു കുഴപ്പവുമില്ലാതെ എന്നും ഇങ്ങനെ കണ്ടാൽ മാത്രം മതിയെനിയ്ക്ക്…”

എന്നെ മുറുകെ പുണർന്നു തേങ്ങിക്കരയുന്ന ആമിയെ അടർത്തി മാറ്റി വാതിലുകളിലും ജനലുകളിലും എഴുതി വച്ചിരുന്ന മന്ത്രങ്ങൾ മായ്ച്ചു കളയാൻ പാഴ്‍ശ്രമം നടത്തി നോക്കി…

ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അടച്ചു പൂട്ടിയ മുറിയിൽ നിന്നും ബോധശൂന്യയായി വീണുകിടക്കുന്ന അമ്മുവിനെയും കണ്ടെത്തി ആമിയ്ക്കരികിൽ കൊണ്ട് വന്നു കിടത്തി..

മുഖത്തു  വെള്ളം തളിച്ചപ്പോൾ അവളുണർന്നു…

രണ്ടു ദിവസംകൊണ്ട് അവളാകെ വാടിയ തമരത്തണ്ടു കണക്കെയായിരിയ്ക്കുന്നു.. എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ആശ്വാസത്തിന്റെ ചിരി തെളിഞ്ഞു..

“കണ്ണേട്ടാ… അയാള്.. അയാളെന്നെ കൊല്ലും… നമുക്കിവിടുന്നു എത്രയും പെട്ടെന്ന് പോവാം..”

ഭയത്തോടെ അവളെന്റെ കൈകൾ മുറുകെ പിടിച്ചു…

“പോവാം… പക്ഷെ ഒരാളെക്കൂടി ഇവിടുന്നു പുറത്തു കടത്താനുള്ള മാർഗം കണ്ടു പിടിയ്ക്കണം…”

“ആരെ??”

“ആമിയെ… നമ്മളെപ്പോലെ എളുപ്പത്തിൽ അവൾക്കിവിടുന്നു പുറത്തിറങ്ങാനാവില്ലമ്മൂ…”

“ആമിയോ? അവളെവിടെ എന്നിട്ട്? “

“അവളെ നിനക്ക് കാണാൻ കഴിയില്ല.. തൽക്കാലം അത്രമാത്രം അറിഞ്ഞാൽ മതി…”

സംശയ ഭാവത്തിൽ നോക്കുന്ന അമ്മുവിന്റെ കണ്ണുകളെ അവഗണിച്ചു ഞാൻ ആമിയെ നോക്കുമ്പോൾ അവളമ്മുവിനെ വേദനയോടെ നോക്കുന്നുണ്ടായിരുന്നു…

ആമിയെ തനിച്ചാക്കി രക്ഷപ്പെടാനും അമ്മുവിനെ ഏറെ നേരം ഇവിടെ നിർത്താനും കഴിയാത്ത ഭീകരവും അത്രയേറെ നിസ്സഹായവുമായ അവസ്ഥ!!

ഉണർന്നിരിയ്ക്കുന്ന നേരമത്രയും ശബ്ദമുണ്ടാക്കി ഓടി നടക്കുന്ന രണ്ടു പേരെ ഒരേ സമയം മൂകമായ അവസ്ഥയിൽ കാണേണ്ടി വരുന്നത് തികച്ചും വേദനാജനകമായിരുന്നു…

എന്ത് ചെയ്യണമെന്നറിയാതെ ഞാൻ സ്വയമുരുകി…

പൊടുന്നനെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു…

വിശാലമായ നാലുകെട്ടിന്റെ മുകൾ ഭാഗത്തായിരുന്നു ഞങ്ങളെ അടച്ചിട്ടിരുന്നത്…

താഴോട്ടുള്ള വാതിൽ തുറന്നു വന്നയാളെ കണ്ടപ്പോൾ വല്ലാത്ത ഞെട്ടൽ ഉള്ളിലൂടെ കടന്നു പോയി…

നന്ദൻ!!

“എന്താ ആദീ… എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ??”

വിജയിയെ പോലെ അവനുറക്കെ ചിരിച്ചപ്പോൾ അമ്മു ഭയത്തോടെ എന്റെ പിറകിൽ ഒളിച്ചു..

“നീയെന്താ കരുതിയത്?? വസുവാണ് എല്ലാത്തിനും പിറകിലെന്നോ??എങ്കിൽ നിനക്ക് തെറ്റി ആദിത്യാ… എല്ലാത്തിനും പിറകിൽ ഞാനായിരുന്നു…

നിന്നെ ഈ ലോകത്തു നിന്നും പറഞ്ഞയച്ചത് ഈ കൈകൾ കൊണ്ടായിരുന്നു…”

കണ്ണുകളിൽ ക്രൂരമായ ഭാവത്തോടെ അവൻ ഉറക്കെ ചിരിച്ചു…

“നീ കരുതിയത് പോലെ നിന്നെ കുത്തി വീഴ്ത്തിയത് ഉണ്ണിയല്ല… നിന്റെ അലർച്ച കേട്ട് അയാളോടി വന്നതാ പാവം… നിന്റെ മുഖത്തു നോക്കാൻ കഴിയാതെ കുറച്ചു ദിവസം മാറി നിന്നു തിരിച്ചു വരുന്ന വഴിയായിരുന്നു… അപ്പോഴാ…”

തരിച്ചു നിൽക്കുന്ന എന്നെ നോക്കി അവൻ ചിരിച്ചു..

“കുത്തിയ ഞാനും എന്റെ കൂട്ടുകാരനും മാറിയപ്പോഴേക്ക് അയാൾ നിന്നെ താങ്ങാൻ അടുത്തേയ്ക്ക് വന്നു… പക്ഷെ അപ്പോഴേക്കും കണ്ണടഞ്ഞില്ലേ?? പിന്നെ കുറ്റം മുഴുവൻ അയാളുടെ മേലേക്ക് ഇടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോൾ പാവം പേടിച്ചു പോയി.. ഏത്?? നിന്റെ ഡയറിയിൽ മുഴുവൻ അയാളോടുള്ള ദേഷ്യം ആവൂലോ?? തെളിവുകളും സാഹചര്യങ്ങളും വിരൽ ചൂണ്ടുന്നതും അയാൾക്ക് നേരെ… ആമി വരെ പറയും അയാളാണെന്നു.. അങ്ങനെ ഞങ്ങൾ ഒത്തു തീർപ്പായി… മോഷണ ശ്രമത്തിനിടെ മരണം… പാവം നിന്നെയോർത്തു വേദനിച്ചു ചങ്ക് പൊട്ടിയാ മരിച്ചത്… എത്രയായാലും അനിയനല്ലേ…”

പല്ലുകൾ കടിച്ചമർത്തി നിൽക്കുന്ന എന്നെ നോക്കി അവൻ തുടർന്നു..

“നിന്റെ കൊലപാതക കുറ്റം ഈ ജന്മത്തിലും അവന്റെ തലയിൽ കെട്ടി വയ്ക്കാൻ പോവാണ്… അതുകൊണ്ടാണ് അവനും കുടുംബവും ഇവിടെ ഇല്ലാതിരുന്ന നേരത്തു തന്നെ ഞാനിവിടെ താളവളമടിച്ചത്…

അവൻ കെട്ടാൻ പോകുന്ന പെൺകുട്ടിയുമായി നിനക്കുള്ള അവിഹിതം കയ്യോടെ പിടികൂടുന്ന വസു നിന്നെ കൊലപ്പെടുത്തുന്നു… നാളത്തെ വാർത്ത ഇതാവും…”

ദേഷ്യവും സങ്കടവും ഒരുപോലെ ആളിക്കത്തി…

“ഡാ… എന്തിനാടാ… എന്തിനു വേണ്ടിയായിരുന്നു നീയിതൊക്കെ??”

“ഹ!! പറയട്ടെ..

നീ ഇവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ തൊട്ടപ്പുറത്തു നിന്നും ഞാനെല്ലാം കാണുന്നുണ്ടായിരുന്നു… പല തവണ വിലക്കിയതല്ലേ ഞാൻ നിന്നെ?? നീ കേട്ടില്ല…  

ഞാൻ മോഹിച്ച പെണ്ണിനെ നീ സ്നേഹിച്ചില്ലായിരുന്നെങ്കിൽ… അവളെ നീ സ്വന്തമാക്കാൻ ആഗ്രഹിച്ചില്ലായിരുന്നെങ്കിൽ…ആ ഇളം പ്രായത്തിൽ നിനക്ക് കൊഴിഞ്ഞു വീഴേണ്ടി വരില്ലായിരുന്നല്ലോ ആദീ..”

സഹതാപത്തോടെ അവനെന്നെ നോക്കിയപ്പോൾ എന്റെ സകല നിയന്ത്രണങ്ങളും കൈ വിട്ടു…

“നിനക്കെങ്ങനെ കഴിഞ്ഞു എന്നോടിത്രയും ക്രൂരത ചെയ്യാൻ?? എന്റെ കൂടപ്പിറപ്പിനെ പോലെയല്ലേ ഞാൻ നിന്നെ സ്നേഹിച്ചത്?? എന്റെ മനസ്സിൽ തോന്നുന്നതെല്ലാം ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ?? എന്നിട്ടും?? കൂട്ടുകാരന്റെ പെണ്ണിനെ മറ്റൊരു തരത്തിൽ കാണാൻ തക്കവണ്ണം വിഷമായിരുന്നോ നിന്റെ മനസ്സിൽ??”

അവന്റെ കോളറിൽ പിടുത്തമിട്ടിരുന്ന എന്റെ കൈകൾ ശക്തിയോടെ തട്ടി മാറ്റിക്കൊണ്ടു അവൻ ആമിയ്ക്ക് നേരെ അടുത്തു..

“കൂട്ടുകാരന്റെ പെണ്ണിനെ തട്ടിയെടുത്തത് ആരാണെന്ന് ഇവന് പറഞ്ഞു കൊടുക്കെടി… അറിയട്ടെ നിന്റെ പുന്നാര കാമുകൻ സത്യങ്ങളൊക്കെ…”

ഭയത്തോടെ നിന്നിരുന്ന ആമിയെ അവനെന്റെ കാൽക്കലേയ്ക്ക് വലിച്ചിട്ടു..

“ഇതാരാണെന്നു നിനക്കറിയോ? അവളെന്റെ പെണ്ണാ… എനിയ്ക്ക് മാത്രം അവകാശപ്പെട്ട പെണ്ണ്… തട്ടിയെടുത്തത് നീയാ… അല്ലെങ്കിൽ ചോദിച്ചു നോക്ക് ഇവളോട്…”

ഒന്നും മനസ്സിലാവാതെ ഞാൻ ആമിയുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ദീനമായ മിഴികളോടെ അവൾ കരയുകയായിരുന്നു…

“നിന്ന് കരയാതെ പറഞ്ഞു കൊടുക്കേടി നീയെന്റെ മുറപ്പെണ്ണാണെന്നു… നീ ഒളിച്ചോടിയത് എന്റെ കയ്യിൽ നിന്നാണെന്നു പറഞ്ഞു കൊടുക്ക് അങ്ങോട്ട്…”

കാര്യങ്ങളുടെ ഗൗരവം എനിയ്ക്ക് ഏകദേശം ബോധ്യമായി…

” ഓർമ വച്ച നാള് തൊട്ട് ഞാനെന്റെ മനസ്സിൽ കൊണ്ട് നടന്നതാണിവളെ…

എന്റെ ഇഷ്ടവും അവകാശവും പറഞ്ഞു പിറകെ നടന്നിട്ടും അതൊന്ന് കാണാൻ പോലും ഇവൾക്ക് കഴിഞ്ഞില്ല… എന്റെ സ്നേഹത്തെ ചവിട്ടി മെതിച്ചു കടന്നു കളഞ്ഞതാണിവൾ…”

വേദനയോടെ നന്ദൻ അവളെ നോക്കിയപ്പോൾ ദേഷ്യത്തോടെ ആമി മുഖം തിരിച്ചു…

“പക്ഷെ നീ… ദിവസങ്ങൾ കൊണ്ട് നീ ആമിയുടെ ഹൃദയത്തെ കീഴടക്കി.. എന്റെ വാക്കുകൾ നീ കേട്ടില്ല… ഒന്നും വേണ്ടെന്നു പല തവണ ഞാൻ പറഞ്ഞതല്ലേ നിന്നോട്?? എന്നിട്ടും..

ഇവൾ വെറുക്കുന്ന മുറചെറുക്കൻ ഞാനാണെന്നു മനപ്പൂർവ്വം നിന്നിൽ നിന്നും മറച്ചു വച്ചതും ഇങ്ങനൊരു ഉദ്ദേശം എനിയ്ക്കുള്ളതുകൊണ്ടാണ്..

നിങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാൻ എനിക്ക് കഴിഞ്ഞില്ല… ഒടുക്കം നീ ഇവളുടെ കഴുത്തിൽ താലി ചാർത്തിയപ്പോൾ എന്റെ മുന്നിൽ മറ്റു വഴികളൊന്നുമില്ലായിരുന്നു…

പക്ഷെ…

ഈ ജന്മത്തിലെങ്കിലും ആമിയെ എനിയ്ക്ക് സ്വന്തമാക്കണം… അതിനുള്ള ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്… ഇനി ഞാൻ നിന്നെ ആർക്കും വിട്ടു കൊടുക്കില്ല ആമീ… നീയെന്റെതാ… എന്റേത് മാത്രം..

അവളെ പുണരാൻ ശ്രമിച്ച നന്ദനെ അറപ്പോടെ തട്ടിമാറ്റി ആമി എന്നെ നോക്കി…

അടക്കിയ നിർത്തിയ ദേഷ്യം മുഴുവൻ കൈകളിലേക്ക് ആവാഹിച്ചു ഞാനവന്റെ കഴുത്തു മുറുകെ പിടിച്ചു… ശ്വാസം മുട്ടി പിടയുന്നതിനിടെ അടുത്തുള്ള ദണ്ഡെടുത്തു അവനെന്നെ ശക്തിയായി അടിച്ചു… അപ്രതീക്ഷിതമായ തിരിച്ചടിയിൽ ഞാൻ അടിതെറ്റിവീണുപോയി…

“ആദീ… ഇപ്പോഴും നിന്റെ ആയുസ്സ് എന്റെ കയ്യിലാണ്… അവിവേകം പ്രവർത്തിയ്ക്കുന്നതിനിടെ അത് നീ മറക്കണ്ട… നിന്റെ ഓരോ ചലനവും നിന്റെ ആയുസ്സിന്റെ വലിപ്പം കുറയ്ക്കുമെന്ന് ഓർത്താൽ നന്ന്..”

“അത് നിന്റെ വെറും വ്യാമോഹമാണ് നന്ദാ… പിറകിലൂടെ കുത്തി വീഴ്ത്താൻ നട്ടെല്ലിന്റെയോ കൈക്കരുത്തിന്റെയോ ആവശ്യമില്ലല്ലോ… ധൈര്യമുണ്ടെങ്കിൽ നേർക്ക് നിന്നൊരു യുദ്ധത്തിന് വന്നു നോക്ക്.. അവിടെ അവസാനിയ്ക്കും നിന്റെ ആത്മവിശ്വാസം…”

ആദിയുടെ വാക്കുകൾ നന്ദന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി..

“പ്രതീക്ഷ നല്ലതാ.. പക്ഷെ നീയറിയാത്ത ഒന്നുകൂടിയുണ്ട്…

ഇവൾ… അമ്മു!!

ഇവളെ ഞാനെന്തിനാണ് ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് നീ ചോദിച്ചില്ലല്ലോ…

മരിച്ചുപോയ ആമിയെ തിരിച്ചു കൊണ്ടുവരാൻ…”

“മനസ്സിലായില്ല…”

“ഇവളിലൂടെ ഞാനെന്റെ ആമിയെ പുനർജ്ജനിപ്പിയ്ക്കും… അതിനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോൾ…”

“എങ്ങനെ??”

ഞെട്ടലോടെ ആമി അയാൾക്ക് നേരെ നോക്കി…

“അമ്മുവിൻറെ ആത്മാവിനെ ആഭിചാര ക്രിയകളിലൂടെ നിർജ്ജീവമാക്കി

ആമിയുടെ ആത്മാവിനെ പരകായ പ്രവേശത്തിലൂടെ ഞാൻ ഇവളിൽ പ്രവേശിപ്പിയ്ക്കും…

ദിവസങ്ങളുടെ ശക്തമായ ക്രിയകൾക്കൊടുവിൽ കണ്ണ് തുറക്കുന്നത് ആമിയായിരിയ്ക്കും… അതിനു വേണ്ടി ആമിയുടെ ആത്മാവിനെ ബലഹീനയാക്കി കഴിഞ്ഞു…

നീയെന്റെ മുറപ്പെണ്ണിനെ തട്ടിയെടുത്തു… നിന്റെ മുറപ്പെണ്ണിനെ ഞാനും … “

“വേണ്ട… ഞാനിത് സമ്മതിക്കില്ല… അങ്ങനെ ചെയ്യരുത് നന്ദേട്ടാ… ഞാൻ കാലു പിടിയ്ക്കാം… അമ്മൂനെ ഒന്നും ചെയ്യരുത്…”

തൊഴുകയ്യോടെ ആമി അയാൾക്ക് നേരെ നോക്കി..

“എല്ലാം നിനക്ക് വേണ്ടിയാണ് ആമി… നീയിതൊന്നും കാര്യമാക്കണ്ട… മുൻപോട്ടുള്ള നമ്മുടെ ജീവിതത്തിൽ നിനക്കൊരു ശരീരം കൂടിയേ തീരൂ… അത് ഞാൻ നിനക്ക് നേടിത്തരും…”

“കഴിഞ്ഞുപോയ ജന്മത്തിൽ പുകഞ്ഞടങ്ങിയ പകയുടെ തിരി ഊതിത്തെളിയ്ക്കാൻ ഒരു തെറ്റും ചെയ്യാത്ത അമ്മുവിനെ ബലിയാടാക്കരുത്… എന്നെ സ്നേഹിച്ചതിനു പകരമായി ആദിയെ ഒരിയ്ക്കൽ ക്രൂരമായി വക വരുത്തിയതല്ലേ??

എന്നെ ഇവിടെ ബന്ധിയ്ക്കാൻ കഴിഞ്ഞുവെന്ന കാരണം കൊണ്ടെങ്കിലും ഇവരെ വെറുതെ വിടണം…”

യാചനയോടെ അവൾ പറഞ്ഞ വാക്കുകൾ വക വയ്ക്കാതെ അയാൾ കോണിപ്പടികളിറങ്ങി താഴോട്ട് നടന്നപ്പോൾ ആമിയെന്റെ നേരെ തിരിഞ്ഞു…

“ആദീ… ഇനി ഇവിടെ നിക്കണ്ട… എങ്ങനെയെങ്കിലും അമ്മുവുമായി രക്ഷപ്പെട്ടോ… “

ആമിയുടെ സ്വരത്തിൽ കിതപ്പ് പടർന്നു കയറി…

“കണ്ണേട്ടാ… ആമിയ്ക്ക് വേണ്ടി ഞാനെന്റെ ജീവൻ കൊടുക്കാൻ തയ്യാറാ.. അവൻ ആമിയെ പുനർജ്ജനിപ്പിച്ചു കഴിഞ്ഞാൽ കണ്ണേട്ടൻ എങ്ങനെയെങ്കിലും അവളെയും കൊണ്ട് ഇവിടുന്നു രക്ഷപ്പെടണം… എനിയ്ക്ക് ഒരു പേടിയും ഇല്ല.. പൂർണ മനസ്സോടെയാ ഞാൻ പറയണേ.. വീട്ടിലെല്ലാരും അത് ഞാനാണെന്നു കരുതിക്കോളും… പിന്നെ നിങ്ങൾക്ക് ജീവിയ്ക്കാൻ ഒരു തടസ്സവും ഉണ്ടാവില്ല… “

“അമ്മൂ…”

“സരംല്ല കണ്ണേട്ടാ… എനിക്ക് സങ്കടൊന്നും ഇല്ല… ആമിയുടെ സ്ഥാനത്തു എന്നെ സങ്കല്പിയ്ക്കാൻ പോലും കഴിയില്ലെന്ന് പറഞ്ഞില്ലേ? കണ്ണേട്ടന് ആമിയെ കിട്ടാൻ ഞാനൊരു കാരണമായി അത്ര മാത്രേ ഉള്ളൂ….”

കണ്ണ് തുടച്ചുകൊണ്ടു അമ്മു പറഞ്ഞവസാനിപ്പിച്ചപ്പോൾ ആമി തേങ്ങലോടെ എന്നെ ദയനീയമായി നോക്കി…

നിമിഷങ്ങൾക്കുള്ളിൽ തടിമാടന്മാരായ മൂന്നു നാലുപേർ അങ്ങോട്ട് കടന്നു വന്നു എന്റെ ദേഹത്ത് പിടുത്തമിട്ടു… എത്ര ശ്രമിച്ചിട്ടും അനങ്ങാൻ പോലുമാവാതെ ഞാൻ നിന്ന് പോയി..

പിറകെ വന്ന നന്ദൻ അമ്മുവിൻറെ കയ്യിൽ പിടിച്ചു..

“നീ ഇപ്പൊ മരിയ്ക്കാൻ പാടില്ല ആദിത്യാ.. എന്റെ വിജയം കാണാൻ നീയുണ്ടായെ മതിയാവൂ… അവസാനമായി നീയിവളെ ഒന്നുകൂടി കണ്ടോളു… നിന്റെ അമ്മുവായിട്ടു..”

കരച്ചിലടക്കാൻ പാടുപെടുന്ന അമ്മുവിനെ വലിച്ചിഴച്ചു അവൻ അകത്തേയ്ക്ക് കൊണ്ടുപോവുമ്പോൾ ക്ലോറോഫോം പുരട്ടിയ കർച്ചീഫ് എന്റെ മുഖത്തിനു നേരെ അടുക്കുന്നുണ്ടായിരുന്നു…

(തുടരും…)

രചന: സ്വാതി.കെ.എസ്

(തീർന്നില്ല… ഒരു പാർട്ട് കൂടി വേണ്ടി വരും ട്ടോ… അടുത്ത ഭാഗത്തോടെ പുനർജ്ജനി നിങ്ങളോട് വിട പറയും… ഞാൻ ഉദ്ദേശിച്ച ആശയം എത്രത്തോളം നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നറിയില്ല… എന്തെങ്കിലും പോരായ്മ തോന്നിയെങ്കിൽ പറയണേ… ഒരുപാട് ഇഷ്ടത്തോടെ സ്വാതി…)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!