കുഞ്ഞു ഉറങ്ങിയപ്പോൾ മെല്ലെ കിടത്തി തട്ടി കൊടുത്തു…….. എഴുന്നേറ്റപ്പോൾ റോയിച്ചൻ ഉണ്ടായിരുന്നു മുറിയിൽ……. പോകാൻ തുടങ്ങിയപ്പോൾ പിന്നിൽനിന്ന് ഡെയ്സി എന്നുള്ള പതിഞ്ഞ വിളി കേട്ടു……… അമ്പരപ്പോടെ അതിലേറെ സന്തോഷത്തിൽ പെട്ടെന്ന് തിരിഞ്ഞു നോക്കി……ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു വിളി….. കേട്ടത് സത്യമാണോന്ന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല….. റോയിച്ചനെ സംശയത്തോടെ നോക്കി നിന്നു…….റോയി അടുത്തു വന്നു തോളിൽ കൈ വെച്ചു….
സത്യം പറയട്ടെ…… നീയില്ലാതെ ജീവിക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല ഡെയ്സി…. ഒന്നും മറക്കാനും സാധിക്കുന്നില്ല….. റോയി പറഞ്ഞപ്പോൾ അമ്മച്ചി പറഞ്ഞ കാര്യങ്ങളാണ് ഡെയ്സിയ്ക്ക് ഓർമ്മ വന്നത്….. തന്നെ റോയിച്ചന് ഇഷ്ടമാണ്…. കൂടെ ജീവിക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ടാക്കി തന്നെയും കൂടെ നിർത്തുകയാണ്….. ഡെയ്സിയുടെ കണ്ണു നിറഞ്ഞൊഴുകി…. റോയി അതു തുടച്ചു കൊടുത്തു….. അതുമതിയായിരുന്നു ഡെയ്സിയ്ക്കും പഴയതെല്ലാം മറന്ന് ആ നെഞ്ചിലേക്ക് ചേരാൻ…… റോയിയെ കെട്ടിപ്പിടിച്ചു പൊട്ടിപ്പൊട്ടിക്കരഞ്ഞു…… അവളുടെ മുഖം കയ്യിലെടുത്തു കവിളിൽ അമർത്തി
ഉമ്മ
വെച്ചു…. മതി വരാതെ മുഖം നിറയെ….. ഡെയ്സി അതെല്ലാം സന്തോഷത്തോടെ സ്വീകരിച്ചു…..
നിനക്കെന്റെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലേ പെണ്ണേ…. സ്നേഹമില്ലേ എന്നോട് ഒട്ടും…ഡെയ്സിയുടെ മുഖം കയ്യിലെടുത്തു കണ്ണിലേക്ക് നോക്കി ചോദിച്ചു…..
അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ റോയിച്ചാ… എല്ലാവർക്കും മുന്നിൽ എന്നെ തെറ്റുകാരി ആക്കിയില്ലേ……….. കണ്ണു രണ്ടും നിറഞ്ഞൊഴുകി………….ഇന്നും ഞാൻ പറയുന്നു റോയിച്ചാ ഡെയ്സി തെറ്റ്………… പറയാൻ മുഴുമിപ്പിക്കാതെ റോയി അവളുടെ വായ പൊത്തി……
എനിക്കൊന്നും കേൾക്കണ്ട……. എന്റെ കൂടെ ജീവിക്കാൻ സമ്മതമാണോന്നാ നിന്നോട് ചോദിച്ചത്….
ഒരായിരം വട്ടം സമ്മതമാണ് റോയിച്ചാ…. ഇഷ്ടമാണ്…. മുഖത്തിരുന്ന റോയിയുടെ കൈകൾക്ക് മേലേ കൈ വെച്ചു ഡെയ്സി പറഞ്ഞു….
എങ്കിൽ…… ഞാൻ പറയുന്നത് അനുസരിക്കുമോ……..
ഡെയ്സി ഒരു കുഞ്ഞിനെപ്പോലെ തലയാട്ടി സമ്മതിച്ചു……….. എങ്കിൽ…. ഈ കുഞ്ഞിനെ നിന്റെ അപ്പച്ചന്റെയും അമ്മച്ചിയുടെയും കയ്യിൽ കൊടുത്തിട്ട് വാ……
ഒന്നും മനസ്സിലാകാത്തത് പോലെ ഡെയ്സി തല ചെരിച്ചു റോയിയെ നോക്കി……
ഈ കൊച്ചിനെ നമുക്ക് വേണ്ട ഡെയ്സി….. ഇവിടെ എനിക്കോ അമ്മച്ചിക്കോ ഇതിനെ അംഗീകരിക്കാനാവില്ല ……… നിന്റെ വീട്ടിൽ നിർത്ത്…… അതിന് ചിലവിനു ഉള്ളത് ഞാൻ കൊടുത്തോളാം അപ്പച്ചന്റെ കയ്യിൽ……
ഡെയ്സിയുടെ കൈ തളർന്നത് പോലെ താഴേക്കു ഊർന്നു വീണു…. റോയിയെ മാറ്റി നിർത്തി……
ഇത് നിങ്ങളുടെ കുഞ്ഞാണ് റോയിച്ചാ……. എങ്ങോട്ടേക്ക് കൊണ്ട് കളയാനാണ് ഈ പറയുന്നത്………. കരഞ്ഞു കൊണ്ട് ഡെയ്സി ഉച്ചത്തിൽ ചോദിച്ചു……
ഇത് എന്റെത് അല്ലെന്ന് നിനക്കും എനിക്കും നന്നായി അറിയാം……. എന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ലാതെ വീണ്ടും തല കുനിച്ചു നിൽക്കേണ്ടിവരും നിനക്ക്……..ഇനിയും അത് വേണോ…..
ഇല്ല റോയിച്ചാ…..ഞാൻ ഇതിന് ഒരിക്കലും സമ്മതിക്കില്ല……. അവളെ മാറ്റി നിർത്തിയിട്ട് എനിക്ക് തനിയെ സുഖിച്ചു ജീവിക്കേണ്ട….. റോയിച്ചൻ എനിക്കൊപ്പം തിരിച്ചുവിളിച്ചത് അവളെയും കൂടി ആകും എന്നാണ് ഞാൻ വിചാരിച്ചത്……..കൊതിച്ചു പോയി ഞാൻ വല്ലാതെ എന്റെ കുഞ്ഞിന് അതിന്റെ അപ്പച്ചന്റെ സ്നേഹം കിട്ടുമല്ലോന്ന് ഓർത്തപ്പോൾ………..
ഹും…….. അപ്പച്ചൻ പോലും………. നീ എന്നോട് ചെയ്തത് മറക്കാൻ സാധിച്ചിട്ടല്ല ഡെയ്സി ….. നീ ഇല്ലാതെ ജീവിക്കാൻ എനിക്ക് ആവില്ല എന്ന് അറിഞ്ഞത് കൊണ്ടാണ് ഞാൻ നിന്നെ തിരിച്ചു വിളിച്ചത്….. പക്ഷേ ആ കൊച്ച് ഈ വീട്ടിൽ വേണ്ട…..എനിക്കിഷ്ടമില്ല…… ആ കൊച്ച് ഇല്ലാതെ എനിക്കൊപ്പം കഴിയാൻ സമ്മതിച്ചാൽ ഞാൻ പൊന്നുപോലെ നിന്നെ നോക്കിക്കോളാം……. പക്ഷേ മറിച്ചാണെങ്കിൽ എനിക്ക് പലതും തീരുമാനിക്കേണ്ടി വരും…… റോയ് അടുത്തേക്ക് വന്ന് അവസാന തീരുമാനം എന്നവണ്ണം പറഞ്ഞു…….
ഇല്ല റോയിച്ചാ…. ഇങ്ങനൊന്നും പറയല്ലേ…. കുഞ്ഞില്ലാതെ എനിക്കും പറ്റില്ല…….. അവൾക്ക് ഞാൻ മാത്രമേയുള്ളൂ……. അതിലും ഭേദം ഞാൻ അവളെ അങ്ങ് കൊല്ലുന്നതാ…ഡെയ്സി പൊട്ടിക്കരഞ്ഞു……
ആ അതാവും അതിലും നല്ലത്…… ഭ്രാന്തന്റെ കുഞ്ഞാണെന്ന് നാട്ടുകാർ പറഞ്ഞു കളിയാക്കുന്നതിലും ഭേദം അതൊക്കെ ചാവുന്നത് തന്നെയാ…….
റോയിയെ തന്റെ അടുത്തു നിന്നും മാറ്റി നിർത്തി…… റോയിച്ചൻ തന്ന ഉമ്മകൾ എല്ലാം തന്നെ പൊള്ളിക്കും പോലെ തോന്നി ഡെയ്സിയ്ക്ക്……. കണ്ണുനീർ കൊണ്ട് തന്നെ അത് മുഴുവൻ കഴുകി കളഞ്ഞു……..
ഭ്രാന്തൻ.. ഭ്രാന്തൻ.. ഭ്രാന്തൻ.. കേട്ടു കേട്ടു മടുത്തു…..ഡെയ്സി വെറി പിടിച്ചവളെപ്പോലെ ദേഷ്യത്തിൽ പറഞ്ഞു……….റോയിച്ചൻ എന്തുവേണമെങ്കിലും തീരുമാനിച്ചോ…… പക്ഷേ എന്റെ കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം സുഖം മാത്രം തേടി ജീവിക്കാൻ എന്നെക്കൊണ്ടാവില്ല ഒരിക്കലും …….. ഇത്രയും നാൾ ഞാൻ ജീവനോടെ ഉണ്ടായത് തന്നെ ഇവൾ ഉള്ളതുകൊണ്ട് മാത്രമാണ്……
അപ്പോൾ നിനക്ക് എന്നെക്കാൾ ഇഷ്ടം ഈ കൊച്ചിനോട് ആണോ………എന്നെ വേണ്ടെന്നുവയ്ക്കാൻ മാത്രം വലുതാണോടീ നിനക്ക് അവന്റെ കൊച്ച്…….. പറഞ്ഞതും ദേഷ്യത്തിൽ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു ചവിട്ടാൻ കാലു പൊക്കി….. ഡെയ്സി ചാടികയറി റോയിയുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു മാറ്റി…. റോയി പിന്നിലേക്ക് രണ്ടടി മാറി വേച്ചു നിന്നു……
എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത് റോയിച്ചാ………കരഞ്ഞു കൊണ്ട് അവൾ കുഞ്ഞിനെ വാരിയെടുത്തു നെഞ്ചിൽ ചേർത്തു പൊതിഞ്ഞു പിടിച്ചു ……
ഇല്ല……ഞാൻ ഒന്നും ചെയ്യില്ല…… ഞാൻ പറയുന്നത് നീ അനുസരിച്ചാൽ അതിനെ ഒന്നും ചെയ്യില്ല………. അവന്റെ കൊച്ചിനെ നീ വളർത്തുന്നതും പാല് കൊടുക്കുന്നതും കാണുമ്പോൾ അറപ്പാണ് തോന്നുന്നത്……. അതിനോട് എന്റെ മനസ്സിൽ ഒരിറ്റു ദയവ് തോന്നുന്നില്ല……എനിക്ക് നിന്നെ മാത്രം മതി ഡെയ്സി……… നീ എന്നോട് ചെയ്തത് എല്ലാം മറന്ന് ഞാൻ സ്വീകരിക്കാൻ തയ്യാറാണ് നിന്നെ……. ഞാൻ പറയുന്നത് ഒന്നു കേൾക്ക്…… അമ്മച്ചിയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം…….. റോയി അവളുടെ തോളിൽ പിടിച്ചു അടുപ്പിച്ചിട്ട് പറഞ്ഞു……
അതിന് ഞാൻ നിങ്ങളോട് ഒന്നും ചെയ്തിട്ടില്ല റോയിച്ചാ…… വിശ്വസിക്കാമെങ്കിൽ വിശ്വസിക്ക്…….. നിങ്ങൾക്കൊപ്പം ജീവിച്ചു തുടങ്ങുമ്പോൾ ഇനിയും കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടി വരും……. അന്നും ഇങ്ങനെ ഓരോരുത്തരുടെയും പേരിൽ പഴി കേൾക്കാൻ എന്നെക്കൊണ്ടാവില്ല……. ഞാൻ ഇവളെ ഉപേക്ഷിക്കില്ല……. നിങ്ങളെയും ഉപേക്ഷിക്കാൻ വയ്യ……….
നിന്റെ തീരുമാനം ഉറച്ചതാണോ…………. ഡെയ്സി ഒന്നും മിണ്ടാതെ കുഞ്ഞിനെയും ചേർത്ത് പിടിച്ച് നിന്നു………… എനിക്കും പലതും തീരുമാനിക്കേണ്ടി വരും……. വല്ലവരുടെയും കുഞ്ഞ് ഈ വീട്ടിൽ വളരേണ്ട……… എനിക്ക് വേണ്ടത് എന്നെ അനുസരിച്ച് ജീവിക്കുന്ന ഭാര്യയെയാണ്…. എന്റെ മാത്രം കുഞ്ഞുങ്ങളുടെ അമ്മയാകുന്നവളെയാണ്……
ഡെയ്സി കുറച്ചുനേരം മിണ്ടാതെ നിന്നിട്ട് പറഞ്ഞു……… എനിക്ക് കുഞ്ഞില്ലാതെ ജീവിക്കാൻ പറ്റില്ല റോയിച്ചാ… അതുകൊണ്ട് നിങ്ങൾ പറയുന്നത് അംഗീകരിക്കാൻ എന്നെക്കൊണ്ടാവില്ല……. നിങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരു പെണ്ണിനെ സ്വീകരിച്ചു കൊള്ളൂ…. അത് പക്ഷേ ദയവുചെയ്ത് അന്നയാവരുത്……
ദേഷ്യം വന്ന റോയി പറഞ്ഞു……. അത് പറയാൻ നിനക്ക് യാതൊരു അവകാശവുമില്ല……. ഞാൻ എനിക്ക് ഇഷ്ടമുള്ളവരെ സ്വീകരിക്കും……. ഒന്നുമല്ലെങ്കിലും നിന്നെക്കാൾ സ്നേഹമുണ്ട് അവൾക്ക് എന്നോട്…….. എന്തായാലും നിന്നെപ്പോലെ കൂടെ നിന്ന് ചതിക്കില്ല….. ചങ്ക് പറിച്ചു തരും അവൾ……
ഡെയ്സി നിറകണ്ണുകളോടെ അയാളെ നോക്കി നിന്നു……. വേണ്ട റോയിച്ചാ,..അത് പാടില്ല എന്ന് അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു…… അത് അവഗണിച്ച് അവളുടെ കണ്ണുനീർ അവഗണിച്ച് അയാൾ നിന്നു……. ഡെയ്സിയുടെ കയ്യിലിരുന്ന കുഞ്ഞ് കുഞ്ഞിക്കൈ റോയിയുടെ നെഞ്ചിൽ ചേർത്തു വെച്ചു…….. ഷർട്ടിന്റെ തുമ്പ് കൈപ്പിടിയിൽ ഒതുക്കാൻ നോക്കുകയാണ്…….. എന്തോ അറപ്പുള്ള ഒന്ന് ശരീരത്തിൽ തൊട്ടത് പോലെ റോയി ശക്തിയിൽ തട്ടിയെറിഞ്ഞു ആ കുഞ്ഞിക്കൈ……. വേദനിച്ചപ്പോൾ കുഞ്ഞി കണ്ണുകൾ വിടർത്തി ഡെയ്സിയെ നോക്കി….. ചുണ്ടു വിതുമ്പും മുന്നേ അവൾ ആ കൈ നെഞ്ചിൽ ചേർത്തു പിടിച്ചു…….. മുഖത്ത് ഒരുപാട്
ഉമ്മ
കൊടുത്തു…… ഒരേസമയം ആ കുഞ്ഞിന് അപ്പച്ചന്റെ സംരക്ഷണവും അമ്മച്ചിയുടെ സ്നേഹവും കൊടുക്കാൻ കഴിഞ്ഞു അവൾക്ക് …….
റോയി ദേഷ്യത്തിൽ ഇറങ്ങിച്ചെന്നത് അമ്മച്ചിക്ക് മുന്നിലേക്ക് ആയിരുന്നു……..
അത് വേണോടാ…. ഇനിയും ആ വീട്ടിൽ നിന്നുമൊരു പെണ്ണിനെ കൂടി വേണോ… അമ്മച്ചിക്ക് മറുപടി ഒന്നും കൊടുത്തില്ല റോയി… ഡെയ്സിയോട് ആ ഒരു ദേഷ്യത്തിന്റെ പുറത്തു പറഞ്ഞതാണ്…. അല്ലാതെ അന്നയെന്നല്ല വേറൊരു പെണ്ണും തന്റെ മനസ്സിൽ ഇല്ല… അമ്മച്ചിയുടെ മുഖം നോക്കിയാൽ മനസ്സിലാകും ഉള്ളിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിക്കുകയാണ്….. ഇടയ്ക്ക് ഡെയ്സിയെ പ്രാകാനും മറക്കുന്നില്ല….
ഉറക്കം വരാതെ കിടന്ന ഡെയ്സി തന്റെ ചൂടു പറ്റി കിടന്ന കുഞ്ഞിനെ ചേർത്തു പിടിച്ചു പറഞ്ഞു…… സാരമില്ല കേട്ടോ…… വേദനിച്ചോ എന്റെ കുഞ്ഞിന്….. അപ്പച്ചൻ അല്ലേ ക്ഷമിച്ചു കളയ്……. ഇനി കുഞ്ഞിനെ ആരും ഉപദ്രവിക്കില്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ……നീയില്ലാതെ നിന്റെ കൂടെ അല്ലാതെ അമ്മയ്‌ക്കൊരു ജീവിതവുമില്ല….. ഞാൻ തനിച്ചായത് പോലെ നിന്നെ ഒറ്റപ്പെടുത്താൻ ആർക്കും കൊടുക്കില്ല….. ഇതീ അമ്മച്ചിയുടെ വാക്കാ….. എന്തോ മനസ്സിലായത് പോലെ അവൾ ചിരിച്ചു……..അവളുടെ മുഖത്ത് മതിവരാതെ വീണ്ടും വീണ്ടും
ഉമ്മ
വെച്ചുകൊണ്ടിരുന്നു……
റിൻസിയുടെ വിളിച്ചുകല്യാണത്തിന് എല്ലാവർക്കുമൊപ്പം ഡെയ്സിക്കുമെടുത്തു ഒരു സാരി…… പക്ഷേ കുഞ്ഞിന് മാത്രം ഒന്നുമെടുത്തില്ല….. ഡെയ്സിയുടെ മനസ്സ് നൊന്തു….. എല്ലാവരെയും ചുട്ടെരിക്കാനുള്ള ദേഷ്യം വന്നു മനസ്സറിഞ്ഞു ശപിച്ചു കളഞ്ഞാലോ എന്നുവരെ തോന്നി……. ആരുടേയും ആയിക്കോട്ടെ ഒരു മനുഷ്യക്കുഞ്ഞെന്ന പരിഗണന പോലും അവൾക്ക് കൊടുക്കാത്തത്തിൽ ആ അമ്മമനസ്സ് ഒരുപാട് വിഷമിച്ചു….. റിൻസിയുടെ കല്യാണം വരെയേ ഉള്ളൂ ഇവിടെ…. അതിന് ശേഷം എന്തുവേണമെന്ന് തീരുമാനം ഉണ്ടാവും….. മുന്നോട്ട് തന്റെ കുഞ്ഞിനെ എങ്ങനെ വളർത്തുമെന്ന ചിന്ത ഡെയ്സിയെ ആകെ അസ്വസ്ഥയാക്കി….. ഊണിലും ഉറക്കത്തിലും ഇപ്പോൾ ആലോചന അത് മാത്രമാണ് ……
പള്ളിയിൽ ഒരൊഴിഞ്ഞ മൂലയിൽ ബെഞ്ചിൽ കുഞ്ഞിനെ ചേർത്തു പിടിച്ചു ഡെയ്സി ഇരുന്നു……. തന്റെ വീട്ടുകാരും മുൻപന്തിയിൽ തന്നെ ഉണ്ട്….. ഇങ്ങനെ രണ്ടു ജീവനുള്ള കാര്യം എല്ലാവരും മനഃപൂർവം മറന്നത് പോലെ തോന്നി……. അന്നത്തെ സംഭവത്തിന് ശേഷം റോയിച്ചന്റെ ഒരു നോട്ടം പോലും തനിക്കരികിൽ വന്നിട്ടില്ല….. എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചത് പോലെ തോന്നി ….. നമ്മുടെ കുഞ്ഞിന് അപ്പച്ചൻ അമ്മച്ചി എന്നുള്ള ഭാഗ്യം തട്ടിക്കളയല്ലേ റോയിച്ചാ……. അവളെ വെറുക്കാൻ വേണ്ടി ആണെങ്കിൽ കൂടെ അപ്പച്ചൻ എന്നൊരാൾ അടുത്തുണ്ടായാൽ മതി …….. കുഞ്ഞിനെ മാറോടു ചേർത്തു പിടിച്ചു തിരുസ്വരൂപത്തിലേക്ക് നോക്കിയിരുന്നു……
അതാ ഭ്രാന്തൻ ചെക്കന്റെ തന്നെ കുഞ്ഞാടീ…. സാധാരണ കുഞ്ഞുങ്ങളെപ്പോലെ കളിയും ചിരിയുമൊന്നും ഇല്ലെന്ന്…. മേലേക്ക് നോക്കി ഒരേ കിടപ്പാണെന്ന്….. ആ കൊച്ചിന് ബുദ്ധി കുറവാന്നാ റോയിയുടെ അമ്മച്ചി പറയുന്നത്….
സത്യമായിരിക്കും…… ബുദ്ധിസ്ഥിരത ഇല്ലാത്തവന്റെയല്ലേ….. അതങ്ങിനെയല്ലേ വരൂ….
അതിനു ഭ്രാന്തുള്ളവന് കുഞ്ഞുണ്ടാകുമോടീ……
ഇതിന് ഭ്രാന്ത് ഒന്നും ബാധകമല്ലായിരിക്കും…….. വാ പൊത്തി ചിരിക്കുന്നത് കേട്ടു ………
കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഡെയ്സി കുഞ്ഞിനെ ഒന്നു നോക്കി…… അവൾ മേലേ ഫാനിൽ നോക്കി അതിന്റെ അനക്കം ശ്രദ്ധിച്ചു കിടക്കുകയാണ്….. ഡെയ്സി മെല്ലെ തിരിഞ്ഞു നോക്കി…… മറിയചേടത്തിയും വേറൊരു ചേടത്തിയും ഇരുന്നു ചിരിച്ചു കുശുകുശുക്കയാണ്….. ഡെയ്സി തലവഴി സാരി മറച്ചിരുന്നതിനാൽ അവർ ശ്രദ്ധിച്ചില്ല… അതാണ് സത്യം…… പെട്ടെന്ന് ഡെയ്സിയെ കണ്ടപ്പോൾ രണ്ടാളും അങ്ങ് വല്ലാതായി…… അവളുടെ സൂക്ഷിച്ചുള്ള നോട്ടം കണ്ടപ്പോൾ രണ്ടാളുടെയും മുഖം വെള്ളപേപ്പർ പോലെ വിളറി വെളുത്തു….. ഡെയ്സി അവിടെ നിന്നുമിറങ്ങി വെളിയിൽ ആരുമില്ലാത്തിടത്തു പോയിരുന്നു…… കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി…… ഇതിന് മുൻപ് ഇത്രയും കുഞ്ഞു കുട്ടികളെ കണ്ടും എടുത്തും പരിചയമില്ല തനിക്ക് ….. ഡോക്ടർ മുൻപു പറഞ്ഞതും ഇപ്പോൾ കേട്ടതുമൊക്കെ കൂട്ടി വായിച്ചപ്പോൾ അവൾക്കു തല കറങ്ങും പോലെ തോന്നി….. എന്റെ കുഞ്ഞ്……….. കർത്താവേ അവൾക്കൊന്നും വരുത്തരുതേ……. കണ്ണുനീര് സമർപ്പിച്ചു പ്രാർത്ഥിച്ചു…… വലിയൊരു ഭാരം ചങ്കിൽ ഇരിക്കും പോലെ….. ആരോട് പറയും……. ആശ്വസിപ്പിക്കാൻ അരികിൽ ആരെങ്കിലുമൊന്ന് ഉണ്ടായിരുന്നെങ്കിൽ ….. തല കൈയ്യിൽ താങ്ങിവെച്ചു കരഞ്ഞു……….
തലയിൽ ആരോ തലോടും പോലെ തോന്നി…. തലയുയർത്തി നോക്കിയപ്പോൾ ഫാദർ ആണ്…. അവൾ എഴുന്നേറ്റു…… ഇരിക്കാൻ പറഞ്ഞിട്ട് അവൾക്കരികിലായി അദ്ദേഹം ഇരുന്നു….. റോയിയുടെ അമ്മച്ചി എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു….. എന്റെ മനസ്സിന് അതൊന്നും അംഗീകരിക്കാൻ സാധിച്ചിട്ടില്ല….. ഡെയ്സിയെ എനിക്ക് നന്നായിട്ടറിയാം അതുകൊണ്ട് തന്നെ …….മിണ്ടാതിരിക്കുന്ന ഡെയ്സിയോട് ഫാദർ ചോദിച്ചു……… നിനക്ക് കുമ്പസാരിക്കണോ കുഞ്ഞേ …..
വേണ്ട ഫാദർ…. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല…. ഞാൻ ആരുമില്ലാത്ത രണ്ടുപേരെ സ്നേഹിച്ചു പോയി…. അവർക്ക് ആശ്വാസവും സ്നേഹവും കൊടുത്തു…. അതൊരു തെറ്റാണെങ്കിൽ ഞാൻ കുമ്പസാരിക്കാം…… തെറ്റായിപ്പോയത് അവർ രണ്ടാളും പുരുഷന്മാരായതു കൊണ്ടു മാത്രമാണ്…… ഞാൻ തെറ്റു ചെയ്തിട്ടില്ല അച്ചോ……. അഥവാ അതൊരു തെറ്റാണെങ്കിൽ കർത്താവ് തരുന്ന ഏതു ശിക്ഷയും ഞാൻ ഏറ്റു വാങ്ങാൻ തയ്യാറാണ്…… ഉറച്ച വാക്കുകളോടെ ഡെയ്സി പറഞ്ഞു…..
എനിക്ക് നിന്നെ മനസ്സിലാകും….. പക്ഷേ മറ്റുള്ളവർ അവരുടെ ന്യായങ്ങൾ നിരത്തുമ്പോൾ ഇവിടെ തെറ്റുകാരി ആക്കപ്പെടുന്നത് നീയാണ്… എനിക്ക് മാധവനെയും മകനെയും അറിയാം…… പള്ളിവക ഓർഫനെജിലെ കുഞ്ഞുങ്ങളുടെ പഠിത്തവും ഭക്ഷണത്തിനുമെല്ലാം അദ്ദേഹം നല്ലൊരു തുക തരുന്നുണ്ട്….. നന്മയുള്ള മനസ്സുകൾക്കേ ആരുമില്ലാത്തവരുടെ വിഷമം മനസ്സിലാക്കാൻ സാധിക്കൂ…. നീ വിഷമിക്കേണ്ട…. എല്ലാത്തിനും ഒരു വഴി അവൻ കാണിച്ചു തരും….. ഞാനും ഒന്ന് ആലോചിക്കട്ടെ……
എന്റെ കുഞ്ഞിനെ വേണ്ടാത്തിടത്തേക്ക് എന്നെ മാത്രം അയക്കല്ലേ അച്ചോ…. ഇവളില്ലാതെ ജീവിക്കാൻ എന്നെക്കൊണ്ടാവില്ല…. ഇവളെ എന്റെ അടുത്തു നിന്നും പിരിക്കുന്ന ഒരു തീരുമാനവും എടുക്കരുതേ അച്ചോ…… അനാഥാലയത്തിൽ ഒരു കുഞ്ഞ് പോലും ഇനി കൂടാതിരിക്കട്ടെ….. ഡെയ്സിയുടെ ദയനീയമായ നോട്ടവും സംസാരവും അച്ഛന്റെ കണ്ണു നനയിച്ചു …..
അദ്ദേഹം അവളുടെ തലയിൽ കൈ വെച്ചു പറഞ്ഞു……. കർത്താവ് നിനക്കു മനസുഖം തരട്ടേ….. പ്രാർത്ഥിക്ക് നന്നായിട്ട്…. കുഞ്ഞിനെ ഇറുക്കി പിടിച്ചു അദ്ദേഹം പോകുന്നതും നോക്കിയിരുന്നു ഡെയ്സി…….
റിൻസിയുടെ കല്യാണത്തിനെ ബാധിക്കാത്ത വിധം അടുത്ത ദിവസം രണ്ടു കുടുംബങ്ങളെയും കൂട്ടി ഇതിനൊരു തീരുമാനമെടുക്കാമെന്ന് അച്ചൻ പറഞ്ഞു…..അതുവരെ എടുത്തു ചാടി ഒന്നും കാട്ടരുതെന്ന് റോയിയോട് അച്ചൻ പ്രത്യേകം പറഞ്ഞു…
വലിയ സൗന്ദര്യവും നിറവും ഒന്നുമില്ലെങ്കിലും ആ അന്ന തന്നെയായിരുന്നു ഇവളെക്കാൾ ഭേദം….. എന്തു സ്നേഹമാ ആ കൊച്ചിന്…. പള്ളിയിൽ വെച്ചു എന്റെ അടുത്തു നിന്നും മാറിയിട്ടില്ല ആ കൊച്ച്…. അമ്മച്ചി വീട്ടിൽ വന്നപ്പോൾ ഉറക്കെ പറഞ്ഞു…… റിൻസി ഇഷ്ടമില്ലാത്തത് പോലെ തല വെട്ടിച്ചു അകത്തേക്കു പോയി…… അത് താൻ കേൾക്കാൻ വേണ്ടിയാണെന്ന് ഡെയ്സിയ്ക്ക് നന്നായിട്ടറിയാം…… അതൊരു വലിയ ഒരു കാര്യമായിട്ടവൾക്ക് തോന്നിയതുമില്ല….. അവളുടെ മനസ്സ് നിറയെ കുഞ്ഞ് മാത്രമായിരുന്നു……
എപ്പോഴും കുഞ്ഞിനെ കെട്ടിപ്പിടിച്ചു ഇരിപ്പായി ഡെയ്സി…. അവളെയൊന്നു തനിച്ചു കിടത്തിയിട്ട് പോകാൻ പേടി തോന്നി….. റോയി ആ മുറിയിൽ ഉള്ളപ്പോൾ കുഞ്ഞിനെ പൊതിഞ്ഞു ചേർത്തു പിടിക്കും……ആ കുഞ്ഞു മുഖത്തേക്ക് കണ്ണിമ ചിമ്മാതെ നോക്കിയിരിക്കും…… അവളുടെ മുഖത്തു തെളിയുന്ന ഓരോ മാറ്റവും നോക്കിയിരിക്കും……. ഒന്നു ചിരിച്ചില്ലെങ്കിൽ ചിരിപ്പിക്കാൻ കോമാളി വേഷം കെട്ടിയാടാനും തയ്യാറായിരുന്നു ഡെയ്സി……ചിരിക്കുമ്പോൾ ഒരായിരം നക്ഷത്രം തെളിയും ആ അമ്മയുടെ കണ്ണുകളിൽ…….. കുഞ്ഞ് കരയാതെ ഇരിക്കുമ്പോൾ പേടിച്ചും കരയുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയ്ക്കുകയും ചെയ്തു ഡെയ്സി …….. ഉറക്കമിളച്ചു കാവലിരുന്നു കുഞ്ഞിന്റെ ഓരോ മാറ്റവും അറിയാൻ……. അത്രയ്ക്കും ആ അമ്മച്ചിമാരുടെ വാക്കുകൾ അവളുടെ അമ്മമനസ്സിനെ മുറിവേൽപ്പിച്ചിരുന്നു………
ഇങ്ങനെ പോയാൽ തനിക്കും എന്തെങ്കിലും സംഭവിക്കുമോന്നു പേടി തോന്നി ഡെയ്സിയ്ക്ക്…… ഞാനില്ലാതായാൽ എന്റെ കുഞ്ഞ്….. ആരുടെയൊക്കെയോ ദയയിൽ ജീവിക്കുന്ന കുറേ കുഞ്ഞുങ്ങൾക്കൊപ്പം തന്റെ കുഞ്ഞിനേയും ഓർത്തപ്പോൾ ഉള്ളു നീറി പുകഞ്ഞു……. മനസ്സ് ദിശയറിയാതെ ഒരിടത്തുമൊന്നു നിൽക്കാനാവാതെ എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു കൊണ്ടിരുന്നു….. ശിവയുടെ മനസ്സ് പിടിവിട്ടു പോകുന്നതെങ്ങനെയെന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്….. ഇപ്പോൾ മനസ്സിലാകുന്നുണ്ട് തനിക്കുമത്…… ഇനിയുമിങ്ങനെ ജീവിച്ചാൽ തനിക്കും ആ അവസ്ഥയിലേക്ക് എത്താൻ അധികം താമസമുണ്ടാവില്ല എന്നോർത്തു ഡെയ്സി…..
നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതു കൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത് ഭയപ്പെടേണ്ട.. ഞാൻ നിന്നെ സഹായിക്കും.. (ഏശയ്യാ 41:13)
Hot New Releases in Books
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
About Author
പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission