Skip to content

ഡെയ്സി – 25 (അവസാനിച്ചു)

daisy novel

അടുക്കളയിൽ ഡെയ്സിയുടെ അരികത്തായി ശിവ ദേവുവിനെ ഇരുത്തി…… തിരിഞ്ഞു നിൽക്കുന്നവളെ പിന്നിലൂടെ ചേർത്തു പിടിച്ചു….. തോളിൽ താടി ചേർത്തു വെച്ചു……… എന്തു മനസ്സിലായിട്ടെന്നറിയില്ല ദേവു അത് കണ്ടിട്ട് കൈകൊട്ടി ചിരിച്ചു…… അത് കണ്ടപ്പോൾ പതിയെ ഡെയ്സിയും ചിരിച്ചു …….. മുഖം ചെരിച്ചു ശിവയുടെ കവിളിൽ തലോടി…… ശിവയുടെ നിറഞ്ഞ കണ്ണുകൾക്ക് ഇനിയുമേറെ തന്നോട് പറയാനുണ്ടെന്ന് തോന്നി….. കേൾക്കണം…. തന്നോടുള്ള സ്നേഹം മുഴുവൻ ആ നാവിൽ നിന്നു തന്നെ അറിയണം…. തന്നിലേക്കൊഴുകാതെ തടഞ്ഞു വെച്ച സ്നേഹം മുഴുവൻ ഏറ്റു വാങ്ങണം…. പിന്നിൽ ശിവയുടെ നെഞ്ചിലേക്ക് തല ചേർത്തു വെച്ചു  ……

അപ്പച്ചനെയും അമ്മച്ചിയേയും പോയി കാണുവോ…… ഡെയ്സി ചോദിച്ചപ്പോൾ ശിവ തിരിച്ചു പറഞ്ഞു ……. അച്ഛനെ വിടാം…..പോരേ…

ശിവച്ഛനും പൊക്കോട്ടെ… പക്ഷേ ആദ്യം ശിവ പോയി പറയണം … പറയൂലേ….

മ്മ്… പറയാം…………….. ഇപ്പോൾ തോന്നുന്നു നിന്നെ എനിക്ക് തരാമോന്ന് കുറച്ചു നേരത്തെ ചോദിക്കേണ്ടതായിരുന്നുവെന്ന്…. എങ്കിൽ ഇങ്ങനെ ഒന്നുമുണ്ടാവില്ലായിരുന്നു നിനക്ക്…. ശിവ നിരാശയോടെ അതു പറഞ്ഞപ്പോൾ ഡെയ്സി തല കുനിച്ചു…. ഇങ്ങനെ ഒക്കെ ഉണ്ടാവണമെന്ന് കർത്താവ് മുന്നേ തീരുമാനിച്ചിരിക്കും…. ഈയൊരു സ്നേഹം കാട്ടിത്തരാനാവും തന്നെ ഇത്രയേറെ കഷ്ടപ്പെടുത്തിയതും….. ഏതൊരവസ്ഥയിലും ശിവ ഡെയ്സിയെ ഉപേക്ഷിക്കില്ലെന്ന് അറിയിക്കാൻ…… തന്നെ ചുറ്റിയ കൈകൾ ഒന്നുകൂടി മുറുക്കി പിടിപ്പിച്ചു ഡെയ്സി…..

ഈ സമയം റോയി ലിസിയുടെ അരികിൽ ഒന്നും പറയാതെ ഇരിക്കുകയായിരുന്നു….. ഡെയ്സിയുടെ അടുത്തു നിന്നും വന്നപ്പോൾ മുതലുള്ള ഇരിപ്പാണ്…. എന്താണ് അവിടെ സംഭവിച്ചതെന്നറിയില്ല… പക്ഷേ റോയിച്ചന്റെ മുഖത്തു നിറയെ വിഷമം ആണ്…. കുഞ്ഞിനെ ഓർത്താവും….. കൊടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ടാവും…… അതിനെയൊന്നെടുക്കാൻ തനിക്കും വല്ലാത്ത കൊതിയുണ്ട്… ഒന്നുമല്ലെങ്കിലും റോയിച്ചന്റെ കുഞ്ഞല്ലേ….. അപ്പോൾ പിന്നെ ആ മനസ്സ് എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടാവും…… ലിസി മെല്ലെ റോയിച്ചന്റെ കയ്യിൽ അശ്വസിപ്പിക്കാനെന്ന വണ്ണം തലോടി…. റോയി അവളെ നോക്കിയപ്പോൾ സാരമില്ലന്ന് കണ്ണടച്ചു കാണിച്ചു……. തന്റെ വിഷമം കേൾക്കാനും മനസ്സിലാക്കാനും ഇനി ലിസി മാത്രമേഉള്ളൂന്ന് റോയിക്കു ഏറെക്കുറെ മനസ്സിലായി …… ആരിൽ നിന്നുമൊരു ആശ്വാസവാക്ക് കേൾക്കാൻ പാടില്ലെന്ന് കർത്താവ് തീരുമാനിച്ചിട്ടുണ്ടാവും അതല്ലേ ഒരു മിണ്ടാപ്രാണിയെ തന്നെ തനിക്ക് കൂട്ടിന് തന്നത്…. എങ്കിലും ഉള്ളിലുള്ളത് മുഴുവൻ തുറന്നു പറഞ്ഞു….

ഡെയ്സി ഇനി ശിവയുടെ സ്വന്തം ആണെന്ന് ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല…. വേണ്ടിയിരുന്നില്ല ഒന്നും….. അവളെ വിട്ടു കളയാൻ പാടില്ലായിരുന്നു…. എന്റെ ഡെയ്സി… എന്റെ കുഞ്ഞ്………….. റോയി കണ്ണു രണ്ടും തിരുമ്മി തുടച്ചു…….. താൻ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുന്നത് തന്റെ ഭാര്യ ആണെന്നുള്ള വിചാരമില്ലാതെ അപ്പോഴത്തെ വിഷമത്തിൽ റോയിയുടെ നാവിൽ നിന്നും കുറച്ചു വാചകങ്ങൾ വീണു പോയി …..  കുഞ്ഞിനെ കിട്ടാഞ്ഞതിലും ഏറെ റോയിച്ചനെ വിഷമിപ്പിക്കുന്നത് ആ ഒരു കാര്യമാണെന്ന് ലിസിക്ക് തോന്നി……

കേട്ടപ്പോൾ ലിസിക്ക് വിഷമത്തിലേറെ ആശ്വാസമാണ് തോന്നിയത്…. അല്ലെങ്കിലും റോയിയുടെ ജീവിതത്തിലേക്ക് ഡെയ്സി ഒരിക്കലുമിനി കടന്നു വരില്ലെന്ന് ഉറപ്പാണ്…. അന്ന് പള്ളിയിൽ വെച്ച് അവളുടെ കണ്ണിൽ നിന്നും അത് മനസ്സിലാക്കിയതാണ് താൻ….. ചിലപ്പോൾ ഈയൊരു തീരുമാനം തനിക്കും കൂടി വേണ്ടി എടുത്തതാവും ഡെയ്സി…  ലിസിയുടെ മനസ്സ് അങ്ങനെ പറഞ്ഞു…..

കർത്താവ് നമുക്കൊരു കുഞ്ഞിനെ തരുമായിരിക്കും അല്ലേ ….. റോയി ലിസിയോട് ചോദിച്ചു………. എന്റെ പാപങ്ങൾ പൊറുത്തില്ലെങ്കിലും നിന്നെ കർത്താവ് കൈവിടില്ലെന്ന് എന്റെ മനസ്സ് പറയുന്നു ……റോയി ലിസിയുടെ തോളിൽ കൂടി കൈയ്യിട്ടു ചേർത്തു പിടിച്ചു…… എല്ലാം കേട്ടും ആശ്വസിപ്പിച്ചും ലിസി റോയിയെ ചേർന്നിരുന്നു ……. സന്തോഷത്തോടെ തന്നെ…….

ശിവ ഡെയ്സിയുടെ വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ ദേവൂട്ടിയും കയ്യിൽ തൂങ്ങി…. ഡെയ്സി അവളെ വിടാൻ മടിച്ചു പിടിച്ചു നിർത്താൻ നോക്കി…..

തേവു ഇല്ലാദേ പോവോ അച്ഛാ….. ദേവു ശിവയുടെ മുഖത്തേക്ക് നോക്കി കൊഞ്ചി ചോദിച്ചു…..

നീ പോകണ്ട കുഞ്ഞേ … അച്ഛൻ പോയിട്ടു പെട്ടെന്ന് വരും…… ദേവു ചോദിച്ചതിന് മറുപടി കൊടുത്തത് ഡെയ്സിയാണ്….. ദേവൂന്റെ മുഖമൊക്കെ വാടി… ഒന്നും മിണ്ടാതെ മാറി ഇരുന്നു…. സാരമില്ലന്ന് ഡെയ്സി കണ്ണുകൊണ്ട് കാട്ടി… പോയിട്ടു വരാൻ പറഞ്ഞു ശിവയോട്…… ഇപ്പോൾ പൊട്ടുമെന്ന രീതിയിലായി ദേവു… കണ്ണെടുക്കാതെ അച്ഛനെ തന്നെ നോക്കിയിരിക്കയാണ്…….

ഒന്നു പോടീ…. എനിക്ക് എന്റെ കൊച്ചു കഴിഞ്ഞേ ഉള്ളൂ നീ…. ശിവ ദേവൂനെ എടുത്തു ചേർത്തു പിടിച്ചു ….. പെണ്ണിന് സന്തോഷം ആയി…. ശിവയെ കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ കൊടുക്കുന്നുണ്ട്…… എന്നിട്ട് ഡെയ്സിയെ നോക്കി വാ പൊത്തി ചിരിച്ചു… മൂക്കിൽ വിരൽ വെച്ചു കളിയാക്കി…….. ഡെയ്സി രണ്ടിനോടും കൂട്ടു വെട്ടുന്നതായി കാണിച്ചിട്ട് അകത്തേക്ക് നടന്നു…..

ശിവയെ കണ്ടപ്പോൾ ഡെയ്സിയുടെ അപ്പച്ചൻ ഒന്നമ്പരന്നു…..  അകത്തേക്ക് നോക്കി ഭാര്യയെ നീട്ടിവിളിച്ചു…… ശബ്ദത്തിലെ പതറിച്ച അറിഞ്ഞു കൊണ്ടാവണം എല്ലാവരും പെട്ടന്ന് വെളിയിലേക്കിറങ്ങി വന്നു……. കുഞ്ഞിന്റെ മുഖത്തേക്ക് ആയിരുന്നു നാലാളുടെയും നോട്ടം മുഴുവൻ……  അന്നയുടെ കണ്ണുകൾ അത്ഭുതത്തോടെ കാണുകയായിരുന്നു റോയിയുടെ പ്രതിരൂപത്തെ…… എന്തു ഭംഗിയാ കാണാൻ… മുടി രണ്ടായി കൊമ്പു കെട്ടി.. പൊട്ടൊക്കെ കുത്തി…. താടിയിലെ തെളിഞ്ഞ മറുകിൽ ഒരു സുന്ദരി കുഞ്ഞ്…. അന്നയ്ക് കണ്ണെടുക്കാൻ തോന്നിയില്ല അവളിൽ നിന്നും …… ഈ വീട്ടിലെ കുഞ്ഞാണ് അവളെന്നു കണ്ടാൽ പറയില്ല……….

ശിവയെ അകത്തേക്ക് വിളിക്കുവാനോ ഒന്നിരിക്കാൻ പറയുവാനോ മറന്നുപോയിരുന്നു എല്ലാവരും …..  ശിവ അകത്തേക്ക് കയറി…… കറിയാച്ചൻ കസേര നീക്കിയിട്ടു എന്നിട്ട് കുഞ്ഞിനു നേരെ കൈനീട്ടി….  അവൾ നാണത്തോടെ ശിവയുടെ നെഞ്ചിലേക്ക് മുഖം മറച്ചു….. ഞാൻ കുഞ്ഞിന്റെ വല്യപ്പച്ചൻ ആണെന്ന് പറഞ്ഞപ്പോൾ അവൾ തലയാട്ടി അല്ലന്ന് കാണിച്ചു……

എന്റെ വല്ലിപ്പച്ചൻ എന്റെ വീത്തിൽ ഒന്റല്ലോ….. ഇല്ലേ അച്ഛാ … മുഖം ഉയർത്തി ശിവയോട് ചോദിച്ചു….. ശിവ തലയാട്ടി അതു സമ്മതിച്ചു… അവരെയെല്ലാവരെയും ഒന്നു നോക്കി…… അവൾ ആരെയും കണ്ടിട്ടില്ലല്ലോ അതാണ്….. ഡെയ്സിയുടെ അമ്മച്ചിയുടെ കുഴിഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ കുടുകുടെ ചാടിയപ്പോൾ ശിവയ്ക്ക് ഒരു വല്ലായ്മ തോന്നി…..  ശിവ അടുത്തുചെന്ന് ദേവുനെ അവരുടെ കയ്യിൽ വെച്ചുകൊടുത്തു…….

ഇതിലും വിഷമത്തിൽ അമ്മച്ചിയുടെ മകൾ കരഞ്ഞിട്ടില്ലേ……. അന്നതു കണ്ടിരുന്നെങ്കിൽ ഇന്നീ കണ്ണുനീരിന്റെ ആവശ്യമുണ്ടായിരുന്നോ….

അമ്മച്ചി ദേവൂന്റെ കവിളിൽ ഒരുപാട് ഉമ്മ

കൊടുത്തു…… ആ കുഞ്ഞു ശരീരം മുഴുവൻ കൈകൊണ്ടു തലോടുന്നുണ്ട്….. ദേവു അമ്മച്ചിയുടെ നരച്ച മുടിയിൽ അത്ഭുതത്തോടെ തൊട്ടു നോക്കുകയാണ്……. ആനിയും കുഞ്ഞിനെ ചാടിയെടുത്തു പതുപതുത്ത കുഞ്ഞിക്കയ്യിൽ മാറിമാറി മുത്തി…… അന്ന മാത്രം ഇതെല്ലാം നോക്കിക്കണ്ടു മാറി നിന്നു… അവളെയൊന്ന് എടുക്കാൻ മനസ്സ് കൊതിച്ചെങ്കിലും വേണ്ടെന്നു വെച്ചു…… മുഖത്ത് നിറയെ ശിവയോട് പുച്ഛമാണ്……

അവൾക്ക് ഇപ്പോഴും ഞങ്ങളോട് ദേഷ്യമാണോ മോനേ …….അപ്പച്ചൻ ചോദിച്ചു…….. അന്നത്തെ അവസ്ഥയിൽ  റോയിയെ വിശ്വസിക്കാനാണ് തോന്നിയത്….. അവളാണെങ്കിൽ തിരുത്തിയതുമില്ല….. ഞങ്ങളുടെ വിശ്വാസം തെറ്റിക്കുകയും ചെയ്തു….. ഞാൻ എന്ത് ചെയ്യാനാ…..

ആരെങ്കിലും എന്തെങ്കിലുമൊന്ന് പറഞ്ഞാൽ ഉടനെ അവിശ്വസിക്കുമോ…. അവൾ നിങ്ങളുടെ മകൾ തന്നെ അല്ലേ…. അപ്പനും അമ്മയും വിശ്വസിച്ചില്ലെങ്കിൽ വേറെ ആര് വിശ്വസിക്കും…. അന്നവൾ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞതല്ലേ…..  ആരെങ്കിലും ഒരാൾ അവൾക്കൊപ്പം നിന്നിരുന്നെങ്കിൽ ഇന്നിങ്ങനെ അന്യരെപ്പോലെ നിൽക്കേണ്ടി വരില്ലായിരുന്നു.. അവൾ ദേഷ്യം കാണിക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണവും നിങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്……

മോനും അച്ഛനും പറഞ്ഞാൽ അവൾ അനുസരിക്കും….. ഇങ്ങോട്ടേക്കു വരാൻ പറയുമോ…… ഞങ്ങൾക്ക് തെറ്റു തിരുത്താൻ ഒരവസരം തരാൻ പറയ് അവളോട്…….. ഒന്നുമല്ലെങ്കിലും ഞങ്ങൾ അവൾക്ക് അന്യരല്ലല്ലോ…….. അപ്പച്ചൻ കണ്ണു തുടച്ചു പറഞ്ഞു….

ഇല്ല ഡെയ്സിയുടെ അപ്പച്ചാ…… അവൾ ഇനിയും അവിടെ തന്നെയേ കഴിയൂ…. നാട്ടുകാർ എന്തേലും പറയുമെന്നുള്ള പേടി ആണെങ്കിൽ വേണ്ടാ…… ശിവയുടെ കുഞ്ഞായിട്ടാണ് ഇവൾ വളർന്നത്…. ഇനിയും അങ്ങനെ വളർന്നു കൊള്ളും … അതിനായി നിയമപരമായി തന്നെ  കൂട്ടുവാ ഞാൻ രണ്ടാളെയും എന്റെ ജീവിതത്തിലേക്ക്…. ഇനിയും തനിച്ചു വിടാൻ തോന്നുന്നില്ല…….. സമ്മതം ചോദിക്കാൻ വന്നതൊന്നുമല്ല… ഒന്നു പറയാൻ വേണ്ടി മാത്രം…..

ആരുമൊന്നും പറയാതെ ശിവയെ തന്നെ നോക്കി നിന്നു…… ഒന്നും പറയാൻ ഞങ്ങൾ ആളല്ല എന്ന രീതിയിൽ….

ഇത്രയും നാൾ അങ്ങനെ തന്നെയല്ലേ രണ്ടാളും ജീവിച്ചത്…. പിന്നെ പുതിയൊരു പറച്ചിലൊക്കെ എന്തിനാണ്…. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനോ അതോ ഞങ്ങളെ ബോധിപ്പിക്കാനോ….. അന്ന ചുണ്ടിൽ കോണിൽ ഒളിപ്പിച്ച ചിരിയോടെ ശിവയോട് ചോദിച്ചു…… അത്രയും സ്വത്തിന്റെ അവകാശം ഡെയ്സിയ്ക്കും കൂടി ആയതിന്റെ ഒരു ദേഷ്യം കൂടിയുണ്ട് അതിൽ ….

കണ്ണിൽ പൊടിയിടുന്നത് ഡെയ്സി അല്ല…. വല്ലവന്റെയും ബൈക്കിന്റെ പിറകിലിരുന്ന് കണ്ട ഹോട്ടലിലും ബീച്ചിലും പോകുന്നവരാണ്…… അതാരാണെന്ന് ഞാൻ പറയേണ്ടല്ലോ…..

ശിവ പറഞ്ഞപ്പോൾ അന്നയൊന്നു പരുങ്ങി….. അപ്പച്ചന്റെ ദേഷ്യത്തിലുള്ള നോട്ടം കണ്ടില്ലെന്ന് ഭാവിച്ചു…… ഈ നാട്ടുകാർക്കു പറയാനുള്ള പുതിയ വിശേഷം നിന്നെപ്പറ്റിയാണ്….. കൂടുതൽ നാറ്റിക്കാതെ ഇവളെ അവന് പിടിച്ചു കെട്ടിച്ചു കൊടുക്കാൻ നോക്ക്….. അപ്പച്ചനോട് പറഞ്ഞു…..

നിങ്ങൾ എന്റെ കാര്യം നോക്കാൻ വരണ്ട…. അവിടെ ഉണ്ടല്ലോ ഒരെണ്ണം ദേ ഇതിന്റെ തള്ള…… അവളോട് മതി….. ഞാൻ അധ്വാനിച്ചു സമ്പാദിച്ചിട്ടാ കഴിയുന്നത്.. അതും എന്റെ വീട്ടിൽ….. അല്ലാതെ മംഗലത്തു വീട്ടിൽ അടുക്കളപ്പണി എടുത്തും.. അവിടെ വേണ്ടാത്ത പണിക്കും നിന്നുമല്ല …..  എന്നെക്കൊണ്ടൊന്നും പറയിക്കരുത്….. അന്ന ദേഷ്യത്തിൽ നിന്നു ചീറി….

ശിവ മുന്നോട്ട് രണ്ടടി നടന്നു… അന്നയുടെ നേർക്ക് വിരൽ ചൂണ്ടി…….. മേലാൽ ഡെയ്സിയെപ്പറ്റി ഒരക്ഷരം മിണ്ടിയാൽ കൊന്നുകളയും ഞാൻ……. അവളുടെ പേര് ഉച്ഛരിക്കാൻ പോലുമുള്ള യോഗ്യത ഉണ്ടോടി നിനക്ക്……. അവൾ ഇനി മുതൽ മംഗലത്തുവീട്ടിലെ ശിവയുടെ ഭാര്യയാണ്….. വിളിച്ചു കൂവുമ്പോൾ അതു കൂടി ഓർത്തോണം…….നാവരിയും ഞാൻ ഓർത്തോ… ശിവ ആനിയുടെ കയ്യിൽ നിന്നും ദേവൂനെ വാങ്ങി….വീണ്ടും അന്നയ്ക്ക് നേരെ തിരിഞ്ഞു……

നീ അഹങ്കരിക്കുന്ന നിന്റെ ജോലി കളയാൻ എനിക്ക് അധിക നേരം വേണ്ടാ….. പിന്നെ  ഹോസ്പിറ്റലിലെന്നല്ല ഒരിടത്തും നിനക്കു ജോലി കിട്ടില്ല… അതിനുള്ള കഴിവ് എനിക്കുണ്ട്.. കാണണോ നിനക്ക്…. അന്ന കൊമ്പൊടിഞ്ഞ പോലെ അടങ്ങി നിന്നു…. മംഗലത്തു വീട്ടിലെ മാധവൻ അദ്ദേഹത്തിന്റെ പണവും ബലവും എത്രമാത്രം ഉണ്ടെന്ന് അന്നയ്ക്ക് ശരിക്കുമറിയാം…. ഈ നാടിന്റെ പകുതിയും മംഗലത്തുകാരുടെയാണ്…..

മര്യാദയ്‌ക്കെങ്കിൽ മര്യാദക്ക്… നിന്റെ ഔദാര്യം വേണ്ടാ ഇവർക്ക് ജീവിക്കാൻ….. ഇവരെ നോക്കാൻ ഡെയ്സിക്കറിയാം…. അപ്പച്ചനെയും അമ്മച്ചിയേയും ആനിയെയും ചൂണ്ടി പറഞ്ഞു……

എന്നെങ്കിലും നിനക്കും ഒരവസരം കിട്ടും ഡെയ്സിയോട് തുറന്നു പശ്ചാത്തപിക്കാൻ….. മാപ്പ് ചോദിക്കാൻ പോലും അവളുടെ മുന്നിൽ വന്നു കണ്ടേക്കരുത് നീ …… കേട്ടല്ലോ…….. ശിവയുടെ ശബ്ദം ഉയർന്നപ്പോൾ അന്ന അറിയാതെ തല കുലുക്കിപ്പോയി…… പേടിച്ചിട്ട് ദേവു കഴുത്തിൽ മുറുക്കി പിടിച്ചു… ശിവ അവളെ തട്ടി ആശ്വസിപ്പിച്ചു… എല്ലാവരും അന്നയെ സൂക്ഷിച്ചു നോക്കി.. സ്വയം മേടിച്ചു കൂട്ടിയതല്ലേ അനുഭവിച്ചോ എന്ന രീതിയിലായിരുന്നു അത്……

ഡെയ്സിയ്ക്ക് റോയിയോട് ക്ഷമിക്കാൻ സാധിച്ചെങ്കിൽ നിങ്ങളോടും അതിന് കഴിയും…. അവൾക്ക് ആരോടും പിണങ്ങാൻ അറിയില്ല…. ഒന്നുമല്ലെങ്കിലും അവളും ഒരമ്മയല്ലേ….. എന്നെങ്കിലും വരും…. ശിവ അമ്മച്ചിയോടായി പറഞ്ഞു………. അമ്മച്ചി ആശ്വാസത്തോടെ ഒന്നു തലയാട്ടി……. എല്ലാവരെയും ഒന്നുകൂടി നോക്കിയിട്ട്  ആ വീട് വിട്ടിറങ്ങി……

ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു ഡെയ്സി….. ദേവുവിനെ കൂടെ കൂട്ടിയതിലുള്ള എല്ലാ ദേഷ്യവും ഉണ്ടായിരുന്നു…….

ഈ കുഞ്ഞിനെ എടുക്കാൻ രണ്ടാൾക്കും വല്യ ആഗ്രഹമായിരുന്നു….. അത് സാധിക്കാതെ എങ്ങാനും വല്ലതുമായിപ്പോയാൽ പിന്നെ നിനക്ക് ഒരു മനസ്സുഖവും ഉണ്ടാവത്തില്ല കൊച്ചേ…. അതുകൊണ്ടല്ലേ ദേവൂനെ കൊണ്ടുപോയത് ……. ശിവ പറഞ്ഞപ്പോൾ ഡെയ്സി കുറച്ചൊന്നയഞ്ഞു……. ആ മുഖത്ത് അവിടെ എല്ലാവരും എന്ത് പറഞ്ഞു എന്നറിയാനുള്ള ആഗ്രഹം ഉണ്ടെന്ന് തോന്നി ശിവയ്ക്ക്…. മുഖത്ത് ചെറിയൊരു പരിഭ്രാന്തിയും…..  ശിവയുടെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ ഒന്നും ചോദിച്ചില്ല എല്ലാം ഊഹിച്ചെടുത്തു….. ബാക്കിയെല്ലാം ഈ കുഞ്ഞുവായിൽ നിന്നും അറിയാൻ പറ്റും….. ദേവുവിനെ കയ്യിലെടുത്തു ഡെയ്സി ഓർത്തു….. ശിവച്ഛനും നോക്കിയിരുപ്പുണ്ടായിരുന്നു ഉമ്മറത്തു തന്നെ…. ശിവയുടെയും ഡെയ്സിയുടെയും കയ്യിൽ പിടിച്ചു നടന്നു വരുന്ന ദേവുവിനെയും കണ്ണു നിറയെ കാണുകയായിരുന്നു അദ്ദേഹം…. മൂന്നാളുടെയും മുഖത്തെ സന്തോഷം മനസ്സ് ഒപ്പിയെടുത്തു……. ദേവു വല്ലിപ്പച്ചാന്നും വിളിച്ചു മടിയിലേക്ക് ചാടിക്കയറി സ്ഥാനം പിടിച്ചു … കറിയാച്ചന്റെ മറുപടി അറിയാൻ ശിവയുടെ മുഖത്തേക്ക് നോക്കി…..

ആരുമൊന്നും എതിർത്തു പറഞ്ഞില്ല അച്ഛാ …. ഞാൻ ആരുടേയും സമ്മതം ചോദിക്കാനും നിന്നില്ല…… അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല…. കാര്യം പറഞ്ഞിട്ടുണ്ട് …… ശിവ പറഞ്ഞപ്പോൾ മാധവൻ മനസ്സിൽ ഉറപ്പിച്ചു ഇനിയുമിത് വൈകിപ്പിച്ചു കൂടാന്ന്…….

അച്ചനോട് കാര്യങ്ങൾ പറയാൻ ഡെയ്സിയ്‌ക്കൊപ്പം വന്നത് ശിവ ആയിരുന്നു….. നല്ല തീരുമാനം എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്…. രണ്ടാളും അനുഗ്രഹവും വാങ്ങി ഇറങ്ങിയത് റോയിയുടെയും ലിസിയുടെയും മുന്നിലേക്കാണ്…. ഡെയ്സിയെ ശിവയ്‌ക്കൊപ്പം കണ്ടപ്പോൾ മങ്ങിയ റോയിയുടെ മുഖം ദേവൂനെ കണ്ടപ്പോൾ ഒന്നു തെളിഞ്ഞു…. ആരുടേയും അനുവാദം ചോദിക്കാതെ ലിസി ഡെയ്സിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി….

ഞാൻ ശിവയെ ഒന്നു കാണാൻ ഇരിക്കുകയായിരുന്നു……. റോയി പറഞ്ഞപ്പോൾ ശിവ എന്താണെന്നുള്ള രീതിയിൽ നോക്കി…. കുഞ്ഞിന്റെ നേർക്ക് അറിയാതെ ശിവയുടെ കണ്ണുകൾ പാഞ്ഞു…..

നീ പേടിക്കേണ്ട… ഒരവകാശവും ചോദിക്കാനല്ല….. റോയി സൗമ്യനായി പറഞ്ഞു….. പറഞ്ഞതിനും പ്രവൃത്തിച്ചതിനുമൊക്കെ എങ്ങനെ ക്ഷമ ചോദിക്കണമെന്നറിയില്ല….. എല്ലാ പ്രവൃത്തിക്കുമുള്ള ശിക്ഷ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്….. പഴയതെല്ലാം ഓർക്കുമ്പോൾ ചത്താലോന്നു വരെ ചിന്തിച്ചിട്ടുണ്ട്……..മനസ്സ് തണുപ്പിക്കാൻ ഒരു കുഞ്ഞിനെ പോലും കർത്താവ് തന്നില്ല…. തന്നതിനെ തൊടാൻ പോലുമുള്ള അവകാശവും ഇല്ല….. ഞാൻ കാരണമാ കുഞ്ഞിന് അങ്ങനെയൊക്കെ സംഭവിച്ചത്….. റോയി കണ്ണു തുടച്ചു……

ശിവ റോയിയുടെ പുതിയ രൂപവും ഭാവവും നോക്കിക്കാണുകയായിരുന്നു….. വല്ലാതെ ക്ഷീണിച്ചു… മുഖത്തു സന്തോഷം എന്നൊന്നില്ല…. സംസാരം മുഴുവൻ തന്നോടാണെങ്കിലും നോട്ടം മാറിനിന്നു ലിസിയോട് സംസാരിക്കുന്ന ഡെയ്സിയിലും കുഞ്ഞിലും ആയിരുന്നു….

എനിക്ക് നിന്നോട് പിണക്കം ഒന്നുമില്ല…. പക്ഷേ നല്ല ദേഷ്യമുണ്ട്… എന്റെ ഡെയ്സിയെ ഉപദ്രവിച്ചതിന്… പിഴച്ചവളെന്ന് വിളിച്ചതിന്….. കരയിപ്പിച്ചതിന്……

അവൾ എന്റേതല്ലെന്ന് പറഞ്ഞു മനസ്സിനെ പഠിപ്പിച്ചു വെച്ചിരുന്നതാ ഞാൻ …. പക്ഷേ നീ തന്നെയാ വീണ്ടും എന്റെ കൈകളിലേക്ക് അവളെ വെച്ചു തന്നത്… റോയി ശിവയെ നോക്കിയിട്ട് മുഖം കുനിച്ചു……. നിന്നെപ്പോലെ   ഒരാൾ പോയാൽ വേറൊരാൾ എന്നൊന്ന് എനിക്കില്ല…. ആരു വന്നാലും ചായാൻ എന്റെ തോളിൽ ഞാനിടം കൊടുക്കാറുമില്ല …. അത് അവകാശപ്പെട്ടത് അവൾക്ക് മാത്രമാണ്….. മനസ്സിൽ ഇടം കൊടുത്തതും അവൾക്കു മാത്രമാണ്…. എന്റെ ഡെയ്സിയ്ക്ക്….

ഒരവസരം കിട്ടിയപ്പോൾ ശിവ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഡെയ്സിയോടുള്ള തന്റെ സ്നേഹം തുറന്നു കാട്ടി…. ഡെയ്സി അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ ശിവ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു….. ശിവയുടെ മുഖത്തിന്റെ മാറ്റം പെട്ടെന്ന് തന്നെ ഡെയ്സിയ്ക്ക് മനസ്സിലായി…. കണ്ണുകൊണ്ട് എന്തെന്ന് ചോദിച്ചു….. ശിവ മുഖം കുനിച്ചു….. ലിസിയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ

കൊടുത്തു റോയി….. ഡെയ്സിയുടെ നോട്ടം അറിയാതെ പോലുമൊന്ന് റോയിയുടെ നേർക്കു വന്നില്ല…. പക്ഷേ ലിസിയോട് സ്നേഹത്തിൽ പെരുമാറുന്നുമുണ്ട്….. അവരോട് യാത്ര പറഞ്ഞു പോരുമ്പോൾ ശിവയ്ക്ക് അറിയാമായിരുന്നു റോയിയുടെ കണ്ണുകൾ തങ്ങളുടെ നേർക്കായിരിക്കുമെന്ന്…… ഡെയ്സിയെയും കുഞ്ഞിനേയും തന്നോട് ചേർത്തു പിടിച്ചു….  കൈകളിലെ മുറുക്കം പറയുന്നുണ്ടായിരുന്നു ഡെയ്സിയോട് ശിവയുടെ മനസ്സ് ശരിയല്ലെന്ന്…. തോളിലിരുന്ന ശിവയുടെ കൈയിൽ മെല്ലെ ഒന്നു തലോടി… ആ ഒരു തലോടൽ മതിയായിരുന്നു ശിവയുടെ മനസ്സ് ആറിത്തണുക്കാൻ ……

ഉറങ്ങിയ ദേവുവിനെ കൊണ്ടു കിടത്തിയിട്ടും മുറിയിൽ നിന്നും പോകാതെ ദേവുവിനൊപ്പം കിടക്കുകയായിരുന്നു ശിവ….. കുറച്ചു നേരം കഴിഞ്ഞിട്ടും പോകാതെ ആ കിടപ്പ് കിടക്കുന്ന ശിവയെ ഡെയ്സി നോക്കി നിന്നു…. എഴുന്നേറ്റു ചാരിയിരുന്നിട്ട് ഡെയ്സിയെ കയ്യാട്ടി വിളിച്ചു അടുത്തു വന്നിരിക്കാൻ പറഞ്ഞു……. മടിച്ചു മടിച്ചു അടുത്തു ചെന്നിരുന്നു…. ബെഡിലിരുന്ന ഡെയ്സിയുടെ കയ്യെടുത്തു പിടിച്ചു…….. തനിച്ചിരിക്കാൻ തോന്നുന്നില്ല എന്തോ പോലെ…… നിന്നോട് സംസാരിക്കണമെന്ന് തോന്നി……

എന്താ പറ്റിയേ…  മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ റോയി എന്തെങ്കിലും പറഞ്ഞോ… ഡെയ്സി ചോദിച്ചപ്പോൾ ശിവ ഇല്ലെന്ന് തലയാട്ടി……….. പിന്നെന്താ…. പള്ളിയിൽ നിന്നു വന്നപ്പോൾ തുടങ്ങിയ വിഷമം ആണല്ലോ…

ദേവുന് അറിവ് വെയ്ക്കുമ്പോൾ ഞാൻ അല്ലാ അവളുടെ അച്ഛനെന്ന് അറിഞ്ഞാൽ പോകുമോ എന്നെ ഉപേക്ഷിച്ച്….. റോയിക്ക് ഇനിയൊരു കുഞ്ഞുണ്ടായില്ലെങ്കിൽ…… ഇവളെ കാണില്ലേ അവർ…. സത്യം അറിയിക്കില്ലേ….

അതിനെന്താ…. എന്നാണെങ്കിലും അവൾ അറിയില്ലേ എല്ലാം……. ഡെയ്സിയുടെ മറുപടി കൂടി കേട്ടപ്പോൾ ശിവയുടെ മനസ്സിലെ വെപ്രാളം കണ്ണുകൾ തെളിഞ്ഞു നിന്നു…….

സത്യം അറിഞ്ഞാലും അവൾ ഉപേക്ഷിക്കില്ല ശിവയെ….. എത്ര സ്നേഹം കാണിച്ചുവെന്നു പറഞ്ഞാലും പോവില്ല റോയിയുടെ അടുത്ത്….. കാരണം…………………… ശിവയുടെ മുഖം രണ്ടു കൈക്കുള്ളിലാക്കി പിടിച്ചു ഡെയ്സി…..ബാക്കി കേൾക്കാൻ കൊതിച്ചു റോയി ചെവി കൂർപ്പിച്ചു……

കാരണം… അവൾ ഡെയ്സിയുടെ കുഞ്ഞാണ്…. ശിവയുടെ ഈ നെഞ്ചിലെ ചൂടേറ്റാ അവൾ വളർന്നത്…. ഈ മുഖം കണ്ടാണ് ഉറങ്ങുന്നതും ഉണരുന്നതും…. ശിവയുടെ മുഖമൊന്നു തെളിഞ്ഞു…… പിന്നെ ദേവുവിനെ വാത്സല്യത്തോടു കൂടി നോക്കി…..

അവൾ പോയാലും ഞാൻ ഉണ്ടാവില്ലേ ശിവയുടെ കൂടെ….. എന്റെ ജീവൻ നിലയ്ക്കും വരെ ഇങ്ങനെ കൈകോർത്തു കൂടെ കാണും….. അതുപോരെ….. ശിവയുടെ വിരൽ കോർത്തു പിടിച്ചു ഡെയ്സി ചോദിച്ചു…. ശിവയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

ഭ്രാന്ത്‌ മൂത്താലോ എനിക്ക്…. നിന്നെയും കുഞ്ഞിനേയും തിരിച്ചറിയാൻ പോലും കഴിയാതെ പോയാലോ……..

അങ്ങനെയൊന്ന് ശിവയുടെ ജീവിതത്തിൽ ഇനിയുണ്ടാവില്ല….. മരുന്നും ബെൽറ്റും ഉറക്കുഗുളികയും ഒന്നും ഇനിയുണ്ടാവില്ല…..  അഥവാ അസുഖം വന്നാൽ ഞാൻ ഇങ്ങനെ മുറുക്കി ചേർത്തു പിടിക്കും………  ഡെയ്സി രണ്ടു കയ്യും നെഞ്ചിൽ കെട്ടി പറഞ്ഞു………….. കർത്താവിനോട് കരഞ്ഞു പ്രാർത്ഥിക്കും… ന്റെ ശിവയെ വീണ്ടും പഴയ ശിവ ആക്കരുതേയെന്ന്…… കർത്താവിനെന്നെ ഒരിക്കൽ കൂടി വിഷമിപ്പിക്കാനാവില്ല……. എനിക്കുറപ്പുണ്ട്….  ഡെയ്സിയുടെയാ ഉറപ്പിൽ തന്നെയാണ് ശിവയുടെ ഇപ്പോഴത്തെ ജീവിതവും …..

മംഗലത്തു വീട്ടിൽ ആകെ സന്തോഷമാണിപ്പോൾ….. കുഞ്ഞു കൊലുസ്സിന്റെ കൊഞ്ചലും അമ്മയുടെ ശാസനയും മകളുടെ ശിക്ഷണവും എല്ലാം കൊണ്ട്………….. ശരിക്കുമുള്ള ജീവിതമെന്തെന്ന് അറിയുകയാണ് ശിവ ഇപ്പോൾ ….. ഡെയ്സിയ്ക്കും കുഞ്ഞിനും അച്ഛനുമൊപ്പം…. അവൾ തനിക്കു സ്വന്തമായതിനു ശേഷം അസുഖം ഇന്നേവരെ തലപൊക്കിയിട്ടില്ല….. അതിനവൾ സമ്മതിച്ചിട്ടുമില്ല…… എന്റെ ഡെയ്സി…….. തന്റെ മുഖമൊന്നു മാറുമ്പോഴേ അവൾ കൈകൾ രണ്ടും വിരിച്ചു പിടിച്ചു തന്നെ മാറോടു ചേർത്തു പിടിക്കും….വിഷമങ്ങൾ കേട്ടിരിക്കും…… നെറ്റിയിൽ ഉമ്മ

വെച്ച് ആശ്വസിപ്പിക്കും…. അത് കണ്ടു ശീലമായിട്ട് ഇപ്പോൾ ദേവുവും ശിവയെ രണ്ടു കയ്യും കൊണ്ട് ചേർത്തു പിടിച്ചു തലോടാറുണ്ട്…… മനസ്സിന് ഉറപ്പായിതുടങ്ങി ദേവു തന്നെ ഉപേക്ഷിച്ചു പോവില്ലെന്ന്… ഞങ്ങളുടെ കുഞ്ഞല്ലേ അവൾ…… പോകാനാവില്ല അവൾക്ക് ….. ഡെയ്സി ഒരാളുടെ ഉറപ്പിൽ ഇപ്പോൾ അച്ഛൻ എല്ലാ കാര്യങ്ങളും തന്നെ എല്പിച്ചിട്ട് വിശ്രമജീവിതം ഏറ്റെടുത്തു…. ദേവൂനൊപ്പം അവളുടെ അതേ പ്രായമായി കളിയും ചിരിയുമായി  എപ്പോഴും കൂടെയുണ്ട് അവളുടെ വല്ലീ…..പ്പച്ചൻ …..

കുരിശു വരച്ചു പ്രാർത്ഥിക്കുകയാണ് ഡെയ്സി …. നിറഞ്ഞൊഴുകുന്ന കണ്ണുകൾ കൊണ്ട് കർത്താവിനെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടവൾ …….. എല്ലാവർക്കും വേണ്ടിയുള്ള പ്രാർത്ഥനയാണത്….. അതിൽ ലിസിയുണ്ട് അപ്പച്ചനും അമ്മച്ചിയുമുണ്ട് ശിവച്ഛനുണ്ട് പിന്നെയീ ശിവയും കുഞ്ഞുമുണ്ട്…… എന്നുമിങ്ങനെ അത് നോക്കി അവൾക്കരികിൽ ഇരിക്കലാണ് തന്റെ പ്രധാന പണി……. ആ മുഖത്തു മിന്നി മായുന്ന ഭാവങ്ങൾ എല്ലാം നോക്കിക്കാണും…… ഈ ഒരു പ്രാർത്ഥനയാണ് തന്നെ ഇപ്പോഴും നിലനിർത്തുന്നതെന്ന് ശിവ ഓർത്തു…… ഇപ്പോളത്തെ ഈ പ്രാർത്ഥന ചിലപ്പോൾ അമ്മച്ചിക്ക് വേണ്ടിയാവും.. വലിവ് കൂടി കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു…. വീട്ടിൽ വന്നിട്ടിപ്പോൾ വിശ്രമത്തിലാണ്….. ഡെയ്സി ആണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്…… ഇപ്പോൾ നോക്കുന്നതും….. അമ്മച്ചിക്ക് വയ്യെന്ന് കേട്ടപ്പോൾ പിണക്കം ഒക്കെയും മറന്ന് ഓടി പോകുന്നത് കണ്ടു….. ഇപ്പോൾ ആരു വന്നാലും പോയാലും മിണ്ടിയാലും തനിക്കോ അച്ഛനോ പേടി തോന്നാറില്ല…… കാരണം ഡെയ്സി ഞങ്ങളുടേത് മാത്രമാണ്…. ഞങ്ങൾ മൂന്നു പേര് കഴിഞ്ഞേ അവൾക്ക് മാറ്റാരുമുള്ളുവെന്ന് നന്നായിട്ടറിയാം…….

പിഴച്ചവളെന്ന വിളി കൊണ്ട് ഡെയ്സിയെ അവിടെയും വേദനിപ്പിക്കാൻ നോക്കിയ അന്നയുടെ രണ്ടു കരണവും അടിച്ചു പൊളിച്ചു ഡെയ്സി….. ഇനി നീ ശബ്ദിക്കരുത്…… എന്നെ അനുസരിച്ചു ഈ വീട്ടിൽ നിൽക്കാൻ പറ്റുമെങ്കിൽ മാത്രം നിന്നാൽ മതി…. ഇല്ലെങ്കിൽ ഇപ്പോൾ ഇറങ്ങിക്കോണം ഇവിടെ നിന്നും…….. ഡെയ്സി വിരൽ ചൂണ്ടി പറഞ്ഞപ്പോൾ അന്നയുടെ നാവിറങ്ങി പോയി….. അവൾ അപ്പച്ചനെയും അമ്മച്ചിയേയും ദയനീയമായി ഒന്നു നോക്കി… അവരും  ഡെയ്സിയ്ക്ക് ഒപ്പമാണെന്ന്  തോന്നി അന്നയ്ക്ക് …. ആ അടികൊണ്ട് കുറച്ചൊന്നൊതുങ്ങി അന്ന,  മുന്നേ തന്നെ ഹോസ്പിറ്റലിൽ നിന്നും ലാസ്റ്റ് വാണിംഗ് കിട്ടിയിരുന്നു ലീവ് എടുത്തു കറങ്ങി നടക്കുന്നതിന്……ഇനിയുമൊന്ന് ഒതുങ്ങിയില്ലെങ്കിൽ വീട്ടിൽ നിന്നും കൂടി തന്നെ പുറത്താക്കുമെന്ന് തോന്നി… കാരണം ഇപ്പോൾ ആരും തന്റെ ചിലവിൽ അല്ല കഴിയുന്നത്…. ആനി പോലും ഇപ്പോൾ കുറച്ചൊരു ബഹുമാനം തരുന്നില്ല…….. ഡെയ്സിയെ പേടിച്ചു അന്ന ഇപ്പോൾ വീട്ടിൽ സമയത്തു വരാൻ തുടങ്ങി … ഇല്ലെങ്കിൽ ആനി പറഞ്ഞു കൊടുക്കും….. ഡെയ്സിയെ പിണക്കുന്നത് തനിക്ക് ഇനിയും നല്ലതല്ലെന്ന് തോന്നി ഒന്നൊതുങ്ങി അന്ന….. തന്റെ ചട്ടമ്പി മാലാഖയെ ഓർത്തപ്പോൾ ശിവയുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു………

പ്രാർത്ഥന കഴിഞ്ഞെന്നു തോന്നുന്നു…….   പ്രാർത്ഥന കഴിഞ്ഞ് തിരിയുമായി എഴുന്നേറ്റു അമ്മയ്ക്ക് വിളക്കു കൊളുത്താൻ പോവുകയാണ്..  തനിക്കോ അച്ഛനോ വിട്ടു തരാതെ ഏറ്റെടുത്ത അവകാശം ആണത്…….. ഇടയിൽ തന്നെയൊന്നു നോക്കി ചിരിച്ചു …..അച്ഛനും ദേവുവും പിറകെ കൂടെ കൂടിയിട്ടുണ്ട് …. നെറ്റിയിലെ സിന്ദൂരവും കഴുത്തിൽ കൊന്തയ്ക്കൊപ്പം കിടക്കുന്ന ഓം താലിയും ഡെയ്സിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്…… തിരിയുടെ വെട്ടത്തിൽ ഒന്നുകൂടി അഴക് കൂടിയത് പോലെ……തന്റെ വരയിലെ അതേ ഡെയ്സി…… മനസ്സിലുള്ള അതേ രൂപം…… അമ്മയുടെ വേറൊരു പതിപ്പ്……..

ഒന്നു കണ്ണടച്ചപ്പോൾ അമ്മയുടെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു….. ആ മുഖം കണ്ടാലറിയാം അമ്മയിപ്പോൾ തന്നെ ഓർത്തു ഒട്ടുമേ വിഷമിക്കാറില്ലെന്ന്……. തന്നെ നോക്കുന്നതിലും വാത്സല്യത്തോടെ നോക്കുന്നത് ദേവൂനെയും ഡെയ്സിയേയുമാണ് …. അമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ…… ശിവ ഓർത്തു………………. മുടിയിൽ ആരുടെയോ കൈ ഇഴയുന്നതറിഞ്ഞു കണ്ണു തുറന്നു……. ഡെയ്സിയാണ്……. ആ കയ്യിൽ പിടിച്ചു മടിയിലേക്കിരുത്തി…. നെറ്റിയിലേക്ക് തല മുട്ടിച്ചു ഡെയ്സി ചോദിച്ചു…… കുറച്ചു നേരമായല്ലോ ഇങ്ങനെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…… മുൻപ് കണ്ടിട്ടില്ലേ എന്നെ…….

നീയിങ്ങനെ പ്രാർത്ഥിക്കാൻ തുടങ്ങിയാൽ കർത്താവ് ഇറങ്ങി വരും പെണ്ണേ…… കുറച്ചു സമാധാനം കൊടുക്ക്‌…….. ശിവ ഡെയ്സിയുടെ ചെവിയിൽ പറഞ്ഞു…..

രണ്ടു കൈ കൊണ്ടും കഴുത്തിൽ കെട്ടിപ്പിടിച്ചു തോളിലേക്ക് മുഖം ചേർത്തു വെച്ചു ഡെയ്സി ….. പ്രാർത്ഥന ഒന്നു മാത്രമാണ്… ഈ സ്നേഹം ഇങ്ങനെ തന്നെ ജീവൻ പോകും വരെ കൂടെ കാണണമേയെന്ന്……… അവൾ മനസ്സിലോർത്തു……………….. ഓരോ ദിവസവും ശിവയോടുള്ള സ്നേഹം ഏറി ഏറി വരികയാണ്… ഈ നെഞ്ചിലെ ഇടം അതിനു തികയാത്തത് പോലെ തോന്നുകയാണ്…..  മുന്നേ ഈ സ്നേഹം എന്തുകൊണ്ട് തനിക്കു കർത്താവ് കാട്ടിത്തന്നില്ല എന്നു മാത്രമേ പരിഭവം ഉള്ളൂ….. നിന്നെ ഏതവസ്ഥയിലും സ്വീകരിക്കുവാൻ മനസ്സുള്ളവനും താങ്ങാൻ കരുത്തുള്ളവനും ഇവൻ മാത്രമാണെന്ന് മനസ്സിൽ ഒരായിരം തവണ ആരോ പറയുന്നുണ്ട് ഇന്നും…….

ശിവയ്ക്ക് തന്നോടുള്ള സ്നേഹം വാക്കുകളിൽ വിവരിക്കാനാവില്ല… അതറിയണമെങ്കിൽ ഡെയ്സിയെ നോക്കുന്ന ശിവയുടെ കണ്ണുകളിലേക്ക് നോക്കണം… അവിടെയുണ്ട് എല്ലാം… അത്രയും ആഴത്തിൽ…… ഡെയ്സിയെന്ന പെണ്ണിന് എന്തെങ്കിലുമൊന്ന് സംഭവിച്ചാൽ ജീവൻ തന്നെ വിട്ടു പോകുമെന്ന് ആ കണ്ണിലൂടെ മനസ്സിലാക്കാൻ സാധിക്കും……. കർത്താവേ…… എന്റെ ശിവ….. പിരിയ്ക്കല്ലേ നാഥാ…..  ഒരിക്കലും…….. ഡെയ്സിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ശിവയുടെ മുഖത്ത് അലിഞ്ഞു……..നെറ്റിയിലെ മുടി കൈകൊണ്ടു കോതി മാറ്റി അവിടെ ചുണ്ടു ചേർത്തു ഡെയ്സി… വീണ്ടും വീണ്ടും ചുണ്ടു പതിഞ്ഞുകൊണ്ടേയിരുന്നു ……

അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്തിരുത്തി ശിവ…….അവളുടെ പിൻകഴുത്തിലെ നനുത്ത രോമത്തിൽ ചുണ്ട് ചേർത്തു… കണ്ണുനീർ ഒപ്പിയെടുത്തു……. കവിളിൽ കൈ വെച്ചു കണ്ണിലേക്കു നോക്കി…. ഇപ്പോൾ അവിടെ അലിവല്ല ദയയുമല്ല…… സ്നേഹം മാത്രമാണ്.. അവളുടെ ഉള്ളിന്റെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരുതരം സ്നേഹം…..  ഇതാണ് ശിവയുടെ ലോകം… എന്റെ സ്വർഗം……

തമ്മിൽ പങ്കു വെയ്ക്കുന്ന ഓരോ ചുംബനങ്ങൾക്കും ഓരോരോ അർത്ഥങ്ങളാണ്…. പൊന്നേ മുത്തേ എന്നുള്ള വിളികളില്ല…. ആ ഒരു ചുംബനത്തിന്റെ ദൈർഘ്യവും ഉതിരുന്ന കണ്ണുനീരും ഇടയിലുള്ള മൗനവുമാണ് ഞങ്ങളുടെ സ്നേഹം…. തമ്മിൽ മനസ്സിലാവാൻ അത്രയും സമയം മതിയാവും…. കഴിഞ്ഞു പോയ കാലങ്ങൾ ഒന്നും ഓർമ്മയിൽ പോലും എത്താതെ ഓരോ നിമിഷവും ആസ്വദിച്ചു മതിമറന്നു ജീവിക്കുകയാണ് ഇന്ന് ഞങ്ങളുടെ മാലാഖയ്ക്കൊപ്പം……..

ഇതാണ് എന്റെ കഥ…. കർത്താവ് കയ്യിലേൽപ്പിച്ചു തന്ന മൂന്നു ജീവന്റെ അവകാശിയുടെ കഥ…… ശിവയിലൂടെ മാത്രമേ  തന്റെ ജീവൻ നിലനിൽക്കൂ എന്നു തിരിച്ചറിഞ്ഞ ഡെയ്സിയുടെ കഥ….

                    അവസാനിപ്പിച്ചു……..

ഉരുകിയ മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി………. (സങ്കീർത്തനം.51:17)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!