Skip to content

ഡെയ്സി – 6

daisy novel

ഡെയ്സിക്കൊപ്പം പകൽ സമയമെല്ലാം റിൻസിയുമുണ്ടായിരുന്നു കൂടെ… അതുകൊണ്ട് റോയിക്ക് ഡെയ്സിയെ ഒന്നടുത്തു കാണാൻ പോലും കിട്ടിയില്ല… പിന്നെ ഡെയ്സി മനഃപൂർവം അടുത്തേക്ക് പോയതുമില്ല….അമ്മച്ചിക്ക് വിശ്രമം കൊടുത്തുകൊണ്ട് ഡെയ്സി അടുക്കളയിൽ കയറി…. ഒരു സഹായി ആയിട്ട് റിൻസിയും കൂടെ ഉണ്ടായിരുന്നു…. പകലെല്ലാം ഒളിച്ചും പാത്തും നടന്നു പക്ഷേ രാത്രിയിൽ റോയിയുടെ അരികിലേക്ക് പോകണമല്ലോ എന്നോർത്തപ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടി… തന്നെ കാത്തിരിക്കും പോലെ തോന്നി റോയിച്ചന്റെ ഇരുപ്പ് ഒക്കെ കണ്ടപ്പോൾ… അടുത്തു വന്നിരിക്കാൻ പറഞ്ഞു… കുറച്ചു മാറി ഇരുന്നപ്പോൾ അടുത്തേക്ക് ശക്തിയിൽ പിടിച്ചു ചേർത്തിരുത്തി…

ഇത്രയും നേരമായിട്ടും നീയെന്നോട് ഒന്നു സംസാരിക്കുക പോലും ചെയ്തില്ലല്ലോ ഡെയ്സി…. ഇഷ്ടമായില്ലേ എന്നെ…. റോയിയുടെ തുറന്നുള്ള ചോദ്യം കേട്ടപ്പോൾ ഡെയ്സിയൊന്നു പരുങ്ങി… അങ്ങനെ ഒന്നുമില്ല…. അപ്പച്ചനും അമ്മച്ചിക്കും ഇഷ്ടമായി…. മിന്നുകെട്ടിനു സമ്മതിച്ചു…. ഡെയ്സി മെല്ലെ പറഞ്ഞു….

നിനക്ക് ഇഷ്ടമാണെന്ന് ഇപ്പോഴും പറയില്ല അല്ലേ…… അറിയുമോ…… നിന്നെ എന്റേത് മാത്രമാക്കണമെന്നത് എന്റെയൊരു വാശിയായിരുന്നു… കർത്താവ് എന്റെ കൂടെയാ….. പഠിക്കുന്ന കാലം മുതലുള്ള ആഗ്രഹമായിരുന്നു നീ ……. എന്റെയിഷ്ടമൊന്നു പറയാൻ എത്ര നടന്നിട്ടുണ്ടെന്ന് അറിയുമോ… പക്ഷേ നീയെന്നെ ഒന്നു നോക്കുക കൂടിയുണ്ടായിരുന്നില്ല….. മിണ്ടുന്നതും കൂട്ടു കൂടുന്നതുമെല്ലാം ശിവയോട് മാത്രം…. എത്ര വിഷമം വന്നിട്ടുണ്ടെന്ന് അറിയുമോ…ദേഷ്യം വന്നിട്ടുണ്ടെന്ന് അറിയുമോ….. റോയിയുടെ മുഖത്തെ സന്തോഷം മാറി ദേഷ്യം സ്ഥാനം പിടിച്ചു….

അതുകൊണ്ടാണോ രണ്ടാളും തമ്മിൽ പിണങ്ങിയത്…. ഡെയ്സി ആകാംക്ഷയോടെ ചോദിച്ചു…

നിനക്ക് അവനോട് ചോദിച്ചു കൂടായിരുന്നോ…. നിന്റെ കൂടെ അല്ലായിരുന്നോ നടപ്പും കൂട്ടും… റോയി പറഞ്ഞപ്പോൾ ഡെയ്സി തല കുനിച്ചിരുന്നു….എന്തിനാണ് പിണങ്ങിയതെന്ന് നിനക്കറിയുമോ……. ഇല്ലായെന്ന് ഡെയ്സി തലയാട്ടി കാണിച്ചു  …

കൂടെ നടന്നിട്ടും ഞാൻ സ്നേഹിക്കുന്നവളെ തന്നെ മനസ്സിൽ കൊണ്ടു നടന്നതിന് …… എന്നോട് അതിനെക്കുറിച്ചു ഒരു വാക്ക് പോലും പറയാതെ…… എന്റെ കാര്യം അറിഞ്ഞിട്ടും നിന്നെ മനസ്സിൽ നിന്നും കളയാതെ വീണ്ടും സ്നേഹിച്ചതിന് ….. നീ തന്നെ പറയ് അവൻ എന്നോട് ചെയ്തത് ദ്രോഹമല്ലേ….. വിശ്വാസവഞ്ചനയല്ലേ…. ക്ഷമിക്കാൻ മനസ്സ് വന്നില്ല എനിക്ക്…. റോയി പറയുന്നത് കേട്ടപ്പോൾ ഡെയ്സി അന്തംവിട്ട് ഇരുന്നുപോയി….

കർത്താവെ എന്തൊക്കെയാണീ പറയുന്നത്…. ശിവയ്ക്ക് എന്നെ ഇഷ്ടമായിരുന്നുവെന്നോ….. വായിൽ തോന്നുന്നത് വെറുതെ പറയല്ലേ റോയിച്ചാ…….. ഇത് ഞാൻ വിശ്വസിക്കില്ല….. ഡെയ്സി മുഖം തിരിച്ചു പറഞ്ഞു…..

ഇപ്പോഴും നിനക്ക് എന്നേക്കാൾ വിശ്വാസം അവനെയാണ്….. എനിക്കും പണ്ടേ തോന്നിയിട്ടുണ്ട് നിനക്കും അവനോട് ഇഷ്ടമാണെന്ന്… അവനോടേ മിണ്ടൂ… അവന്റെ ഒപ്പമേ നടക്കൂ… അന്ന് മുതലുള്ള വാശിയാണ് നിന്നോടും അവനോടും… വിശ്വസിക്കാതെ ഇരിക്കുന്ന ഡെയ്സിക്കായി റോയി തെളിവുകൾ നിരത്തി…..

നിനക്കറിയുമോ… അവന്റെ മുറിയുടെ ജനലിലേക്ക് നോക്കിയാൽ കാണാം എപ്പോഴും നിന്നെ നോക്കി നിൽക്കുന്ന ശിവയെ…. ചെറുപ്പം മുതലേ അവൻ മനസ്സിൽ ഒളിപ്പിച്ചു കൊണ്ടു നടന്നത് കണ്ടുപിടിച്ചത് ഞാനാണ്….. എന്റെ ഇഷ്ടം പറയുമ്പോളും അവൻ നിന്നെ ഉള്ളിൽ കൊണ്ടു നടന്നിരുന്നു…. എന്നിട്ടും പിന്മാറിയില്ല അവൻ…….അതറിഞ്ഞപ്പോൾ തുടങ്ങിയ ദേഷ്യമാണ് അവനോട്…. എന്നെ വെറുതെ പൊട്ടനാക്കിയതിന്റെ ദേഷ്യം… പിന്നെ വെറുപ്പായി മാറി…. നീയെന്നു വെച്ചാൽ എനിക്ക് അന്നുമിന്നും ഭ്രാന്താണ് ഡെയ്സി … നിന്നോട് മാത്രം…… അല്ലാതെ ഇത് അവന്റെ നട്ടഭ്രാന്ത് പോലെയല്ല……

റോയിച്ചൻ ശിവയ്ക്ക് ഭ്രാന്താണെന്ന് പറഞ്ഞത് ഡെയ്സിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല……….. ഞാനിതുവരെ കർത്താവിനു നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല…. പിന്നെ ദേവിയമ്മയുടെ മകനെ ഞാനിന്നു വരെ റോയിച്ചൻ പറഞ്ഞ രീതിയിൽ കണ്ടിട്ടുമില്ല……….. ആരെയും ഞാൻ അങ്ങനെ കണ്ടിട്ടില്ല………… ഡെയ്സിക്ക് തന്റെ നീരസം മറച്ചു വെയ്ക്കാൻ കഴിഞ്ഞില്ല…..

പെണ്ണല്ലേ…. കാശ് കാണുമ്പോൾ അങ്ങോട്ടേക്ക് ചായും … സ്വാഭാവികം….. പിന്നീട് അവന്റെ തലയ്ക്കു സ്ഥിരത ഇല്ലെന്ന് അറിഞ്ഞപ്പോൾ ചെറിയൊരു വിഷമം തോന്നിയിരുന്നു…. ഒരിക്കൽ കൂടെ കൊണ്ടു നടന്നിരുന്നവനല്ലേ….. എങ്കിലും ചെറിയൊരു സുഖവും തോന്നിയിരുന്നു….. നീ എനിക്കു തന്നെയാണെന്ന് കർത്താവും ഉറപ്പിച്ചത് പോലെ തോന്നി എനിക്കപ്പോൾ …. റോയിയുടെ മുഖത്തെ തെളിച്ചം കണ്ടപ്പോൾ ഡെയ്സിയ്ക്ക് വെറുപ്പാണ് തോന്നിയത്….

ആരുടേയും കുറ്റങ്ങളിലും കുറവുകളിലും സന്തോഷം കണ്ടെത്തരുത് റോയിച്ചാ… കർത്താവ് പോലും പൊറുക്കില്ല…. ആർക്കും എപ്പോൾ വേണമെങ്കിലും ആ അസുഖം വരാം….  ഡെയ്സി കുറച്ചു വേദനയോടെ പറഞ്ഞു….

ആഹാ… കണ്ടോ… അവന്റെ കാര്യം പറഞ്ഞപ്പോൾ അവളുടെ നാവ് പൊങ്ങിയത്…. ഇത്രയും നേരം പൂച്ചയെപ്പോലെ ഒന്നും മിണ്ടാതിരുന്നവളാ….. റോയിയുടെ മുഖം മാറുന്നതും ശബ്ദം മാറുന്നതും ഡെയ്സി ശ്രദ്ധിച്ചു…. റോയി ദേഷ്യത്തിൽ അവളെ ശ്രദ്ധിക്കാതെ തിരിഞ്ഞു കിടന്നു…. റോയിച്ചൻ പറയുന്നതൊന്നും അംഗീകരിച്ചു കൊടുക്കാൻ സാധിക്കുന്നില്ല…. ദഹിക്കുന്നില്ല ഒന്നും….. ശിവ തന്നെ സ്നേഹിച്ചിരുന്നോ….ഒരു രീതിയിലും അത് തനിക്ക് മുന്നിൽ പ്രകടമാക്കിയിട്ടില്ലല്ലോ….. തോന്നിയിട്ടുമില്ല അങ്ങനെ……. അപ്പോൾ റോയിച്ചൻ വാശിപ്പുറത്തു സ്വീകരിച്ചതാണോ തന്നെ ജീവിതത്തിലേക്ക്…. പിന്നിൽ ഇങ്ങനെയൊരു കഥ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു…. അതും ഇത്രയും പഴക്കമുള്ള ഒരു ദേഷ്യം….. റോയി കണ്ണടച്ചു കിടക്കുന്നത് കണ്ടപ്പോൾ ആശ്വാസത്തോടെ  ഒരു വശത്തു ഡെയ്സിയും കിടന്നു…. വയറിലൂടെ ചുറ്റിപ്പിടിച്ചു റോയിയിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ ഡെയ്സിയുടെ ഉണ്ടായിരുന്ന ധൈര്യം മുഴുവൻ ചോർന്നു പോയി…

വിഷമം ആയോ നിനക്ക്… എനിക്കറിയാം നീ അങ്ങനെ ഒന്നും നടക്കില്ലെന്നു… ആ ഒരു വിശ്വാസത്തിലാ ഞാൻ നിന്നെ സ്വീകരിച്ചതും….. നീ എന്റെയാ ഡെയ്സി… എന്റെ മാത്രം… അത്രയ്ക്കിഷ്ടമാ നിന്നെ എനിക്ക്…..

റോയി കൊടുത്ത വേദനകളെല്ലാം കണ്ണടച്ചു സഹിച്ചു കിടന്നു…. പിന്നീട് അവളെ ചേർത്തു പിടിച്ചു കിടന്നുറങ്ങി….. ഉറക്കം വരാതെ ഡെയ്സിയും…. എന്തിനാണിങ്ങനെ ഇഷ്ടമാണെന്ന് പറഞ്ഞു വേദന മാത്രം തരുന്നത്… ഇപ്പോൾ റോയിച്ചൻ ഇഷ്ടമാണെന്ന് പറയുമ്പോഴേ ഉള്ളിൽ പേടി തുടങ്ങും… മനസ്സിൽ ദേഷ്യവും….. വീണ്ടും ഓർമ്മകൾ ശിവയിലേക്ക് പോയി… ഇതേവരെ തനിക്ക് ശിവയുടെ ഭാഗത്തു നിന്നും ഒരു മോശമായ അനുഭവം ഉണ്ടായിട്ടില്ല… രണ്ടു പുരുഷന്മാർ മാത്രമുണ്ടായിരുന്ന ആ വീട്ടിലേക്ക് പോകുവാൻ ഇതേവരെ ഒരു ഭയവും തോന്നിയിട്ടുമില്ല …. ആ രണ്ടുപേർ ദൈവത്തിനും പിന്നെ ഈ ഡെയ്സിയ്ക്കും പ്രിയപ്പെട്ടവരാണ്….. വളരെ വേണ്ടപ്പെട്ടവർ …… റോയിച്ചൻ എന്തൊക്കെ പറഞ്ഞാലും ശിവയെ തള്ളിപ്പറയാൻ തന്നെക്കൊണ്ടാവില്ല…. ഒരിക്കലും…… ഉറക്കം വരാതെ റോയിയുടെ കൈകൾക്കുള്ളിൽ വീർപ്പു മുട്ടി കിടന്നു…..

അമ്മച്ചിയെ സഹായിച്ചും റിൻസിക്കൊപ്പം കൂട്ടു കൂടിയും ഡെയ്സി ആ വീടുമായി നന്നായിട്ടടുത്തു… റോയിച്ചനെ മുഴുവനായി സ്നേഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…. എങ്കിലും ശ്രമിച്ചു തുടങ്ങി…. മനസ്സ് കൊണ്ട് അംഗീകരിക്കാൻ സാധിക്കാത്തത് തന്റെ മേലെയുള്ള അവകാശം സ്ഥാപിക്കലാണ്….. നിന്റെ സ്നേഹം എനിക്കാവശ്യമില്ല… നിന്റെ സമ്മതവും…. ഞാൻ തരുന്നത് വാങ്ങുക എന്നുള്ളത് മാത്രമാണ് നിന്റെ കടമ….. അതായിരുന്നു റോയിച്ചൻ……….. തന്നോട് സ്നേഹമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്…. പക്ഷേ അത് ഇരുട്ടി തെളിയുമ്പോൾ തെറ്റായിരുന്നുവെന്ന് മനസ്സ് പറയും….ശിവയെക്കുറിച്ച് പറയുന്ന ദിവസങ്ങളിൽ ഒരുതരം വാശി തീർക്കലാണ് തന്റെ മേലേ റോയിച്ചൻ… സ്നേഹത്തോടെ തിരിച്ചൊന്നു പുണർന്നിട്ടു കൂടിയില്ല താൻ റോയിച്ചനെ….. തോന്നിയിട്ടില്ല… അതാണ്‌ സത്യം…… ആ സ്വഭാവവും തരുന്ന വേദനകളും ശീലമായി ഇപ്പോൾ ഡെയ്സിയ്ക്ക്…..

കൂപ്പിൽ തടിപ്പണിക്ക് പോകുമ്പോൾ മിക്കപ്പോഴും കുടിച്ചിട്ടാണ് വരാറ്… ആ നാറ്റം ഡെയ്സിയ്ക്ക് താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു…. എത്ര തവണ പറഞ്ഞാലും കണക്കാണ്…. ചിലപ്പോഴൊക്കെ കുടിക്കില്ലെന്ന് സമ്മതിക്കാറുണ്ട്…. പക്ഷേ രാത്രിയിൽ വരുമ്പോൾ ആ നാറ്റമുണ്ടാവും… ഇത് അകത്തു ചെന്നില്ലെങ്കിൽ പണിയെടുക്കാൻ സാധിക്കില്ല…. ക്ഷീണമായിരിക്കുമെന്നാണ് റോയിച്ചന്റെ വാദം…. ആകെയൊരു സമാധാനം കുടിച്ചിട്ട് വരുന്ന ദിവസങ്ങളിൽ ഡെയ്സിയോട്  പരാക്രമം കാട്ടാതെ കിടന്നുറങ്ങിക്കോളും എന്നത് മാത്രമാണ്……

രാവിലെ പള്ളിയിൽ പോക്ക് മുടക്കാറില്ല ഡെയ്സി…. ഇപ്പോൾ കൂട്ടിന് റിൻസിയുമുണ്ട്… രണ്ടു ദിവസമായിട്ടു അമ്മച്ചിയെ പള്ളിയിൽ കാണാതായപ്പോൾ മറിയചേടത്തിയോട് അന്വേഷിച്ചു…. പനി പിടിച്ചു കിടക്കുകയാണെന്ന് അറിഞ്ഞപ്പോൾ മുഖത്തെ സന്തോഷം മാറി…. ആലോചിച്ചു നിന്നപ്പോഴാണ് ചേടത്തി സാരി മാറ്റി വയറിൽ തടവി ചോദിച്ചത്………. വിശേഷം ഒന്നുമായില്ലേ കൊച്ചേ നിനക്ക്………. പ്രതീക്ഷിക്കാത്ത പ്രവൃത്തി ആയതുകൊണ്ടും പള്ളിയുടെ മിറ്റം ആയതുകൊണ്ടും ഡെയ്സി ആകെ വല്ലാതായി…. ചുറ്റുമൊന്ന് നോക്കിയിട്ട് സാരി പിടിച്ചു നേരെയിട്ടു….. വാ പൊത്തി ചിരിയൊതുക്കുന്ന റിൻസിയുടെ കയ്യിൽ പിടിച്ചു വലിച്ചു പെട്ടെന്ന് നടന്നു പോന്നു….. റിൻസി തിരിഞ്ഞു നോക്കിയപ്പോൾ ഇതെന്തു കൂത്ത് എന്ന മട്ടിൽ താടിക്ക് കയ്യും കൊടുത്തു അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു ചേടത്തി……. ഇടയ്ക്കിടെ ഓർത്തോർത്തു ചിരിക്കുന്ന റിൻസിയെ ഡെയ്സി കണ്ണുരുട്ടി പേടിപ്പിച്ചു നിർത്തി ….. വീട്ടിൽ ചെന്നു ഉറങ്ങിക്കിടക്കുന്ന റോയിച്ചനെ ഒന്നു നോക്കി…. പിന്നെ സ്വന്തം വയറിലേക്കു നോക്കി ഒന്നു തലോടി …. ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് നല്ല അഴകുണ്ടായിരുന്നു…. ഡെയ്സിയുടെ മനസ്സിൽ കുഞ്ഞ് എന്ന ആഗ്രഹത്തിന് മറിയചേടത്തി വിത്തിട്ടു കഴിഞ്ഞിരുന്നു….

രാവിലെ നീയെന്നെ വയറു കാണിച്ചു മയക്കുവാണോ….. റോയിയുടെ ശബ്ദം കേട്ടപ്പോൾ ഡെയ്സി അയാളെ ഒന്നു നോക്കി…. ആഹാ…. എഴുന്നേറ്റോ…. ഇപ്പോ കാപ്പി തരാവേ…. പോകാൻ തിരിഞ്ഞ ഡെയ്സിയെ കയ്യിൽ പിടിച്ചു വലിച്ചിട്ടു…..

എന്താ രാവിലെ മുഖത്തിനൊരു തെളിച്ചം…… റോയി ചോദിച്ചപ്പോൾ ഡെയ്സി ചേടത്തിയെ കണ്ട കാര്യവും പിന്നെ അമ്മച്ചിയുടെ കാര്യവും പറഞ്ഞു….

അമ്മച്ചിക്ക് അസുഖം ആണെന്നറിഞ്ഞതിന്റെ സന്തോഷം ആയിരുന്നോ ഇത്…..

അല്ല റോയിച്ചാ…. ചേടത്തി ചോദിക്കുവാ ഇവിടെ ആരും വരാറായില്ലേന്ന്…. റോയിയുടെ കയ്യെടുത്തു വയറിനു മേലെ വെച്ചു ഡെയ്സി പറഞ്ഞു…….

മ്മ്.. കൊള്ളാം…. ചേടത്തിക്ക് അങ്ങനെ പറഞ്ഞാൽ മതീല്ലോ…… ഇപ്പോഴുള്ള ചിലവ് തന്നെ എന്നെക്കൊണ്ട് വലിക്കാനാവുന്നില്ല…. അപ്പോളാ അടുത്തതും കൂടി…. നിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഞാൻ വിചാരിച്ചു നീ ശിവയെ കണ്ടു കാണുമെന്ന്…. പണ്ടു മുതലേ നിന്റെ മുഖം തെളിയാറ് അപ്പോളാണല്ലോ………… റോയി പറയുന്നത് കേട്ടപ്പോൾ ഡെയ്സി അയാളെ സൂക്ഷിച്ചു നോക്കി……. വയറിൽ വെച്ചിരുന്ന റോയിയുടെ കൈക്ക് താങ്ങാൻ കഴിയാത്ത വിധം ഭാരം തോന്നിച്ചു ഡെയ്സിയ്ക്ക്…. കയ്യെടുത്തു മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു….. തിരിച്ചു ശക്തിയിൽ പിടിച്ചു റോയി തന്റെ കൂടെ അവളെ പിടിച്ചു ഇരുത്തുമ്പോൾ ഡെയ്സി ആലോചിച്ചു…… റോയിച്ചന്റെ മനസ്സിൽ ശിവ എന്നൊരാളോട് വല്ലാത്ത ദേഷ്യമോ കുശുമ്പോ അസൂയയോ എന്തൊക്കെയോ ആണ്…. തന്നെ നേടിയെടുക്കുമ്പോൾ തീരേണ്ട ഒന്നായിരുന്നുവെങ്കിൽ ആ വിദ്വേഷം  തീരേണ്ട സമയം കഴിഞ്ഞില്ലേ ….. പക്ഷേ…… ഇത് ഒരുതരം പകയാണ്….. എന്തിനെന്നു തനിക്കും അറിയില്ല…..

പണിക്കു പോകും മുന്നേ ഡെയ്സി റോയിയോട് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചു…. ഇഷ്ടക്കേട് പോലെ റോയി തിരിച്ചു ചോദിച്ചു…. നീ പോയാൽ ഇവിടെ അമ്മച്ചി തനിച്ചാവില്ലേ………

അത് കേട്ടത് പോലെ അമ്മച്ചിയുടെ മറുപടിയും എത്തി…….. ഓ….. പിന്നേ….. അവൾ വരുന്നതിന് മുൻപ് ഞാൻ തനിച്ചല്ലായിരുന്നല്ലോ…..നിനക്ക് നിന്റെ കെട്ടിയോളെ വിടാൻ മടിയാണേൽ അത് തെളിച്ചു പറഞ്ഞോണം…… വെറുതെ എന്റെ കാര്യം പറഞ്ഞു നീ അവളെ വിടാതിരിക്കണ്ട….. ഓരോരോ കാരണങ്ങളേ……… ഹും……

ഡെയ്സി അത് കേട്ട് വാ പൊത്തി ചിരിച്ചു…….. രണ്ടു ദിവസം കഴിഞ്ഞിങ്ങു പോന്നേക്കണം….. കേട്ടല്ലോ…. റോയി പറഞ്ഞതിന് ഡെയ്സി തല കുലുക്കി സമ്മതിച്ചു…. കയ്യിൽ കുറച്ചു കാശും ഏൽപ്പിച്ചു…..  റോയി പോയിക്കഴിഞ്ഞപ്പോൾ അമ്മച്ചി പറയുന്നത് കേട്ടു……… കർത്താവെ ഇനി അവളുടെ കുടുംബത്തിന്റെ കാര്യം കൂടി എന്റെ ചെറുക്കന്റെ തലയിൽ ആവുമോ എന്തോ………. കേട്ടിട്ടും ഡെയ്സി ഒന്നും മിണ്ടാൻ പോയില്ല…..പണികളെല്ലാം ഒതുക്കിയിട്ട് വീട്ടിലേക്ക് പോകാനിറങ്ങി….. അമ്മച്ചിയോടു പറഞ്ഞപ്പോൾ ഒന്നു മൂളിക്കേട്ടു…………. വെയിലാ കൊച്ചേ…….. ആ കുടയും എടുത്തോണ്ടു പോ …. ഡെയ്സി തലയാട്ടി……. ചില നേരമേ ഉള്ളു ഒരുമാതിരി സ്വഭാവം…. അമ്മച്ചിയുടെ മുൻപിൽ വെച്ച് മകനെ അധികം സ്നേഹിക്കാതിരുന്നാൽ മതി…..ഈ വീട്ടിലെ അധികാരം അമ്മച്ചിക്ക് മാത്രമുള്ളതാണെന്ന് അങ്ങ് സമ്മതിച്ചു കൊടുത്താൽ മതി…. അതിന് അനുസരിച്ചു മാത്രേ ഡെയ്സിയും നിൽക്കാറുള്ളൂ……

മംഗലത്തു വീടിന്റെ മുന്നിൽ കൂടി നടന്നപ്പോൾ അകത്തേക്ക് എത്തി നോക്കി….. വഴിയിൽ ഓലമടൽ ഒക്കെയും വീണു കിടപ്പുണ്ട്…. വല്ലാത്ത നിശബ്ദത പോലെ തോന്നി…… കാലുകൾ മാത്രേ വീട്ടിലേക്ക് ചലിച്ചുള്ളൂ….. കണ്ണും മനസ്സും മംഗലത്തു വീട്ടിലേക്കായിരുന്നു പോയത്…. വയ്യാത്ത അമ്മച്ചി നിന്നു അടുപ്പ് ഊതുന്നുണ്ട്…. ഇടയ്ക്ക് നെഞ്ചിൽ കൈ വെച്ചു ചുമയ്ക്കുന്നുമുണ്ട്… അപ്പച്ചൻ വരുമ്പോഴേക്കും ചോറ് വെക്കാനുള്ള തയ്യാറെടുപ്പാ… അനക്കം കേട്ടപ്പോൾ തിരിഞ്ഞു നോക്കി…. മുഖത്തു തെളിച്ചം കൂടി……… നീയെപ്പോ വന്നു കൊച്ചേ… ഞാനറിഞ്ഞില്ലല്ലോ…….

ദേ… വന്നു കയറിയ വഴിയാ……. അമ്മച്ചി ഇങ്ങോട്ട് മാറിക്കെ…. ഞാൻ ആക്കാം… അമ്മച്ചിയുടെ കയ്യിൽ നിന്നും കുഴൽ വാങ്ങി അടുപ്പ് ഊതി കത്തിച്ചു… അമ്മച്ചിയെ ആകെയൊന്നു നോക്കിയിട്ട് ചോദിച്ചു…… അവളുമാർ ഈ വഴിക്കേ വരാറില്ല… അല്ലേ….

പിന്നേ…… വരാറുണ്ട്…. തിന്നാൻ വേണ്ടി മാത്രം…. എന്തെങ്കിലുമൊന്ന് ചെയ്തു തരാൻ പറഞ്ഞാൽ അപ്പോൾ പഠിക്കാനുണ്ടെന്നും പറഞ്ഞു പുസ്തകത്തിലോട്ട് നോക്കി തലയും കുമ്പിട്ടിരിക്കും….. അത് കാണുമ്പോൾ അപ്പച്ചനും പറയും വിളിക്കണ്ടാ….. പഠിക്കട്ടെന്ന്…. ഒരെണ്ണത്തിനെങ്കിലും ഒരു ജോലി കിട്ടിയാൽ അത്രേം ആയില്ലേ എന്നു പറയും… ഇന്നിപ്പോൾ രാവിലത്തേതും ഉച്ചക്കത്തേതും ഒക്കെ കാന്റീനിൽ നിന്നും കഴിക്കണം എന്നും പറഞ്ഞു അപ്പച്ചന്റെ കീശ കാലിയാക്കിയിട്ടാ പോയേക്കുന്നെ………… ഡെയ്സി ഒന്നു ചിരിച്ചു…..രണ്ടിൽ ആർക്കു ജോലി കിട്ടിയാലും സ്വന്തം കാര്യം നോക്കി പോകത്തെ ഉള്ളൂ…. അപ്പച്ചനോ അമ്മച്ചിക്കോ യാതൊരു സഹായവും ഉണ്ടാവില്ലെന്ന് ഡെയ്സിയ്ക്ക് നന്നായിട്ടറിയാം…..

ഞങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് നിന്റെ പഠിപ്പ് നിർത്തിയതാ…. സ്വന്തം നില മറന്നു കളിക്കുവാ രണ്ടും….. നീ ആയിരുന്നേൽ ഇപ്പോൾ ഒരു ജോലി വാങ്ങിയേനെ… അപ്പച്ചന് മനസ്സിലാകാത്ത ഫീസിന്റെ കാര്യമൊക്കെ പറഞ്ഞു കാശ് തട്ടിയെടുക്കലാ ഇപ്പോ രണ്ടിന്റേം പണി…. നീ ഉണ്ടായിരുന്നപ്പോൾ നിനക്ക് മനസ്സിലാകുമെന്നോർത്ത് മിണ്ടാതിരുന്നതാ കള്ളികള്… കുല വിറ്റും ഷീറ്റ് വിറ്റും കിട്ടുന്നതൊക്കെ  ഫീസെന്ന പേരിൽ മക്കളെ വിശ്വസിച്ചു കൊടുക്കുന്നുണ്ട് അപ്പച്ചൻ….അവരറിയുന്നോ അപ്പന്റെ കഷ്ടപ്പാട്… അമ്മച്ചിയൊരു ദീർഘശ്വാസം വിട്ടു… മൂലയ്ക്ക് കിടന്ന സ്റ്റൂളിൽ ഇരുന്നു….

അമ്മച്ചി പോയി കിടന്നോ… ഞാൻ ചെയ്‌തോളാം എല്ലാം….. രണ്ടു ദിവസം ഉണ്ടാവും ഞാനിവിടെ……

അപ്പച്ചൻ ഇറച്ചി കൊണ്ടു വെച്ചിട്ടുണ്ട്…. നീ ഈ ഉടുപ്പൊക്കെ മാറിയിട്ട് അതൊന്നു നന്നാക്ക് കൊച്ചേ… തീരെ വയ്യ…. ഞാൻ ഒന്നു കിടക്കട്ടേ….. അമ്മച്ചി എഴുന്നേറ്റു പറഞ്ഞു…..

ഒട്ടും വയ്യെങ്കിൽ നമുക്ക് ആശുപത്രിയിൽ പോയാലോ അമ്മച്ചീ…

ഓ വേണ്ടാ….വെറുതെ പൈസ കളയാൻ… സാരമില്ല ഇത് മാറിക്കോളും……

റോയിച്ചൻ കുറച്ചു പൈസ തന്നാ വിട്ടത്… അതോണ്ടാ ഞാൻ പറഞ്ഞത്…. അമ്മച്ചി തയ്യാറാവ്…. ഞാൻ കൊണ്ടുപോകാം….

അമ്മച്ചി ഡെയ്സിയെ നോക്കി ഒന്നു ചിരിച്ചു…. വേണ്ട മക്കളേ…. അത്രയ്ക്ക് ഒന്നുമില്ല….. ഇപ്പോ നീ ഉണ്ടല്ലോ ഇവിടെ….. അതുമതി…

എങ്കിൽ അമ്മച്ചി പോയി കിടന്നോ… പണിയൊന്ന് ഒതുക്കിയിട്ട് ആവി പിടിപ്പിക്കാം ഞാൻ…..

അമ്മച്ചി പോയപ്പോൾ പതിയെ ഡെയ്സി പണി തുടങ്ങി….. അവളുമാർക്ക് ഇറച്ചിയോ മീനോ ഇല്ലാതെ ചോറിറങ്ങില്ല….. അവസ്ഥ മനസ്സിലാക്കാതെ പെരുമാറുന്ന ഇവളെയൊക്കെ എന്തു ചെയ്യാനാ… ചോറ് മുഴുവൻ ഉണ്ണാതെ എഴുന്നേറ്റു പോകുന്ന മക്കളെ കാണുമ്പോൾ അപ്പച്ചന് വിഷമമാണ്…. അതാണ്‌ കയ്യിൽ ഒതുങ്ങില്ലെങ്കിലും ഇടയ്ക്കുള്ള ഈ ഇറച്ചിയും മീനും…. ചട്ടിയിൽ ഇറച്ചി കറി തിളച്ചു മണം പൊന്തിയപ്പോൾ ഓർത്തത് ആ കൊതിയനെയാണ്….. വാത്സല്യം നിറഞ്ഞൊരു പുഞ്ചിരി ഡെയ്സിയുടെ ചുണ്ടിൽ വിരിഞ്ഞു……റോയി ശിവയെക്കുറിച്ച് പറഞ്ഞതൊന്നും ആ സമയം മനസ്സിൽ ഉണ്ടായിരുന്നില്ല…..

അമ്മച്ചിയെ ആവി പിടിപ്പിച്ചു ചുക്കുകാപ്പി ഊതിക്കുടുപ്പിച്ചപ്പോഴേക്കും വിയർത്തു തുടങ്ങി….. ഒരാശ്വാസം തോന്നിയപ്പോൾ കിടന്നു ഉറങ്ങാൻ പറഞ്ഞു പുതപ്പിച്ചു കൊടുത്തു…. ഡെയ്സി പതിയെ മംഗലത്തേക്ക് നടന്നു…. ചൂടുള്ള പാത്രം സാരിത്തുമ്പു കൊണ്ടു കൂട്ടിപ്പിടിച്ചു…. തന്നെ കാണുമ്പോഴുള്ള ശിവയുടെയും ശിവച്ഛന്റെയും സന്തോഷം മനസ്സിൽ കണ്ടു…. കാലുകൾക്ക് നല്ല വേഗത ഉണ്ടായിരുന്നു… കരിയിലകൾ മെതിച്ചു വീടിന്റെ വരാന്തയിലേക്ക് കയറി…..

ഉടനെ വരും….

A.. M.. Y..

  എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്… നിന്നോടുള്ള വിശ്വസ്തത  അചഞ്ചലവും…     (ജറെമിയ 31:3) 

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!