Skip to content

ഡെയ്സി – 8

daisy novel

രാവിലെ പള്ളിയിൽ നിന്നും തിരികെ നടന്നു വന്നപ്പോൾ വല്ലാത്ത ദാഹം തോന്നി….. ഒരു പരവേശം പോലെ……. മരത്തിന്റെ തണലിൽ കുറച്ചു നേരം നിന്നു……. മുഖത്തു പൊടിഞ്ഞ വിയർപ്പ് സാരിതുമ്പു കൊണ്ട് തുടച്ചു…..അമ്മച്ചിയും റിൻസിയും ജാൻസി ചേച്ചിയുടെ വീട്ടിലേക്ക് പോയതാണ്….. അതുകൊണ്ട് ഇന്ന് കൂട്ടിന് ആരുമില്ല…… വെയിലിനു ചൂടു കൂടും മുൻപ് വീടെത്താൻ ധൃതിയിൽ നടന്നതാണ്….. കണ്ണിലേക്കു ഇരുട്ടു കയറിയതും ഭാരമില്ലാതെ നിലത്തേക്ക് വീഴുന്നതും അറിഞ്ഞു …. കണ്ണു തുറന്നപ്പോൾ കറങ്ങുന്ന ഒരു ഫാനാണ് ആദ്യം കണ്ടത്…. പിന്നെ അടുത്തിരിക്കുന്നവരെ കണ്ടപ്പോൾ അത്ഭുതം കൊണ്ട് ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു……. ശിവച്ഛനും ശിവയും…..

മെല്ലെ എഴുന്നേൽക്ക് മോളെ….. ശിവച്ഛൻ തോളിൽ പിടിച്ചു പറഞ്ഞു……

എന്താ പറ്റിയെ ശിവച്ഛാ എനിക്ക്…. നിങ്ങളെങ്ങനാ എനിക്കൊപ്പം ഇവിടെ വന്നേ ….. ശിവയെ ആകെയൊന്നു നോക്കിയിട്ട് ഡെയ്സി ചോദിച്ചു……

നീ പേടിക്കണ്ട….. ശിവയ്ക്ക് ഒന്നുമില്ല…. മരുന്ന് തീർന്നപ്പോൾ ഡോക്ടറെ കാണാൻ ഇറങ്ങിയതാ… ആളുകൾ കൂടി നിൽക്കുന്നത് കണ്ട് വണ്ടി നിർത്തിയപ്പോൾ നീ ബോധമില്ലാതെ കിടക്കുന്നു…. പിന്നൊന്നും ആലോചിച്ചില്ല… അപ്പോഴേ ഇങ്ങോട്ടേക്കു പോന്നു…..

എന്നിട്ട്…….. ഡെയ്സി ബാക്കിയറിയാൻ ചോദിച്ചു……

എന്നിട്ട്….. ശിവച്ഛൻ എന്തോ പറയാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി…. അപ്പോഴേക്കും ഡോക്ടർ വന്നു…….

ആഹാ….. മിടുക്കിയായല്ലോ….. അടുത്തു വന്നു കവിളിൽ ഒന്നു തലോടി.. കണ്ണു തുറന്നു  പിടിച്ചു നോക്കി……നല്ല വിളർച്ച ഉണ്ട്… അതുകൊണ്ട് കുറച്ചു വൈറ്റമിൻ ടാബ്ലറ്റ്സ് തരുന്നുണ്ട്….. റെഗുലറായി കഴിക്കണം കേട്ടോ……. അപ്പോഴും കാര്യമെന്തെന്നറിയാതെ ഡെയ്സി ഡോക്ടറുടെ മുഖത്തേക്ക് നോക്കി തല കുലുക്കി ………… ഞാൻ എല്ലാം ഇവിടെ പറഞ്ഞിട്ടുണ്ട്…… ശിവയെ നോക്കി ഡോക്ടർ പറഞ്ഞു……. എങ്കിൽ പിന്നെ പൊയ്ക്കോളൂ….. വീട്ടിൽ പോയി റസ്റ്റ്‌ എടുത്താൽ മതി……. ഡോക്ടർ ശിവച്ഛനോട് പറഞ്ഞു……. ബിൽ അടച്ചു വരാമെന്ന് പറഞ്ഞു ശിവച്ഛനും ഡോക്ടർക്കൊപ്പം പോയി…..

എന്താ ഡോക്ടർ പറഞ്ഞേ…. ഡെയ്സി ചോദിച്ചപ്പോൾ ശിവ അവൾക്കരികിലേക്ക് വന്നിരുന്നു…… തന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു പിന്നെ അവളെ നോക്കാതെ വയറിലേക്ക് വിരൽ ചൂണ്ടി കാണിച്ചു…… ഡെയ്സിയ്ക്ക് ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി…. ആഗ്രഹം പോലെ തന്റെയുള്ളിൽ ഒരു ജീവൻ മൊട്ടിട്ടു കഴിഞ്ഞു….. ശിവ ഡെയ്സിയുടെ മുഖത്തെ സന്തോഷം കണ്ണെടുക്കാതെ നോക്കി കാണുകയായിരുന്നു……. ശിവയുടെ ചിരിയ്ക്ക് വലിയ പ്രകാശം ഇല്ലാത്തത് പോലെ തോന്നി ഡെയ്സിയ്ക്ക്…… എന്തു പറ്റിയെന്നു കണ്ണു കൊണ്ടു ചോദിച്ചു….. ഒന്നുമില്ലെന്ന് ചുമൽ പൊക്കി കാണിച്ചു….. അവളുടെ മുഖം മാറാൻ തുടങ്ങിയെന്നു മനസ്സിലാക്കി ശിവ അവൾക്കായി മനോഹരമായ ഒരു ചിരി കൊടുത്തു….. അതിന്റെ ഭംഗി കാണാൻ സാധിച്ചത് ഡെയ്സിയുടെ മുഖത്തും…….

പോകാം നമുക്ക്…… ശിവച്ഛൻ റൂമിലേക്ക് കയറി വന്നപ്പോൾ ശിവയുടെ കയ്യിൽ പിടിച്ചു ഡെയ്സി മെല്ലെ എഴുന്നേറ്റു….

എന്തിനാ ശിവച്ഛാ ഈ ആശുപത്രിയിൽ വന്നത്…… ഒത്തിരി കാശായില്ലേ……

അത് നീയന്വേഷിക്കണ്ട… നിനക്ക് നല്ല ചികിത്സ കിട്ടണമെന്ന് മാത്രമേ ചിന്തിച്ചുള്ളൂ അപ്പോൾ …. ശിവച്ഛൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ ഡെയ്സിയ്ക്ക് ചിരിയാണ് വന്നത്…….. ശിവച്ഛൻ വണ്ടി ഓടിക്കുമ്പോഴും ശിവ എന്തൊക്കെയോ ആലോചനയിലായിരുന്നു…… ഡെയ്സി ക്ഷീണം കാരണം സീറ്റിലേക്ക് ചാരി കിടന്നു……. ഒരു കൈ വയറിനു മേലെ വെച്ചിട്ടുണ്ട്…… മുഖത്ത് ചെറിയൊരു ചിരിയുണ്ട്……. കണ്ണാടിയിൽ കൂടി അതെല്ലാം ശിവയുടെ കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു….. ചെറിയൊരു ചിരിയോടു കൂടി തന്നെ…… വീടെത്തിയപ്പോൾ ശിവച്ഛൻ ചോദിച്ചു…. കൊണ്ടു വിടണോ മോളെ…..

വേണ്ട ശിവച്ഛാ….. ഞാൻ പൊക്കോളാം….. ഇനി പോയി ഡോക്ടറെ കണ്ടോ…. ഇപ്പോൾ തന്നെ ഞാൻ കാരണം താമസിച്ചു….

അദ്ദേഹം അവളുടെ കവിളിൽ ഒന്നു തലോടി….. സൂക്ഷിക്കണം കേട്ടോ…… ഡെയ്സി അനുസരണയോടെ തലയാട്ടി……. രണ്ടാളെയും നോക്കിയിട്ട് മാറി കാർ ദൂരേക്ക് പോകുന്നതും നോക്കി നിന്നു…..

കതക് ചാരിയിട്ടേ ഉള്ളൂ…. ഇനി അമ്മച്ചിയെങ്ങാനും വന്നോ….. അകത്തേക്ക് കയറുമ്പോൾ ആലോചിച്ചു…. മുറിയിലേക്ക് ചെല്ലുമ്പോൾ റോയി കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു….. ഡെയ്സിയുടെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു…… പമ്മിപ്പമ്മി അടുത്തേക്ക് ചെന്നു…….

റോയിച്ചൻ എപ്പോഴാ വന്നത്…… ഇന്ന് പണിയില്ലായിരുന്നോ…….. അവളുടെ ചോദ്യം കേട്ട് റോയി അവളെയൊന്നു ദേഷ്യത്തിൽ നോക്കി…… വരാൻ താമസിച്ചതിന്റെ പിണക്കം എന്നു കരുതി അവൾ റോയിയുടെ അടുത്തേക്ക് വന്നു…. മുഖം വയറിലേക്ക് ചേർത്തു അമർത്തി പിടിച്ചു….. മെല്ലെ പറഞ്ഞു……നമുക്ക് കൂട്ടിന് ഒരാൾ വരുന്നുണ്ട് റോയിച്ചാ…….

റോയി ഡെയ്സിയെ ബലമായി പിടിച്ചു തള്ളി മാറ്റി നിർത്തി……….. പള്ളി പിരിഞ്ഞിട്ട് എത്ര നേരമായി…. എവിടെ ആയിരുന്നു നീ…..ഡെയ്സിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…….. അപ്പനും മകനുമൊപ്പം എവിടെയൊക്കെ ചുറ്റിക്കറങ്ങീട്ട് വരുവാടീ നീ….

റോയിച്ചാ…… ഞാൻ……. പറഞ്ഞു പൂർത്തിയാക്കും മുൻപേ കവിളിൽ റോയിയുടെ കൈ പതിച്ചു…. ശക്തിയിൽ……. അവളുടെ മുടിക്കുത്തിനു ചുറ്റിപ്പിടിച്ചു …….. ഡെയ്സി വേദന കൊണ്ട് റോയിയുടെ കയ്യിൽ പിടിച്ചു മാറ്റാൻ ശ്രമിച്ചു…….

നേരെ ചൊവ്വേയുള്ള പെണ്ണുങ്ങൾ എല്ലാം പള്ളിയിൽ പോയിട്ടു തിരിച്ചു വീട് പറ്റി….. എന്റെ ചിലവിൽ കഴിയുമ്പോൾ എന്നേ അനുസരിച്ചു ജീവിക്കണം ഇവിടെ…… അതല്ല വല്ലവന്റേം കൂടെ നടക്കാനാണ് പൂതിയെങ്കിൽ നിന്റെ വീട്ടിൽ പൊക്കോ… അവിടെയാവും സൗകര്യം കൂടുതൽ….. റോയി ഡെയ്സിയുടെ മുഖം തനിക്ക് നേരെ അടുപ്പിച്ചു പറഞ്ഞു……

ഡെയ്സിയ്ക്ക് ശബ്ദം വെളിയിലേക്ക് വന്നില്ല….. തലയ്ക്കുള്ളിൽ നല്ല വേദന…. ഇനിയും തലചുറ്റി വീഴുമെന്ന് ഭയന്നു റോയിയുടെ കയ്യിൽ പിടിച്ചു….. റോയി കൈ തട്ടി മാറ്റി മാറി നിന്നു….. ഡെയ്സി മേശമേൽ പിടിച്ചു ചാരി നിന്നു…… മുടിയെല്ലാം മുഖത്തേക്ക് അലങ്കോലമായി പറന്നു കളിച്ചു…….

അത്രയും വിലയുള്ള സ്വർണ്ണവും പണ്ടവുമെല്ലാം നിനക്ക് തരുമ്പോഴേ ഞാൻ മനസ്സിലാക്കണമായിരുന്നു നീയും അവരുമായുള്ള ബന്ധം….. ഞാനൊരു മണ്ടൻ….. മരമണ്ടൻ…… റോയി സ്വന്തം തലയ്ക്കിട്ടടിച്ചു….. ദേഷ്യത്തിൽ മേശപ്പുറത്തു ഇരുന്നതെല്ലാം തട്ടി താഴെക്കിട്ടു…. കലി തുള്ളി ഇറങ്ങിപ്പോയി…..

ഡെയ്സിയുടെ കണ്ണു നിറഞ്ഞൊഴുകി…… മെല്ലെ വന്നു കിടന്നു….. എന്തൊക്കെ വൃത്തികേടാണ് റോയിച്ചൻ പറഞ്ഞത്……. അതിലും വിഷമം താൻ ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും തന്നെ കുറ്റപ്പെടുത്താൻ കാണിച്ച ധ്രുതിയിലായിരുന്നു….. നമ്മുടെ കുഞ്ഞിനെക്കാൾ വലുതാണോ റോയിച്ചാ ഈ വാശിയും ദേഷ്യവുമൊക്കെ……. ഓർത്തപ്പോൾ കണ്ണുനീർ പിടിച്ചു വെക്കാനായില്ല ഡെയ്സിയ്ക്ക്…… ഓർത്തോർത്തു എങ്ങലടിച്ചു….

തടി തോളിൽ എടുത്തു മില്ലിലേക്ക് കയറ്റുകയായിരുന്നു റോയി… മുഖത്തെ കടുപ്പം കണ്ട് കൂടെയുള്ള വർഗീസ് ചോദിച്ചു………. എന്താടാ മുഖം കടന്നൽ കുത്തിയപോലെ… ഭാര്യ ഇട്ടേച്ചു പോയോ…. റോയി ദേഷ്യത്തിൽ അവനെയൊന്നു നോക്കി…….

നീയിങ്ങനെ നോക്കി ദഹിപ്പിക്കുവൊന്നും വേണ്ടാ…. ഞാനിങ്ങോട്ട് പോരും വഴി നിന്റെ ഭാര്യ മംഗലത്തെ വണ്ടിയിൽ ഇരുന്നു പോകുന്നത് കണ്ടു…. ഞാൻ ചോദിച്ചെന്നേയുള്ളു… ഓരോരുത്തരുടെയൊക്കെ ഭാഗ്യം….. വർഗീസ് അർത്ഥം വെച്ചു സംസാരിച്ചു…..

എടാ…. എടാ…. ദൈവദോഷം പറയാതെടാ….. ആ കൊച്ച് പള്ളീന്നു വരുമ്പോൾ തലചുറ്റി വീണു…. മംഗലത്തെ വണ്ടിയെ ആ വഴി വന്നുള്ളൂ….. എടുത്തു അതിൽ കയറ്റിയത് ഞാനും കൂടി കൂടിയാ….. തിരിച്ചും കൊണ്ടുവിട്ടത് അവരാവും…. അതിത്ര വലിയ ആനക്കാര്യമൊന്നുമല്ല…. നീയാണേലും ഞാൻ ആണെങ്കിലും അദ്ദേഹം അങ്ങനെയേ ചെയ്യൂ…… കൂടെയുള്ള തങ്കച്ചൻ ചേട്ടൻ വർഗീസിനെ നോക്കി പറഞ്ഞു…. അയാൾ പുച്ഛിച്ചു ചിരിച്ചപ്പോൾ തങ്കച്ചൻ ചേട്ടൻ വീണ്ടും പറഞ്ഞു…

ഈ നാട്ടിൽ മാധവൻ അദ്ദേഹത്തിനെക്കുറിച്ച് യാതൊരു എതിരഭിപ്രായവുമില്ല….. നല്ല മനുഷ്യനാണ്…കഴിഞ്ഞ ദിവസം നീയും കൈ നീട്ടി കടം വാങ്ങുന്നത് കണ്ടിരുന്നല്ലോ…. കാരണം പോലും ചോദിച്ചില്ലെന്ന് നീയല്ലേ പറഞ്ഞത്… അപ്പോൾ ആദ്ദേഹം ദൈവത്തെപ്പോലെയാണെന്നാണല്ലോ നീ പറഞ്ഞത്… ഇപ്പോ എന്താ ഇങ്ങനെ…. തങ്കച്ചൻ ചേട്ടൻ ഒന്നു നിർത്തി വിരൽ ചൂണ്ടി വർഗീസ്സിനോടായി പറഞ്ഞു…….. അസൂയ ആവാം വർഗീസേ….. അതുപക്ഷെ പെൺപിള്ളേരെ അനാവശ്യം പറഞ്ഞാവരുത്…. നിനക്കും എനിക്കുമുള്ളത് പെൺകുഞ്ഞാണ് ….. അതോർത്തു വേണം സംസാരിക്കാൻ….. അത്രയും കേട്ടപ്പോൾ വർഗീസ്സിന്  അടക്കമായി…… മര്യാദക്ക് ജോലി എടുക്കാൻ തുടങ്ങി…..

റോയിയുടെ മനസ്സിൽ ഡെയ്സി തല ചുറ്റി വീണ ചിന്തയായിരുന്നു….. അറിഞ്ഞില്ലല്ലോ കർത്താവെ… അവളോട് സംസാരിച്ചതെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു…. കാതിൽ അവൾ പറഞ്ഞത് ഇപ്പോഴാണ് തനിക്ക് കേൾക്കാൻ സാധിച്ചത്….. കണ്ണടച്ചു നെറ്റി തിരുമ്മി…. ദേഷ്യം വന്നാൽ കണ്ണും കാതും കൊട്ടിയടയും….. ഒന്നും കാണില്ല കേൾക്കില്ല….. എന്റെ ഡെയ്സി……. ഈശോയെ…. ആദ്യമായിട്ടാ അടിക്കുന്നത്…. അതും ഇങ്ങനെ ഇരിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത്……. എങ്ങനെ വീടെത്തിയെന്ന് റോയിക്കും അറിയില്ല…… കതക് തുറന്നു കിടപ്പുണ്ട്… അടുക്കളയിലും പിൻവശത്തും നോക്കി കാണാഞ്ഞപ്പോൾ മുറിയിലേക്ക് ഓടിച്ചെന്നു….. സാരി പോലും മാറാതെ മുടി ഒതുക്കി വെക്കാതെ വന്ന കോലത്തിൽ തന്നെ കിടക്കുകയാണ്…. ഏങ്ങലടിയിൽ ഇടയ്ക്കിടെ ശരീരം വിറയ്ക്കുന്നുണ്ട്……. റോയിക്ക് വല്ലാത്ത വിഷമം തോന്നി….

അവരുടെ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ…… അവളെ സ്നേഹത്തോടെ നോക്കിയിരിക്കുന്ന ശിവയെ കണ്ടപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല….. അന്നുമിന്നും ശിവ ഡെയ്സിയെ നോക്കുന്നത് തനിക്കിഷ്ടമല്ല…. അവളെ നോക്കുമ്പോൾ അവന്റെ കണ്ണുകൾക്ക് വല്ലാത്തൊരു ഭംഗിയാണ്….. തനിക്കത് കാണാൻ സാധിക്കും……. റോയി ഡെയ്സിയുടെ അരികിൽ പോയിരുന്നു….. അവളെ തിരിച്ചു കിടത്തി…. കരഞ്ഞു മുഖമെല്ലാം വാടിതളർന്നു…… റോയിയെ കണ്ടപ്പോൾ ഡെയ്സി എഴുന്നേൽക്കാൻ ആഞ്ഞു….. അതിനു സാധിക്കാതെ വീണുപോയി…. ഇത്രയും നേരം ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് ആകെ തളർന്നു പോയിരിക്കുന്നു….. റോയി ഡെയ്സിയെ നെഞ്ചിൽ ചേർത്തു പിടിച്ചു……

പോട്ടെ പെണ്ണേ… ദേഷ്യം വന്നാൽ കണ്ണു കാണില്ല എനിക്ക്… നിയന്ത്രിക്കാൻ സാധിക്കില്ല എന്നെക്കൊണ്ട്… നിനക്കറിയില്ലേ എനിക്ക് ശിവയെ ഇഷ്ടമില്ലെന്ന്… അപ്പോൾ പിന്നെ അവരുടെ കൂടെ വരുന്ന നിന്നെ കാണുമ്പോൾ എനിക്കെത്ര ദേഷ്യം വരുമെന്ന് ഓർത്തുനോക്കിയേ……… ഡെയ്സി ഒന്നും മിണ്ടിയില്ല….. ചേർത്തു പിടിച്ചിരിക്കുന്ന റോയിച്ചനെ തിരിച്ചൊന്നു പിടിക്കാൻ പോലും മനസ്സു വന്നില്ല…. തന്റെ വയറു തലോടുന്ന റോയിച്ചന്റെ കൈ പിടിച്ചു മാറ്റി എഴുന്നേറ്റു….

ദേഷ്യം കാണിക്കല്ലേ ഡെയ്സി… ഞാൻ ഇങ്ങനെ ഒക്കെയാ… അപ്പോഴത്തെ ദേഷ്യത്തിന് എന്തെങ്കിലും ഒക്കെ പറയുമെന്നേ ഉള്ളൂ…. ഈയവസ്ഥയിൽ തല്ലാൻ പാടില്ലായിരുന്നു……വേദനിച്ചോ നിനക്ക്…….വിട്ടേക്ക് പെണ്ണേ……. റോയിച്ചനല്ലേ… സാരമില്ല…… ഡെയ്സിയെ വീണ്ടും അടുത്തു പിടിച്ചിരുത്തി റോയ് പറഞ്ഞു……

തല്ലു കൊണ്ടതിന്റെ വേദന എപ്പോഴേ പോയി റോയിച്ചാ….. നിങ്ങൾ പറഞ്ഞ വർത്തമാനം ഒരിക്കലും മറക്കാൻ പറ്റുന്നതല്ല……….. ഓടി വന്നതാ ഞാൻ….. എത്ര സന്തോഷം ആയിരുന്നെന്നോ നിങ്ങളോട് ഈയൊരു കാര്യം പറയാൻ…. പക്ഷേ നിങ്ങൾ പ്രാധാന്യം കൊടുക്കുന്നത് ദേഷ്യത്തിനും വാശിക്കുമാണെന്ന് ഞാനോർക്കണമായിരുന്നു…. ഡെയ്സി പറഞ്ഞത് റോയി ഒന്നും മിണ്ടാതെ കേട്ടിരുന്നു……. താനടിച്ച കവിളിൽ ഒന്നു തലോടി….. തെറ്റ് തന്റേതാണെന്ന് റോയിക്ക് ശരിക്കുമറിയാം……

എനിക്ക് വീട്ടിൽ പോകണം….. അമ്മച്ചിയെ കാണാൻ തോന്നുന്നു…… ഡെയ്സി റോയിയെ നോക്കാതെ പറഞ്ഞു….

പിണങ്ങി പോവണോ …. അതോ ഞാൻ വീട്ടിൽ പൊക്കോളാൻ പറഞ്ഞതിനോ…. എന്തൊക്കെയായാലും ഡെയ്സി ഇല്ലാതെ തനിക്ക് പറ്റില്ല…. ആലോചിച്ചു വിഷമിച്ചിരിക്കുന്ന റോയിയെ കണ്ടപ്പോൾ ഡെയ്സി അടിയുടെ വേദന എല്ലാം മറന്നു….. തോളിലേക്ക് ചാഞ്ഞു പറഞ്ഞു ……. എനിക്ക് ഒട്ടും വയ്യാത്തത് പോലെ തോന്നുവാ…… ഇവിടെയും ആരുമില്ലല്ലോ….. നമുക്ക് വീട്ടിൽ പോകാം……

ഞാനില്ലേ ഇവിടെ….. ഞാൻ നോക്കിയാൽ പോരേ നിന്നെ…. നിർബന്ധം ആണെങ്കിൽ നാളെ പോകാം നമുക്ക്…. ഇന്ന് നിന്നോടും കുഞ്ഞിനോടും ഒരുപാട് സംസാരിക്കാൻ ഉണ്ട് എനിക്ക്…. റോയി പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ ഡെയ്സി സമ്മതിച്ചു….അന്നത്തെ ദിവസം ഡെയ്സിയെ ചുറ്റിപ്പറ്റി അവളെയും സഹായിച്ചു റോയി നടന്നു…. രാത്രിയിൽ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഗുളിക കഴിക്കാൻ എടുത്തപ്പോഴാണ് അതിന്റെ കവറിൽ ഹോസ്പിറ്റലിന്റെ പേര് കണ്ടത്……

ഇത്….. ഈ ആശുപത്രിയിൽ ഒരുപാട് പൈസ ആയിക്കാണില്ലേ… അവർക്ക് ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുപോയാൽ പോരായിരുന്നോ…. റോയി പറഞ്ഞു തിരിഞ്ഞതും ഡെയ്സിയുടെ മുഖത്തെ തെളിച്ചം മായുന്നത് കണ്ടു….

ബോധം കെട്ട് കിടന്നപ്പോൾ എന്നേ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ടു പോയാൽ മതിയെന്ന് പറയാൻ സാധിച്ചില്ല റോയിച്ചാ….

ഇനി ഇതിന്റെ പേരിൽ മുഖം കറുപ്പിക്കണ്ട….. കയ്യിലേക്ക് ഗുളിക വെച്ചു കൊടുത്തിട്ട് റോയി പറഞ്ഞു…..

പിറ്റേന്ന് അമ്മച്ചി വന്നപ്പോൾ റോയി വെള്ളം കോരുകയായിരുന്നു… ഡെയ്സി അതും നോക്കി അടുത്തു തന്നെ ഇരുപ്പുണ്ട്…

ആ… കൊള്ളാടാ…. എങ്കിൽ പിന്നെയാ അടുക്കളപ്പണി കൂടെ ചെയ്യ്…. എന്നിട്ട് അവളുടെ അടിപ്പാവാടയും കൂടെ കഴുകി കൊടുക്ക്….. എല്ലാം പൂർത്തിയാകും….. അമ്മച്ചിയുടെ പറച്ചിൽ കേട്ട് റിൻസി വാ പൊത്തി ചിരിച്ചു……

ആ… വേണേൽ അതും ഞാൻ ചെയ്യും.. കാണണോ…. റോയി പറഞ്ഞതിന് മറുപടിയായി അമ്മച്ചി പറഞ്ഞു… പെങ്കോന്തൻ……… എന്നിട്ട് ഡെയ്സിയെ തറപ്പിച്ചു നോക്കിയിട്ട് അകത്തേക്ക് പോയി…. വിശേഷം അറിയുമ്പോൾ അമ്മച്ചിയുടെ ഈ ദേഷ്യം മാറുമെന്ന് ഡെയ്സിയ്ക്ക് അറിയാമായിരുന്നു…. അവളും അമ്മച്ചിയുടെ പിറകെ പോയി…. കാര്യം അറിഞ്ഞപ്പോൾ അമ്മച്ചിയുടെ മുഖം തെളിഞ്ഞു…… റിൻസി തുള്ളിച്ചാടി…..

വീട്ടിലും മറിച്ചായിരുന്നില്ല അവസ്ഥ….. അപ്പച്ചനും അമ്മച്ചിക്കും ഒരുപാട് സന്തോഷം ആയി….. പക്ഷേ അവളുമാരുടെ മുഖം അത്ര തെളിയാതെ തന്നെ ഇരുന്നു…… പുതിയ കാര്യം എന്താണെന്ന് അമ്മച്ചിയോടു ഡെയ്സി തിരക്കി………. കാശ് തന്നെയാ പ്രശ്നം….. അവളുമാർക്ക് ധൂർത്തടിക്കാൻ അപ്പൻ കാശ് കൊടുക്കുന്നില്ല…. അത്ര തന്നെ പ്രശ്നം….. നിനക്ക് വേണ്ടി ചിലവാക്കാൻ നേരം അപ്പന്റെ കയ്യിൽ കാശുണ്ടെന്ന്…..

അല്ലെങ്കിലും അപ്പച്ചനും അമ്മച്ചിക്കും ചേച്ചിയെയാ ഞങ്ങളെക്കാൾ ഇഷ്ടം….. ഞങ്ങൾ രണ്ടാളും അവരുടേത് അല്ലാത്തത് പോലെയാ പെരുമാറ്റം…. ഞങ്ങൾക്ക് വേണ്ടി ചിലവാക്കാൻ ആവുമ്പോൾ നൂറു ന്യായങ്ങളാ… ഇനി ആ കൊച്ചു കൂടി വന്നാൽ പിന്നെ പറയുകേം വേണ്ടാ…. ചേച്ചീടെ പ്രസവം എന്നൊക്കെ പറഞ്ഞു നയാ പൈസ ഇനി കിട്ടില്ല… എല്ലാം കൂട്ടിവെയ്ക്കും…… ആനിയാണ് പറഞ്ഞതെങ്കിലും അതിന്റെ സൂത്രധാരൻ ഞാൻ പാവം എന്ന മട്ടിൽ പിന്നിൽ നിൽപ്പുണ്ടായിരുന്നു……….. വീട്ടിൽ റിൻസി ഉള്ളത് കൊണ്ട് അനിയത്തിമാരുടെ കുശുമ്പും വഴക്കുമൊക്കെ റോയിച്ചന് മനസ്സിലാവുമെന്ന് ഡെയ്സിയ്ക്ക് അറിയാം….

ആരും വിഷമിക്കേണ്ട…… കൊച്ച് എന്റെയാണേൽ അതിന്റെ ചിലവ് നോക്കാനും എനിക്കറിയാം….. ഇനി ഡെയ്സിയ്ക്ക് വേണ്ടി അപ്പച്ചൻ ഒന്നും മുടക്കണ്ട…… പിന്നെ ഞാൻ എന്തിനാണ്…… റോയി പറഞ്ഞത് രണ്ടിനും അത്ര സുഖിച്ചില്ല…… മാത്രമല്ല അപ്പച്ചന്റെയും അമ്മച്ചിയുടെയും ദേഷ്യത്തിലുള്ള മുഖം കാണേണ്ടി വരികയും ചെയ്തു….

പള്ളിക്കൂടത്തിൽ മറ്റുള്ളവരെ പോലെ തുള്ളാൻ തുടങ്ങിയാൽ താഴെ വീഴത്തെയുള്ളു നീ രണ്ടും…. അവനവനെ കൊണ്ട് ആവുന്നത് ചെയ്താൽ പോരേ…. പറഞ്ഞു പറഞ്ഞു മടുത്തു ഞാൻ……. അമ്മച്ചി രണ്ടിനെയും വഴക്ക് പറഞ്ഞപ്പോൾ ഡെയ്സി എല്ലാം ശരിയാവുമെന്ന് പറഞ്ഞു അമ്മച്ചിയെ ആശ്വസിപ്പിച്ചു………..

ഉടനെ വരും…..

A.. M.. Y..

അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചു കെട്ടുകയും ചെയ്യുന്നു… (സങ്കീർത്തനങ്ങൾ 147:3) 

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!