Skip to content

ഡെയ്സി – 23

daisy novel

പിറ്റേന്ന് വീട്ടിലേക്ക് വന്ന അച്ചനെയും റോയിയെയും റോയിയുടെ അമ്മച്ചിയേയും കണ്ടപ്പോൾ ഡെയ്സിയ്ക്ക് ഏറെക്കുറെ കാര്യങ്ങൾ ബോധ്യമായി…… ശിവച്ഛൻ എല്ലാവരോടും കയറിയിരിക്കാൻ പറഞ്ഞു….. അമ്മച്ചിയും അച്ചനും ഇരുന്നു…. റോയി മുറ്റത്തു തന്നെ നിന്നതേ ഉണ്ടായിരുന്നുള്ളു…… അമ്മച്ചിക്ക് ഡെയ്സിയുടെ മുഖത്തു നോക്കാൻ വല്യ ബുദ്ധിമുട്ട് പോലെ തോന്നി…. അവർ ഇടയ്ക്കിടെ അകത്തേക്ക് എത്തി നോക്കുന്നുണ്ട്….. ശിവയുടെ കയ്യിൽ തൂങ്ങി വന്ന ദേവു മുറ്റത്തു റോയിയെ കണ്ടപ്പോൾ രണ്ടു കയ്യും പൊക്കിപ്പിടിച്ചു ശിവയോട് എടുക്കാൻ പറഞ്ഞു….. കഴുത്തിൽ അള്ളിപ്പിടിച്ചിരുന്നു…… അച്ഛേ പോം…. അന്നോട്ട് പോണ്ടാ…… നിച്ചു പേദിയാ…… ഉള്ളിലേക്ക് കൈ ചൂണ്ടി അവൾ പറഞ്ഞു………

ശിവ ഡെയ്സിയെ ദേഷ്യത്തിൽ ഒന്നു സൂക്ഷിച്ചു നോക്കി….. ദേവൂനെ മുറുക്കി പിടിച്ചിട്ടുണ്ട്….. അകത്തേക്ക് തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ശിവച്ഛൻ പിടിച്ചു നിർത്തി….. റോയിയുടെ കണ്ണുകൾ ശിവയെ കെട്ടിപ്പിടിച്ചിരുന്ന ദേവുവിൽ മാത്രമായിരുന്നു…… ശിവയും റോയിയും പോരു കോഴികളെപ്പോലെ നോക്കി നിന്നു…… ആരുമൊന്നും മിണ്ടാതെ ഇരുന്നപ്പോൾ അച്ചൻ തന്നെ സംസാരത്തിനു തുടക്കമിട്ടു…..

എല്ലാവരും വന്നതെന്തിനാണെന്ന് ഡെയ്സിയ്ക്ക് മനസ്സിലായിക്കാണുമല്ലോ….. ഇന്നലെ വഴിയിൽ വച്ചു കുഞ്ഞിന് വേണ്ടി കയ്യാങ്കളി ഒക്കെ നടന്നത് ഞാനും അറിഞ്ഞു…… ഇതിനൊരു തീരുമാനം ഉണ്ടാവണ്ടേ…. എത്ര നാളെന്നു വെച്ചാ ഇങ്ങനെ…..ആ കുഞ്ഞിനേയും കൂടി വിഷമിപ്പിക്കാൻ വയ്യാ… അതിനെ ഓർത്തു മാത്രമാ ഞാൻ മധ്യസ്ഥം പിടിക്കാൻ വന്നത്….കറിയാച്ചനോടും വരാൻ പറഞ്ഞതാണല്ലോ ഞാൻ….. വഴിയിലേക്ക് നോക്കി അച്ചൻ പറഞ്ഞു……. അപ്പച്ചനും അമ്മച്ചിയും ആനിയും മടിച്ചു മടിച്ചു കയറി വരുന്നത് കണ്ടു….

എന്താടാ റോയീ നീ മാറി നിൽക്കുന്നത്…. നിനക്ക് പറയാനുള്ളത് വന്നു പറയ്……. അച്ചൻ റോയിയോട് പറഞ്ഞു…… റോയി പറയാൻ മടിയുള്ളത് പോലെ നിന്നു….. അമ്മച്ചിയെ നോക്കി…..

അച്ചോ…. കഴിഞ്ഞതെല്ലാം കഴിഞ്ഞു…. അങ്ങനെ ഒക്കെ നടക്കണമെന്നാവും കർത്താവ് വിചാരിച്ചിട്ടുണ്ടാവുക…. ആരെയും കുറ്റം പറയാനൊക്കില്ലല്ലോ… റോയിയുടെ തെറ്റിദ്ധാരണ മാത്രമായിരുന്നു അതെന്ന് മനസ്സിലാക്കാൻ ഇത്രയും നാളെടുത്തു…. അവൻ ചെയ്ത തെറ്റ് തിരുത്തണമെന്ന് അവന് ആഗ്രഹമുണ്ട്… അവന് മാത്രമല്ല എനിക്കും….. അമ്മച്ചി പറഞ്ഞു നിർത്തി……

ഒരുപാട് വളഞ്ഞു പറയാതെ കാര്യമെന്താണെന്ന് ചേടത്തി അങ്ങോട്ട് പറ….. അച്ചൻ പറഞ്ഞു….

ഡെയ്സിയ്ക്ക് മേലേ മാത്രമല്ലേ റോയിക്ക് അവകാശം ഇല്ലാത്തതുള്ളു…  എങ്കിലും അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ടല്ലോ ഇപ്പോളും …. ഡെയ്സിയ്ക്ക് അവകാശം ഉള്ളത് പോലെ തന്നെ റോയിക്കും ഇല്ലേ ആ കുഞ്ഞിൽ അവകാശം….. ആ കുഞ്ഞിനെ കാണാനും എടുക്കാനുമൊക്കെ മറ്റാരേക്കാളും അവകാശമുണ്ട് ഞങ്ങൾക്ക്….. തെറ്റിദ്ധാരണയുടെ പുറത്ത് ആ കുഞ്ഞിനെയൊന്ന് തൊടാൻ കൂടി സാധിച്ചിട്ടില്ല  ഇന്നേവരെ …. എന്റെ മോന്റെ കുഞ്ഞല്ലേ…. എനിക്ക് കാണണം…. അച്ചൻ ഇതിനൊരു പരിഹാരം ഉണ്ടാക്കണം…. അമ്മച്ചി എല്ലാം പറഞ്ഞു തീർന്നത് പോലിരുന്നു…

ഇതിന് എന്തു പരിഹാരമാണ് ഞാൻ ഉണ്ടാക്കേണ്ടത്….. എടുത്തു ചാടി സ്വന്തം ജീവിതം നശിപ്പിക്കരുതെന്ന് ഞാൻ എത്ര പ്രാവശ്യം പറഞ്ഞതാണ് ഇവനോട്….. അന്നത് കേട്ടിരുന്നെങ്കിൽ ഇന്നിങ്ങനെ ഇവിടെ വന്നു കെഞ്ചണ്ട കാര്യമുണ്ടായിരുന്നോ…. അച്ചൻ റോയിയോട് ദേഷ്യത്തിൽ ചോദിച്ചു…….

ആര് കണ്ടാലും തെറ്റിദ്ധരിക്കുന്ന കാഴ്ച്ചയാണ് ഞാൻ അന്ന് കണ്ടത് അച്ചോ… വേറെ ആര് കണ്ടാലും ഇങ്ങനെ ഒക്കെയേ ചിന്തിക്കൂ….. റോയി ഡെയ്സിയെയും ശിവയെയും നോക്കി പറഞ്ഞു….

എന്നിട്ട് ഇപ്പോളെന്താ തെറ്റിദ്ധാരണ മാറിയോ നിന്റെ….. കണ്ടത് ഒന്നും സത്യമല്ലെന്ന് ഇപ്പോളാണോ നിനക്ക് ബോദ്ധ്യം വന്നത് ….. നിന്റെയാ എടുത്തുചാട്ടം കൊണ്ട് ജീവിതം നഷ്ടപ്പെട്ട ഒരു പെണ്ണുണ്ട് ഇവിടെ….. അവളെയും കുഞ്ഞിനേയും ഇനിയെനിക്ക് വേണ്ടാന്ന് എന്നോട് ആണ് നീ തറപ്പിച്ചു പറഞ്ഞത്…. ആ എന്നോട് തന്നെയാണ് ഇന്ന് നീ പറയുന്നത് ആ കുഞ്ഞിനെ വേണമെന്ന്….. അവളോട് നീ എന്തു മറുപടി പറയും റോയീ……

അച്ചൻ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല….. എനിക്ക് വേണം എന്റെ കുഞ്ഞിനെ…… അതിന് വേണ്ടി ഡെയ്സിയുടെ കാലിൽ വീണു മാപ്പ് പറയണമെങ്കിൽ ഞാൻ അതിനും തയ്യാറാണ്…… റോയി തല കുനിച്ചു പറഞ്ഞു…..

മാധവൻ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…… അച്ചൻ ശിവഛനോട് ചോദിച്ചു…..

ഇതിൽ മറുപടി പറയേണ്ടത് ഞാൻ അല്ലല്ലോ….. സത്യം പറഞ്ഞാൽ ഈ പ്രശ്നത്തിൽ എനിക്ക് ഇടപെടേണ്ട ആവശ്യമില്ല… ഡെയ്സിയോട് ചോദിക്കൂ…. അവളുടെ തീരുമാനമല്ലേ വലുത്…… അദ്ദേഹം ഡെയ്സിയെ നോക്കിപറഞ്ഞു….

എല്ലാവരും ഒരേപോലെ ഡെയ്സിയെ നോക്കി….. കൈകെട്ടി നിൽക്കുകയാണ്…. തൊട്ടടുത്ത് ശിവ നിൽപ്പുണ്ട്…. ദേവൂന്റെ ഒരു കൈ ശിവയുടെ കഴുത്തിലും മറുകൈ ഡെയ്സിയുടെ കഴുത്തിലും ഉണ്ട്…. അവളുടെ കുഞ്ഞികണ്ണുകൾ ഇടയ്ക്കിടെ റോയിയെ  തേടി ചെല്ലുന്നുണ്ട്….. പേടിയുണ്ട് ആ കുഞ്ഞിക്കണ്ണുകളിൽ…. അച്ഛനെയും അമ്മയെയും കുഞ്ഞിക്കൈ കൊണ്ടു സംരക്ഷിച്ചു പിടിച്ചിരിക്കുകയാണ്… ഡെയ്സി തലയുയർത്തി നോക്കിയത് അപ്പച്ചനെയും അമ്മച്ചിയേയുമാണ്….. എല്ലാം കേട്ടല്ലോ എന്നുള്ള രീതിയിൽ…. അച്ചനും കേൾക്കാൻ ആഗ്രഹിച്ച എന്തോ ഒന്ന് കേൾക്കാനെന്ന രീതിയിൽ കസേരയിലേക്ക് അമർന്നിരുന്നു….

എനിക്ക് ആരുടേയും മാപ്പൊന്നും വേണ്ട അച്ചോ…. ആ മാപ്പിന്  നാട്ടുകാരും വീട്ടുകാരും മുദ്ര വെച്ച എന്റെ പിഴച്ചവൾ എന്ന പേര് മാറ്റാൻ സാധിക്കുമോ…. ഇല്ലല്ലോ…… ജനിപ്പിച്ച അപ്പച്ചനും അമ്മച്ചിയും മനസിലാക്കിയില്ല എന്നെ… പിന്നെ വേറെ കുടുംബത്തിൽ ജനിച്ച റോയിക്ക് മനസ്സിലാവുമോ …. എന്റെ കുഞ്ഞിനെ ഞാൻ പിഴച്ചു പെറ്റതല്ലെന്ന് അവർക്ക് മുന്നിൽ മാത്രം ഒന്ന് തെളിയിക്കണമായിരുന്നു… അതും അത് പറഞ്ഞു പരത്തിയ ആളുടെ നാവിൽ നിന്നു തന്നെ……. അത് സാധിച്ചു…. അത്രയും പറഞ്ഞപ്പോൾ ഡെയ്സിയുടെ അപ്പച്ചനും അമ്മച്ചിയും തല കുനിച്ചു….

ഒരു അടയാളം വേണ്ടി വന്നു സ്വന്തം കുഞ്ഞാണെന്ന് തിരിച്ചറിയാൻ….. അത് ഇല്ലായിരുന്നുവെങ്കിലോ ഇന്നും ആ കുഞ്ഞിനെ മനസ്സിലാക്കില്ലായിരുന്നു നിങ്ങൾ ആരും….. നാളെ ചിലപ്പോൾ അത് മാഞ്ഞു പോയാൽ വീണ്ടും എന്നെ നിങ്ങൾ കുറ്റപ്പെടുത്തില്ലെന്ന് ഉറപ്പു പറയാൻ പറ്റുമോ……… എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി ഡെയ്സി ചോദിച്ചു…….. ആരെങ്കിലും എന്റെ കുഞ്ഞിനെ സ്നേഹത്തോടെ ഒരു നോട്ടമെങ്കിലും കൊടുത്തിരുന്നെങ്കിൽ ക്ഷമിച്ചേനെ ഞാൻ…. പഴയതൊന്നും വീണ്ടും നിരത്താൻ എനിക്ക് താല്പര്യമില്ല….. കുഞ്ഞിനെ ഞാൻ ആർക്കും വിട്ടു തരില്ല…. ഒന്നെടുക്കാനോ കൊഞ്ചിക്കാനോ പോലും…..

അങ്ങനെ പറയാൻ നിനക്കൊരവകാശവും ഇല്ല….. നീ അത്ര നല്ലവൾ ആയിരുന്നെങ്കിൽ ഒരു ബന്ധവും ഇല്ലാത്ത ഇവർക്കൊപ്പമായിരുന്നില്ല കഴിയുക…. നിന്റെ അപ്പനും അമ്മയും ഇപ്പോഴും ജീവിച്ചിരുപ്പുണ്ടല്ലോ…. അങ്ങോട്ടേക്കല്ലേ പോകേണ്ടത്…… നീ നോക്കിക്കോ ആ കൊച്ച് വലുതാകുമ്പോൾ തിരിച്ചറിയാൻ പ്രായമാകുമ്പോൾ തേടി വരും അതിന്റെ അപ്പനെ…. നീ എത്ര ആട്ടി അകറ്റിയാലും റോയിയുടെ രക്തമാണേൽ അവൾ അപ്പനെ തേടി വരും……. റോയിയുടെ അമ്മച്ചി ദേഷ്യത്തിൽ വിരൽ ചൂണ്ടി പറഞ്ഞു…….

ശരിയാണ് നിങ്ങൾ പറഞ്ഞത്… അവൾ തേടി വന്നേനെ…. സ്വന്തം അപ്പൻ അമ്മച്ചിയെ ഓർത്തു കഴിഞ്ഞിരുന്നെങ്കിൽ…. ഇത് ഞാൻ മാറാൻ കാത്തിരുന്നില്ലേ നിങ്ങളുടെ മകൻ വേറെ കെട്ടാൻ……… അവൾ ഒരിക്കലും വരില്ല…. അത് ഡെയ്സിയുടെ മാത്രം കുഞ്ഞാ…. ഇപ്പോൾ അവൾക്കൊരു അപ്പനുണ്ട്…… എല്ലാം അറിയുമ്പോൾ ചേർത്തു പിടിക്കുന്നത് ആ അച്ഛനെയാവും…. അവളെ ഒരപ്പന്റെ കുറവ് അറിയിക്കാതെ വളർത്തുന്ന ശിവയെ…..

എന്റെയോ കുഞ്ഞിന്റെയോ അവകാശം പറഞ്ഞ് ആരും വരേണ്ട ഇങ്ങോട്ടേക്കു….. എന്റെ കുഞ്ഞ് ഇത്രയും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ അത് ശിവച്ഛന്റെ ദയയും ശിവയുടെ സ്നേഹവും ഒന്നുകൊണ്ടു മാത്രമാണ്…. അവളുടെ കാര്യത്തിൽ തീരുമാനം എടുക്കുവാനുള്ള അവകാശം എനിക്കു പോലുമില്ല….. അവൾ മംഗലത്തു വീട്ടിലെ ശിവയുടെ കുഞ്ഞായി വളർന്നാൽ മതി……. ഡെയ്സി തന്റെ തീരുമാനം പറഞ്ഞു……

ശിവയുടെ ചുണ്ടിൽ ചെറിയൊരു ചിരി തെളിഞ്ഞു…. മനസ്സിലെ തെളിച്ചം മുഴുവൻ ആ മുഖത്തു കാണാൻ സാധിച്ചു…. ഡെയ്സി ഒന്നു തിരിഞ്ഞു ശിവയെ നോക്കി…. ദേവൂട്ടിയുടെ കവിളിൽ കൊടുത്ത ഉമ്മ

തനിക്ക് തന്നത് പോലെ തോന്നി ഡെയ്സിയ്ക്ക്…. ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് മുഖം തിരിച്ചു……..  അമ്മച്ചി ഇഷ്ടപെടാത്ത രീതിയിൽ എല്ലാവരെയും നോക്കുന്നുണ്ട്….. പ്രത്യേകിച്ച് അപ്പച്ചനെയും അമ്മച്ചിയേയും….. വളർത്തി വെച്ചേക്കുന്നത് കണ്ടില്ലേ എന്നൊരു ദുഷിച്ച ചോദ്യവുമുണ്ടായിരുന്നു ആ നോട്ടത്തിൽ…….

എല്ലാം കേട്ട് തലയും കുനിച്ചു നിൽക്കുവാണ് റോയി……പണ്ടത്തെ ആ ശൗര്യം ഒക്കെയും നഷ്ടപ്പെട്ടിരിക്കുന്നു….. എന്തു ചെയ്യണമെന്നറിയാതെ ദയനീയമായി ഒന്നു നോക്കി ഡെയ്സിയെ….. ഇല്ല… അവിടെ ഒരിറ്റു ദയ തന്നോടില്ല…. ഭാര്യ മാത്രമായിരുന്നപ്പോൾ ഉണ്ടായിരുന്ന താഴ്ന്നു തരലും ക്ഷമയും ഇപ്പോൾ ആ മുഖത്തില്ല…. ഒരു കുഞ്ഞിന്റെ അമ്മ ആയാൽ ഒരു പെണ്ണിന് ഇത്രയും മാറ്റം ഉണ്ടാകുമോ….. കണ്ണുകൾ പതിയെ ശിവയെ നോക്കി…. ശിവയുടെ കയ്യിലിരിക്കുന്ന ആ കുഞ്ഞുമുഖം തന്നെ കൊതിപ്പിക്കുകയാണ്…. ഒന്നെടുത്തു കൊഞ്ചിക്കാനും നെഞ്ചിൽ ചേർക്കാനും തോന്നുന്നു….. റോയിയുടെ മുഖം കണ്ടപ്പോൾ അച്ചൻ ഡെയ്സിയുടെ അടുത്ത് ചെന്നു പറഞ്ഞു……

എല്ലാം ശരിയാണ് മോളെ….. നിന്റെ വേദന കർത്താവ് കണ്ടു… നിന്നെ വിഷമിപ്പിച്ചവരെയെല്ലാം നിന്റെ മുന്നിൽ കൊണ്ടു നിർത്തി….. തെറ്റ് പറഞ്ഞവർ തന്നെ നിന്റെ സത്യവും തിരിച്ചറിഞ്ഞു…. പക്ഷേ ഒരുവൻ എത്ര ദുഷ്ടനായാലും വേദനിക്കുന്ന അയാളുടെ മനസ്സ് കാണാതെ പോകരുത്…. ചെയ്ത തെറ്റിനുള്ള ശിക്ഷ എല്ലാം അവൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്…. ക്ഷമിക്കാനല്ലേ മോളെ കർത്താവ് പറയുന്നത്…..

ഞാൻ എന്തു വേണമെന്നാ അച്ചൻ പറയുന്നത്… ഡെയ്സി ചോദിച്ചു….

റോയിക്ക് കുഞ്ഞിനെ കൊടുക്കണം എന്നൊരിക്കലും ഞാൻ പറയില്ല…. കുഞ്ഞിനെ ഒന്നെടുക്കാൻ എങ്കിലും സമ്മതിക്കണം…. അവൻ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ട്….. എന്തൊക്കെ പറഞ്ഞാലും ആ കുഞ്ഞിന്റെ അപ്പൻ അവനല്ലാതെ ആവുമോ…… അച്ചൻ അത്രയും പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഡെയ്സി നിന്നു…. അച്ചനെ എതിർക്കാൻ തന്നെക്കൊണ്ടാവില്ല അതുപോലെ ശിവയെ വേദനിപ്പിക്കാനും…. ഇപ്പോൾ താൻ കുഞ്ഞിനെ റോയിയുടെ കയ്യിൽ എല്പിച്ചാൽ തോൽക്കുന്നത് ഇത്രയും നാൾ കുഞ്ഞിന്റെ അച്ഛൻ ആയി ജീവിച്ച ഒരാളാണ്…… ശിവയെ ഒന്നു നോക്കി…. കുഞ്ഞിനെ ചേർത്തു പിടിച്ചിരിക്കുകയാണ്….. ശിവച്ഛനെ നോക്കി… അദ്ദേഹം നോട്ടം മാറ്റിക്കളഞ്ഞു….  റോയി ദയനീയമായി നോക്കുന്നുണ്ട് തന്റെ മുഖത്തേക്ക്…… കർത്താവേ വീണ്ടും എന്നെയിങ്ങനെ പരീക്ഷിക്കരുതേ….. ഒന്നും മിണ്ടാതെ അകത്തേക്ക് പോവുകയാണ് ചെയ്തത്….. മുറിയിൽ പോയിരുന്നു…… ആരോടും പകരം വീട്ടണമെന്നോ നല്ല മറുപടി കൊടുക്കണമെന്നോ ഒന്നുമില്ല തനിക്ക്… എന്നെങ്കിലും തന്റെ നിരപരാധിത്വം ഒന്ന് തെളിയിക്കണം എന്നേ ഉണ്ടായിരുന്നുള്ളു…… തനിക്കു വേണ്ടി ഒന്നും മിച്ചം വെയ്ക്കാതെ കർത്താവ് തന്നെ അതെല്ലാം ഏറ്റെടുത്തു ചെയ്തു….. അടുത്തു വന്നിരുന്നതും ചേർത്തു പിടിച്ചതും ശിവ ആണെന്ന് മനസ്സിലായി….. ഒന്നു സൂക്ഷിച്ചു നോക്കി ആ മുഖത്തേക്കും പിന്നെ കയ്യിലേക്കും…………

കൂട്ടുകാരനാടീ ഡെയ്സിക്കൊച്ചേ …… ചിരിയോടെ ഒന്നുകൂടി മുറുക്കി പിടിച്ചു. എന്നിട്ട് ചോദിച്ചു … എന്തു പറ്റി….. എന്താ തീരുമാനം ആവാതെ മനസ്സിൽ കിടക്കുന്ന പ്രശ്നം ……

ഡെയ്സി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു…… ഇപ്പോഴത്തെ പ്രശ്നം ഞാനല്ലേ കൊച്ചേ…… ഡെയ്സിയുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു……

എടീ പെണ്ണേ എനിക്ക് ഭ്രാന്ത് മൂക്കുമ്പോൾ ഞാൻ പലതും പറയും…. നീ എന്റെയാന്നും, ദേവൂനെ ആർക്കും വിട്ടുകൊടുക്കില്ല എന്നുമൊക്കെ…. തലയ്ക്കുള്ളിൽ വെളിച്ചം വരുമ്പോളാണ് പറഞ്ഞതൊക്കെ മണ്ടത്തരം ആണെന്ന് തോന്നുക…… രക്തബന്ധം തന്നെയാണ് വലുത്…. ബാക്കിയെല്ലാം വെറുതെ……ഒരു ദീർഘശ്വാസം വിട്ടു ശിവ…….

കുഞ്ഞിന്റെ കാര്യത്തിൽ ആയാലും നിന്റെ കാര്യത്തിൽ ആയാലും കടമയും കടപ്പാടുമൊന്നും നമുക്കിടയിൽ വരരുത്….. നീയെന്റെയാ പഴയ ഡെയ്സിക്കൊച്ചായിട്ട് തന്നെ ഇരുന്നാൽ മതി….. എനിക്കൊരു വിഷമവും ഇല്ല……..ഞാൻ ദേവൂട്ടനെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്….. ആ കുഞ്ഞു തലയിൽ എത്രമാത്രം അത് കയറിപ്പറ്റിയിട്ടുണ്ടെന്ന് അറിയില്ല….. നീ കുഞ്ഞിനെ റോയിയുടെ കയ്യിൽ കൊണ്ടു കൊടുക്ക്‌… നിന്നോട് ആർക്കുമൊരു ദേഷ്യമോ വെറുപ്പോ ഉണ്ടാവരുത്…. ചെയ്തത് തെറ്റാണെങ്കിലും നിന്റെ അപ്പച്ചനും അമ്മച്ചിയുമല്ലേ…. അത്രയും കാലം പൊന്നുപോലെ നോക്കീതല്ലേ അവരോടും പൊറുത്തേക്ക്…. എല്ലാവരോടും പോയി സംസാരിച്ചിട്ട് വാ….. എനിക്ക് വിഷമം ആവുമെന്ന് കരുതി നീ നിന്റെ മനസ്സിലുള്ളത് ചെയ്യാതെ ഇരുന്നാൽ ബുദ്ധിമുട്ട് ഉണ്ടാവുന്നത് എനിക്കാവും…… അച്ഛന്റെ കയ്യിൽ ദേവു ഉണ്ട്……. പോയിട്ടു വാ….. ഡെയ്സിയെ ഉന്തിതള്ളി എണീപ്പിച്ചു വിട്ടു…..  ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മുഖം കുനിച്ചിരിക്കുന്ന ശിവയെ……  ആ ഇരുപ്പ് കാണുമ്പോൾ നെഞ്ചു വല്ലാതെ നോവുംപോലെ….. ശിവച്ഛൻ ദേവൂനെ കയ്യിലേൽപ്പിച്ചു പറഞ്ഞു …. അച്ചൻ നിന്നെ നോക്കി നിൽക്കുന്നു….. അദ്ദേഹത്തിന് തിരക്കുണ്ടാവും….. ദേവൂനെ കയ്യിലേക്ക് തരുമ്പോൾ ശിവച്ഛന്റെ കണ്ണുകൾ പോയത് പിന്നിലേക്കാണ്….. കുനിഞ്ഞിരിക്കുന്ന ശിവയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം മാറി….. ഒരിക്കൽ കൂടി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തി ഡെയ്സിയ്ക്ക് ഉണ്ടായിരുന്നില്ല…. ശിവച്ഛൻ ഡെയ്സിയെ കടന്നു ശിവയ്‌ക്കരികിലേക്ക് പോയി…. ആ അച്ഛനും മകനും സംസാരിക്കാൻ ഉണ്ടാവും….. തനിക്കുമുണ്ട് റോയിയോട് കുറച്ചേറെ പറയാൻ…… ഡെയ്സി എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ കുഞ്ഞിനേയും കൊണ്ട് അവർക്കരികിലേക്ക് ചെന്നു…. റോയിയുടെ മുഖം തെളിഞ്ഞു….

അച്ചോ എനിക്കൊന്നു റോയിയോട് സംസാരിക്കണം……. ഡെയ്സി അച്ചനോട് പറഞ്ഞിട്ട് കുറച്ചു മാറി നിന്നു…..

റോയി അടുത്തു വന്നപ്പോൾ ദേവൂനോട്‌ അയാൾക്കരികിലേക്ക് ചെല്ലാൻ പറഞ്ഞു…. ഇല്ലെന്നവൾ തലയാട്ടി കാണിച്ചു….. പേടിയോടെ മുഖം തിരിച്ചു….. ഡെയ്സി വീണ്ടും പറഞ്ഞപ്പോൾ അവൾ മടിച്ചു മടിച്ചാണെങ്കിലും റോയിക്ക് നേരെ കൈ നീട്ടി…. റോയി അവളെ കയ്യിലെടുത്തു മുഖം നിറയെ ഉമ്മ

കൊടുത്തു….. അപ്പച്ചനോട് ക്ഷമിക്കെടി കുഞ്ഞേ….. നിന്നെ ഞാൻ മനസ്സിലാക്കാതെ പോയല്ലോ…. റോയി അവളുടെ കുഞ്ഞു നെഞ്ചിൽ മുഖം ചേർത്തു വെച്ചു പൊട്ടിക്കരഞ്ഞു…. അടുത്തു നിന്ന് എല്ലാം നോക്കിക്കാണുകയായിരുന്നു ഡെയ്സി….. ഇടയ്ക്കിടെ ദേവു ഡെയ്സിയുടെ മുഖത്തേക്ക് നോക്കുന്നുണ്ട്… ഒന്നുമില്ലെന്ന് കണ്ണടച്ചു ആശ്വസിപ്പിക്കും….. റോയിയുടെ വിഷമം ഒന്നടങ്ങിയപ്പോൾ കുഞ്ഞിനേയും മടിയിലിരുത്തി അവളോട് ഓരോന്നും ചോദിക്കാൻ തുടങ്ങി….. എല്ലാത്തിനും മറുപടി പറഞ്ഞു പറഞ്ഞു അവസാനം അവളുടെ അച്ഛനിലാവും എത്തുക…… അച്ഛന്റെ വിശേഷം റോയിയെ ആസ്വസ്ഥനാക്കുന്നത് ഡെയ്സി ശ്രദ്ധിച്ചു…… കുഞ്ഞിനോടുള്ള വിശേഷം പറച്ചിൽ കഴിഞ്ഞപ്പോൾ റോയി ഡെയ്സിയെ ഒന്നു നോക്കി….

നിനക്ക് സുഖമാണോ ഡെയ്സി…….

മ്മ്… അതെ….ഇത്രയും സുഖവും സമാധാനവും ഞാൻ എന്റെ വീട്ടിൽ പോലും അനുഭവിച്ചിട്ടില്ല….

എന്നോട് ദേഷ്യപ്പെടാനും വെറുക്കാനും നിനക്ക് കാരണങ്ങൾ ഉണ്ടാവും ഡെയ്സി….. സ്നേഹിച്ചിട്ടല്ലേ ഉള്ളൂ ഞാൻ നിന്നെ….. എന്റെ ഭാഗത്തു നിന്നു നോക്കിയാൽ നിനക്കെന്നെ കുറ്റപ്പെടുത്താൻ സാധിക്കുമോ….. തന്റെ ഭാഗം പറഞ്ഞു റോയി…..

അതിന് ഞാൻ നിങ്ങളെ കുറ്റപ്പെടുത്തിയോ ഇന്നേവരെ….. നിങ്ങൾക്ക് സ്നേഹം ഇല്ലന്നും പറഞ്ഞിട്ടില്ല….. പക്ഷേ വിശ്വാസം എന്നൊന്നില്ലേ അതായിരുന്നു ഇല്ലാതിരുന്നത്…. ഡെയ്സി പറഞ്ഞതു കേട്ട് റോയി മുഖം തിരിച്ചു…..

കഴിഞ്ഞത് കഴിഞ്ഞു…. എനിക്കിപ്പോൾ അത് അടഞ്ഞ അദ്ധ്യായം ആണ്…. ഓർക്കാൻ കൂടി ആഗ്രഹിക്കാത്തത്….. ഞാൻ സംസാരിക്കണമെന്ന് പറഞ്ഞത് അതിനെക്കുറിച്ചല്ല….. റോയി ഡെയ്സിയുടെ മുഖത്തേക്ക് നോക്കി….. ദേവു ഇല്ലാതെയും നിങ്ങൾ ഇത്രയും കാലം കഴിഞ്ഞില്ലേ…. ഇനിയും നിങ്ങൾക്കത് സാധിക്കും….. പക്ഷേ അവളില്ലാതെ ഒന്നു ശ്വാസമെടുക്കാൻ പോലും ശിവയെക്കൊണ്ടാവില്ല….. സ്വന്തം രക്തത്തെ തിരിച്ചറിയാൻ നിങ്ങൾക്കായില്ല… സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞിട്ടും നെഞ്ചിൽ ചേർത്തുപിടിച്ചാ ഇത്രയും നാൾ കൊണ്ടു നടന്നത്….. അവൾക്കു വേണ്ടി എന്തും ചെയ്യും… ഇപ്പോൾ പോലും അച്ഛനെന്ന സ്ഥാനത്തു നിന്ന് സ്വയം ഒഴിവായി തന്നില്ലേ…. തിരിച്ചൊന്നും മോഹിക്കാതെ ഇങ്ങനെ സ്നേഹിക്കുന്ന ഒരപ്പനെ മതി എന്റെ കുഞ്ഞിന്….. അവൾക്കായി കുറച്ചെങ്കിലും സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ ഇനി അവളെത്തേടി വരരുത്…. അഥവാ നിങ്ങളവൾക്ക് അപ്പനായെന്നു വെച്ചാലും ശിവയെന്ന അച്ഛന്റെ ഗുണങ്ങൾ മാത്രമേ നിങ്ങളിലും അവൾ തേടൂ…. റോയി കണ്ണു നിറച്ചു ഡെയ്സിയെ ഒന്നു നോക്കി….

ഇന്നും നിങ്ങളെ സ്നേഹിക്കുന്നവരുടെ മനസ്സ് കാണാൻ നിങ്ങൾക്കാവുന്നില്ല…. അങ്ങനെ ആയിരുന്നെങ്കിൽ ഉള്ളിലുള്ളതെല്ലാം പറഞ്ഞു പൊട്ടിക്കരയാൻ പോലും സാധിക്കാത്ത ഒരു പെണ്ണില്ലേ വീട്ടിൽ, അവളുടെ വിഷമം ആദ്യം കണ്ടേനെ നിങ്ങൾ….. അവളെ ചേർത്തു പിടിച്ച് കർത്താവിനോട് ഉള്ളുരുകി പ്രാർത്ഥിക്ക്… രണ്ടാളുടെയും വിഷമം കാണാതിരിക്കില്ല…. ഞാനും പ്രാർത്ഥിക്കാം….. ദേവു എന്നും ശിവയ്ക്ക് സ്വന്തമാണ്… ഇനി മുതൽ ഞാനും… ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം ആണ്… ശിവയോട് പോലും ഇതുവരെ പറഞ്ഞില്ല…. എന്നെ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഇനിയെങ്കിലും ജീവിക്കണമെന്ന് എനിക്ക് തോന്നി….. റോയി ഒന്നു ഞെട്ടിയപോലെ തോന്നി ഡെയ്സിയ്ക്ക്…. ഇന്നലെ വരെ എനിക്ക് ശിവയോട് ഉണ്ടായിരുന്നത് കളങ്കമില്ലാത്ത സ്നേഹം തന്നെയായിരുന്നു…. എന്റെ കുഞ്ഞ് അത്രയും സ്നേഹിക്കുന്ന അവളുടെ അച്ഛനെ ഇപ്പോൾ ഞാനും സ്നേഹിച്ചു തുടങ്ങി ……ഡെയ്സി പറഞ്ഞു നിർത്തി…..

റോയി ദേവൂന്റെ നെറ്റിയിൽ അമർത്തി ഉമ്മ

വെച്ചു അവളുടെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു താടിയിലെ മറുകിൽ വിരലോടിച്ചു… റോയ് മെല്ലെ എഴുന്നേറ്റു…  ഡെയ്സിയെ ഒന്നു നോക്കി പോകാൻ തിരിഞ്ഞു…..

നീ പോയപ്പോൾ തന്നെ തോറ്റു പോയതാ ഞാൻ…… പിന്നെ നിന്നോടുള്ള വാശിക്ക് എങ്ങനെയൊക്കെയോ ജീവിച്ചു …. പണ്ടത്തെ വാശിയൊന്നുമില്ല ഇപ്പോൾ….. അല്ലെങ്കിലും തോറ്റു ജീവിക്കുന്നവന് എന്ത് വാശി….. എന്റെ എടുത്തു ചാട്ടം കൊണ്ട് നഷ്ടപ്പെടുത്തിയതാണ് നിങ്ങളെ…. ഒന്നും പറയാൻ ആവാതെ റോയിയുടെ ചുണ്ടു വിതുമ്പി…. ഡെയ്സിയെ നോക്കാനാവാതെ റോയി അവിടെ നിന്നുമിറങ്ങി വേഗത്തിൽ നടന്നു പോയി….. അമ്മച്ചി വിളിച്ചിട്ടുമൊന്നു തിരിഞ്ഞു നോക്കിയില്ല…… അമ്മച്ചി ദേഷ്യത്തിൽ ഡെയ്സിയെ ഒന്നു നോക്കി… ഒന്നും പറയാതെ ഇറങ്ങി പോയി……. അച്ചനും മറ്റുള്ളവരും എന്താണെന്നറിയാൻ ഡെയ്സിയെ നോക്കി….

ആരുടേയും അവകാശം ഞാനായിട്ട് നിഷേധിക്കില്ല അച്ചോ….. അവളെ തൊടാനും കൊഞ്ചിക്കാനും അർഹത ഉണ്ടെന്ന് തോന്നുന്നവർക്ക് വന്നെടുക്കാം കൊഞ്ചിക്കാം…

അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലാക്കിയത് പോലെ അപ്പച്ചനും അമ്മച്ചിയും ആനിയും കുഞ്ഞിനെ ഒന്നു നോക്കിയിട്ട് മെല്ലെ ഇറങ്ങി നടന്നു….. ബാക്കി എല്ലാം ഞാൻ മറക്കാം അച്ചോ… പക്ഷേ ഒരമ്മയുടെ മനസ്സോടെ എന്റെ കുഞ്ഞിനോട് ചെയ്തതെല്ലാം ഓർത്തിട്ട് പൊറുക്കാൻ സാധിക്കുന്നില്ല…… കർത്താവ് എന്നോട് പൊറുക്കുമായിരിക്കും……. അച്ചൻ ചെറിയൊരു ചിരിയോടെ അവളുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു….. അച്ചനും കൂടി ആ വീടൊഴിഞ്ഞപ്പോൾ ഡെയ്സി കുഞ്ഞിനേയും എടുത്ത് അകത്തേക്ക് നടന്നു… ശിവയുടെ അടുത്തെത്താൻ അവൾക്കും കുഞ്ഞിനും അത്രയും ധൃതി ഉണ്ടായിരുന്നു……

ഉടനെ വരും….

A.. M.. Y..

എന്റെ കഷ്ടതയുടെയും അലച്ചിലിന്റെയും ഓർമ്മ കൈപ്പേറിയ വിഷമാണ്……  അതിനെപ്പറ്റി നിരന്തരം ചിന്തിച്ച് എന്റെ മനം തകരുന്നു….  എന്നാൽ ഞാൻ ഒരു കാര്യം ഓർമ്മിക്കുന്നു… അത് എനിക്ക് പ്രത്യാശ തരുന്നു…. കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല…… അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല….. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്….. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്…. (വിലാപങ്ങൾ 3:19-23)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!