പാലപ്പൂവിന്റെ ഗന്ധം പേറിയെത്തിയ തണുത്ത കാറ്റ് വൃക്ഷത്തലപ്പുകളിൽ തലോടി കടന്നു പോയി…
നടപ്പാതയ്ക്കിരുവശവും തലയുയർത്തി നിന്നിരുന്ന കൂറ്റൻ മരങ്ങളിലൊന്നിൽ നിന്നും വിരഹിണിയായ രാപ്പക്ഷിയുടെ ശോക ഗാനം പ്രതിധ്വനിച്ചു കേട്ടു…
സമയം തേരട്ടയുടെ കാലുകളോടെ ഇഴഞ്ഞു കൊണ്ടേയിരുന്നു…
ചുണ്ടിൽ പതിഞ്ഞ അവളുടെ പേരിനോടൊപ്പം പാതിയിടിഞ്ഞ വീടിനുള്ളിലേയ്ക്ക് പ്രതീക്ഷയോടെ കയറിയപ്പോഴും ഇരുട്ടിൽ എല്ലാ മുറികളിലും പാടുപെട്ടു തിരയുമ്പോഴും വല്ലാത്ത ശൂന്യത ആത്മാവിനെ കാർന്നു തിന്നുന്നുണ്ടായിരുന്നു!!
അവളുടെ പേര് ഉച്ഛത്തിൽ വിളിച്ചുകൊണ്ട് അറിയാവുന്ന സ്ഥലങ്ങളിലെല്ലാം ഓടി നടന്നു അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം…
പൗർണമിച്ചന്ദ്രൻ നിഴൽ നെയ്ത പാതയോരങ്ങളിലൂടെ ഞാൻ പ്രജ്ഞയറ്റവനെപ്പോലെ നടന്നു…
ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു… അരപകടവും സംഭവിച്ചിട്ടില്ലെന്നറിഞ്ഞാൽ മതി…
ഒരു നൂറ്റാണ്ടോളം എനിയ്ക്ക് വേണ്ടി മാത്രം കാത്തിരുന്നതാണവൾ!! ഒരിയ്ക്കലും സ്വമനസ്സാലെ ഉപേക്ഷിച്ചു പോവാൻ കഴിയില്ലവൾക്ക്… ആരെങ്കിലും അപായപ്പെടുത്തിയതായിരിയ്ക്കുമോ??
ആമി കൂടെയില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിയ്ക്കാൻ പോലും കഴിയില്ല!!
രാത്രി പുലരുവോളം ഭ്രാന്തനെപ്പോലെ അന്വേഷിച്ചു നടന്നിട്ടും നിരാശയായിരുന്നു ഫലം… പടർന്നു പന്തലിച്ച പാല മരത്തിനു താഴെയിരുന്നു മയങ്ങിപ്പോയതെപ്പോഴാണ്??
സൂര്യവെളിച്ചം മിഴികളെ ആലോസരപ്പെടുത്തിയപ്പോഴായിരുന്നു കണ്ണ് തുറന്നത്…”
പ്രതീക്ഷയോടെ വീണ്ടും അവിടങ്ങളിലെല്ലാം അന്വേഷിച്ചു… പൊട്ടിവീണുകിടക്കുന്ന താലി മാല കാലിൽ തടഞ്ഞപ്പോൾ ഹൃദയമൊരായിരം കഷ്ണങ്ങളായി ചിതറുന്നതുപോലെ തോന്നി…
ഉള്ളിൽ അലയടിച്ചിരുന്ന സംശയങ്ങൾ വീണ്ടും ഒന്നിനൊന്നു ബലപ്പെട്ടു…
അപകടം!!
നേരം ഉച്ചയോടടുത്തെന്നു തോന്നി… ഈ നേരമത്രയും കാണാഞ്ഞു മുത്തശ്ശി ഭയപ്പെട്ടിരിയ്ക്കുന്നുണ്ടാവും…
താലിമാല ഷർട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു വീട്ടിലേയ്ക്ക് മടങ്ങി… അവളെ കണ്ടുമുട്ടുന്ന മാത്രയിൽ കഴുത്തിലണിയിയ്ക്കണമിത്…
ഒറ്റ രാത്രികൊണ്ട് തന്നെ രൂപമാകെ മാറിയിട്ടുണ്ടെന്നു തോന്നി… മനസ്സാകെ മരവിച്ചിരിയ്ക്കുന്നു… സ്വയമൊരു ശിലാപ്രതിമ കണക്കെ മാറിപ്പോയോ?? വികാരങ്ങളെല്ലാം ഒന്നിച്ചുകൂടി ഹൃദയാഗ്നിയിൽ കരിഞ്ഞു ചാമ്പലായിരിയ്ക്കുന്നു…
മനസ്സ് അത്രയേറെ മടുത്തിട്ടുണ്ട്!!!
പടി കടന്നു ചെല്ലുമ്പോൾ ഉമ്മത്തിണ്ണയിൽ ഒട്ടും പ്രതീക്ഷിയ്ക്കാത്ത ആളെ കണ്ടു അമ്പരന്നു!!
അമ്മു!!
കരഞ്ഞു നീര് വച്ച മുഖമുയർത്തി അവളെന്നെ നോക്കിയപ്പോൾ ഞെട്ടൽ പുറത്തു കാണിയ്ക്കാതെ ഞാൻ അടുത്തേയ്ക്ക് ചെന്നു…
“അമ്മു… നീയെന്താ ഇവിടെ??”
മറുപടി പറയുന്നതിനു പകരം ആയിരം അർഥങ്ങളൊളിപ്പിച്ച ചടുല ഭാവം അവളെനിയ്ക്ക് നേരെ തൊടുത്തു വിട്ടു…
” ഞാൻ ചോദിച്ചത് നീ കേട്ടില്ലെന്നുണ്ടോ?? നിന്നെയാരാ ഇവിടെ കൊണ്ട് വിട്ടതെന്ന്??”
“തനിച്ചു വരാൻ എനിയ്ക്കാരുടെയും സഹായം ആവശ്യമില്ല…”
മുൻപൊരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത ഭാവം അവളുടെ കണ്ണുകളിൽ തെളിഞ്ഞു…
“ഇത്രയും നാൾ ഇടനെഞ്ചിൽ ഒതുക്കി വച്ചിരുന്ന സങ്കടക്കടൽ എവിടെയെങ്കിലും ഒന്നിറക്കി വയ്ക്കണമെന്ന് തോന്നി… കേൾക്കേണ്ടയാൾ ഇവിടെയുള്ളപ്പോൾ വേറെങ്ങോട്ടു പോവണം ഞാൻ??”
“നീയെന്തൊക്കെയാ അമ്മൂ വിളിച്ചു പറയണേ?? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല…”
“എല്ലാം മനസ്സിലായിട്ടും ഒന്നുമറിയാത്ത മണ്ടനെപ്പോലെ അഭിനയിയ്ക്കുന്നു… പ്രശംസനീയം…!! കണ്ണേട്ടന് സിനിമയിൽ ഒന്ന് ട്രൈ ചെയ്തൂടെ??”
“നിനക്കെന്താഡീ ഭ്രാന്തു പിടിച്ചോ??”
” സ്വയം ഭ്രാന്തിയായി മാറാതിരിയ്ക്കാനാണ് ഞാനിങ്ങോട്ടു വന്നത്… ചിലത് ചോദിച്ചറിയണം…
എന്നെ സ്വീകരിയ്ക്കാൻ കഴിയില്ലെന്ന് നിങ്ങൾ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നു ഒന്നറിഞ്ഞാൽ കൊള്ളാം…
ഓർമ വച്ച നാളു മുതൽ നിങ്ങളെ മാത്രം മനസ്സിൽ പൂജിച്ചു നടന്നതാണ് ഞാൻ… ഒരിയ്ക്കലെങ്കിലും എന്റെ സ്നേഹത്തെ തിരിച്ചറിയാൻ നിങ്ങള്ക്ക് കഴിഞ്ഞോ?? കൂടപ്പിറപ്പിനെപ്പോലെ കണ്ടു പോയത്രെ!!!”
പരിഹാസം കലർന്ന നേർത്ത ചിരി അവളുടെ ചുണ്ടുകളിൽ തെളിഞ്ഞു..
“എന്നെങ്കിലുമൊരിയ്ക്കൽ കണ്ണേട്ടൻ എന്റെ പ്രണയം തിരിച്ചറിയുമെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു… അതിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിയ്ക്കുകയായിരുന്നു ഞാൻ..
എന്നിട്ടിപ്പൊ യാതൊരു മനുഷ്യപ്പറ്റുമില്ലാതെ എന്റെ കല്യാണം ഉറപ്പിച്ചിരിയ്ക്കുന്നു…”
“അതിനു വസുവിന് എന്താ ഒരു കുഴപ്പം?? നമുക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധം തന്നെയാണിത്… മാത്രവുമല്ല അവനു നിന്നെ കുഞ്ഞു നാള് തൊട്ടേ ഇഷ്ടമാണ്…”
“ഹും… കുഞ്ഞുനാള് തൊട്ടുള്ള ഇഷ്ടത്തിന്റെ കണക്കൊന്നും നിങ്ങളിവിടെ വിളമ്പണ്ട….ഒരു വാക്ക് നിങ്ങളെന്നോട് ചോദിച്ചിരുന്നോ?? എന്റെ സ്വപ്നങ്ങളും മോഹങ്ങളും ഒരു തൂവലിന്റെ വില പോലും കല്പിയ്ക്കാതെ ദഹിപ്പിച്ചു ചാരമാക്കിയിട്ടു ഒടുവിൽ ഞാൻ സ്വപ്നത്തിൽ പോലും സങ്കല്പിയ്ക്കാത്തൊരാളുടെ തലയിൽ എന്നെ കെട്ടി വച്ചിട്ട് നിങ്ങൾക്കെന്തു നേട്ടം???”
“അമ്മൂ…..”
“ശബ്ദമുയർത്തണ്ട… ഇത്രയും കാലം ഹൃദയത്തിന്റെ അടിത്തട്ടിൽ കുഴിച്ചു മൂടിയതെല്ലാം ഈ മുഖത്തു നോക്കി വിളിച്ചു പറയാൻ വേണ്ടി തന്നെ വന്നതാണ് ഞാൻ…
ഈ ജന്മം വേറൊരാളെ സങ്കല്പിയ്ക്കാൻ പോലും കഴിയില്ലെനിയ്ക്ക്… എനിയ്ക്കൊരു ജീവിതമുണ്ടെങ്കിൽ അത് കണ്ണേട്ടന്റെ കൂടെ മാത്രമായിരിയ്ക്കും… മറ്റൊരാളുടെ മുൻപിൽ തല കുനിയ്ക്കേണ്ടി വന്നാൽ ആ നിമിഷം ജീവത്യാഗം ചെയ്യും ഞാൻ!! “
“നീയെന്തൊക്കെ വിഡ്ഢിത്തമാണ് വിളിച്ചു പറയുന്നതെന്ന് വല്ല ധാരണയുണ്ടോ നിനക്ക്??”
“അതെ… വിഡ്ഢിത്തമാണ്…. എന്റെ ജീവനേക്കാൾ നിങ്ങളെ സ്നേഹിച്ചത്… നിങ്ങളുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടു നടന്നത്… ഒടുവിൽ എല്ലാവരുടെയും മുൻപിൽ വച്ച് നിങ്ങളെന്റെ പ്രണയത്തെ ഭൂമിയോളം ചവിട്ടിത്താഴ്ത്തിയപ്പോൾ കണ്ണീരൊലിപ്പിച്ചു നിന്നത്… എല്ലാം എന്റെ മാത്രം വിഡ്ഢിത്തമായിരുന്നു…”
“ഭ്രാന്തു പറയുന്നതിന് മുൻപ് എന്റെ ഭാഗം കൂടി ഒന്ന് ചിന്തിച്ചു നോക്കണം.. പലതവണ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് മാളുവിനെപ്പോലെയാണ് നിന്നേയും..”
“….മാളു നിങ്ങളുടെ കൂടെപ്പിറപ്പാണ്… ഞാൻ മുറപ്പെണ്ണും.. രണ്ടു ബന്ധങ്ങളും പൂർണമായും ഇരുതട്ടിൽ തന്നെയാണ്… നിങ്ങളെന്നെ സ്നേഹിച്ചിട്ടില്ലെന്നു പറഞ്ഞാൽ വിശ്വസിയ്ക്കാൻ മാത്രം മണ്ടിയല്ല ഞാൻ….
അരുതാത്ത രീതിയിൽ നോക്കിയവരെയെല്ലാം കൈക്കരുത്തുകൊണ്ടു ആകറ്റിയത്.. ആഗ്രഹങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ സാധിച്ചു തന്നത്… സദാ ഒരു കവചം പോലെ എന്റെ കൂടെ നിന്നത്… എല്ലാം നിങ്ങളെന്നെ സ്നേഹിച്ചിരുന്നു എന്നതിനുള്ള അടയാളങ്ങളാണ്… എന്റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഞാൻ പങ്കുവച്ചത് നിങ്ങളോട് മാത്രമാണ്..”
ശബ്ദമിടറാതിരിയ്ക്കാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു…
“അതെല്ലാം എന്റെ കടമയും ഉത്തരവാദിത്തവുമായിക്കണ്ടു ചെയ്ത കാര്യങ്ങളാണ്… അതിനെ മറ്റൊരർത്ഥത്തിൽ വിലയിരുത്താൻ ലജ്ജ തോന്നുന്നില്ലേ നിനക്ക്???”
“അല്ല!! സത്യമിതായിരുന്നു… കാലം കടന്നു പോകും തോറും നിങ്ങൾക്കെന്നെയും എന്റെ സ്നേഹത്തേയും മടുത്തു പോയിരുന്നു…
കയ്ച്ചു പോയൊരു ബന്ധത്തെ അറുത്തുമുറിച്ചു പുതിയ മാനദണ്ഡവും നൽകി ഒടുവിൽ എന്റെ കണ്ണീരും വേദനയും ഞാൻ അനുഭവിച്ച പരിഹാസവും ശാപമായി നിങ്ങളുടെ തലയിൽ വീഴാതിരിയ്ക്കാൻ മറ്റൊരാൾക്ക് ബലിയർപ്പിയ്ക്കുന്നു!!!
നിങ്ങൾക്കിതൊക്കെ എത്ര നിസ്സാരം അല്ലെ???
താൽക്കാലിക രക്ഷ നേടി നിങ്ങൾ ഒഴിഞ്ഞു മാറിയപ്പോഴും ഓരോ നിമിഷവും നിങ്ങളെയോർത്തു നീറി നീറി കഴിയുന്ന ഒരു പെണ്ണിന്റെ വേദന ഒരിയ്ക്കൽ പോലും നിങ്ങളെ സ്പർശിച്ചിരുന്നില്ലേ??”
“ഇനിയൊരക്ഷരം മിണ്ടിയാൽ എന്റെ കയ്യിന്റെ ചൂട് നീയറിയും..”
“ഭയപ്പെടുത്തിയാൽ നിശ്ശബ്ദം കരയുന്ന പൊട്ടിപ്പെണ്ണാണ് ഞാനിപ്പോഴും എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി…
നിങ്ങളെന്താ വിചാരിച്ചത്?? ജീവിതകാലം മുഴുവൻ കളിപ്പന്താടാൻ എന്റെ ജീവിതം ഞാൻ വിട്ടു തരുമെന്നോ??
അനുവാദം കൂടാതെ എന്റെ മോഹങ്ങളും സ്വപ്നങ്ങളും മറ്റൊരാൾക്ക് തീറെഴുതിക്കൊടുക്കാൻ നിങ്ങൾക്കെന്തവകാശം??
തോന്നുമ്പോൾ തോന്നുമ്പോൾ നിങ്ങളെപ്പോലെ ഭാവപ്പകർച്ച നടത്താൻ തക്കവണ്ണം അഭിനയ പരിജ്ഞാനം ഇല്ലാതെ പോയതാണെന്റെ കഴിവുകേട്!!”
“എന്ത് ഭാവപ്പകർച്ചയെക്കുറിച്ചാണ് നീ പറയുന്നത്??? എന്റെ ആത്മാർത്ഥതയ്ക്കു മേൽ ഇത്രയും ചോദ്യങ്ങളെറിയാൻ എന്ത് കാരണമാണ് നിനക്ക് കിട്ടിയതെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു…”
നിയന്ത്രണം കൈവിട്ടുപോവാതിരിയ്ക്കാൻ പാടുപെടുന്നതിനിടയിൽ കണ്ണൻ മറു ചോദ്യമെറിഞ്ഞു…
“ആത്മാർത്ഥത!!! ആ വാക്ക് ഉച്ഛരിയ്ക്കാനുള്ള യോഗ്യതയുണ്ടോ നിങ്ങൾക്ക്?? കുട്ടിക്കാലം മുതൽ നിങ്ങളെ മാത്രം പ്രാണനിൽ പ്രതിഷ്ഠിച്ചു നടന്നൊരു പെണ്ണിന്റെ പ്രണയത്തിന് വിലയിടുമ്പോൾ നിങ്ങളീ രോക്ഷം കൊള്ളുന്ന ആത്മാർത്ഥതയൊക്കെ എവിടെപ്പോയിരുന്നു??”
“അമ്മൂ… ഇത്തരമൊരു ക്ഷമ പരീക്ഷണത്തിനുള്ള മാനസികാവസ്ഥയിലല്ല ഞാനിപ്പോൾ..”
“അപ്പോൾ എന്റെ നഷ്ടങ്ങളെല്ലാം എന്റെ മാത്രം നഷ്ടങ്ങളായി നില കൊള്ളട്ടെ എന്ന്…. അല്ലെ?? ശിലയിൽ കൊത്തിയത് പോലെ മനസ്സിൽ ഉറച്ചു പോയ ഈ രൂപം മറന്നിട്ട് വേറൊരാൾക് മുൻപിൽ കഴുത്തു നീട്ടാൻ കഴിയില്ലെനിയ്ക്ക്…
ഇത്രയും നാൾ ആരോരും കാണാതെ കരഞ്ഞു തീർത്തു… ഇനിയും എത്ര നാൾ?? അയാൾ എന്റെ കഴുത്തിൽ താലി ചാർത്തുന്നത് വരെയോ??
വയ്യ!!
ഇനിയും കണ്ണേട്ടനെന്നെ സ്വീകരിയ്ക്കാൻ കഴിയില്ലെങ്കിൽ ഞാൻ ജീവിച്ചിരിയ്ക്കുന്നതിൽ എന്തർത്ഥം??? എല്ലാവരെയും പോലെ പാഴ്വാക്കു പറഞ്ഞു ശീലിച്ചിട്ടിലിതുവരെ… കാത്തിരിയ്ക്കണമെന്നൊരു വാക്കെങ്കിലും കേട്ടാൽ മതിയെനിയ്ക്ക്… ഏഴു ജന്മം മുഴുവൻ കാത്തിരുന്നോളാം ഞാൻ.. “
അവളുടെ ശബ്ദത്തിൽ വേദന ചാലിച്ച നിസ്സഹായത പടർന്നു…
“എന്തെങ്കിലും തീരുമാനം ഉണ്ടാവുന്നതുവരെ അമ്മു ഇവിടെത്തന്നെയുണ്ടാവും… കണ്ണേട്ടനെന്തൊക്കെ പറഞ്ഞാലും…
ബലമായി എന്നെ വീട്ടിൽ കൊണ്ട് വിടാമെന്നാണെങ്കിൽ അവിടെയെത്തുന്നത് എന്റെ ജീവനില്ലാത്ത ശരീരമായിരിയ്ക്കും…”
കണ്ണ് തുടച്ചുകൊണ്ട് അവൾ അകത്തേയ്ക്ക് പോയപ്പോൾ വാതിൽപ്പടിയിൽ മുത്തശ്ശി തരിച്ചു നിൽക്കുന്നുണ്ടായിരുന്നു…
മനസ്സിലെ തളർച്ച ശരീരത്തെയും വിഴുങ്ങുന്നതായി തോന്നി കണ്ണന്..
വലിയ രണ്ടു ഉത്തരവാദിത്തങ്ങൾക്കു നടുവിൽ ഹൃദയം വെന്തുരുകുന്നത് പോലെ…
കണ്ണടച്ചാൽ ആമിയുടെ മുഖം മാത്രമാണ് മനസ്സിൽ തെളിയുന്നത്…
എന്തെങ്കിലും ചെയ്യണമെങ്കിൽ പൂർവ്വ ജന്മത്തെക്കുറിച്ചറിയുക എന്നൊരൊറ്റ മാർഗം മാത്രമേ മുൻപിലുണ്ടായിരുന്നുള്ളൂ….
ആമി വരാതെ അതറിയാനുള്ള മറ്റു മാർഗ്ഗങ്ങളുമില്ല…
അച്ഛനും അമ്മാവനും വന്ന് ആവും പടി വിളിച്ചിട്ടും ശാസിച്ചിട്ടും അമ്മു മടങ്ങിപ്പോവാൻ കൂട്ടാക്കിയില്ലെന്നത് മനസ്സിലെ പ്രയാസങ്ങളുടെ തീവ്രത കൂട്ടി…
ആമി പറഞ്ഞതനുസരിച്ചു മുത്തശ്ശന്റെ അച്ഛൻ ജീവിച്ചിരുന്ന കാലത്താവാം ഞങ്ങളുടെ പൂർവ്വ ജന്മവും സംഭവ്യമായത്!!
” മുത്തശ്ശീ …. ഈ തറവാട് നിർമ്മിച്ചിട്ടിപ്പോ ഏകദേശം ഒരു നൂറു കൊല്ലമൊക്കെ ആയിക്കാണില്ലേ,??”
“അതിനും മേലെയായിക്കാണും കണ്ണാ… ഇടയ്ക്ക് നിന്റെ മുത്തശ്ശൻ ഒന്ന് പൊളിച്ചു പണിതിരുന്നു… അതിന്റെ ഈടൊക്കെ ഇപ്പൊ കഴിയാറായിരിയ്ക്കുണു…”
“അപ്പൊ കാർന്നോമ്മാരുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കളൊക്കെ ഇവിടെയുണ്ടാവോ??”
“അതൊക്കെ ആ തെക്കേ അറ്റത്തെ മുറിയിൽ വച്ച് പൂട്ടിയതാ… തുറന്നിട്ടിപ്പൊ വർഷങ്ങളൊത്തിരി കഴിഞ്ഞില്ല്യേ… ന്തേ ഇപ്പൊ ഇതൊക്കെ ചോദിയ്ക്കാൻ??”
“ഏയ് ഒന്നുല്ല മുത്തശ്ശി… ചുമ്മാ ചോദിച്ചെന്നേയുള്ളു…”
തൽക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചെങ്കിലും രാത്രി മുത്തശ്ശിയറിയാതെ താക്കോൽക്കൂട്ടം കൈക്കലാക്കി ഞാനാ മുറി പതിയെ തുറന്നു…
ഒരുപാട് ഗ്രന്ഥങ്ങളും തകിടുകളും പട്ടുകളും നിറഞ്ഞ മുറിയായിരുന്നു അത്… പഴമയുടെ തീവ്ര ഗന്ധം ശ്വാസത്തിൽ കലർന്നു… പൊടിയും മാറാലയും അടിഞ്ഞു കൂടി കിടക്കുകയായിരുന്നു അവിടം മുഴുവൻ…
കരുതിയിരുന്ന എമർജൻസി ലൈറ്റിന്റെ വെളിച്ചത്തിൽ വ്യക്തമായി കണ്ടു ഞാനത്!!
താഴേയ്ക്ക് ഒരു വാതിൽപ്പാളി!!
വലിയ ശബ്ദത്തോടെ അത് തുറന്നു നോക്കിയപ്പോൾ ശെരിയ്ക്കും അത്ഭുതപ്പെട്ടു…
ഭൂമിയ്ക്കടിയിലേയ്ക്ക് ഒരു അറ!! ഈ വീടിനു ഇങ്ങനെയൊരു നിലവറയുള്ള കാര്യം ശരിയ്ക്കും അത്ഭുതമായിരിയ്ക്കുന്നു!!!
താഴോട്ടുള്ള ചെറിയ ഇരുമ്പു ഗോവണി വഴി നിഗൂഢതകളൊളിപ്പിച്ച മുറിയിലേയ്ക്ക് ശ്രദ്ധയോടെ ചുവടു വച്ചു…
കയ്യിലെ എമർജൻസി ലൈറ്റ് തെളിച്ചു…
അവിടെ കണ്ട കാഴ്ചയിൽ സപ്ത നാഡികളും തളർന്നു ഞാൻ മരവിച്ചു നിന്ന് പോയി!!!!
(തുടരും….)
രചന: സ്വാതി. കെ.എസ്
( നിങ്ങളുടെ വായനയ്ക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി കഥയുടെ വഴിത്തിരിവിലേയ്ക്കാണ് നമ്മുടെ യാത്ര… വരും ഭാഗങ്ങളിൽ ആദിയുടെയും ആമിയുടെയും പൂർവ്വ ജന്മ ചരിത്രത്തിലേയ്ക്കൊരു യാത്ര പോവാം… എല്ലാരും തുടർന്നും കൂടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ താൽക്കാലിക അടിവരയിടുന്നു ഒത്തിരി സ്നേഹത്തോടെ സ്വന്തം സ്വാതി)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സ്വാതിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission