ഡെയ്സിയുടെ വയർ വീർത്തു…അതിനനുസരിച്ചു അസ്വസ്ഥതകളും കൂടി കൂടി വന്നു…. മുഖത്തു ഭംഗി കൂടി….. ഡെയ്സിയുടെ ഇഷ്ടമനുസരിച്ചു റോയി കുറച്ചു നാളായി കുടിക്കാറില്ലായിരുന്നു….. പക്ഷേ ഒരു ദിവസം വന്നപ്പോൾ നന്നായി കുടിച്ചിട്ടുണ്ടായിരുന്നു…. മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു….കാര്യമെന്തെന്ന് ചോദിച്ചിട്ട് ആദ്യമൊന്നും പറയാൻ താല്പര്യം കാണിച്ചില്ല… പിന്നെ ഡെയ്സിയുടെ മുഖത്തെ വിഷമം കണ്ടപ്പോൾ മെല്ലെ പറഞ്ഞു…
ശിവച്ഛനെ ഇന്ന് കണ്ടപ്പോൾ ഡെയ്സിയുടെ കാര്യം അന്വേഷിച്ചുവെന്ന്….. എന്ത് ആവശ്യം വന്നാലും ചോദിക്കാൻ മടിക്കരുതെന്ന് പറഞ്ഞുവെന്ന് …
അല്ലാ…. എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ… ആ അപ്പനും മോനും നിന്റെ കാര്യത്തിൽ മാത്രമെന്താ ഇത്രയും ആകാംക്ഷ കാണിക്കുന്നത്… ഇവിടെ വേറെയും പെണ്ണുങ്ങൾ ഉണ്ടല്ലോ…… പറച്ചിൽ കേട്ടാൽ തോന്നും അയാളുടെ മോന്റെ കുഞ്ഞാണെന്ന്.. അവളെ നന്നായി നോക്കണമെന്ന്…….. അത് അയാൾ പറഞ്ഞിട്ട് വേണോ…. എന്റെ ഭാര്യയെ നോക്കാൻ എനിക്കറിഞ്ഞൂടെ… ഞാനിവിടെ നിന്നെയിട്ടു കഷ്ടപ്പെടുത്തും പോലെയാ പറച്ചിൽ ഒക്കെ……. റോയി സംശയത്തിൽ ഡെയ്സിയെ ഒന്നു നോക്കി… എന്നിട്ട് ചോദിച്ചു… ഇനി നീയെങ്ങാനും പോയി പറഞ്ഞിട്ടുണ്ടോ അവിടെ ഞാൻ നിന്നെ ഇവിടെയിട്ടു കഷ്ടപ്പെടുത്തുവാണെന്ന്…..
ഡെയ്സി ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കിയിരുന്നു….. പറഞ്ഞിട്ട് കാര്യമില്ല… സംശയം ഒരു രോഗമായിരുന്നെങ്കിൽ മരുന്നു കഴിച്ചു മാറ്റാമായിരുന്നു…. ഇതിപ്പോ……. ഡെയ്സി ദീർഘാശ്വാസം വിട്ടു.. അവിടെ നിന്നും പതിയെ എഴുന്നേറ്റു പോയി….ശിവച്ഛൻ തന്നോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണെന്ന് അറിയാം…. ആ രണ്ടു ജീവനുകൾ ഡെയ്സിക്കാരാണെന്ന് പറഞ്ഞാലും ആർക്കും മനസ്സിലാവില്ല…. അല്ലെങ്കിൽ കർത്താവ് ഇറങ്ങി വന്നു പറയണം… എങ്കിലും വിശ്വസിക്കുമോയെന്നു സംശയമാണ്….
ഡെയ്സിയുടെ വയർ വലുതാവുന്നതിനനുസരിച്ചു ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള മാറ്റങ്ങളും വന്നു തുടങ്ങി…. മുൻപിൽ കാണും പോലെ എപ്പോഴും കുഞ്ഞിനോട് സംസാരിക്കും…. അനക്കം അറിയുമ്പോൾ വല്ലാത്തൊരു വാത്സല്യത്തോടെ തലോടും….. ഊണിലും ഉറക്കത്തിലും കുഞ്ഞിനെക്കുറിച്ച് മാത്രമായി അവളുടെ ചിന്ത…… വയറിൽ തലോടി ഇരിക്കുമ്പോൾ അറിയാതെ തന്നെ ശിവയുടെ ചിന്ത വരും…… ദേവിയമ്മയെക്കുറിച്ച് ഓർക്കും….. കണ്ടിട്ട് നാളുകളായി….. രണ്ടാളെയും ഒന്നു കാണണമെന്ന് തോന്നിയപ്പോൾ റോയിച്ചനോട് ചോദിച്ചിട്ട് വീട്ടിലേക്കു പോയി….. റോയിച്ചന് ഇഷ്ടമില്ലെന്ന് അറിയാം…. പോകാതിരിക്കാൻ തന്നെക്കൊണ്ട് ആവില്ല….. കാലുകൾ അറിയാതെ അങ്ങോട്ടേക്ക് ചലിക്കും…… ആ രണ്ടു ജീവനുകളെ അന്വേഷിക്കാനും സ്നേഹിക്കാനും താൻ മാത്രമേയുള്ളു എന്നുള്ള ചിന്തയിൽ ഡെയ്സി മംഗലത്തേക്ക് നടന്നു…. ശിവച്ഛനെ അവിടെയെങ്ങും കണ്ടില്ല….. അകത്തേക്ക് കയറി വിളിച്ചിട്ടും ഒരു അനക്കവുമില്ല….. വയറു താങ്ങിപ്പിടിച്ചു ഒരു വിധം മുകളിൽ ശിവയുടെ മുറിയിലെത്തി….. ഉറക്കമാണ്….. മുഖം പണ്ടത്തെത്തിലും ക്ഷീണിച്ചിട്ടുണ്ട്…. അടുത്തേക്ക് ഒരു കസേര വലിച്ചിട്ടിട്ട് മെല്ലെ ഇരുന്നു…… എങ്ങനാ വിളിക്കുക…. ഇന്നേവരെ ശിവയെ താൻ ഒന്നും വിളിച്ചിട്ടില്ല….. ശിവയെന്നോ ചേട്ടനെന്നോ ഒന്നും….. ഡെയ്സി കയ്യിൽ പതിയെ തട്ടി വിളിച്ചു…. ഒന്നു തിരിഞ്ഞിട്ട് വീണ്ടും കിടന്നു…. ഒന്നുകൂടി തട്ടി വിളിച്ചു ഡെയ്സി……. കണ്ണു തുറന്നു ഡെയ്സിയെ കണ്ടതിന്റെ അത്ഭുതത്തിൽ കണ്ണും മിഴിച്ചു കിടക്കുവാണ് ആള്….. പിന്നെ കണ്ണു തിരുമ്മി ഒന്നുകൂടി സൂക്ഷിച്ചു നോക്കി………… ഇത് ഞാൻ തന്നെയാ…. ഡെയ്സി ചിരിയോടെ പറഞ്ഞു……
ഞാനിപ്പോൾ നിന്നെ സ്വപ്നം കണ്ടതേയുള്ളു കൊച്ചേ …… എന്റെ അരികിൽ വരുന്നതായിട്ട്…… അടുത്ത് ഇരിക്കുന്നതായിട്ട്…….. ശിവ കുറച്ചു അത്ഭുതത്തോടെ പറഞ്ഞു…….
കണ്ടോ… ഞാനറിഞ്ഞു എന്നേ ഓർക്കുന്നുണ്ടെന്ന്… അതാണ് വന്നത്……… ഡെയ്സി പറഞ്ഞു……… ശിവച്ഛൻ എവിടെ കണ്ടേയില്ലല്ലോ…. ഇല്ലേ ഇവിടെ…….
ഉണ്ടായിരുന്നല്ലോ ഇവിടെ…… പറമ്പിലേക്ക് ഇറങ്ങീതാവും…. എന്നിട്ട് അവൾ ഇരുന്നതിന്റെ പിന്നിലേക്ക് വിരൽ ചൂണ്ടി കാണിച്ചിട്ട് നോക്കാൻ പറഞ്ഞു …. ഡെയ്സി പിന്നിലേക്ക് നോക്കി…..
മോണ കാട്ടി ചിരിക്കുന്ന ഒരു കുഞ്ഞു വാവയുടെ ചിത്രം…… ഡെയ്സി എടുത്തു പിടിച്ചിരിക്കുകയാണ് ….. നക്ഷത്ര കമ്മലിൽ വെള്ള ഉടുപ്പിൽ അതൊരു പെൺകുഞ്ഞാണെന്ന് മനസ്സിലായി…….എവിടൊക്കെയോ തന്റെ ഛായ ഉള്ളതു പോലെ….. താൻ പഴയതുപോലെ ചിരിച്ചു തന്നെ കുഞ്ഞിനെയുമെടുത്തു നിൽപ്പുണ്ട്…….. ഡെയ്സിയുടെ കണ്ണു രണ്ടും നിറഞ്ഞൊഴുകി…. എന്നും സംസാരിക്കുന്ന തന്റെ കുഞ്ഞിനെ നേരിൽ കണ്ടപോലെ……
പെൺകുഞ്ഞാവും.. നിന്നെപ്പോലെ ഒരു മാലാഖാകുഞ്ഞു മതി എനിക്ക് …. ശിവ അതു പറഞ്ഞപ്പോൾ ഡെയ്സി ചിരിച്ചു…..
ഇത് തീരുമാനിക്കുന്നത് ഞാനല്ല…. കർത്താവല്ലേ….. ആണായാലും പെണ്ണായാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കണം ……..പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഡെയ്സിയുടെ മുഖം ചുളിഞ്ഞു ….. വയറു പൊത്തി പിടിച്ചു കുനിഞ്ഞിരുന്നു ……
എന്താ ഡെയ്സി….. എന്തു പറ്റി…. ശിവ ചാടിയെഴുന്നേറ്റു ചോദിച്ചു… നിനക്ക് വയ്യേ…. ഹോസ്പിറ്റലിൽ പോണോ…. പേടിച്ചുള്ള ശിവയുടെ ചോദ്യം കേട്ടപ്പോൾ ഡെയ്സി വേദന മറന്നു പതിയെ ചിരിച്ചു……. പേടിച്ചു നിൽക്കുന്ന ശിവയെ പിടിച്ചിരുത്തി എന്നിട്ട് അയാളുടെ കയ്യെടുത്തു വയറിൽ വെച്ചു….. കയ്യിൽ എന്തോ ഒന്ന് അനങ്ങും പോലെ….. ശിവ ഞെട്ടി പെട്ടെന്ന് കൈ തിരിച്ചു വലിച്ചു…… എന്താദ്……… ശിവ അത്ഭുതത്തോടെ ചോദിച്ചു…. ചിരിച്ചു കൊണ്ടിരിക്കുന്ന ഡെയ്സിയെ ഒന്നു നോക്കിയിട്ട് വീണ്ടും മടിച്ചു മടിച്ചു കൈ വെച്ചു നോക്കി….. അനങ്ങുന്നു…… ശിവ പറഞ്ഞു…. ശിവയുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ ഒരു ചിരിയോടെ നോക്കിക്കാണുകയായിരുന്നു ഡെയ്സി…… ആ കയ്യിലെ അനക്കത്തിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയാണ് ആള്…… ഇടയ്ക്ക് അവിടെ നിന്നും വല്ല ശബ്ദവും വരുന്നുണ്ടോന്നറിയാൻ ചെവി വെച്ചു നോക്കുന്നുമുണ്ട്……. ശിവയെ അടുത്തറിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു ഇന്ന് കുഞ്ഞും ഒരിക്കലുമില്ലാത്ത കുത്തിമറിയലാണ്…… ഇടയ്ക്ക് വേദന എടുത്തെങ്കിലും അതെല്ലാം കടിച്ചു പിടിച്ചു ഡെയ്സി ശിവയുടെ സന്തോഷം കാണാൻ അനങ്ങാതെ നിന്നു…….. അനക്കം നിന്നപ്പോൾ ആള് കൈ തിരികെ വലിച്ചു…..അത്രയും സന്തോഷത്തിൽ താനിതു വരെ ശിവയെ കണ്ടിട്ടില്ല……
നിനക്ക് വേദനിക്കില്ലേ ഡെയ്സി.. ഇതെന്താ ഇങ്ങനെ കുഞ്ഞ് അനങ്ങുന്നത്…… എപ്പോഴും ഇങ്ങനെ ആണോ…… കാലൊക്കെ കണ്ടോ… ദേ ഇത്രേയുള്ളൂ….. തന്റെ വിരൽ നീട്ടി കാണിച്ചു ശിവ പറഞ്ഞു…… ശിവയുടെ കണ്ണും മിഴിച്ചുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ ഡെയ്സിയ്ക്ക് തോന്നിയത് ഒരു കൊച്ചുകുഞ്ഞു സംശയങ്ങൾ ചോദിക്കുന്നതായിട്ടാണ്…….. കണ്ണിൽ നിറയെ അത്ഭുതമാണ്….. ആ അനക്കം ഇപ്പോഴും അനുഭവിക്കും പോലെ ഇടയ്ക്കിടെ കയ്യിൽ നോക്കുന്നുണ്ട്….
എപ്പോഴുമൊന്നും അനങ്ങില്ല…. ഇഷ്ടമുള്ളവർ അടുത്തുണ്ടെന്നു കുഞ്ഞിന് തോന്നുമ്പോൾ ഇങ്ങനെ അനങ്ങി സന്തോഷം പ്രകടിപ്പിക്കും…… സംസാരിക്കാൻ പറ്റില്ലല്ലോ ഇപ്പോൾ…… എന്നിട്ട് വീണ്ടും കിടന്നുറങ്ങും….. ഒരു കുഞ്ഞിനോട് പറയും പോലെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു ഡെയ്സി …..
നിന്നെ കാണുമ്പോഴേ എനിക്ക് വല്ലാത്ത വിഷമം വരുന്നു ഡെയ്സി ……… എന്റെ അമ്മയും ഇങ്ങനെ ആയിരുന്നിരിക്കും അല്ലേ……. ഞാനും ഇതേപോലെ വേദനിപ്പിച്ചിട്ടുണ്ടാവില്ലേ അമ്മയെ …..ശിവയുടെ കണ്ണൊക്കെ നിറഞ്ഞു….
കുഞ്ഞ് അനങ്ങുമ്പോൾ അമ്മയ്ക്ക് വേദനിക്കില്ലല്ലോ …. അനങ്ങിയില്ലെങ്കിലാണ് വിഷമം വരുക…….അമ്മയോട് പിന്നെങ്ങനാ കുഞ്ഞു അതിന്റെ വിശേഷങ്ങൾ ഒക്കെയും പറയുക…… ഡെയ്സി പറയുന്നതെല്ലാം ശിവ നിറകണ്ണുകളോടെ കേട്ടിരുന്നു….. ദയനീയമായ ആ നോട്ടം ഡെയ്സിയുടെ നെഞ്ചു പൊള്ളിച്ചു…….. തന്റെ ആദ്യത്തെ കുഞ്ഞിന്റെ മുഖം രണ്ടു കയ്യിലുമെടുത്തു…….. ശിവയുടെ മുഖം വയറിലേക്ക് ചേർത്തു പിടിച്ചു….. മുടിയൊതുക്കി നെറുകയിൽ ചുണ്ടു ചേർത്തു……… കണ്ണുനീർ കൊണ്ടു സാരി നനയുന്നത് അവളറിഞ്ഞു……. തന്നെ കണ്ടപ്പോൾ കുഞ്ഞിന്റെ അനക്കം അറിഞ്ഞപ്പോൾ ദേവിയമ്മ ശിവയുടെ മനസ്സിലേക്ക് വന്നിരിക്കും ….. അമ്മയെ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് ശിവയുടെ മനസ്സ്…… നാളുകൾ അകന്നിരുന്നാലും കൂടുതൽ കൂടുതൽ വലിച്ചടുപ്പിക്കുന്ന ഒരേയൊരു ബന്ധം…… കൂടെ ഇല്ലെന്ന് മനസ്സ് അംഗീകരിക്കാത്ത……. ഇല്ലെന്നറിഞ്ഞാലും ഓരോ നിമിഷവും കൊതിച്ചു പോകുന്ന ഒരേയൊരു ബന്ധം…….ഒരമ്മയുടെയും കുഞ്ഞിന്റെയും ബന്ധം, അതിപ്പോൾ തനിക്ക് നന്നായി മനസ്സിലാവും…. തന്നെ ചേർത്തു പിടിച്ചു ഏങ്ങിക്കരയുന്ന ശിവയുടെ കൈകൾ പതിയെ വിടുവിച്ചു…… കണ്ണുനീർ ഡെയ്സി ഒപ്പിയെടുത്തു… കരയരുതെന്ന് മനസ്സു കൊണ്ടു പറഞ്ഞു…. അനുസരിക്കാതെ വന്നപ്പോൾ കണ്ണുകൾ കൊണ്ടു ശാസിച്ചു……. സാരിയുടെ തുമ്പെടുത്തു മുഖം തുടച്ചു കൊടുത്തു….. എന്നത്തേയും പോലെ ഉള്ളിലുള്ളത് പുറത്തു കാട്ടാതെ എപ്പോഴും കൊടുക്കാറുള്ള ചിരി കൊടുത്തു ശിവ ഡെയ്സിയ്ക്ക് …….
പോകാൻ തിരിച്ചു പടിയിറങ്ങുമ്പോൾ വളരെ ശ്രദ്ധയോടെ ഡെയ്സിയുടെ ഒരു കയ്യിൽ ശിവ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു…വേദനിപ്പിക്കാതെ.. അവൾ എടുത്തു വെക്കുന്ന ഓരോ അടിയിലും നോക്കി നോക്കി താഴെ വരെ കൊണ്ടു വന്നു….. ശിവച്ഛൻ താഴെ അത് നോക്കി നിൽക്കുകയാണ്….ചിരിയോടെ……
എന്തിനാണ് മോളേ വയ്യാതെ പടിയെല്ലാം കയറാൻ നിന്നത്…. വിളിച്ചാൽ അവനിറങ്ങി വരില്ലായിരുന്നോ…
ഞാൻ രണ്ടാളെയും ഒരുപാട് വിളിച്ചു ശിവച്ഛാ… ആരും കേട്ടില്ല… പിന്നെ പടികൾ കയറാനുള്ള ബുദ്ധിമുട്ട് ഓർത്തു തിരിച്ചു പോകാനിരുന്നതാ…. എങ്കിലും ഇവിടെ വരെ വന്നിട്ട് ഒന്നു കാണാതെ പോയാൽ എനിക്ക് വിഷമമാകും…. അതോണ്ടാ…… ഡെയ്സി പറയുന്നത് കേട്ട് രണ്ടാളും ദയനീയമായി അവളെ നോക്കി നിന്നു……. സന്തോഷം ഉള്ളിലുണ്ടെണ്ടെങ്കിലും വീർത്ത വയറും താങ്ങി നിൽക്കുന്ന അവളെ കാണുമ്പോൾ രണ്ടാളുടെയും മുഖത്ത് അലിവു മാത്രമാണ് ……… വല്ലാത്ത വേദനയും……
റോയി എന്താ മോളേ വിളിച്ചിട്ടും നിൽക്കാതെ പോയത്….ഇനി ചിലപ്പോൾ കേട്ട് കാണില്ലേ ….. ശിവച്ഛൻ പറയുന്നത് കേട്ടപ്പോൾ ഡെയ്സിയുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി…. പക്ഷേ രണ്ടാളുടെയും മുന്നിൽ വെച്ച് ആ പേടി മുഖത്തു കാണിച്ചില്ല ഡെയ്സി….. യാത്ര പറഞ്ഞു വീട്ടിലേക്ക് തിരികെ നടന്നു കയറുമ്പോൾ കാലിനു ബലം ഇല്ലാത്തത് പോലെ തോന്നി….റോയിച്ചൻ ഇല്ലാന്നുള്ള ഉറപ്പിലാ പോയത്…. രണ്ടാളെയും കാണാൻ അതുപോലെ മനസ്സ് കൊതിച്ചത് കൊണ്ട്….. എന്റെ കർത്താവേ….. ചങ്കിടിച്ചിട്ട് വയ്യ… ഡെയ്സി നെഞ്ചിൽ കൈ വെച്ചു……
വീട്ടിൽ വന്നപ്പോൾ റോയിച്ചൻ ഉണ്ടായിരുന്നില്ല.. വൈകുന്നേരം അപ്പച്ചൻ കൊണ്ടു വിട്ടു… നിർബന്ധം പിടിച്ചു വന്നെന്നു വേണം പറയാൻ… വീട്ടിലും ഉണ്ടായിരുന്നില്ല ആള്… വരുന്നതും കാത്തിരുന്നു… മംഗലത്തു പോയതിന് നല്ല ചീത്ത കേൾക്കും ഉറപ്പ്… എങ്കിലും പറഞ്ഞു നിൽക്കാം എന്നുള്ള ഒരു വിശ്വാസം ഉണ്ട്……. വഴിയിലേക്ക് കണ്ണെത്തും പോലെ തന്നെ കർത്താവിലേക്കും കണ്ണുകൾ പോകുന്നുണ്ട്…. റോയിച്ചനെ കണ്ടപ്പോൾ ആശ്വാസത്തിനൊപ്പം വിഷമവും തോന്നി…. എന്നും ഉള്ളതിനേക്കാൾ ഏറെ കുടിച്ചിട്ടുണ്ടായിരുന്നു….. കാലുകൾ നിലത്തുറയ്ക്കുന്നില്ല….. ആടിയാടി തന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ മുറിയിലേക്ക് പോയി……പിന്നാലെ ചെന്നതും ശിവ പെട്ടെന്ന് വാതിലടച്ചു കുറ്റിയിട്ടു……. ഡെയ്സി ഒന്ന് ഞെട്ടി പിന്നോട്ട് രണ്ടടി മാറി……എന്തോ നടക്കുമെന്ന് ഉറപ്പായത് പോലെ വയറിനെ രണ്ടു കയ്യാൽ പൊതിഞ്ഞു പിടിച്ചു…..
എന്തിനാണ് മംഗലത്തെ കെട്ടിലമ്മ റോയിയുടെ ചെറ്റക്കുടിലേക്ക് വന്നത്…… അവിടെ നിന്നാൽ പോരായിരുന്നോ….. സ്വർണവും പണവും പോരാഞ്ഞ് ആവശ്യത്തിന് രണ്ട് ആണുങ്ങളും കൂട്ടിനുണ്ട്……
ഡെയ്സിയ്ക്കത് മാത്രം സഹിക്കാൻ കഴിഞ്ഞില്ല… ഇത്രയും നാൾ ശിവയെ കുറിച്ച് മാത്രം കേട്ടാൽ മതിയായിരുന്നു…. ഇതിപ്പോൾ ശിവച്ഛനെയും കൂടെ……………… കുടിച്ചിട്ട് അനാവശ്യം പറയരുത് റോയിച്ചാ…… കർത്താവിന് നിരക്കാത്തത് പറയരുത്…….. ഡെയ്സി പറഞ്ഞതും അവളുടെ രണ്ടു തോളിലും മുറുക്കി പിടിച്ചുലച്ചു…….
ഇനി മേലാൽ പറയരുത് നീ കർത്താവിന് നിരക്കാത്തതെന്ന്….നീ ചെയ്യുന്നതെല്ലാം കർത്താവിന് നിരക്കാത്തത് തന്നെയാ….. കെട്ടിയവൻ ജീവിച്ചിരിക്കുമ്പോൾ ഈയവസ്ഥയിലും വേറൊരുത്തന്റെ അടുത്തു പോകുന്ന നിനക്കത് പറയാനുള്ള യോഗ്യത ഉണ്ടോടീ …….. തന്റെ അടുത്തേക്ക് ഡെയ്സിയെ പിടിച്ചടുപ്പിച്ചു മുഖത്തേക്ക് നോക്കി ചോദിച്ചു……
സത്യം പറ ഡെയ്സി…… നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് അവന്റെ അല്ലേ… ആ ശിവയുടെ….. എന്നെ രണ്ടാളും കൂടെ പറ്റിക്കുവല്ലായിരുന്നോ ഇത്രയും നാൾ……
ഡെയ്സി അറിയാതെ വാപൊത്തി പോയി…… കണ്ണുകൾ മിഴിഞ്ഞു……….. അല്ല എന്ന് മാത്രം പറയരുത് നീ…….. ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ് നിന്നെയും കെട്ടിപ്പിടിച്ചു അവൻ ഇരിക്കുന്നത്….. നിന്റെ വയറിൽ മുഖം വെച്ചു സ്നേഹം കാണിക്കുന്നത് …… നീ അതെല്ലാം നോക്കി ആസ്വദിക്കുന്നതും…… ഇത്രയും പ്രയാസപ്പെട്ട് നീ അവനെ കാണാൻ പോയപ്പോഴേ തോന്നി…..ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലന്ന്….. വല്ലവന്റെയും കൊച്ചിനെ എന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കരുത് ഡെയ്സി …….
അത്രയും പറഞ്ഞപ്പോഴേക്കും ഡെയ്സി റോയിയുടെ വാ പൊത്തിയിട്ട് അയാളെ കെട്ടിപ്പിടിച്ചു….. പൊട്ടിക്കരഞ്ഞു… നെഞ്ചിൽ മുഖം ചേർത്തു വെച്ചു റോയിയെ നോക്കി അല്ലായെന്നു കാണിച്ചു…. റോയി അവളുടെ പിടി വിടുവിക്കാൻ നോക്കി…… ഡെയ്സി ഒന്നുകൂടി ഷർട്ടിൽ പിടിമുറുക്കി…..വയർ അമങ്ങുന്നതൊന്നും ഡെയ്സി കാര്യമാക്കിയില്ല……………… മാറി നിൽക്ക്……..റോയി വെറുപ്പോടെ ദേഷ്യത്തിൽ ശക്തി എടുത്തു അവളെ പിറകിലേക്ക് പിടിച്ചുതള്ളി…….. മേശമേൽ തട്ടിയിട്ട് ഡെയ്സി താഴേക്ക് വീണു……… വയർ പൊത്തിപ്പിടിച്ച് നിരങ്ങി റോയിയുടെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു………
ഇങ്ങനെയൊന്നും പറയല്ലേ റോയിച്ചാ…..ഞാൻ ചത്തുപോകും……. അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു
റോയ് കാൽ കൊണ്ട് അവളെ തട്ടി മാറ്റി…… നിലത്തേക്ക് വീണ ഡെയ്സിയുടെ ചുണ്ടിൽ വിരൽ വെച്ച് ശബ്ദിക്കരുതെന്ന് കാണിച്ചു…..
നീയൊക്കെ ചാവുന്നത് തന്നെയാടി നല്ലത്……എന്റെ അമ്മച്ചി വിചാരിച്ചു വെച്ചിരിക്കുന്നത് മകൻ ഒരാണാണെന്നാണ്…. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ…… ഈ പ്രായത്തിൽ ഇനി വിഷമിപ്പിക്കാൻ വയ്യ എനിക്ക് ….. എന്റെ മുന്നിൽ കാണരുത് നിന്നെ………. കൂടുതൽ ഒന്നും പറയാൻ ശേഷി ഇല്ലാതെ റോയി കട്ടിലിലേക്ക് വീണു…… ഡെയ്സി കരഞ്ഞു കരഞ്ഞു തളർന്നു എഴുന്നേൽക്കാനാവാതെ ഭിത്തിയിലേക്ക് ചാരി ഇരുന്നു ….വയറിന്റെ ഒരു ഭാഗത്തായി നല്ല വേദന തോന്നി…..ഇടിച്ചിരുന്നോ…. അറിയില്ല…… വീണോ താൻ….. അതും ഓർക്കുന്നില്ല…. ചെവി കൊട്ടിയടച്ചിരുന്നു…. തലയ്ക്കു സ്ഥിരത ഇല്ലാത്തത് പോലെ…….. വയർ മെല്ലെ തിരുമ്മിയിട്ടും വേദന കുറയുന്നില്ല…. എഴുന്നേൽക്കാൻ ശ്രമിച്ചു നോക്കി… സാധിക്കുന്നില്ല…. പിന്നെ നിലത്തേക്ക് തന്നെ കിടന്നു….. കർത്താവിങ്കൽ തന്റെ വിഷമം ഇറക്കി വെച്ചു….. തന്റെ കുഞ്ഞിന് ഒന്നുമാവരുതേയെന്നു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു….
ഒരേ കിടപ്പ് കിടന്നു മടുത്തു റോയി ഒന്നു തിരിഞ്ഞു കിടന്നപ്പോൾ കണ്ടു വെറും നിലത്ത് വയറു പൊത്തി ചുരുണ്ടുകൂടി കിടക്കുന്ന ഡെയ്സിയെ…….കണ്ടപ്പോൾ നെഞ്ചിൽ ഒരു വിഷമം…. പക്ഷേ ആ കാഴ്ച…. അത് ഒരു ഭർത്താവും ക്ഷമിക്കില്ല…………. കുറച്ചു സമയം കിട്ടിയപ്പോൾ ഓടി വന്നതാണ് ഡെയ്സിക്കരികിലേക്ക്…….. കുളിച്ച് മുടിയൊക്കെ വിടർത്തിയിട്ട്….. പുതിയ സാരി ഒക്കെ ഉടുത്ത് നിൽക്കുന്നത് കണ്ടു ഒച്ചയുണ്ടാക്കാതെ പിന്നിലൂടെ വന്ന് വാ പൊത്തി പിടിച്ചു ചേർത്തുപിടിച്ചു……. മുടിയിലും കഴുത്തിലും കവിളിലും ഉമ്മ
കൊണ്ട് മൂടി…….. അവളെ തിരിച്ചു നിർത്തി…… ഞെട്ടി പിറകിലേക്ക് രണ്ടടി മാറി………… അന്ന…………. അവളും ആകെ ഞെട്ടി നിൽക്കുകയാണ്……
ഞാൻ…… ഞാൻ…. വിചാരിച്ചു ഡെയ്സി……. ഈ സാരി കണ്ടപ്പോൾ……. റോയി ആകെ വിയർത്തു വിക്കി വിക്കി പറഞ്ഞു…..
ചേച്ചി…… അപ്പുറത്താവും ഇല്ലെങ്കിൽ മംഗലത്തു പോയിട്ടുണ്ടാവും….. അന്ന പറഞ്ഞു….. റോയി ആ മുറിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു………. എന്റെ കർത്താവേ….. ഭാര്യയെ തിരിച്ചറിയാൻ കഴിവില്ലാതായിപ്പോയോ തനിക്ക്…. അവൾ ആരോടെങ്കിലും പറഞ്ഞാൽ…. ആരെങ്കിലും കണ്ടിരുന്നെങ്കിൽ…….. ഓരോന്നും ഓർത്തു ചെന്നു നിന്നത് മംഗലത്തു വീടിന്റെ മിറ്റത്താണ്…… ശിവയുടെ മുറി തനിക്ക് നന്നായി അറിയാം…… ആ ജനാല എവിടെയാണെന്നും……. ആദ്യമായിട്ടാണ് പക്ഷേ ഇവിടെ വരുന്നത്……മുകളിലെ മുറിയിൽ നിന്നും ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്…….. അങ്ങോട്ടേക്ക് ചെന്നപ്പോൾ തന്റെ വയറിൽ കൈവെച്ച് എന്തോ പറയുന്ന ശിവയെ സ്നേഹത്തോടെ നോക്കുന്ന ഡെയ്സിയെ ആണ് കണ്ടത്…….. ഒന്നു സംസാരിക്കാൻ പോലുമാവാതെ റോയി ഞെട്ടി നിന്നു….. തന്റെ മാത്രം ഡെയ്സി…….. ശിവയുടെ മുഖം വയറിലേക്ക് ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ
കൊടുക്കുന്നു……. ശ്വാസം നിലച്ചു പോകുമെന്ന് വരെ തോന്നി റോയിക്ക്……. മുൻപ് നടന്നതും ഇപ്പോൾ കണ്ട കാര്യവും എല്ലാം റോയിയുടെ നാവ് അനങ്ങാൻ പറ്റാത്ത വിധം ആക്കിയിരുന്നു……… അവിടെ നിന്നും ഇറങ്ങി പോകുമ്പോൾ ശിവയുടെ അച്ഛന്റെ വിളിക്ക് താൻ ചെവികൊടുത്തില്ല….. അടുക്കളവാതിൽ കയറിയപ്പോൾ അന്ന മുന്നിൽ വന്നു നിന്നു….. മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു….. റോയിച്ചൻ പേടിക്കേണ്ട…. ഞാൻ ആരോടും ഒന്നും പറയില്ല…….
ഞാൻ പോവാണ്…. റോയ് പോകാൻ തുടങ്ങിയപ്പോൾ അന്ന ചോദിച്ചു…. ചേച്ചിയെ കണ്ടില്ലേ… മംഗലത്ത് പോയാൽ പിന്നെ തിരിച്ചു വരാൻ കുറച്ചു നേരം എടുക്കും….. ആ ഭ്രാന്തനുമായിട്ട് നല്ല കൂട്ടാ….. അയാളെ ഒന്നും പറയാൻ പോലും ചേച്ചി സമ്മതിക്കാറില്ല………….റോയി മുഖത്തു നോക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ എന്തെങ്കിലും പറയണമല്ലോ എന്നോർത്തു അന്ന പറഞ്ഞു……..ഒന്ന് കനത്തിൽ മൂളിയിട്ട് നേരെ പോയത് മൂക്കറ്റം കുടിക്കാനായിരുന്നു……
റോയ്ക്ക് പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല…….. ഡെയ്സി തന്നെ ചതിക്കുമോ…… അവളെ പോലൊരു പെണ്ണ് തന്നോട് ഇങ്ങനെ ചെയ്യുമോ…….. പിന്നെ താൻ കണ്ണുകൊണ്ട് കണ്ടതെന്താണ്…….. അന്യപുരുഷന്റെ കൈ സ്വന്തം ശരീരത്തിൽ വയ്ക്കാൻ ആരെങ്കിലും സമ്മതിക്കുമോ…….. കെട്ടിപ്പിടിക്കുമോ…. ഉമ്മ
വെക്കുമോ……. സ്വന്തം ഇഷ്ടത്തോടെ അല്ലാതെ…….. ഓർക്കുന്തോറും റോയിക്ക് ഡെയ്സി യോട് ദേഷ്യം തോന്നി…… അറപ്പ് തോന്നി…….. ഒരുഭാഗത്ത് അവൾ അങ്ങനെ ചെയ്യില്ലെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും മറുഭാഗത്ത് കണ്ണിൽ കണ്ട കാഴ്ചയിൽ വിശ്വസിക്കാനാണ് മനസ്സ് പറഞ്ഞത്…… എന്തു ചെയ്യണമെന്ന് അറിയില്ല….. ഭ്രാന്ത് പിടിക്കും പോലെ…… തല പൊക്കാനാവാതെ വീണ്ടും കിടന്നു…….
ഈ സമയം അന്ന ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു…. ആ ഒരു ചേർത്ത് പിടിക്കലിൽ ചുംബനങ്ങളിൽ അടിമുടി മാറിയിരുന്നു അന്ന …. ആദ്യമൊന്ന് ഞെട്ടിയിരുന്നു…. പിന്നെ റോയിച്ചനെന്നു അറിഞ്ഞപ്പോൾ എതിർക്കാനോ എതിർപ്പ് പ്രകടിപ്പിക്കുവാനോ തനിക്കായില്ല…. ആ പിടിയിൽ നിന്നും വിട്ടു മാറാൻ പോലും ആഗ്രഹിച്ചിരുന്നില്ല താൻ…. ശരിക്കും റോയിച്ചനെ ആഗ്രഹിച്ചിരുന്നത് ഞാനല്ലേ…. ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടു നടന്നിരുന്നത് താനാണ്…. ആ ഒരു മുരടൻ സ്വഭാവം ഒരുപാട് ഇഷ്ടമായിരുന്നു തനിക്ക്….. റോയിച്ചനോട് മിണ്ടാനും അടുക്കുവാനും റിൻസിയെ ഇഷ്ടമല്ലെങ്കിൽ കൂടെ മനഃപൂർവം കൂട്ടു കൂടി…. പിന്നെ കോളേജിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ തോറ്റു പഠിക്കുന്ന റിൻസിയെന്ന കൂട്ടുകാരി തനിക്കൊരു കുറച്ചിലായി തോന്നി…. പക്ഷേ റോയിച്ചൻ എന്നൊരാളോടുള്ള ഇഷ്ടം മനസ്സിന്റെ അടിത്തട്ടിൽ അങ്ങനേ കിടപ്പുണ്ടായിരുന്നു……. റോയിച്ചൻ കൂപ്പിൽ പണിക്ക് പോകുന്നത് തനിക്കിഷ്ടമല്ല…. എന്നാലും ആ കട്ടി മീശയും ചിരിയും കാണുമ്പോൾ വേറൊരാളിലേക്കും മനസ്സ് പാഞ്ഞിട്ടില്ല….. ചെറിയ പ്രായം മുതൽ ഉള്ളിൽ വേരൂന്നിയ പ്രണയം ആണ്….. പറിച്ചു മാറ്റാൻ ശ്രമിച്ചിട്ടും സാധിക്കാൻ കഴിയാതെ പോയത്…….
റോയിച്ചന്റെ ആലോചന ചേച്ചിക്ക് വന്നപ്പോൾ ശരിക്കും വിഷമിച്ചുപോയി….. അപ്പച്ചന്റെ ഇഷ്ടത്തിന് ചേച്ചിയും കൂടി സമ്മതം മൂളിയപ്പോൾ എല്ലാം നഷ്ടപ്പെട്ടതു പോലെ ആയി……. അമ്മച്ചി എതിർക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി……. രണ്ടാമത്തെ കൊച്ചാണെങ്കിൽ സമ്മതിക്കാം എന്ന് അമ്മച്ചി പറയണമേയെന്ന് കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു…….. പക്ഷേ ആ പ്രാർത്ഥന കൈക്കൊണ്ടില്ല……. റോയിച്ചൻ ചേച്ചിയേ സ്നേഹിക്കുന്നത് ഒളിച്ചും പാത്തും അസൂയയോടെ അല്ലാതെ നോക്കി നിന്നിട്ടില്ല…… ചേച്ചിക്ക് മുന്നേ റോയിച്ചനെ സ്നേഹിച്ചത് ഞാനാണ്…. അപ്പോൾ എനിക്ക് അവകാശപ്പെട്ടതല്ലേ ആ സ്നേഹം…… അതേ……..
നാട്ടിലും വീട്ടിലും എല്ലാം ഡെയ്സിക്കാണ് മുൻഗണന…… അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി…..അവളെ കണ്ടു പഠിക്ക്…..എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ ചേച്ചിയോട് ദേഷ്യം തോന്നാറുണ്ട്….. റോയിച്ചനെ എന്റെ അടുത്ത് നിന്നും തട്ടിയെടുത്തപ്പോൾ അത് ഒന്നുകൂടി കൂടി …..റോയി എന്ന മധുരമായ ഓർമ്മയിൽ അന്ന ഉറക്കം വരാതെ കിടന്നു….. ഡെയ്സി എന്നൊരാൾ ഇല്ലായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്…. റോയിച്ചൻ എന്റേത് മാത്രമാവുമായിരുന്നു അന്നും ഇന്നും….. ഇപ്പോൾ ആഗ്രഹിക്കുന്നത് തെറ്റാണെന്നറിയാം… പക്ഷേ റോയിച്ചന്റെ കാര്യത്തിൽ മറ്റുള്ളവർക്ക് തെറ്റായി തോന്നുന്നതെല്ലാം തനിക്ക് മാത്രം ശരികളാണ്……….. റോയിയെ മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല …അതിന് ഒരുതരി പോലും ശ്രമിക്കാനും അന്ന തയ്യാറല്ലായിരുന്നു….. അതായിരുന്നു സത്യം………
ഉടനെ വരും….
A.. M.. Y…
ദൈവത്തിൽ വിശ്വാസമർപ്പിച്ചു നന്മ ചെയ്യുക.. അപ്പോൾ ഭൂമിയിൽ സുരക്ഷിതനായി വസിക്കാം… (സങ്കീർത്തനങ്ങൾ 37:3)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Daisy written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission