രാവിലെ മാധവൻ ശിവയുടെ അടുത്തേക്ക് വന്നപ്പോൾ ഇന്നലെ നടന്നതിന്റെ യാതൊരു ഭാവവും അവന്റെ മുഖത്ത് ഉണ്ടായിരുന്നില്ല…ക്ഷീണവും… സാധാരണ അങ്ങനെ അല്ല നടക്കുക…. രണ്ടു മൂന്നു ദിവസത്തേക്ക് ക്ഷീണം ഉണ്ടാവും……. എപ്പോഴും മയക്കം ആയിരിക്കും….അദ്ദേഹം അടുത്തു ചെന്നു ശിവയെ അരികിൽ പിടിച്ചിരുത്തി.. തോളിൽ പിടിച്ചു ചേർത്തിരുത്തി..
അച്ഛൻ ഒരു കാര്യം പറയട്ടേ മോനോട് …ശിവ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു എന്താണെന്നറിയാൻ …
നിന്റെ മനസ്സിൽ ഡെയ്സിയെന്ന പെണ്ണ് നിനക്കാരാണെന്ന് അച്ഛനു നന്നായിട്ടറിയാം.. അച്ഛനു പോലും പലപ്പോഴും തോന്നിയിട്ടുണ്ട് നിനക്ക് അവളോട് സ്നേഹമാണെന്ന്… അറിയാം നിന്റെ അമ്മയെ നീ അവളിലൂടെ തേടുന്നുണ്ടെന്ന്… അതുപോലെ തന്നെ ഒരു കൂട്ടുകാരിയെയും… അച്ഛൻ പറഞ്ഞത് ശരിയല്ലേ……….. ശിവ താഴേക്ക് നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല…
അവൾ നല്ലൊരു പെണ്ണാണ്.. ശരിക്കുമൊരു മാലാഖ… ദൈവഭയമുള്ള കുട്ടി… നമുക്ക് അവളെപ്പോലൊരു ആളെ വിധിച്ചിട്ടില്ല മോനേ…. എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അതെല്ലാം മോൻ കളയണം.. അവൾ ചിലപ്പോൾ ഇതൊക്കെ അറിയുമ്പോൾ വിഷമിക്കും… ആ വിഷമം അവൾക്കും നമുക്കും താങ്ങാൻ സാധിക്കില്ല… അവളെ നമ്മളായിട്ട് വിഷമിപ്പിച്ചാൽ ദൈവം പോലും പൊറുത്തെന്നു വരില്ല മോനേ .. മാധവന്റെ ശബ്ദം ഇടറി…..
അച്ഛനെന്താ പറഞ്ഞു വരുന്നത്.. ഞാൻ ഒരിക്കലും അവളെ വിഷമിപ്പിക്കുന്ന ഒന്നും തന്നെ ചെയ്യില്ല.. എന്റെ മനസ്സ് കൈവിട്ടു പോയാൽ പോലും എന്നെക്കൊണ്ട് അതിനാവില്ലെന്നാണ് എന്റെ വിശ്വാസം… അവളെന്റെ അടുത്തിരിക്കുമ്പോൾ ചിലപ്പോഴൊക്കെ അമ്മയുടെ സാന്നിദ്ധ്യം ഞാനറിയുന്നുണ്ട്.. എനിക്കത് മതി.. അല്ലാതെ അച്ഛൻ വിചാരിക്കും പോലെ ഒന്നുമില്ല.. ശിവ പറഞ്ഞു… അവന്റെ പേടിയും പിടപ്പും അദ്ദേഹത്തിന് അടുത്തറിയാൻ സാധിച്ചു.. അവൻ പറയുന്നതൊന്നുമല്ല സത്യമെന്ന് അദ്ദേഹത്തിന് നന്നായറിയാം… ഉള്ളിലുള്ളത് മാറ്റാരുമറിയാതിരിക്കാൻ അവൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്… പ്രത്യേകിച്ച് ഡെയ്സി അറിയാതിരിക്കാൻ….
കുറച്ചു ദിവസങ്ങൾ കൂടിയേ ഉണ്ടാവൂ അവളിവിടെ… നിന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാനുള്ള സമയം ആണ് ആ കുറച്ചു ദിവസങ്ങൾ… അച്ഛനെ ഇനിയും വേദനിപ്പിക്കരുത് മോനേ… എനിക്ക് നിന്റെയാ അവസ്ഥ സഹിക്കാൻ സാധിക്കുന്നില്ല… അവൾ ആരുമല്ലെന്ന് മനസ്സിനെ ഇനിയും പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ എനിക്കെന്റെ മോനെ പൂർണ്ണമായും നഷ്ടമാവും.. പിന്നെ അച്ഛൻ എന്തിനാടാ ജീവിച്ചിരിക്കുന്നെ… ആർക്കു വേണ്ടിയാ…… ഒരു മുഴുഭ്രാന്തനായി നിന്നെ കാണാൻ അച്ഛന് ആവില്ല….. അദ്ദേഹത്തിന്റെ കണ്ണു രണ്ടും നിറഞ്ഞൊഴുകി.. ശിവ അദ്ദേഹത്തിന്റെ കണ്ണുകൾ തുടച്ചു കൊടുത്തിട്ട് പറഞ്ഞു……
ഞാൻ ശ്രമിക്കാം അച്ഛാ.. ആരെയും വേദനിപ്പിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം.. എന്നെക്കൊണ്ട് ആവും പോലെ ഞാൻ ശ്രമിക്കാം…
അത് മതി.. അതു കേട്ടാൽ മാത്രം മതി അച്ഛന്.. അദ്ദേഹം ശിവയെ ഒന്നുകൂടി ചേർത്തു പിടിച്ചു….
പക്ഷേ ശിവയ്ക്കറിയാമായിരുന്നു തന്റെ മനസ്സ് താൻ പറയുന്നത് ഒന്നും അനുസരിക്കില്ലെന്ന്.. അനുസരിക്കുന്ന സമയം ഒക്കെയും കഴിഞ്ഞു പോയിരിക്കുന്നു.. അച്ഛനെ തനിച്ചാക്കാൻ സാധിക്കാത്തത് കൊണ്ടാണ്.. ഇല്ലെങ്കിൽ കയ്യിലുള്ള ഉറക്കഗുളികകൾ തന്നെ ധാരാളമാണ് അമ്മയ്‌ക്കരികിലെത്താൻ… ഭൂമിയിൽ നിന്നും വേറൊരു ലോകത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു കാരണം അമ്മയാണ്.. അങ്ങോട്ടേക്ക് പോകാനാവാതെ ഇവിടെ പിടിച്ചു നിർത്തുന്നത് ഡെയ്സിയും… മടുത്തു ഈയൊരു ജീവിതം… ശിവ അച്ഛന്റെ മടിയിലേക്ക് മുഖം വെച്ചു കിടന്നു…..
രാവിലെയുള്ള കുർബാന മുടക്കാറില്ല ഡെയ്സി.. പള്ളിയിൽ നിന്നും തിരിച്ചു പോരുമ്പോൾ ചിലപ്പോഴൊക്കെ റോയിയെ കാണാറുണ്ട്.. തന്നെ കാണാനും സംസാരിക്കുവാനുമൊക്കെ ആണ് നിൽക്കുന്നതെന്ന് ഡെയ്സിയ്ക്ക് നന്നായിട്ടറിയാം… മര്യാദയുടെ പേരിൽ ഒന്നു നോക്കും.. അത്രതന്നെ.. മിണ്ടാനൊന്നും നിൽക്കാറില്ല…. തനിക്കത് ഇഷ്ടമല്ല… മാത്രമല്ല അമ്മച്ചി അറിഞ്ഞാൽ നല്ല വഴക്കു കേൾക്കും… കാണുമ്പോൾ സ്കാർഫ് കൊണ്ട് ഒന്നുകൂടി മുഖം മറയ്ക്കാറേ ഉള്ളൂ… റോയിയുടെ സൈക്കിളിന്റെ ബെൽ കേൾക്കുമ്പോഴേ ഒതുങ്ങി പോകും… റോയിയെ ഓർത്തൊരു സ്വപ്നം പോലും താനിതുവരെ കണ്ടിട്ടില്ല.. മനസ്സമ്മതം കഴിഞ്ഞെന്നു പോലും ചിലപ്പോഴൊക്കെ മറന്നു പോകാറുണ്ട്…. മംഗലത്തു പോണം.. വീട്ടിലെ പണികൾ ഒതുക്കി അമ്മച്ചിയെ സഹായിക്കണം.. കൃഷിയിൽ അപ്പച്ചനെ സഹായിക്കണം.. പ്രാർത്ഥിക്കണം…. ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു ഡെയ്സിയുടെ മനസ്സിലും..
മംഗലത്തുള്ള രണ്ടു ജീവനുകൾക്കും ജീവനില്ലാത്തതു പോലെയാണിപ്പോൾ.. ഡെയ്സി ഇവിടെ തങ്ങൾക്കൊപ്പമുള്ള ദിവസങ്ങൾ എണ്ണിയെണ്ണി ജീവിക്കുകയാണവർ… ഡെയ്സി വരുമ്പോഴേ ശിവ എന്തെങ്കിലും തിരക്കിൽ എഴുതുന്നതായോ വരയ്ക്കുന്നതായോ ഭാവിക്കും… കുറച്ചു നേരം അവിടെയും ഇവിടെയും ഇരുന്നു നോക്കിയിട്ട് അടുക്കിപ്പെറുക്കിയിട്ട് അവൾ പോകും… ഇത്രയും ദിവസം എഴുതിയതും വരച്ചതുമൊന്നും തന്നെ കാണിക്കാത്തിരുന്നപ്പോൾ ഡെയ്സി ശിവയോട് അതിനെക്കുറിച്ചു ചോദിച്ചു… ഒന്നുമില്ലെന്നുള്ള പതിഞ്ഞ മറുപടി ഡെയ്സിയ്ക്ക് തൃപ്തിയാവാത്തത് പോലെ തോന്നി… അവൾ സംശയത്തോടെ ശിവയെ നോക്കി… പിന്നെ വിഷമം കലർന്നൊരു പുഞ്ചിരി അവളുടെ മുഖത്തു തെളിഞ്ഞു…
എന്റെ ആവശ്യമില്ലാതെ ജീവിക്കാൻ ശീലിക്കയാണ് അല്ലേ.. അതിനല്ലേ ഞാൻ വരുമ്പോൾ ഇങ്ങനെയൊക്കെ തിരക്ക് അഭിനയിക്കുന്നത്…….. എന്നെ കണ്ടില്ലാന്നു നടിക്കുന്നത്…… ഒന്നും മിണ്ടാതിരിക്കുന്ന ശിവയെ കണ്ടപ്പോൾ അവൾക്കു തോന്നി അതാണ് സത്യമെന്ന്…… ഡെയ്സിയുടെ കണ്ണു നിറഞ്ഞു….
അങ്ങനെയൊന്നുമില്ല ഡെയ്സി… നിന്റെ തോന്നലാ…. എഴുതിയിട്ടും വരച്ചിട്ടും ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല.. അതാണ് നിന്നെ കാണിക്കാത്തത്……. അല്ലാതെ വേറൊന്നുമില്ല…… ശിവ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…
ഉണ്ട്… അങ്ങനെയുണ്ട്… ശിവച്ഛന്റെയും മുഖം വാടിയാ ഇരിക്കുന്നത്… രണ്ടാളും എന്നെ ഒഴിവാക്കുകയാ… എനിക്കറിയാം.. എനിക്കും എല്ലാം മനസ്സിലാകുന്നുണ്ട്……. അവളുടെ കണ്ണു നിറഞ്ഞൊഴുകി നിലം തൊട്ടു… അതു കണ്ടപ്പോൾ ശിവയ്ക്ക് തന്റെ ശ്വാസം നിലച്ചു പോകുംപോലെ തോന്നി… അവളുടെ അടുത്തേക്ക് അറിയാതെ തന്നെ ചലിച്ചു.. ആ കൈകൾ എടുത്തു പിടിച്ചു.. തണുത്ത നീണ്ട വിരലുകൾ തന്റെ കൈകൾക്കുള്ളിൽ സുരക്ഷിതമായി പൊതിഞ്ഞു പിടിച്ചു…. കസേരയിൽ പിടിച്ചിരുത്തി മുഖത്തിന് നേരെ വന്നു ചോദിച്ചു………
കല്യാണപ്പെണ്ണിന് എന്റെ വക സമ്മാനമൊന്നും വേണ്ടേ.. എത്ര ദിവസമായി നീയിതു ചോദിക്കുമെന്ന് കരുതി തയ്യാറാക്കി വെച്ചിട്ടെന്നറിയുമോ…
എനിക്ക് സമ്മാനമൊന്നും വേണ്ട…. ശിവച്ഛൻ തന്നു അതൊക്കെ…..ഡെയ്സി എടുത്തടിച്ചു പറഞ്ഞു എന്നിട്ട് കെറുവോടെ കണ്ണു തുടച്ചു ….
നീ വളരെ ആഗ്രഹിച്ചതാ… വേണ്ടെങ്കിൽ വേണ്ടാ… എനിക്കെന്താ…..ശിവ അവളുടെ കൈ വിട്ടിട്ടു മാറിയിരുന്നു… അത് എന്താണെന്ന് മനസ്സിലാവാതെ ഡെയ്സി ശിവയെ സൂക്ഷിച്ചു നോക്കി… കണ്ണിൽ നിറയെ ആകാംക്ഷയാണ്… ഒപ്പം കണ്ണുകൾ ആ മുറിയുടെ മുക്കും മൂലയും തേടുന്നുമുണ്ട് തനിക്കുള്ള സമ്മാനമെന്തെന്ന് അറിയാൻ ….
കണ്ണടയ്ക്ക്….. ഞാൻ പറയുമ്പോഴേ തുറക്കാവൂ… ശിവ പറഞ്ഞു…….. മുൻപിൽ നിൽക്കുന്നത് ഏത് നേരത്തും സ്വബോധം നഷ്ടപ്പെട്ടേക്കാവുന്ന ഭ്രാന്തനാണെന്ന് അറിഞ്ഞിട്ടും ശിവയുടെ വാക്കുകൾ കേട്ടപ്പോഴേ വിശ്വസിച്ചു കണ്ണടയ്ക്കുന്ന ഡെയ്സിയെ കണ്ടപ്പോൾ ശിവയ്ക്ക് അവളെ വാരിയെടുത്തു മനസിനോട് ചേർത്തു വെയ്ക്കാൻ തോന്നി….ശിവ സ്വയം നിയന്ത്രിച്ചു…. കണ്ണടച്ചു മനസ്സിലേക്ക് ഡെയ്സിയുടെ മുഖവും രൂപവും മാത്രമായി നിറച്ചു…. ഇടയ്ക്കിടെ അവളെ പാടി കേൾപ്പിക്കാറുള്ള.. എന്നാൽ പൂർത്തിയാക്കാത്ത….അവൾ അന്ന് ആവശ്യപ്പെട്ട… ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ആ പാട്ട് പാടി….
ഓർമ്മ തൻ വാസന്ത നന്ദന തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി….. ഡെയ്സി… ഡെയ്സി…
(മുഴുവൻ എഴുതുന്നില്ല….കേൾക്കാത്തവർ ഇതൊന്നു കേട്ടു നോക്കണേ…. ചിത്രം ഡെയ്സി )
തന്റെ പാട്ടിൽ ലയിച്ചിരിക്കുന്ന ഡെയ്സിയുടെ മുഖം രണ്ടു കൈക്കുള്ളിലാക്കി….. കണ്ണു തുറന്നു ഡെയ്സി അലിവോടെ ശിവയെ നോക്കി… ശിവയുടെ കൈകൾക്ക് മേലെ കൈകൾ വെച്ചു….. അവളുടെ തിരുനെറ്റിയിലേക്ക് ചുണ്ടു ചേർത്തു വെച്ചു എന്നിട്ട് മാറി നിന്നു അവളെ നോക്കി പറഞ്ഞു…..
നിനക്ക് തരാൻ ഇതേയുള്ളൂ എന്റെ കയ്യിൽ…. ഈ ഭ്രാന്തന്റെ സമ്മാനം…..
എന്തു രസമാണെന്നറിയുവോ ഈ ശബ്ദത്തിൽ പാട്ട് കേൾക്കാൻ…കേട്ടിരുന്നു പോകും…. ഈ സമ്മാനം ഞാനൊരിക്കലും മറക്കില്ല… ദേ…. ഇപ്പോഴും ചെവിയിലുണ്ട് ഈ ശബ്ദം.. ചെവിയിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു… ഡെയ്സിയുടെ മുഖത്തെ സന്തോഷം ശിവയുടെ മനസ്സു നിറച്ചു …
പാടിയതിന്റെ അർത്ഥം അറിയാതെ ശിവയുടെ മനസ്സറിയാതെ തനിക്കു കിട്ടിയ വിലപ്പെട്ട സമ്മാനം മനസ്സിൽ നിറച്ചു പോകുന്ന ഡെയ്സിയെ നോക്കി ജനാല കമ്പിയിൽ മുറുക്കി പിടിച്ചു ശിവ നിന്നു…. ഈ ഭ്രാന്തന്റെ ഭ്രാന്തിൽ നശിപ്പിച്ചു കളയാനുള്ളതല്ല ആ മാലാഖപെണ്ണിന്റെ ജീവിതം… ശിവ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… സ്നേഹം മാത്രം മനസ്സിൽ നിറച്ചു ഭൂമിയിലേക്ക് വിട്ടതാണവളെ ദൈവം…. ദൈവത്തിന് അത്രമേൽ പ്രിയപ്പെട്ടവൾ…… തന്റെ ഉള്ളിലുള്ള സാത്താനെ അവൾക്കു താങ്ങാനാവില്ല… തളർന്നു പോകും…
അച്ഛനെ വിഷമിപ്പിക്കരുത് അമ്മയ്ക്കതു താങ്ങാൻ കഴിയില്ല… എപ്പോഴും ഉരുവിട്ടു കൊണ്ടേയിരുന്നു…. മനസ്സിനെ സ്വന്തം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചു….
വിവാഹത്തിന് ദിവസങ്ങൾ അടുക്കുമ്പോഴും ആ തിരക്കിനിടയിലും വീട്ടിലെ എല്ലാവരുടെയും കണ്ണു വെട്ടിച്ചു മംഗലത്തു വന്നു പണികളൊതുക്കി ശിവയെ കണ്ടിട്ട് പോകാറുണ്ട്… ശിവച്ഛൻ അപ്പച്ചന്റെ കയ്യിൽ ഒരു പൊതി നിർബന്ധിച്ചു പിടിപ്പിക്കുന്നത് കണ്ടു…..കാശ് ആവും…. ഒന്നിനും വേണ്ടിയല്ല ആ വീട്ടിൽ പോകുന്നത്…..ഇതൊരു മനസ്സുഖത്തിന് വേണ്ടിയാണ്…. ദേവിയമ്മ തന്ന സ്നേഹത്തിനും ഊട്ടിയ ഭക്ഷണത്തിനോടുമുള്ള കൂറ്…. തന്റെ സാമീപ്യം ആ വീട്ടിലെ രണ്ടു ജീവന് സന്തോഷം നൽകുന്നുണ്ടെങ്കിൽ അത്രയും സന്തോഷം…..
വിവാഹത്തിന് തലേന്നും ഒന്നോടി വന്നു ഡെയ്സി… കുറെയേറെ ഉപദേശങ്ങൾ കുറെയേറെ ആഞ്ജകൾ എല്ലാം കൊടുത്തു ശിവയ്ക്ക്…. എല്ലാം ചിരിയോടെ തലകുലുക്കി കേട്ടു ശിവയും… മുറിയിലെ സാധനങ്ങൾ എല്ലാം അടുക്കി വെച്ചു…. അടുക്കി വെച്ചവ വീണ്ടും വീണ്ടും ഒതുക്കി വെച്ചു…. മുഖത്തെ വിഷമം മറയ്ക്കാൻ ഒരുപാട് പാടുപെടുന്നുണ്ട് അവൾ….
ഡെയ്സീ… ന്നു അമ്മച്ചിയുടെ നീട്ടിയുള്ള വിളി കേട്ടപ്പോൾ നെഞ്ചിടിപ്പ് കൂടി… പോകാൻ സമയമായെന്ന് മനസ്സിലായി…. ശിവയുടെ അടുത്തു വന്നു മുട്ടുകുത്തി നിന്നു..
ഞാൻ പറഞ്ഞത് എല്ലാം അനുസരിക്കണം… ഞാനിനി എന്നു വരുമെന്ന് എനിക്ക് തന്നെ അറിയില്ല… എന്നാലും വീട്ടിൽ വരുമ്പോൾ ഞാൻ ഓടി വരും… നന്നായിട്ട് പ്രാർത്ഥിക്കണം…. ഞാനും പ്രാർത്ഥിക്കാം.. ഈ വിഷമം ഒക്കെയും മാറും.. നല്ല ആളാവും… എനിക്കുറപ്പുണ്ട്………. അമ്മച്ചിയുടെ നീട്ടിയുള്ള വിളി ഒരിക്കൽ കൂടി കേട്ടു…. ഇനിയും താമസിച്ചാൽ അമ്മച്ചി മടൽ എടുത്തു ഇങ്ങോട്ടേക്കു വരും തന്നെ തല്ലാൻ…..
ശിവ എല്ലാം സമ്മതിച്ചതുപോലെ ചിരിച്ചു കാണിച്ചു…. നീ പോയിട്ടു വാ…. ഇടയ്ക്ക് ഒക്കെ വരണം ഇങ്ങോട്ടേക്കു…. ഞങ്ങൾക്ക് രണ്ടാൾക്കും വിശേഷങ്ങൾ പങ്കു വെക്കാനും കാത്തിരിക്കാനും വേറെ ആരുമില്ല… അത് നിനക്കും അറിയാമല്ലോ….. ശിവയുടെ മുഖത്തു ചിരിയാണെങ്കിലും മുന്നിട്ട് നിൽക്കുന്നത് വിഷമം തന്നെയാണ്….
ശിവച്ഛന്റെ കയ്യെടുത്തു തലയിൽ വെപ്പിച്ചു… മറുപടിക്ക് കാത്തു നിൽക്കാതെ കാറ്റു പോലെ ഓടിപ്പോയി…. ശിവയുടെ മുറിയിലേക്ക് ചെന്നപ്പോൾ ജനാലക്കമ്പിയിൽ പിടിച്ചു നിൽക്കുന്ന മകനെയാണ് കണ്ടത്… ശിവയിൽ യാതൊരു മാറ്റവും കാണാഞ്ഞപ്പോൾ ആശ്വാസത്തോടെ അദ്ദേഹം തിരിച്ചു പോയി…. പക്ഷേ തന്റെ മനസ്സ് കലങ്ങി മറിയുന്നത് ശിവയ്ക്ക് മാത്രമേ അറിയാൻ കഴിഞ്ഞുള്ളു…. ഡെയ്സിയെ ഇനി കാണാൻ സാധിക്കില്ലെന്ന് ഓർത്തപ്പോൾ നാളെ മുതൽ അവൾ വേറൊരാൾക്ക് സ്വന്തമാകുമല്ലോ എന്നോർത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു ബഹളം തന്നെ നടന്നു…. അതിന്റെ അസ്വസ്ഥത തലച്ചോറ് വരെ എത്തും മുന്നേ മേശയുടെ വലിപ്പ് തുറന്നു ഗുളികയെടുത്തു വായിലേക്കിട്ട് വെള്ളമൊഴിച്ചു… ശേഷം നീണ്ടു നിവർന്നു കിടന്നു… കണ്ണുകളിലേക്ക് മയക്കം വന്നു മൂടും വരെ അമ്മയുടെയും ഡെയ്സിയുടെയും മുഖം മനസ്സിലേക്ക് മാറി മാറി വന്നു…
ഉറക്കമുണർന്നപ്പോൾ അച്ഛൻ അടുത്തുണ്ടായിരുന്നു…. നേരം വല്ലാതെ ഇരുട്ടിയിരുന്നു… ഡെയ്സിയുടെ വീട്ടിൽ നിന്നുമാണെന്ന് തോന്നുന്നു ആളുകളുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ട്….. അച്ഛൻ മെല്ലെ പിടിച്ചു എഴുന്നേൽപ്പിച്ചിരുത്തി കഞ്ഞി കോരിക്കുടിപ്പിച്ചു… അച്ഛൻ തരുന്നതിനനുസരിച്ചു അറിയാതെ വായും പൊളിക്കുന്നുണ്ട്…. ചിലപ്പോഴൊക്കെ ഇറക്കാൻ മറന്നു ചുണ്ടിന്റെ കോണിൽ കൂടി അത് ഒലിച്ചിറങ്ങി….അച്ഛൻ മെല്ലെ തുടച്ചിട്ട് ചോദിച്ചു….
നമുക്ക് ഇവിടം വിട്ടു പോയാലോ മോനെ… ആരും അറിയാത്തിടത്തേക്ക്… നിനക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടുന്നിടത്തേക്ക്……. പോയാലോ നമുക്ക്… അച്ഛൻ ചോദിച്ചപ്പോൾ ശിവ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി…
നമ്മൾ പോയാൽ പിന്നെ അമ്മ തനിച്ചാവില്ലേ….. അമ്മയ്ക്ക് ആര് വിളക്കു വെക്കും അച്ഛാ… അച്ചനല്ലേ പറയാറ് ഇവിടെ കിടന്നു മരിക്കണമെന്ന്… അമ്മയ്‌ക്കൊപ്പം ഉറങ്ങണമെന്ന്…….. ഇപ്പോൾ എനിക്കും അതേ ആഗ്രഹം മാത്രമേയുള്ളു…. ഇവിടെ കിടന്നു മരിക്കണം അമ്മയ്‌ക്കൊപ്പം ഉറങ്ങണം… ശിവയുടെ ഉള്ളിലുള്ള വിഷമം മുഴുവൻ വാക്കുകളായി പുറത്തേക്ക് വന്നു…
തനിക്കെന്തെങ്കിലും സംഭവിച്ചു പോയാൽ എന്റെ മകൻ തനിച്ചാവില്ലേ ഈശ്വരാ…. ഓരോ ദിവസവും അദ്ദേഹം അനുഭവിക്കുന്ന മാനസികസംഘർഷമാണിത്.. ഒരേയൊരു പ്രാർത്ഥന മാത്രമേയുള്ളു.. അതിനു വേണ്ടി മാത്രമാണ് എല്ലാ അമ്പലങ്ങളും കയറിയിറങ്ങുന്നതും നേർച്ചകൾ നടത്തുന്നതും…. ശിവയ്ക്കു മുന്നേ തന്നെ വിളിക്കരുതേയെന്ന പ്രാർത്ഥന.. അവന്റെ മുടിയിലൂടെ വിരലോടിച്ചു…അവൻ ഉറങ്ങില്ലെന്ന് മനസ്സിലായപ്പോൾ ഒരു ഗുളിക കൂടി കൊടുത്തു… അത് കഴിക്കുമ്പോൾ അച്ഛനെ ദയനീയമായി ഒന്നു നോക്കി…. മനസ്സാലെ അച്ഛനോട് ക്ഷമ ചോദിച്ചു…. എന്നോട് ക്ഷമിക്ക് അച്ഛാ… തന്ന വാക്ക് പാലിക്കാൻ സാധിക്കില്ല എന്നെക്കൊണ്ട്… സ്വബോധത്തിൽ നിന്നാൽ അടുത്തു ഡെയ്സി വേണമെന്ന് മനസ്സ് ശാഠ്യം പിടിക്കുന്നു…. ഉറക്കം വന്നു കണ്ണു മൂടും മുന്നേ അച്ഛൻ പറയുന്നത് കേട്ടു…
ആരൊക്കെ വിട്ടു പോയാലും അച്ഛനുണ്ടാവും എന്റെ മോന്… വിഷമിക്കണ്ട കേട്ടോ….
അത് കേട്ടപോലെ സമ്മതിച്ചു തലയാട്ടും മുന്നേ കണ്ണുകൾ അടഞ്ഞു പോയിരുന്നു ശിവയുടെ…. അവൻ മയക്കത്തിലേക്ക് വീണതും അത്രയും നേരം പിടിച്ചു വെച്ചിരുന്ന ധൈര്യം നഷ്ടമായത് പോലെ അദ്ദേഹം വിതുമ്പി വിതുമ്പി കരഞ്ഞു….മകനരികിൽ ഒരു കാവൽ പോലെ അദ്ദേഹം ഇരുന്നു…..
വീടിനുള്ളിൽ നിറയെ ആളുകളാണ്…. കാശിനു മാത്രമേ കുറവുള്ളു… ബന്ധുജനങ്ങൾ ഒരുപാടുണ്ട്….. കല്യാണപ്പെണ്ണിനെ കാണാൻ വന്ന അയൽക്കാർക്കും ബന്ധുക്കൾക്കുമിടയിൽ വീർപ്പുമുട്ടി നിന്നു ഡെയ്സി… ഇത്രയും നാൾ സ്വാതന്ത്ര്യത്തോടെ ഓടി നടന്ന വീടാണ്… നാളെ മുതൽ വേറൊരു വീട്ടിൽ… അടുത്തോട്ടാണ് പോകുന്നതെങ്കിലും എല്ലാവരെയും പിരിയുന്ന കാര്യമോർത്തപ്പോൾ കണ്ണു നിറഞ്ഞൊഴുകി…. അമ്മച്ചി വന്നു ചേർത്തു പിടിച്ചപ്പോഴാണ് മനസ്സിലായത് ആ കണ്ണുകൾ തന്റെ മേലെ ആയിരുന്നുവെന്ന്….
സാരമില്ല കൊച്ചേ…. എന്നായാലും വേണ്ടതല്ലേ… അമ്മച്ചി നിന്റെ അപ്പച്ചന്റെ ജീവിതത്തിലേക്ക് കയറുമ്പോഴും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു… വിഷമമായിരുന്നു…… പിന്നീട് ശീലമായിക്കോളും….. കെട്ടിയോന്റെ വീട്ടിൽ നിന്നും ഇങ്ങോട്ട് വരുമ്പോഴാവും ഇനി നിനക്ക് വിഷമം തോന്നുന്നത്…. നോക്കിക്കോ… അമ്മച്ചി കണ്ണു തുടച്ചു തന്നു… പിന്നെ അമ്മച്ചി സ്വയം കണ്ണു തുടച്ചു…. അകത്ത് അനിയത്തിമാരുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ തോന്നിയില്ല… എന്തോ താൻ ആഗ്രഹിക്കാത്ത ഒന്നു തന്നിലേക്കും മനസ്സിലേക്കും അടിച്ചേൽപ്പിക്കുന്ന പോലെ…. കുറച്ചു നേരം തനിച്ചിരുന്നു പ്രാർത്ഥിച്ചു…. ഉറങ്ങാനാവാതെ കിടന്നപ്പോൾ മനസ്സിലേക്ക് ശിവയുടെ ശബ്ദം ഓർത്തു … മനസ്സ് തെളിഞ്ഞു ഉറക്കം കണ്ണിനെ വന്നു മൂടി….
ഓടി വരും….
A.. M.. Y
പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിൻ. നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും… (മർക്കോസ് 11:24)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Daisy written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission