മനസ്സിന് ആകെയൊരു ബുദ്ധിമുട്ട് പോലെ തോന്നി ഡെയ്സിയ്ക്ക് ഇന്ന്….. ഇടയ്ക്കിടെ വന്നു കുഞ്ഞിനെ തൊട്ടു നോക്കും…. പിന്നെ കയ്യെടുത്തു സ്വന്തം ശരീരത്തിൽ വെച്ചു നോക്കും…… ഇത് തന്റെ ശരീരത്തിൽ ചേർത്തു പിടിച്ചതിന്റെ ചൂടാണോ…. അല്ല… രാത്രി മുതൽ പാലു കുടിക്കുന്നില്ല… ഒന്നു വലിച്ചിട്ടു മുഖം മാറ്റുകയാണ്… ശ്വാസം കിട്ടാത്തത് പോലെ…. അതോ തനിക്കിനി തോന്നുന്നതാണോ…. എങ്ങനെയാ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകുക….. എവിടെയാ കുഞ്ഞുങ്ങളുടെ ഡോക്ടർ ഉണ്ടാവുക……. എത്ര രൂപയാകും…… തന്റെ കയ്യിൽ ആണെങ്കിൽ ഒന്നുമില്ല…… ആരോടാ ചോദിക്കുക…… ദേഷ്യം ആണെങ്കിലും റോയിച്ചൻ തരുമായിരിക്കും….. അസുഖം അല്ലേ….. തരും… കൂടെ വന്നില്ലെങ്കിലും പൈസ തരാതിരിക്കില്ല ….. കുറച്ചു നേരം ചിന്തിച്ചിരുന്നു അവസാനം ചോദിക്കാൻ തന്നെ തീരുമാനിച്ചു….. പ്രതീക്ഷ കൈവിട്ടില്ല……. റോയി മുറിയിലേക്ക് വന്നപ്പോൾ ഡെയ്സി അറച്ചറച്ചു ചോദിച്ചു……
റോയിച്ചാ കുഞ്ഞിന് നല്ല ചൂടുണ്ട്….. പാലും കുടിക്കുന്നില്ല….. ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകണം………
അതിന്…… അതിന് ഞാൻ എന്തുവേണം നിനക്ക് കൊണ്ടുപോയിക്കൂടെ….
എനിക്ക് കുറച്ചു കാശു തരുവോ….. ഡെയ്സി മടിച്ചു മടിച്ചു ചോദിച്ചു……
ഇവിടെ ഗവണ്മെന്റ് ഹോസ്പിറ്റൽ ഉണ്ടല്ലോ….. അവിടെ മരുന്നും ചികിത്സയും എല്ലാം സൗജന്യമാണ്….. ആ മേശയിൽ ചില്ലറ കാണും….. അതല്ല വലിയ വലിയ ആശുപത്രിയിൽ മാത്രമേ പോകൂ എന്നുണ്ടെങ്കിൽ അതിന്റെ തന്തയോട് പറ…. മുടക്കാൻ എന്റെ കയ്യിൽ കാശില്ല…. അത്രയും പറഞ്ഞു ഡെയ്സിയെ ഒന്നു നോക്കാതെ റോയി മുറി വിട്ടു പോയി…….
ദയ എന്നൊന്ന് ആ മനസ്സിൽ നിന്നും മാഞ്ഞുപോയോ കർത്താവെ…… ഡെയ്സി ഓടി വന്നു മേശയുടെ വലിപ്പ് തുറന്നു ഒന്നും രണ്ടും രൂപയുടെ കുറച്ചു തുട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിൽ…. ഒന്നുപോലും മിച്ചം വെയ്ക്കാതെ എല്ലാം നുള്ളിപ്പെറുക്കിയെടുത്തു…… പണിയെല്ലാം പെട്ടെന്ന് ഒതുക്കി കുഞ്ഞിനെ തയ്യാറാക്കാൻ ചെന്നപ്പോഴാണ് കണ്ടത് പാലു പോലെ എന്തോ ഒന്ന് വായിൽ കൂടി ഒലിച്ചിറങ്ങുന്നത്…. തുടച്ചു കൊടുക്കാൻ കുഞ്ഞിനെ തൊട്ടതും തീയിൽ തൊട്ടത് പോലെ കൈ തിരിച്ചു വലിച്ചു….. കർത്താവേ എന്റെ കുഞ്ഞ്……… അവളെ തുണിയിൽ വാരിയെടുത്തു തൂവാലയിൽ പൊതിഞ്ഞു വെച്ചിരുന്ന തുട്ടുകളും കയ്യിലെടുത്തു…… അതിലൊന്നും നിൽക്കില്ലെന്ന് മനസ്സിൽ തോന്നിയപ്പോൾ അമ്മച്ചിയോടു പോയി ചോദിച്ചു…… പ്രതീക്ഷിച്ച മറുപടി തന്നെയായിരുന്നു കിട്ടിയതും ഇല്ലായെന്ന്…… കെഞ്ചാൻ മടിച്ചു ഒന്നുകൂടി ചോദിച്ചു……. കുഞ്ഞായാൽ പനിയൊക്കെ വരും അതിനിങ്ങനെ ഓടിച്ചാടി ആശുപത്രിയിൽ ഒന്നും പോകേണ്ടതില്ല.. തുണി നനച്ചു തുടച്ചാൽ മതി എന്നായിരുന്നു മറുപടി ….. കുഞ്ഞിന്റെ ചൂട് തന്റെ ശരീരത്തെയും പൊള്ളിക്കാൻ തുടങ്ങി….. വാടിതളർന്നു കയ്യിൽ കിടക്കുന്നത് കണ്ടപ്പോൾ ഗതികെട്ട് നാണംകെട്ട് വീണ്ടും ചോദിച്ചു….. അമ്മച്ചീ റിൻസിക്കു വേണ്ടി വെച്ചതിൽ നിന്നും ഒരു നൂറു രൂപയെങ്കിലും തരുമോ…. കുഞ്ഞിന് ഒട്ടും വയ്യാത്തോണ്ടാ ഞാൻ ചോദിക്കുന്നെ…… ദയവു ചെയ്തു…….. അത് പൂർത്തിയാക്കാൻ അവർ ഡെയ്സിയെ അനുവദിച്ചില്ല…..
നീയാള് കൊള്ളാമല്ലോടീ…. ആ ചെക്കൻ രാവും പകലുമില്ലാതെ സ്വരുകൂട്ടുവാ പെങ്ങളെ ഒന്നു കെട്ടിച്ചു വിടാൻ…… അതിനകത്തു വല്ലവനും ഉണ്ടായ കുഞ്ഞിനു വേണ്ടി കയ്യിട്ടു വാരാൻ നാണമില്ലേ നിനക്ക്….. മനസ്സിലിരുപ്പ് കൊള്ളാലോ….. അമ്മച്ചി താടിയിൽ കൈ കൊടുത്തു പറഞ്ഞു……
ആ നേരത്തു മാനവും നാണവും ഒന്നും ഡെയ്സിയെ ബാധിച്ചില്ല…. കുഞ്ഞിനു വേണ്ടി എന്തും ചെയ്യുന്ന ഒരമ്മ മാത്രമായിരുന്നു അവൾ അപ്പോൾ….. അമ്മച്ചി ദേഷ്യത്തിൽ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു……. നിന്നു സമയം കളയാൻ ഡെയ്സി ഒരുക്കമല്ലായിരുന്നു….. കുഞ്ഞിനേയും കൊണ്ട് ഓടി വെളിയിലേക്കിറങ്ങി….. തയ്യൽ ക്ലാസ്സ് കഴിഞ്ഞു വരുന്ന റിൻസിയെ വഴിയിൽ പിടിച്ചു നിർത്തി…..
നിന്റെ കയ്യിൽ കാശുണ്ടോ റിൻസി….. ഉണ്ടേൽ തരുവോ….. കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാനാ…….
റിൻസി ഡെയ്സിയുടെ ചെയ്തികൾ കണ്ട് അന്തംവിട്ടു നിന്നു…. അവിടെ നിന്നിട്ടും കാര്യമില്ലെന്നറിഞ്ഞപ്പോൾ വീണ്ടും നടന്നു….. കാലുകൾ അകത്തി അകത്തി വെച്ചു നടന്നു….. റിൻസി പിറകെ വിളിച്ചു ഓടി വന്നു…. വിളി കേൾക്കാതെ ഓടുന്ന ഡെയ്സിയ്ക്ക് നൂറു കാലുകളാണെന്ന് തോന്നിപ്പോയി റിൻസിക്ക്….. കിട്ടിയ ഓട്ടോയിൽ ചാടിക്കയറി…. ആശുപത്രിയിൽ പോകണമെന്ന് മാത്രം പറഞ്ഞു……. കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി നോക്കി വിങ്ങിപ്പൊട്ടി……
ഏത് ഹോസ്പിറ്റലിൽ ആണെന്നോ ഏത് സ്ഥലം ആണെന്നോ അറിയാതെ വലിയൊരു കെട്ടിടത്തിന്റെ മുന്നിൽ ഓട്ടോ നിർത്തി…. ഡ്രൈവർ പറഞ്ഞ കൂലി കൊടുക്കാനാവാതെ അയാളെയൊന്നു നോക്കി….. ചില്ലറത്തുട്ടുകൾ പെറുക്കുന്നത് കണ്ടപ്പോൾ അയാൾ അത് തടഞ്ഞിട്ട് പറഞ്ഞു… ഞാൻ ഓട്ടോ സ്റ്റാൻഡിൽ ഉണ്ടാവും പെങ്ങളെ….. പൈസ എപ്പോഴെങ്കിലും തന്നാൽ മതി….. ആദ്യം കുഞ്ഞിനെ ഡോക്ടറിനെ കാണിക്ക്….. ഒന്നു കൈകൂപ്പി നന്ദി അറിയിക്കണമെന്നുണ്ടായിരുന്നു ഡെയ്സിയ്ക്ക്…. പക്ഷേ അയാൾ അതിന് കാത്തു നിന്നില്ല…… ദൈവം തനിക്കൊപ്പം അയച്ച ദൂതനായിട്ടാണ് അപ്പോളവൾക്ക് തോന്നിയത്…..
ആ വലിയ ഹോസ്പിറ്റലിൽ എവിടേക്ക് പോകണമെന്നറിയാതെ ഡെയ്സി നിന്നു…. മുന്നിൽ കണ്ട ഒരു റൂമിലേക്ക് കയറി….. ഏത് ഡോക്ടർ ആണെന്ന് പോലും നോക്കാൻ ഡെയ്സിയെക്കൊണ്ടായില്ല…. ഡോക്ടറിന്റെ മുന്നിലെ ടേബിളിൽ കുഞ്ഞിനെ കിടത്തിയിട്ട് കൈകൂപ്പി പൊട്ടിക്കരഞ്ഞു….. ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവളുടെ അവസ്ഥ കണ്ടിട്ടാവണം ആരെയോ ഫോണിൽ വിളിച്ചു സംസാരിച്ചു….. പെട്ടെന്ന് ഒരു ഡോക്ടർ റൂമിലേക്ക് വന്നു കുഞ്ഞിനെ പരിശോധിച്ചു…..രണ്ടു ഡോക്ടർസും മുഖത്തോട് മുഖം നോക്കി….. ഒരു നേഴ്സ് വന്നു കുഞ്ഞിനെ എടുത്തോണ്ട് പോയി.. അവർക്ക് പിന്നാലെ ഡെയ്സിയും നടന്നു….. അവർ കയറിയ മുറിയുടെ വാതിൽ അടയുമ്പോൾ എന്താ കുഞ്ഞിനു സംഭവിച്ചതെന്നറിയാതെ അവൾക്കു ജീവനുണ്ടായിരുന്നോ എന്നു പോലും അറിയാതെ ചുമരിൽ ചാരി നിന്നു… ശരീരത്തിന് ബലമില്ലാതെ ഊർന്നു താഴെക്കിരുന്നു…… കണ്ണിൽ നിന്നും ചോരയാണോ ഒലിച്ചിറങ്ങുന്നത് എന്നുവരെ ഡെയ്സിയ്ക്ക് തോന്നി……
ചേച്ചീ എത്രയും പെട്ടെന്ന് ഫാർമസിയിൽ പൈസ അടയ്ക്കണേ…. കുറച്ചു മരുന്ന് ആവശ്യമുണ്ട്… നേഴ്സ് അതും പറഞ്ഞു ധൃതിയിൽ നടന്നു പോയി…..
