Skip to content

പുനർജ്ജനി – 11 (അവസാന ഭാഗം)

Punarjani novel

“ഡാ….”

അപ്രതീക്ഷിതമായി പിറകിൽ നിന്നുമുയർന്ന ശബ്ദം എല്ലാവരുടെയും ശ്രദ്ധയെ അപഹരിച്ചു…

കുതറി മാറാനും അവരുടെ പിടിയിൽ നിന്നും സ്വതന്ത്രനാവാനും അത്രയും സമയം എനിയ്ക്ക് ധാരാളമായിരുന്നു..

എനിയ്ക്ക് നേരെ ഉയർന്നു വന്ന ക്ലോറോഫോം പുരട്ടിയ കർച്ചീഫ് അതേ വേഗതയിൽ അയാളുടെ മുഖത്തോടമർത്തിപ്പിടിച്ചു…

നിലത്തു വീണു നിശ്ചലനായ ഗുണ്ടയെക്കണ്ടപ്പോൾ കൂട്ടാളികളും അൽപം പതറി…

വാതിൽ തുറന്ന് ഓടി വന്ന വസുവും ഞാനും ഒരുമിച്ചു ചേർന്ന് അവരെ നേരിട്ടു…

അല്പം ബുദ്ധിമുട്ടിയാണെങ്കിലും എല്ലാവരെയും തറപറ്റിച്ചു…

പ്രശ്നങ്ങളൊടുങ്ങിയില്ലെങ്കിലും വസുവിന്റെ പിന്തുണ താല്കാലികാശ്വാസത്തിനുറവിടമായി…

“വസൂ… ഞാൻ നിന്നെ..”

“തെറ്റിദ്ധരിയ്ക്കുമെന്നുറപ്പുണ്ടായിരുന്നു… എല്ലാം മുൻകൂട്ടി മനസ്സിലായിരുന്നെങ്കിലും സത്യങ്ങൾ നീയറിയുന്നത് വരെ ഇങ്ങോട്ടു വരാതിരുന്നത് മനഃപൂർവ്വമാണ്…”

“സോറി ഡാ… ഇത്രയും വലിയൊരു ചതി ഇതിനു പിന്നിൽ മറഞ്ഞിരിയ്ക്കുന്നുണ്ടാവുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല..”

“ചിലത് അങ്ങനെയാണ് കണ്ണാ… എല്ലാ മുൻധാരണകളെയും തിരുത്തിയെഴുതും… ആത്മാവിനോട് ചേർത്ത് വച്ച പലതിനെയും തിരിച്ചറിയാൻ കഴിയാതെ പോവുന്നതാണ് സ്നേഹത്തിന്റെ ഏറ്റവും വലിയ പോരായ്മ… പക്ഷെ അതിനെയെല്ലാം നാം അതിജീവിയ്ക്കാൻ പ്രാപ്തി നേടുന്ന സമയം വരും… അതിനെയാണ് ജീവിതമെന്നു പറയുന്നത്…”

“ശരിയാണ് വസൂ..”

“സംസാരിച്ചു നിൽക്കാൻ സമയമില്ല കണ്ണാ… അമ്മുവിനെ രക്ഷിയ്ക്കണം… നന്ദന്റെ ശക്തികളെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യണം… ഇല്ലെങ്കിൽ അത് നിനക്കും ആമിയ്ക്കും അപകടം ചെയ്യും…”

“അതെ… പക്ഷെ അവൻ നിസ്സാരനല്ല വസൂ… സൂക്ഷിച്ചില്ലെങ്കിൽ നമുക്കെല്ലാവർക്കും അപകടമാണ്..”

“മമ്… പക്ഷെ എല്ലാത്തിനും മുൻപ് ഉത്തരമറിയേണ്ട മറ്റൊരു ചോദ്യമുണ്ട്… ആമിയുടെ മരണം!!  എന്റെ ഊഹം ശരിയാണെങ്കിൽ അതിന്റെ സത്യാവസ്ഥ ഉറങ്ങിക്കിടക്കുന്നത് നന്ദന്റെ നാവിൻ തുമ്പിലാണ്…”

ചവിട്ടിമെതിയ്ക്കപ്പെട്ട സ്വപ്നങ്ങളും മോഹങ്ങളും ആമിയുടെ കണ്ണുകളിൽ കത്തിയമർന്നു…

“ഇന്നിത് ചോദിച്ചറിഞ്ഞില്ലെങ്കിൽ ആമിയുടെ മരണം ഉത്തരം കിട്ടാത്ത സമസ്യയായി എന്നും നില കൊള്ളാനിട വരും… അത് പാടില്ല കണ്ണാ… വർഷങ്ങളായി അവൻ ഹൃദയത്തിലുരുക്കി സൂക്ഷിച്ച രഹസ്യം എന്നെന്നും അവനിൽ മാത്രം ഉറങ്ങിക്കിടക്കാൻ അനുവദിയ്ക്കാനുള്ളതല്ല… ആമിയെങ്കിലും എല്ലാമറിയറിയണം… വാ…”

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതുപോലെ നന്ദനിരിയ്ക്കുന്ന മുറിയെ ലക്‌ഷ്യം വച്ച് വസു മുൻപോട്ടു നടന്നപ്പോൾ ഞാനും ആമിയും അവനെ അനുഗമിച്ചു…

ചുവപ്പും കറുപ്പും ഇടകലർത്തി വരച്ച വലിയ കളത്തിനു ഒത്ത നടുവിൽ അർദ്ധബോധാവസ്ഥയിലിരിയ്ക്കുന്ന അമ്മു..

കണ്ണുകളടച്ചു ഹോമാഗ്നിയിലേയ്ക്ക് കനത്ത ഗന്ധം വമിയ്ക്കുന്നതെന്തൊക്കെയോ അർപ്പിയ്ക്കുന്ന നന്ദൻ…

അവന്റെ മന്ത്രോച്ഛാരണത്തിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു…

ആമിയുടെ കണ്ണുകളിൽ ഭയം തളം കെട്ടി…

മുൻപോട്ടു നടക്കാനാഞ്ഞ ഞങ്ങൾക്ക് നേരെ അവൻ വലതു കൈ ഉയർത്തി…

തിരിച്ചു പൊയ്‌ക്കൊള്ളാൻ അവൻ കൈകൊണ്ടു ആംഗ്യം കാണിച്ചത് വക വയ്ക്കാതെ ഞങ്ങൾ അവരുടെ അടുത്തേയ്ക്ക് നടന്നു…

“മന്ത്ര കർമങ്ങൾക്ക് വിഘ്‌നം വരുത്താതെ തിരിച്ചു പോവുന്നതാണ് നിങ്ങൾക്ക് നല്ലത്…”

“തിരിച്ചു പോവാം… പക്ഷെ അതിനു മുൻപ് അമ്മുവിനെയും ആമിയെയും നീ സ്വാതന്ത്രരാക്കണമെന്നു മാത്രം…”

“പറഞ്ഞാൽ മനസ്സിലാവില്ലെങ്കിൽ അനുഭവിച്ചറിഞ്ഞോളൂ…”

തീക്ഷ്ണമായ നോട്ടം അവൻ ആമിയ്ക്ക് നേരെ തൊടുത്തു വിട്ടു… കണ്ണുകളടച്ചു മന്ത്രം ചൊല്ലി എന്തോ ചിലതു അഗ്നിക്കിരയാക്കിയതും എല്ലുകൾ നുറുങ്ങുന്ന വേദനയോടെ അവളുറക്കെ കരയാൻ തുടങ്ങി..

കൈകൾ രണ്ടും തലയിലമർത്തിപ്പിടിച്ചു ആമി നിലത്തേയ്ക്കിരുന്നു പോയി…

എന്ത് ചെയ്യണമെന്നറിയാതെ ഞാനും വസുവും മുഖത്തോടു മുഖം നോക്കി…

“ആദീ… എനിക്കിനിയും വയ്യ ആദീ…”

അവളുടെ തളർന്ന ശബ്ദം നന്ദന്റെ മന്ത്രോച്ഛാരണത്തിൽ നേർത്തു പോയി…

ആമിയെ താങ്ങിയെടുത്തു ഞാൻ വസുവിനോടൊപ്പം മുറിയ്ക്കു പുറത്തേയ്ക്കിറങ്ങുമ്പോൾ  മുഴങ്ങുന്ന അട്ടഹാസത്തോടൊപ്പം പിറകിൽ വാതിൽ ശക്തിയോടെ അടഞ്ഞു…

“ഇനിയെന്താ ചെയ്യാ വസൂ… ആമിക്കിനിയും അവന്റെ പരീക്ഷണങ്ങൾ താങ്ങാനുള്ള ശക്തിയില്ല…”

“ആമിയോട് നന്ദനുള്ളത് പ്രണയമല്ല കണ്ണാ.. ഭ്രാന്തമായ ആസക്തിയാണ്.. അതല്ലെങ്കിൽ അവനൊരിയ്ക്കലും ഇവളെ വേദനിപ്പിക്കില്ല.. അവന്റെ തന്ത്രങ്ങൾ ഫലപ്രാപ്തി കണ്ടാൽ ഒരേസമയം നശിയ്ക്കുന്നത് രണ്ടു പേരുടെ ജീവിതമാണ്… അമ്മുവിന്റെയും അവളിലൂടെ ആമിയുടെയും…

അതനുവദിച്ചു കൂടാ.. നന്മയാണോ തിന്മയാണോ ശാശ്വതമെന്നു എനിയ്ക്കറിയണം..”

മച്ചിൽ കുടിയിരുത്തിയ പരദേവതകളെ പ്രീതിപ്പെടുത്തി രണ്ടു മന്ത്രിച്ച ചരടുകളുമായി വസു തിരിച്ചെത്തി…

ഒന്ന് എന്റെ കയ്യിലും മറ്റൊന്ന് ആമിയുടെ കയ്യിലും ശ്രദ്ധയോടെ ചേർത്തു കെട്ടി… അവളുടെ കൈകളിലും മറ്റും കെട്ടി വച്ചിരുന്ന ചരടുകളെല്ലാം അറുത്തു മാറ്റി വീണ്ടും ആ മുറി ലക്ഷ്യമാക്കി നടന്നപ്പോൾ ഭയത്തോടെയാണെങ്കിലും ആമിയും ഞങ്ങളെ അനുഗമിച്ചു..

പക്ഷെ ഇത്തവണ നന്ദൻ ചൊല്ലിയ മന്ത്രങ്ങൾക്ക് ഞങ്ങളെ സ്പർശിയ്ക്കാൻ പോലും സാധിച്ചില്ല..

ഹോമകുണ്ഡത്തിലേയ്ക്ക് അരികിലുള്ള കൂജകളിലെ വെള്ളം മുഴുവൻ കമഴ്ത്തിയൊഴിച്ചപ്പോൾ ദേഷ്യത്തോടെ അവൻ ഞങ്ങൾക്ക് നേരെ തിരിഞ്ഞു..

കൈക്കരുത്തുകൊണ്ട് അവനെ എളുപ്പത്തിൽ കീഴടക്കാൻ സാധിച്ചില്ലെങ്കിലും അൽപ നേരത്തെ യുദ്ധത്തിനൊടുവിൽ വിജയം ഞങ്ങളെ തുണച്ചു..

“ഒരുപാട് മുൻധാരണകളുമായി ഇങ്ങോട്ട് ചുവടുവച്ചിറങ്ങുമ്പോൾ അതിങ്ങനെയൊരു നാശത്തിലേയ്ക്കാവുമെന്നു നീ കരുതിക്കാണില്ല അല്ലെ നന്ദാ.. വർഷങ്ങളായി ആരാധിച്ചു കുടിയിരുത്തി പൂജിയ്ക്കുന്ന പരദേവതകളെക്കാൾ ശക്തി നിന്റെ ദുഷ്ട ശക്തികൾക്കുണ്ടാവുമെന്നു ധരിച്ചു വച്ചതു തന്നെ തെറ്റ്!!”

വസുവിന്റെ ശബ്ദമുയർന്നപ്പോൾ മറുപടി പറയാൻ പോലുമാവത്ത വിധം തളർച്ചയോടെ നന്ദൻ നിലംപറ്റി കിടക്കുന്നുണ്ടായിരുന്നു…

താങ്ങിയെടുത്തു കസേരയിൽ കയ്യും കാലും ബന്ധിച്ചു…

“ഇനി പറ… ആമിയെ ഇല്ലാതാക്കിയത് നീയാണോ??”

“എനിക്കറിയില്ല…”

“പറയെഡാ… ഇല്ലെങ്കിൽ നീയിനി പുറംലോകം കാണില്ല…”

ആദിയുടെ ശബ്ദം നാല് ചുവരുകൾക്കുള്ളിൽ പ്രകമ്പനം സൃഷ്ടിച്ചു…

മൂകമായിരിയ്ക്കുന്ന നന്ദന്റെ തലയിലൂടെ മണ്ണെണ്ണ ചരിച്ചൊഴിച്ചു ആദിത്യൻ തീപ്പെട്ടിക്കൊള്ളിയുരസി..

ഭയത്തോടെ അയാൾ ഉറക്കെ നിലവിളിച്ചു…

“പറയാൻ നിനക്കുദ്ദേശമില്ലെങ്കിൽ സർവർക്കും ഉപദ്രവകാരിയായ നിന്നെപ്പോലൊരു ദുർമന്ത്രവാദിയെ ഈ നിമിഷം തീർക്കും ഞാൻ… പുറം ലോകമറിയാതെ നിനക്കിനിയുള്ള കാലം ഈ വീടിന്റെ നിലവറയ്ക്കുള്ളിൽ ശാന്തമായി വിശ്രമിയ്ക്കാം… എന്നെന്നേയ്ക്കുമായി….”

ആദിയുടെ കണ്ണിലെ ക്രൂര ഭാവം നന്ദനെ ഭയപ്പെടുത്തി…

“വേണ്ടാ… വേണ്ട ആദിത്യാ… എന്നെ ഒന്നും ചെയ്യരുത്… ഞാനെല്ലാം പറയാം.. പ്ലീസ്… ഞാൻ പറയാം…”

അയാളുടെ ശബ്ദത്തിൽ വല്ലാത്ത ജീവഭയം പടർന്നു കയറി…

“എങ്കിൽ പറ… ആ രാത്രിയ്ക്ക് ശേഷം എന്റെ ആമിയ്ക്കെന്താ സംഭവിച്ചത്??”

ഓർമകളോടൊപ്പം അയാളും പിറകോട്ടു സഞ്ചരിച്ചു…

“ആദിയുടെ മരണത്തിനു ശേഷം അഭിരാമി മാനസികമായി തകർന്നു പോയിരുന്നു… വീടിനു പുറത്തുപോലും ഇറങ്ങാതെ ദിവസങ്ങളോളം അവളാ അടുക്കളയ്ക്കുള്ളിൽ കഴിച്ചു കൂട്ടി…

ആമിയെ കാണാൻ ഞാൻ ഒരുപാട് തവണ ശ്രമിച്ചുവെങ്കിലും അതെല്ലാം പരാജയപ്പെട്ടു… അങ്ങനെയിരിയ്ക്കെ ഒരു ദിവസം സന്ധ്യയ്ക്ക് ആമി അമ്പലത്തിലേക്ക് ചെല്ലുന്നത് ഞാൻ കണ്ടു…

ഇരുട്ട് വീണ വഴികളിലൂടെ ആമി തിരിച്ചു നടക്കുമ്പോൾ ഒന്ന് സംസാരിയ്ക്കാൻ വേണ്ടി മാത്രം ഞാൻ അവളെ പിന്തുടർന്നു..

വീടെത്തുവോളം നടവഴിയിൽ ആളുകളുണ്ടായിരുന്നു… എന്റെ ശ്രമം പരാജയപ്പെട്ടു.. ഒടുക്കം ആമി കിടന്നുറങ്ങുന്ന ചെറിയ മുറിയുടെ കട്ടിലിനു കീഴെ ഞാൻ മറഞ്ഞിരുന്നു..

വിളക്ക് കെടുത്തി ആമി കട്ടിലിൽ വന്നു കിടന്നപ്പോൾ എനിക്കെന്റെ മനസ്സ് കൈ വിട്ടു പോയി… അവളെ കീഴടക്കിയാൽ പിന്നെ അവൾക്കെന്നെ വിവാഹം കഴിയ്ക്കുകയല്ലാതെ മറ്റു വഴികളുണ്ടാവില്ലെന്നു എനിയ്ക്കുറപ്പായിരുന്നു….. ശബ്ദമുണ്ടാക്കാതെ പുറത്തു വന്നു ഞാൻ കടന്നു പിടിയ്ക്കാൻ ശ്രമിച്ചപ്പോഴേയ്ക്ക് അവളുറക്കെ കരഞ്ഞു..

വീട്ടിലുള്ളവർ ഓടിക്കൂടുമെന്നുറപ്പായപ്പോൾ  എനിയ്ക്ക് വേറെ മാർഗങ്ങളൊന്നുമില്ലായിരുന്നു… ആമിയെ വെറുതെ വിട്ടിട്ട് പോയാൽ അവിടെയുള്ളവരെന്നെ പിന്തുടർന്ന് കണ്ടുപിടിയ്ക്കുമെന്നുറപ്പായി..

അങ്ങനെ സംഭവിച്ചാൽ എല്ലാവരുടെയും മുൻപിൽ ഞാൻ അപമാനിയ്ക്കപ്പെടും… അവരുടെ മുഴുവൻ ശ്രദ്ധയും ആമിയിലേയ്ക്ക് തിരിയ്ക്കാൻ വേണ്ടി കൈകൾ മുഖത്തമർത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു… ആമിയുടെ ബോധം നഷ്ടമായപ്പോൾ ഞാനിറങ്ങി ഓടി..

മുഖം മറച്ചതിനാൽ ആമിയെന്നെ കണ്ടില്ല..

ഓടിക്കൂടിയവരുടെയെല്ലാം ശ്രദ്ധ ആമിയിലേയ്ക്ക് തിരിഞ്ഞു… തൽക്കാലം ഞാൻ പിടിയ്ക്കപ്പെട്ടില്ല.. പക്ഷെ ആമി മരിച്ചുവെന്ന കാര്യം ഞാൻ പിറ്റേന്ന് രാവിലെയാണ് അറിഞ്ഞത്… അവളെ കൊല്ലണമെന്ന് ഞാൻ കരുതിയതല്ല… എനിയ്ക്കതിനു കഴിയില്ല… ആമി ഇല്ലാതായെന്നറിഞ്ഞതോടെ ഞാനെന്റെ ജീവിതവും സ്വയം അവസാനിപ്പിച്ചു… അത്രയേറെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു…”

അയാളുടെ വാക്കുകൾ പൊട്ടിക്കരച്ചിലിലേയ്ക്ക് വഴിമാറി…

ഓർമകൾ ആവാഹിച്ചെടുത്ത വേദനയോടെ ആമി കണ്ണ് തുടച്ചു…

ദേഷ്യത്തോടെ അവനിരിയ്ക്കുന്ന കസേരയിൽ ആദിത്യൻ ആഞ്ഞു ചവിട്ടി.. കസേരയോടൊപ്പം ആയാളും മറിഞ്ഞു വീണു..

അയാൾക്ക് നേരെ നടന്നടുത്ത ആദിയെ തടയാൻ വസു ഏറെ പാട് പെട്ടു…

“ആദീ… നീ മണ്ടത്തരം കാണിയ്ക്കരുത്… ഇവനെന്തെങ്കിലും സംഭവിച്ചാൽ പിന്നീടുള്ള നിന്റെ ജീവിതം ജയിലറയ്ക്കുള്ളിലാ അതോർമ്മ വേണം… ഇവിടുത്തെ എസ് ഐ എന്റെ വളരെ അടുത്ത സുഹൃത്താ.. അദ്ദേഹമിപ്പോ എത്തും… കൊലപാതക ശ്രമം, മാനഹാനി, സ്ത്രീ പീഡനം തുടങ്ങിയ  നിരവധി വകുപ്പുകൾ ഒരുമിച്ചു ചാർത്തിക്കൊടുക്കാൻ ഇവന്റെ പ്രവൃത്തികൾ തന്നെ ധാരളം.. അപ്പോഴേയ്ക്കും നമുക്ക് അമ്മുവിനെ നോക്കാം..”

അവനെ ഒഴിവാക്കി അമ്മുവിനെ മുറിയ്ക്കു പുറത്തേയ്ക്ക് കൊണ്ടുവന്നു.. മുഖത്തു വെള്ളം തളിച്ചിട്ടും അമ്മു ഉണർന്നില്ല..

ഞങ്ങളെല്ലാവരും പരിഭ്രാന്തരായി..

അൽപ സമയത്തിനുള്ളിൽ പോലീസെത്തി നന്ദനെയും കൂട്ടാളികളെയും കൊണ്ടുപോയി..

“കണ്ണാ.. അമ്മുവിനെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിയ്ക്കണം… ഞാൻ പോയി കാറെടുക്കാം അപ്പോഴേയ്ക്കും നീ അമ്മുവിനെയും കൂട്ടി താഴേയ്ക്ക് വാ..”

വസു താഴേയ്ക്ക് പോയപ്പോൾ ഞാൻ അമ്മുവിനെ കൈകളിൽ കോരിയെടുത്തു..

ആമിയുടെ മുഖത്തു പക്ഷെ അപ്പോഴും കൊടിയ വേദന താവളമടിച്ചിരുന്നു…

“ആദീ… നമുക്കൊന്ന് പെട്ടെന്ന് ആദിയുടെ വീട് വരെ പോണം.. എന്നിട്ടു അമ്മുവിനെ ആശുപത്രിയിൽ കൊണ്ട് പോയാപ്പോരെ??”

“നോക്കി നിൽക്കാൻ നേരമില്ല ആമി.. ഇവൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ എനിയ്ക്കാ വീട്ടിലാരുടെയും മുഖത്തു പോലും നോക്കാൻ കഴിയില്ല.. നീ വാ..”

പരിഭ്രമത്തോടെ ആമി എന്നെ പിന്തുടർന്നു… ആശുപത്രിയിലെത്തി ട്രിപ്പ് ഇട്ടപ്പോഴേയ്ക്കും അമ്മുവിന്റെ തളർച്ചയും മാറിയിരുന്നു..

പ്രശ്നങ്ങളൊടുങ്ങിയ സന്തോഷത്തോടെ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു..

ആൽത്തറയ്ക്കരികിലെത്തിയപ്പോൾ ആമി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു…

കാര്യമെന്താണെന്നറിയാതെ ഞാനും വസുവും അവൾക്കൊപ്പം പുറത്തിറങ്ങി..

“ആദീ… എനിയ്ക്ക് പോവാൻ സമയമായി…”

കരച്ചിലടക്കാൻ അവൾ പാടുപെടുന്നത് ഹോസ്പിറ്റലിൽ നിന്നേ ശ്രദ്ധിച്ചിരുന്നെങ്കിലും നേരത്തെ നടന്ന സംഭവങ്ങളുടെ ഷോക് ആവുമെന്നാണ് കരുതിയത്..

“പോവാനോ?? എങ്ങോട്ട്??”

“മരിച്ചു പോയവരുടെ ലോകത്തേയ്ക്ക്… ഇനിയൊരിയ്ക്കലും ഞാൻ ആദിയുടെ ജീവിതത്തിലേയ്ക്ക് വരില്ല..”

“ആമി!!”

“അതെ ആദി… നിങ്ങൾ നന്ദന്റെ പൂജാകർമങ്ങൾ മുടക്കിയില്ലായിരുന്നെങ്കിലും അവനമ്മുവിനെ ഇല്ലാതാക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ.. എന്നെ ആ ശരീരത്തിലേക്ക് പ്രവേശിപ്പിയ്ക്കാൻ കഴിയില്ലായിരുന്നു…”

“നീയെന്തൊക്കെയാ ആമി പറയുന്നേ?? നിനക്ക് വേണ്ടിയല്ലേ ഞാനിത്രയും കഷ്ടപ്പെട്ടത്??”

ആദിയുടെ ശബ്ദത്തിൽ പരിഭ്രാന്തി നിറഞ്ഞു…

കണ്ണുനീർ ആമിയുടെ നിയന്ത്രണ പരിധി ഭേദിച്ച് കുതിച്ചൊഴുകി.. സംസാരിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ടെങ്കിലും കരച്ചിൽ ശബ്ദം അവളെ അതിനനുവദിച്ചില്ല..

“മോക്ഷം പ്രാപ്തമാക്കി എന്നെ എന്നെന്നേക്കുമായി പറഞ്ഞു വിടാനുള്ള കർമങ്ങൾ ഇന്നലെ രാത്രി മുതൽ ആദിയുടെ വീട്ടിൽ നടക്കുന്നുണ്ടായിരുന്നു… അമ്മുവിനെ അപകടപ്പെടുത്തിയത് ഞാനാണെന്നു അവർ തെറ്റിദ്ധരിച്ചു..

നൂറു വർഷത്തെ തപശക്തി കൊണ്ട് ഞാനെങ്ങനെയോ പിടിച്ചു നിന്നതാണ്.. ഇനി എനിയ്ക്ക് പോകാതിരിയ്ക്കാൻ കഴിയില്ല ആദീ… ഈ ലോകം വിട്ടു പോകാൻ എന്റെ മുമ്പിലുണ്ടായിരുന്ന തടസങ്ങളെല്ലാം നീങ്ങിയില്ലേ??”

അമ്മുവിനോട് ആമിയെക്കുറിച്ചു പറയുമ്പോൾ സർവ്വം സാക്ഷിയായി മുത്തശ്ശി അരികിലുണ്ടായിരുന്നത് ഓർമ വന്നു… ആമിയുടെ പേര് പറഞ്ഞപ്പോൾ മുത്തശ്ശി ഞെട്ടിയിരുന്നു!!

“ആമീ…. നീ… നീയിതെന്താ നേരത്തെ പറയാതിരുന്നെ??”

“ഞാനത് പറഞ്ഞിരുന്നെങ്കിൽ മന്ത്രവാദം മുടക്കാൻ ആദി വീട്ടിലേയ്ക്ക് വരുമെന്നറിയാവുന്നതുകൊണ്ട്…

അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് അമ്മുവിൻറെ ജീവൻ അപകടത്തിലാക്കിയേനെ… ഞാൻ കാരണമാണ് ഒരു തെറ്റും ചെയ്യാത്ത അമ്മു ഇത്രയും വേദനകൾ അനുഭവിച്ചത്… എന്നിട്ടും നമുക്ക് വേണ്ടി അവൾ സ്വന്തം ജീവൻ ഉപേക്ഷിയ്ക്കാൻ തയ്യാറായില്ലേ?? അവൾക്കു വേണ്ടി ഞാനിത്രയെങ്കിലും ചെയ്യണ്ടേ ആദീ..”

“ഇല്ല… ഞാനിത് സമ്മതിക്കില്ല… നീയില്ലാതെ എനിക്ക് ജീവിയ്ക്കാൻ കഴിയില്ലെന്നു നിനക്കറിയില്ലേ ആമീ…”

ആദിയുടെ കണ്ണുകളിൽ നിസ്സഹായതയുടെ നനവ് പടർന്നു..

“പൂജ അതിന്റെ അവസാന ഘട്ടം പിന്നിട്ട് കഴിഞ്ഞു… നിമിഷങ്ങൾക്കുള്ളിൽ എനിക്ക് യാത്രയായെ പറ്റു…”

ആമിയാകെ വിയർപ്പിൽ കുളിച്ചിരുന്നു…

“നിന്റെ കൂടെ വരാൻ ഞാൻ ഈ ജീവിതം അവസാനിപ്പിച്ചാൽ മതിയോ?? പറ ആമീ… ഞാനെന്താ വേണ്ടത്??”

“കഴിയില്ല ആദീ… ആദിക്കിനിയും ജന്മങ്ങളുണ്ട്… ഇപ്പോൾ എനിയ്ക്ക് വേണ്ടി ജീവിതം അവസാനിപ്പിച്ചാലും ഈ ഭൂമിയിൽ ആദി ഇനിയും പിറക്കും… അത് പക്ഷെ ആദിത്യന്റെ പുനർജ്ജന്മമായിട്ടാവില്ലെന്നു മാത്രം..

മോക്ഷം പ്രാപ്തമായാൽ എന്റെ ആത്മാവ് വൈകുണ്ഡേശ്വരന്റെ പാദങ്ങളിൽ അർപ്പിതമാവും… അവിടെയിരുന്നു ഞാനെന്റെ ആദിയ്ക്ക് വേണ്ടി പ്രാർത്ഥിയ്ക്കും…”

“ആമീ… പോവാതിരുന്നൂടെ?? നീ കൂടെയില്ലാതെ ഞാനെങ്ങനെയാ… എനിയ്ക്കത് ഓർക്കാൻ പോലും കഴിയുന്നില്ല…”

ആദിയുടെ ശബ്ദത്തിലെ ഇടർച്ച അവളുടെ ഹൃദയത്തിൽ വന്നു ചിന്നിച്ചിതറി…

“കഴിയും ആദീ… ഇതാണ് ദൈവ നിശ്ചയമെന്നു കരുതുക… ഒരായുസിന്റെ സ്നേഹം മുഴുവൻ ഈ കഴിഞ്ഞ നാളുകളിൽ ആദിയെനിയ്ക്ക് തന്നില്ലേ?? അത് മാത്രം മതിയെനിയ്ക്ക്.. അമ്മുവിനെ ആദി വിവാഹം കഴിയ്ക്കണം.. അവളെക്കാൾ കൂടുതൽ ആദിയെ മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല.. ഒരുപാട് കാലം സന്തോഷത്തോടെ നിങ്ങളീ ഭൂമിയിൽ ജീവിയ്ക്കണം.. അങ്ങ് ദൂരെ നക്ഷത്രങ്ങളുടെ ലോകത്തിരുന്നു ഞാനത് കണ്ടു സന്തോഷിയ്ക്കും…”

എന്റെ തോളിൽ ഇരു കൈകളും വച്ച് കാൽ വിരലുകളിൽ ഉയർന്നു നിന്ന് കണ്ണുകളടച്ചു അവളെന്റെ നെറുകയിൽ ചുംബിച്ചു.. നിലയ്ക്കാതെ ഉതിർന്നു വീഴുന്ന കണ്ണുനീർ അവളുടെ കവിളുകളെ പുണർന്നു താഴോട്ടൊഴുകുന്നുണ്ടായിരുന്നു…

വീശിയടിച്ച കാറ്റ് പതിയെ അകന്നു പോവുമ്പോൾ ആമി നിന്നിടം ശൂന്യമായിരുന്നു… എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഞാൻ കാത്തു വച്ചിരുന്ന താലി ഹൃദയത്തിൽ തറച്ചു കയറുന്നതുപോലെ തോന്നി…

കാറ് മൂടിയ ആകാശത്തേക്ക് നോക്കി തൊണ്ട പൊട്ടുമാറുച്ഛതിൽ ഞാനവളുടെ പേര്‌ ഉറക്കെ വിളിച്ചു…

വേദനയോടെ വസുവെന്റെ തോളിൽ പിടിച്ചു….

“കണ്ണാ… ഇത് നല്ലതിനായിരുന്നെന്നു കരുതുക… അല്ലെങ്കിലൊരുപക്ഷേ നിന്റെ മരണ ശേഷം ആമി വീണ്ടും ഈ ഭൂമിയിൽ അലഞ്ഞു തിരിയാൻ ഇടയാവുമായിരുന്നു…  അനാഥയായ ആമിയ്ക്ക് മോക്ഷപ്രാപ്തി നേടിക്കൊടുക്കാൻ ആരുമില്ലാത്തിടത്തോളം കാലം ലോകാവസാനം വരെ അവളീ ഭൂമിയിൽ അലയും… അതിലും നല്ലതല്ലേ ഇത്…”

അവന്റെ തോളിൽ കിടന്നു കൊച്ചു കുഞ്ഞിനെപ്പോലെ പൊട്ടിക്കരയുമ്പോൾ കാറിനു പിറക് വശത്തു അമ്മുവും കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു…

ദിവസങ്ങളോളം ആരോടും മിണ്ടാതെ വീടിനുൾവശത്തു തന്നെ കഴിഞ്ഞു കൂടി… ഇടയ്ക്ക് കുളക്കടവിലും ആ പഴയ കാവിലും ചെന്നിരിയ്ക്കും തോറും ആമിയുടെ ഓർമ്മകൾ അധികരിച്ചു… ഓരോ നിമിഷവും ആമി തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നെങ്കിലും അതെല്ലാം വെറുതെയായി… വെളിച്ചത്തെ സ്വായത്തമാക്കാൻ കൊതിയ്ക്കുന്ന ഈയാം പാറ്റയെ പോലെ ദിവസങ്ങളോളം ഞാൻ വെറുതെ ആമിയുടെ വരവും നോക്കിയിരുന്നു..

ആ പഴയ നിലവറയിലും തെക്കിനി മുറിയിലും ജീവിതത്തെ തളച്ചിട്ടു… ഇടയ്ക്കൊക്കെ ആമിയുടെ ഓർമ്മകൾ മനസ്സിനെ ആക്രമിയ്ക്കുമ്പോൾ നിയന്ത്രണമില്ലാതെ ഞാനുറക്കെ കരയുമായിരുന്നു… വീട്ടുകാരെല്ലാം എന്നെ പഴി ചാരുമ്പോഴും ചേർത്ത് പിടിച്ചു ആശ്വാസ വാക്കുകൾ പറയാൻ അമ്മു എന്റെ നിഴലായി കൂടെ നിന്നു.. തളർച്ചകളിൽ വീണു പോവാതെ അവളെനിയ്ക്ക് താങ്ങായി..

@@@@@@@@@@@@@@@@@

“ജീവിതം ചിലപ്പോൾ വലിയൊരു ചോദ്യചിഹ്നമായി മാറാറുണ്ട്.. പലപ്പോഴും ഉത്തരം കിട്ടില്ലെന്നു കരുതി നമ്മളവിടെ തളർന്നു വീഴും.. പക്ഷെ ഒന്ന് കയ്യെത്തിച്ചാൽ തൊടാവുന്നിടത്തു എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നമ്മെ കാത്തു കിടക്കുന്നുണ്ടാവും… അത് കണ്ടെത്തിയാൽ അവിടുന്നൊരു തുടക്കം കുറിച്ചാൽ മാത്രം മതിയാവും…

നഷ്ടപ്പെട്ടതിനെയെല്ലാം നമ്മെ ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന സ്വപ്നങ്ങളാക്കി മാറ്റിയെടുത്താൽ തീരാവുന്നതെയുള്ളൂ ഓരോരുത്തരുടെയും പ്രശ്നങ്ങൾ..

ആത്മാർത്ഥമായ സ്നേഹത്തെ തോല്പിയ്ക്കാൻ മരണത്തിനു പോലും കഴിയില്ല.. പണത്തെയും ശരീരത്തെയും മുൻ നിർത്തി സ്നേഹിയ്ക്കുന്നവർക്കു മാതൃകയാക്കാനും ആത്മാർത്ഥമായി സ്നേഹിയ്ക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാവാനും ഈ ഷോർട് ഫിലിം ഞാനിവിടെ കുറിച്ചിടുന്നു… ഞങ്ങളെ ഹൃദയംകൊണ്ടേറ്റെടുത്ത നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊണ്ട് ഞാനെന്റെ വാക്കുകൾ അവസാനിപ്പിയ്ക്കുന്നു….”

ചിരിച്ചുകൊണ്ട് പറഞ്ഞവസാനിപ്പിച്ചു ഇറങ്ങിപ്പോരുമ്പോൾ സദസ്സിൽ നിന്നും കയ്യടി ഘോഷം മുഴങ്ങുന്നുണ്ടായിരുന്നു… മനസ്സിലൊരു കുളിർക്കാറ്റു പതിയെ വീശി…

പുറത്തു കാത്തിരിയ്ക്കുന്ന അമ്മുവിൻറെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി തോളിലിട്ടു കയ്യിലെ അവാർഡ് അവൾക്ക് കൈ മാറി..

അവാർഡിന് മുകളിലെ പുനർജ്ജനി എന്ന അക്ഷരങ്ങളിലൂടെ കണ്ണോടിയ്ക്കുമ്പോൾ അമ്മുവിൻറെ കണ്ണുകളിൽ പതിയെ നനവ് പടർന്നു… ഈശ്വരന് നന്ദി പറഞ്ഞുകൊണ്ട് അവളത് നെഞ്ചോടടക്കി…ആദി അവളെ ചേർത്ത് പിടിച്ചുകൊണ്ട് ആ വലിയ ഹാളിന്റെ വിശാലമായ ചില്ലുമറകളിലൂടെ ആകാശത്തേക്ക് മിഴികളയച്ചു…. അവന്റെ തോളിൽക്കിടന്നു ചെറുപുഞ്ചിരിയോടെ ആ കൊച്ചുമിടുക്കി മയക്കത്തിലാണ്ടു…  അപ്പോഴും നക്ഷത്രങ്ങളുടെ ലോകത്തിരുന്നു ആമി അവരെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു…..

(അവസാനിച്ചു…)

രചന: സ്വാതി കെ എസ്

(പുനർജ്ജനി അവസാനിച്ചിരിയ്ക്കുന്നു… എന്റെ മറ്റു തുടർക്കഥയിലെ നായികമാരോടൊപ്പം ആമിയെയും ചേർത്ത് വയ്ക്കുന്നു.. ഞാനുദ്ദേശിച്ച ആശയം എത്രത്തോളം നിങ്ങൾക്ക് ഉൾക്കൊള്ളാനായെന്നറിയില്ല.. ഒരുപാട് ആലോചിച്ചെഴുതിയതാണ് അവസാനത്തെ രണ്ടു പാർട്ടുകൾ.. അഭിപ്രായമറിയിയ്ക്കാൻ മറക്കരുതേ… ഇതുവരെ ഓരോ പാർട്ടും കട്ടയ്ക്ക് സപ്പോർട്ട് ചെയ്ത പ്രിയ കൂട്ടുകാർക്ക് ഒരായിരം നന്ദി.. ആമിയെ മറക്കില്ലെന്നുള്ള വിശ്വാസത്തോടെ അടിവരയിടുന്നു...സ്വന്തം സ്വാതി..)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “പുനർജ്ജനി – 11 (അവസാന ഭാഗം)”

Leave a Reply

Don`t copy text!