Skip to content

ഡെയ്സി – 12

daisy novel

ഡെയ്സിയുടെ വീട്ടിൽ എല്ലാവരെയും ഇറക്കി വിട്ടിട്ട് റോയ് പോകുമ്പോൾ ഒരു നോട്ടം പ്രതീക്ഷിച്ചതുപോലെ ഡെയ്സി ഇറങ്ങിയ ഇടത്തുനിന്നും അനങ്ങാതെ നിന്നു……..വണ്ടി കണ്ണിൽനിന്നും മറഞ്ഞപ്പോൾ അവൾപതിയെ അകത്തേക്ക് കയറി……..

അകത്തേക്ക് കയറിയപ്പോൾ അന്നയും ആനിയും അമ്മച്ചിയോട് തർക്കിക്കുന്നത് കേട്ടു…….. ആ മുറിയിൽ ഡെയ്സിയും കൂടി പറ്റില്ലെന്ന്…….  ആകെ ഒരു കട്ടിൽ മാത്രമേ ഉള്ളൂ അവിടെ….. രാത്രിയിൽ കൊച്ചു കിടന്നു കരഞ്ഞാൽ പഠിക്കാൻ പറ്റില്ല…ഉറങ്ങാൻ പറ്റില്ല….എന്നൊക്കെ…. സ്വന്തം വീടെങ്കിലും എങ്ങോട്ടേക്ക് പോകണമെന്നറിയാതെ ഡെയ്സി നിന്നു…….  നടുവ് വെട്ടി പൊളിക്കുന്നു…….. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്നേ ഉള്ളൂ ഇപ്പോൾ…… അപ്പച്ചനും അമ്മച്ചിയും കിടക്കുന്ന മുറിയിലേക്ക് ഡെയ്സിയുടെ സാധനങ്ങളൊക്കെയും അമ്മച്ചി മാറ്റി….. അവിടെയും ഉള്ളത് ഒരു കട്ടിൽ മാത്രമാണ്…..അമ്മച്ചിയുടെ നടുവേദനയും അപ്പച്ചന്റെ വയ്യായ്കയും ഓർത്തപ്പോൾ തന്റെ വേദന ഒന്നുമല്ലെന്ന് തോന്നി നിലത്ത് പായ വിരിച്ചു……തുണി കട്ടിയിൽ വിരിച്ച് കുഞ്ഞിനെ കിടത്തി….  അമ്മച്ചി യോട് പറഞ്ഞു….കട്ടിൽ എടുത്തോളൂ എനിക്ക് വേണ്ട,  ഞാൻ ഇവിടെ കിടന്നോളാം…….. പറഞ്ഞിട്ട് നിലത്തേക്ക് കിടന്നു കുഞ്ഞിന് പാലുകൊടുത്തു……കേൾക്കേണ്ട താമസം അന്നയും ആനിയും കട്ടിൽ എടുത്ത് വെളിയിലേക്ക്ഇട്ടു അപ്പച്ചനും അമ്മച്ചിക്കും കിടക്കാൻ…… അമ്മച്ചി ഡെയ്സിയെ നോക്കി കണ്ണുതുടച്ചു…………..

അപ്പച്ചൻ കുറച്ച് പച്ചമരുന്നും ലേഹ്യവും ഒക്കെ കൊണ്ടുവന്നു……  പ്രസവ ശുശ്രൂഷയ്ക്ക്……റോയിച്ചൻ കൊടുത്ത പൈസ യിൽ നിന്നും വാങ്ങിയതാണത്രേ …… എന്റെ കുഞ്ഞിനെ വളർത്താൻ എനിക്ക് ആരോഗ്യം വേണം… അതുകൊണ്ട് അനിയത്തിമാരുടെ കുത്തുവാക്കുകൾ കേട്ടില്ലെന്ന് നടിച്ചു മരുന്നുകളൊക്കെയും കഴിച്ചു……. അമ്മച്ചി കുഞ്ഞിനെ  കുളിപ്പിക്കുന്നതും തുടയ്ക്കുന്നതും  രണ്ടു ദിവസം നോക്കി നിന്നു പഠിച്ചു…… പിന്നീട് തനിച്ചായി കുളിപ്പീര് ഒക്കെ……. ഇരിക്കുമ്പോൾ തുന്നിക്കെട്ടിയ വയർ വലിഞ്ഞു വേദനയ്ക്കുമെങ്കിലും അതൊന്നും കാര്യമാക്കിയില്ല …….. അമ്മയുടെ മാത്രം കുഞ്ഞ് ആയതു കൊണ്ടായിരിക്കും അമ്മയുടെ അവസ്ഥ മനസ്സിലാക്കി കാറാനും വഴക്കിടാനുമൊന്നും നിൽക്കില്ലായിരുന്നു……. എവിടെയെങ്കിലും കിടത്തിയാൽ അവിടെ കിടന്നോളും….. കുഞ്ഞിനുവേണ്ടിയോ തനിക്ക് വേണ്ടിയോ ഒന്നും പ്രത്യേകിച്ച് വാങ്ങേണ്ടന്ന് അമ്മച്ചിയോട് പ്രത്യേകം പറഞ്ഞേൽപ്പിച്ചു…….. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അടുക്കളപ്പണിയിൽ സഹായിക്കാൻ തുടങ്ങി…. അമ്മച്ചി എതിർത്തെങ്കിലും ഡെയ്സി ചെയ്തുകൊണ്ടിരുന്നു…….

ഇടയ്ക്കൊന്ന് റോയി വന്നു…..  ആരെയും വെളിയിൽ കാണാഞ്ഞപ്പോൾ റോയി അകത്തേക്ക് ചെന്നു….ആരുമില്ലേ ഇവിടെ…. ചെന്ന് പെട്ടത് അന്നയുടെ മുന്നിലും…… തൊട്ടു തൊട്ടില്ല എന്ന രീതിയിൽ…… പെട്ടെന്ന് റോയ് തിരിഞ്ഞു പോകാൻ തുടങ്ങിയതും അന്ന അയാളുടെ കൈയെടുത്ത് രണ്ടു കയ്യിലും ആയി പിടിച്ചു……..  എന്തോ പറയാൻ തുടങ്ങിയതും റോയിയുടെ കണ്ണുകൾ പരിഭ്രാന്തിയോടെ പിന്നിലേക്ക് പോകുന്നത് കണ്ടു തിരിഞ്ഞു നോക്കിയപ്പോൾ ഡെയ്സി……. തുണി കഴുകിയിട്ടുള്ള  വരവാണ്……  ദേഹത്ത് നിറയെ വെള്ളമാണ്…… രണ്ടാളെയും മാറിമാറി നോക്കി ഡെയ്സി……റോയ് പെട്ടെന്ന് കൈ വലിച്ചെടുത്തു……. തന്നെ ദേഷ്യത്തിൽ നോക്കി നിൽക്കുന്ന ഡെയ്സിയോടായി അന്ന പറഞ്ഞു………..

അതിനും മാത്രം ഇവിടെ ഒന്നും നടന്നിട്ടില്ല….ഇത്രയും ദേഷ്യത്തിൽ നോക്കേണ്ട കാര്യമൊന്നുമില്ല……. നിങ്ങൾ ചെയ്തത് പോലെ അത്രയും ഒന്നും വൃത്തികേട് ഞാൻ ചെയ്തിട്ടുമില്ല…….. പിന്നെ അടിക്കാനോ വല്ലോ ഉദ്ദേശവുമുണ്ടെങ്കിൽ തിരിച്ചു കൊള്ളാനും കൂടി തയ്യാറായിട്ട് വേണം…….  അന്ന ദേഷ്യത്തിൽ അകത്തേക്ക് പോയി…….

ചെറുപ്പംമുതൽ അടിച്ചമർത്തപ്പെട്ടതിന്റെയും.. ഡെയ്സി യോടുള്ള കുശുമ്പും അസൂയയും…തന്നിൽ നിന്നും റോയിയെ തട്ടിയെടുത്തതിന്റെ ദേഷ്യവും എല്ലാം മനസ്സിൽ നിന്നും അപ്പോൾ പുറത്തേക്ക് ചാടി…….

റോയ്ക്ക് ഡെയ്സിയെ നോക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല…..  സത്യം ബോധിപ്പിക്കാൻ തുടങ്ങിയപ്പോൾ മുന്നിൽ ഡെയ്സി ഉണ്ടായിരുന്നുമില്ല…… മുറിയുടെ വാതിൽക്കൽ പോയി നിന്നു കുറച്ചു നേരം…….. ഡെയ്സി കുഞ്ഞിന്റെ കൈയെടുത്ത് ഉമ്മവെച്ച് കുഞ്ഞിനടുത്തു ചുരുണ്ടുകൂടി കിടപ്പുണ്ട് …….. മുഖം കാണാൻ കഴിയുന്നില്ല…… കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീര് അവൾക്ക് മാത്രമേ അറിയാൻ കഴിഞ്ഞുള്ളൂ എന്നുമാത്രം………

ആരോടും ഒന്നും പറയാതെ റോയി ഇറങ്ങി പോയി…….

വിറകു കീറും പോലെയുള്ള ശബ്ദം കേട്ടാണ് ഡെയ്സി മുറ്റത്തേക്ക് ചെന്നത്….. അമ്മച്ചിക്ക് ഇതൊന്നും ചെയ്തു കൂടാ…… അത് ചെയ്യാൻ ഓടി വന്നതാണ്…. മംഗലത്തേക്ക് താൻ പോകാറുള്ള വഴി അടയ്ക്കുകയാണ് അപ്പച്ചൻ….. അമ്മച്ചി അടുത്തു തന്നെ കമ്പെടുത്തു കൊടുത്തു നിൽപ്പുണ്ട്…… ഡെയ്സിയെ കണ്ടപ്പോൾ രണ്ടാളും വല്ലാതായി……. നെഞ്ചു മുറിഞ്ഞു ചോര വരുന്നതറിഞ്ഞു ഡെയ്സി…… ഒന്നും മിണ്ടാതെ അകത്തേക്ക് തിരിഞ്ഞു നടന്നപ്പോൾ അനിയത്തിമാരുടെ മുറിയിൽ അവർ സംസാരിക്കുന്നത് കേട്ടു…………ഇനിയും കട്ട് തിന്നാൻ വേലി ചാടാതിരിക്കാൻ വേലി മുറുക്കി കെട്ടുവാ അപ്പച്ചൻ……. നാട്ടുകാരൊന്നും അധികം അറിഞ്ഞില്ലെന്നു തോന്നുന്നു…… പുറത്തേക്കിറങ്ങുമ്പോൾ ഭാഗ്യത്തിന് കളിയാക്കാൻ ആരും വരാറില്ല…….. അന്നയും ആനിയും ചിരിക്കുന്നത് കേട്ടു……….  വാതിൽചാരിയിട്ട് മുഖം മുട്ടിന്മേൽ വച്ച് കരഞ്ഞു……. പുറത്തു കേൾക്കാതിരിക്കാൻ  വായ പൊത്തിപ്പിടിച്ചു…… കുറച്ചു നേരം കരഞ്ഞപ്പോൾ മനസ് തണുത്തു……..

ഡെയ്സി വീട്ടിൽ നിൽക്കാൻ തുടങ്ങിയിട്ട് രണ്ടു മാസത്തോളമായി…… കുഞ്ഞിനെ വിട്ടൊരു ലോകമില്ല ഡെയ്സിയ്ക്ക്….. ആരും കൊഞ്ചിക്കാൻ വരാത്തതുകൊണ്ട് എല്ലാവരുടെയും സ്നേഹം കൊടുക്കുന്നത് ഡെയ്സി ഒരാൾ മാത്രമാണ്…… മറ്റുള്ള കുഞ്ഞുങ്ങളെ പോലെ അധികം കരയാറില്ല…… മച്ചിലേക്ക് നോക്കി കിടക്കും……  ഡെയ്സിയെ മാത്രം നോക്കും….. ഇടയ്ക്കിടെ ആശ്വസിപ്പിക്കും പോലെ ഒന്നു ചിരിച്ചു കാണിക്കും……. ആരുമില്ലാത്തപ്പോൾ ഡെയ്സി കുഞ്ഞിനെ ബൈബിൾ ഉറക്കെ വായിച്ചു കേൾപ്പിക്കും……

മംഗലത്തെ ചെക്കനെ ഇന്നലെ വീട്ടിൽ കൊണ്ടുവന്നു……. അമ്മച്ചി അപ്പച്ചനോട് രഹസ്യം പോലെ പറഞ്ഞതാണ്……

മ്മ്…….ഞാൻ കണ്ടിരുന്നു……  റോയി ഒരുപാട് ഉപദ്രവിച്ചു…….. മുഖത്തൊക്കെ ഒരുപാട് പാടുണ്ട്……. വണ്ടിയിൽ പോകുന്നത് കണ്ടതാ…..  എന്നാലും അത്രയും ഒന്നും വേണ്ടായിരുന്നു… ഒന്നുമല്ലെങ്കിലും അസുഖമുള്ള കുട്ടിയല്ലേ…. അപ്പച്ചൻ പറഞ്ഞു…..

പിന്നെ എങ്ങനെ ഉപദ്രവിക്കാതിരിക്കും….റോയുടെ സ്ഥാനത്ത് ആരായിരുന്നാലും ഇതൊക്കെ തന്നെ ചെയ്യും….. കൊന്നില്ലല്ലോ….. അതുതന്നെ ഭാഗ്യം……….

എന്നാലും നമ്മുടെ പെണ്ണിന് നമ്മളെ ചതിക്കാൻ എങ്ങനെ മനസ്സു വന്നൂന്നാ……….. എന്നും മംഗലത്ത് പറഞ്ഞുവിടുന്നത്……  അകത്തു കയറരുത് ആളുകളെ കൊണ്ട് പറയിപ്പിക്കരുത് എന്നൊക്കെ പറഞ്ഞിട്ട് ആയിരുന്നില്ലേ……അത്രയ്ക്ക് വിശ്വാസം ആയിരുന്നില്ലേ അവളെ………

ആ വിശ്വാസമാണ് ഇന്ന് ഈ നിലയിൽ കൊണ്ടെത്തിച്ചത്……. തമ്മിൽ ഭേദം ഇളയതുങ്ങൾ തന്നെയാണ്……കുറച്ച് സ്വാർത്ഥത ഉണ്ടെന്നേ ഉള്ളൂ……. ഇമ്മാതിരി തലതെറിച്ച പണിക്ക് നിൽക്കില്ല……. അമ്മച്ചി പറഞ്ഞു……..

എങ്കിലും പാവം റോയി…..  അവന്റെ മുഖത്ത് നോക്കാൻ സാധിക്കുന്നില്ല…… അത്രയും നല്ല ചെക്കൻ ആയിട്ടു പോലും ഡെയ്സിക്കിത് എങ്ങനെ തോന്നിയെന്നാ……. അവനോട് ഇതിന് എങ്ങനെ പരിഹാരം കാണും എന്നാണ് ഞാൻ വിചാരിക്കുന്നത്….. അപ്പച്ചൻ വിഷമിച്ചു പറഞ്ഞു…….

എല്ലാം കേട്ടുകൊണ്ടിരുന്ന ഡെയ്സി ക്ക് ശിവയുടെ കാര്യം ഓർത്തപ്പോൾ വിഷമം വന്നു…… ശിവച്ഛൻ നന്നായി കഷ്ടപ്പെടുന്നുണ്ടാവും……കുഞ്ഞിക്കൈ മുഖത്തേക്കടിച്ചപ്പോൾ ഡെയ്സി കുഞ്ഞിനെ നോക്കി.. അവൾ മോണ കാട്ടി ഒന്നു ചിരിച്ചു….. എവിടെയോ എന്തോ ഓർമ്മ വന്നത് പോലെ…… ഒന്നുകൂടി അവളെ സൂക്ഷിച്ചു നോക്കി…. ശിവ വരച്ച പടത്തിലെ കുഞ്ഞിന്റെ ഛായ തോന്നും പോലെ… അതേ… അതേപോലെ തന്നെ…. കുഞ്ഞിക്കയ്യിൽ കരിവളയോ നെറ്റിയിൽ പൊട്ടോ കാതിൽ നക്ഷത്ര കമ്മലോ ഇല്ല… അത്രയും വിത്യാസം മാത്രം….. തന്നെ വിശ്വസിക്കുന്നത് ഇപ്പോൾ അവർ മാത്രമാണ്….. അപ്പച്ചൻ വേലി കെട്ടിയടച്ചത് നന്നായി…. അല്ലെങ്കിൽ ചിലപ്പോൾ രണ്ടാളെയും കാണാൻ ഓടി ചെന്നേനെ താനവിടെ….. ശിവയുടെ മുറിവിൽ തലോടി ആശ്വസിപ്പിച്ചേനെ….. തനിക്ക് പറയാനുള്ളത് കേൾക്കാൻ ആളെ കിട്ടുമ്പോൾ മനസ്സ് തുറന്നു സംസാരിച്ചേനെ…… ശിവച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു മനസ്സിലെ ഭാരം ഇറക്കി വെച്ചേനെ…… നന്നായി…. അപ്പച്ചൻ ചെയ്തതാണ് ശരി… ഡെയ്സി ആശ്വസിച്ചു… ശിവച്ഛനും ഇപ്പോൾ വെറുക്കുന്നുണ്ടാവുമോ എന്നെ …… ഞാൻ കാരണമല്ലേ ശിവയ്ക്ക് ഇപ്പോൾ ഇങ്ങനെ അസുഖം വന്നത് …. കർത്താവേ ആരു തന്നെ വെറുത്താലും തള്ളിപ്പറഞ്ഞാലും അവർ മാത്രം തന്നെ വെറുക്കരുതേ….. അങ്ങനെ രണ്ടു പേര് എങ്കിലും എന്നെ സ്നേഹിക്കാനുണ്ടല്ലോയെന്ന വിശ്വാസത്തിലാണ് ജീവിതം.. നടുക്കടലിൽ മുങ്ങി താഴുന്നവളുടെ കച്ചിത്തുരുമ്പ്…. എന്റെ കുഞ്ഞിനെ സ്നേഹത്തോടെ ഒന്നു നോക്കാൻ ഇപ്പോൾ അവർ മാത്രമേയുള്ളു……

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ റോയ് വന്നു…. അപ്പച്ചനോട് പറഞ്ഞു ഡെയ്സിയെ കൂട്ടാൻ വന്നതാണെന്ന്…. ഡെയ്സിയേക്കാൾ ശക്തിയിൽ ഞെട്ടിയത് അന്നയാണ്….. ഡെയ്സിയ്ക്ക് അത് നന്നായി അറിയാൻ സാധിക്കയും  ചെയ്തു….   അപ്പച്ചൻ വാഴ്ത്തപ്പെട്ടവരെ കാണുംപോലെ റോയിയെ നോക്കി……. റിൻസിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നിരുന്നു…..അവർക്ക് ഇഷ്ടപ്പെട്ടു പോയി…… ഉറപ്പിക്കാൻ അടുത്ത ദിവസം വരും….  ഏട്ടത്തിയെ കാണണമെന്ന് പറഞ്ഞു അന്വേഷിച്ചു …..

കാഴ്ചവസ്തു ആയിട്ടാണ്…..എന്നാലും സാരമില്ല…. റിൻസിക്ക് നല്ല ജീവിതം കിട്ടുന്ന കാര്യമല്ലേ…… മാത്രമല്ല എന്റെ കുഞ്ഞിന് അവളുടെ അപ്പച്ഛന്റെ വീട്ടിൽ താമസിക്കാൻ കിട്ടിയ അവസരം അല്ലേ…… ഒരിക്കലെങ്കിലും റോയിച്ചൻ അവളെ ഒന്ന് സ്നേഹത്തോടെ നോക്കിയാൽ അത്രയും ആയില്ലേ……. ഡെയ്സി ഓർത്തു…… അമ്മച്ചിയാണ് വന്ന് പറഞ്ഞത് റോയിയുടെ കൂടെ പോകാൻ…… ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ആളാണ് ഇപ്പോൾ താൻ…… അവർ തീരുമാനിക്കുന്നു ഞാൻ അനുസരിക്കുന്നു…… അനുസരിച്ചില്ലെങ്കിൽ ഒറ്റപ്പെടുത്തും…. പോകാൻ ഒരിടമുണ്ട്…. തനിക്കായി എന്നും തുറന്നിട്ടിരിക്കുന്ന ഒരു വീടുണ്ട്…….. പക്ഷേ ഇനിയും ദ്രോഹിക്കാൻ വയ്യ…… വേദനിപ്പിക്കാനും……. ഇതായിരുന്നു ആ ബന്ധത്തിന്റെ അവസാനമെങ്കിൽ അത് അങ്ങനെയാവട്ടെ…..

കുഞ്ഞിന് ആവശ്യമുള്ള സാധനങ്ങൾ ഒന്നും തന്നെയില്ല…. അപ്പച്ചനോടും അമ്മച്ചിയോടും ഇതുവരെ ഒന്നും കുഞ്ഞിന് വേണ്ടി ആവശ്യപ്പെട്ടിട്ടില്ല…. അവരും അനിയത്തിമാരെ ഭയപ്പെട്ടിട്ട് വാങ്ങി തരാറുമില്ല…..ഹോസ്പിറ്റലിൽ നിന്നും ഗിഫ്റ്റ് പോലെ തന്ന പായ്ക്കറ്റിൽ കിട്ടിയ ഉടുപ്പും സോപ്പും പൗഡറും ഒക്കെയേ ഉള്ളൂ……. പിശുക്കി പിശുക്കി പിടിച്ചു നിർത്തുകയാണ്……..  ആരുമില്ലാത്തപ്പോൾ തുണി വെട്ടി കുഞ്ഞിനുള്ള ഉടുപ്പ് തയ്ക്കും…. അവളെ അതിടുവിപ്പിച്ചു ഭംഗി നോക്കും….  ആരോടും പരാതിയുമില്ല പരിഭവവുമില്ല……  എങ്കിലും ഒരു വിങ്ങൽ ആണ്….. അവൾക്ക് ആവശ്യമുള്ള ഒന്നും കൊടുക്കാൻ സാധിക്കുന്നില്ലല്ലോ എന്നോർത്ത്…… എല്ലാവരുടെയും മനസ്സിൽ ഇത് ശിവയുടെ കുഞ്ഞു തന്നെയാണ് അതുകൊണ്ടല്ലേ കുഞ്ഞിനെ മാമോദിസ മുക്കാൻ പോലും ആരുമൊന്ന് തയ്യാറാവാത്തത്…. ഒന്നു ചോദിക്കുക പോലും ചെയ്യാത്തത്…. ഓർത്തപ്പോൾ കണ്ണു നിറഞ്ഞൊഴുകി…. കരയുന്നത് കണ്ടിട്ടാവും കുഞ്ഞു ഡെയ്സിയെ സൂക്ഷിച്ചു നോക്കി….. കുഞ്ഞു കൈ രണ്ടും കൂട്ടിപ്പിടിച്ചു ചുണ്ടിൽ വെച്ചു….

എങ്ങനെയെങ്കിലും അമ്മ രണ്ടു കരിവള വാങ്ങിത്തരാം മുത്തിന് കേട്ടോ….. അത് കേട്ടയുടൻ കുഞ്ഞു കാലിട്ടടിച്ചു കാണിച്ചു….  അയ്യോ… കാലിൽ ഇടാനുള്ളത് വാങ്ങാൻ അമ്മയ്ക്ക് ആവതില്ലെടീ കുഞ്ഞേ……….. അവൾക്കത് മനസ്സിലായത് പോലെ അനങ്ങാതെ കിടന്നു…… നിനക്ക് വേറെ ഏതെങ്കിലും അമ്മയുടെ കുഞ്ഞായാൽ പോരായിരുന്നോ…… അതുകൊണ്ടല്ലേ നിനക്കുള്ള ഭാഗ്യമെല്ലാം നിഷേധിച്ചത്…… കുഞ്ഞു നെറ്റിയിൽ ഉമ്മ

വെച്ചിട്ട് അവളെ പൊതിഞ്ഞെടുത്തു നെഞ്ചിൽ ചേർത്തു പിടിച്ചു …….

റോയി ഡെയ്സിയെ കാത്തിരുന്നപ്പോൾ അന്ന അടുത്തേക്ക് വന്നു ചോദിച്ചു …….. വല്ലവന്റെയും കുഞ്ഞിനെ പ്രസവിച്ചവളെ റോയിച്ചൻ കൂടെ കൂട്ടേണ്ടതുണ്ടോ…… ആ കൊച്ചിനെ ഏറ്റെടുക്കാൻ പോകുവാണോ …. ഉപേക്ഷിച്ചു കൂടെ…. അവൾക്കും ശിവയുടെ കൂടെ ജീവിക്കാൻ ആവില്ലേ ഇഷ്ടവും ….. വെറുതെ തലയിൽ കൊണ്ടു നടക്കുവാ…..

റോയി അന്നയെ ഒന്നു സൂക്ഷിച്ചു നോക്കി………. കുറച്ചുനാളായി നിന്റെ സ്വഭാവം ഞാൻ കാണുന്നു…… അന്ന് ഞാൻ അറിയാതെ ചെയ്തു പോയതാണ്…… അതിന് നീ വേറെ അർത്ഥം കാണുകയും വേണ്ട……. ഞാൻ എന്തു വേണം എന്ന് നീ അല്ല തീരുമാനിക്കുന്നത്….. ഞാൻ നിന്റെ ചേച്ചിയുടെ ഭർത്താവ് തന്നെയാണ് ഇപ്പോഴും…..  ഇനിയും ഇതേപോലെ സംസാരവുമായി എന്റെ അടുത്ത് വന്നാൽ നല്ല പെട ഞാൻ വെച്ചുതരും…ഓർത്തോ…. റോയി വിരൽ ചൂണ്ടി പറഞ്ഞു…….

ഭർത്താവ് പോലും……. അന്ന ഒന്നു പുച്ഛിച്ചു ചിരിച്ചു……. എന്നിട്ട് ഭാര്യ പ്രസവിച്ചത് വല്ലവന്റെയും കുഞ്ഞിനെ ആണല്ലോ……  എന്റെ റോയിച്ചാ നിങ്ങൾക്ക് നാണമില്ലല്ലോ. കഷ്ടം തന്നെ…….. അവളേക്കാൾ മുൻപേ നിങ്ങളെ ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും മനസ്സിൽ കൊണ്ടു നടന്നതും ഞാനാണ്……  ഇതിന് ഇടയിലേക്ക് വന്നത് അവൾ ആണ്……. അതാണ് ഞാൻ ഇത്രയും അവളെ വെറുക്കുന്നതും…..  കർത്താവ് എന്റെ കൂടെയാ…. അതാണ് ഇപ്പോഴെങ്കിലും എന്റെ സ്നേഹം നിങ്ങൾക്ക് കാണിച്ചു തരാൻ അവസരമൊരുക്കി തന്നത്…… അന്ന പറയുന്നത് കേട്ട് റോയി ആകെ ഞെട്ടി നിന്നു………. താൻ ശിവയെ വെറുക്കാനുള്ള കാരണം ഡെയ്സിയോട് പറഞ്ഞത് ഓർത്തു…….. താൻ ശിവയെ വെറുക്കുന്നതിനും അന്ന ഡെയ്സിയെ വെറുക്കുന്നതിന്റെയും  കാരണം ഒന്നുതന്നെ…………

ഇങ്ങനെ വല്ലവരുടെയും വിഴുപ്പ് ചുമക്കല്ലേ റോയിച്ചാ…… എനിക്ക് സഹിക്കാൻ കഴിയുന്നില്ല…… അന്ന കണ്ണുനിറച്ച് അടുത്തേക്ക് വന്നു പറഞ്ഞു…….

കർത്താവേ ഇതെന്തൊരു പരീക്ഷണം…. റോയി ആലോചിച്ചു നിന്നപ്പോൾ ഡെയ്സി കുഞ്ഞുമായി വന്നു….. അവർ അടുത്തു നിൽക്കുന്നത് കണ്ടിട്ട് ഒന്നും പറയാതെ ആരോടും യാത്ര പറയാതെ റോയി വന്ന ഓട്ടോയിൽ കയറിയിരുന്നു……റോയി അന്നയെ ഒന്നു നോക്കാതെ ഡെയ്സിക്കൊപ്പം വന്നിരുന്നു……. ഡെയ്സി എല്ലാം കേട്ടോ……. റോയ് അവളുടെ മുഖത്തേക്ക് നോക്കി…..കുഞ്ഞിനെ ഇറുകിപ്പിടിച്ചു മുഖം കുഞ്ഞിന്റെ തോളിൽ വെച്ച് ദൂരേയ്ക്കു നോക്കി ഇരിക്കുകയാണ്………  വളവ് തിരിയുമ്പോൾ നിരങ്ങി അടുത്തേക്ക് വരാതിരിക്കാൻ കമ്പിയിൽ അമർത്തി പിടിച്ചിട്ടുണ്ട്…… ആ മുഖത്തെ ഭാവത്തിൽ നിന്നും ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല ഇപ്പോൾ……. ഒന്നും……അവൾ ആ കുഞ്ഞിനെ ചേർത്ത് പിടിച്ചത് പോലെ  ആവില്ലേ ശിവയേയും ചേർത്ത് പിടിച്ചിട്ടുണ്ടാവുക…….. ഓർക്കുമ്പോൾ ദേഷ്യം തോന്നും അവളോട്……  മംഗലത്ത് പടി കടന്നു പോകുമ്പോൾ ഡെയ്സിയുടെ മേലെ ആയിരുന്നു റോയിയുടെ കണ്ണ്….. പക്ഷേ അങ്ങോട്ടേക്ക് ഒന്നു നോക്കിയത് പോലുമില്ല അവൾ……

അവിടെ എത്തിയിട്ടും ഡെയ്സിയുടെ ജീവിതത്തിന് വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല….. അമ്മച്ചിയും റിൻസിയും ഡെയ്സിയോട് ഒന്നു മിണ്ടാനോ കുഞ്ഞിനെ ഒന്നു നോക്കാനോ നിന്നില്ല…. അവരുടെ അവഗണന കണ്ടപ്പോൾ അലറി ചോദിക്കണമെന്നുണ്ടായിരുന്നു ഇത് നിങ്ങളുടെ ചോരയാണ് ഒന്നു നോക്കുകയെങ്കിലും ചെയ്‌തൂടെയെന്ന് …… അപ്പോൾ പിന്നെ ശിവ എന്തിന് നിന്റെ ശരീരത്തിൽ തൊട്ടു എന്നു ചോദിച്ചാൽ മറുപടി ഇല്ല…… മറുപടി കൊടുത്താലും വിശ്വസിക്കുമോ നിങ്ങൾ…… ശിവയ്ക്കും എനിക്കുമിടയിൽ കാമം എന്നൊരു വികാരം ഉണ്ടായിട്ടില്ലെന്ന് എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും ഞാൻ……

പഴയ ഇടം തന്നെ തിരഞ്ഞെടുത്തു ഡെയ്സി…. കുഞ്ഞിന്റെ ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു…… കരയല്ലേ മുത്തേ….. ഇവിടെയും നിന്നെ സ്നേഹിക്കാൻ അമ്മ മാത്രേയുള്ളു…… തൊട്ടിൽ കെട്ടി ആട്ടിയുറക്കണമെന്ന് അമ്മയ്ക്കും ആഗ്രഹമുണ്ട്…. പക്ഷേ അമ്മയ്ക്ക് കഴിവില്ല….. ക്ഷമിക്കെടീ കുഞ്ഞേ ….. അമ്മയിങ്ങനെ ചേർത്തു പിടിച്ചോളാം…… ചുണ്ടു കൂർപ്പിച്ചു ചിരിച്ചു കാണിച്ചു അവൾ…..ഡെയ്സി തിരിച്ചും അതേപോലെ തന്നെ കാണിച്ചു……

എന്താടാ റോയീ നിന്റെ തീരുമാനം…. ആ പെണ്ണിനേയും കൊച്ചിനെയും നോക്കാനാണോ…. നീ പറ ഞാൻ പള്ളിയിൽ പോയി അച്ഛനെ കണ്ടു കാര്യം സംസാരിക്കാം….. ഒരു തീരുമാനം എടുപ്പിക്കാം….. എന്തായാലും വല്ലവന്റെയും കൊച്ച് എന്നെ വല്യമ്മച്ചീന്ന് വിളിക്കണ്ട…. ഞാനും വളർത്തുന്നുണ്ട് രണ്ടെണ്ണത്തിനെ….. സൗന്ദര്യവും നിറവും പഠിപ്പും കുറച്ചു കുറവാണെന്നെ ഉള്ളൂ മാനം കളഞ്ഞു ജീവിക്കില്ല….. കർത്താവ് കൊടുത്ത ശിക്ഷയാ മാസം തികയും മുന്നേ കീറിമുറിക്കേണ്ടി വന്നില്ലേ…… അമ്മച്ചി അത് പറഞ്ഞപ്പോൾ റോയി തല കുനിച്ചു…… അന്ന് താൻ തട്ടി മാറ്റിയപ്പോൾ വീണതാണ് ഡെയ്സി.. താനത് നന്നായി ഓർക്കുന്നുമുണ്ട് …. അന്ന് മുതലാണ് അവൾക്കു വേദനയും തുടങ്ങിയത്….. പക്ഷേ അവളിതുവരെ തന്നെ കുറ്റപ്പെടുത്തിയിട്ടില്ല…. ആരോടും പറഞ്ഞിട്ടില്ല ഡോക്ടർ ചോദിച്ചപ്പോൾ പോലും…..

എന്തായാലും റിൻസിയുടെ കാര്യമൊന്നു കഴിയട്ടെ അമ്മച്ചീ….. ഇല്ലെങ്കിൽ നാണക്കേട് ആണ്…. ആരും ആലോചനയുമായിട്ട് വരില്ല… റോയി പറഞ്ഞപ്പോൾ അമ്മച്ചി ദേഷ്യത്തിൽ പറഞ്ഞു….. ഇത്രയും നാൾ അവൾ പ്രസവിക്കട്ടെ എന്നായിരുന്നു…… ഇപ്പോൾ റിൻസിയുടെ കാര്യം കഴിയട്ടെന്ന് ആയി…. നീയിതെന്തു ഭാവിച്ചാ റോയി… അതോ നിനക്കാ സുന്ദരിക്കോതയുടെ കൂടെ ജീവിക്കാൻ തന്നെയാണോ തീരുമാനം…… ആണെങ്കിൽ പറയണം… എനിക്ക് ജാൻസിയുടെ അടുത്തു പോകാനാ….. വല്ലവന്റേം കുഞ്ഞിന്റെ മലവും മൂത്രവും കോരാൻ എന്നെക്കൊണ്ട് വയ്യ…… റോയി ദേഷ്യത്തിൽ അമ്മച്ചിയെ ഒന്നു നോക്കിയിട്ട് മുറിയിലേക്ക് പോന്നു…..മുറിയിൽ ഒരു മൂലയ്ക്ക് തുണിയിൽ പൊതിഞ്ഞു ഉറങ്ങി കിടക്കുന്നതിനെ കണ്ടപ്പോൾ ദേഷ്യം ഒന്നുകൂടി കൂടി വന്നു…. ഉറങ്ങി കിടക്കുമ്പോഴാണ് ഡെയ്സി കുളിക്കാൻ പോകുന്നതും പണികൾ ചെയ്യുന്നതുമെല്ലാം…….  വെറുപ്പോടെ മുഖം തിരിച്ചു…….. ഡെയ്സി ഓടിക്കിതച്ചു വരുന്നത് കണ്ടു….. ശരീരത്ത് മുടിയിൽ നിന്നും വെള്ളം വീണു നനഞ്ഞു നിൽക്കുവാണ്…… കുഞ്ഞിനെയും തന്നെയും മാറിമാറി നോക്കുന്നുണ്ട്…… അമ്മച്ചിയും താനും സംസാരിക്കുന്നത് കേട്ടിട്ടുണ്ടാവും…… അതാണ് ഓടിക്കിതച്ചു കുഞ്ഞിനെ നോക്കാൻ ഓടിവന്നത്……. കുഞ്ഞ് ഉറക്കമാണെന്ന് കണ്ടപ്പോൾ മുടി തോർത്തെടുത്തു വെള്ളം തുടച്ചു കളഞ്ഞു….. ഈ നേരമത്രയും കണ്ണു പറിക്കാതെ റോയിച്ചൻ തന്നെയും നോക്കിയിരിക്കുന്നത് ഡെയ്സി അറിഞ്ഞു…….

പ്രസവം കഴിഞ്ഞപ്പോൾ അവൾ ഒന്നുകൂടി ഭംഗി വെച്ചു……മുൻപത്തേക്കാൾ ഇരട്ടി…..ഒന്ന് ചേർത്തുപിടിക്കാൻ കൊതിതോന്നി….. അവളെ മനസ്സ് വല്ലാതെ ആഗ്രഹിക്കും പോലെ റോയിക്ക് തോന്നി ……കുഞ്ഞു ഒന്ന് ചിണുങ്ങി……കരയാൻതുടങ്ങുന്ന കുഞ്ഞിനേയും തന്നെ നോക്കിയിരിക്കുന്ന റോയിയെയും ഡെയ്സി മാറി മാറി നോക്കി…… കുഞ്ഞിനെ കയ്യിലെടുത്ത് നടന്നു……. അവൾ കരച്ചിൽ നിർത്തിയില്ല മുഖം നെഞ്ചിൽ പരതാൻ തുടങ്ങി…….റോയിച്ചൻ എന്തിനാണ് തന്നെ ഇങ്ങനെ നോക്കുന്നത്…….. മാസങ്ങൾ കൊണ്ട് ഡെയ്സിയിൽ നിന്നും ഒരുപാട് ദൂരത്തായി പോയി റോയിച്ചൻ……. ഭർത്താവാണെന്നോ കുഞ്ഞിന്റെ അപ്പനാണെന്നോ കരുതി ആ നോട്ടം അവഗണിച്ചു കുഞ്ഞിന് പാലു കൊടുക്കാൻ ഡെയ്സിയെക്കൊണ്ടായില്ല…… അന്യപുരുഷൻ നോക്കി നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരുതരം വിമ്മിഷ്ടം…… അവളുടെ പരുങ്ങൽ കണ്ടപ്പോൾ റോയി ആ മുറി വിട്ടു പോയി……… ഇതെന്താ ഇത്രയും താമസിച്ചതെന്ന ചോദ്യമായണ്ടായിരുന്നു പാലു കുടിക്കുമ്പോൾ കുഞ്ഞിന്റെ മുഖത്ത്……. ഈ കുഞ്ഞു മുഖത്തേക്ക് റോയിച്ചൻ ഒന്നു നോക്കിയിരുന്നെങ്കിൽ…… ഈ ചിരിയൊന്നു കണ്ടിരുന്നെങ്കിൽ എന്ന് ഡെയ്സി വല്ലാതെ ആഗ്രഹിച്ചു ….. പിന്നെ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു എല്ലാം ശരിയാകും ന്ന്………

വീട് മാറിയത് കൊണ്ടോ എന്തോ കുഞ്ഞ് ആകെ വിഷമം കാണിക്കുന്നുണ്ട്……. കയ്യിൽ നിന്നും ഒന്നു മാറി കിടക്കാൻ സമ്മതിക്കുന്നില്ല……. എത്ര നേരമിങ്ങനെ കയ്യിൽ വെക്കും…….  കുഞ്ഞിനെ കയ്യിൽ വച്ചു കൊണ്ട് തന്നെ പണികളെല്ലാം ചെയ്യും…. അമ്മച്ചി രാവിലെതന്നെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും….. തന്റെയും കുഞ്ഞിന്റെയും മുഖം കാണാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ എന്തോ..അറിയില്ല …… റിൻസി യും തയ്യൽ ക്ലാസിന് പോകും…….. റോയിച്ചൻ കാശുണ്ടാക്കാനുള്ള ഓട്ടത്തിലാണ്……. റിൻസിയുടെ ചെക്കൻ കൂട്ടർക്ക് മനസ്സമ്മതം കഴിയുമ്പോൾ പൈസ കൊടുക്കണം…… റോയിച്ചനെ സഹായിക്കാം എന്ന് വെച്ചാൽ കയ്യിൽ ഒരു അഞ്ചു പൈസയില്ല….. ഉള്ളത് നൂല് പോലെയുള്ള ഈ മിന്നുമാലയാണ്… വേണമെങ്കിൽ അതും കൊടുക്കാൻ തയ്യാറാണ്……. കുഞ്ഞു ഉറങ്ങിയപ്പോൾ മെല്ലെ കിടത്തി തട്ടി കൊടുത്തു…….. എഴുന്നേറ്റപ്പോൾ റോയിച്ചൻ ഉണ്ടായിരുന്നു മുറിയിൽ…….  പോകാൻ തുടങ്ങിയപ്പോൾ പിന്നിൽനിന്ന് ഡെയ്സി എന്നുള്ള പതിഞ്ഞ വിളി കേട്ടു……… അമ്പരപ്പോടെ അതിലേറെ സന്തോഷത്തിൽ പെട്ടെന്ന് തിരിഞ്ഞു നോക്കി……

ഉടനെ വരും…

A… M… Y

മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല.. അറിയപ്പെടാതെയും വെളിച്ചത്തു വരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. (ലൂക്കാ 8:17)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!