പുനർജ്ജനി – 9

4161 Views

Punarjani novel

ഓർമകളിൽ നിന്നും ഞെട്ടിയുണർന്നപ്പോൾ മുഴുവനായും വിയർപ്പിൽ കുളിച്ചിരുന്നു..

യാഥാർഥ്യമെന്തെന്നു തിരിച്ചറിയാൻ അൽപ സമയം വേണ്ടി വന്നു…

ആമിയുടെ മുഖം മാത്രമാണ് മനസ്സിൽ…

പിന്നീടവൾക്ക് എന്താവും സംഭവിച്ചത്??

ഉണ്ണ്യേട്ടൻ തന്നെയായിരിയ്ക്കോ അവളുടെയും ഘാതകൻ??

അയാളല്ലാതെ അവൾക്ക് മറ്റു ശത്രുക്കളാരുമുണ്ടായിരുന്നില്ലല്ലോ..

ഉണ്ണ്യേട്ടനുമായി മുഖ സാദൃശ്യമുള്ള ആൾ… അത് വസുവാണെന്നു വേദനയോടെ മനസ്സിലാക്കി…

മുറിയിൽ നിന്നും പുറത്തു കടന്നു വാതിൽ പൂട്ടി താക്കോൽ മുത്തശ്ശിയുടെ തലയിണയ്ക്കടിയിൽ ശബ്ദമുണ്ടാക്കാതെ കൊണ്ടുവച്ചു..

നേരം പുലരാൻ വളരെ കുറച്ചു നാഴികകൾ മാത്രേ ബാക്കിയുള്ളൂ…

വെളിച്ചം വീഴുന്നത് വരെ എന്തൊക്കെയോ ചിന്തിച്ചുകൊണ്ടു ഉമ്മറത്തിരുന്നു…

അൽപനേരം കഴിഞ്ഞപ്പോൾ കയ്യിലൊരു ചായ ഗ്ലാസുമായി അമ്മു വന്നു…

“എന്തായി നിന്റെ തീരുമാനം??”

“എന്ത് തീരുമാനം??”

“വീട്ടിലേയ്ക്ക് മടങ്ങുന്നതിനെക്കുറിച്ചാണ് ഞാൻ ചോദിച്ചത്??”

“അതിനുള്ള മറുപടി ഞാൻ ഒരിയ്ക്കൽ തന്നു കഴിഞ്ഞതാണ്..”

“വാശിയാണോ?”

“അതെ..”

“നീയെന്താ ഇങ്ങനെ??”

“എങ്ങനെ??”

“അമ്മൂ പ്ലീസ്… നിനക്ക് സങ്കല്പിയ്ക്കാൻ പോലും കഴിയാത്ത

മാനസികാവസ്ഥയിലാണ് ഞാനിപ്പോൾ..”

“എല്ലാം കണ്ണേട്ടൻ തന്നെ സ്വയം സൃഷ്ടിയ്ക്കുന്നതാണ്… അതിനെന്നെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല…”

” എടുക്കാനുള്ളതെല്ലാം എടുത്തോളൂ.. ഉച്ചയ്ക്ക് മുൻപ് ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം…”

” ഞാനിങ്ങോട്ട് ഇറങ്ങിപ്പുറപ്പെട്ടത് സ്വന്തം ഇഷ്ടപ്രകാരമാണ്… തിരിച്ചു പോവുന്നതും അങ്ങനെ തന്നെ ആയിരിയ്ക്കും…”

“കൊണ്ടുപോവാൻ എനിയ്ക്കറിയാം..”

“ഇപ്പൊ വാശി പിടിയ്ക്കുന്നത് കണ്ണേട്ടനാണ്…”

“നിന്നെ വിവാഹം കഴിയ്ക്കാൻ എനിയ്ക്ക് കഴിയില്ലെന്ന് ഞാനൊരിയ്ക്കൽ പറഞ്ഞു കഴിഞ്ഞതാണ്… “

“ശരി… എന്നെ ഒഴിവാക്കുന്നതിന് വ്യക്തമായ കാരണം കണ്ണേട്ടന് പറയാനുണ്ടെങ്കിൽ ഞാൻ പോകാം.. കൂടെപ്പിറപ്പായി കണ്ടുപോയെന്നതല്ലാതെ… എന്താ കഴിയോ??”

“മമ്… ഇനി മറച്ചു വെയ്ക്കുന്നതിൽ അർത്ഥമില്ല… “

“വേറെ ആരെയെങ്കിലും പ്രണയിയ്ക്കുന്നു എന്ന് കള്ളം പറയാനാണോ ഭാവം?”

“ഹും… നീ ഊഹിച്ചത് ശരി തന്നെ… പക്ഷെ അതൊരു കള്ളമല്ലെന്നു മാത്രം…

ഞാൻ വേറൊരു പെൺകുട്ടിയുമായി പ്രണയത്തിലാണ് !!”

മുത്തശ്ശി അരികിലിരിയ്ക്കുന്നത് തൽക്കാലം ശ്രദ്ധിയ്ക്കാതിരിയ്ക്കേണ്ടി വന്നു…

ഞെട്ടലോടെ അവളെന്റെ മുഖത്തേയ്ക്ക് നോക്കി…

“ആര്?? “

“ആമി..

നീയറിയാൻ വഴിയില്ല… പരിചയപ്പെടുത്തി തരാനും തൽക്കാലം നിവൃത്തിയില്ല..”

“ഇല്ല… ഞാനിത് വിശ്വസിക്കില്ല…  എങ്ങനെയെങ്കിലും എന്നെ ഒഴിവാക്കണം അതിന് വേണ്ടി കണ്ണേട്ടൻ ഓരോന്ന് ഉണ്ടാക്കി പറയാണ്…”

“അല്ലമ്മൂ… വർഷങ്ങളായി ഞാനൊരു പെൺകുട്ടിയുമായി തീവ്രമായ പ്രണയത്തിലാണ്… ഒരിയ്ക്കലും പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തുപോയതാണ്…”

നിറഞ്ഞ കണ്ണുകളോടെ അവളെന്നെ ശ്വാസമടക്കി നോക്കി…

“എന്തിന്റെ പേരിലായാലും എനിയ്ക്കവളെ ഉപേക്ഷിയ്ക്കാൻ കഴിയില്ല..”

ഓരോ തുള്ളി കണ്ണുനീരും അവളുടെ കവിളുകളെ ചുംബിച്ചു പെയ്തിറങ്ങി…

“ആമിയെ മറന്ന് ഞാൻ നിന്നെ വിവാഹം കഴിച്ചാലും എന്റെ മനസ്സിൽ നിനക്ക് സ്ഥാനം തരാൻ കഴിയില്ല…

കാരണം അവൾക്ക് പകരമാവാൻ മറ്റൊരാൾക്ക് കഴിയില്ല… പ്രത്യേകിച്ച് നിനക്ക്…

നിന്റെ ജീവിതമാണ്… ഉചിതമായ തീരുമാനമെടുക്കേണ്ടതും നീ തന്നെ… ഒടുക്കം നഷ്ടപ്പെടുത്തിയ ജീവിതത്തെക്കുറിച്ചോർതത്തു പശ്ചാത്തപിയ്ക്കാനിട വരുത്തരുത്..

ഇനിയും എന്റെ സ്നേഹത്തിന് വേണ്ടി പിറകെ നടക്കണോ നിനക്ക്??”

കരഞ്ഞുകൊണ്ട് അവളകത്തേയ്ക്ക് ഓടിയപ്പോൾ പറഞ്ഞതു കടന്നു പോയെന്ന് തോന്നി…

അമ്മുവിൻറെ കണ്ണുനീരിനെ അവഗണിയ്ക്കുകയെ തൽക്കാലം വഴിയുള്ളൂ…

അല്പസമയത്തിനു ശേഷം വീർത്ത ബാഗുമായി അവൾ മുറ്റത്തേക്കിറങ്ങി…

കരഞ്ഞു കനം വച്ച കൺപോളകളുയർത്തി അവളെന്നെ നോക്കി…

“കടിച്ചു തൂങ്ങുന്നില്ല..ഞാൻ പോവ്വാ.. ഇനിയൊരിയ്ക്കലും ഇഷ്ടത്തിന്റെയും അവകാശത്തിന്റെയും പേര് പറഞ്ഞു ബുദ്ധിമുട്ടിയ്ക്കാൻ ഞാൻ വരില്ല…”

നാലാക്കി മടക്കിയ കടലാസ് കഷ്ണം അവളെനിയ്ക്ക് നേരെ നീട്ടി…

“കണ്ണേട്ടൻ ഇത് ആമിയ്ക്ക് കൊടുക്കണം… എനിയ്ക്ക് പറയാനുള്ളത് മുഴുവൻ ഇതിലുണ്ട്…”

“തനിച്ചു പോണ്ട… ഞാൻ കൊണ്ട് വിടാം…”

“തനിച്ചു വരാൻ എനിയ്ക്കറിയുമെങ്കിൽ പോകാനും അറിയാം…”

നടന്നു നീങ്ങുന്ന അമ്മുവിനെ നോക്കി മുത്തശ്ശി അപ്പോഴും കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു…

“നീയിപ്പോ നഷ്ടപ്പെടുത്തിയ സ്നേഹത്തെയോർത്തു നിനക്കിനി വേദനിയ്ക്കാനിട വരാതിരിയ്ക്കട്ടെ കുട്ട്യേ…”

മുത്തശ്ശിയുടെ നനഞ്ഞ വാക്കുകൾ വികാരങ്ങളന്യേ കാതിൽ പതിച്ചു…

രണ്ടും കൽപ്പിച്ചു വസുവിന്റെ വീട്ടിൽ ചെന്നെങ്കിലും അവനവിടെ ഇല്ലെന്നുള്ള വാർത്തയായിരുന്നു കിട്ടിയത്…

രണ്ടു ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി…

പുറത്തു നിന്നും കേറി വന്നപ്പോൾ ഉമ്മറത്തിരുന്നു കരയുന്ന മുത്തശ്ശിയെയും അമ്മാവനെയും അമ്മായിയെയും കണ്ടപ്പോൾത്തന്നെ എന്തോ പന്തികേട് തോന്നി…

“എന്തുപറ്റി ?? എന്തിനാ എല്ലാരും കരയുന്നെ??”

“അമ്മു ഇതുവരെ വീട്ടിലെത്തിയിട്ടില്ല കണ്ണാ…”

കരച്ചിലിനിടയിൽ മുത്തശ്ശി എങ്ങനെയോ പറഞ്ഞൊപ്പിച്ചു…

“നീയാ എല്ലാത്തിനും കാരണം… ന്റെ കുട്ടിയ്‌ക്കെന്തെങ്കിലും സംഭവിച്ചാൽ ബാക്കി വച്ചേക്കില്ല ഞാൻ നിന്നെ…”

ചുവപ്പു പടർന്ന കണ്ണുകളോടെ അമ്മാവൻ എന്റെ കോളറുകളിൽ മുറുകെ പിടിച്ചു…

“അവളെ വീട്ടിലേയ്ക്ക് കൊണ്ട് പോവാൻ വന്നതാ ഞങ്ങള് രണ്ടാളും.. അപ്പോഴാ അമ്മ പറയണേ അവളിവിടുന്നു പോയിട്ട് രണ്ടു ദിവസം കഴിഞ്ഞെന്ന്…”

“അവളുടെ കൂട്ടുകാരികളുടെ വീട്ടിലോ മറ്റോ??”

“ഇല്ലെങ്കിൽ ബാക്കി അപ്പൊ പറഞ്ഞു തരാം നിനക്ക്… അറിഞ്ഞോണ്ട് ഒരു ഉറുമ്പിനെ പോലും നോവിയ്ക്കാത്തതാ ന്റെ കുട്ടി.. “

അമ്മായിയുടെ ശബ്ദം തേങ്ങലുകൾക്കിടയിൽ നേർത്തു പോയി…

മണിക്കൂറുകൾക്കുള്ളിൽ അമ്മയും അച്ഛനും മാളുവുമെല്ലാം എത്തിച്ചേർന്നു..

എല്ലാരും പല തരത്തിലുള്ള കുറ്റവാക്കുകളാൽ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു…

വീടാകെ മരണവീട് കണക്കെയായി..

മനസ്സിലെ സങ്കടങ്ങൾ ഒന്ന് തുറന്നു പറയാൻ പോലും ആരുമില്ലാത്ത ഭീകരമായ അവസ്ഥയിൽ അകപ്പെട്ടുപോയി ഞാൻ..

ആമിയെക്കുറിച്ചുള്ള ചിന്തകൾക്ക് അഗ്നി പകരാൻ അമ്മുവും കൂടി…

ഹൃദയമാകെ കത്തിപ്പടരുന്നത് പോലെ തോന്നി…

എന്നോട് പ്രതികാരം ചെയ്യാൻ മാറി നിന്നതാണവൾ…

പക്ഷെ അതീ അവസ്ഥയിൽ വേണ്ടിയിരുന്നില്ല….

ചിന്തകൾ കാടു കയറിയപ്പോൾ ഞാൻ എഴുന്നേറ്റു കുളപ്പടവിലേയ്ക്ക് നടന്നു…

ആമി വരച്ച ചിത്രങ്ങളെല്ലാം ചുറ്റുമതിലിൽ നിന്നും അപ്രത്യക്ഷമായിരിയ്ക്കുന്നു!!

പക്ഷെ എങ്ങനെ??

എന്നെന്നേക്കുമായി അവളെന്നെ വിട്ടു പോയോ?

അങ്ങനെയെങ്കിൽ പിന്നെ ആദിത്യൻ ജീവിച്ചിരിയ്ക്കില്ല..

ആമിയുടെ വീട് ലക്ഷ്യമാക്കി നടന്നു…

തന്റെ വീടിനടുത്തുള്ള വീട്ടിലായിരുന്നില്ലേ ആമിയും താമസിച്ചിരുന്നത്,??

പിന്നെയെങ്ങിനെ ഈ വീട് അവളുടെ വീടാവും??

ഒരുപക്ഷെ ഇതാവും ആമിയുടെ യഥാർത്ഥ വീട്…

മടങ്ങാൻ നേരം അപ്രതീക്ഷിതമായി അമ്മുവിന്റെ പാദസരം എന്റെ ശ്രദ്ധയിൽപ്പെട്ടു…

ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയതിന് താൻ അവൾക്ക് സമ്മാനമായി വാങ്ങിച്ചു നൽകിയതാണിത്!!

എന്നാലും ഇതെങ്ങനെയാവും ആമിയുടെ വീടിനുള്ളിൽ??

ഓർത്തിട്ട് ഒരു പിടിയും കിട്ടിയില്ല…

വീടിനകം പാടുപെട്ടു പരിശോധിച്ചു…

ഒടുവിൽ തെക്കിനി മുറിയ്ക്കുള്ളിൽ നിന്നും അവളുടെ ബാഗും കണ്ടെടുത്തു…

ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു നിലവറയുടെ വാതിൽ കണ്ടുപിടിയ്ക്കാൻ…

ശബ്ദമുണ്ടാക്കാതെ തുറന്ന് അകത്തു ചെന്നപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു!!

ചന്ദനത്തിരിയുടെയും പൂജാദ്രവ്യങ്ങളുടെയും ഗന്ധം!!

നിരത്തി വച്ച പുസ്തകങ്ങളിലെല്ലാം ആമിയുടെ ചിത്രങ്ങൾ…

അടുക്കി വച്ചിരിയ്ക്കുന്ന അനേകം ധാവണികൾ…

അങ്ങിങ്ങായി ജ്വലിച്ചു നിൽക്കുന്ന ഹോമകുണ്ഡങ്ങൾ!!

വർഷങ്ങളായി മനുഷ്യവാസമില്ലാത്ത വീട്ടിൽ ഇതെല്ലാം ചെയ്യുന്നത് ആരായിരിയ്ക്കും??

പെട്ടെന്നാണ് തലയ്ക്ക് പിറകിൽ ശക്തിയായി അടിയേറ്റത്…

ബോധം മറഞ്ഞു പോവുമ്പോൾ ഉറക്കെയുള്ള അട്ടഹാസം കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു!!

തണുത്ത ജലം മുഖത്തു പതിച്ചപ്പോഴായിരുന്നു പിന്നീട് ഓർമ തെളിഞ്ഞത്…

കണ്ണുകൾ തുറക്കാൻ വല്ലാത്ത പ്രയാസം തോന്നി…

ശരീരമാകെ കലശലായ വേദന!!

പരിചയമില്ലാത്ത സ്ഥലം!!

നേരത്തെ കണ്ട സ്ഥലത്തു നിന്നും ആരോ എന്നെ മാറ്റിയിരിയ്ക്കുന്നു..

“ആദീ….”

ആമിയുടെ ശബ്ദം!!

പ്രയാസപ്പെട്ടു എഴുന്നേറ്റിരുന്നു..

ഇതുവരെ കാണാത്തൊരു ഭാവത്തിൽ അവളെന്റെ മുൻപിൽ നിൽക്കുന്നു…

ഇതുവരെ ധരിച്ചു കാണാത്ത വെളുത്ത നിറത്തിലുള്ള ധാവണി…

ചുണ്ടുകൾ വരണ്ട്, കണ്ണ് ചുവന്നു കലങ്ങി ഭീകരമായ ഭാവപ്പകർച്ചയോടെ!!

അഴിച്ചിട്ടു പാറിപ്പറന്ന തലമുടി…

പാലപ്പൂവിന്റെ ഗന്ധത്തെക്കാളേറെ രക്തത്തിന്റെ മനം മടുപ്പിയ്ക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ പരന്നു…

“ആദീ…”

അമ്പരന്നു നിൽക്കുന്ന എന്നെ നോക്കി അവളുടെ ചുണ്ടുകൾ ശബ്ദമുതിർത്തപ്പോൾ വല്ലാത്ത മുഴക്കം അനുഭവപ്പെട്ടു ആ വിളിയ്ക്ക്…

“ആമീ… “

ഇടർച്ചയോടെ ഞാൻ വിളിച്ചപ്പോൾ അവളുറക്കെ അട്ടഹസിയ്ക്കാൻ തുടങ്ങി…

ഭയത്തോടെ നോക്കുന്ന എന്നെ ക്രൂര ഭാവത്തോടെ നോക്കി അവൾ ചുണ്ടുകൾ നുണഞ്ഞിറക്കി…

എഴുന്നേൽക്കാനാവാതെ തളർന്നിരിയ്ക്കുന്ന എന്റെ നേരെ അവൾ വേഗതയോടെ നടന്നടുത്തു…

എന്റെ കഴുത്തിലേയ്ക്ക് നീണ്ടു വരുന്ന ആമിയുടെ കൈകളിൽ ഞാൻ പിടിത്തമിട്ടു…

എന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കും തോറും അവളുടെ ഭാവം മാറി വന്നു…

“അമീ…. നിനക്കെന്താ ആമി..?”

പെട്ടെന്ന് കൈകൾ വലിച്ചെടുത്തു അവൾ കരയാൻ തുടങ്ങി…

“ആദി ഇവിടുന്ന് രക്ഷപ്പെട്ടോ… ഇല്ലെങ്കിൽ അവൻ ആദിയെ കൊല്ലും… “

കരച്ചിലിനിടയിൽ അവളെങ്ങിനെയോ പറഞ്ഞൊപ്പിച്ചു…

“ആര്?? “

“കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞാൽ ഞാൻ പൂർണമായും അവന്റെ അടിമയാവും… പിന്നെ എന്നെക്കൊണ്ട് തന്നെ അവനെന്റെ ആദിയെ കൊല്ലിയ്ക്കും…

എനിയ്ക്കൊന്നും ചെയ്യാൻ കഴിയില്ല.. അത്രയ്ക്കും വലിയ ഗതികേടിലായിപ്പോയി ഞാൻ…”

എന്റെ നെഞ്ചിൽ വീണ് ആമി ഏങ്ങലടിച്ചു…

“ആരാ അവൻ?? “

അവളെന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് ആ ശബ്ദം ഞങ്ങളെത്തേടിയെത്തി…

“ഉത്തരം ഞാൻ തരാം… പക്ഷെ ഇപ്പോഴല്ല… കുറച്ചു സമയം കൂടി കഴിഞ്ഞ്…”

പിറകിൽ നിന്നും വന്നയാൾ

അവളെ എന്നിൽ നിന്നും അടർത്തി മാറ്റി മുറിയുടെ കോണിലേയ്ക്ക് വലിച്ചു കൊണ്ടുപോയി…

മന്ത്രിച്ച ചരടുകൾ കൂട്ടിപ്പിണച്ചു ബലം പ്രയോഗിച്ചു അയാൾ ഇടതു കൈത്തണ്ടയിൽ കെട്ടി…

“ഡാ… അവളെ വിടെടാ…”

തടയാൻ വേണ്ടി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാലിൽ ബന്ധിച്ചിരുന്ന ചങ്ങല എന്നെ പിറകോട്ടു വലിച്ചു…

എത്ര ശ്രമിച്ചിട്ടും അയാളുടെ മുഖം കാണാൻ സാധിച്ചില്ല… ഞാൻ തീർത്തും നിസ്സഹായനാണെന്നു ഓരോ നിമിഷവും എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു…

ശബ്ദം വളരെ താഴ്ത്തി അയാൾ ആമിയുടെ കാതിലെന്തോ മന്ത്രിച്ചു നടന്നകന്നപ്പോൾ മുട്ടുകാലിൽ മുഖമമർത്തി അവളലറിക്കരഞ്ഞു…

(തുടരും….)

രചന: സ്വാതി.കെ.എസ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply