ശിവയുടെ പെട്ടെന്നുള്ള ഭാവമാറ്റം ഡെയ്സിക്ക് അങ്ങോട്ട് ശരിക്കും ഉൾക്കൊള്ളാനായില്ല….. വല്ലാത്തൊരു വിഷമം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു….. ഇതുവരെ തോന്നാത്ത അത്രയും ഭയവും ചങ്കിടിപ്പും ഒക്കെ തോന്നുന്നു…… ചുറ്റും നിന്ന് എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും താൻ തെറ്റ് ചെയ്തു എന്ന് തർക്കിക്കുമ്പോഴും മനസ്സിൽ നല്ല ഉറപ്പുണ്ടായിരുന്നു…. തന്റെയോ ശിവയുടെയോ മനസ്സിൽ അങ്ങനെയൊരു ചിന്ത തോന്നില്ലെന്നുള്ള ഉറപ്പ്…… റോയി അന്ന് ശിവയെക്കുറിച്ച് പറഞ്ഞപ്പോൾ വിശ്വസിക്കാതെ തള്ളി കളഞ്ഞതും ആ ഒരുറപ്പിലായിരുന്നു…… പക്ഷേ കുറച്ചു നിമിഷങ്ങൾക്ക് മുൻപുവരെയുള്ള ശിവയെ തനിക്ക് നന്നായിട്ട് അറിയാമായിരുന്നു……. ഇപ്പോഴുള്ള ശിവ തനിക്ക് പുതിയതാണ്…… പിറകിൽ ദേവൂന്റെ ശബ്ദം കേട്ടപ്പോൾ മനസ്സിലായി ശിവയും കൂടെയുണ്ടെന്ന്…… ഒന്ന് നോക്കാൻ കൂടിയുള്ള ശക്തി ഇല്ലായിരുന്നു ഡെയ്സിക്ക്……. തന്നെ നോക്കാതെ ഒന്ന് ശ്രദ്ധിക്കുക കൂടി ചെയ്യാതെ നിൽക്കുന്ന ഡെയ്സിയെ കണ്ടപ്പോൾ ശിവയ്ക്ക് ദേഷ്യം തോന്നി….. അതിലേറെ വിഷമവും…… അടുത്തുചെന്ന് ഡെയ്സിയെ തനിക്ക് നേരെ തിരിച്ചു നിർത്തി……….
എന്റെ മനസ്സിലുള്ളത് അറിയാതെ പുറത്തു വന്നു പോയതാ ഡെയ്സി…… ക്ഷമിച്ചേക്ക്…… അതിനു നീയിങ്ങനെ മുഖം തിരിച്ചു നടക്കല്ലേ…… മിണ്ടാതിരിക്കല്ലെ……
ഇത്രയും നാൾ ഞാൻ മണ്ടി ആവുകയായിരുന്നു അല്ലേ….. ഞാൻ റോയിയോട് പോലും തർക്കിച്ചിട്ടുണ്ട് നിങ്ങളുടെ സ്നേഹത്തിൽ കളങ്കമില്ല എന്നും പറഞ്ഞു……..ഞാൻ ചേർത്ത് പിടിച്ചപ്പോഴും ആശ്വസിപ്പിച്ചപ്പോഴും എല്ലാം ഉള്ളിൽ ഇങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നു അല്ലേ……. കുറച്ചു ദേഷ്യത്തിൽ ശിവയോട് ചോദിച്ചു….. ശബ്ദമൊക്കെ ഇടറി…..
ആവശ്യമില്ലാത്തത് പറയല്ലേ ഡെയ്സി……. എങ്ങനെ പറയാൻ തോന്നുന്നു നിനക്കിങ്ങനെയൊക്കെ…… ഇന്നേവരെ തെറ്റായ ഒരു നോട്ടം പോലും എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ….. ഇന്നീ ദിവസം വരെ നിന്നോടുള്ള എന്റെ ഇഷ്ടം ഞാൻ പ്രകടിപ്പിച്ചിട്ടുണ്ടോ…… ഇതിപ്പോൾ വായിൽ നിന്നും അറിയാതെ വന്നു പോയി…… ഇന്നേവരെ ഒരു കൂട്ടുകാരന്റെ സ്ഥാനത്തല്ലാതെ ഞാൻ നിന്റെ അടുത്തു നിന്നിട്ടുണ്ടോ….. പറയ്….. ഡെയ്സിയുടെ മുഖം പിടിച്ചുയർത്തി ശിവ ചോദിച്ചു……. ശിവയുടെ കൈ പിടിച്ചു മാറ്റി ഒന്നിനും ഉത്തരം നൽകാതെ അവൾ മാറി നിന്നു…… ഇനിയെന്നെ തൊടരുതെന്ന സൂചന കൂടി ഉണ്ടായിരുന്നു അതിൽ……
ഡെയ്സിയുടെ ഭാഗത്തുനിന്നുമുള്ള ആദ്യത്തെ അവഗണന……. ശിവയ്ക്കതു താങ്ങാനായില്ല…….. കൂടം കൊണ്ട് തലക്കടിച്ച പോലെ തോന്നി….. മാറിനിന്നു കണ്ണു തുടയ്ക്കുന്ന ഡെയ്സിയെ കൂടി കണ്ടതോടെ ശിവയ്ക്ക് ഭൂമി കീഴ്മേൽ മറിയും പോലെ തോന്നി…… താൻ കാരണമാണ് ഡെയ്സി കരയുന്നതെന്ന ചിന്ത ശിവയെ വല്ലാതാക്കി……
കരയല്ലേ ഡെയ്സി……. നിനക്കറിയാമല്ലോ എനിക്ക് മുഴുഭ്രാന്താണെന്ന്…… ഒരു വട്ടന്റെ ചിന്തകളായി കരുതിയാൽ മതി….. ഒന്നും കാര്യമായിട്ടെടുക്കണ്ട…. ക്ഷമിച്ചേക്ക്….. എന്നോട് ക്ഷമിച്ചേക്ക്……. പറഞ്ഞിട്ട് പെട്ടെന്ന് തിരിച്ചു നടന്നു…..
ദേവു ശിവച്ഛാ എന്ന് വിളിച്ചതൊന്നും ശ്രദ്ധിച്ചില്ല…. പെട്ടെന്ന് മുറിയിൽ കയറി കതക് ചാരി……. അസുഖം തല പൊക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു ശിവയ്ക്ക്….. തന്നെ ഈ അവസ്ഥയിൽ കാണുമ്പോൾ ഡെയ്സി വല്ലാതെ വിഷമിക്കും….. സ്വയം ഇഷ്ടമില്ലാതെ തന്റെ ഇഷ്ടത്തിന് വേണ്ടി സമ്മതം മൂളും….. ദയയിൽ തോന്നുന്ന സ്നേഹം വേണ്ട എനിക്ക്…… പ്രത്യേകിച്ച് ഡെയ്സിയുടെ….. ചിന്തകൾക്ക് ഇടംകൊടുക്കാതെ ഗുളിക എടുത്തു വിഴുങ്ങി….. ആഗ്രഹിച്ചത് എന്തോ കിട്ടാത്തത് പോലെ കുഞ്ഞു പിള്ളേർ കരയുന്നതുപോലെ പൊട്ടി പൊട്ടി കരഞ്ഞു…….വാശിയോടെ കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ടിരുന്നു……. അത്രയ്ക്കും വേദനിപ്പിച്ചിരുന്നു ഡെയ്സിയുടെ അവഗണന…… ചെവി രണ്ടും പൊത്തിപ്പിടിച്ച് കട്ടിലിലേക്ക് വീണു……ചങ്കിടിപ്പിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു….. കണ്ണുകൾ അടയുന്നുണ്ട്……. മനസ്സ് ശാന്തമായി…… ഉറക്കത്തിലേക്ക് പോകുമ്പോഴും താഴെ നിന്നും ദേവൂട്ടിയുടെ ശിവച്ഛാന്നുള്ള വിളി കേട്ടുകൊണ്ടിരുന്നു……. ഒരു താരാട്ട് പോലെ…….
എന്റെയാ……എന്റെ മോളാ അവൾ……..ആർക്കും കൊടുക്കില്ല….. ചുണ്ട് പിറുപിറുത്തുകൊണ്ടിരുന്നു……
ഡെയ്സിയെ മാധവൻ വിളിച്ച് അടുത്തിരുത്തിയിട്ട് നേരം കുറച്ചായി…… ശിവച്ഛന്റെ മുഖത്തേക്ക് നോക്കാൻ സാധിക്കുന്നില്ലായിരുന്നു…… എന്തോ തെറ്റ് ചെയ്തത് പോലെ…… തന്റെ മേലുള്ള വിശ്വാസം തകരുമോ എന്നുള്ള പേടിയായിരുന്നു ഉള്ളു നിറയെ….. തന്നെ ശിവച്ഛൻ മാത്രം വിശ്വസിച്ചാൽ മതി…..വേറെ ആര് വിശ്വസിച്ചില്ലെങ്കിലും സാരമില്ല…..
ശിവഛൻ മോൾക്ക് വേണ്ടി ചെയ്യുന്നതെല്ലാം എന്തെങ്കിലും തിരിച്ചു ആഗ്രഹിച്ചിട്ട് ആണെന്ന് മോൾ കരുതുന്നുണ്ടോ…….. എനിക്ക് നിന്നോടുള്ള സ്നേഹത്തിൽ കള്ളത്തരം ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ എന്നെങ്കിലും……. ഡെയ്സിയെ ചേർത്തുപിടിച്ച് ശിവഛൻ ചോദിച്ചു….. ഒന്നും മനസ്സിലാവാത്ത പോലെ ഡെയ്സി അദ്ദേഹത്തെ നോക്കി….. പിന്നെ ഇല്ലെന്ന് തലയാട്ടി…..
നിന്റെ മേൽ അധികാരം സ്ഥാപിക്കാൻ ആളുകൾ വന്നു തുടങ്ങിയപ്പോൾ മുതലുള്ള ഭയമാണ്……. സ്വാർത്ഥത ആണെന്ന് വേണമെങ്കിൽ കരുതാം….. പേടിയാണ് കുഞ്ഞേ ശിവച്ഛന്…. ഞാൻ ഇല്ലാതായാൽ എന്റെ ശിവ….. അവന് ആരും ഇല്ലാതാവില്ലേ…. ഇന്നേവരെ നിന്നോട് ഒന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ല…… ഞാൻ ചെയ്തതിന് പ്രതിഫലം ചോദിക്കുകയാണ് എന്ന തോന്നലും അരുത്…………… എന്തോ പറയാൻ മടിക്കുന്ന ശിവച്ഛന്റെ മുഖത്തേക്ക് ഡെയ്സി നോക്കിയിരുന്നു……..
മോൾക്ക് ശിവയെ സ്വീകരിക്കാൻ കഴിയുമോ…… അവനെ സ്വന്തമായി കാണാൻ കഴിയുമോ…… ശിവച്ഛന്റെ മുഖത്തു നിന്നും നോട്ടം മാറ്റി ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു……
മോളു വിഷമിക്കേണ്ട…. നിനക്ക് സമ്മതം അല്ലെങ്കിൽ കൂടിയും നീ എന്റെ പഴയ ആ മാലാഖ പെണ്ണ് തന്നെയാ…… അതിന് ഒരു മാറ്റവും ഉണ്ടാവില്ല…… ഇത് ശിവച്ഛൻ ഒരു ആഗ്രഹം പറഞ്ഞതാണ്……. ശരിക്കും പറഞ്ഞാൽ അത്യാഗ്രഹം…….അദ്ദേഹം ഒന്ന് ചിരിച്ചു….. വിഷമം നിറഞ്ഞ ഒരു ചിരി…..
ശിവയ്ക്ക് ഇങ്ങനെയൊരു അസുഖം ഇല്ലായിരുന്നെങ്കിൽ കറിയാച്ചനോട് കെഞ്ചി ആയിരുന്നെങ്കിലും ഞാൻ നിന്നെ ശിവയ്ക്ക് സ്വന്തമായി ചോദിച്ചേനെ ……. അവന് നിന്നെ അത്രയ്ക്കും ഇഷ്ടമാ മോളെ……. നിന്നെ ഒന്നും അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി നടക്കുകയാണ്…… നിന്റെ വിവാഹം കഴിഞ്ഞ് പോയപ്പോഴാണ് അവൻ നിന്നെ എത്രയധികം സ്നേഹിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായത്….. സ്വബോധത്തിൽ അല്ലാതെ എത്ര ദിവസമാണ് ശിവച്ഛൻ കാവലിരുന്നതെന്ന് അറിയുമോ….. അമ്മ…. ഡെയ്സി….. ഇത് മാത്രമാണ് പറഞ്ഞു കൊണ്ടിരുന്നത്……
ഇപ്പോൾ അവൻ ജീവിക്കുന്നത് ഈ അച്ഛന് വേണ്ടി മാത്രമാണെന്ന് തോന്നാറുണ്ട്…… അസുഖം കൂടുമ്പോൾ എത്ര തവണ ആലോചിച്ചിട്ടുണ്ടെന്ന് അറിയുമോ കുറച്ചു വിഷം കഴിച്ച് രണ്ടാൾക്കും കൂടി അങ്ങ് പോയാലോ എന്ന്….. പക്ഷേ എന്റെ പൊന്നു മോനെ എന്റെ കൈകൊണ്ട് ഞാൻ എങ്ങനെയാ……. നീയും ഈ അവസ്ഥയിലൂടെ കടന്നു പോയതല്ലേ മോളേ… പറ്റുമോ സ്വന്തം മക്കളുടെ ജീവൻ എടുക്കാൻ …….. ഡെയ്സി എല്ലാം കേട്ട് ശിവഛന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്….. രണ്ടാളുടെയും കണ്ണുകൾ ഒരേപോലെ നിറഞ്ഞൊഴുകി…..
അവന്റെ മനസ്സിൽ പലപ്പോഴും നീ ദേവിയുടെ സ്ഥാനത്താണ് അതുപോലെതന്നെ ഡെയ്സി എന്ന പെണ്ണിനെയും വല്ലാതെ സ്നേഹിക്കുന്നുമുണ്ട് അവൻ….. ഇപ്പോൾ നിന്നെക്കാൾ ഏറെ ദേവൂട്ടിയും….. അവളുടെ അച്ഛൻ ആയിട്ട് ജീവിക്കുകയാണവൻ….. ആ കുഞ്ഞിന്റെ അപ്പൻ റോയി ആണെന്ന് അവന്റെ മനസ്സ് അംഗീകരിക്കുന്നില്ല….. ഇന്ന് കറിയാച്ചൻ നിന്നെ തേടി വന്നപ്പോൾ അവന്റെ ഞെട്ടലും പേടിയും ഞാൻ കണ്ടതാണ്…….. അവനെ ഇനിയും പഴയ അവസ്ഥയിലേക്ക് വിടാൻ എനിക്കാവില്ല……… ഞാൻ ഒരിക്കലും നിർബന്ധിക്കില്ല നിന്നെ….. നിനക്ക് ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെന്നും ഇന്നേവരെ ശിവയെ അങ്ങനെ കണ്ടിട്ടില്ലെന്നും ശിവച്ഛന് അറിയാം…… അവന്റെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരാനും അത് ഇരുട്ടിൽ ആകാനും നിന്നെക്കൊണ്ടേ കഴിയൂ ……
ശിവഛാ…..ഞാൻ ശിവക്കൊപ്പം എന്നും ഉണ്ടായാൽ പോരെ….. ഇപ്പോഴുള്ളത് പോലെ…. അതിന് ഇങ്ങനെയൊരു ബന്ധത്തിന്റെ ആവശ്യമുണ്ടോ…… കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഡെയ്സി മെല്ലെ ചോദിച്ചു…..
ശിവച്ഛന്റെ കാലം കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു സുരക്ഷയും ഉണ്ടാവില്ല……. മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മുന്നിൽ നിനക്ക് ചിലപ്പോൾ പിടിച്ചുനിൽക്കാൻ ആയെന്നു വരില്ല……. അന്നു വീണ്ടും ശിവ തനിച്ചാവും…… അതിലും എത്രയോ നല്ലതാ ഞാൻ ഇല്ലാതാകുന്നതിന് തൊട്ടുമുൻപ് അവനെയും ഇല്ലാതാക്കുന്നത്….. ശിവച്ഛന്റെ ആധിയാ ഇപ്പോൾ ഇത് പറയാൻ പ്രേരിപ്പിച്ചത്….. എന്തുതന്നെയായാലും നിന്റെ തീരുമാനം മാത്രമേ നോക്കൂ ഞാൻ ……. ഇതൊന്നും ശിവ അറിയേണ്ട……. അപേക്ഷയിലൂടെയും ദയയിലൂടെയും കിട്ടുന്നതിനെ സ്നേഹം എന്നു വിളിക്കാനാവില്ല എന്നാണ് അവന്റെ വാദം…….. ഒന്നും മിണ്ടാതെ ഇരിക്കുന്ന ഡെയ്സിയുടെ മുടിയിൽ തലോടി……….
നിന്റെ അവസ്ഥ ശിവഛന് മനസ്സിലാവും… പക്ഷേ ഇപ്പോളെങ്കിലും പറയാതെ വയ്യ….. എനിക്ക് പേടിയായി തുടങ്ങി മോളെ…. മനസ്സിന് ഇനിയും ഒന്നും താങ്ങാനുള്ള ശക്തി ഇല്ല എന്നൊരു തോന്നൽ…… ആലോചിച്ച് ഒരു തീരുമാനം പറഞ്ഞാൽ മതി…. അത് എന്ത് തന്നെയായാലും നീ ശിവച്ഛന്റെ മോൾ അല്ലാതെ ആവുന്നില്ല കേട്ടോ …… നീ പൊയ്ക്കോ….. ശിവച്ഛന് ഒന്ന് കിടക്കണം…. നല്ല ക്ഷീണം പോലെ…..
ഡെയ്സി ആ മുഖത്തേക്ക് നോക്കി ഇരുന്നു…… ഒന്നുമില്ല മോള് പൊയ്ക്കോ….. ഒന്നുറങ്ങി എണീക്കുമ്പോൾ മാറും…… അതും പറഞ്ഞ് അദ്ദേഹം കിടന്നു……. തിരിഞ്ഞു നോക്കി നോക്കി ഡെയ്സി മുറി വിട്ടു പോയി…….
മുറിയിലെത്തി കർത്താവിന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് കൈകൂപ്പി പ്രാർത്ഥിച്ചു …… എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞൊഴുകി… പിന്നെ സ്വയം ചോദിച്ചു എന്തിനാണ് കരഞ്ഞത്……. എന്തെങ്കിലും നിനക്ക് നഷ്ടമായോ..,… നീ തീരുമാനിച്ചിരുന്നതല്ലേ ശിവച്ഛനും ശിവയ്ക്കും വേണ്ടിയുള്ളതാണ് ഇനിയുള്ള ജീവിതം എന്ന്….. പിന്നെന്താ….. പക്ഷേ ശിവയും ആയി ഇങ്ങനെ ഒരു ബന്ധം ആഗ്രഹിച്ചിരുന്നില്ല…….. ഒരിക്കലും……. മനസ്സ് അങ്ങ് അടുക്കാത്തതുപോലെ……. ഒരു തീരുമാനമെടുക്കാനാകാതെ ഡെയ്സി കഷ്ടപ്പെട്ടു …..
ആരും ഒന്നും കഴിക്കാതെ പലപല മുറികളിൽ ഒതുങ്ങി …. ശിവയെ വിളിക്കാൻ മുകളിലേക്ക് പോകാൻ കാലുകൾക്ക് മടി ഉള്ളതുപോലെ….. കുറച്ചു മുൻപ് വരെ ശിവയുടെ മുറിയിൽ കയറി ഇറങ്ങാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല…… പക്ഷേ ഇപ്പോൾ പറ്റുന്നില്ല …. ശിവഛനെ തേടി ചെന്നപ്പോൾ നല്ല ഉറക്കമായിരുന്നു….. വിളിച്ചുണർത്താൻ തോന്നിയില്ല…… മുറിയിൽ വന്നു ദേവൂട്ടിയെ തട്ടി ഉറക്കുമ്പോൾ ഓർത്തു താൻ വന്നതിനു ശേഷം ഇത് ആദ്യമായാണ് ഇങ്ങനെ ആരും ഒന്നും കഴിക്കാതെ മൂന്നു മൂലയിൽ ഒതുങ്ങുന്നത്……. എത്ര സന്തോഷമായിരുന്നു ഇന്നലെവരെ ഈ വീട്ടിൽ…..
തേവൂത്തിക്ക് സിവച്ഛന്റെ അത്ത് പോനം….. എഴുന്നേറ്റിരുന്ന് കണ്ണുതിരുമ്മി ദേവു പറഞ്ഞു……..
ശിവച്ഛൻ മേലെയാ…… ഇന്ന് അമ്മയ്ക്കൊപ്പം കിടക്ക്…… രാവിലെ കൊണ്ടുപോകാല്ലോ ……. അവളെ പിടിച്ചു കിടത്താൻ ശ്രമിച്ചു…..
മ്മ്… ഹൂം…… മേന്റ…. ഇപ്പോ പോനം….. നിച്ചു ഇപ്പോ കാനനം…… അവൾ വാശി പിടിച്ച് കൈയുംകെട്ടി എഴുന്നേറ്റിരുന്നു…… എന്നും അവൾ ശിവയുടെ തോളിൽ കിടന്നാണ് ഉറങ്ങുന്നത്…… കിടക്കുന്നത് തനിക്കൊപ്പവും….. കണ്ണുതുറന്നാൽ ശിവയെ തേടി ഓടും……. ഇനി പറഞ്ഞിട്ട് കാര്യമില്ല അവൾ ഒന്ന് മനസ്സിൽ വിചാരിച്ചാൽ നടക്കും വരെ ഈ ഒരു ഇരിപ്പാണ്…….. എഴുന്നേറ്റ് അവൾക്ക് നേരെ കൈ നീട്ടി…… ഒരു ചിരിയോടെ തോളിൽ ചാടി കയറി…… വഴക്കാളി……..
തന്റെ അടുത്ത് വന്നു സംസാരിച്ചതിനുശേഷം പിന്നെ കണ്ടതേയില്ല ശിവയെ……. തേടിപ്പോകാൻ തുടങ്ങിയതാണ്…… പക്ഷേ ആ മുഖത്ത് നോക്കാൻ ഒരു മടി…… അവളെയും എടുത്തു ശിവയുടെ മുറിയിലേക്ക് ചെന്നു….. ഉറങ്ങുന്ന ശിവയുടെ മേലേക്ക് ദേവു വലിഞ്ഞുകയറി…… നെഞ്ചിൽ കിടന്നു….. ശിവയെ മെല്ലെ കൈകൊണ്ട് തട്ടി……. അവൾ തനിയെ ഉറങ്ങി…… മേശമേൽ ഇരിക്കുന്ന ടാബ്ലെറ്റ് കണ്ടപ്പോൾ ഡെയ്സിയ്ക്ക് എല്ലാം മനസ്സിലായി…… വല്ലാത്ത വിഷമം തോന്നി…… അത്രയും മനസ്സ് വേദനിക്കും എന്ന് കരുതിയില്ല…… കസേര നീക്കിയിട്ടു മേശമേലേയ്ക്ക് മുഖം വെച്ചു ശിവയെയും കുഞ്ഞിനെയും നോക്കി കിടന്നു……
രാവിലെ ദേവൂട്ടിയുടെ ശബ്ദം കേട്ടാണ് ഡെയ്സി കണ്ണു തുറന്നു എഴുന്നേറ്റത്…… രണ്ടുപേരും ഇരുന്നു കളിക്കുകയാണ്……..
എനിക്ക് അസുഖം ആണെന്ന് തോന്നിയാൽ നിന്നോടും കുഞ്ഞിനോടും അടുത്ത് വരരുത് എന്ന് പറഞ്ഞിട്ടില്ലേ…… എന്ത് ധൈര്യത്തിലാണ് ഈ കുഞ്ഞിനെ എന്റെ കൂടെ ഉറങ്ങാൻ വിട്ടത്……. ശിവ ഡെയ്സിയോട് ദേഷ്യത്തിൽ ചോദിച്ചു……
ശരിയാണ് നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ് അങ്ങനെ ഉണ്ടായാൽ അടുത്തേക്ക് വരരുത് എന്ന്…… സ്വബോധത്തിലേക്ക് തിരിച്ചെത്തുമ്പോൾ നിങ്ങളെ ഉപദ്രവിച്ചെന്നു കേൾക്കാൻ ഇടയാവരുതെന്ന്……
ബോധം ഇല്ലെങ്കിൽ കൂടിയും എന്നെയും കുഞ്ഞിനെയും ഉപദ്രവിക്കില്ല എന്ന് അറിയാം…… ആ ഒരു വിശ്വാസത്തിലാ….. ആ ഒരു ധൈര്യത്തിലാ ഞാൻ കുഞ്ഞിനെ കൂടെ കിടത്തിയത്…… ഡെയ്സി പറഞ്ഞിട്ട് നടന്നു…. തിരിഞ്ഞൊന്നു നോക്കിയപ്പോൾ അതേ ദേഷ്യത്തിൽ തന്നെ നോക്കി ഇരിക്കുന്ന ശിവയെ കണ്ടു…..
ഇന്ന് പള്ളിയിൽ വന്നതിന് രണ്ടുണ്ട് ഉദ്ദേശം….. അച്ഛനെ കണ്ട് ഒന്ന് സംസാരിക്കണം… തീരുമാനമെടുക്കാൻ മടിക്കുന്ന കാര്യങ്ങൾ എല്ലാം പറയണം… പിന്നെ മനസ്സുതുറന്ന് പ്രാർത്ഥിക്കണം…… പ്രാർത്ഥനയ്ക്കിടയിൽ ഇടിവെട്ടി മഴ പെയ്യാൻ തുടങ്ങി….. ഇടിവെട്ടുന്ന ശബ്ദം ദേവൂട്ടിക്ക് പേടിയാണ്….. ചുറ്റും നടന്ന് കളിച്ചുകൊണ്ടിരുന്നവൾ പതിയെ ഒട്ടിയൊട്ടി നിൽക്കാൻ തുടങ്ങി……. എല്ലാം സംസാരിച്ചു കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു…..
ഇതിലിപ്പോൾ ഞാൻ എന്ത് പറയാനാ കുഞ്ഞേ….. നിന്റെ തീരുമാനം ആണ് പ്രധാനം….. മാധവൻ ചോദിച്ചതിൽ ഒരു തെറ്റ് ഞാൻ കാണുന്നില്ല….. ശിവയെ മറ്റാരേക്കാൾ മനസ്സിലാക്കാനും സ്നേഹിക്കാനും അംഗീകരിക്കുവാനും നിന്നെക്കൊണ്ടാവും……
ഈ പള്ളിയിൽ നീ വരുന്നതിന് തന്നെ എത്രപേർക്ക് മുറുമുറുപ്പ് ഉണ്ടെന്ന് അറിയുമോ……. ഞാൻ ഒന്നും കാര്യമാക്കാഞ്ഞിട്ടാണ്………. എന്തായാലും ഇത് എനിക്ക് നല്ലൊരു കാര്യം ആയിട്ടാണ് തോന്നുന്നത്….നിനക്കൊരു ജീവിതം വേണം… നിന്റെ കുഞ്ഞിന് അപ്പൻ വേണം……. അല്ലെങ്കിലും നാട്ടുകാർക്കും വീട്ടുകാർക്കും മുൻപിൽ ഇത് ശിവയുടെ കുഞ്ഞല്ലേ…….. എന്തായാലും നീ അവർക്കൊപ്പം അല്ലേ ജീവിക്കുന്നത്….. അവസാനം വരെ നിനക്ക് അവരെ വിട്ടു പോകാൻ കഴിയുമോ…….. അത്രയ്ക്കും കടപ്പാടില്ലേ നിനക്കവരോട്…. എങ്കിൽ പിന്നെ അതിങ്ങനെ വീട്ടാനാവും കർത്താവിന്റെ ഇഷ്ടം……..
അപ്പോൾ എല്ലാവരും പറഞ്ഞതെല്ലാം ശരിയായി എന്നാവില്ലേ അച്ചോ……. ഇനിയൊരു ബന്ധം ഞാൻ ആഗ്രഹിക്കുന്നുമില്ല…….ഡെയ്സി വിഷമത്തിൽ പറഞ്ഞു …..
മറ്റുള്ളവർ എന്തും വിചാരിച്ചു കൊള്ളട്ടെ….ഒരു തെറ്റും ചെയ്യാതെ നിനക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നില്ലേ……. സത്യം മനസ്സിലാക്കാനോ നിന്നെ സംരക്ഷിക്കാനോ രക്ഷിക്കാനോ ഈ മറ്റുള്ളവർ വന്നോ…… ഇല്ലല്ലോ…… കർത്താവിനെ മാത്രം ഭയപ്പെട്ടു ജീവിച്ചാൽ മതി…….. നിനക്ക് ഹിതം എന്ന് തോന്നുന്നത് മാത്രം ചെയ്യുക……. പ്രാർത്ഥന മുടക്കരുത്… കർത്താവ് നിനക്ക് വഴി കാട്ടട്ടെ……. ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ ഡെയ്സി അച്ഛൻ പോകുന്നതും നോക്കി വരാന്തയിൽ നിന്നു…….
മഴ കുറയുന്ന ലക്ഷണമില്ല…… കുട എടുക്കാതെ വന്നതിൽ സ്വയം ശാസിച്ചു….. എല്ലാവരും പോയിരുന്നു….. രണ്ടു മൂന്നു പേർ മാത്രമുണ്ട് അവിടെയുമിവിടെയും……… ചുറ്റിനും നോക്കുമ്പോഴാണ് കണ്ടത് റോയി ഒരു തൂണിൽ ചാരി ഞങ്ങളെ മാത്രം നോക്കി നിൽക്കുന്നത് ………. കുഞ്ഞിനെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു….. മഴയത്ത് ഇറങ്ങി നടന്നാലോ…… ദേവൂട്ടി ഉള്ളത് കൊണ്ട് അതും സാധിക്കില്ല……. എന്ത് ചെയ്യണമെന്നറിയാതെ നിന്നു…… ഒരു നിവർന്ന കുട തനിക്ക് നേരെ മറയായി നിന്നു …….. ശിവയാണ്……..
നിനക്ക് അറിയില്ലായിരുന്നോ മഴ മൂടി കിടക്കുകയാണെന്ന്….. കുട എടുത്തു വരാൻ അറിയില്ലേ……… ഡെയ്സിയെ വഴക്കുപറഞ്ഞു… ഒപ്പം തന്നെയും ദേവുനെയും ചേർത്തു പിടിച്ച് നടന്നു…… ഒരു തുള്ളി വെള്ളം ദേഹത്തോ തലയിലോ വീഴാതെ കാറിൽ കൊണ്ടിരുത്തി…… ശിവ പകുതിയും നനഞ്ഞു…….. ഡെയ്സിയ്ക്ക് ഇപ്പോൾ നേരെ നോക്കിയാൽ റോയിയെ കാണാം…… ആ മുഖത്തെ ദേഷ്യം കാണാം…….
ദേവു അവളുടെ ഉടുപ്പ് പൊക്കി ശിവയുടെ മുഖത്തെയും മുടിയിലെയും വെള്ളം തുടച്ചു കളയുകയാണ്……. അമ്മ ശകാരിക്കും പോലെ എന്തൊക്കെയോ പറയുന്നുണ്ട് കുഞ്ഞു വായിൽ………… എല്ലാം കേട്ട് തലയാട്ടുമ്പോൾ ഡെയ്സിയെ ഒന്ന് നോക്കി…….. അവളുടെ നോട്ടത്തിന്റെ അവസാനം റോയിയിൽ ആണെന്നറിഞ്ഞപ്പോൾ ശിവയുടെ മുഖം മാറി……….
പള്ളിയുടെ മുറ്റത്തു നിന്നും കാർ മറഞ്ഞപ്പോൾ റോയ് ആ മഴയിൽ ഇറങ്ങി നടന്നു………… കുറച്ചുദിവസങ്ങളായി ഡെയ്സിയെയും കുഞ്ഞിനെയും കാണാൻ വല്ലാതെ ആഗ്രഹിക്കുന്നു………. ഇന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഉണ്ടായിരുന്ന ഒരു കുടയിൽ അമ്മച്ചിയെയും ലിസിയെയും പറഞ്ഞു വിടുമ്പോൾ എങ്ങനെയെങ്കിലും ഒന്നു മിണ്ടണം കുഞ്ഞിനെ കയ്യിലെടുത്ത് അവൾക്കൊപ്പം കുറച്ചുനേരം നിൽക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ……… എല്ലാം പറഞ്ഞു മാപ്പ് ചോദിച്ചാൽ അവളെന്നോട് ക്ഷമിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു…. അവളുടെ റോയിച്ചൻ അല്ലേ ഞാൻ……… കുഞ്ഞിക്കൈ നീട്ടി ഡെയ്സിയുടെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു കളിക്കുന്നവളെ നോക്കി നിന്നു…….. തന്നെ ഡെയ്സി കണ്ടു എന്ന് മനസ്സിലായപ്പോൾ അടുത്തേക്ക് ചെല്ലാൻ ഇരുന്നപ്പോഴാണ് ഒരു ശകുനം പോലെ ശിവ വന്നതും അവരെ കൂട്ടി പോയതും……… ഡെയ്സിയെയും തന്റെ കുഞ്ഞിനെയും നെഞ്ചിൽ പൊതിഞ്ഞു പിടിച്ചുകൊണ്ടു പോകുന്നവനെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കിനിന്നു റോയി……..
റോയിയെ കാണാൻ ആയിരുന്നോ നീ രാവിലെ കുടയെടുക്കാതെ ഇങ്ങോട്ട് ധൃതിയിൽ പോന്നത് ……… ശിവയുടെ കളിയാക്കിയുള്ള ചോദ്യത്തിന് ദേഷ്യത്തിൽ ഉള്ള ഒരു നോട്ടമായിരുന്നു ഡെയ്സിയുടെ മറുപടി………
ഇന്നലെ പ്രത്യേകിച്ച് ഒന്നും നടന്നിട്ടേയില്ല എന്നുള്ള ഭാവമായിരുന്നു ശിവയുടെ മുഖത്ത്….പക്ഷേ വിഷമം മറയ്ക്കാൻ വളരെ കഷ്ടപ്പെടുന്നുണ്ട്… അത് കാണുമ്പോൾ ഒരു വിഷമം…….. ദൂരെ നിന്നേ കണ്ടു തങ്ങളെയും കാത്തിരിക്കുന്ന ശിവച്ഛനെ……… എന്തു മറുപടി കൊടുക്കും അദ്ദേഹത്തിന്………….
ഉടനെ വരും…..
A.. M.. Y..
പിതാവ് എനിക്ക് നൽകുന്നവരെല്ലാം എന്റെ അടുത്ത് വരും..എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല (യോഹന്നാൻ 6:37)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Daisy written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission