തന്നെ കാണുമ്പോൾ ശിവയുടെയും ശിവച്ഛന്റെയും മുഖത്തു കാണുന്ന സന്തോഷം ആയിരുന്നു മനസ്സിൽ നിറയെ….. അതുകൊണ്ട് തന്നെ കാലുകൾക്ക് നല്ല വേഗത ഉണ്ടായിരുന്നു…. ധൃതിയും… കരിയിലകൾ ചവുട്ടി മെതിച്ചു വരാന്തയിലേക്ക് കയറി…… ശബ്ദം കേട്ട് വെളിയിലേക്ക് വന്ന ശിവച്ഛനെ കണ്ടപ്പോൾ ഡെയ്സിയുടെ മുഖത്തെ സന്തോഷം അപ്പാടേ മാഞ്ഞു….
ഇതെന്തു കോലമാ ശിവച്ഛാ….മലയ്ക്ക് പോകുന്നുണ്ടോ……. നീണ്ട താടിയിലേക്കും വളർന്ന മുടിയിലേക്കും നോക്കി ചോദിച്ചു….
നീയെപ്പോൾ വന്നു മോളെ… സുഖമാണോ നിനക്ക്……. ഡെയ്സി അതേയെന്ന് തലയാട്ടി കാണിച്ചു…..കല്യാണിയമ്മ വരാറില്ലേ ഇപ്പോ…. ഇതെന്താ മുറ്റമൊക്കെ ഇങ്ങനെ കിടക്കുന്നത്… ഡെയ്സി ചുറ്റും നോക്കിയിട്ട് ചോദിച്ചു…
ആരും ഇപ്പോൾ വരാറില്ല… മാസത്തിലൊരിക്കൽ ഞാൻ ആരെയെങ്കിലും നിർത്തി തെളിച്ചിടും……..എല്ലാവർക്കും പേടിയാ……
ഡെയ്സി അകത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു… ശിവ മുകളിലുണ്ട്… ചെല്ല്…. ഉത്സാഹത്തോടെ ഓടി പോകുന്ന ഡെയ്സിയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് വിഷമിച്ചു….
തുറന്നു കിടക്കുന്ന മുറിയിലേക്ക് കാലെടുത്തു വച്ചതും കണ്ടു ആകെ മൊത്തം ചിതറി കിടക്കുന്ന പേപ്പറും ചായങ്ങളും ഒക്കെ.. മേശമേൽ പാത്രം വെച്ചിട്ട് കട്ടിലിൽ തിരിഞ്ഞു കിടക്കുന്ന ശിവയുടെ അടുത്തു ചെന്നിരുന്നു… ഒന്നു മുരടനക്കി……. കേട്ടില്ല…… ശിവയുടെ തോളിൽ മെല്ലെ പിടിച്ചു….. തിരിഞ്ഞു നോക്കിയ ശിവ ഡെയ്സിയെ കണ്ട് ഒന്നമ്പരന്നു…. ഡെയ്സി കാണുകയായിരുന്നു ആ രൂപം… ശിവയുടെ നിഴൽ രൂപം.. കണ്ണൊക്കെ കുഴിഞ്ഞ്…. മുഖം കരുവാളിച്ച്… മുടിയും വെട്ടാതെ… ഒരു പ്രേതക്കോലം…………… ഡെയ്സി…….. ശിവയുടെ വായിൽ നിന്നും അവ്യക്തമായി കേട്ടു….അവൻ കൈ പൊക്കി അവളുടെ കവിളിൽ തലോടി…….. തലോടിയ കയ്യിൽ പിടിച്ചു വെച്ചു ബെൽറ്റ് ഇട്ട് ചുവന്നു കിടക്കുന്ന പാടിലേക്ക് നോക്കി…. അവളുടെ കണ്ണു നിറഞ്ഞു…..
എന്തായിത്…… വഴക്കിടില്ല എന്നൊക്കെ എനിക്ക് വാക്കു തന്നിട്ട്……… ഡെയ്സി ചോദിച്ചപ്പോൾ ശിവ ഒരു വിളറിയ ചിരി ചിരിച്ചു……..എഴുന്നേറ്റിരിക്കാൻ പാടുപെട്ടു…… ഡെയ്സി പിടിച്ചെഴുന്നേൽപ്പിച്ചു ഇരുത്തി…….മുടി പിറകിലേക്ക് ഒതുക്കി കൊടുത്തു…….
കഴിച്ചോ വല്ലതും……..
മ്മ് …..ഗുളിക……… ഡെയ്സി ചോദിച്ചതിന് തിരിച്ച് മറുപടി കൊടുത്തു ശിവ……… അതിന് പകരമായി അവന്റെ താടിയിൽ പിടിച്ചൊരു വലി കൊടുത്തു……… ആാാ….. ശിവ താടിയിൽ തലോടിയിരുന്നു…….
ഡെയ്സി അടുക്കളയിലേക്ക് പോയി ഒരു പാത്രത്തിൽ ചോറ് എടുത്ത് വന്നു….. കറി അതിനരികിൽ വെച്ചു നീട്ടി……… ശിവ മെല്ലെ കഴിക്കാൻ തുടങ്ങി……. പിന്നെ വേണ്ടെന്നു പറഞ്ഞു തിരിച്ചു നീട്ടി……….
ഗുളിക കഴിക്കാൻ എങ്കിലും ആരോഗ്യം വേണ്ടേ……. കഴിക്ക്………
നിർബന്ധിച്ചിട്ടും കഴിക്കാൻ കൂട്ടാക്കിയില്ല ശിവ………. രണ്ടാമതൊന്ന് ചിന്തിക്കാതെ ഡെയ്സി ചോറിൽ കയ്യിട്ട് ഓരോ ഉരുളകൾ ഉരുട്ടി ഉരുട്ടി വെച്ചു……… ഇത് കാക്കയ്ക്ക്…….ഇത് പൂച്ചയ്ക്ക്…….ഇത് മോന്……. ദേവി അമ്മ പറയും പോലെ ഓരോന്നും ചൂണ്ടി പറഞ്ഞിട്ട് ചിരിച്ചു……… ശിവ മെല്ലെ തലയും കുനിച്ചു ഓരോ ഉരുളയും കഴിക്കാൻ തുടങ്ങി… ചോറിലേക്ക് കണ്ണുനീർ ഒഴുകി വീണുകൊണ്ടേയിരുന്നു…… ഇടയ്ക്കിടെ ഡെയ്സി അത് തുടച്ചു മാറ്റി……. മുഴുവൻ കഴിച്ചപ്പോൾ മിടുക്കൻ എന്ന് പ്രശംസിക്കാനും മറന്നില്ല……. എല്ലാം കണ്ടുകൊണ്ട് ശിവച്ഛനും കയ്യും കെട്ടി അടുത്തുണ്ടായിരുന്നു……..
ഞാൻ ഇവിടെ രണ്ടു ദിവസം ഉണ്ടാവും……അമ്മച്ചിക്ക് പനിയാണ്…… അതുകൊണ്ട് വന്നതാ………… രണ്ടാളോടുമായി ഡെയ്സി പറഞ്ഞു…………… അച്ഛൻ വാ…… ഞാൻ കഴിക്കാൻ എടുത്തു തരാം……….
വേണ്ട…….മോളു പൊക്കോ…… ഞാൻ എടുത്ത് കഴിച്ചോളാം……..
വേണ്ട..കഴിക്കാതിരിക്കാൻ അല്ലേ……. ഇന്നലെ വച്ച ചോറും കറിയും കളയാൻ വെച്ചിരിക്കുന്നത് ഞാൻ കണ്ടു……വാ…… ഡെയ്സി മുന്നേ നടന്നു……… അച്ഛൻ അവൾക്ക് പിറകെ അനുസരണയോടെ പോകുന്നത് നോക്കി ഇരുന്നു ചിരിച്ചു ശിവ…… എല്ലാവരും ബഹുമാനത്തോടെയും കുറച്ചു ഭയത്തോടെയും കാണുന്ന മംഗലത്തെ മാധവൻ അദ്ദേഹം അനുസരണയുള്ള കുഞ്ഞിനെപ്പോലെ ആ പെണ്ണിന്റെ പിറകെ പോകുന്നത് കണ്ടപ്പോൾ ചിരിക്കാതെ പിന്നേ……..ഒരു മകൾ ഇല്ലാത്തതിന്റെ കുറവ് അച്ഛൻ ശരിക്കും മനസ്സിലാക്കുന്നുണ്ട് ……പാവം….
കല്യാണിയമ്മ വരാറില്ല മോളെ ….പേടിയാ….ശിവയ്ക്ക് ഇടയ്ക്കിടയ്ക്ക് അസുഖം തലപൊക്കുന്നുണ്ടായിരുന്നു……..ഞാനാണ് അടുക്കളയിൽ ഉണ്ടാക്കുന്നതെല്ലാം…. അവനെപ്പോഴും മയക്കമായിരിക്കും…… ഞാൻ ഭക്ഷണം ഉണ്ടാക്കും കളയും…….. കഴിക്കുന്നതിനിടയിൽ ഇടയ്ക്കിടെ അദ്ദേഹം ഡെയ്സിയോടായി പറയുന്നുണ്ടായിരുന്നു…… അവൾ എല്ലാം കേട്ട് അടുത്തു നിന്നു……..
വരച്ച പടം എവിടെ…… എഴുതിയ കവിതകൾ എവിടെ…….. ഡെയ്സി ശിവയ്ക്കു മുന്നിൽ കൈ നീട്ടി പിടിച്ചു ചോദിച്ചു…… ക്ഷീണിച്ച ഒരു ചിരി ചിരിച്ചു ശിവ……..
നാളെ കാണുമ്പോൾ മനുഷ്യകോലത്തിൽ ഉണ്ടാവുമോ രണ്ടാളും…….. അതോ……. രണ്ടുപേരെയും മാറിമാറി നോക്കി ഡെയ്സി ചോദിച്ചു……
സുഖമാണോ മോളെ നിനക്ക് അവിടെ …… ഡെയ്സി പോകാൻ എഴുന്നേറ്റപ്പോൾ ശിവച്ഛൻ ചോദിച്ചു…. മറുപടി കേൾക്കാൻ ശിവയും അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു …….
സുഖമാണ്….. പിന്നെ ഒന്നും പറയാതെ രണ്ടാളെയും ഒന്ന് നോക്കാതെ അവൾ ഇറങ്ങിപ്പോയി……. അവർ രണ്ടാളും ഈ ഡെയ്സിയുടെ കണ്ണിൽ നിന്നും എല്ലാം വായിച്ചെടുക്കുന്നവരാണെന്ന് ഡെയ്സിയ്ക്ക് നന്നായിട്ടറിയാം…….
അമ്മച്ചിയെ വിളിച്ചെഴുന്നേൽപ്പിച്ച് കഞ്ഞികുടിപ്പിച്ചു……. പനി വിട്ടു മാറിയിരുന്നു……. അപ്പച്ചൻ വന്നപ്പോൾ എഴുന്നേറ്റിരിക്കുന്ന അമ്മച്ചിയെ കണ്ട് മുഖം തെളിഞ്ഞു…. ഒപ്പം തന്നെ കണ്ടപ്പോഴും……. അവിടുത്തെ വിശേഷങ്ങൾ ഒക്കെയും പറഞ്ഞ് അപ്പച്ചനും മകളും ഭക്ഷണം കഴിച്ചു…….. വെള്ളം കോരി വാഴയുടെ തടം നനച്ചു………………
ഇന്ന് ആയിരിക്കും അതുങ്ങൾക്ക് ശരിക്കും ഒന്ന് ദാഹം മാറ്റാൻ കഴിഞ്ഞത്………. ഒരു കുടം വെള്ളം മൂന്നു വാഴയ്ക്കായിട്ടാണ് ആനി ഒഴിക്കുന്നത്……… അതിന്റെ ക്ഷീണം കാണാനുമുണ്ട്…….. അപ്പച്ചൻ വാഴയുടെ മുകളിലേക്ക് നോക്കി പറഞ്ഞു………
കൊല പാകം ആകുമ്പോൾ മാത്രം രണ്ടിനും ഒരു മടിയും ഇല്ല അത് പറിച്ചു വിൽക്കാൻ………… അമ്മച്ചി ബാക്കി പൂരിപ്പിച്ചു………….. ഓരോ വാഴയോടും കുശലം ചോദിച്ചാണ് ഡെയ്സി നനയ്ക്കുന്നത്….. തിരിച്ചും അതുങ്ങൾ സംസാരിക്കും പോലെ തോന്നി… ഇലകൾ ആട്ടിയാട്ടി…….. അപ്പച്ചനും അമ്മച്ചിയും ആദ്യം കാണും പോലെ അതൊക്കെ നോക്കി ഇരുന്നു…….. ജനാലക്കമ്പിയിൽ മുറുക്കിപ്പിടിച്ചു ചിരിയോടെ പ്രത്യേക ഒരുതരം വാത്സല്യത്തോടെ ശിവയുടെ കണ്ണുകളുമുണ്ടായിരുന്നു അവൾക്കു മേലേ …….
അന്നയും ആനിയും വന്നപ്പോൾ അവർക്കൊപ്പമിരുന്നു വിശേഷങ്ങൾ എല്ലാം കേട്ടു… ആനിയുടെ മുഖം തെളിയാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഡെയ്സി കാര്യം അന്വേഷിച്ചു…..
അതൊന്നുമില്ലെടീ കൊച്ചേ…. അവളുടെ പള്ളിക്കൂടത്തിൽ എന്തോ പരിപാടി…. അതിന് പുതിയ ഉടുപ്പ് വേണമെന്ന്….. അമ്മച്ചി ആനിയെ ദേഷ്യത്തിൽ ഒന്നു നോക്കിയിട്ട് പറഞ്ഞു……
ഓ…. എന്റമ്മച്ചീ…. പള്ളിക്കൂടമല്ല.. കോളേജ്…… ആനി തലയ്ക്കു അടിച്ചു തിരിച്ചു പറഞ്ഞു…..
ആ എന്തായാലും അവൾക്ക് മനസ്സിലായില്ലേ… അതുമതി….. അമ്മച്ചി സ്വയം ന്യായീകരിച്ചു….
അപ്പച്ചന്റെ കയ്യിൽ പൈസ ഇല്ല മോളെ….. ഉണ്ടെങ്കിൽ ഞാൻ വാങ്ങിക്കൊടുക്കൂലേ… അപ്പച്ചൻ ദയനീയമായി ഡെയ്സിയെ നോക്കി പറഞ്ഞു………. അപ്പച്ചന്റെ മുഖം കണ്ടിട്ടും ആ ദയനീയത കണ്ടിട്ടും ആനിയുടെ മുഖം ഇരുണ്ടു തന്നെ ഇരുന്നു….. അവളുടെ വാശി ജയിക്കാതെ ഇനി ആ മുഖം തെളിയില്ലെന്ന് ഡെയ്സിയ്ക്ക് നന്നായിട്ടറിയാം …..
റോയിച്ചൻ വാങ്ങിത്തന്ന പുതിയ ഒരു സാരിയുണ്ട്…. നിനക്കിഷ്ടമാണോന്ന് നോക്ക്…… എങ്കിൽ ഞാൻ പോകും മുന്നേ ചുരിദാർ തയ്ച്ചു തരാം….. ഡെയ്സി പറഞ്ഞപ്പോഴും മുഖം തെളിഞ്ഞിട്ടില്ല…. പക്ഷേ സാരി കണ്ടപ്പോൾ പൂർണ്ണചന്ദ്രൻ ഉദിച്ച പോലെ തോന്നി…..
അതൊന്നും വേണ്ടാ കൊച്ചേ….. അവൻ നീയിതുടുത്തു കാണാൻ ആഗ്രഹത്തോടെ വാങ്ങീതാവും…. അമ്മച്ചി എതിരു പറഞ്ഞു…… ആനി ദേഷ്യത്തിൽ അമ്മച്ചിയെ ഒന്നു നോക്കി…… വാങ്ങി തരികയുമില്ല… തരുന്നവരോട് വേണ്ടന്നും പറയും… അമ്മച്ചി ഒന്നു മിണ്ടാതിരിക്കുവോ……..
ആനി അമ്മച്ചിയോടു ദേഷ്യത്തിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ഡെയ്സി അവളെയൊന്നു ദേഷ്യത്തിൽ നോക്കി……. ആ നോട്ടം സഹിക്കാനാവാതെ അവൾ തല കുനിച്ചു……….. സാരമില്ല അമ്മച്ചീ….. ഞാൻ റോയിച്ചനോട് പറഞ്ഞോളാം…. വഴക്കൊന്നും പറയില്ല……
റോയിച്ചന് നല്ല സെലെക്ഷൻ ഉണ്ട് അല്ലേ ചേച്ചീ…….. ആനി സാരി ദേഹത്തു വെച്ചു അന്നയോട് ചോദിച്ചു…….. അവൾ മുഖം വീർപ്പിച്ചു അവിടെ നിന്നും എഴുന്നേറ്റു പോയി……………. ഇത് കിട്ടാത്തതിന്റെ കുശുമ്പാ ചേച്ചീ……… അനി ഡെയ്സിയോട് പറഞ്ഞു…… എന്നിട്ട് തയ്‌ക്കേണ്ടതിന്റെ ഫാഷൻ ഒക്കെയും പറഞ്ഞു കൊടുത്തു……. അതിനിടയിൽ ആനിയോട് ഇനി ഉടനെയൊന്നും അപ്പച്ചനെ ശല്യം ചെയ്യില്ലെന്ന ഉറപ്പും വാങ്ങി ഡെയ്സി………
പിറ്റേന്ന് എല്ലാവരും പോയികഴിഞ്ഞപ്പോൾ ഡെയ്സി പതിയെ മംഗലത്തേക്ക് ചെന്നു….. ശിവച്ഛൻ ആരെക്കൊണ്ടോ മുറ്റമൊക്കെ വൃത്തിയാക്കിക്കുന്നുണ്ടായിരുന്നു….. അല്ലെങ്കിൽ തനിതൊക്കെ ചെയ്തിട്ടേ പോകൂ ന്ന് ശിവച്ഛന് അറിയാം…… ഇന്നലെ കണ്ടതിലും ഭേദമായിരുന്നു ഇന്ന് ശിവയെ കാണാൻ…. രണ്ടാളും മുടിയൊക്കെ വെട്ടി താടിയൊക്കെ കളഞ്ഞു പഴയ പോലെ ആയിരുന്നു….. തന്റെ വാക്കിനെ രണ്ടാളും അനുസരിക്കുന്നതിന് മര്യാദ തരുന്നതിന് ഡെയ്സിയ്ക്ക് ഒരുപാട് സന്തോഷം തോന്നി…….. ശിവയെക്കൊണ്ട് ഒരിക്കൽ കൂടി ആ പാട്ടു മുഴുവൻ പാടിപ്പിച്ചു….. ശബ്ദത്തിന് അവിടെയുമിവിടെയും ഒക്കെ പതർച്ച ഉണ്ടായിരുന്നു…… കുറച്ചു നാളായിട്ട് വരാതിരുന്ന അസുഖം ഇപ്പോൾ എങ്ങനെ തല പൊക്കിയെന്ന് ചോദിച്ചപ്പോൾ മൗനമായിരുന്നു ശിവയുടെ മറുപടി……..
എപ്പോൾ വരുമെന്നോ പോകുമെന്നോ അറിയാതെയുള്ള ഈ അസുഖം ചുമന്നു മടുത്തു ഞാൻ….. ജീവിതം തന്നെ മടുത്തു തുടങ്ങി…. അച്ഛന്റെ കഷ്ടപ്പാട് കാണുമ്പോഴാ കഷ്ടം തോന്നുന്നത്…. ചത്താലോന്ന് വരെ തോന്നിപ്പോകുകയാ കൊച്ചേ ….. ശിവ മുഖം കുനിച്ചു പറഞ്ഞു……
അങ്ങനെയൊന്നും പറയരുത്…… ശിവച്ഛന് വിഷമം വരും….. അതുപോലെ എനിക്കും….. ഞാൻ എത്രവട്ടം പറഞ്ഞതാണ് മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ…. അപ്പോൾ കുറച്ചൊക്കെ മനസ്സും മാറും…… എന്തിനാണിങ്ങനെ ഈ മുറിയിൽ തന്നെ അടച്ചു പൂട്ടി ഇരിക്കുന്നത്…. അച്ഛനെ സഹായിച്ചു കൂടെ പുറത്തും അകത്തുമൊക്കെ …. ആ മിറ്റമെങ്കിലും ഒന്നു തൂത്തിട്ടു കൂടെ… എന്റെ പണിയെങ്കിലും കുറഞ്ഞു കിട്ടിയേനെ….. കുറച്ചു കാര്യമായിട്ടും കുറച്ചു തമാശയ്ക്കും ഡെയ്സി പറഞ്ഞു……
എനിക്കേറെ ഇഷ്ടപ്പെട്ടത് നിന്നോടിങ്ങനെ അടുത്തിരുന്നു സംസാരിക്കുവാനാണ്…. കാണാനാണ്…… അപ്പോഴാണ് ആശ്വാസം കിട്ടുക….. നീ ഇല്ലന്നുള്ള തോന്നലാണ് എന്റെ അസുഖത്തിന് കാരണമെന്ന് ഞാനെങ്ങനെ പറയും ഡെയ്സി…… അറിഞ്ഞാൽ നിന്നെക്കൊണ്ടത് താങ്ങാൻ കഴിയുമോ…. ചിന്തിച്ചിരിക്കുന്ന ശിവയെ ഡെയ്സി കണ്ണു കൂർപ്പിച്ചു നോക്കി…… കുറുമ്പോടെ ചിരിച്ച ശിവയെ വാത്സല്യത്തോടെ തിരിച്ചു ചിരിച്ചു കാണിച്ചു ഡെയ്സി… വീട്ടിലേക്ക് പോകും വഴിയും ചുണ്ടിൽ നിന്നും ആ ചിരി മാഞ്ഞിരുന്നില്ല……
നീയിതെവിടായിരുന്നു പെണ്ണേ …. റോയി എത്ര നേരമായി നിന്നെയും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്….. അമ്മച്ചി ചോദിച്ചപ്പോൾ മറുപടി കൊടുക്കാതെ ധൃതിയിൽ റോയിച്ചനെ തേടി നടന്നു…….. ഒരിടത്തും ഉണ്ടായിരുന്നില്ല….
ഇനി അമ്മച്ചി വല്ല സ്വപ്നവും കണ്ടതാണോ…… ഇവിടെയെങ്ങും റോയിച്ചൻ ഇല്ലല്ലോ …… ഉറക്കെ ചോദിച്ചു…..
ദേ ഒരെണ്ണം വെച്ചു തന്നാലുണ്ടല്ലോ….. അപ്പോൾ പിന്നെ ഇത് നിന്റെ അപ്പൻ കൊണ്ടു വെച്ചതാണോ…… ഒരു കവർ ചൂണ്ടി കാണിച്ചിട്ട് അമ്മച്ചി ചോദിച്ചു….. കുറച്ചു പലഹാരങ്ങളും ഓറഞ്ചും…….. അമ്മച്ചിയെ കാണാൻ വന്നതാണെന്ന് തോന്നുന്നു…… എന്നാലും എന്താ എന്നെ കാണാതെ പോയെ….. ചിലപ്പോൾ വൈകുന്നേരം വരുമായിരിക്കും….. ഡെയ്സി വിചാരിച്ചു…. വൈകുന്നേരവും വന്നില്ല പിറ്റേന്നും വന്നില്ല….. ഡെയ്സി ആനിയുടെ ചുരിദാർ തയ്ക്കുന്ന തിരക്കിലും ആയിപ്പോയി…. പുതിയ പടം വരയ്ക്കാൻ തുടങ്ങിയിരുന്നു ശിവ…. ആ ഒരാശ്വാസത്തിൽ ആയിരുന്നു ഡെയ്സിയും ശിവച്ഛനും…..ഉടനെ വരാമെന്ന് ഉറപ്പു കൊടുത്തിട്ട് അവിടെ നിന്നും തിരികെ ഇറങ്ങി…..
റോയിച്ചൻ തന്ന കാശിൽ നിന്നും കുറച്ചു അമ്മച്ചിയുടെ കയ്യിൽ ഏൽപ്പിച്ചു…. ഇത് കുറെയുണ്ടല്ലോ ചേച്ചിയേ…… റോയിച്ചൻ മുഴുവൻ കൂലിയും എൽപ്പിക്കുന്നത് ചേച്ചിയേ ആണെന്ന് തോന്നുന്നല്ലോ…… ചേച്ചീടെ മുഖത്താ തെളിച്ചം കാണാനുമുണ്ട്…… ഞാൻ എന്നാണോ കർത്താവെ ഇനി ഇവിടെ നിന്നും രക്ഷപ്പെടുന്നത്…… അതിന് ആനിക്കുള്ള മറുപടി കൊടുത്തത് അമ്മച്ചിയുടെ തവിക്കണയായിരുന്നു ….. കയ്യും തിരുമ്മി നിൽക്കുന്നുണ്ടായിരുന്നു…….
വീട്ടിൽ ചെന്നു കയറിയതും റിൻസി ദേഹത്തേക്ക് ചാടിക്കയറി…… ഒരുപാട് നാളുകൾ കാണാതിരുന്നപോലെ…………… എന്റമ്മോ……. താഴെ നിൽക്കെടീ കൊരങ്ങെ………
ദേ……. ഭാര്യയെ കാണാത്ത വിഷമത്തിലാ ഇച്ചായൻ… ഇന്നലെ നല്ലവണ്ണം കുടിച്ചിട്ടാ വന്നത്…. ഇന്നാണേൽ പോയിട്ടുമില്ല പണിക്ക്…… ഇതേവരെ എണീറ്റിട്ടില്ല… ചെല്ല്…….. റിൻസി പറഞ്ഞു…..
ഡെയ്സി അമ്മച്ചിയെ ഒന്നു മുഖം കാണിച്ചിട്ട് റോയിച്ചന്റെ അടുത്തേക്ക് പോയി…. നെറ്റിയിൽ വെച്ചിരിക്കുന്ന കൈ എടുത്തു മാറ്റി…… കണ്ണു തുറന്നു ഡെയ്സിയാണെന്നറിഞ്ഞപ്പോൾ മുഖം മാറ്റി…….. തനിക്കു നേരെ മുഖം ശക്തിയിൽ തിരിച്ചു പിടിച്ചു ചോദിച്ചു……. എന്തോരു നാറ്റവാ ഇത് റോയിച്ചാ…. രാത്രിയിൽ മാത്രേ ഉണ്ടായിരുന്നുള്ളൂ… ഇപ്പോ പകലും തുടങ്ങിയോ…………. ഡെയ്സിയുടെ കൈ ശക്തിയിൽ തട്ടിയെറിഞ്ഞു എഴുന്നേറ്റിരുന്നു…… രണ്ടു ദിവസം കാണാതിരുന്നതിന്റെ പിണക്കം ആണെന്നാണ് ഡെയ്സി കരുതിയത്…….
ഞാൻ വീട്ടിൽ വന്നിരുന്നു…. നീ അറിഞ്ഞോ ആവോ …….. എവിടെ ആയിരുന്നു……………
ഞാൻ മംഗലത്തു പോയിരുന്നു…… വന്നപ്പോ അമ്മച്ചി പറഞ്ഞിരുന്നു റോയിച്ചൻ വന്നെന്ന്…………. പിന്നെന്താ എന്നേ കാണാതെ പോയേ……… ഡെയ്സി കള്ളം പറയുമെന്നാണ് റോയി വിചാരിച്ചിരുന്നത്…… സത്യം പറയുന്നത് കേട്ടപ്പോൾ മനസ്സിലെ ഭാരം കുറച്ചു കുറഞ്ഞപോലെ തോന്നി…… അവളെയൊന്നു കാണാനുള്ള ആഗ്രഹം കൊണ്ടു ഓടി ചെന്നതാണ് അവിടെ…….. അപ്പോഴാണ് കണ്ടത് അവൾ മംഗലത്തു നിന്നും വരുന്നത്…. മുഖത്തെ തെളിച്ചവും….. ചുണ്ടിലെ ചിരിയും ഒക്കെ……. നെഞ്ചിൽ തീ കോരിയിടുന്ന കാഴ്ച്ച ആയിരുന്നു തനിക്കത്…… ബോധം പോകും വരെ അന്ന് കുടിച്ചു…..
എനിക്ക് നീയവിടെ പോകുന്നത് ഇഷ്ടമല്ല ഡെയ്സി…… ശിവയുടെ അച്ഛൻ നല്ല മനുഷ്യനാണ്….. നല്ല സഹായി ആണ്….. പക്ഷേ എന്തോ എനിക്കിഷ്ടമില്ല നിനക്ക് ആ വീടുമായുള്ള ബന്ധം……. നീ ശിവയുടെ അടുത്ത് പോകുന്നത് എനിക്ക് തീരെയിഷ്ടമല്ല……. റോയി ഡെയ്സിയുടെ മുഖത്തു നോക്കാതെ പറഞ്ഞു…..
മുഖം തന്റെ നേരെ പിടിച്ചു വെച്ചു ഡെയ്സി ചോദിച്ചു…… സംശയമാണോ റോയിച്ചാ എന്നേ….. വിശ്വാസമില്ലേ എന്നെ……. റോയി അവളുടെ കൈ പിടിച്ചു മാറ്റി എഴുന്നേറ്റു…..
അങ്ങനെ ഒന്നുമില്ല….. കാണാൻ ആഗ്രഹിച്ചു വന്നപ്പോൾ…………..
ഞാൻ വന്നില്ലേ…… പിണങ്ങല്ലേ റോയിച്ചാ….. റോയിയുടെ കയ്യിൽ ചേർത്തു പിടിച്ചു പറഞ്ഞു …റോയി അവളെ ചേർത്തു പിടിച്ചു………… അങ്ങനെ നിന്നുകൊണ്ട് തന്നെ സാരി ആനിക്കൊച്ചിന് കൊടുത്തതും അമ്മച്ചിയുടെ കയ്യിൽ പൈസ എല്പിച്ചതുമൊക്കെ പറഞ്ഞു……. പറഞ്ഞിട്ടും പ്രതീക്ഷിച്ച പോലൊരു പ്രതികരണം ഒന്നും കിട്ടിയില്ല……. അപ്പച്ചനെ വലിയ കാര്യമാണ്……. അത് ചിലപ്പോൾ ആൾക്ക് ഇല്ലാത്തത് കൊണ്ടാവും…. നല്ലൊരു മരുമകനാണ്…. അപ്പച്ചനെയും അമ്മച്ചിയേയും ഇടയ്ക്കൊക്കെ അന്വേഷിക്കും……അത് തന്നെ വലിയ കാര്യം…..
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ജാൻസി ചേച്ചി വന്നു…. അമ്മച്ചിയുമായി മാറി നിന്ന് സംസാരിക്കുന്നുണ്ട്………….. ഒന്നുകിൽ പൈസ, അല്ലെങ്കിൽ പറമ്പിൽ നിന്നും സാധനങ്ങൾ… ഇതിൽ രണ്ടിൽ ഏതോ ഒന്ന് ഇച്ചായന്റെ കയ്യീന്ന് പോകും…………… റിൻസി പറയുന്നത് കേട്ട് ഡെയ്സി ചിരിയോടെ അവളുടെ തലയിൽ കൊട്ടി…… ചേച്ചി നമ്മളോടല്ലാതെ വേറാരോട് പറയാനാ പെണ്ണേ……
ഇനി ഒരെണ്ണത്തിനെ കൂടെ കെട്ടിക്കാനുണ്ടെന്ന് ഇച്ചേച്ചി ഇടയ്ക്കിടെ ഇച്ചായനെ ഓർമ്മിപ്പിക്കണം കേട്ടോ …… ഡെയ്സി കണ്ണു തള്ളി അവളെ നോക്കി എന്നിട്ട് രണ്ടാളും ഒരേപോലെ ചിരിച്ചു……. രാത്രിയിൽ അമ്മച്ചി റോയിയോട് ജാൻസിയുടെ വരവിന്റെ ഉദ്ദേശ്യം അറിയിച്ചു…..കെട്ടിയോന് പുതിയ കൃഷി ഇറക്കാൻ കുറച്ചു കാശ് വേണം… അവൾ വേറെ ആരോട് ചോദിക്കാനാടാ……. നിന്നോടല്ലാതെ………. റോയി ഭക്ഷണം പാതി വഴിയിൽ നിർത്തി എഴുന്നേറ്റു…….
കണ്ടോ അമ്മച്ചീ….. അവന് ഇഷ്ടമായില്ല….. എന്റെ കുഞ്ഞിനെ പോലുമൊന്ന് നോക്കിയില്ല…… ജാൻസി പറയുന്നത് ഡെയ്സി കേട്ടിട്ടും മറുപടി കൊടുക്കാതെ നിന്നു…… റിൻസി കണ്ണു കൊണ്ടു ചോദിക്കുന്നുണ്ടായിരുന്നു …… ഇപ്പോ എന്തായീന്ന്…..
കുഞ്ഞിനേയും കൊണ്ടു റോയിച്ചന്റെ അടുത്തു പോയിരുന്നു…. ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ അവനെ മടിയിലേക്ക് അങ്ങ് വെച്ചു കൊടുത്തു….. മുഖത്തെ കടുപ്പം മാറാഞ്ഞപ്പോൾ ഡെയ്സി കയ്യിൽ കിടക്കുന്ന നൂല് പോലുള്ള വള ഊരി റോയിച്ചന്റെ കയ്യിൽ വെച്ചു കൊടുത്തു….. ഇനിയീ മാലയെ ഉള്ളൂ…. ഊരിയെടുക്കാൻ തുടങ്ങിയപ്പോൾ റോയി തടഞ്ഞു…….
ഇത് വേണ്ട…. കയ്യും കഴുത്തും ഒഴിച്ചിടണ്ട….. ആ വള തിരിച്ചു അവളുടെ കയ്യിലേക്കിട്ടു……….. നീ ഉപയോഗിക്കാതെ വെച്ചിരിക്കുന്ന ഒരു മാലയില്ലേ…. ഞാൻ അത് ഉടനെ എടുത്തു തന്നേക്കാം…… റോയി മടിച്ചു മടിച്ചു ഡെയ്സിയോട് പറഞ്ഞു…..
റോയിച്ചാ…… അത്…… അതെനിക്ക് ശിവച്ഛൻ തന്നതാണ്….. ദേവിയമ്മയുടെ മാലയാ അത്….. ദേവിയമ്മക്ക് ശിവച്ഛന്റെ അമ്മ കൊടുത്തതും……… അത് ഞാൻ ഇടാതെ സൂക്ഷിച്ചു വെച്ചിരിക്കുന്നതും അതുകൊണ്ടാണ്……. ഡെയ്സി മടിച്ചു മടിച്ചു പറഞ്ഞു……… റോയിയുടെ മുഖം ദേഷ്യം കൊണ്ട് ഇരുളുന്നത് കണ്ടു…. കുഞ്ഞിനെ കട്ടിലിൽ ഇരുത്തി റോയി എഴുന്നേറ്റു….
അങ്ങനെ കൈമാറി വന്ന സ്വർണ്ണം എന്തിനാ അവർ നിനക്ക് തന്നത്…… അവന്റെ പെണ്ണിന് അവകാശപ്പെട്ടതല്ലേ അത്…… നീ അവിടുത്തെ മരുമകൾ ഒന്നുമല്ലല്ലോ നിനക്ക് തരാൻ …… നാണമില്ലേ നിനക്കത് കൈനീട്ടി വാങ്ങാൻ…… ഞാനിത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഈ വീട്ടിലേക്ക് കയറ്റില്ലായിരുന്നു അത്…… നിന്റെ അപ്പച്ചൻ വാങ്ങിയതെന്ന് വിചാരിച്ചു ഞാൻ………ശ്ശേ……. റോയി ദേഷ്യത്തിൽ പറഞ്ഞു…..
റോയിച്ചാ….. ശിവച്ഛന് ഞാൻ മകളെപ്പോലെയാ….. അത്രയും സ്നേഹത്തോടെ തന്നപ്പോൾ വാങ്ങാതിരിക്കാൻ ആയില്ല…. റോയിച്ചന് അറിയില്ലേ എനിക്ക് സ്വർണ്ണത്തിനോട് ഒന്നും താല്പര്യമില്ലന്ന്…….
അവിടെയുള്ളവർ നിനക്ക് സ്നേഹത്തോടെ ഒരു കുഞ്ഞിനെ തന്നാൽ അതും നീ വാങ്ങുവോ…..റോയി ഡെയ്സിയോട് എടുത്തടിച്ചു ചോദിച്ചു……
കർത്താവിനു നിരക്കാത്തത് ഒന്നും പറയല്ലേ റോയിച്ചാ…… പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ ആവില്ലെന്ന് കൂടി ഓർക്കണം…… അത്രയും പറഞ്ഞു ഡെയ്സി വള മേശമേൽ വെച്ചിട്ട് കുഞ്ഞിനേയും എടുത്തു മുറി വിട്ടു പോയി……
വള പണയം വെച്ചു കിട്ടിയ പൈസ മുഴുവൻ ജാൻസിയേ ഏൽപ്പിച്ചു….. ഡെയ്സി മുഖം തരാതെ നടക്കയാണ്….. ബലം പ്രയോഗിച്ചു പിടിച്ചു നിർത്തി………. ശിവയുടെ പേര് നിന്റെ വായിൽ നിന്നും കേൾക്കുമ്പോൾ ദേഷ്യം വരും ഡെയ്സി…… അവരുടെ ഒരു തരത്തിലുമുള്ള സഹായം നമുക്ക് വേണ്ടാ……എനിക്കിഷ്ടമല്ല അത്….
റോയിയുടെ നാവിൽ നിന്നും ഇതായിരുന്നില്ല ഡെയ്സി കേൾക്കാൻ ആഗ്രഹിച്ചത്…. മുൻപ് പറഞ്ഞ വാക്കുകൾ ഇനി ആവർത്തിക്കില്ലെന്നു ഒരു വാക്ക് പോലും പറയാൻ മനസ്സ് കാണിച്ചില്ല……. പറഞ്ഞത് തെറ്റാണെന്നുള്ള ഒരു തോന്നൽ പോലും ആ മുഖത്തുണ്ടായിരുന്നില്ല…….. കുറച്ചൊന്നുമല്ല അത് ഡെയ്സിയെ വേദനിപ്പിച്ചത്……. എല്ലാം മറന്നു പൊറുക്കാൻ ശ്രമിച്ചെങ്കിലും അതൊരു കരടായി ഡെയ്സിയുടെ ഉള്ളിൽ കിടന്നു….
ഇടയ്ക്കൊക്കെ വീട്ടിൽ പോയി വരും … അപ്പോഴൊക്കെയും കയ്യിലുള്ളത് അനിയത്തിമാർക്കും ബാക്കിയുള്ളത് അമ്മച്ചിയുടെ കയ്യിലും കൊടുക്കാറുണ്ട്….. വീട്ടിൽ ചെല്ലുമ്പോഴെല്ലാം എല്ലാവരുടെയും കണ്ണു വെട്ടിച്ചു ശിവയെ കാണാൻ പോകും….. ഒഴിവാക്കാനാവില്ല ഡെയ്സിയ്ക്കത്…. അവളുടെ പമ്മിയുള്ള വരവ് കാണുമ്പോഴേ മാധവനു കാര്യം മനസ്സിലാവും ആരുമറിയാതെയുള്ള വരവാണെന്ന്…. അതിനെ എതിർക്കാനോ വരരുതെന്ന് പറയാനോ ഉള്ള ശക്തി അദ്ദേഹത്തിനില്ലായിരുന്നു….. പുറത്തു നിന്നും ശിവയെയും തന്നെയും കാണാൻ വരുന്ന ഒരേയൊരു വ്യക്തി ഡെയ്സി മാത്രമായിരുന്നു….. രണ്ടാളുടെയും മനസ്സിൽ തെറ്റായിട്ട് ഒന്നുമുണ്ടാവില്ല… അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു അതുകൊണ്ട് ഒന്നും എതിർക്കാനും പോയില്ല….. കുറച്ചു നേരമെങ്കിലും മകന്റെ സന്തോഷവും സമാധാനവും കാണാൻ അതുപോലെ ആഗ്രഹിക്കുന്നുണ്ട് അദ്ദേഹവും …
ഉടനെ വരും….
A.. M.. Y..
അല്പനേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു.. എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തു കൊള്ളും.. (യെശയ്യാ 54:7)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Daisy written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission