പ്രത്യേകിച്ച് ഒന്നും നടന്നിട്ടേയില്ല എന്നുള്ള ഭാവമായിരുന്നു ശിവയുടെ മുഖത്ത്….പക്ഷേ വിഷമം മറയ്ക്കാൻ വളരെ കഷ്ടപ്പെടുന്നുണ്ട്… അത് കാണുമ്പോൾ ഒരു വിഷമം…….. ദൂരെ നിന്നേ കണ്ടു തങ്ങളെയും കാത്തിരിക്കുന്ന ശിവച്ഛനെ……… എന്തു മറുപടി കൊടുക്കും അദ്ദേഹത്തിന്…………. ഡെയ്സി വീണ്ടും ചിന്തിച്ചു തുടങ്ങി …….
കുഞ്ഞിന്റെ തലയ്ക്കു മീതെ കൈ വിടർത്തി അവളെ പൊതിഞ്ഞു പിടിച്ചു ശിവ ഉമ്മറത്തേക്ക് ഓടി കയറി…. ശിവച്ഛന്റെ തോളിൽ കിടന്ന തോർത്തെടുത്തു അവളുടെ മുഖവും തലയും തുവർത്തി കൊടുത്തു…… ശിവച്ഛൻ ആണെങ്കിൽ ശിവയുടെ തലയും തുടച്ചു കൊടുത്തു….. രണ്ട് അച്ഛന്മാരും അവരവരുടെ കടമകൾ ചെയ്തു….. എല്ലാം നോക്കിക്കൊണ്ട് ഡെയ്സി കാറിൽ നിന്നുമിറങ്ങി അവർക്കടുത്തേക്ക് വന്നു……
നീയിതെന്തു സ്വപ്നം കണ്ടു നടക്കുവാ ഡെയ്സി… നിനക്കല്ലേ ഞാൻ വണ്ടിയിൽ കുട വെച്ചത്….. ദേ… നോക്കിയേ… മുഴുവൻ നനഞ്ഞു വന്നേക്കുന്നു…. ദേഷ്യത്തിൽ ശിവ പറഞ്ഞു…… അപ്പോഴാണ് ഡെയ്സിയും അതോർത്തത്….. രണ്ടാളെയും ഒന്നു നോക്കിയിട്ട് അബദ്ധം പറ്റിയത് പോലെ ഡെയ്സി അകത്തേക്ക് നടന്നു…..
ഇവൾക്കിത് എന്തുപറ്റിയെന്ന് വിചാരിച്ചു അകത്തേക്ക് പോകുന്നവളെ നോക്കി നിന്നു രണ്ടാളും…. ശിവ ചെന്നപ്പോൾ നനഞ്ഞ പടിയേ എന്തോ ആലോചിച്ചു നിൽക്കുന്ന ഡെയ്സിയെ കണ്ടു കയ്യിലിരുന്ന തോർത്ത് നീട്ടി ചോദിച്ചു……..
നിനക്കെന്താ പറ്റിയത്….. എന്താണെങ്കിലും ഒന്ന് തുറന്നു പറഞ്ഞു കൂടെ…. എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ…… ഞാൻ അന്ന് പറഞ്ഞതിനാണ് ഇങ്ങനെ മിണ്ടാതെ നടക്കുന്നത് എങ്കിൽ അത് മറന്നേക്കാൻ ഞാൻ പറഞ്ഞതല്ലേ…. ഈ വീട്ടിൽ ആകെ നമ്മൾ നാലു പേരെ ഉള്ളൂ…… പുറത്തു നിന്നും ഒരാൾ വരുന്നത് കൂടിയില്ല ഒന്നു മിണ്ടാൻ….. അപ്പോൾ പിന്നെ ഇങ്ങനെ പരസ്പരം മുഖം തിരിച്ചു നടക്കുന്നത് എന്തു വിഷമം ഉണ്ടാക്കുന്നുണ്ടെന്ന് നിനക്ക് അറിയുമോ………….
എനിക്ക് കുഴപ്പമൊന്നുമില്ല…… ഒന്നും പറ്റിയിട്ടുമില്ല …… ശിവയ്ക്ക് മുഖം കൊടുക്കാതെ ഡെയ്സി പറഞ്ഞു……
ആഹ് ….. അതീ മുഖം കണ്ടാൽ മനസ്സിലാകുമല്ലോ ….. റോയ് വേറെ പെണ്ണും കെട്ടി….. വർഷം കുറെയായി…. ഇപ്പോഴും ഇവിടെ ഒരുത്തി അവനെ ഓർത്ത് വിഷമിച്ചു നടക്കുകയാ…….. ശിവ പൊറുപൊറുത്തു പറഞ്ഞത് ഡെയ്സി കേട്ടു….. ഒന്നും മിണ്ടാതെ തോർത്തും തട്ടിപ്പറിച്ചു വാങ്ങി മുറിയിലേക്ക് പോയി……. റോയിയെ ഇപ്പോഴും അവൾ സ്നേഹിക്കുന്നുണ്ടോ……. ഉണ്ടാവും….. ഉപേക്ഷിച്ചതാണെങ്കിലും അവളെ പോലൊരു പെണ്ണിന് സ്വന്തം ഭർത്താവിനെ മറക്കാൻ സാധിക്കില്ല….. അത് മനസ്സിലാക്കാതെ ഉള്ളിലുള്ള ഇഷ്ടം പറഞ്ഞ ഞാനാണ് മണ്ടൻ…… ശിവ ഓർത്തു ചിരിച്ചു…… പക്ഷേ ഡെയ്സിയുടെ മനസ്സിലുള്ള വിഷമം എന്താന്ന് ആർക്കും മനസ്സിലായില്ല……
ഒരു മിണ്ടാപ്രാണി പെണ്ണ് മുൻപിൽ വന്നു അവളുടെ ഭാഷയിൽ പറഞ്ഞത് മാത്രമായിരുന്നു ഡെയ്സിയുടെ മനസ്സിൽ…….. എന്താ പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും വയറിൽ കൈ വെച്ചപ്പോൾ അത് കുഞ്ഞിനെക്കുറിച്ചാണെന്നും മിന്നെടുത്തു കാട്ടിയത് ഭർത്താവിനെക്കുറിച്ചും മാത്രമാണെന്ന് മനസ്സിലായി…… ആ കണ്ണുനീരിൽ നിന്നും മനസ്സിലായി അവൾ അനുഭവിക്കുന്ന വേദനയും അവഗണനയും……. ഒടുവിൽ കൈകൂപ്പി തന്നോട് എന്തോ യാചിച്ചു……. ഒന്നും മനസ്സിലാവാതെ ഡെയ്സി ആ പെണ്ണിനെ നോക്കി നിന്നു…… കർത്താവെ ആ കണ്ണുനീര് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല….. ഒന്നാശ്വസിപ്പിക്കാൻ തോളിൽ കൈ വെച്ചപ്പോഴേക്കും തന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു……. തനിക്ക് ചേർത്തു പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ദേവു അവളെ ചേർത്തു പിടിച്ചു……….. കുഞ്ഞിന് ഒരുപാട് ഉമ്മയും കൊടുത്തു പോകുന്നവൾക്ക് വേണ്ടി താനെന്താ ചെയ്യേണ്ടതെന്ന് അറിയാതെ നിന്നു ഡെയ്സി….. കുഞ്ഞിനേയും തന്നെയും കാണാൻ എന്ന പോലെ നിൽക്കുന്ന റോയിയെ കണ്ടപ്പോൾ ആദ്യം തോന്നിയത് ഭയമാണ്…… കുഞ്ഞിനെ കൊതിയോടെ നോക്കുന്നത് കണ്ടപ്പോൾ എന്തു വികാരമാണ് തനിക്ക് തോന്നിയതെന്ന് അറിയില്ല…….. വെറുപ്പോ ഇഷ്ടമോ ഇപ്പോൾ ഇല്ല…… മനസ്സ് മുഴുവൻ ആ പെണ്ണിന്റെ കണ്ണുനീരാണ്…. ശിവ വന്നതും തന്നെ ചേർത്തു പിടിച്ചു കൊണ്ടുപോകുന്നതുമൊക്കെ അറിഞ്ഞു…..
വീടെത്തും വരെ അതായിരുന്നു ചിന്ത…….. ശിവഛനെ കണ്ടപ്പോഴാണ് കൊടുക്കാനുള്ള മറുപടി താൻ ആലോചിച്ചില്ലല്ലോ എന്നോർത്തത്………. ശിവച്ഛൻ പറഞ്ഞത് ശിവയോടും ശിവ പറഞ്ഞത് ശിവച്ഛനോടും പറയാൻ നിന്നില്ല…….. അച്ചൻ പറഞ്ഞതും ശിവഛൻ പറഞ്ഞതുമെല്ലാം മനസ്സിലിട്ട് ഒന്നുകൂടി ആലോചിക്കുകയായിരുന്നു ഡെയ്സി ……. തന്റെ ചിന്തയും തനിച്ചിരിപ്പും കണ്ടിട്ടാവും ശിവഛൻ ഒന്നും തന്നോട് ചോദിക്കാനും മുതിർന്നില്ല……… ഉമ്മറത്തിരുന്ന് എന്തൊക്കെയോ തനിച്ച് ആലോചിക്കുന്നത് കാണാം……. ഇടയ്ക്ക് നെഞ്ചു തിരുമ്മുന്നതും കാണാം…….. ശിവ പറഞ്ഞത് നേരാണ് നാലു പേരെ ഉള്ളൂ ഈ വീട്ടിൽ സംസാരിക്കുവാനും ചിരിക്കുവാനും എല്ലാം….. മടുത്തു തുടങ്ങി ഇങ്ങനെ……. പോയ സന്തോഷം തിരിച്ചു പിടിക്കണം ഡെയ്സി ഉറപ്പിച്ചു…..
ശിവ ഇപ്പോൾ ഇടയ്ക്കിടെ ലൈബ്രറിയിലും മറ്റും പോകാറുണ്ട്…. പോകുമ്പോൾ ദേവൂനെയും കൂടെ കൂട്ടാറുണ്ട്…. ഇല്ലെങ്കിൽ ഇവിടെ കാറിപൊളിക്കും….. ശിവഛനും ശിവയും ദേവൂവും ഇല്ലാത്തപ്പോൾ ഏറെ നേരവും തയ്ക്കാൻ ചേച്ചിമാരെ സഹായിക്കുകയാവും പതിവ്……. എല്ലാവരോടും സംസാരിച്ചിരിക്കുമ്പോൾ അവരുടെ വിഷമങ്ങൾ ഒക്കെയും കേട്ടിരിക്കുമ്പോൾ തന്റെ പ്രശ്നങ്ങൾ എല്ലാം മറന്നു പോകാറുണ്ട് ഡെയ്സി……. മുറ്റത്ത് ആളനക്കം കേട്ടപ്പോൾ ശിവ വന്നതാവും എന്ന് കരുതി….. ആരോ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ചെന്ന് നോക്കി…… ആനി ആണ്…….. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഡെയ്സി ചോദിച്ചു എന്താ കാര്യം എന്ന്……… അവളുടെ മുഖത്ത് പേടിയോ ചമ്മലോ ഒക്കെയാണ്…… ചുറ്റും നോക്കുന്നുണ്ട്………
പേടിക്കേണ്ട നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഭ്രാന്തൻ…. അദ്ദേഹം ഇവിടെ ഇല്ല…… ധൈര്യമായിട്ട് പോരേ….. ഡെയ്സി പറഞ്ഞു…..
ഞാൻ കണ്ടിരുന്നു പോകുന്നത്….. ആരുമില്ലെന്ന് അറിഞ്ഞിട്ടു തന്നെയാ വന്നത്…….
കാര്യമെന്താ…..പറഞ്ഞോളൂ……ഡെയ്സി പറഞ്ഞു …….
വല്യേച്ചി…….എനിക്കും കൂടി ഇവിടെ ഒരു ജോലി തരുമോ….. തയ്ക്കാൻ അറിയില്ലെങ്കിലും ഞാൻ വേറെ എന്തെങ്കിലും ജോലി ചെയ്തോളാം…… മടിച്ചു മടിച്ചു ചോദിച്ചു……. ആനിയുടെ ശബ്ദത്തിന് പണ്ടത്തെ ധാർഷ്ട്യം ഒട്ടുമില്ലായിരുന്നു…….
ഇവിടെ ഇപ്പോൾ അങ്ങനെ ഒരാളുടെ ആവശ്യമില്ല…… പൊയ്ക്കോളൂ….. നിന്ന് സമയം കളയണ്ട……. ഡെയ്സി അവളെ പറഞ്ഞു വിടാൻ നോക്കി…..
വല്യേച്ചി പ്ലീസ്…… എനിക്ക് എന്തെങ്കിലും പണി തരുമോ…. ഇവിടെയോ… വീട്ടിലോ.. എവിടെയെങ്കിലും… വേലക്കാരി ആയിട്ടാണെങ്കിലും മതി…. ആനിയുടെ കണ്ണ് രണ്ടും നിറഞ്ഞൊഴുകി…..
ഡെയ്സിയുടെ മനസ്സൊന്ന് നൊന്തു….. കൊഞ്ചിച്ചു ഊട്ടിവളർത്തിയ കുഞ്ഞാണ് മുൻപിൽ നിന്ന് കരയുന്നത്….. അതിനു മാത്രം എന്താ വീട്ടിൽ ഇപ്പോൾ ബുദ്ധിമുട്ട് ഉള്ളത് … അന്നയ്ക്കിപ്പോൾ ഒരു ആശുപത്രിയിൽ ജോലി കിട്ടി എന്നാണല്ലോ ശിവ പറഞ്ഞത്…… പിന്നെ അപ്പച്ചനും കൃഷിയിൽ നിന്നും കിട്ടുന്നുണ്ട്…. ഇപ്പോൾ ആ വീട് കഴിഞ്ഞുപോകാനുള്ളത് കിട്ടുന്നുണ്ടല്ലോ…….. പിന്നെന്താ……. അറിയാൻ ആഗ്രഹമുണ്ട് എങ്കിലും ഒന്നും ചോദിക്കാൻ തയ്യാറായില്ല ഡെയ്സി…… കയ്യും കെട്ടി അവളെയും നോക്കി നിന്നു……
കുഞ്ഞേച്ചി ജോലിക്ക് പോകാൻ തുടങ്ങിയതിനുശേഷം വലിയ മാറ്റമാണ്….. വീട്ടിലെ ചെലവൊക്കെ നോക്കാൻ തുടങ്ങിയപ്പോൾ ഭയങ്കര അഹങ്കാരമാണ്…. അപ്പച്ചനെയൊക്കെ വലിയ ഭരണമാ…… എല്ലാത്തിനും കൂടി കാശ് തികയുന്നില്ല എന്നും പറഞ്ഞ് എന്നോട് പഠിപ്പു നിർത്താൻ പറഞ്ഞു……
അതിന് അപ്പച്ചൻ അല്ലേ ആനിയ്ക്ക് പഠിക്കാൻ പൈസ തരുന്നത്…. പിന്നെന്താ….
കുഞ്ഞേച്ചിക്ക് ആശുപത്രിയിൽ ജോലിക്ക് കയറാൻ പൈസ കെട്ടി വെയ്ക്കണമായിരുന്നു….. അതിനു ആരോടോ പലിശയ്ക്ക് കാശു വാങ്ങിയ അപ്പച്ചൻ അത് കൊടുത്തത്…… കിട്ടുന്നതെല്ലാം അപ്പച്ചന് പലിശ കൊടുക്കാനേ തികയുന്നുള്ളൂ….. ശമ്പളം കിട്ടുന്നതിൽ നിന്ന് ഒരു പൈസപോലും കുഞ്ഞേച്ചി അപ്പച്ചനു കൊടുക്കില്ല…… എന്തിന് ആ പലിശ പോലും അടയ്ക്കാൻ ഒരു രൂപ കൊടുക്കില്ല….. മട്ടും ഭാവവും കണ്ടാൽ അത് അപ്പച്ചൻ സ്വന്തം ആവശ്യത്തിന് വാങ്ങിച്ച പോലെയാ ……. ഇടയ്ക്കിടെ പേരിന് കുറച്ച് സാധനങ്ങൾ വാങ്ങിച്ചു കൊണ്ടുവരും.. അതിനും കണക്കു പറയും …… അമ്മച്ചിക്ക് ശ്വാസംമുട്ടൽ കൂടിയിട്ട് അപ്പച്ചൻ ആരോടോ വാങ്ങിയാ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോയത്…… ആനി ഷാളിൽ കണ്ണുതുടച്ചു….. എനിക്ക് പഠിക്കണം വല്യേച്ചീ……. അപ്പച്ചനോട് ചോദിച്ചു ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ…… ഇവിടെ എന്തെങ്കിലും ഒരു ജോലി തരുമോ…. എന്തെങ്കിലും മതി……. ഞാൻ രാവിലെയും വൈകുന്നേരവും വന്നു ചെയ്തു കൊള്ളാം…… ഇല്ലെങ്കിൽ വല്യേച്ചി ചെയ്തിരുന്നതുപോലെ മിറ്റവും അകവും എല്ലാം തൂത്തിട്ടോളാം ……
അതൊന്നും വേണ്ട….. അതിനിവിടെ ഇപ്പോഴും ഞാനുണ്ട്…… ഡെയ്സി പറഞ്ഞു….. ആരുടെയെങ്കിലും അടുക്കളയിൽ ഒതുങ്ങാനാണോ എന്റെ പഠിപ്പ് വേണ്ടെന്ന് വെച്ചു ഇവരെ പഠിപ്പിച്ചത്…… ഓർത്തപ്പോൾ ഡെയ്സിയ്ക്ക് ആകെ വിഷമം തോന്നി…….
അപ്പച്ചനും അമ്മച്ചിയും അറിഞ്ഞിട്ടാണോ നീ ഈ കാര്യം അന്വേഷിക്കാൻ വന്നത്….. ആകാംക്ഷയോടെ ചോദിച്ചു…..
അതെ…. ഞാൻ പറഞ്ഞിരുന്നു വല്യേച്ചിയുടെ അടുത്തു പോകുമെന്ന്…. എനിക്ക് ഇനിയും പഠിക്കണമെന്ന്….. രണ്ടാളും ഒന്നും പറഞ്ഞില്ല….. അമ്മച്ചിക്കും അപ്പച്ചനും വല്യേച്ചിയോട് ദേഷ്യം ഒന്നുമില്ല…. എപ്പോഴും പറഞ്ഞു കരയും രണ്ടാളും…. കുഞ്ഞിനെ കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട് അമ്മച്ചിക്ക്……. ആനി ശബ്ദം താഴ്ത്തി പറഞ്ഞു…….
മാസങ്ങളോളം ഞാൻ ഉണ്ടായിരുന്നല്ലോ നിങ്ങൾക്കൊപ്പം….. അന്ന് ആർക്കും കാണാൻ ആഗ്രഹവുമില്ലായിരുന്നു… കൊതിയുമില്ലായിരുന്നു…. ആരെങ്കിലും കണ്ടിട്ടുണ്ടോ എന്റെ കുഞ്ഞിന്റെ മുഖം അടുത്ത്….. ഒന്നു നോക്കിയിട്ടുണ്ടോ…. എടുത്തിട്ടുണ്ടോ അതിനെയൊന്ന് …. ഡെയ്സിയുടെ തൊണ്ട ഇടറി…… ഇപ്പോഴും അതൊക്കെ ഓർക്കുമ്പോൾ ഉള്ളു വിങ്ങുന്നത് ഡെയ്സി അറിഞ്ഞു …..
വല്യേച്ചീ….. ഞാൻ…… ആനിയെ പറയാൻ സമ്മതിക്കാതെ ഡെയ്സി കൈകൊണ്ട് തടഞ്ഞു…….
ഞാൻ പിഴച്ചവളാണ്….. നിന്റെയും നിന്റെ ചേച്ചിയുടെയും ഭാഷയിൽ പറഞ്ഞാൽ വേലി ചാടിയവൾ…… അതിന്നും അങ്ങനെ തന്നെ ഇരുന്നോട്ടെ…. പിഴച്ചുണ്ടായ എന്റെ കുഞ്ഞിനെ ഞാൻ പ്രദർശനത്തിന് വെയ്ക്കാൻ ഉദ്ദേശിക്കുന്നുമില്ല……. അത്രയും പറഞ്ഞപ്പോഴേക്കും ആനിയുടെ മുഖം താഴ്ന്നു…… അവൾ കരയുന്നുണ്ടെന്ന് മനസ്സിലായി…….. ഡെയ്സി ഒന്നു തണുത്തിട്ട് പറഞ്ഞു……
ഈ സ്ഥാപനം ഞാൻ നോക്കി നടത്തുന്നുവെന്നേയുള്ളൂ… ഉടമസ്ഥൻ എന്നും ശിവച്ഛൻ തന്നെയാണ്… ഞാൻ ചോദിച്ചിട്ട് നാളെ പറയാം…. ഡെയ്സിയതു പറഞ്ഞപ്പോൾ ആനിയുടെ മുഖമൊന്ന് വാടി.. പ്രതീക്ഷ അസ്തമിച്ചതുപോലെ….
എന്തായാലും പഠിത്തം നിർത്തേണ്ട…. മര്യാദക്ക് പഠിച്ചാൽ ഫീസ് ഞാൻ തന്നോളാം….. പൊയ്ക്കോളൂ…. ഡെയ്സി അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് തെളിഞ്ഞു….. തിരിഞ്ഞു പോകാൻ തുടങ്ങിയ ഡെയ്സിയെ ആനി വിളിച്ചു……. വല്യേച്ചീ….. ഒരു കാര്യം കൂടി പറയാനാ വന്നത്…… ഞാൻ കുറ്റം പറയുകയാണെന്ന് വിചാരിക്കരുത്…. കുഞ്ഞേച്ചിയുടെ പോക്ക് അത്ര നല്ലതല്ല…. ഏതോ ഒരുത്തനുമായി വണ്ടിയിൽ ഒക്കെ കറങ്ങുന്നുണ്ട്…. ഞാനും കണ്ടു ഒരു ദിവസം….. അപ്പച്ചൻ ചോദിക്കാൻ ചെന്നപ്പോൾ തട്ടിക്കയറി… തിരിച്ച് അപ്പച്ചനെ തല്ലിയില്ലെന്നേ ഉള്ളു…… അവനാണെങ്കിൽ അത്ര നല്ലവനല്ല എന്നാണ് കേൾക്കുന്നത്….. ആനി പറഞ്ഞു നിർത്തി …..
ഇതിൽ ഇപ്പോൾ ഞാൻ എന്താ ചെയ്യേണ്ടത്….. സ്വന്തം അപ്പച്ചൻ പറഞ്ഞിട്ട് അനുസരിക്കാത്തവൾ വല്ലവരും പറയുന്നത് കേൾക്കുമോ….. ഡെയ്സി ആനിയോട് ചോദിച്ചു……….
ശിവച്ഛനോട് ചോദിച്ചിട്ട് നാളെ പറയാം എന്ന് പറഞ്ഞു ആനിയെ മടക്കി അയച്ചു….. വേലിക്കമ്പ് എടുത്തുമാറ്റി അതുവഴി പോകാൻ തുടങ്ങിയപ്പോൾ ഡെയ്സി തടഞ്ഞു………. ആ വേലി ഉറപ്പോടെ കെട്ടിയത് ഞാൻ വേലി ചാടാതിരിക്കാനാ….. അത് അങ്ങനെ തന്നെ ഉറപ്പോടെ അവിടെ ഇരിക്കട്ടെ….. നേരെ വഴി വന്നു പോയാൽ മതി………. ഡെയ്സി അതു പറഞ്ഞപ്പോൾ ആനി അനുസരണയോടെ തലയാട്ടി…… തിരിച്ചു വിളിച്ചാലോ എന്നോർത്താവും തിരിഞ്ഞു നോക്കി നോക്കി നടന്നു പോയി…… അവൾ വീടിന്റെ മുറ്റത്തേക്ക് കയറുന്നത് കണ്ടു ഡെയ്സി തിരിച്ചു പോന്നു…….
അന്നയെ കുറിച്ച് ഇവിടെ ജോലിക്ക് വരുന്ന ഒരു ചേച്ചിയും രഹസ്യമായി ഡെയ്സിയോട് സൂചിപ്പിച്ചിരുന്നു ഈ കാര്യം…… പക്ഷേ അന്നത് കാര്യമാക്കിയില്ലെങ്കിലും ഇന്ന് എന്തെങ്കിലും അബദ്ധത്തിൽ പോയി അവൾ ചാടുമോ എന്ന് ഡെയ്സി ഭയന്നു……
ശിവച്ഛൻ വന്നപ്പോൾ മടിച്ചുമടിച്ചാണെങ്കിലും കാര്യം അവതരിപ്പിച്ചു……. അതിന് നീ എന്തിനാ മോളെ എന്നോട് അഭിപ്രായം ചോദിക്കുന്നത്….. നിന്റെ അനിയത്തി അല്ലേ അവൾ…… നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്തുകൂടെ…… ശിവച്ഛൻ കൂടെയുണ്ട് എപ്പോഴും…… ഇനിയെങ്കിലും സ്വയം തീരുമാനമെടുക്കാൻപഠിക്കണം…. ഡെയ്സിക്ക് ആ മറുപടിയുടെ അർത്ഥം മനസ്സിലായി…. ചോദിച്ചത് ആനിക്ക് വേണ്ടിയാണെങ്കിലും മറുപടി ഡെയ്സിക്ക് കൂടിയും ഉള്ളതായിരുന്നു… അന്നയുടെ കാര്യം കേട്ടപ്പോൾ ശിവച്ഛൻ കുറച്ച് ഗൗരവത്തിലായി……
ഞാൻ ഒന്ന് അന്വേഷിക്കട്ടെ…. ഒരേ വയറ്റിൽ പിറന്നതാണെങ്കിലും നിന്റെ ഒരു സ്വഭാവഗുണവും കിട്ടാത്ത പെണ്ണാണ് അന്ന….. നല്ല അഹങ്കാരിയും…… നീ ഇനി അതൊന്നും ഓർത്തു വിഷമിച്ചിരിക്കണ്ടാ…… കറിയാച്ചന്റെ കാര്യവും ഞാൻ നോക്കിക്കോളാം …..
അതുവേണ്ട ശിവച്ഛാ….. ആനി എങ്കിലും അപ്പച്ചന്റെ കഷ്ടപ്പാട് അറിഞ്ഞു വളരണം ഇനിയെങ്കിലും…… അവൾ സഹായിക്കട്ടെ അപ്പച്ചനെ…. അന്നയിൽ എനിക്ക് പ്രതീക്ഷ ഒട്ടുമില്ല ഈ കടം വീട്ടുമെന്ന്…….. ഇത് ഞാൻ നോക്കിക്കോളാം ശിവച്ഛാ …… മാധവൻ ഡെയ്സിയുടെ മുഖത്തേക്ക് നോക്കി സമ്മതം എന്ന് തലയാട്ടി……. തല ഉയർത്തിപ്പിടിച്ച് സംസാരിക്കാൻ പഠിച്ചു അവൾ……. കുറച്ചൊക്കെ ധൈര്യം വന്നു അവളുടെ സ്വഭാവത്തിൽ……. തീരുമാനങ്ങൾ തനിച്ച് എടുക്കാൻ പഠിച്ചു……. തീരുമാനമാവാതെ ഇരിക്കുന്നത് ഞാൻ ചോദിച്ച കാര്യത്തിന് മാത്രമാണ്….. അവളുടെ ബുദ്ധിമുട്ട് ഓർത്തു പിന്നീട് ചോദിച്ചില്ല…… സമയം എടുത്താലും ശിവച്ഛനെ അവൾ എതിർക്കില്ല…. ആ ഒരു വിശ്വാസമുണ്ട് തനിക്ക്…….
രണ്ടാളും സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഗേറ്റ് കടന്ന് ശിവയും ദേവൂവും വരുന്നത് കണ്ടത്……. ശിവയുടെ കയ്യിലിരുന്ന് ദേവു ഏങ്ങലടിച്ചു കരയുന്നുണ്ട്….. ശിവയുടെ കഴുത്തിൽ മുറുക്കി പിടിച്ചിട്ടുണ്ട്….. എന്തു പറ്റിയതാവും…. സാധാരണ അവളെ കരയാൻ വിടാറില്ല ശിവ….. പ്രത്യേകിച്ച് കുറച്ചു വലുതാകും വരെ കുഞ്ഞിനെ നന്നായി ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞതിനുശേഷം…….ഞാൻ വഴക്കു പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുന്ന ആളാണ്…. വേണേൽ രണ്ടെണ്ണം തരാനും മടിക്കില്ല…….
എന്താ പറ്റിയത് എന്റെ ദേവൂട്ടിക്ക്…. ശിവച്ഛൻ എഴുന്നേറ്റ് അവളെ എടുക്കാൻ തുടങ്ങി…….. അവൾ ശിവഛന്റെ പിടി വിടുവിച്ചു വീണ്ടും ശിവയുടെ കഴുത്തിൽ ഇറുക്കിപ്പിടിച്ചു….. ഡെയ്സി ശിവയെ ആകെയൊന്ന് നോക്കി….. ഇവിടെ നിന്നും പോയത് പോലെയല്ല തിരികെ വന്നത്……. ഷർട്ട് ഒക്കെ ചുളിഞ്ഞു…. മുണ്ടിൽ ചേറു പറ്റി…… മുഖമൊക്കെ മാറിയിരിക്കുന്നു…….
എന്താടാ മോനെ…. നിന്നെ ആരെങ്കിലും ഉപദ്രവിച്ചോ….. ശിവച്ഛൻ മുഖത്ത് അങ്ങുമിങ്ങും പിടിച്ചു വെപ്രാളത്തിൽ ചോദിച്ചു…… മറുപടി ദേവു ആണ് തന്നത്……
മ്മ്… അച്ഛേനെ അതിച്ചാൻ തൊടഞ്ഞി…. മോളെ പിച്ചു വലിച്ചു… ദേ…. തണ്ടോ അച്ഛൻ മേച്ചു തന്ന ഉപ്പൊക്കെ തീരിപോയി….. ദേവു ഉടുപ്പിൽ അവിടെയും ഇവിടെയുമൊക്കെ പിടിച്ചു കാണിച്ചു…….
ആര്…… ആരാടാ മോനെ നിന്നെ ഉപദ്രവിച്ചത്……. ശിവച്ഛൻ ചോദിച്ചപ്പോൾ ശിവ ഡെയ്സിയെ ഒന്ന് നോക്കി…… എന്നിട്ട് പറഞ്ഞു…..
റോയിയാ അച്ഛാ…എന്നെ ഉപദ്രവിച്ചൊന്നുമില്ല…… അവൻ വന്ന് ദേവൂനെ ബലം പ്രയോഗിച്ചു എടുക്കാൻ നോക്കി….. ഞാൻ സമ്മതിച്ചില്ല…..കുഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ ഞാൻ അവളെയും കൊണ്ട് ഇങ്ങ് പോരാൻ തുടങ്ങിയതാ…….. വീണ്ടും എന്റെ കുഞ്ഞിനെ പിടിച്ചു വലിച്ചെടുക്കാൻ തുടങ്ങി……….. അവളുടെ കരഞ്ഞുകൊണ്ട് അച്ഛാന്നുള്ള വിളികേട്ട് എത്ര നേരം നിൽക്കും………..ക്ഷമിക്കുന്നതിന് ഒരു പരിധിയില്ലേ…….
ഡെയ്സിയെ ഒന്നുകൂടി നോക്കിയിട്ട് പറഞ്ഞു…… ഞാൻ ആരെയും ഉപദ്രവിച്ചിട്ടൊന്നുമില്ല ……. പിടിച്ചു മാറ്റിയപ്പോൾ കയ്യാങ്കളി ആയി…… എല്ലാവരും കൂടി അവനെ പിടിച്ചു മാറ്റി…… ഡെയ്സി ദേവൂനെ എടുക്കാൻ കൈനീട്ടി….. ശിവ അവളെ കൊടുക്കാതെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു…… അകത്തേക്ക് കയറി പോകാൻ തുടങ്ങിയപ്പോൾ ഡെയ്സിയോടായി പറഞ്ഞു…….
എന്നെ എന്ത് ചെയ്താലും ചിലപ്പോൾ ഞാൻ ക്ഷമിച്ചെന്നു വരും…… പക്ഷേ എന്റെ മോളെ തട്ടിപ്പറിക്കാൻ നോക്കിയാൽ നോക്കിയിരിക്കില്ല ഞാൻ……… അതിപ്പോൾ ഏത് അവകാശത്തിന്റെ പേരിലായാലും ശരി …….. ഇവൾ എന്റെ കുഞ്ഞാണ്…….എന്റെ മാത്രം…….
രണ്ടാളും ശിവ പോകുന്നതും നോക്കി അനങ്ങാനാവാതെ നിന്നു….. ശിവഛൻ ഡെയ്സിയെ ഒന്ന് നോക്കി….. അതിൽ കുറ്റപ്പെടുത്തൽ ഉള്ളത് പോലെ ഡെയ്സിയ്ക്ക് തോന്നി….. പക്ഷേ അദ്ദേഹം ആശ്വസിപ്പിക്കുകയാണ് ചെയ്തത് …..
മോള് പോയി ദേവൂന്റെ ഉടുപ്പൊക്കെ മാറ്റി കൊടുക്കു….. സാരമില്ല….. അവൻ പറഞ്ഞതൊന്നും കാര്യമാക്കണ്ട…… ദേഷ്യം തണുക്കുമ്പോൾ നമുക്ക് സംസാരിക്കാം…… ശിവച്ഛൻ ഡെയ്സിയെ സമാധാനിപ്പിച്ചു…..
ഈതെ മേദനയുന്റോ….. ഈടെയോ… ദേവു മുഖത്ത് അവിടെയുമിവിടെയും തൊട്ടുനോക്കി ചോദിക്കുന്നുണ്ട്……… ഉണ്ടെന്ന് പറയുന്നിടത്തെല്ലാം ഉമ്മ
കൊടുക്കുന്നുണ്ട്…… ഓരോ ഉമ്മയ്ക്കും ശിവ നൂറുമ്മ തിരിച്ചു കൊടുക്കുന്നുണ്ട്……. ഡെയ്സി വന്നതൊന്നും രണ്ടാളും അറിഞ്ഞിട്ടില്ല…… അവരുടെ സ്നേഹത്തിന് ഇടയിലേക്ക് കയറിച്ചെന്ന് ഒരു ശല്യം ആവാൻ ഡെയ്സിയ്ക്കും തോന്നിയില്ല…. വാതിലിൽ ചാരി നിന്നു അത് കണ്ട് ആസ്വദിച്ചു……. എങ്കിലും വല്ലാത്തൊരു പേടി തോന്നി….. റോയി ഇനിയും അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല…… അവകാശം പറഞ്ഞു വന്നാൽ ശിവ ക്ഷമിക്കുകയുമില്ല …… ഇതൊരു വലിയ വഴക്കിൽ കലാശിക്കും മുൻപേ എല്ലാത്തിനും തീരുമാനം ഉണ്ടാക്കണം…….. ആരുടേയും ജീവിതം വച്ച് കളിക്കാൻ താനില്ല….. ദേവൂനെ വിഷമിപ്പിക്കുന്ന ഒന്നും തന്നെക്കൊണ്ട് ചെയ്യാനുമാവില്ല….. അവളുടെ അച്ഛന്റെ ദേഹത്ത് ഒരു തുള്ളി മണ്ണു വീഴുന്നത് പോലും അവൾക്ക് സഹിക്കാനാവില്ല ….. രണ്ടാളുടെയും സ്നേഹം കണ്ടു നിന്ന ഡെയ്സി ഓർത്തു…
ഡെയ്സിയെ കണ്ടപ്പോൾ ശിവയുടെ ചിരി മങ്ങി……… ഡെയ്സി ദേവുന്റെ അടുത്ത് വന്നു ഉടുപ്പൊക്കെ മാറ്റി…… അവൾ നന്നായി പേടിച്ചിട്ടുണ്ട്……. അച്ഛനു മാത്രമേ തന്നെ രക്ഷിക്കാൻ സാധിക്കൂ എന്നൊരു ചിന്ത ആ കുഞ്ഞു മനസ്സിൽ കയറി കൂടിയിട്ടുള്ളതിനാലാവും ശിവയുടെ കൈകളിൽ നിന്ന് മാറാൻ കൂടി കൂട്ടാക്കുന്നില്ല…….. ഡെയ്സിയെ അടുത്ത് പിടിച്ചിരുത്തി ഇന്നത്തെ അച്ഛന്റെ വീരകഥ വർണ്ണിക്കുകയാണ്……… അയാൾ പിടിക്കാൻ വന്നപ്പോൾ തന്നെ പൊതിഞ്ഞു പിടിച്ചത്……..ഒന്ന് തൊടാൻ പോലും സമ്മതിക്കാഞ്ഞത്…….. അടിക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ കയ്യിൽ പിടിച്ച് തടഞ്ഞു തള്ളി മാറ്റിയത്……. ഒക്കെയും അവളുടെ കുഞ്ഞു വായിൽനിന്ന് കേട്ടു….. ഓരോന്ന് പറയുമ്പോഴും ഇടയ്ക്ക് ശിവയുടെ മുഖത്ത് ഉമ്മ
കൊടുക്കാനും മറക്കുന്നില്ല അവൾ………
റോയി ഉപദ്രവിച്ചില്ലെന്നല്ലേ പറഞ്ഞത്….. പിന്നെ ഇതെങ്ങനെ ചതഞ്ഞു ……. കണ്ണിനുതാഴെ ചതഞ്ഞു കിടക്കുന്നിടത്തു ഡെയ്സി പതിയെ തലോടി…… ശിവ ഡെയ്സിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…….. സ്നേഹം വിഷമം ദേഷ്യം എല്ലാം തന്നെ നോക്കിയിരിക്കുന്ന കണ്ണുകളിൽ ഡെയ്സി കണ്ടു ……. കൈ തട്ടിമാറ്റി ശിവ ചോദിച്ചു…….
ഞാനെന്താ ചെണ്ടയോ…… എപ്പോഴും തല്ലു മാത്രം കൊള്ളാൻ……. നീ അവനോട് പോയി അന്വേഷിക്ക് വല്ലതും പറ്റിയോ എന്ന്…… ശിവയുടെ രാവിലത്തെ ദേഷ്യം ഉള്ളിൽ നിന്നും പുറത്തു ചാടി……
ഡെയ്സി മുഖം താഴ്ത്തി ഇരുന്നു …….. കുറച്ചു നേരം കഴിഞ്ഞു ശിവ പറഞ്ഞു……. ഞാനെന്താ ഡെയ്സി പിന്നെ ചെയ്യുക….. ആരുടെയും ഒന്നും തട്ടി പറിച്ചെടുത്തിട്ടില്ല ഞാൻ …… ഇതുവരെ എല്ലാം കൊടുത്തു മാത്രമേ ശീലമുള്ളൂ……. നിന്നെ ഉൾപ്പെടെ……….. പക്ഷേ ഇവളെ എനിക്ക് ദൈവമായിട്ട് തന്നതല്ലേ …… കയ്യിൽ വെച്ചുതന്നു കൊതിപ്പിച്ചിട്ട് തിരിച്ചു ചോദിച്ചാൽ ഞാൻ കൊടുക്കണോ……… ആർക്കും വിട്ടുകൊടുക്കില്ല……. എന്നെക്കൊണ്ടാവില്ല അതിന്…… തട്ടി മാറ്റിയ അവളുടെ കയ്യെടുത്തു ശിവ രണ്ടു കൈകൾക്കുള്ളിലായി പിടിച്ചു……….എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല…..പക്ഷേ…. എന്റെ കുഞ്ഞിനെ എന്റെ അടുത്ത് നിന്നും പിരിക്കാൻ വന്നാൽ അത് നീ ആയാൽ പോലും ക്ഷമിക്കില്ല ഞാൻ….. മൂന്നുവർഷം ഈ നെഞ്ചിലെ ചൂട് തട്ടിയാ ഇവൾ ഉറങ്ങിയത്…….. ഇനിയും അങ്ങനെതന്നെ മതി….. ശിവയുടെ മുഖഭാവം മാറി മാറി വന്നു….. കഥ പറഞ്ഞു പറഞ്ഞു ദേവു ശിവയുടെ നെഞ്ചിൽ ചാരി ഉറങ്ങി…… ശിവയുടെ കൈകൾക്കുള്ളിൽ നിന്നും കൈ തിരിച്ചെടുക്കാതെ ഡെയ്സി അടുത്തിരുന്നു…… അത്രയും ആശ്വാസമാകുമെങ്കിൽ ആവട്ടെ എന്നു കരുതി……..
പിറ്റേന്ന് വീട്ടിലേക്ക് വന്ന അച്ചനെയും റോയിയെയും റോയിയുടെ അമ്മച്ചിയേയും കണ്ടപ്പോൾ ഡെയ്സിയ്ക്ക് ഏറെക്കുറെ കാര്യങ്ങൾ ബോധ്യമായി…… ശിവച്ഛൻ എല്ലാവരോടും കയറിയിരിക്കാൻ പറഞ്ഞു….. അമ്മച്ചിയും അച്ചനും ഇരുന്നു…. റോയി മുറ്റത്തു തന്നെ നിന്നതേ ഉണ്ടായിരുന്നുള്ളു…… അമ്മച്ചിക്ക് ഡെയ്സിയുടെ മുഖത്തു നോക്കാൻ വല്യ ബുദ്ധിമുട്ട് പോലെ തോന്നി…. അവർ ഇടയ്ക്കിടെ അകത്തേക്ക് എത്തി നോക്കുന്നുണ്ട്….. ശിവയുടെ കയ്യിൽ തൂങ്ങി വന്ന ദേവു മുറ്റത്തു റോയിയെ കണ്ടപ്പോൾ രണ്ടു കയ്യും പൊക്കിപ്പിടിച്ചു ശിവയോട് എടുക്കാൻ പറഞ്ഞു….. കഴുത്തിൽ അള്ളിപ്പിടിച്ചിരുന്നു…… അച്ഛേ പോം…. അന്നോട്ട് പോണ്ടാ…… ഉള്ളിലേക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു………
ഉടനെ വരും….
A.. M.. Y..
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്ക് ഉത്തരമരുളി.. എന്റെ ഉള്ളിൽ ബലം നൽകി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു….. (സങ്കീർത്തനങ്ങൾ 138:3)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Daisy written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission