Skip to content

ഡെയ്സി – 20

daisy novel

ശിവ കുഞ്ഞിന്റെ കൈയ്യിൽ പിടിപ്പിച്ചു പടം വരപ്പിയ്ക്കുന്നത് അടുത്തിരുന്നു നോക്കി കാണുകയായിരുന്നു ഡെയ്സി…….. ശിവ പറയുന്നത് പോലെ തന്നെ വളരെ ശ്രദ്ധയോടെ കുഞ്ഞ് അനുസരിക്കുന്നുണ്ട്…….. രണ്ടാളുടെയും കണ്ണുകൾ ആ ചിത്രത്തിലാണ്….. അവളെ സ്നേഹിക്കാൻ അവളുടെ അപ്പൻ ഇല്ലെന്നുള്ള തോന്നൽ തനിക്കോ കുഞ്ഞിനോ ഇതുവരെ തോന്നിയിട്ടില്ല…… തനിക്ക് ആരും ഇല്ലാതായപ്പോൾ ശിവച്ഛൻ തനിക്ക് അപ്പച്ചനായത് പോലെ  തന്റെ കുഞ്ഞിന് ശിവയും അപ്പനായി…….. സ്വന്തമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല അവൾക്ക് …… ജന്മംകൊണ്ട് അപ്പനായവൻ തന്നെയും കുഞ്ഞിനെയും മറന്നു പുതിയൊരു ജീവിതം തേടിയപ്പോൾ കർമ്മംകൊണ്ട് ശിവയെ അവൾക്ക് അപ്പച്ചൻ ആയി കർത്താവ് കൊടുത്തു……. തന്നെ പോലെ അത്ര പാപജന്മമൊന്നുമല്ല  ദേവൂട്ടിയുടേതെന്ന് ഡെയ്സി ഓർത്തു…… കോടതിയിൽ വച്ച് റോയിച്ചൻ എല്ലാം ഉപേക്ഷിച്ചു പോയപ്പോൾ കുഞ്ഞിനേയും കൊണ്ട് നോക്കി നിന്നിട്ടുണ്ട്…… ഒന്നു തിരിഞ്ഞുനോക്കിയാൽ ഓടി അടുത്തേക്ക് ചെല്ലാൻ…… തിരുത്താൻ തയ്യാറായാൽ കുഞ്ഞിന് അവളുടെ അപ്പനെ കിട്ടുമല്ലോ എന്നോർത്തു…… തന്റെ കുഞ്ഞിനെയും ഭാര്യയേയും വേണ്ടെന്നുവെച്ച് പോകുന്നവന്റെ നിഴൽ മായും വരെ നോക്കിനിന്നു ഒരു പ്രതീക്ഷയോടെ….. പക്ഷേ…….

അന്നും ശിവച്ഛനാണ് തന്നെ ചേർത്തു പിടിച്ചത്….. തളരാതെ ഊർജ്ജം പകരാൻ കൂടെ ശിവയും….. കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു താനിപ്പോൾ ഏയ്ഞ്ചലിന്റെ അമ്മ മാത്രമാണെന്ന് മനസ്സിലാക്കിയെടുക്കുവാൻ……

ഒന്നു വീടിന് വെളിയിലേക്കിറങ്ങാതെ പള്ളിയിലേക്ക് പോകാൻ ഭയന്ന് ഇരുന്നൊരു കാലമുണ്ടായിരുന്നു……  എല്ലാവരുടെയും കുറ്റപ്പെടുത്തലുകളും നോട്ടവും എല്ലാം ഭയന്നു……. ശിവച്ഛനും ശിവയും കുഞ്ഞും മാത്രമായി ജീവിതം ഒതുങ്ങി…..  കുറച്ചുനാൾ കഴിഞ്ഞപ്പോൾ അറിഞ്ഞു റോയിച്ചൻ വേറൊരാൾക്ക് സ്വന്തമാകാൻ പോവുകയാണെന്ന്……. നിയന്ത്രണംവിട്ടു കരഞ്ഞപ്പോൾ ചേർത്ത് പിടിച്ചതും ആശ്വസിപ്പിച്ചതും ശിവയാണ്……. അന്നും ചോദിച്ചു ഞാനൊന്ന് അവനോട് സംസാരിക്കട്ടേയെന്ന്…… വേണ്ടെന്ന് തലയാട്ടുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു റോയിച്ചന് ഡെയ്സിയോട് ഉണ്ടായിരുന്നത് സ്നേഹം ആയിരുന്നില്ലെന്ന്……. ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നുമാവില്ലായിരുന്നു….. വാശിയോടെ നേടിയെടുക്കുന്നതിന് സ്നേഹത്തിന്റെ കെട്ടുറപ്പും ബലവും ഉണ്ടാവില്ലെന്ന് മനസ്സിലായി …. അന്നും ശിവച്ഛനും ശിവയും കാവലായി മുറിക്ക് പുറത്ത് ഉണ്ടായിരുന്നു…..  ഇടയ്ക്കിടെ വന്ന് വാതിൽ തുറന്നു നോക്കി കുഞ്ഞിനെയും തന്നെയും നോക്കി പോകുന്ന അച്ഛനും മകനും വേണ്ടി വിഷമങ്ങൾ എല്ലാം ഉള്ളിലൊതുക്കി പുറമേ സന്തോഷം കാണിക്കാൻ പഠിച്ചു …. റോയിച്ചൻ വേറൊരു പെണ്ണിന്റെ കഴുത്തിൽ മിന്നുചാർത്തിയ അന്ന് നിർബന്ധിച്ചു പള്ളിയിലേക്ക് പ്രാർത്ഥിക്കാൻ കൂട്ടി കൊണ്ടുപോയത് ശിവയാണ്…….. കുഞ്ഞിനെയുംകൊണ്ട് കാറിലിരുന്നിട്ട് തന്നോട് പോയി പ്രാർത്ഥിച്ചിട്ട് വരാൻ പറഞ്ഞു…….. ശിവയ്ക്കറിയാം ഡെയ്സിക്ക് വിഷമങ്ങൾ ഒക്കെയും ഇറക്കിവയ്ക്കാൻ രണ്ടിടമേ ഉള്ളൂവെന്നു…… കർത്താവിനരികിലും പിന്നെ തന്റെയടുത്തും……. ഇന്ന് ചിലപ്പോൾ തനിക്ക്  കൊടുക്കാൻ സാധിക്കുന്നതിലും കൂടുതൽ ആശ്വാസം കർത്താവിന് കൊടുക്കാൻ സാധിച്ചേക്കും എന്ന് ശിവക്കും തോന്നിക്കാണും……  കരഞ്ഞു പ്രാർത്ഥിച്ചു വേറൊരാൾക്ക് സ്വന്തമായ റോയിയെ മനസ്സിൽ നിന്നും ഇറക്കിവിട്ടു….. ഇപ്പോൾ വെറും റോയിയാണ് തനിക്കയാൾ…. നല്ലത് വരുത്തണേ എന്നേ ഇന്നും പ്രാർത്ഥിക്കാറുള്ളൂ….. എങ്കിലും കുഞ്ഞിന്റെ മുഖം കാണുമ്പോൾ മുഖത്തെ അടയാളം കാണുമ്പോൾ  ഓർക്കാറുണ്ട് …… റോയിച്ചനിൽ ഡെയ്സിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒന്ന് തന്നെ തന്റെ കുഞ്ഞിന് കൊടുത്തു കർത്താവ് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാൻ…….. ഓരോ ദിവസവും അതിനു തെളിച്ചം കൂടിക്കൂടി വരികയും ചെയ്തു …. അവളെ നോക്കുമ്പോൾ ആർക്കും ആദ്യം കണ്ണെത്തുക ആ മറുകിലാണ്…….

എന്തോ വന്നു ദേഹത്തു തട്ടിയപ്പോഴാണ് ഓർമ്മയിൽ നിന്നും തിരിച്ചു വന്നത്…. ഒരു കളർ പെൻസിലാണ്…. ശിവയും കുഞ്ഞും ഇരുന്നു ചിരിക്കുന്നുണ്ട്….. എന്റെ കുഞ്ഞ് വരയ്ക്കുന്നത് കണ്ടു കണ്ണുവെയ്ക്കാതെ എഴുന്നേറ്റ് പോടീ….  ശിവ ഉച്ചത്തിൽ പറഞ്ഞു…….. അത് കേട്ട് ദേവൂ വാ പൊത്തി പൊട്ടിച്ചിരിച്ചു….ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകുന്ന ഡെയ്സിയുടെ കയ്യിൽ പിടിച്ചു നിർത്തി ശിവ…. മുഖത്തേക്ക് സൂക്ഷിച്ചു നോക്കി എന്താ പറ്റിയതെന്ന് കണ്ണു കൊണ്ട് ചോദിച്ചു…. ഒന്നുമില്ലെന്ന് കാണിച്ചു…. കയ്യിലെ പിടുത്തം ശിവ ചെറിയൊരു സംശയത്തോടെ വിട്ടു……. മെല്ലെ മുറിയിലേക്ക് നടന്നു….

കുഞ്ഞിനൊപ്പമിരുന്നിട്ടും ശിവയുടെ നോട്ടം ഇടയ്ക്കിടെ ഡെയ്സി പോയിടത്തേക്കായിരുന്നു .. എന്തുപറ്റി അവൾക്ക്…… എന്തോ ഉള്ളിലുണ്ടെന്ന് മുഖത്തു നിന്നും വായിച്ചെടുക്കാം…. എന്തു തന്നെ ആയാലും കുറച്ചു കഴിയുമ്പോൾ തനിക്കരുകിൽ തന്നെ അവൾ വരുമെന്ന് ശിവ ഓർത്തു..  

കഴിഞ്ഞ ദിവസം അവരെ മൂന്നാളെയും പള്ളിയിൽ വെച്ചു കണ്ടതിനു ശേഷം മനസ്സ് ആകെ അസ്വസ്ഥമാണെന്ന് ഓർത്തു ഡെയ്സി….. കുറേ നാളുകൾക്കു ശേഷം പള്ളിയിലേക്ക് പോയത് അന്നാണ്…. ആദ്യമായാണ് റോയിയുടെ ഭാര്യയെ കാണുന്നത്…… ശിവച്ഛനോ ശിവയോ അവരെപ്പറ്റി എന്തെങ്കിലും അറിഞ്ഞാലും വിഷമം ആവുമെന്ന് കരുതി എന്നോട് പറയാറില്ല……  റോയിയുടെ കല്യാണത്തിന് ശേഷം അച്ഛനാണ് ശിവച്ഛനോട് പറഞ്ഞത് ഇവളെ ഇങ്ങനെ തനിച്ചിരുന്ന് ചിന്തിക്കുവാൻ സമ്മതിക്കരുതെന്ന്….. പഠിക്കാൻ പോകാനാണ് ആദ്യം പറഞ്ഞത്…. കുഞ്ഞിനെ വിട്ടിട്ടു പോകാൻ സമ്മതമല്ലെന്നറിയിച്ചു…… കുറച്ചു നിർബന്ധിച്ചപ്പോൾ സ്വന്തം അഭിപ്രായം പറഞ്ഞു……. പാവപ്പെട്ട സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ കൊള്ളാമെന്നുണ്ട്….. ഇനിയൊരമ്മയ്ക്കും സ്വന്തം കുഞ്ഞിന്റെ ചികിത്സയ്ക്കുവേണ്ടിയെങ്കിലും ആരോടും കൈ നീട്ടി ഇരക്കാനുള്ള സാഹചര്യം ഉണ്ടാവരുത്……. കേട്ടപ്പോൾ ശിവച്ഛനും ഒരുപാട് സന്തോഷം തോന്നി….. അദ്ദേഹം തന്നെയാണ് അതിനുള്ള മാർഗ്ഗവും കാണിച്ചു തന്നത്….. തനിക്കറിയാവുന്ന ഒരേ ഒരു ജോലി തയ്യൽ മാത്രമാണ്……ശിവച്ഛൻ തന്നെയാണ് തയ്യൽ മെഷീൻ വാങ്ങിയതും വിറകുപുര നന്നാക്കി തന്നതും ഒക്കെ….. ആദ്യം രണ്ടു മൂന്ന് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളു തനിക്കൊപ്പം….. ഇപ്പോൾ ഡെയ്സിയുടെ കീഴിൽ പത്തു പന്ത്രണ്ടു സ്ത്രീകൾ ഉണ്ട് ജോലിയെടുക്കാൻ…. കൈ കുഞ്ഞുങ്ങളെ കൂട്ടിയാവും ചിലരൊക്കെ എത്തുക….. അത് കാണുമ്പോൾ പഴയ ഡെയ്സിയെ ഓർമ്മ വരും…. കുഞ്ഞിനേയും കയ്യിൽ പിടിച്ചു ആരുമില്ലാതെ എന്നാൽ ചുറ്റും എല്ലാവരുമായി ജീവിച്ചതോർക്കും……

ആദ്യമൊന്നും വലിയ മെച്ചം ഉണ്ടായില്ലെങ്കിലും ആളുകൾ തേടിവന്നു തുണികൾ തയ്ക്കാൻ കൊടുത്തു തുടങ്ങി….. ശിവച്ഛനെ വിശ്വാസമുള്ള സ്കൂളുകൾ യൂണിഫോം തയ്ക്കാൻ ഓർഡർ തന്നു തുടങ്ങി …. കിട്ടുന്നതൊക്കെയും മറ്റുള്ളവർക്കായി വീതിച്ചു കൊടുത്തു ഡെയ്സി……. ഇതിൽ ഒരു പൈസപോലും ശിവച്ഛൻ വാങ്ങില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു…….. സഹായം തേടി വരുന്നവരെ ഡെയ്സി തന്നാലാവുന്ന വിധം സഹായിച്ചു….. പൈസ കയ്യിൽ കിട്ടുമ്പോൾ നന്ദിയോടെ ഉള്ള അവരുടെ നോട്ടം മാത്രം മതിയായിരുന്നു ഡെയ്സിയ്ക്ക് കൂലി ആയിട്ട്…… ശിവച്ഛന് ഡെയ്സിയുടെ  സന്തോഷവും………

അപ്പച്ചനും അമ്മച്ചിയും ഇന്നും വിശ്വസിക്കുന്നത് ഡെയ്സി തെറ്റുകാരി എന്ന് തന്നെയാവും….. അതുകൊണ്ടാവുമല്ലോ തൊട്ടടുത്തായിട്ടും ഒന്ന് കാണാൻ പോലും വരാത്തത്…….. എത്ര വേണ്ടെന്നു വച്ചാലും ഇടയ്ക്കിടെ കണ്ണുകൾ അങ്ങോട്ട് തേടി ചെല്ലാറുണ്ട്….. ശിവയുടെ പഴയ ജനാലയിൽ കൂടി ഇടയ്ക്കിടെ വീട്ടിലേക്ക് എത്തി നോക്കാറുണ്ട്……… അപ്പച്ചൻ ചന്തയിൽ വിൽക്കാൻ വയ്ക്കുന്നത് എല്ലാം വിലകൊടുത്തു വാങ്ങുന്നത് ശിവച്ഛന്റെ ആളാവും……. അവരുടെ ചെലവുകളെ ഓർത്ത് അങ്ങനെ പോലും ഒരു വിഷമം ഡെയ്സിയ്ക്ക് ഉണ്ടാവരുതെന്ന് ശിവച്ഛൻ വിചാരിച്ചിട്ടുണ്ടാവും…… കുഞ്ഞിന്റെ ജീവൻ നല്ല ചികിത്സ കൊണ്ട് സുരക്ഷിതമായി തന്റെ കൈകളിൽ ഏല്പിച്ചു…… തന്നെയും കുഞ്ഞിനെയും ഒരു ബന്ധവും ഇല്ലെങ്കിലും നല്ല രീതിയിൽ തന്നെ സംരക്ഷിക്കുന്നു……  ഇതിനൊക്കെ ശിവഛനോട് ഏത് രീതിയിൽ ആണ് കടം വീട്ടുക എന്ന് അറിയില്ല……. അന്യർക്കുവേണ്ടി ഇത്രയൊക്കെ ചെയ്യാനുള്ള മനസ്സ് ആർക്കെങ്കിലും ഉണ്ടാവുമോ…….. ദേവിയമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ…….അല്ലെങ്കിൽ തന്റെ അമ്മച്ചി……… ഒരു അമ്മയെ ഇടയ്ക്കൊക്കെ വല്ലാതെ കൊതിക്കും മനസ്സ്……… കസേര വലിച്ചു നീക്കി ആരോ തനിക്ക് നേരെ  ഇരിക്കും പോലെ തോന്നി ഡെയ്സിയ്ക്ക്……. കണ്ണുതുറന്നപ്പോൾ ശിവ ഉണ്ടായിരുന്നു മുന്നിൽ…….

Cനിനക്കെന്താ പറ്റിയത് ഇങ്ങനെയൊരു കിടത്തവും വിഷമിച്ചിരിക്കലും കുറെ നാളായിട്ട് ഇല്ലാതിരുന്നതാണല്ലോ…….

ഡെയ്സി എഴുന്നേറ്റിരുന്നു….. ഒന്നുമില്ലെന്ന് പറഞ്ഞു……..

റോയിയെ കണ്ടപ്പോൾ മുതൽ തുടങ്ങിയ മാറ്റം ആണല്ലോ…..  നീ ഇപ്പോഴും അവന് വേണ്ടി വിഷമിച്ചു നടക്കുവാണോ ……. മുഖത്തൊരു ചിരിയോടെയാണ് ശിവ ചോദിച്ചതെങ്കിലും ചങ്കിടിപ്പ് വളരെയധികം ഉയർന്നിട്ടുണ്ടായിരുന്നു അവളുടെ മറുപടി എന്താവുമെന്നോർത്ത്…….

അതിന് ഓർത്തിരിക്കാൻ മാത്രം റോയി ഇന്ന് ഡെയ്സിയ്ക്ക് ആരെങ്കിലുമാണോ…… അല്ല…..  ആ മറുപടിയിൽ ഉണ്ടായിരുന്നു ശിവയ്ക്ക് ആശ്വസിക്കാൻ ഉള്ളതെല്ലാം……

ദേവൂട്ടി എവിടെ……ഡെയ്സി ചോദിച്ചു……..

അച്ഛ പൊത്തോ……..ഏയ്ന്തൾ പതം തന്നെ വരചോലാമെന്ന്  പറഞ്ഞ് എന്നെ ഓടിച്ചുവിട്ടു……. ഡെയ്സിയുടെ മുഖത്ത് ചെറിയൊരു ചിരി വന്നു പോയി….. നീയിങ്ങു എഴുന്നേറ്റ് വന്നേ ഇങ്ങനെ ചുരുണ്ടു കൂടി കിടക്കുന്നത് കാണാൻ ഒരു സുഖവും ഇല്ല….. വാ…… കയ്യിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു കൂടെ നടത്തി …………

ഒരിടത്ത് തനിച്ചിരിക്കാൻ വിടില്ല ശിവ…..  ശിവച്ഛന്റെ ബാക്കിയാ ഡെയ്സി ചിരിയോടെ ഓർത്തു……..  ശിവയ്ക്കൊപ്പം കുഞ്ഞിനരികിലേക്ക് പോയി….

വൈകുന്നേരം ശിവച്ഛൻ വന്നപ്പോൾ പ്രതീക്ഷിക്കാത്ത ഒരാളും കൂടെയുണ്ടായിരുന്നു…… അപ്പച്ചൻ……. തന്നെ അടിമുടി നോക്കുകയാണ്…… വലിയപ്പച്ചാ…….. ദേവൂട്ടി ഓടിവന്ന് ശിവച്ഛന്റെ കൈകളിലേക്ക് ചാടിക്കയറി……. അവളെ ചേർത്തു പിടിച്ചു ഉമ്മ

വെച്ച് കയ്യിലുള്ള പാക്കറ്റ് കൊടുത്തു…….. അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ പറഞ്ഞു……

എന്നെയും കാത്തു പടിക്കൽ നിൽക്കുകയായിരുന്നു…… നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ കൂടെക്കൂട്ടിയതാ…. പറഞ്ഞിട്ട് അദ്ദേഹം അകത്തേക്ക് പോയി…..  ഡെയ്സി ശിവയെ  ഒന്നു നോക്കി…. എന്താ വേണ്ടതെന്ന് ഒരു ചോദ്യമുണ്ടായിരുന്നു ആ നോട്ടത്തിൽ……………  ഞാൻ കാപ്പി എടുക്കാം നീ സംസാരിച്ചോ………… … ശിവ മെല്ലെ ഡെയ്സിയോട് പറഞ്ഞിട്ട് അകത്തേക്ക് പോയി…… ശിവയും കൂടി പോയപ്പോൾ ഒരു അപരിചിതനൊപ്പം നിൽക്കും പോലെ തോന്നി ഡെയ്സിയ്ക്ക്……. നോക്കിയപ്പോൾ ശിവച്ഛന്റെ കയ്യിലിരുന്നു കൊഞ്ചുന്ന ദേവൂട്ടിയുടെ മേലെയായിരുന്നു അപ്പച്ചന്റെ ശ്രദ്ധ മുഴുവൻ…………. മോളേ………….. ആളെ പോലെ തന്നെ അപ്പച്ചന്റെ ശബ്ദവും വല്ലാതെ ക്ഷീണിച്ചു പോയിരുന്നു …… സുഖമാണോ നിനക്ക്……..

അപ്പച്ചന് കണ്ടിട്ട് എന്ത് തോന്നുന്നു…… ഡെയ്സി തിരിച്ചു ചോദിച്ചു…….  കുറച്ചുനേരത്തേക്ക് രണ്ടാളും ഒന്നും സംസാരിച്ചില്ല…………..

ഞാൻ നിന്നെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകാൻ വിളിക്കാൻ വന്നതാ……………….. കാപ്പി എടുത്തു വന്ന ശിവ അത് കേട്ടപ്പോൾ ഒന്നു ഞെട്ടി…… അത് പുറത്തുകാട്ടാതെ കാപ്പി അദ്ദേഹത്തിന്റെ കയ്യിൽ പിടിപ്പിച് ഒരു ചിരിയും കൊടുത്തിട്ട് അകത്തേക്ക് പോയി………

അച്ഛന്റെ അടുത്ത് വന്നിരുന്നു………….  അവൾ പോവുമോ അച്ഛാ…………….  ശിവ ചോദിച്ചതിന് മറുപടി അദ്ദേഹത്തിന്റെ കയ്യിലും ഇല്ലായിരുന്നു……… 

അറിയില്ല മോനേ…. സ്വന്തത്തിന്റെ അത്രയും വരുമോ നമ്മൾ………  ദേവൂട്ടിയെ നോക്കുമ്പോൾ രണ്ടാളുടെയും കണ്ണുകൾ ഒരേപോലെ നിറഞ്ഞു………. മടിയിലിരിക്കുന്ന കുഞ്ഞിനെ നെഞ്ചോട് ഒന്നുകൂടി ചേർത്ത് വെച്ചു……….. മിഠായി കഴിക്കുന്നതിന്റെ തിരക്കിലായിരുന്നു അവൾ…….. ഇടയ്ക്കിടെ രണ്ടാളുടെയും വായിൽ വെച്ചു കൊടുക്കുന്നുമുണ്ട്……

എന്താ രണ്ടാളും ഇവിടെ വന്ന് ഇരിക്കുന്നത്……  ശിവഛന് കാപ്പി കൊടുത്തോ…… ഡെയ്സി ശിവയോടായി  ചോദിച്ചു……….. ശിവ തലയാട്ടി…….

കറിയാച്ചൻ പോയോ മോളെ………

പോയി ശിവച്ഛാ…….

എന്തിനാണ് വന്നത്……. എന്തെങ്കിലും വിശേഷം ഉണ്ടോ… ശിവച്ഛൻ ചോദിച്ചു…..

റോയി വീട്ടിൽ ചെന്നിരുന്നു എന്ന്…… മകളുടെ നിരപരാധിത്വം അയാൾ പറഞ്ഞ് അറിഞ്ഞു…. ഡെയ്സി ഒന്ന് ചിരിച്ചു…………………. എന്നോട് ക്ഷമ ചോദിക്കാനും തിരിച്ചു വീട്ടിലേക്ക് വരണമെന്ന് പറയാനും വന്നതാ…….. രണ്ടാളും ബാക്കി എന്തെന്നറിയാൻ അവളുടെ മുഖത്തേക്ക് നോക്കി……….

കുഞ്ഞിനെ കാണണമെന്ന് റോയ് അപ്പച്ചനോട് അപേക്ഷിച്ചെന്ന്…… എന്നോട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞെന്ന്…… സത്യങ്ങൾ അറിഞ്ഞപ്പോൾ അപ്പച്ചൻ ആട്ടിയിറക്കി എന്നാണ് പറഞ്ഞത്… എന്തൊക്കെ പറഞ്ഞിട്ടും പോകാൻ കൂട്ടാക്കിയില്ലെന്ന്………. എനിക്കറിയില്ല സത്യമെന്തെന്ന്………

എന്നിട്ട്……. മോളെന്ത് പറഞ്ഞു….. അവൾ പറഞ്ഞ മറുപടി കേൾക്കാൻ ആയിരുന്നു ആ അച്ഛനും മോനും തിടുക്കം മുഴുവൻ….

ഞാനെന്തു പറയാനാ ശിവച്ഛാ… ഒന്നും പറഞ്ഞില്ല… കുറച്ചു നേരം എന്റെ മറുപടിയും കാത്തു നിന്നു……. എന്നിട്ട് പോയി… ഡെയ്സി തലയും കുനിച്ചിരുന്നു… ഒരിക്കൽ എല്ലാവരുടെയും അടുത്ത് കെഞ്ചിയതാണ് ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു…… അന്ന് ആർക്കുമത് കേൾക്കാൻ പറ്റില്ലായിരുന്നു….. അവളൊരു ദീർഘശ്വാസം വിട്ടു……… ശിവച്ഛന്റെ കയ്യിൽ മുറുക്കി പിടിച്ചു തോളിലേക്ക് തല ചായിച്ചു………

അതെന്താ നീയൊന്നും പറയാഞ്ഞതെന്ന് ചോദിക്കാൻ ആഞ്ഞ ശിവയെ അച്ഛൻ കണ്ണുകൊണ്ട് വിലക്കി…. എല്ലാം അവളുടെ തീരുമാനത്തിന് വിട്ടു കൊടുക്കണം എന്നാണ് അതിനർത്ഥം…..  ഇനിയും ഒരുപാട് പേർ അവളുടെയും കുഞ്ഞിന്റെയും അവകാശം ചോദിച്ചു വരുമെന്നറിയാം മാധവന്……. ഒന്നും ചെയ്യാനാവില്ല തനിക്കോ ശിവയ്‌ക്കോ………..

ശിവയുടെ മനസ്സ് ആകെ അസ്വസ്ഥമായി ദേവൂനെ നെഞ്ചോട് ചേർത്തു പിടിച്ചു അമ്മയുടെ അരികിൽ പോയിരുന്നു കുറച്ചു നേരം…. അവൾ ഇവിടം വിട്ടു പോകരുത് ന്ന് ദൈവത്തിനോട് പറയാൻ അമ്മയെ ഏൽപ്പിച്ചു…. ഇനിയുമൊരു വേർപാട് താങ്ങാൻ എന്റെ മനസ്സിന് കഴിയില്ല അമ്മേ ….. ശിവയുടെ കണ്ണു നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ദേവു എഴുന്നേറ്റ് കവിളത്തു ഉമ്മ

തന്നു…

ബെസ്മിച്ചെണ്ട….. വല്ലിമ്മച്ചി ഈസോപ്പന്റെ അതുത്തല്ലേ…. കരയണ്ടാറ്റൊ…. ആ കുഞ്ഞുനെഞ്ചിൽ തന്റെ മുഖം ചേർത്തു പിടിച്ചു….. മുടിയിൽ തലോടി….. ആ കുഞ്ഞു വായിൽ നിന്നും വന്ന ആശ്വാസ വാക്കുകൾ കേട്ടപ്പോൾ ഒന്നുകൂടി വിഷമം കൂടുകയാണ് ചെയ്തത് ശിവയ്ക്ക്….. ദേവൂന് അറിയാം ഇത് ശിവയുടെ അമ്മയാണെന്ന്…. എല്ലാം ഡെയ്സി പറഞ്ഞു കൊടുത്തിട്ടുണ്ട്…….

മനസ്സ് കൈയ്യിൽ ഒതുങ്ങുന്നില്ല എന്ന് മാത്രമല്ല തലയ്ക്കുള്ളിലെ ചിന്തകളെല്ലാം കൂടിയങ്ങു കലരുന്നത് പോലെ…… ദേവൂനെ ഡെയ്സിയുടെ കൈകളിലേക്ക് വച്ചുകൊടുത്തു അവളുടെ മുഖത്തൊന്നു നോക്കാതെ മുകളിൽ തന്റെ പഴയ റൂമിൽ പോയിരുന്നു…… ഡെയ്സിയും കുഞ്ഞും വന്നതിൽ പിന്നെ തിരിച്ച് ഇങ്ങോട്ട് കയറിയിട്ടില്ല…..  ഇന്നിപ്പോൾ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു…… വെറും നിലത്ത് കിടന്നു….. താൻ വരച്ചു കൂട്ടിയ ചിത്രങ്ങൾ ഓരോന്നിലേയ്ക്കും കണ്ണുകൾ മാറി മാറി ഓടി നടന്നു…….. ഡെയ്സി വന്നതിന് ശേഷം പടങ്ങൾ വരയ്ക്കാറില്ല….. മുൻപിൽ കണ്ണു നിറയെ കാണാൻ കിട്ടുന്നുണ്ട് അവളെ അങ്ങനെ ഉള്ളപ്പോൾ എന്തിനാണ് ചിത്രങ്ങൾ……

എന്റെ ഭ്രാന്ത് പുറത്തുവരാതെ ചങ്ങലയിൽ പൂട്ടിക്കിടക്കുന്നത് നീ അടുത്തുണ്ടല്ലോ എന്നുള്ള ചിന്തയിൽ ആണ്…….. ഇനിയങ്ങോട്ട് നീയും കുഞ്ഞും എന്റെ മാത്രമാണ് എന്ന ചിന്തയിലാണ്…….  ആ ചിന്ത ഇല്ലാതായാൽ മുഴുഭ്രാന്തനായേക്കും ഞാൻ…… നീയില്ലെങ്കിൽ സ്വബോധത്തിൽ ഞാൻ ഉണ്ടാവരുത് എന്നാണ് എന്റെ പ്രാർത്ഥനയും…….. അറിയില്ല ഡെയ്സി നിനക്ക്,  ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുവെന്ന്….. നമ്മുടെ കുഞ്ഞിനെ ചങ്കിൽ കൊണ്ട് നടക്കുന്നുണ്ടെന്ന്……..

അർഹിക്കാത്തവന് നിന്റെ സ്നേഹം കൊടുത്തു തെറ്റ് ചെയ്തത് നീയാണ് ഡെയ്സി….. എന്റെ സ്നേഹം പലവട്ടം നിന്നിലേക്കെത്തിയിട്ടുണ്ട് …… അതോ അതും നീ എന്റെ ഭ്രാന്തായിട്ടാണോ കണ്ടിരുന്നത്….. കൂടെ ചേർത്തില്ലെങ്കിലും നിനക്കും കുഞ്ഞിനുമൊരു കാവൽ പോലെ ഒപ്പം നിൽക്കാനെങ്കിലും എന്നെയൊന്നു അനുവദിച്ചാൽ മതി…….. അടുത്ത് ദേവൂന്റെ ശബ്ദം കേട്ട് ശിവ കണ്ണു തുറന്നു നോക്കി….. മുട്ടിൽ മുഖം ചേർത്തു വെച്ചു തന്നെയും നോക്കി അടുത്തിരുപ്പുണ്ട് ഡെയ്സി…. ദേവൂനെ എടുത്തു നെഞ്ചിൽ ഇരുത്തി…. ഡെയ്സിയെ നോക്കാൻ മനസ്സ് അനുവദിച്ചില്ല…. എന്തോ ഒരു ദേഷ്യം തോന്നി അവളോട്….. അപ്പച്ചനോട് ഞാൻ ഇവിടം വിട്ടു വരില്ലെന്ന് തീർത്തു പറയാത്തതിൽ…..

എന്നോട് പിണക്കാണോ…… എന്തുപറ്റി ഇവിടെ വന്ന് ഇങ്ങനെ തനിച്ചിരിക്കാൻ മാത്രം…… ദേവുട്ടി പറഞ്ഞു ദേവിയമ്മയുടെ അടുത്തിരുന്നു ശിവച്ഛൻ കരഞ്ഞെന്ന്…… എന്തെങ്കിലും വിഷമം ഉണ്ടോ……. ഡെയ്സി ചോദിച്ചു…..  ശിവ മുഖം തിരിച്ചു ദേവുവിനെ നെഞ്ചിൽ പിടിച്ചു കിടത്തി……

ഞാൻ ചോദിക്കുമ്പോൾ ഇങ്ങനെ മുഖം തിരിഞ്ഞു കിടന്നാൽ എന്താ അർത്ഥം….. ഡെയ്സി ഉച്ചത്തിൽ ചോദിച്ചു….. ശിവയുടെ മറുപടി ഒന്നും കിട്ടാതായപ്പോൾ പറഞ്ഞു…. ഓരോരുത്തർക്കുമായി ഉത്തരം കൊടുക്കുന്നതിലും നല്ലതല്ലേ എല്ലാവർക്കും ഒരുമിച്ച് ഒരുത്തരം കൊടുക്കുന്നത്…. കർത്താവ് എല്ലാവരെയും എനിക്കരികിൽ എത്തിക്കുമെന്ന് മനസ്സ് പറയുന്നു….. എല്ലാവരോടും പറയാൻ ഏറെയൊന്നുമില്ല… ഒരേയൊരു കാര്യം മാത്രേ ഉള്ളൂ …….. ഡെയ്സി പറഞ്ഞുകൊണ്ടിരുന്നപ്പോൾ ശിവ അതെന്താണെന്ന രീതിയിൽ നോക്കി……. അതെന്തായാലും ഈ വീട്ടിലെ അച്ഛനും മോനും എതിരായിട്ടുള്ളതാവില്ല….. പോരേ….  ഇനിയൊന്നു ചിരിച്ചേ…… ഡെയ്സി ശിവയോട് പറഞ്ഞു….  വിശ്വാസമാവാത്തത് പോലെ ഡെയ്സിയുടെ മുഖത്തേക്ക് നോക്കി…. അവളൊന്നു ചിരിച്ചു എന്നിട്ട്  എഴുന്നേറ്റ് നിന്നു കൈ നീട്ടി…. വാ… ശിവച്ഛൻ തനിച്ചാ താഴെ…… ഇപ്പോ വിളിച്ചിട്ട് വരാമെന്ന് പറഞ്ഞു പോന്നതാ ഞാൻ………. ഡെയ്സി പറഞ്ഞിട്ട് വീണ്ടും കൈ നീട്ടി….. ശിവ കയ്യിൽ പിടിച്ചു അതിനൊപ്പം ആഞ്ഞു വലിച്ചു…. ദേവുവിനൊപ്പം ഡെയ്സിയെയും നെഞ്ചിൽ ചേർത്തു മുറുക്കി പിടിച്ചു…

ഇനിയും തനിച്ചു വയ്യാ ഡെയ്സി… നീയും കുഞ്ഞും അച്ഛനും ഞാനും.. ഈയൊരു ജീവിതം ഞാൻ എത്ര ആഗ്രഹിച്ചുവെന്ന് അറിയുമോ …. നിനക്കറിയുമോ ശരിക്കും ഞാനിപ്പോൾ ദേവൂട്ടിയുടെ അച്ഛനായി തന്നെ ജീവിക്കുകയാണ്… മറിച്ചു ചിന്തിക്കാൻ വയ്യ……..അത്രയ്ക്കും ഇഷ്ടപ്പെട്ടു പോയി……. പോകുമോ എന്നെ വിട്ട്……

ഡെയ്സി ആകെ ഞെട്ടി ശിവയെ നോക്കി….. ദേവൂട്ടി രണ്ടാളെയും രണ്ടു കൈകൊണ്ടും കെട്ടിപ്പിടിച്ചു എന്തെല്ലാമോ പറയുന്നുണ്ട്… ഒന്നും ഡെയ്സിയുടെ കാതിലെത്തിയില്ല…. പെട്ടെന്ന് രണ്ടാളുടെയും കൈ തട്ടി മാറ്റി എഴുന്നേറ്റു…. ശിവയെ നോക്കാതെ ധൃതിയിൽ മുറിയിൽ നിന്നു പുറത്തേക്ക് പോയി…….. ശിവ അബദ്ധം പറ്റിയത് പോലെ തലയിൽ അടിച്ചു…… അവളുടെ മറുപടി കേട്ടപ്പോൾ സന്തോഷം കൊണ്ട് തന്നെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നതാണ്…… ശിവയ്ക്ക് ആകെയൊരു പരിഭ്രാന്തി തോന്നി….. ഡെയ്സിയെക്കുറിച്ചോർത്തപ്പോൾ…… 

ഉടനെ വരും…..

A.. M.. Y…

സ്നേഹത്തിൽ ഭയമില്ല….. ഭയത്തിനു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കി കളയുന്നു… ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല (1 യോഹന്നാൻ 4:18)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

3.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!