Skip to content

ഡെയ്സി – 5

daisy novel

എന്നത്തേയും പോലെ തന്നെ ഡെയ്സി അതിരാവിലെ ഉറക്കമുണർന്നു… അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മച്ചി നല്ല പണിയിലായിരുന്നു….

കുറച്ചു നേരം കൂടി കിടന്നോളാൻ മേലായിരുന്നോ കൊച്ചേ…. എന്തിനാ ഇപ്പോൾ എണീറ്റത്….. അമ്മച്ചി ചോദിച്ചതിന് മറുപടി പറയാതെ നിന്നു… ആകെയൊരു ബുദ്ധിമുട്ട് പോലെ….. ശ്വാസം വിടാനൊക്കെ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നുന്നു…. അടുക്കള കതക് തുറന്നു…… തണുപ്പ് അകത്തേക്ക് ഇരച്ചു കയറി……. മംഗലത്തു വീട്ടിലേക്ക് നോക്കി… നേരിയ ഒരു വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു…. ഒരു ദീർഘശ്വാസം വിട്ടു…. അമ്മച്ചി കാപ്പി കയ്യിൽ പിടിപ്പിച്ചു….. കുടിക്കാൻ തോന്നിയില്ല… അവിടെ വെച്ചിട്ട് അകത്തേക്ക് നടന്നു… അമ്മച്ചി തന്നെ നോക്കി നിൽക്കുന്നത് അറിഞ്ഞിട്ടും ഒന്നു നിൽക്കാൻ തോന്നിയില്ല…

അന്നയുടെയും ആനിയുടെയും രണ്ടുമൂന്നു കൂട്ടുകാരികൾ ഇന്നലെയേ വന്നിട്ടുണ്ട്…. കുളിച്ചു വന്നു നിന്നതേ അറിഞ്ഞുള്ളു…. മുടി കെട്ടിയതും സാരി ഉടുപ്പിച്ചതും എല്ലാം ആ പിള്ളേരാണ്… മുഖത്തും ചുണ്ടത്തും തേക്കാനൊരുങ്ങിയ ചായങ്ങൾ ഡെയ്സി വേണ്ടാന്നു പറഞ്ഞു… കണ്ണാടിയിൽ നോക്കിയപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല….. അതിനും കൂടി അന്നയും ആനിയും ചായത്തിൽ കുളിക്കുന്നുണ്ടായിരുന്നു… പ്രാർത്ഥിക്കുമ്പോൾ കണ്ണു നിറഞ്ഞിട്ട് ബൈബിളിലെ വാക്കുകൾ ഒന്നും കാണാൻ സാധിച്ചില്ല….. അപ്പച്ചനും അമ്മച്ചിയും കെട്ടിപ്പിടിച്ചു ഉമ്മ

തന്നു….. അവരുടെ ശരീരത്തിൽ നിന്നുള്ള പിടുത്തം വിടാൻ ഡെയ്സിയ്ക്ക് മനസ്സുണ്ടായിരുന്നില്ല….. രണ്ടാളും മാറി നിന്നു കണ്ണു തുടച്ചു…… ഇറങ്ങുമ്പോൾ മുറ്റത്തു തന്നെ ശിവച്ഛൻ ഉണ്ടായിരുന്നു…. മുഖമുയർത്തി നോക്കിയത് അദ്ദേഹത്തെ മാത്രമാണ്…. മുഖത്തു സന്തോഷം ഉണ്ടെങ്കിലും കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന വിഷമം ഡെയ്സിയ്ക്ക് മനസ്സിലാക്കാൻ സാധിച്ചു… എന്തൊക്കെയോ ചോദിക്കുന്ന ഡെയ്സിയുടെ മുഖത്തേക്ക് നോക്കി ഒന്നുമില്ലെന്ന് കണ്ണുകൊണ്ടു കാണിച്ചു…. അവളുടെ മുഖത്തെ ആശ്വാസം കണ്ടപ്പോൾ മാധവന്റെ കണ്ണു നിറഞ്ഞു… അവൾ പോകും വരെ നോക്കി നിന്നു….. പിന്നെ ധൃതിയിൽ വീട്ടിലേക്ക് നടന്നു….. പോരുമ്പോൾ ശിവ ഉറക്കമായിരുന്നു….. അവന്റെ മുറിയിൽ ചെന്നപ്പോൾ എഴുന്നേറ്റു ഇരുപ്പുണ്ടായിരുന്നു അവൻ…

അവൾ പോയോ അച്ഛാ……. ഉത്തരമായി അദ്ദേഹം തലയാട്ടി….

ആ വേഷത്തിൽ എനിക്കൊന്നു കാണാൻ സാധിച്ചില്ലല്ലോ…. നല്ല സുന്ദരി ആയിരുന്നിരിക്കും അല്ലേ … മാലാഖയെ പോലെ………. ശിവയ്ക്ക് മറുപടിയായി അദ്ദേഹം വീണ്ടും തല കുലുക്കി…..ശിവ കണ്ണടച്ചു….. വിവാഹവേഷത്തിൽ ഡെയ്സിയെ കാണാൻ സാധിക്കുന്നുണ്ട്… വെള്ള വസ്ത്രത്തിൽ ശരിക്കും ഒരു മാലാഖ തന്നെ…… ദൂരേക്ക് പോകുന്ന അവൾക്കു ചുറ്റും വെള്ളി വെളിച്ചമാണ്…. താൻ നിൽക്കുന്നിടത്തു കൂറ്റാ കൂരിരുട്ടും…. കയ്യെത്തി ഡെയ്സിയെ പിടിക്കാനാഞ്ഞു.. പക്ഷേ ഒരുപാട് ദൂരത്തായിരിക്കുന്നു അവൾ… ഇരുട്ടിൽ തനിച്ചായതിന്റെ ഭയവും വിറയലും ശിവയിൽ പ്രകടമായി…. ശിവയുടെ മുഖത്തെ ഭാവ മാറ്റങ്ങൾ വിഷമത്തോടെ നോക്കിയിരിക്കുകയാണ് മാധവൻ….. മകന്റെ മനസ്സ് കൈവിട്ടു പോകാൻ ഇനിയും അധികം നേരമെടുക്കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി…. ശിവ കണ്ണു തുറന്നു…. എഴുന്നേറ്റു ജനാലയ്ക്കരികിൽ വന്നു നിന്നു…. മകന്റെ വിഷമം കണ്ടപ്പോൾ അദ്ദേഹം മുഖം കുനിച്ചിരുന്നു…. എന്തോ ശബ്ദം കേട്ട് പെട്ടെന്ന് തലയുയർത്തി നോക്കി…. ശിവ സ്വന്തം തല ഭിത്തിയിൽ ഇടിപ്പിക്കുകയാണ്… ശക്തിയിൽ…. കൂടുതൽ ശക്തിയിൽ…. അദ്ദേഹം ഓടി ചെന്നു…. ശിവയെ ചേർത്തു പിടിച്ചു…. കട്ടിലിൽ കൊണ്ടുവന്നിരുത്തി….

എന്നെ ഒന്നു കെട്ടിയിടുവോ അച്ഛാ…… അച്ഛൻ പിടിച്ചാൽ ചിലപ്പോൾ ഞാൻ നിന്നെന്നു വരില്ല….. ഉപദ്രവിച്ചാലോ… ചിന്തിക്കാൻ നേരമില്ല അച്ഛാ… ദയവ് ചെയ്തു ഞാൻ പറയുന്നത് കേൾക്കൂ…. ശിവ അച്ഛനോടായി പറഞ്ഞു….

മാധവൻ ശിവയുടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു ബെൽറ്റിട്ടു മുറുക്കി… രണ്ടാളുടെയും കണ്ണുകൾ ഒരേപോലെ നിറഞ്ഞൊഴുകി…. നെറ്റി ചതഞ്ഞു ചോര പൊടിഞ്ഞിരിക്കുന്നു…. അതെല്ലാം തുടച്ചു മാറ്റി…..ഇനി കുറച്ചു കഴിയുമ്പോൾ അവൻ ബഹളം വെയ്ക്കാൻ തുടങ്ങും… ശിവ തലയുരുട്ടി കരഞ്ഞു….. ഇടയ്ക്കിടെ നാവിൽ നിന്നും വരുന്ന അമ്മേയെന്ന വിളി മാധവന്റെ ചങ്കു തകർത്തു….

ഡോക്ടർ പറഞ്ഞത് അദ്ദേഹത്തിന് ഓർമ്മ വന്നു…. ഈ സമയത്ത് ഒരായിരം സൂചികൾ കുത്തുന്ന വേദനയാവും തലയ്ക്കുള്ളിൽ.. കണ്ണിൽ ബന്ധമോ സ്വന്തമോ ഉണ്ടാവില്ല… കഴിവതും ആ അവസ്ഥയിലേക്ക് പോകാതിരിക്കാൻ ശ്രമിക്കണം…..പക്ഷേ ഇന്ന്…… ഒരു ഗുളിക കയ്യിലെടുത്തു…. എന്തോ ആലോചിച്ചത് പോലെ ഒന്നുകൂടി എടുത്തു…. വായിലേക്കിട്ട് വെള്ളം എടുക്കാൻ തിരിഞ്ഞതും അത് തുപ്പിക്കളഞ്ഞു… വീണ്ടും വായിലേക്കിട്ട് വെള്ളമൊഴിച്ചു കൊടുത്തു… കുറച്ചു നേരം കൂടി വെപ്രാളം കാണിച്ചു…. പിന്നെ പതിയെ മയങ്ങി……ഈയൊരു അസുഖം അവനെ ബാധിച്ചതിനു ശേഷം ഉറക്കത്തിലാണ് അവന്റെ ജീവിതത്തിന്റെ പകുതി ഭാഗവും…. എല്ലാം തകർന്നവനെ പോലെ തല കയ്യിൽ ചായിച്ചു ശിവയെ നോക്കിയിരുന്നു അദ്ദേഹം….

മിന്നു കെട്ടുമ്പോൾ തട്ടുന്ന അയാളുടെ കൈവിരലുകൾ കഴുത്തിനെ പൊള്ളിക്കുന്നത് പോലെ തോന്നി ഡെയ്സിയ്ക്ക്…മനസ്സിനെ ഒന്നു സമാധാനത്തിൽ പിടിച്ചു നിർത്താൻ ആവുന്നില്ല…. ഇരു കൈകളും കൂട്ടിപ്പിടിച്ചു കർത്താവിങ്കൽ മനസ്സർപ്പിച്ചു പ്രാർത്ഥിച്ചു…. എല്ലാം ശരിയാകുമെന്ന് ചെവിക്കരികിൽ വന്നു ആരോ പറയും പോലെ….ഇനിയൊരു അവകാശവുമില്ലെന്ന രീതിയിൽ മാറി നിൽക്കുന്ന അപ്പച്ചനെയും അമ്മച്ചിയേയും കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി… ഭക്ഷണത്തിൽ കയ്യിട്ടതല്ലാതെ ഒരു വറ്റു പോലും വായിലെത്തിയില്ല…. കുരിശു വരച്ചു വീട്ടിലേക്ക് കയറ്റുമ്പോൾ റോയിയുടെ അമ്മച്ചിയുടെ മുഖം വീർത്തിരുന്നത് ഡെയ്സി ശ്രദ്ധിച്ചു… സ്ഥിരം പറയുന്ന കുറ്റങ്ങളും കുറവുകളും പഴമ മാറാതെ കുറച്ചു ചേടത്തിമാർ ഒരു വശത്തിരുന്നു പറയുന്നുണ്ടായിരുന്നു…. അത് ഡെയ്സിയും കേട്ടിരുന്നു….

അതേ…. ഞങ്ങളുടെ ഡെയ്സികൊച്ചിനെ കിട്ടാൻ റോയിയാണ് ഭാഗ്യം ചെയ്തത്…. ഇത്രയും കാണാൻ കൊള്ളാവുന്ന ദൈവഭയമുള്ള ഒരു കൊച്ചിനെ ഈ കരയിൽ തപ്പിയാൽ കിട്ടില്ല………… ആ ഒറ്റപ്പെട്ട ശബ്ദം ആരുടെയെന്ന് ഡെയ്സിക്ക് മനസ്സിലായി…. മറിയചേടത്തിയാണ്….. ആദ്യമായാവും ആ വായിൽ നിന്നും ഒരാളെക്കുറിച്ച് നല്ലത് വരുന്നത്…… കുറച്ചു ഉച്ചത്തിലായത് കൊണ്ട് അത് എല്ലാവരും കേട്ടു…. അമ്മച്ചിയുടെയും റോയിയുടെയും മുഖം കറുത്തു….റോയിയുടെ അനിയത്തി ആ തിരക്കിൽ നിന്നും രക്ഷിച്ച് ഡെയ്സിയെ മുറിയിലേക്ക് കൊണ്ടു പോയി… റിൻസിയെന്നാണ് പേര്…. പള്ളിയിൽ വെച്ച് ഇടയ്ക്കൊക്കെ കണ്ടിട്ടുണ്ട്…. പക്ഷേ മിണ്ടിയിട്ടില്ല….പഠിക്കുന്നില്ല.. പത്താം ക്ലാസ്സ്‌ തട്ടിയും മുട്ടിയും കടന്നപ്പോൾ പിന്നെ ആ പണിയങ്ങു നിർത്തി….. ഇപ്പോൾ തയ്യൽ പഠിക്കാൻ പോകുന്നുണ്ട്… റോയിക്ക് ഒരു ചേച്ചിയും കൂടിയുണ്ട് ജാൻസി…. അമ്മച്ചിയുടെ വേറൊരു പതിപ്പാണ്…. റിൻസി അലമാര തുറന്നു….

ഇതിൽ ഇച്ചായൻ എല്ലാം വാങ്ങിവെച്ചിട്ടുണ്ട്…. വേഷം മാറിക്കോ… പറഞ്ഞിട്ട് അവളങ്ങു പോയി……. പുതിയ വീടും പുതിയ ആളുകളും എന്തു ചെയ്യണമെന്നറിയാതെ ഡെയ്സി പതുങ്ങി നിന്നു… വാതിൽ ചാരിയിട്ടു… സാരി മാറാൻ തുടങ്ങിയപ്പോഴാണ് കഴുത്തിൽ കിടന്ന ദേവിയമ്മയുടെ മാല കയ്യിൽ തട്ടിയത്… മനസ്സ് മംഗലത്തു വീട്ടിലെ രണ്ടു ജീവന്റെ അടുത്തേക്ക് പോയി….. ചിന്തിച്ചു നിന്നപ്പോഴാണ് പുറകിൽ നിന്നുമൊരു ശബ്ദം കേട്ടത്.. റോയിയുടെ അടിമുടിയുള്ള നോട്ടത്തിൽ ഡെയ്സി ആകെ വല്ലാതായി… അവളുടെ പരിഭ്രമവും പേടിയും കണ്ടപ്പോൾ റോയി പുറത്തേക്ക് പോയി…. വലിയ അടുപ്പം തോന്നിയില്ലെങ്കിലും ഡെയ്സി അമ്മച്ചിക്കൊപ്പം പോയിരുന്നു…

ടീ… ജാൻസിയേ….. ഈ കൊച്ചിനെ വീടും പറമ്പും ഒന്നു കൊണ്ടുപോയി കാണിച്ചേ… അപ്പോഴേക്കും അതിന്റെ വീട്ടിൽ നിന്നും കൊണ്ടുപോകാൻ ആളുകൾ വരും… ആദ്യ ദിവസമല്ലേ ഇരുന്നു മുഷിയുന്നുണ്ടാവും… അമ്മച്ചി മൂത്ത മകളെ വിളിച്ചു പറഞ്ഞു…

റോയി മാത്രമേയുള്ളു ഈ വീടിന്റെ ആശ്രയം… അവനെ പറഞ്ഞു നിങ്ങൾക്കൊപ്പമൊന്നും ആക്കിയേക്കരുത്… പുതുമോടിയല്ലേ അവൻ പലതും അനുസരിച്ചെന്നിരിക്കും… അതോണ്ടാ പറഞ്ഞേ… അമ്മച്ചി പറയുന്നത് കേട്ടപ്പോൾ ഡെയ്സി വല്ലാതായി..

ഈ അമ്മച്ചിയുടെ ഒരു കാര്യം… വന്നു കേറിയതല്ലേ ഉള്ളൂ ആ കൊച്ച്… അപ്പോഴേക്കും തുടങ്ങി….. ജാൻസി ഡെയ്സിയുടെ കയ്യും പിടിച്ചു വെളിയിലേക്ക് കൂട്ടി…… ഒന്നും വിചാരിക്കണ്ട കൊച്ചേ…. അമ്മച്ചി ഇങ്ങനെ ഒക്കെ പറയുമെന്നേ ഉള്ളൂ പാവമാ…. മകനെ വലിയ കാര്യമാ… നിലത്തൊന്നുമല്ല വെച്ചേക്കുന്നത്… പുതിയ പെണ്ണ് വരുമ്പോൾ അമ്മച്ചിയോടുള്ള മകന്റെ സ്നേഹം കുറയുമൊന്നുള്ള പേടിയാ… വേറൊന്നുമല്ല…. ജാൻസി പറയുന്നത് കേട്ടപ്പോൾ ഡെയ്സി പതിയെ ചിരിച്ചു……. തന്റെ വീട് പോലെ തന്നെ…. ഒരു കുഞ്ഞു വീട്… ഉള്ള സ്ഥലത്ത് കപ്പയും വാഴയും ഒക്കെയുണ്ട്… കൂടെ കുറേ കോഴിയും ആടും…. ഇവിടെ നിന്നും കൂടി വന്നാൽ ഒരു മൂന്നു കിലോമീറ്റർ ഉണ്ടാവും തന്റെ വീട്ടിലേക്ക്…. ആഗ്രഹിക്കുമ്പോൾ ഓടി വീട്ടിൽ ചെല്ലാം…. അതായിരുന്നു ഡെയ്സിക്കുള്ള ഒരേയൊരു ആശ്വാസം…പിന്നെ പള്ളിയിൽ വെച്ച് എന്നും അമ്മച്ചിയെയും കാണാം….

വൈകുന്നേരം ഡെയ്സിയുടെ വീട്ടിൽ നിന്നും എല്ലാവരും വന്നു അവരെ കൊണ്ടുപോകാൻ…. റിൻസി അന്നയ്ക്കും ആനിയ്ക്കും ഒപ്പം കൂടാതെ ഡെയ്സിക്കൊപ്പം ചുറ്റിപ്പറ്റി നിന്നു… ഒന്നുകിൽ അവളുമാർ കോളേജിലെ വിശേഷങ്ങൾ റിൻസിക്കു മുന്നിൽ വെച്ചു പറഞ്ഞു ഹുങ്ക് കാണിച്ചിരിക്കും… അതിനും കൂടി ഡെയ്സി അവളെ ചേർത്തു പിടിച്ചു നടന്നു… കുറച്ചു നേരമേ പരിചയം ഉള്ളുവെങ്കിലും അവളുടെ മുഖത്ത് ഡെയ്സിയെ പിരിയുന്നതിന്റെ വിഷമം ഉണ്ടായിരുന്നു…. പോയിട്ടു പെട്ടെന്ന് വരണേ ഇച്ചേച്ചീ….. അവൾ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു….

മംഗലത്തു വീടിന്റെ മുന്നിലൂടെ പോയപ്പോൾ അങ്ങോട്ടേക്ക് ഒന്നു നോക്കി….. എവിടെയും ആരെയുമൊന്നു കാണാൻ സാധിച്ചില്ല….. താൻ പോന്നതിനു ശേഷം മുറ്റം തൂത്തു വാരിയിട്ടില്ലെന്ന് തോന്നുന്നു…… അത്രയ്ക്കുണ്ട് കരിയില…… ആ സമയം രണ്ടു കണ്ണുകൾ ഡെയ്സിയുടെ ഭാവങ്ങൾ പകർത്തുന്നത് അവൾ അറിഞ്ഞിരുന്നില്ല… തന്റെ വീടിന് ആകെയൊരു മാറ്റമാണ്… ആകെയുള്ളത് ഹാളും രണ്ടു മുറികളും അടുക്കളയും മാത്രമാണ്… താനും അനിയത്തിമാരും കിടന്നിരുന്ന മുറിയിൽ ഇപ്പോൾ ഒരു കട്ടിൽ മാത്രമാണുള്ളത്… തനിക്കുള്ള മണിയറ ഒരുക്കിയതാണെന്ന് തോന്നുന്നു… പുതിയ ബെഡ്ഷീറ്റ് ഒക്കെ വിരിച്ചിട്ടുണ്ട്… വീട്ടിൽ തിരിച്ചു വന്നപ്പോൾ ശ്വാസം വീണ്ടു കിട്ടിയ പ്രതീതിയായിരുന്നു ഡെയ്സിയ്ക്ക്…. അമ്മച്ചിയെ ചുറ്റിപ്പറ്റി നിന്നപ്പോൾ വഴക്ക് പറഞ്ഞു ഓടിച്ചു…. റോയിയുടെ അടുത്തു പോയിരിക്കാൻ പറഞ്ഞു….. മടിച്ചു മടിച്ചു ചെന്നപ്പോൾ ആള് അപ്പച്ചനൊപ്പം വർത്തമാനം പറയുന്നതാണ് കണ്ടത്….. ആശ്വസിച്ചു വീണ്ടും അമ്മച്ചിയുടെ കൂടെ കൂടി….

കിണറ്റിൽ നിന്നും വെള്ളം കോരി കുളിമുറിയിൽ നിറച്ചു വെച്ചിട്ട് റോയിയെ തേടി ഡെയ്സി…. റൂമിൽ തനിച്ചിരുന്നു എന്തോ ആലോചനയിലാണ്… എന്താ വിളിക്കുക…. എങ്ങനാ വിളിക്കുക…. ഡെയ്സി ചിന്തിച്ചു… ഒടുവിൽ അടുത്തേക്ക് ചെന്നു വിളിച്ചു…. റോയിച്ചാ..

റോയി പെട്ടെന്ന് തിരിഞ്ഞു നോക്കി…… ഡെയ്സി മുഖം കുനിച്ചു പറഞ്ഞു… കുളിക്കാൻ വെള്ളം കോരി വെച്ചിട്ടുണ്ട്….. എന്നിട്ട് ഒരു തോർത്തെടുത്തു നീട്ടി….. റോയി തോർത്തു വാങ്ങുന്നതിനൊപ്പം തന്നെ ഡെയ്സിയെ വലിച്ചടുപ്പിച്ചു ചേർത്തു പിടിച്ചു…. അവളുടെ നെഞ്ചിടിപ്പ് റോയി അടുത്തറിഞ്ഞു….. പിടി വിടുവിക്കാൻ ആവുന്നത് ശ്രമിച്ചു ഡെയ്സി… പക്ഷേ സാധിക്കുന്നുണ്ടായിരുന്നില്ല…. തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നയാളെ ഡെയ്സി ഒന്ന് നോക്കി…. പേടിച്ചു തല കുനിച്ചു… മാറ്റി നിർത്താൻ നോക്കി വീണ്ടും പരാജയപ്പെട്ടു….

ഈയൊരു വിളി കേൾക്കാൻ എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയുമോ… റോയി പറയുന്നത് കേട്ടപ്പോൾ ഡെയ്സി അനങ്ങാതെ നിന്നു….. ഇങ്ങനെയൊന്നു ചേർത്തു പിടിക്കുന്നത് എത്ര നാളായിട്ട് ഞാൻ കാണുന്ന സ്വപ്നമാണെന്നറിയുമോ… ഇപ്പോഴും വിശ്വാസമായിട്ടില്ല ഡെയ്സി റോയിക്ക് സ്വന്തമായെന്ന്… റോയിയുടെ സ്വന്തം പെണ്ണാണെന്ന്…. ഡെയ്സി ദയനീയമായി റോയിയെ ഒന്നു നോക്കി…. ശക്തിയിൽ ഭിത്തിയിലേക്ക് ചേർത്തു നിർത്തി അവളുടെ മുഖത്തിന്‌ നേരെ മുഖം അടുപ്പിച്ചതും അമ്മച്ചിയുടെ ശബ്ദം കേട്ട് റോയി പെട്ടെന്ന് മാറി നിന്നു…. ഡെയ്സിയെ ഒന്നു നോക്കിയിട്ട് തോർത്തും തോളിലിട്ട് മുറിയ്ക്ക് പുറത്തേക്കു നടന്നു… നിന്ന നിൽപ്പിൽ നിന്നും അനങ്ങാൻ കഴിയാതെ ഡെയ്സി നിന്നു…. അപ്പോൾ ശിവ പറഞ്ഞത് സത്യമാണ്….. റോയിച്ചന് ചെറുപ്പം മുതലേ തന്നെ ഇഷ്ടമായിരുന്നു…. മുൻപ് നടന്നതും ഇനി നടക്കാൻ പോകുന്നതും ഓർത്തു ഡെയ്സിയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി…. ആലോചിച്ചു നിൽക്കുന്ന ഡെയ്സിയുടെ തോളിലേക്ക് നനഞ്ഞ തോർത്തിട്ട് കൊടുത്തിട്ട് മുടിയൊതുക്കി റോയി അവളെ കടന്നു പോയി….. എല്ലാവർക്കുമൊപ്പം കുരിശു വരയ്ക്കുമ്പോഴും ആനിയുടെ കളിയാക്കൽ കേൾക്കുമ്പോഴും ഡെയ്സി മൗനമായിരുന്നു….. പേടിയാണ് ഉള്ളു നിറയെ…. ഉച്ചക്കും രാത്രിയിലും ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം അവളുടെ മുഖത്ത് കാണാനുണ്ടായിരുന്നു…

തനിക്ക് നേരെ പേടിച്ചു നിൽക്കുന്ന ഡെയ്സിയെ കണ്ടപ്പോൾ റോയിക്ക് ചിരി വന്നു…. അടുത്തേക്ക് വരാൻ പറഞ്ഞു…. പേടിച്ചു പേടിച്ചു അയാൾക്കരികിലേക്ക് ചെന്നപ്പോൾ കയ്യിൽ പിടിച്ചു അടുത്തിരുത്തി….

എന്നെ എന്തിനാ ഡെയ്സി ഇത്രയ്ക്കും പേടിക്കുന്നത്… റോയി അവളുടെ മുഖം ഉയർത്തി…. ഈ പേടി കാണുന്നത് എനിക്കെന്ത് ഇഷ്ടമാണെന്നറിയുമോ അന്നും ഇന്നും… കുറച്ചു നേരം ഡെയ്സിയെ നോക്കിയിരുന്നു റോയി….. അവളെ പിടിച്ചു കിടത്തി  ഒന്നും പറയാതെ ഒന്നും ചോദിക്കാതെ റോയി തന്റെ അവകാശം ഡെയ്സിയിൽ അടിച്ചേൽപ്പിക്കാൻ ധൃതി കൂട്ടി… ഡെയ്സിയുടെ ഇഷ്ടക്കേടും വേദനയും റോയി പരിഗണിച്ചില്ല… വേദനയുടെ ശബ്ദം പുറത്തേക്കു കേൾക്കാതിരിക്കുവാൻ വാ പൊത്തിപ്പിടിച്ചു…… തിരിഞ്ഞു കിടന്നു….പയ്യെ കൈകൾ എടുത്തു മാറ്റി…. അറിയാതെ ഒരു തേങ്ങൽ പുറത്തേക്ക് വന്നു…. മനസ്സിലെയും ശരീരത്തിലെയും വേദന സഹിക്കാനാവാതെ കണ്ണുകൾ നിറഞ്ഞൊഴുകി…… അവൾ കരയുകയാണെന്ന് മനസ്സിലായപ്പോൾ റോയി അവളെ തിരിച്ചു കിടത്തി നെഞ്ചിൽ ചേർത്തു പിടിച്ചു….. സാരമില്ല….. കരയണ്ട….. ഇത്രയും കാലം മനസ്സിൽ കൊണ്ടു നടന്ന ഇഷ്ടം നിന്നെ കണ്ടപ്പോൾ നിയന്ത്രിച്ചു വെക്കാനായില്ല….. വേദനിച്ചോ നിനക്ക്…. മറുപടി ഒന്നും പറയാൻ കഴിയാതെ ഡെയ്സി കിടന്നു…. അയാൾ ഉറങ്ങിയെന്നറിഞ്ഞപ്പോൾ കയ്യെടുത്തു മാറ്റി എഴുന്നേറ്റു….. വയ്യ… ഇനിയും നിന്നാൽ താഴേക്ക് വീഴുമെന്ന് തോന്നി…. കട്ടിലിന്റെ ഓരം പറ്റി കിടന്നു….. കണ്ണു തോർന്നിട്ടില്ല ഇതുവരെ…. ഇതാണോ ഇഷ്ടം…… ഒരാണിനും പെണ്ണിനും അന്യോന്യം തോന്നുന്നത്…… ഇത് സ്നേഹമല്ല…. ഞാൻ ആഗ്രഹിച്ച സ്നേഹം ഇതായിരുന്നില്ല……. ഡെയ്സിയുടെ ചുണ്ടു വിതുമ്പി……

എന്നുമെഴുന്നേൽക്കുന്ന സമയത്തു കണ്ണു തുറന്നെങ്കിലും ക്ഷീണം അവളെ എഴുന്നേൽക്കാൻ സമ്മതിച്ചില്ല…. റോയിയുടെ കൈ മുഖത്തും കഴുത്തിലും ഓടി നടക്കുന്നതറിഞ്ഞു ഒരു പിടച്ചിലോടെ ചാടി എഴുന്നേറ്റു….അയാളെ നോക്കി….

ഇങ്ങനെ പേടിക്കാതെ എന്റെ പെണ്ണെ….. ഞാൻ ഒന്നും ചെയ്യില്ല….. നിന്നെ പനിക്കുന്നുണ്ടല്ലോ ഡെയ്സി…. പേടിച്ചിട്ടാണോ…. അവളുടെ മുഖം കൈക്കുള്ളിലാക്കി ചോദിച്ചു….. അല്ലായെന്ന് തലയാട്ടി കാണിച്ചു…… എഴുന്നേറ്റു പോകാൻ തുടങ്ങിയ ഡെയ്സിയെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു…….. എനിക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാനേ അറിയൂ ഡെയ്സി…… അതിന് നീയിങ്ങനെ മുഖം തിരിച്ചു നടക്കല്ലേ…. എനിക്ക് ഇഷ്ടപ്പെടുന്നില്ല….. കല്യാണം കഴിഞ്ഞാൽ ഇതൊക്കെ സ്വഭാവികമല്ലേ… അതിനിങ്ങനെ കരഞ്ഞു നടക്കേണ്ട കാര്യമുണ്ടോ…… റോയി ഡെയ്സിയുടെ കണ്ണു തുടച്ചു കൊടുത്തു ചോദിച്ചു ….. കുറച്ചു നേരം കൂടി അങ്ങനെ നിന്നിട്ട് റോയി പറഞ്ഞു….. പോയി കുളിച്ചിട്ട് വാ…. വീട്ടിൽ പോണം… അമ്മച്ചിയും റിൻസിയും തനിച്ചാ…… ഡെയ്സി അനുസരണയുള്ള കുഞ്ഞിനെപ്പോലെ തലയാട്ടി…..

അപ്പച്ചൻ എന്തൊക്കെയോ വാങ്ങി വന്നിട്ടുണ്ട്… റോയിച്ചന്റെ വീട്ടിലേക്കു കൊണ്ടു പോകാൻ… ആരുടെ കയ്യിൽ നിന്നാണോ രാവിലെ കടം വാങ്ങിയത്…. പോരുവാൻ നേരം അമ്മച്ചിയോടായി പറഞ്ഞു… അപ്പച്ചനോട് എനിക്ക് വേണ്ടി ഇനിയും ആരോടും പൈസ വാങ്ങരുതെന്ന് പറയണം… മതി…. ഇനി അന്നയ്ക്കും ആനിയ്ക്കും വേണ്ടി ഒന്നിൽ നിന്ന് തുടങ്ങണ്ടേ…. അമ്മച്ചി കണ്ണൊപ്പുന്നത് കണ്ടു…. അനിയത്തിമാരോട് അമ്മച്ചിയെ സഹായിക്കണമെന്ന് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു…. നടപ്പുള്ള കാര്യമല്ലന്ന് അറിയാമെങ്കിലും ഒരാശ്വാസത്തിനു വേണ്ടി പറഞ്ഞതാണ് ….

വീട്ടിൽ ചെന്നു കയറിയപ്പോഴേ റിൻസി ഓടി വന്നു കെട്ടിപ്പിടിച്ചു.. കയ്യിലുള്ളതെല്ലാം അവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു…. അവളുടെ സന്തോഷം കണ്ടപ്പോൾ ഡെയ്സിയ്ക്ക് മനസ്സ് നിറഞ്ഞു…. തന്റെ അനിയത്തിമാർ ഇങ്ങനെ ഒന്നുമല്ല….. തന്നോട് മാത്രം അധികം അടുപ്പമില്ല… പക്ഷേ അവർ തമ്മിൽ നല്ല സ്നേഹത്തിലുമാണ്…. പൊങ്ങച്ചം കേൾക്കാൻ താൻ ഇരുന്നു കൊടുക്കാറില്ല… അതാവും കാര്യം…. ജാൻസി ചേച്ചി തിരിച്ചു വീട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു….. ചേട്ടന് റബ്ബർ വെട്ടാണ്…. അത് മുടക്കാൻ പറ്റില്ലെന്ന് പറഞ്ഞു…. രണ്ടു വയസ്സുള്ള ഒരു കുട്ടിക്കുറുമ്പനുമുണ്ട്….. ആദ്യമായാണ് ഇത്രയും ചെറിയൊരു കുഞ്ഞിനെ ഡെയ്സി കയ്യിലെടുക്കുന്നത്…. അവൻ നെഞ്ചിലേക്ക് ചേർന്നിരുന്നപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് ശിവയെ ആണ്…ഇപ്പോൾ എന്തെടുക്കയാവും…. പുതിയ പടം വരച്ചിട്ടുണ്ടാവുമോ…. ആരുടെ കൂടെയാവും തന്നെ വരച്ചിരിക്കുക…. ഓർത്തപ്പോൾ സന്തോഷവും വിഷമവും തോന്നി വലിയൊരു ദീർഘശ്വാസം പുറത്തേക്കു പോയി……

ഉടനെ വരും..

A.. M.. Y.

ഞാൻ നിന്നെ കൈവിടുകയില്ല.. ഉക്ഷിക്കുകയും ഇല്ല.      (യോശുവ 1:5)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!