Skip to content

പുനർജ്ജനി – 2

Punarjani novel

“എന്നോട് ദേഷ്യാണോ ഇപ്പോഴും?”

ശബ്ദത്തിൽ കഴിവതും സൗമ്യത വരുത്താൻ ഞാൻ ശ്രമിച്ചു…

”എന്തിന്?? “

പ്രതീക്ഷിച്ചതുപോലെ അവളുടെ ശബ്ദത്തിൽ ദേഷ്യത്തിന്റെ അംശമില്ലെന്നു തോന്നി…

“അന്ന് അങ്ങനെയൊക്കെ പറഞ്ഞതിൽ ഞാൻ മാപ്പു ചോദിയ്ക്കുന്നു… ജീവിതത്തിലാദ്യമായി കണ്ടു മുട്ടിയ പെൺകുട്ടിയോട് അത്തരത്തിൽ അപമര്യാദയായി സംസാരിയ്ക്കേണ്ടി വന്നതിൽ എനിയ്ക്ക് ദുഃഖമുണ്ട്… സോറി…”

അവൾ വിശ്വാസം വരാത്ത വിധം എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

“എനിയ്ക്കിവിടെ അധികം കൂട്ടുകാരൊന്നുമില്ല.. സാഹചര്യം അനുവദിയ്ക്കാത്തതുകൊണ്ടു മാത്രം ഉടനെ നാട്ടിലേയ്ക്ക് പോവാനും പറ്റില്ല… വിരോധമില്ലെങ്കിൽ നമുക്ക് നല്ല കൂട്ടുകാരായിക്കൂടെ?”

മറുപടിയ്ക്കായി കാത്തു നിന്നതു വെറുതെയായി…

“പറഞ്ഞതു ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ പോയേക്കാം…. സോറി എഗൈൻ…”

നിരാശ തോന്നിയെങ്കിലും ഞാൻ തിരിഞ്ഞു നടന്നു…

മനസ്സിൽ ഘോരമായ മരവിപ്പ് പിറവിയെടുക്കുന്നതുപോലെ തോന്നി…

“അതേയ്…”

ഒട്ടും പ്രതീക്ഷിയ്ക്കാതെ പിറകിൽ നിന്നും അവളുടെ ശബ്ദം എന്റെ കാലടികളെ പിടിച്ചു നിർത്തി…

“എന്റെ പേര് അഭിരാമി… മാഷ് ആമി ന്ന് വിളിച്ചോളൂ…”

അവൾക്കരികിലേയ്ക്ക് തിരിഞ്ഞു നടക്കുമ്പോൾ ജീവിതത്തിലിന്നെ വരെ അനുഭവിച്ചിട്ടില്ലാത്ത തരം സന്തോഷം എന്റെ ഹൃദയത്തിൽ നിറയുന്നതായി തോന്നി….

“ഞാൻ ആദിത്യൻ… എല്ലാരും കണ്ണൻ എന്ന് വിളിയ്ക്കും… ഒരു പ്രൊഫഷണൽ ഫോട്ടോ ഗ്രാഫറാണ്..”

“എല്ലാരും കണ്ണൻ എന്നല്ലേ വിളിയ്ക്കാ… അപ്പോൾ ഞാൻ ആദി എന്ന് വിളിയ്ക്കാം… എങ്ങനെണ്ട്??”

“ആയിക്കോട്ടെ…”

അവൾ ചിരിച്ചു…

“എങ്കിൽ ആമി വരച്ചോളൂ… നാളെ കാണാം…”

“എവിടെ പോവ്വാ??”

“വരയ്ക്കുന്നത് ആരും കാണുന്നത് ഇഷ്ടമില്ലല്ലോ… അന്ന് ദേഷ്യപ്പെട്ടത് അതുകൊണ്ടല്ലേ?”

“അതിന് അന്ന് എനിയ്ക്ക് ആദിയെ അറിയില്ലായിരുന്നല്ലോ… താനിവിടെ ഇരിയ്ക്കേടോ..”

അവൾ നിമിഷങ്ങൾക്കുള്ളിൽ ചിത്രം പൂർത്തീകരിച്ചു കുളപ്പടവിൽ എന്റെ അരികിൽ വന്നിരുന്നു… നിറയെ പായൽ മൂടിക്കിടക്കുന്ന കുളത്തിൽ പല വലിപ്പമുള്ള മത്സ്യങ്ങൾ നീന്തി കളിയ്ക്കുന്നുണ്ടായിരുന്നു…

“ആമി ചിത്രരചന പഠിച്ചിട്ടുണ്ടോ??”

അവൾ ചിരിച്ചു…

“ഓർമ വച്ച നാള് തൊട്ടു തുടങ്ങിയതാണ് നിറങ്ങളോടുള്ള പ്രണയം… വിരൽത്തുമ്പിൽ പിറവി കാത്തു കിടക്കുന്ന ചിത്രങ്ങൾക്ക്  ഏതെങ്കിലുമൊരു ചുവരിലോ മറ്റോ ജന്മം നൽകും… അതിത്ര പഠിയ്ക്കാനെന്തിരിയ്ക്കുന്നു…

പിന്നീടെപ്പോഴോ സംഗീതവും സ്വപ്നങ്ങളിൽ ഇടം നേടി… രണ്ടും ഒരുപോലെ , ഒരേ ഇഷ്ടത്തോടെ ഇങ്ങനെ കൊണ്ടുപോവുന്നു… അത്രമാത്രം… “

“സാഹിത്യമാണല്ലോ മുഴുവൻ…”

“ഇടയ്ക്കൊക്കെ വല്ലതും കുത്തിക്കുറിയ്ക്കാറുണ്ട്… അത് ചിലപ്പോൾ പറയുന്ന വാക്കുകളിലും കയറിക്കൂടുന്നുണ്ടാവും… കഥയും കവിതയുമൊന്നുമല്ല… ഉള്ളിലുള്ളതെന്തൊക്കെയോ…. ചില വിങ്ങലുകൾക്ക് എഴുത്തിലൂടെ ആശ്വാസം കിട്ടുമെങ്കിൽ അതല്ലേ നല്ലത്?? ശാശ്വതമല്ലെങ്കിൽ പോലും..”

പറഞ്ഞതു പൂർണമായും എനിയ്ക്ക് മനസ്സിലായില്ലെങ്കിലും ഞാൻ വെറുതെ തലയിളക്കി….

കാര്യം മനസ്സിലാക്കിയിട്ടെന്നോണം അവൾ അടക്കി ചിരിച്ചു…

“ആദി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??”

ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യമായിരുന്നെങ്കിലും ഉത്തരത്തിനായി എനിയ്ക്കൊട്ടും ആലോജിയ്ക്കേണ്ടി വന്നില്ല..

“പ്രണയത്തോട് താല്പര്യം തോന്നിയപ്പോഴൊക്കെ എന്റെ സങ്കല്പത്തിലുള്ള ഒരാളെ കാണിച്ചു തരാതെ വിധിയെന്നെ കളിപ്പിച്ചു… ഒരുപക്ഷെ വലിയൊരു സന്തോഷം ഭാവിയെനിയ്ക്ക് കാത്തുവച്ചിട്ടുണ്ടാകും… അല്ലേ??”

“ഉണ്ടാവാം…”

കുളത്തിലേക്ക് ആണ്ടു പോവുന്ന നീർക്കോലിയെ നോക്കി അവൾ നിർവികാരയായി നിന്നു…

“ആമി ആരെയെങ്കിലും പ്രണയിയ്ക്കുന്നുണ്ടോ??”

“പ്രണയിച്ചിരുന്നു….”

കാറു മൂടിയ വാനം പോലെ അവളുടെ മുഖം ഇരുണ്ടിരുന്നു…

അൽപ്പ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഞാൻ തുടർന്നു..

“എവിടെയാ തന്റെ വീട്??”

“ഇവിടെ അടുത്താ… വടക്കോട്ട് അല്പം നടന്നാൽ മതി…”

“വീട്ടിൽ ആരൊക്കെ ഉണ്ട്??”

“ഞാൻ പോട്ടെ… നേരം ഒരുപാടായി..”

പിൻവിളി വക വയ്ക്കാതെ രണ്ടു കൈ കൊണ്ടും പാവാടയുടെ ഇരുവശങ്ങളും അല്പം ഉയർത്തിപ്പിടിച്ചുകൊണ്ടു അവൾ പടവുകൾ വേഗത്തിൽ ഓടി കയറി കാഴ്ച്ചയിൽ നിന്നും മറഞ്ഞു…

പിന്നീടുള്ള ദിവസങ്ങളലെല്ലാം അവളെ കാണാനും സംസാരിയ്ക്കാനും വേണ്ടി മാത്രം ഞാനാ കുളപ്പടവിലെത്തി…

ഒട്ടും വിമുഖതയില്ലാതെ എത്ര നേരം വേണമെങ്കിലും അവളോട് സംസാരിച്ചിരിയ്ക്കാൻ കഴിയുന്നതെങ്ങിനെയാണെന്ന് ആശ്ചര്യം തോന്നി!!

ദിവസങ്ങൾ കൊഴിഞ്ഞു വീഴും തോറും ആദ്യ നോട്ടത്തിൽ തന്നെ അവളോട് തോന്നിയ അനുരാഗം വർധിച്ചുകൊണ്ടേയിരുന്നു…

“ആമിയ്ക്കെന്നോട് ദേഷ്യം തോന്നില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ?”

“ഇന്നെന്താ പതിവില്ലാത്തൊരു ആമുഖമൊക്കെ?”

“ദേഷ്യപ്പെടില്ലെന്നു വാക്കു താ… എന്നാലേ ചോദിയ്ക്കൂ…”

“ശരി ദേഷ്യപ്പെടില്ല.. ചോദിക്ക്…”

“മാളുവിനെ കെട്ടിച്ചു വിട്ടു കഴിഞ്ഞാൽ, രാത്രി ഒരുപാട് വൈകി വരുമ്പോൾ അച്ഛനറിയാതെ പിൻവാതിൽ തുറന്നിട്ടുകൊണ്ടു ഭക്ഷണവുമായി കാത്തിരിയ്ക്കാനും പകലൊക്കെ എന്റെ അമ്മയ്ക്ക് കൂട്ടിരിയ്ക്കാനും  ഒരാളുടെ വേക്കൻസി ഒഴിവുണ്ടാവും.. ഒരു ആപ്ലിക്കേഷൻ തരുമെങ്കിൽ അപ്പോയിന്റിമെന്റ് ലെറ്റർ തരാമായിരുന്നു…”

അമ്പരന്നുകൊണ്ട് അവളെന്റെ മുഖത്തേയ്ക്ക് നോക്കി..

“വെറുതെ വേണ്ട… പ്രതിഫലമായിട്ടു ഒരു താലിമാല പണിഞ്ഞു ഈ കഴുത്തിലിട്ടു തരാം…”

മറുപടി പറയുന്നതിന് പകരം നിറഞ്ഞ കണ്ണുകളോടെ അവൾ വീട്ടിലേയ്ക്കോടി…

അന്നത്തെ രാത്രി മുഴുവൻ ഹൃദയ ഭാരത്തോടെ നിലാവിനൊപ്പം ഞാനും ഉറങ്ങാതിരുന്നു…

“എന്തേ ന്റെ കണ്ണന്റെ മുഖത്തൊരു വിഷമം? ഇന്നലെ തൊട്ടു ശ്രദ്ധിയ്ക്കാ മുത്തശ്ശി…”

“ഒന്നൂല്ല മുത്തശ്ശി… നാട്ടിലെ ഓരോ കാര്യങ്ങളോർക്കുമ്പോ… “

തൽക്കാലം അങ്ങനെ പറയാനാണ് തോന്നിയത്…

“അതൊക്കെ മറക്കാനല്ലേ ഇങ്ങ്ട്ട് പോന്നത്?? ന്റെ കുട്ടി അതൊന്നും ഓർത്തു സങ്കടപ്പെടേണ്ട.. എല്ലാം ശരിയാവും….”

മുത്തശ്ശി സ്നേഹത്തോടെ വിളമ്പിത്തന്ന പ്രാതൽ കഴിച്ചെന്നു വരുത്തി വീണ്ടും കുളക്കടവിലേയ്ക്ക് നടന്നു…

ഒരുപാട് നേരം കാത്തിരുന്നിട്ടും അവളെ കാണാതായപ്പോൾ ഭ്രാന്തു പിടിയ്ക്കുന്നതായി തോന്നി…

ഒരു ദിവസം പോലും കാണാതിരിയ്ക്കാൻ കഴിയാത്ത വിധം അവളൊരു ലഹരിയായി പടർന്നു കഴിഞ്ഞിരിയ്ക്കുന്നു!!!

നിമിഷങ്ങളിഴഞ്ഞു നീങ്ങി…

കുപ്പിവളകളിഞ്ഞ കൈകൾ പിറകിൽ നിന്നും പതിയെ എന്റെ കണ്ണുകൾക്ക് മീതെ മറ തീർത്തു…

വശ്യമായ സുഗന്ധം!!

ആമി!!

തിളങ്ങുന്ന കല്ല് പതിപ്പിച്ച മോതിരം എന്റെ വിരലിലണിയിച്ചുകൊണ്ടു അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ സന്തോഷമറിയിയ്ക്കാനെന്നോണം ഒരു പുതുമഴ ഞങ്ങളെ നനച്ചുകൊണ്ടു പെയ്തിറങ്ങിയത് വിചിത്രമായി തോന്നി….

ദിവസങ്ങൾ കടന്നു പോകും തോറും ഞങ്ങളുടെ പ്രണയവും കൂടുതൽ തീവ്രമായിക്കൊണ്ടിരുന്നു…

ഒരുദിവസം രാവിലെ മുത്തശ്ശിയുടെ നീട്ടിയുള്ള വിളി കേട്ടാണ് ഉറക്കമുണർന്നത്…

“കണ്ണാ… ഒന്നിങ്ങോട്ട് ഇറങ്ങി വരൂ കുട്ട്യേ… ഇതാരാ വന്നതെന്ന് നോക്കൂ…”

തിടുക്കത്തിൽ എഴുന്നേറ്റു മുഖം കഴുകി താഴേയ്ക്ക് വന്നപ്പോൾ ഏകദേശം തന്റെ പ്രായം തോന്നിയ്ക്കുന്ന ചെറുപ്പക്കാരൻ കസേരയിലിരിയ്ക്കുന്നു…

“മനസ്സിലായോ നിനക്കിവനെ?”

ആദ്യ നോട്ടത്തിൽ മനസ്സിലായില്ലെങ്കിലും നെറ്റിയ്ക്കു മുകളിൽ ഇടത്തുവശതായി ഇപ്പോഴും മായാതെ കിടക്കുന്ന മുറിപ്പാട് പെട്ടെന്ന് കണ്ണനെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി…

കുഞ്ഞു നാളിൽ ഇങ്ങോട്ട് വരുമ്പോഴൊക്കെ തന്റെ നിഴലായി കൂടെയുണ്ടായിരുന്നവൻ…

ഒരിയ്ക്കൽ അവൻ അമ്മുവിനോട് ഇഷ്ടമാണെന്ന് പറഞ്ഞതിന് അവനുമായി ദ്വന്ദ യുദ്ധം പ്രഖ്യാപിച്ചതും ഒടുവിൽ കയ്യിൽ കിട്ടിയ കരിങ്കല്ല് കൊണ്ട് അവന്റെ തലയിടിച്ചു തകർത്തതുമെല്ലാം ഓർമയിൽ തെളിഞ്ഞു…

വസുദേവ് !!!

“കണ്ണാ… മറന്നോ എന്നെ???”

ഒരുപാട് കാലമായി നഷ്ടപ്പെട്ടതെന്തോ തിരികെ കിട്ടിയ സന്തോഷം കണ്ണന്റെ ഹൃദയത്തിൽ നിറഞ്ഞു!!!!

“നിന്നെ മറക്കാനോ വസൂ??? ഓർക്കാതിരുന്ന ദിവസങ്ങൾ കുറവാണ്… ഈ ഗ്രാമത്തെയും മുത്തശ്ശിയെയും കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമയിലേയ്ക്കെത്തുന്നത് നിന്റെ മുഖമാണ്.. “

ഒരുപാട് നാളത്തെ വിശേഷങ്ങൾ പങ്കു വച്ച് നേരം കടന്നു പോയി… അവനിപ്പോൾ ഈ നാട്ടിലെ പേര് കേട്ട ജോൽസ്യരാണത്രേ.. ഒരു മാസത്തെ ആസ്ട്രലിയ വാസം കഴിഞ്ഞു ഇന്നാണ് നാട്ടിലെത്തിയത്..

വൈകുന്നേരം ഇരുവശത്തും മരങ്ങൾ തണൽ വീഴ്ത്തിയ വഴികളിലൂടെ നടക്കാനിറങ്ങിയപ്പോൾ ആമിയുടെ കാര്യം അവനോട് സൂചിപ്പിച്ചു… ഈ നാട്ടിലെ എല്ലാവരെയും നേരിട്ടോ അല്ലാതെയോ അവനു നന്നായി അറിയാം…

“അഭിരാമിയോ?? അങ്ങനൊരാൾ ഈ നാട്ടിൽ ഇല്ലല്ലോ…”

“ഉണ്ട് വസൂ.. നിനക്കറിയാഞ്ഞിട്ടാവും… നീണ്ട തലമുടിയുള്ള ധാവണിയുടുത്ത പെൺകുട്ടി… ആലോചിച്ചു നോക്ക്.. ഇവിടുന്നു നേരെ പോയാൽ കാണുന്ന കുളത്തിന്റെ വടക്കു ഭാഗത്താണ് വീട്…”

അവന്റെ മുഖത്തു വല്ലാത്തൊരു ഗൗരവം പ്രകടമായി…

“എന്റെ അറിവിൽ ഈ ഗ്രാമത്തിൽ അങ്ങനെയൊരു പെൺകുട്ടിയില്ല…”

അവന്റെ വാക്കുകളെ അംഗീകരിയ്ക്കാൻ എനിയ്ക്ക് വല്ലാത്ത പ്രയാസം തോന്നി…

“നീ വാ നമുക്ക് അവളുടെ വീട്ടിൽ പോയി നോക്കാം… അപ്പൊ അറിയാമല്ലോ…”

ഞാൻ അതിവേഗത്തിൽ ആമി പറഞ്ഞ വഴികളിലൂടെ മുൻപോട്ടു നടന്നപ്പോൾ അവൻ ഒന്നും മിണ്ടാതെ എന്നെ അനുഗമിച്ചു..

ഉണങ്ങിയ കരിയിലകൾ വീണു മൂടിയ വഴികളിലൂടെ നടക്കുമ്പോൾ കാലങ്ങളായി മനുഷ്യരാരും അതിലെ സഞ്ചരിച്ചിട്ടില്ലെന്നു തോന്നി…

വഴിയിൽ കണ്ട വലിയ മരത്തിനു ചുവട്ടിലെത്തി ചേർന്നപ്പോൾ പരിചിതമായ ഗന്ധം എന്നെ തേടിയെത്തി…

അതെ….ഇതവൾ അരികിലേക്ക് വരുമ്പോൾ ഒഴുകിയെത്തുന്ന വശ്യമായ സുഗന്ധമാണ്!!!

“വസൂ… ഇത്.. ഈ ഗന്ധം??”

“ഇത് പാലപ്പൂവിന്റെ സുഗന്ധമാണ് കണ്ണാ.. ഇവിടെത്തന്നെയാണ് അവളുടെ വീടെന്നു നിനക്ക് ഉറപ്പാണോ??”

അഗാധമായ ഞെട്ടൽ എന്റെ സിരകളിലൂടെ പടർന്നു കയറിയെങ്കിലും ഞാനതു പാടുപെട്ടു മറച്ചു…

യാത്രയ്‌ക്കൊടുവിൽ എത്തിച്ചേർന്നത് ഏകദേശം ഭൂരിഭാഗവും ഇടിഞ്ഞു വീണ ഒരു പഴയ തറവാട് വീടിന്റെ മുറ്റത്തായിരുന്നു…

വർഷങ്ങളായി ആരും കടന്നു വരാത്തതുപോലെ മുറ്റം മുഴുവൻ ചവലകൾ മൂടിയിരുന്നു…

ഞങ്ങൾ രണ്ടുപേരും മുഖത്തോടു മുഖം നോക്കി നിന്നു പോയി!!

വീടിനു മുൻപിൽ ഇളകി വീണു കിടക്കുന്ന പാതി ദ്രവിച്ച ബോർഡ്  കയ്യിലെടുത്തു വായിച്ചപ്പോൾ വസുവിന്റെ കണ്ണുകളിൽ ഭീതിയുടെ നിഴൽ തെന്നി മാറുന്നത് ഞാൻ വ്യക്തമായി കണ്ടു…

“വാ കണ്ണാ… ഇനിയിവിടെ നിൽക്കണ്ട…”

എന്റെ എതിർപ്പ് വക വയ്ക്കാതെ അവനെന്റെ കയ്യിൽ മുറുകെ പിടിച്ചു മുൻപോട്ടു നടന്നു…

“കണ്ണാ… ആ കുളത്തിനരികിലേയ്ക്ക് നീയിനി പോവരുത്… ഒരുപാട് നാളായി ആ പരിസരങ്ങളിലേയ്ക്ക് പോലും ആരും പോവാറില്ല… കഴിയുമെങ്കിൽ നീ നാളെത്തന്നെ തിരിച്ചു പോണം… പിന്നെ ഈ കാര്യങ്ങളൊന്നും മുത്തശ്ശി അറിയണ്ട… എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിയ്ക്കണം..”

എന്റെ വീടിനു മുൻപിൽ നിന്നും യാത്രയാവുമ്പോൾ അവൻ ഒരിയ്ക്കൽ കൂടി പിന്തിരിഞ്ഞു…

“ഒരു കാര്യം നീ ഒരിയ്ക്കലും മറക്കരുത്…. നീ പ്രണയിയ്ക്കുന്ന ആമി ഈ ഗ്രാമത്തിലില്ല…”

അവന്റെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു… സമയം കടന്നു പോവും തോറും വിയർപ്പുകണങ്ങളുടെ പ്രവാഹവും കൂടി വന്നു…

കണ്ടതും കേട്ടതുമെല്ലാം തോന്നാലാവണമെന്നു മാത്രം ആത്മാർത്ഥമായി പ്രാർത്ഥിച്ചു…

കുളപ്പടവും കഴിഞ്ഞു പോയ ദിവസങ്ങളുമെല്ലാം ഓർമകളിൽ നിന്നും മായ്ച്ചു കളയാൻ പാഴ് ശ്രമം നടത്തി നോക്കി…

ഒന്ന് രണ്ടു ദിവസം പുറത്തിറങ്ങാതെ കഷ്ടപ്പെട്ടു പിടിച്ചു നിന്നു….

തിരിഞ്ഞും മറിഞ്ഞും കിടന്നെപ്പോഴോ നിദ്രാ ദേവി കാടാക്ഷിച്ചപ്പോൾ അതി ഭയാനകമായ സ്വപ്‌നം ഉറക്കത്തിനു അകമ്പടി സേവിച്ചു…

കുളക്കടവിൽ ചലനമറ്റു കിടക്കുന്നു… അവൾ.. ആമി!!!

ഞെട്ടിയുണർന്നപ്പോൾ കിഴക്ക് വെള്ള കീറിയിരുന്നു…

പുലർകാലത്തു കണ്ട സ്വപ്നം ഫലിയ്ക്കുമെന്നാണ്!!!

രണ്ടും കൽപ്പിച്ചു പതിവ് സമയമായപ്പോൾ കുളക്കടവിലെത്തി…

ഒരിയ്ക്കൽ കൂടി കാണണമവളെ!!!

ചിലതു ചോദിച്ചറിയണം!!

ഒരുപക്ഷെ അവൾ തന്നോട് പറഞ്ഞതൊക്കെ കളവായിരുന്നെങ്കിലോ?? പേരും വീടുമൊക്കെ… ഉള്ളിൽ  പ്രതീക്ഷയുടെ ചെറു നാളത്തിനു തിരി കൊളുത്തി…

സന്ധ്യ വരെ കാത്തിരുന്നിട്ടും ആമി വന്നില്ല.. പിന്നീടുള്ള ഒന്ന് രണ്ടു ദിവസങ്ങളും നിരാശയോടെ കടന്നു പോയി….

മൂന്നാം ദിവസം രണ്ടും കൽപ്പിച്ചു കുളക്കടവിൽ നിന്നും അവൾ വരച്ച ചിത്രങ്ങളെ നോക്കി ഉറക്കെ പറഞ്ഞു…

“ആമീ നീ എന്തിനാണ് എന്നോട് ഇത്തരം ക്രൂരത കാണിയ്ക്കുന്നതെന്നു എനിയ്ക്കറിയില്ല..

പക്ഷെ… ഒരു കാര്യം തീർച്ചയാണ്… അൽപ സമയം കൂടി ഞാൻ കാത്തിരിക്കും… നീ വന്നില്ലെങ്കിൽ ഞാനീ കുളത്തിലേക്ക് എടുത്തു ചാടും.. വാക്കു പറഞ്ഞാൽ പാലിയ്ക്കുന്നവനാണ് ഞാനെന്നതിൽ നിനക്ക് സംശയമൊന്നുമില്ലല്ലോ…

സങ്കടവും ദേഷ്യവും കൂടിച്ചേർന്ന വല്ലാത്തൊരാവസ്ഥയിൽ അകപ്പെട്ടു പോയി കണ്ണൻ…

നിമിഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു… പതിയെ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റിനു ശക്തിയേറി..

പാദസരത്തിന്റെ പതിഞ്ഞ കിലുക്കത്തോടൊപ്പം പാലപ്പൂവിന്റെ ഗന്ധവും അടുത്തടുത്തു വന്നുകൊണ്ടിരുന്നു…

(തുടരും…..)

രചന: സ്വാതി.കെ.എസ്..

(ഒന്നാം ഭാഗം സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും നന്ദി… തുടർന്നും വായനയും പ്രോത്സാഹനവും  പ്രതീക്ഷിയ്ക്കുന്നു… സ്നേഹത്തോടെ സ്വാതി..)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വാതിയുടെ മറ്റു നോവലുകൾ

ഗന്ധർവ്വൻ

ആത്മസഖി

തെന്നൽ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.1/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പുനർജ്ജനി – 2”

Leave a Reply

Don`t copy text!