എന്തു ചെയ്യണമെന്നറിയാതെ കയ്യിലെ തുട്ടുകൾ മുറുക്കിപ്പിടിച്ചു ഫാർമസിയിലേക്ക് നടന്നു….. അവർ പറഞ്ഞ തുക കേട്ടപ്പോൾ ഡെയ്സി ഒന്നു ഞെട്ടി…. ഒരു അൻപതു രൂപ തികച്ചെടുക്കാനില്ല തന്റെ കയ്യിൽ….. കുഞ്ഞിന്റെ ജീവനും കയ്യിൽ പിടിച്ചു ഓടുമ്പോൾ മറ്റൊന്നുമുണ്ടായിരുന്നില്ല മനസ്സിൽ….. ഇനിയെന്ത് ചെയ്യും കർത്താവേ…. പെട്ടെന്ന് ഓർമ്മ വന്നത് ഫാദറിനെയാണ്…… ഒന്നു ഫോൺ ചെയ്‌തോട്ടെയെന്നു ചോദിച്ചപ്പോൾ ഫോൺ തനിക്കരികിലേക്ക് നീട്ടി വെച്ചു തന്നു….. എടുത്തത് കാപ്യരാണ്…. ഫാദർ അവിടെയില്ലെന്ന്…. വരുമ്പോൾ പറയാൻ കാര്യം പറഞ്ഞു ഫോൺ വെച്ചു….. അപ്പച്ചനെ എങ്ങനെയൊന്നു അറിയിക്കും…. ദേഷ്യമാണെങ്കിലും പൈസ തരാതിരിക്കില്ല…. ഇവിടെ കുഞ്ഞിനെ തനിച്ചാക്കി പോകാനും തോന്നുന്നില്ല…. തൊണ്ട വരണ്ടപ്പോൾ കഴുത്തിൽ തടവി…… നൂല് പോലെയുള്ള മിന്നുമാല കയ്യിൽ ഉടക്കി…. അത് ഊരിയെടുത്തു അവിടെ ഏൽപ്പിച്ചു…. തല്ക്കാലം ഇതെടുക്കുമോ….
ഇതൊന്നും പറ്റില്ല…. പൈസ തന്നെ അടക്കണം… അവർ പറയുന്നത് കേട്ടപ്പോൾ ഡെയ്സി ആകെ വിഷമത്തിലായി…. പെട്ടെന്ന് തന്നെ വേണേ ചേച്ചീ……ഇവിടെ പൈസ അടയ്ക്കാതെ മരുന്ന് എടുക്കാൻ പറ്റില്ല…….. ഈ ഹോസ്പിറ്റലിന്റെ രീതി ഇതാണ്…. അതുകൊണ്ടാ……. അവർക്കും ഡെയ്സിയുടെ അവസ്ഥ കണ്ടപ്പോൾ ദയനീയത തോന്നി പറഞ്ഞു……
ഇനി ആകെയുള്ളത് ശിവച്ഛൻ മാത്രമാണ്….. വേണോ വേണ്ടയൊന്നു പോലും ചിന്തിക്കാനുള്ള സമയം തന്റെ കയ്യിലില്ല….. ഒന്നുകൂടി ഫോൺ ചെയ്‌തോട്ടെയെന്ന് ചോദിച്ചു അനുവാദത്തിന് കാത്തു നിൽക്കാതെ ശിവച്ഛനെ വിളിച്ചു….. ആ ശബ്ദം മറുവശത്തു കേട്ടപ്പോൾ ആശ്വാസത്തേക്കാൾ വിഷമം ആണ് തോന്നിയത്………….. ശിവച്ഛാ………….. നീട്ടിയൊരു വിളിയായിരുന്നു….. കരഞ്ഞു പോയിരുന്നു അവൾ…..
ഡെയ്സീ….. മോളേ എന്താ പറ്റിയേ… നീയെന്തിനാ കരയുന്നേ….. ഇതെവിടുന്നാ വിളിക്കുന്നേ….. ശിവച്ഛൻ ചോദിച്ചതിനൊന്നും മറുപടി പറയാനാവാതെ അവൾ പൊട്ടിക്കരഞ്ഞു….. അവിടെ നിന്ന പെൺകുട്ടി റിസിവർ പിടിച്ചു വാങ്ങി ഏത് ഹോസ്പിറ്റലിൽ ആണെന്നും കാര്യം എന്താന്നും പറഞ്ഞു……
കരഞ്ഞു തളർന്നിരുന്ന ഡെയ്സിയുടെ അടുത്തേക്ക് മാധവൻ വന്നിരുന്നു…. അവൾ കണ്ണു തുറന്നൊന്നു നോക്കി….. കൺപോളകൾ വീർത്തു കണ്ണൊന്നു മുഴുവൻ തുറക്കാൻ പോലുമായില്ല അവൾക്ക്….. ശിവച്ഛനെ അടുത്തു കണ്ടപ്പോൾ കുഞ്ഞുകുട്ടികൾ വിതുമ്പും പോലെ വിതുമ്പി കരഞ്ഞു….. എന്റെ കുഞ്ഞ്…… എനിക്കാരുമില്ല ശിവച്ഛാ….. ആരുമില്ല…… അയാളുടെ തോളിലേക്ക് ചാരിയിരുന്നു……
അദ്ദേഹം അവളുടെ മുടിയിൽ പതിയെ തലോടി പറഞ്ഞു…. ഒന്നുമില്ല….. ശിവച്ഛൻ ഇല്ലേ കൂടെ…. കുഞ്ഞിനൊന്നും വരില്ല…. ഡോക്ടർ ഇറങ്ങട്ടെ…. ഞാൻ ചോദിക്കാം….
അടുത്തിരിക്കുന്നത് തന്റെ ദൈവമാണ്….. ഇനിയെന്റെ കുഞ്ഞിനു ഒന്നും സംഭവിക്കില്ലെന്നുള്ള ധൈര്യം വന്നിരിക്കുന്നു ഡെയ്സിയുടെ മനസ്സിൽ…..മുറിയുടെ വാതിൽ തുറന്നു നഴ്സ് പുറത്തേക്ക് വരുമ്പോൾ പ്രതീക്ഷയോടെ അവരെ നോക്കും….. ഒന്നും പറയാതെ പോകുമ്പോൾ വീണ്ടും ശിവച്ഛന്റെ തോളിലേക്ക് ചായും……. പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ ശിവച്ഛനോട് ചോദിച്ചു……. ശിവ വീട്ടിൽ തനിച്ചല്ലേ……ഞാൻ….. ഞാനതോർത്തില്ല…. എനിക്ക് വേറാരും ഇല്ല…. അതോണ്ടാ ഞാൻ വിളിച്ചേ …… ശിവച്ഛൻ പൊക്കോ……… പേടിയും പരിഭ്രാന്തിയും മറച്ചു ഡെയ്സി സംസാരിച്ചു….
അവൻ തന്നെയാ മോളേ എന്നെയിങ്ങോട്ട് പറഞ്ഞു വിട്ടതും….. സാരമില്ല അവൻ തനിച്ചിരുന്നോളും…. നിന്നെക്കുറിച്ചോർത്തുള്ള വിഷമം മാത്രേ ഇപ്പോൾ അവനുള്ളു….
ഒത്തിരി ഉപദ്രവിച്ചോ ശിവച്ഛാ….. മുറിഞ്ഞോ ഒരുപാട്….. ഡെയ്സിയുടെ ശബ്ദം ഇടറി….. ഞാനാണ് എല്ലാത്തിനും കാരണം…. അവളുടെ കണ്ണു നിറഞ്ഞൊഴുകി…..
അല്ല മോളേ….. നീ തരുന്ന സ്നേഹം നഷ്ടമാവരുതെന്ന് കരുതിയാ ഞാനും നിന്റെ വരവിനെ എതിർക്കാഞ്ഞത്… ഇങ്ങനെയൊന്നുമാവുമെന്ന് ആരും കരുതിയില്ലല്ലോ…. സാരമില്ല… എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ….. ചോദിക്കാൻ മറന്നു…. റോയി വന്നില്ലേ നിന്റെ കൂടെ.. നീയെന്താ മോളേ തനിച്ച്……
ഞാൻ തനിച്ചായിട്ട് ഒരുപാട് നാളായില്ലേ ശിവച്ഛാ….. ആർക്കുമിപ്പോൾ എന്നേ വേണ്ടാ… വിശ്വാസമില്ല എന്നെ ആർക്കും…. അതൊന്നും എനിക്കൊരു പ്രശ്നമല്ല…. കുഞ്ഞിനോട് കാണിക്കുന്ന അവഗണന സഹിക്കാൻ പറ്റുന്നില്ല… ആരും ഇതേവരെ എന്റെ കുഞ്ഞിനെയൊന്ന് എടുത്തിട്ട് കൂടിയില്ല…. ഒരു കുട്ടിയുടുപ്പ് വാങ്ങിത്തന്നിട്ടില്ല…. ആ കുഞ്ഞുമുഖത്തേക്ക് ഒന്ന് നോക്കിയിട്ട് കൂടിയില്ല…. ഡെയ്സി അവളുടെ വിഷമങ്ങൾ ഓരോന്നും പറഞ്ഞു വിതുമ്പി……… ശിവച്ഛന് തോന്നുന്നുണ്ടോ ഞാൻ തെറ്റ് ചെയ്യുമെന്ന്….. മംഗലത്തു വീട്ടിൽ എനിക്കു തന്ന സ്വാതന്ത്ര്യം ഞാൻ ദുരുപയോഗം ചെയ്യുമെന്ന്…. അദ്ദേഹത്തിന്റെ മുഖത്തു നോക്കി ചോദിച്ചു….
അദ്ദേഹം അവളുടെ കവിളിലൊന്ന് തലോടി….. എന്നിട്ട് ഇല്ലെന്ന് തലയാട്ടി കാണിച്ചു……. നീ എന്റെ മാലാഖപ്പെണ്ണ് അല്ലേ….. നിന്നെ അവിശ്വസിച്ചാൽ അത് ഞാൻ എന്നെത്തന്നെ അവിശ്വസിക്കുന്നതിനു തുല്യമല്ലേ…. ഡെയ്സി ആശ്വാസത്തോടെ അദ്ദേഹത്തെ ഒന്നു നോക്കി….. എന്നിട്ട് കുഞ്ഞിനെയും കൊണ്ടുവരുന്നത് പ്രതീക്ഷിച്ചിരുന്നു ……
ഞാൻ പറഞ്ഞില്ലേ അച്ചോ ഇവൾ ഇവർക്കൊപ്പം ഉണ്ടാവുമെന്ന്…. റോയിയുടെ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റു…… അപ്പോൾ മാത്രമാണ് മനസ്സിലായത് താൻ ശിവച്ഛന്റെ കയ്യിൽ മുറുക്കി പിടിച്ചു തോളിൽ തല ചായ്ച്ചു മയങ്ങി പോയിരുന്നുവെന്ന്….. ഡെയ്സി ചാടിയെഴുന്നേറ്റു ഭിത്തിയിൽ ചേർന്നു നിന്നു….. ഭയപ്പെട്ടു പോയിരുന്നു അവൾ റോയിയുടെ പ്രതികരണം ഓർത്തപ്പോൾ……….. ഭിത്തിയിൽ ചാരി നിന്നിരുന്ന ഡെയ്സിയെ പിടിച്ചു വലിച്ചു ആർക്കെങ്കിലും ഒന്നെതിർക്കാൻ കഴിയും മുന്നേ അവളുടെ കവിളിൽ റോയിയുടെ കൈ പതിഞ്ഞു…..
ഇത്രയും നാണം കെടുത്തിയത് പോരാഞ്ഞിട്ടാണോടി ഇനിയും ഇങ്ങനെ നാട്ടുകാർ കാൺകേ അഴിഞ്ഞാടി നടക്കുന്നത്…….. റോയിക്ക് ഡെയ്സി മാധവന്റെ തോളിൽ ചാരിയിരുന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല…. എവിടെ ചെന്നാലും അവൾക്ക് ചുറ്റും ഇവർ രണ്ടാളുടെയും സാന്നിധ്യം ഉണ്ടാവും…. റോയി ഡെയ്സിയുടെ കയ്യിൽ നിന്നും പിടി വിട്ടപ്പോഴേക്കും നിലത്തേക്ക് ഊർന്നു പോയിരുന്നു അവൾ…. മാധവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചിട്ട് കസേരയിൽ പിടിച്ചിരുത്തി എന്നിട്ട് റോയിയുടെ മുന്നിലേക്ക് രണ്ടടി വച്ചതും അച്ചൻ ഇടയിൽ കയറി……. അച്ചൻ റോയിയെ പിടിച്ചു മാറ്റി നിർത്തി ദേഷ്യപ്പെട്ടു…. മകൾക്കു നേരെ കയ്യോങ്ങിയിട്ടും ഒന്നു പ്രതികരിക്കാതെ നോക്കി നിൽക്കുന്ന കറിയാച്ചനെ മാധവൻ സൂക്ഷിച്ചു നോക്കി…. അയാൾ തല കുനിച്ചു നിന്നു…… ഡെയ്സിയുടെ അടുത്തു പോയിരുന്നു……. ചുണ്ടിൽ പൊടിഞ്ഞ ചോര തൂവാല എടുത്തു തുടച്ചു കൊടുത്തു….. ഫാദർ അടുത്തു വന്നിരുന്നു ഡെയ്സിയുടെ മുഖം പിടിച്ചുയർത്തി…. അദ്ദേഹത്തിന്റെ കൈകളിലേക്ക് കണ്ണുനീർ ഒഴുകിയിറങ്ങി….
റോയീ…. നീ ചെയ്തത് കുറച്ചു കടുത്തു പോയി… പെണ്ണിനെ ഉപദ്രവിക്കരുത്… എത്ര കഴുകിയാലും കുമ്പസാരിച്ചാലും തീരില്ല ആ പാപം….
പിന്നെ ഞാൻ എന്തു ചെയ്യണം അച്ചോ….. ഇവളീ കാണിക്കുന്ന തോന്നിവാസത്തിനൊക്കെ പിടിച്ചു ഉമ്മ
കൊടുക്കാൻ പറ്റുവോ… നല്ല പെടയാ കൊടുക്കേണ്ടത്…… അത് പണ്ടേ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഒന്നുമുണ്ടാവില്ലാരുന്നു…… റോയി ദേഷ്യം കടിച്ചു പിടിച്ചു അങ്ങനെ പറഞ്ഞപ്പോൾ അപ്പച്ചൻ തലയും കുനിച്ചു നിന്നു…..
നിന്റെ കൈ ഇനിയും ഇവൾക്ക് നേരെ പൊങ്ങിയാൽ എന്റെ വേറൊരു മുഖം നീ കാണും…. അരിയും ഞാൻ…………… മാധവൻ റോയിക്ക് നേരെ വന്നു നിന്നു പറഞ്ഞു………………. രക്ഷിക്കുന്നവന് പോലും ശിക്ഷിക്കാൻ അധികാരമുണ്ടെന്ന് ഒരിടത്തും എഴുതി സൂക്ഷിച്ചിട്ടില്ല…. പിന്നെ എന്ത് അധികാരത്തിലാ നീ അവളുടെ മേലെ കൈ വെച്ചത്…… ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ…………… റോയിയെയും കറിയാച്ചനെയും മാറി മാറി നോക്കി മാധവൻ പറഞ്ഞു…….
അപ്പച്ചനെ കണ്ടപ്പോൾ ഒരാശ്വാസം തോന്നിയതാണ് ….. പക്ഷേ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള നോട്ടം കണ്ടപ്പോൾ മുൻപ് തോന്നിയ ആശ്വാസം പടിയിറങ്ങുന്നത് ഡെയ്സി അറിഞ്ഞു……….
എങ്ങനുണ്ട് ഡെയ്സി ഇപ്പോൾ കുഞ്ഞിനു… ഫാദർ ചോദിച്ചു…….
അറിയില്ല അച്ചോ…… അകത്തേക്ക് കയറ്റിയിട്ട് അധികനേരമായി… ഇതുവരെ ഡോക്ടർ ഒന്നും പറഞ്ഞില്ല…. ഡെയ്സി വിതുമ്പി പറഞ്ഞു…..
നിന്നോട് ഞാൻ ഏത് ആശുപത്രിയിൽ കൊണ്ടുപോകാനാ പറഞ്ഞത്….. തൊട്ടടുത്തായിരുന്നില്ലേ ഞാൻ പറഞ്ഞ ആശുപത്രി….. റോയി ദേഷ്യത്തിൽ ചോദിച്ചു….. അതിനുള്ള മറുപടി കൊടുത്തത് ഡോർ തുറന്നു വന്ന ഡോക്ടർ ആയിരുന്നു…..
ഏത് ആശുപത്രിയിൽ കൊണ്ടുപോയാലും ഇങ്ങോട്ടേക്കു തന്നെ എത്തിയേനെ മിസ്റ്റർ…. അങ്ങോട്ടും ഇങ്ങോട്ടും ഓടി സമയം കളയാതെ എത്തിച്ചത് കൊണ്ട് കുഞ്ഞിനൊരാപത്തും സംഭവിച്ചില്ല… ഇവിടെ ആരുടേയും കഴുത്തറക്കില്ല…. മനുഷ്യർ തന്നെയാ ഇവിടെയും ഉള്ളത്…. ഇത്രയും പനിച്ചിട്ടും കുഞ്ഞിനെ ഒരു ഡോക്ടറിനെ കാണിക്കാതിരുന്നത് നിങ്ങളുടെ പിടിപ്പുകേടാ…. ആ കുഞ്ഞിനു ശ്വാസം പോലും എടുക്കാൻ ബുദ്ധിമുട്ടായിരുന്നു ഇവിടെ വന്നപ്പോൾ… അറിയുമോ നിങ്ങൾക്ക്…………….. ഡോക്ടർ പറയുന്നത് കേട്ടപ്പോൾ ഡെയ്സി സാരിത്തുമ്പു കൊണ്ടു വാ പൊത്തി………. സമയത്തിന് കൊണ്ടു വന്നാലേ ഞങ്ങൾക്കും എന്തെങ്കിലും ചെയ്യാൻ പറ്റൂ….. പിന്നീട് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് അത് ഡോക്ടറിന്റെ തലയിൽ വെച്ചു കെട്ടിയാൽ എളുപ്പമായല്ലോ…… ഡോക്ടർ ദേഷ്യത്തിൽ പറഞ്ഞു നിർത്തിയപ്പോൾ മാധവൻ കുഞ്ഞിനെപ്പറ്റി ചോദിച്ചു….
പ്രീമെച്യൂർ ബർത്ത് ആയതുകൊണ്ട് അതിന്റെതായ പ്രശ്നങ്ങൾ ഒക്കെയുമുണ്ട്…. അപസ്മാരത്തിന്റെ തുടക്കമായിരുന്നു.. അപ്പോൾ തന്നെ കൊണ്ടുവന്നത്കൊണ്ട് കുഴപ്പമില്ലെന്ന് പറയാം……… അതുകേട്ടപ്പോൾ ഡെയ്സി ഒരു തളർച്ചയോടെ ഇരുന്നു…. അവളുടെ തോളിൽ തട്ടി ഡോക്ടർ പറഞ്ഞു….. ഒന്നുമുണ്ടാവില്ലെന്ന് ഞാനുറപ്പു തന്നില്ലേ.. പിന്നെന്തിനാ വിഷമിക്കുന്നത്…. ഡെയ്സി ഡോക്ടറുടെ കൈ കൂട്ടിപ്പിടിച്ചു ചുണ്ടിൽ ചേർത്തു…. നന്ദിയോടെ അവർ പോകുന്നതും നോക്കി ഇരുന്നു …..
ഞാൻ പറഞ്ഞതല്ലേ റോയീ എടുത്തു ചാടരുതെന്ന്….. ഇപ്പോൾ എന്തായി….. ഡോക്ടർ സത്യാവസ്ഥ പറഞ്ഞില്ലേ…… ഫാദർ റോയിയോട് ചോദിച്ചു…..
എങ്കിലും എവിടേക്കാണ് പോകുന്നതെന്ന് എങ്കിലും പറയണ്ടേ…. എവിടെയെന്നു വെച്ച് അന്വേഷിക്കും നിന്നെ….. റോയിയുടെ സൈഡ് പിടിക്കുന്നതിനൊപ്പം തന്നെ അപ്പച്ചൻ ഡെയ്സിയെയും കുറ്റപ്പെടുത്തി……
അപ്പച്ചാ…… വേദനയോടെ ഡെയ്സി വിളിച്ചു…. ഞാൻ നിങ്ങളുടെ മകളാണ്… കുറച്ചെങ്കിലും എന്നെയൊന്നു വിശ്വസിച്ചു കൂടെ…. എന്റെ കുഞ്ഞിന്റെ കാര്യങ്ങൾ അറിയുന്നതിലും ഞാൻ ചെയ്യുന്ന കാര്യങ്ങളിലെ തെറ്റു കണ്ടു പിടിക്കാനാണ് നിങ്ങൾക്ക് ധൃതി….ഡെയ്സി സഹികെട്ടു പറഞ്ഞു…
നിന്നെ വിശ്വസിക്കാൻ പറ്റിയ കാര്യങ്ങളാണോ ഡെയ്സി നീയീ ചെയ്തു കൂട്ടുന്നതൊക്കെ…. റോയി ഇല്ലായിരുന്നെങ്കിൽ എന്നെ ആയിരുന്നില്ലേ അറിയിക്കേണ്ടിയിരുന്നത്… അതിന് പകരം നീ കാണിച്ചതോ……. താൻ ചെയ്യുന്നതിലെല്ലാം തെറ്റു മാത്രം കാണുന്ന അപ്പച്ചനെയും റോയിയെയും ഡെയ്സി മാറി മാറി നോക്കി…..
അങ്ങനെയൊന്നുമില്ല കറിയാച്ചാ….. ആരു വന്നാലെന്താ ദൈവം സഹായിച്ചു കുഞ്ഞിനു കുഴപ്പമൊന്നുമില്ലല്ലോ…. മാധവൻ ഡെയ്സിയെ ന്യായീകരിക്കാൻ നോക്കി…..
ഞങ്ങളുടെ കുടുംബ കാര്യത്തിൽ എന്തിനാണ് നിങ്ങൾ തലയിടുന്നത്……. ഓ……ഇതിപ്പോൾ നിങ്ങളുടെ കൂടി കുടുംബകാര്യം ആണല്ലോ അല്ലേ…….. റോയി മാധവനോട് പറഞ്ഞു… ഇത്രയും ഒക്കെയായ സ്ഥിതിക്ക് പരസ്യമായി ആ കൊച്ചിനെ ഏറ്റെടുത്തു കൂടെ മംഗലത്ത്കാർക്ക്….. എന്തിനാണ് എന്നെ ഇങ്ങനെ നാട്ടുകാർക്കു മുന്നിൽ നാണംകെടുത്തുന്നത്….. അതിനെ എന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത് എന്തിനാണ്…….അത്രയും പറഞ്ഞിട്ട് ഡെയ്സിയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു……… അമ്മച്ചി പറയുന്നതൊക്കെ സത്യമാണ് ഡെയ്സി….. നീ ചെയ്തു കൂട്ടിയതിന്റെ ഒക്കെയുമാണ് നീയിപ്പോൾ അനുഭവിക്കുന്നത്…. ഇനിയും അനുഭവിക്കും ഇല്ലെങ്കിൽ നീ നോക്കിക്കോ……..
ഇത്രയും നേരം മിണ്ടാതിരുന്ന ഫാദർ പറഞ്ഞു……. റോയീ ഇതൊരു ആശുപത്രിയാണ്….. ഇവിടെ ഇങ്ങനെ ഒച്ചയിട്ടു സംസാരിക്കാൻ പാടില്ല…….. എന്നിട്ട് ഡെയ്സിയോടായി പറഞ്ഞു… കുഞ്ഞിന്റെ അസുഖം ഒക്കെ മാറി വീട്ടിൽ വരുമ്പോൾ നമുക്ക് ഇതിനൊരു തീരുമാനം എടുക്കണം…. ഇതിങ്ങനെ മുൻപോട്ട് കൊണ്ടുപോയാൽ ശരിയാവില്ല…….
ഏതു വീട്ടിലേക്കാണ് അച്ചോ……എന്റെ വീട്ടിലേക്ക് ഇനിയിവൾ വരരുത്….. വന്നാൽ ആ കൊച്ചിനെ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടു മാത്രം…… വല്ലവന്റെയും കുഞ്ഞിനെ ചുമക്കാൻ അത്രയ്ക്ക് കാരുണ്യവാനല്ല റോയി…… ഭാര്യയായി കണ്ടു പോയത് കൊണ്ട് മാത്രമാണ് ഇത്രയും ദയ എങ്കിലും ഞാൻ ഇവളോട് കാണിക്കുന്നത്……
ഒരു കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം അമ്മ വരുമോ റോയി……. ഒരു കുഞ്ഞിന് മനപ്പൂർവം ആരും ഇല്ലാതാക്കുന്നത് പാപമാണ്…. ഞാനതിന് കൂട്ടുനിൽക്കില്ല…… അച്ചൻ തന്റെ തീരുമാനം പറഞ്ഞു…..
പാപത്തിൽ പിറന്നതാണച്ചോ ഈ കൊച്ച്……. എനിക്ക് അതിനോട് യാതൊരു ദയയും തോന്നുന്നില്ല….. വീട്ടിലേക്ക് വരണം എന്ന് ഉണ്ടെങ്കിൽ വരാം…… തനിച്ച് മാത്രം…….. റോയി സ്വന്തം തീരുമാനം പറഞ്ഞപ്പോൾ ഫാദർ നിസ്സഹായതയോടെ ഡെയ്സിയെ നോക്കി അവളുടെ തീരുമാനം എന്തെന്നറിയാൻ……..
ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല അവൾക്ക്….ഉറച്ച ശബ്ദത്തിൽ തന്നെ ഡെയ്സി പറഞ്ഞു….എന്റെ കുഞ്ഞിനെ ഞാൻ ഉപേക്ഷിക്കില്ല …… നിങ്ങൾക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം…….
ഇയാളെ കണ്ടിട്ടാണോടി നിന്റെ അഹങ്കാരം…… അതോ ആ ഭ്രാന്തനെ കണ്ടിട്ടോ…. അവന്റെ കൂടെ പൊറുക്കാൻ ആണെങ്കിൽ നന്നായി ജീവിക്കില്ല രണ്ടാളും….. ഈ റോയിയാ പറയുന്നത്…… വിരൽ ചൂണ്ടി റോയി ദേഷ്യപ്പെട്ടു…..
ആരെയും കണ്ടിട്ടുള്ള അഹങ്കാരമല്ല റോയിച്ചാ … ഇത്രയും നേരം എന്റെ കുഞ്ഞിന്റെ ജീവൻ കയ്യിൽ പിടിച്ച് ഓടിയ ഓട്ടത്തിൽ നിന്നും കിട്ടിയ ധൈര്യമാ ഇത്…….ഇത്രയും നാൾ ഞാൻ എതിർക്കാഞ്ഞത് എന്റെ കുഞ്ഞിന്റെ അപ്പൻ ആരാണെന്നും അതൊരിക്കൽ കർത്താവ് തെളിയിക്കും എന്നുള്ള വിശ്വാസത്തിൽ ആണ്……. രക്തം രക്തത്തെ തിരിച്ചറിയും എന്നുള്ള വിശ്വാസം ഉണ്ടായിരുന്നു….. ഇനി ആ വിശ്വാസം എനിക്കില്ല…… നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്….. ഇത് ശിവയുടെ കുഞ്ഞാണ്… ഭ്രാന്തന്റെ കുഞ്ഞ്….. എല്ലാവരും തറപ്പിച്ചു പറഞ്ഞു അത് കേട്ട് കേട്ട് ഇപ്പോൾ എനിക്കും സ്വയം തോന്നി തുടങ്ങി അങ്ങനെ…… ഡെയ്സി പറഞ്ഞത് കേട്ടപ്പോൾ റോയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി….
ഞാൻ പാപം ചെയ്തത് കൊണ്ടല്ല എന്റെ കുഞ്ഞിനീ ഗതി വന്നത്…… എനിക്ക് മാസം തികയാതെ പ്രസവിക്കേണ്ടിവന്നത്……. അതിനു കാരണം നിങ്ങളല്ലേ……. പറയ്…… ഇന്നേവരെ ഞാൻ കുറ്റപ്പെടുത്തിയിട്ടുണ്ടോ നിങ്ങളെ……. റോയി ആരെയും നോക്കാതെ ദൂരേക്ക് നോക്കി നിന്നു………. ആശുപത്രിയിൽ കൊണ്ടു പോകണം എന്ന് പറഞ്ഞപ്പോൾ നിങ്ങൾ തന്നതാണ് ഇത്രയും പൈസ……. ഡെയ്സി കുറച്ചു തുട്ടുകൾ നീട്ടിപ്പിടിച്ചു…… ഓരോരുത്തരോടും ഞാൻ ഇരന്നു….. നിങ്ങളുടെ അമ്മച്ചിയുടെ കാലു പിടിച്ചു ചോദിച്ചു… ആരും തന്നില്ല…. എന്റെ കുഞ്ഞിന്റെ ജീവനുവേണ്ടി ആരുടെയും കാലുപിടിക്കാൻ തയ്യാറായിരുന്നു അപ്പോൾ ഞാൻ……… എന്റെ അവസാനത്തെ പിടിവള്ളിയായിരുന്നു ശിവച്ഛൻ…..ഒരിക്കലും കൈവിടില്ല…… തനിച്ചാക്കില്ല…….എന്റെ വിശ്വാസമാണത്…. ഡെയ്സി നെഞ്ചിൽ കൈ വെച്ചു പറഞ്ഞു……
അധികം നെഗളിക്കല്ലേടീ നീ……. നിന്റെ വായിൽ നിന്നും തന്നെ കേട്ടല്ലോ ഇതവന്റെ ആണെന്ന്……. സമാധാനമായി….. നീയത് എന്നാണെങ്കിലും സമ്മതിച്ചല്ലേ പറ്റൂ….. പിന്നെ കുഞ്ഞ് കുഞ്ഞ് എന്നുപറഞ്ഞ് മുറുകെപ്പിടിച്ച് നടക്കുന്നുണ്ടല്ലോ…… ആ ഭ്രാന്തന്റെ കൈകൊണ്ട് തന്നെയാവും ഈ കൊച്ചിനെ അന്ത്യവും….. നീ നോക്കിക്കോ…… തന്നെയും തന്റെ വീട്ടുകാരെയും ഡെയ്സി കുറ്റപ്പെടുത്തിയത് റോയിക്ക് തീരെ ഇഷ്ടപ്പെട്ടില്ല…. അതും അത്രയും പേരുടെ മുന്നിൽ വെച്ച്….അതിന്റെ ദേഷ്യം റോയി പറഞ്ഞു തീർത്തു…….
ഇനി മേലാൽ ഭ്രാന്തൻ എന്ന വാക്ക് മിണ്ടിപോകരുത് നിങ്ങൾ…… അതിനു പോലുമുള്ള യോഗ്യത നിങ്ങൾക്കില്ല…… ഓർത്തു വെച്ചോ ഡെയ്സിയാ പറയുന്നത്…… ഒരിക്കൽ നിങ്ങൾ നെഞ്ചു നീറി കരയും……ഈ പറഞ്ഞ ഭ്രാന്ത് പിടിച്ചിരുന്നെങ്കിലെന്ന് നിങ്ങളും ആത്മാർത്ഥമായി പ്രാർത്ഥിക്കും…… കാലുയർത്തി ചവിട്ടാൻ ആഞ്ഞ ഈ കുഞ്ഞിനു വേണ്ടി നിങ്ങൾ ഒരിക്കൽ കരയും റോയിച്ചാ…… കർത്താവിന്റെ നാമത്തിൽ പറയുവാഞാൻ……. ശപിച്ചു ശീലം ഇല്ലാ എനിക്ക് എങ്കിലും എന്റെ കുഞ്ഞിനുവേണ്ടി ഞാൻ ഇത്രയെങ്കിലും പറയണമെന്ന് തോന്നി…….പോകുമ്പോൾ ഇത് നേർച്ചപ്പെട്ടിയിൽ ഇട്ടേക്ക് റോയിച്ചാ…… അത്രയെങ്കിലും ശിക്ഷയുടെ കാഠിന്യം കുറഞ്ഞുകിട്ടും……. റോയുടെ കയ്യിലേക്ക് നാണയത്തുട്ടുകൾ വയ്ക്കുന്നതിന് ഒപ്പം ആ മിന്നുമാലയും കൂടി ചേർത്തു വെച്ചുകൊടുത്തു ഡെയ്സി……
റോയി ഡെയ്സിയെ ദേഷ്യത്തിൽ നോക്കി നിന്നു….. ആ നോട്ടം ഏറ്റുവാങ്ങി കണ്ണൊന്നു ചിമ്മാതെ ഡെയ്സിയും കുലുങ്ങാതെ കയ്യും കെട്ടി നിന്നു……പോരു കോഴികളെപ്പോലെ……
ആരും ഡെയ്സിയുടെ മുഖത്തു നിന്നും കണ്ണെടുത്തില്ല…… ഇവൾക്ക് ദേഷ്യപ്പെടാൻ അറിയുമോ…… വായിൽ കോലിട്ടാൽ പോലും മൗനം പാലിക്കുന്നവൾ…. ക്ഷമയുടെ അങ്ങേയറ്റം വരെ പോകുന്നവൾ…… അത്ഭുതമായിരുന്നു എല്ലാവരുടെയും മുഖത്ത് അവളുടെ മാറ്റം കണ്ടപ്പോൾ…..
ഉടനെ വരും…..
A.. M… Y..
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല…എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും… (സങ്കീർത്തനങ്ങൾ 27:3)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Daisy written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission