Skip to content

പുനർജ്ജനി – 7

Punarjani novel

നിലം തൊട്ടിഴയുന്ന പാവാട ഇടതു കൈ കൊണ്ട് മുൻവശത്തേയ്ക്ക് കൂട്ടിപ്പിടിച്ച് മറു കയ്യിൽ ചെറിയൊരു റാന്തൽ വിളക്കുമായി അവൾ കോണിപ്പടിയിറങ്ങി…

വിളക്കിന്റെ തിരി ശ്രദ്ധയോടെ താഴ്ത്തി മുറിയിലെ മേശപ്പുറത്തു വച്ച് അവളെന്റെ നേർക്ക് നടന്നടുത്തപ്പോൾ

കാച്ചെണ്ണയുടെ നറുമണം ചുറ്റിലും പടർന്നു!!

വിടർന്ന കണ്ണുകളും മനോഹരമായ ചിരിയും… ഒറ്റ നോട്ടത്തിൽത്തന്നെ ആർക്കും ഇഷ്ടമാകും ആമിയെ..

ഭംഗി എന്ന് പറയുന്നതിനേക്കാൾ, ഐശ്വര്യം എന്നു പറയുന്നതാണ് ആമിയ്ക്ക് കൂടുതൽ ചേർച്ച!!

“എന്താ അന്തം വിട്ടു നോക്കണേ?? മോനെന്നെ ആദ്യായിട്ടു കാണുവാണോ??”

അവളെന്റെ കണ്ണുകൾക്ക് തൊട്ടു മുൻപിലായി വിരൽ ഞൊടിച്ചു…

കൈകളുടെ ചലനത്തിനനുസരിച്ചു കുപ്പിവളകൾ കിലുങ്ങി..

“എവിടെ എനിയ്ക്ക് വാങ്ങിത്തരാമെന്നു പറഞ്ഞ സാധനം??”

“എന്ത് സാധനം?”

ഓർമ്മയുണ്ടായിട്ടും മറന്നത് പോലെ ഞാൻ അഭിനയിച്ചു…

“മറന്നോ??”

അവളെന്റെ നേരെ ഉണ്ടക്കണ്ണുരുട്ടി..

അവളെ ചൊടിപ്പിയ്ക്കാൻ വേണ്ടി മാത്രം ഞാൻ അമളി പിണഞ്ഞ ഭാവത്തിൽ നിന്നു…

“ദുഷ്ടൻ… കാവിലെ ഉത്സവത്തിന് പാടാൻ പോയിട്ട് വരുമ്പോൾ ശർക്കര ജിലേബി കൊണ്ട് വരാമെന്ന് വാക്കു തന്നിട്ട്….”

വിതുമ്പലടക്കാൻ പാട് പെടുന്നതിനിടെ അവൾ ദേഷ്യത്തോടെ മുഖം വെട്ടിച്ചു..

“ക്ഷമിയ്ക്ക് ആമി.. അടുത്ത തവണ മറക്കാതെ കൊണ്ടുവരും.. ഉറപ്പ്…”

“വേണ്ട… എനിയ്ക്കിനി വേണ്ട.. എനിയ്ക്കാരും ഇല്ലല്ലോ ചോദിയ്ക്കാനും വാങ്ങിത്തരാനും… “

ദേഷ്യത്തോടെ ധാവണിയുടെ അറ്റത്തു നിന്നും അടർന്നു നിന്ന നൂലുകളോരോന്നും ശക്തിയോടെ വലിച്ചു പൊട്ടിച്ചുകൊണ്ടു ആമി കട്ടിലിനോരം ചേർന്ന് തിരിഞ്ഞു നിന്നു…

നിർത്താതെയുള്ള പിറുപിറുക്കൽ കേട്ട് ഞാൻ ശബ്ദമുണ്ടാക്കാതെ ചിരിച്ചു…

പതിയെ ചെന്ന് തൊട്ടപ്പോൾ കൈ തട്ടി മാറ്റി അവളെന്റെ നേരെ താക്കീതെന്നോണം വിരൽ ചൂണ്ടി…

“ആമീ..”

ഞാൻ വിടാൻ ഭാവമില്ല…

“മിണ്ടൂലെ??”

“ഇല്യ…”

“ഞാനിപ്പോ എന്താ വേണ്ടത്??”

മൗനം വെടിയാതെ അവൾ വീണ്ടും മുഖം വീർപ്പിച്ചു…

“ന്നാലും ആമി ആ പലഹാരം തിന്നാൻ വേണ്ടി കൊതിച്ചു കൊതിച്ചു കാത്തിരുന്നിട്ടും ഞാനത് മറന്നൂലോ… കഷ്ടായി…”

എരിതീയിൽ എണ്ണയൊഴിയ്ക്കാനൊരു ശ്രമം!!

“കണ്ട പെങ്കുട്ട്യോളെ നോക്കി നിന്നു കാണും.. പിന്നെവിടുന്നാ ഇതൊക്കെ ഓർക്കാൻ നേരം?”

എന്തൊരു ദേഷ്യം…

കുശുമ്പി!!

പിറകിലൂടെ ചെന്ന് കര വലയത്തിലൊതുക്കി ചേർത്ത് പിടിച്ചപ്പോൾ അവൾ ദേഷ്യത്തോടെ പിടഞ്ഞു മാറി..

പിണങ്ങിയിരിയ്ക്കുന്നു!!

എതിർപ്പ് വക വയ്ക്കാതെ ബലമായി പിടിച്ചു മേശയുടെ അരികിലെത്തിച്ചു..

മേശവലിപ്പിൽ ഒളിച്ചുവച്ച പാതി എണ്ണ പടർന്ന കടലാസു പൊതിയെടുത്തു നീട്ടിയപ്പോൾ സന്തോഷം കൊണ്ടെന്റെ കവിൾത്തടം നുള്ളിപ്പറിച്ചു അവളത് വാങ്ങി കട്ടിലിലേക്കോടി..

ചമ്രം പടിഞ്ഞിരുന്നു പൊതി നിവർത്തി മടിയിലേയ്ക്ക് വച്ച് തീറ്റയാരംഭിച്ചു…

നനഞ്ഞൊട്ടിയ കൺപീലി വിടർത്തി അവളെന്നെ നോക്കി ഇളിച്ചു കാണിച്ചപ്പോൾ കൂടെ ചിരിച്ചു പോയി ഞാനും…

“ഇത് ആദ്യേ തന്നാൽ പോരായിരുന്നോ??”

“എന്നാപ്പിന്നെ ഈ തമാശയൊക്കെ കാണാൻ കഴിയാരുന്നോ…”

അവൾ ദേഷ്യത്തോടെ അരികിലിരുന്ന തലയിണ എന്റെ നേരെയെറിഞ്ഞു… പ്രതീക്ഷിച്ചതായതിനാൽ ദേഹത്ത് തട്ടുന്നതിനു മുൻപ് പിടിച്ചെടുത്തു ഞാനവൾക്കരികിൽ ചെന്നിരുന്നു..

“ഓ ഇതിനാപ്പൊ കരഞ്ഞത്… നാണം ഉണ്ടോ നിനക്ക് ?? കൊച്ചു കുട്ടിയാന്നാ വിചാരം??”

“ആര് കരഞ്ഞു?? ഞാൻ കരഞ്ഞൊന്നുല്ല… ഓഹ് പിന്നെ ഇപ്പൊ കരയും..”

“ഊം… ഞാൻ കണ്ടതാ കണ്ണില് ഒരു കുടം വെള്ളം..”

“ആഹ്… കണ്ടെങ്കി നന്നായി…”

വലിയൊരു കഷ്‌ണമെടുത്തു അവളെന്റെ വായിൽ തിരുകി…

ചവയ്ക്കുന്നതിനിടെ അവ്യക്തമായി അവളേതൊക്കെയോ പാട്ടിന്റെ വരികൾ പാടുന്നുണ്ടായിരുന്നു..

ആമിയെ വെറുതെ നോക്കിയിരിയ്ക്കാനും ഒരു രസാണ്!!

എന്റെ അരികിലെത്തുമ്പോൾ മാത്രം അവൾ കുറുമ്പുള്ളൊരു കുട്ടിയായി മാറും..

പക്വതയുള്ള അടുക്കളക്കാരിയിൽ നിന്നും കുസൃതി നിറഞ്ഞ കൊച്ചു കുട്ടിയിലേയ്ക്കുള്ള പരിണാമം!!

ധാവണിത്തുമ്പിൽ കൈ തുടച്ചുകൊണ്ട് കുടിയ്ക്കാൻ നിറച്ചു വച്ച വെള്ളം ചെരിച്ചു ചായങ്ങളോരോന്നും പടർത്തി ആമി ചുവർ ചിത്രം വരയ്ക്കാൻ തുടങ്ങി…

“നീയിങ്ങനെ വരുമ്പോ വരുമ്പോ ചുവര് നിറച്ചും നിന്റെ ചിത്രം വരച്ചിട്ടോ… വല്ലോരും ഇങ്ങോട്ട് ഇറങ്ങി വന്നാൽ കാണാം ബാക്കി…”

മറുപടിയെന്നോണം അവളെന്റെ നേരെ നോക്കി കൊഞ്ഞനം കുത്തി..

“ഡീ.. നീയെന്തു ധൈര്യത്തിലാ പാതിരാത്രി ഒറ്റയ്‌ക്കെന്റെ കൂടെ കൂസലില്ലാതെ ഇങ്ങനെ നിക്കണേ?”

“അതിനു നീയാരാ??”

അവൾ എന്റെ നേരെ പുച്ഛത്തിന്റെ നിറയൊഴിച്ചു…

“ഓഹ്… അപ്പൊ നിനക്കെന്നെ പേടിയില്ല..”

വീണ്ടും പുച്ഛം..

കൈ പിടിച്ചു ദേഹത്തേക്ക് വലിച്ചിടാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും പരൽ മീനിനെപ്പോലവൾ വഴുതി മാറി..

കളിയാക്കിക്കൊണ്ടു ഓടി മാറിയപ്പോൾ പിറകെ ചെന്ന് കടന്നു പിടിച്ചതും ചൂണ്ടു വിരൽ കൊണ്ട് അവളെന്റെ കണ്ണിൽ കുത്തിയതും ഒരുമിച്ചായിരുന്നു…

വേദനിച്ചില്ലെങ്കിലും സാഹചര്യം മുതലെടുത്തു ഞാൻ ഇടതു കൈ കണ്ണിനു മീതെ അമർത്തി വച്ച് പുളഞ്ഞു..

മാറി നിന്നുകൊണ്ട് എന്നെ നിരീക്ഷിയ്ക്കുകയായിരുന്ന ആമി

സങ്കടത്തോടെ പതിയെ അടുത്തേയ്ക്ക് വന്നു..

കണ്ട ഭാവം പോലും നടിയ്ക്കാതെ ഞാനും..

ചോദിയ്ക്കാതെ തന്നെ കവിളിലൊരുമ്മ തന്ന് എന്തോ വലിയ ഔദാര്യം ചെയ്തത് തന്നത് പോലെ അവളെന്നെ നോക്കിയപ്പോൾ ചിരിയടക്കാൻ ഞാനേറെ പാടുപെട്ടു..

മണ്ടി…

ആമിയെത്തിയാൽ സമയം യന്ത്രച്ചിറകിലേറി പറക്കുന്നത് പോലെയാണ്… അവളുടെ സംസാരം കേട്ടിരുന്നാൽ തന്നെ നേരം പോവും..

സമയസൂചികളുടെ ബന്ധങ്ങളില്ലാതെ മരണം വരെ ഈ മുറിയിലിങ്ങനെ ഒരുമിച്ചു കഴിയാൻ സാധിച്ചിരുന്നെങ്കിൽ!!

നാഴികകൾ ഒട്ടും ദയയില്ലാതെ വേഗത്തിൽ കടന്നു പോയി…

പോകാനുള്ള സമയമടുത്തപ്പോൾ ആമിയോടൊപ്പം സങ്കടത്തോടെ ഞാനും മുറി വിട്ടിറങ്ങി…

പിറ്റേന്ന് കണ്ടു മുട്ടുന്ന സ്ഥലം പറഞ്ഞുറപ്പിച്ചു അവളെ വീടിന്റെ പിറക്‌ വശത്തു കൊണ്ട് ചെന്ന് വിട്ട് ഞാനും വീട് പറ്റി..

ഉള്ളിൽ കടന്ന് പിറക്‌ വശത്തെ വാതിൽ കുറ്റിയിട്ടു തിരിഞ്ഞതും ദേഷ്യത്തോടെ നോക്കി നിൽക്കുന്നു ഒരാൾ!!

ഉണ്ണ്യേട്ടൻ!!

വിയർപ്പു തുള്ളികൾ എന്റെ നെറ്റിയ്ക്ക് മുകളിൽ ആവരണം തീർത്തു..

ആമി വന്നത് കണ്ടിരിയ്ക്കുന്നു!!

ദേഷ്യത്തോടെ ഒന്നും മിണ്ടാതെ ഉണ്ണ്യേട്ടൻ അകത്തേയ്ക്ക് കയറിപ്പോയി..

വീട്ടിലാരെങ്കിലുമിതറിഞ്ഞാലുള്ള അവസ്ഥ!!

ഓർക്കാൻ കൂടി വയ്യ!!

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി കടാക്ഷിച്ചില്ല…

പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു ഉമ്മറത്ത് വന്നിരിയ്ക്കുമ്പോൾ ഉണ്ണ്യേട്ടൻ അടുത്തേയ്ക്ക് വന്നു..

“ആദി ഒന്ന് ന്റെ കൂടെ വരൂ…”

മുന്നിൽ നടക്കുന്ന ഉണ്ണ്യേട്ടനെ പിന്തുടരുമ്പോൾ എനിയ്ക്കെന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം വ്യക്തമായി ഉയർന്നു കേൾക്കാമായിരുന്നു…

ആൽത്തറയുടെ മുൻപിൽ നടത്തം അവസാനിച്ചു…

“എന്താ നിന്റെ ഉദ്ദേശം??”

“അത്… ഏട്ടാ..”

“തറവാടിന്റെ പേര് കളയാൻ ആണോ ഭാവം??”

” ഞാൻ അങ്ങനൊന്നും…”

“പിന്നെ അയല്പക്കത്തെ അടിച്ചുതളിക്കാരിക്കുട്ടിയെ പാതിരാത്രി തൊട്ട് പുലർച്ച വരെ മുറിയിൽ പാർപ്പിയ്ക്കുന്നതിന്റെ ലക്ഷ്യം??”

“അയ്യോ ഏട്ടൻ കരുതിയത് പോലെയൊന്നുമല്ല… അവളൊരു പാവം കുട്ടിയാ…”

“അതുകൊണ്ടാവും പാതിരാത്രി കണ്ടേടം നേരങ്ങാൻ വരുന്നത്… അതും ഒരു അന്യ പുരുഷന്റെ മുറിയിൽ… “

ഉണ്ണ്യേട്ടന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു..

“തെറ്റായിട്ടൊന്നും ഞങ്ങള് തമ്മിൽ ഉണ്ടായിട്ടില്ല… ഏട്ടൻ തെറ്റിദ്ധരിയ്ക്കരുത്… ആമിയെ എനിക്കിഷ്ടാ… അവൾക്കും..”

കരണമടച്ചുള്ള അടിയായിരുന്നു മറുപടി…

“എത്ര നാളായി ഇത് തുടങ്ങീട്ട്?? ഈ വരവും പോക്കും??”

“രണ്ടു മൂന്നു വർഷായി…”

തൊണ്ടിമുതലടക്കം പിടിയ്ക്കപ്പെട്ട കള്ളനെപ്പോലെ ഞാൻ തല താഴ്ത്തി നിന്നു…

“അവളെ അവിടുന്ന് പറഞ്ഞു വിടാൻ ഞാൻ പറഞ്ഞോളാം അവരോട്… കണ്ണും കയ്യും കാട്ടി നല്ല തറവാട്ടിലെ കുട്ട്യോളെ വശീകരിച്ചെടുക്കാനായിട്ടു ഓരോന്ന് ഇറങ്ങിക്കോളും… കുടുംബത്തിന്റെ പേര് ചീത്തയാക്കാൻ നിന്നെപ്പോലെ കൊറെയെണ്ണവും…”

“ഉണ്ണ്യേട്ടൻ ധരിച്ചു വച്ചതുപോലെയൊന്നുമല്ല കാര്യങ്ങൾ… പിറകെ നടന്നു ആമിയുടെ സ്നേഹം പിടിച്ചു പറ്റിയത് ഞാനാണ്… അപരാധിയെന്നു വിരൽ ചൂണ്ടണമെങ്കിൽ അതെനിയ്ക്ക് നേരെ ആയിക്കോളൂ…”

“ഓരോന്ന് ചെയ്തു കൂട്ടിയിട്ട് നിന്ന് ന്യായീകരിയ്ക്കുന്നോ?”

“ന്യായീകരിയ്ക്കുന്നില്ല… പക്ഷെ എട്ടൻ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യമിതാണ്… ഞങ്ങളുടെ പ്രണയം ഇപ്പോഴും പവിത്രമാണ്… ഒരു താലിച്ചരടിന്റെ പോലും കൈത്താങ്ങില്ലാതെ മനസ്സ് കൈ വിട്ട രീതിയിലുള്ള സ്പർശം പോലുമുണ്ടാവില്ലെന്നു ഞാനെന്നോ മനസ്സിൽ തീരുമാനമെടുത്തതാണ്… ആമിയും..”

എന്റെ വാക്കുകൾ ഉണ്ണ്യേട്ടനെ ചലിപ്പിച്ചില്ല..

“മനസ്സിനുറപ്പുണ്ടെങ്കിൽ ഏത് സാഹചര്യത്തിലായാൽ പോലും ആർക്കും ഒരു തെറ്റും സംഭവിയ്ക്കില്ല… ഞങ്ങളെ ഞങ്ങൾക്കറിയാം.. ആര് വിശ്വസിച്ചില്ലെങ്കിലും..”

മനസ്സിൽ വല്ലാത്ത സങ്കടം തോന്നി..

“ഉണ്ണ്യേട്ടനിത് വീട്ടിൽ അറിയിച്ചാൽ അവർ ആമിയെ പറഞ്ഞു വിടുമായിരിയ്ക്കും… പക്ഷെ പോവുന്നത് അവളൊറ്റയ്ക്കായിരിയ്ക്കില്ല എന്ന് മാത്രം…”

ഒരു ദീർഘ നിശ്വാസത്തിനു ശേഷം ഞാൻ തുടർന്നു..

“എന്റെ മരണം വരെ അവളെ തനിച്ചാക്കില്ലെന്നത് കാവിലെ ദേവീ വിഗ്രഹത്തെ സാക്ഷിയാക്കി  ഞാനവൾക്കും എന്റെ മനസ്സാക്ഷിയ്ക്കും കൊടുത്ത വാക്കാണ്.. പറഞ്ഞ വാക്കിൽ നിന്ന് വ്യതിചലിയ്ക്കണമെങ്കിൽ ആദി മരിച്ചിരിയ്ക്കണം.. എട്ടനറിയാലോ അത്… “

ഉണ്ണ്യേട്ടന്റെ മുഖത്തെ ദേഷ്യത്തിന് ഒരല്പം അയവു വന്നിരിയ്ക്കുന്നു..

” അടുക്കളയുടെ നാലു ചുവരുകൾക്കപ്പുറത്തേയ്ക്ക് സ്വപ്നം കാണാൻ പോലും നിവൃത്തിയില്ലാത്ത  പാവം പെണ്ണിനെ ഒരുപാട് വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ചിട്ടു ഒടുക്കം അതിന്റെ കണ്ണീരു വീഴ്ത്തിയാൽ ദൈവം പൊറുക്കില്ല ഏട്ടാ… അങ്ങനെ സംരക്ഷിയ്ക്കപെടുന്ന തറവാട്ട് മഹിമയ്ക്കും അന്തസ്സിനും ഒരു പുൽക്കൊടിയുടെ ആയുസ്സു പോലും കാണില്ല..”

“ആദീ.. ഇതൊക്കെ നിന്റെ പ്രായത്തിന്റെ തോന്നലുകളാണ്… എന്നെങ്കിലുമൊരിയ്ക്കൽ എല്ലാം തെറ്റായിപ്പോയെന്ന് നിനക്ക് തോന്നാനിടവന്നാൽ നശിയ്ക്കുന്നത് ആ പെങ്കുട്ടീടെ കൂടെ ജീവിതാവും..”

ഉണ്ണ്യേട്ടന്റെ ശബ്ദം തണുത്തിരുന്നു..

“ഇല്ല ഉണ്ണ്യേട്ടാ… ആമിയെ ഞാനെന്റെ ജീവനേക്കാളേറെ സ്നേഹിയ്ക്കുന്നുണ്ട്… അവളില്ലാതെ എനിയ്ക്കും ഞാനില്ലാതെ അവൾക്കും ഇനിയൊരു ജീവിതമുണ്ടാവില്ല.. ഉണ്ണ്യേട്ടനായിട്ടു ഞങ്ങള് കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തരുത്… ഇതെന്റെ അപേക്ഷയാണ്.. “

പാതി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞവസാനിപ്പിച്ചപ്പോൾ വലതുകൈ എന്റെ തോളിൽ തട്ടി ഉണ്ണ്യേട്ടൻ നടന്നകന്നു…

മൂന്ന് വയസ്സിന്റെ വ്യത്യാസം മാത്രമേ ഉണ്ണിയും ആദിയും തമ്മിലുള്ളൂ…

കൂട്ടുകാരെപ്പോലെയാണ് ഇത്രയും നാളും കഴിഞ്ഞു കൂടിയത്…

സംവാദങ്ങൾക്കൊടുവിൽ ഉണ്ണ്യേട്ടനെന്റെ പക്ഷം ചേരുമെന്ന് മനസ്സിലിരുന്നാരോ ഉറക്കെ പറഞ്ഞത് സത്യമായിരിയ്ക്കുന്നു!!

വൈകുന്നേരം കുളപ്പടവിൽ, കയ്യിലൊരു അറിനുറുക്കും മുറുകെ പിടിച്ചു ആമിയെന്നെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു… നാലുമണിച്ചായയ്ക്ക് അവൾക്ക് കഴിയ്ക്കാൻ കിട്ടിയതിൽ നിന്നും എടുത്തു വച്ചതാവും…

എന്നെ കണ്ടപാടു നേർ പകുതിയാക്കി ഒരു ഭാഗം അവളെനിയ്ക്ക് നേരെ നീട്ടി…

എന്നും പതിവുള്ളതാണിത്…

പപ്പാതിയാക്കി വീതിച്ചു കഴിയ്ക്കാൻ എന്തെങ്കിലും കയ്യിലില്ലാതെ അവളെന്നെ കാണാൻ വരില്ല…

ഉണ്ണ്യേട്ടനെല്ലാം അറിഞ്ഞ കാര്യം അവളോട് പറഞ്ഞപ്പോൾ ആമി ചെറുതായി ഭയന്നെങ്കിലും അവളത് പുറമെ കാണിച്ചില്ല…

വീണ്ടും ദിനങ്ങൾ കൊഴിഞ്ഞടർന്നു..

ശനിയാഴ്ച്ച വന്നെത്തി…

നീണ്ട മുടി ഇരുവശത്തേയ്ക്ക് പിന്നിയിടുമ്പോൾ അറ്റത്തു കെട്ടാൻ അവൾ പറഞ്ഞേൽപ്പിച്ച ഭംഗിയുള്ള ചുവന്ന റിബൺ കയ്യിൽ പിടിച്ചു ഞാനവളുടെ വരവും നോക്കിയിരുന്നു…

ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തിലെ പുതിയൊരധ്യായത്തിന്  തിരി തെളിയിക്കാൻ ആ രാത്രി അവസരം കാത്തു കിടക്കുകയാണെന്നറിയാതെ….

(തുടരും….)

രചന:സ്വാതി.കെ.എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!